കൊല്ലം ആഫ്റ്റർ കെയർ ഹോമിലെ കുട്ടികളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ ഉറപ്പാക്കുക

Share

കേരള സർക്കാർ സ്ഥാപനമായ കൊല്ലം അഞ്ചാലുംമൂട് ആഫ്റ്റർ കെയർ ജൂവനൈൽഹോമിൽ രണ്ട് പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിക്കാൻ ഇടയായതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന ശിക്ഷാ നടപടി കൈക്കൊള്ളണമെന്ന് എസ്‌യുസിഐ(സി) കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ദലിത്‌വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ ഈ സ്ഥാപനത്തിൽ കടുത്ത മാനസികപീഡനം അനുഭവിച്ചിരുന്നതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. പ്രസീദ എന്ന കുട്ടിയെ ഈ കേന്ദ്രത്തിലെത്തിക്കാൻ സ്വീകരിച്ച നടപടികൾ സംശയാസ്പദമാണ്. കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം (പോക്‌സോ) ഒട്ടും അവധാനതയോ ഉത്തരവാദിത്ത ബോധമോ ഇല്ലാതെ കൈകാര്യം ചെയ്യപ്പെട്ടതുവഴി കുട്ടികളുടെ സുരക്ഷയ്ക്കായുള്ള ഈ നിയമം അവരുടെ ജീവനെടുക്കാൻ ഇടയാക്കുകയാണുണ്ടായത്. ഇത് അങ്ങേയറ്റം കുറ്റകരമാണ്. സമൂഹത്തിൽ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളോട് ഭരണാധികാരികളും ഉദ്യോഗസ്ഥ-പോലീസ് വിഭാഗവും കാണിക്കുന്ന വിവേചനവും കുറ്റകരമായ അധികാര ദുർവിനിയോഗവുമാണ് ഇത്തരമൊരു ദുരന്തത്തിന് വഴിയൊരുക്കിയത്. സർക്കാർ സംരക്ഷണ കേന്ദ്രങ്ങൾ എത്രമേൽ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നുകൂടി വെളിവാക്കുന്നതാണ് ഈ സംഭവം. ഇത്തരം സ്ഥാപനങ്ങളിൽ എത്തിപ്പെടുന്ന കുട്ടികൾക്ക് മാനസിക പിന്തുണയും ആരോഗ്യകരമായ പുനരധിവാസവും ഉറപ്പാക്കാൻ കഴിയുന്നില്ലെന്നുമാത്രമല്ല, ഇരകളെ ശിക്ഷിക്കുന്ന കേന്ദ്രങ്ങളായി അവ മാറുകയാണ്. സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ കേന്ദ്രങ്ങളിൽ കുട്ടികളുടെ സുരക്ഷയും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണം. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുകയും ഉത്തരവാദികളായവർക്ക് കർശനശിക്ഷ ഉറപ്പാക്കുകയും വേണം.

 

Share this post

scroll to top