ഗസ്റ്റ് അധ്യാപനം അഥവാ അനന്തമായ തൊഴിൽ ചൂഷണം

UAGLF-Kaladi.jpeg
Share

നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല ഇന്ന് പ്രധാനമായും മുന്നോട്ടു പോകുന്നത് ഗസ്റ്റ് അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ്. ഔദ്യോഗികമായ കണക്കുകൾ പ്രകാരം രാജ്യമെമ്പാടും ലക്ഷക്കണക്കിന് അധ്യാപക തസ്തികകൾ സ്കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഒഴിഞ്ഞു കിടക്കുന്നുണ്ട്. അംഗീകാരം കാത്തുനിൽക്കുന്ന നിരവധി തസ്തികകളുമുണ്ട്. എന്നാൽ ഈ തസ്തികകളിലൊന്നും നിയമനം നടത്തുവാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. സ്ഥിരനിയമനത്തെ ഇല്ലാതാക്കുന്ന നയങ്ങളുടെ വക്താക്കളാണ് കക്ഷി ഭേദമന്യേ എല്ലാ സർക്കാരുകളും.


തൊണ്ണൂറുകളിൽ ലോകബാങ്കിന്റെ ഡിപിഇപി രംഗപ്രവേശം ചെയ്തതു തന്നെ അധ്യാപനത്തെയും അധ്യാപകന്റെ ആധികാരികതയെയും നിരാകരിക്കുന്ന വികലസിദ്ധാന്തങ്ങളുടെ അകമ്പടിയോടെയാണ്. കുട്ടി സ്വയം പഠിച്ചുകൊളളുമെന്നും ക്ലാസ് മുറികളുടെ സർവാധികാരവും കൈക്കലാക്കി വിദ്യാർത്ഥിയെ ഭരിക്കുന്ന മർദ്ദകരാണ് അധ്യാപകരെന്നുമാണ് ഡിപിഇപി മുന്നോട്ടു വെച്ച സങ്കല്പം. ഇത്തരത്തിൽ, അധ്യാപകരെന്നാൽ വെറും സഹായി (facilitator) മാത്രമാണെന്ന് ഡിപിഇപി പുനഃനിർവചിച്ചു. ഡിപിഇപിയുടെ തുടർച്ചയായി ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കിയ റൂസ (രാഷ്ട്രീയ ഉച്ഛതർ ശിക്ഷ അഭിയാൻ) പ്രോജക്ടും അധ്യാപനത്തെ നിരാകരിച്ചു. റൂസ ഫണ്ട് നൽകുന്നതിനായി ലോകബാങ്ക് മുന്നോട്ടു വെച്ച ഏഴു മുന്നുപാധിക ളിലൊന്ന് ഫാക്കൽട്ടികളുടെ നിയമനത്തിന്റെ പുനഃസംഘാടനത്തെ സംബന്ധിച്ചായിരുന്നു. യുജിസി ശമ്പളം വാങ്ങുന്ന, സേവന-വേതന വ്യവസ്ഥകളും ജനാധിപത്യ അവകാശങ്ങളുമുളള അധ്യാപകരെന്ന സങ്കൽപ്പത്തെ പൊളിച്ചടുക്കുകയെന്നത് റൂസയുടെ ലക്ഷ്യമായിരുന്നു.
2014ൽ എഐഡിഎസ്ഒ പ്രസിദ്ധീകരിച്ച “ജനാധിപത്യ വിദ്യാഭ്യാസം അവസാനിപ്പിക്കാൻ റൂസ” എന്ന പുസ്തകം ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: “ഇന്ന് സ്ഥിര നിയമനത്തോടെ യുജിസി സ്കെയിലിൽ ശമ്പളം വാങ്ങുന്ന യൂണിവേഴ്‍സിറ്റി/കോളേജ് അധ്യാപകർ സ്വന്തമായി തയ്യാറാക്കിയ കോഴ്‍സുകളുമായി കോളേജ് മാർക്കറ്റിൽ കച്ചവടത്തിന് അവസരം കാത്ത് ക്യൂ നിൽക്കും.” 2019 ഏപ്രിൽ 1ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പിജി വെയ്റ്റേജില്ലാതാക്കുകയും സിംഗിൾ ഫാക്കൽട്ടി എടുത്തു കളയുകയും ചെയ്തതോടെ മൂവായിരത്തിലധികം സ്ഥിരാധ്യാപക തസ്തികകൾ ഇല്ലാതായി. ദേശീയ വിദ്യാഭ്യാസ നയം 2020 സ്ഥിരാധ്യാപനം എന്ന സങ്കൽപ്പത്തെ തന്നെ പൂർണ്ണമായും നിരാകരിക്കുന്നു. ജനാധിപത്യ വിദ്യാഭ്യാസത്തിൽ നിന്നും കമ്പോള വിദ്യാഭ്യാസത്തിലേക്കുളള പൊളിച്ചെഴുത്താണ് ഈ വിദ്യാഭ്യാസ നയങ്ങൾ എല്ലാം ലക്ഷ്യം വെയ്ക്കുന്നത്. വിദ്യാഭ്യാസ കമ്പോളത്തിൽ പരമാവധി കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന, തൊഴിൽ അവകാശങ്ങളും ജനാധിപത്യ ബോധവുമില്ലാത്ത ഫെസിലിറ്റേറ്റർമാരെയാണ് ആവശ്യം. അധ്യാപനത്തിന്റെ മൂല്യം കൊണ്ടുനടക്കേണ്ടുന്ന സാഹചര്യങ്ങൾ ഒന്നും ആവശ്യമില്ല. കരാർ അധ്യാപനം ദയാരഹിതമായ ചൂഷണത്തിന്റെ മേഖലയായി സ്ഥാപിക്കപ്പെട്ടതിന്റെ സാഹചര്യം ഇതാണ്.


നെറ്റും പിഎച്ച്ഡിയും പോസ്റ്റ് ഡോക്ടറൽ ഡിഗ്രിയുമുൾപ്പെടെ നിരവധി യോഗ്യതകളുളള ഉദ്യോഗാർത്ഥികളാണ് ഇന്ന് ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്യുന്നത്. യുജിസി യോഗ്യതയുള്ള കരാർ അധ്യാപകർക്ക് മണിക്കൂറിൽ 1500 രൂപ വീതം പരമാവധി 50,000 രൂപ വരെ പ്രതിഫലം നൽകണമെന്ന് 21.8.2018ൽ പ്രസിദ്ധീകരിച്ച യുജിസി സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ ഇന്ത്യയിലൊരിടത്തും ഈ പ്രതിഫലം നൽകുന്നില്ല. മാസം പതിനായിരം രൂപ മുതലാണ് ശമ്പളം ലഭിച്ചു വരുന്നത്. 43,750 രൂപയാണ് കേരളത്തിൽ പരമാവധി അംഗീകരിക്കപ്പെട്ട ശമ്പളം. ഇത് പലപ്പോഴും കടലാസിലൊതുങ്ങും. തുച്ഛമായ ശമ്പളം പോലും വാങ്ങിയെടുക്കുകയെന്നത് ഗസ്റ്റ് അധ്യാപകരെ സംബന്ധിച്ച് വലിയൊരു അധ്വാനമാണ്. കേരളത്തിൽ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം ഗസ്റ്റ് അധ്യാപകരും കൊളിജിയേറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരും അവരവരുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സമർപ്പിച്ചവരുമായിരിക്കും. എന്നാൽ ഓരോ വർഷവും ജോലിക്ക് കയറുമ്പോൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, അപ്രൂവൽ തുടങ്ങി മാസങ്ങൾ നീളുന്ന ഒരു പ്രക്രിയയിലൂടെ ഇവർ കടന്നു പോകേണ്ടിവരും. ഇക്കാലമത്രയും ശമ്പളം ലഭിക്കുകയില്ല. മാസങ്ങൾ കഴിയുമ്പോൾ അപ്രൂവൽ നൽകാതെ, സർട്ടിഫിക്കറ്റിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു ശമ്പളം നിഷേധിക്കപ്പെടുന്നവരുമുണ്ടാകും. ഓരോ മാസത്തെയും കൂലി വാങ്ങിയെടുക്കുകയെന്നത് നിരവധി പേപ്പർ വർക്കുകൾക്കും നൂലാമാലകൾക്കും ശേഷം മാത്രമാണ് സാധ്യമാകുന്നത്. കോളേജിലെ ക്ലർക്ക് മുതൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ വരെയുള്ളവരുടെ സമയവും സൗകര്യവും അനുസരിച്ച് മാത്രമാണ് ഗസ്റ്റ് അധ്യാപകരുടെ കൂലി കനിഞ്ഞ് അനുവദിക്കപ്പെടുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസെടുത്ത നിരവധി ഗസ്റ്റ് അധ്യാപകർക്ക് ഡേറ്റ ചാർജ് ചെയ്തതിന്റെ പണം പോലും കൊടുക്കാതെ പോയിട്ടുണ്ട്. ഗസ്റ്റ് അധ്യാപകരുടെ ശമ്പളം മുടങ്ങിയതിനെ സംബന്ധിച്ച് കഴിഞ്ഞ വർഷം നിയമസഭയിൽ പി.ടി.തോമസ് എംഎൽഎ ചോദിച്ച ചോദ്യങ്ങൾക്ക് സംസ്ഥാനത്ത് ഗസ്റ്റ് അധ്യാപകർക്ക് ആർക്കും ശമ്പളം മുടങ്ങിയിട്ടില്ല എന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു മറുപടി നൽകിയത്. തൊട്ടടുത്ത ദിവസം രണ്ട് വർഷത്തോളം ശമ്പളം മുടങ്ങിയ ഇരുന്നൂറോളം അധ്യാപകരുടെ പരാതികൾ യുണൈറ്റഡ് ആക്ഷൻ ഗസ്റ്റ് ലെക്ചേഴ്സ് ഫോറം(UAGLF) മന്ത്രിക്കും കൊളിജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർക്കും സമർപ്പിച്ചു. ഈ വിഷയം മന്ത്രിയെ നേരിൽ കണ്ടു സംസാരിച്ചപ്പോൾ “എത്ര പറഞ്ഞാലും ഡിഡി ഓഫീസിലെ ഉദ്യോഗസ്ഥർ കേൾക്കില്ല, എന്തുചെയ്യും” എന്ന നിസംഗമായ മറുപടിയാണ് UAGLF നേതാക്കൾക്ക് ലഭിച്ചത്. തൊഴിലവകാശങ്ങൾ പോയിട്ട്, ചെയ്യുന്ന ജോലിയുടെ കൂലി പോലും ഗസ്റ്റ് അധ്യാപകർക്ക് നൽകാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.
ഗസ്റ്റ് അധ്യാപകർ പലപ്പോഴും കോളേജുകളിൽ സ്ഥിരാധ്യാപകർക്ക് തുല്യമോ അതിനേക്കാളേറെയോ ജോലി ചെയ്യുന്നുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങ ളുടെ ഉത്തരവാദിത്തവും ഗസ്റ്റ് അധ്യാ പകരുടെ ചുമലിലുണ്ടാകും. എന്നിരുന്നാലും പാഠ്യേതര പ്രവർത്തനങ്ങളുടെ ദിവസങ്ങളിലും വിദ്യാർത്ഥികൾക്ക് സ്റ്റഡി ലീവ് അനുവദിക്കുമ്പോഴും ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ഉണ്ടാകില്ല.

ഒരു ദിവസം മൂന്നു മണിക്കൂറെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് അതിഥി അധ്യാപകർക്ക് ഒരു ദിവസത്തെ ശമ്പളത്തിന് അർഹതയുണ്ടാകുക. എന്നാൽ ചില വിഷയങ്ങളിൽ (പ്രത്യേകിച്ച് സിംഗിൾ ഫാക്കൽട്ടിയിൽ) ഒരു ദിവസം ഒരു മണിക്കൂർ മാത്രമാണ് ക്ലാസുണ്ടാകുക. എന്നാൽ ഈ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ കോളേജിൽ ഗസ്റ്റ് അധ്യാപകരുണ്ടാകണം. സ്ഥിരാധ്യാപകരുടെ എല്ലാ ജോലിയും ഗസ്റ്റ് അധ്യാപകരും ചെയ്യേണ്ടിവരും. പക്ഷെ റവന്യൂ നഷ്ടമെന്ന പേരിൽ മൂന്നു ദിവസം കൂടുമ്പോഴാണ് ഒരു ദിവസത്തെ ശമ്പളം അതിഥി അധ്യാപകർക്ക് ലഭിക്കുന്നത് (അതായത് മൂന്നു മണിക്കൂർ എന്ന കണക്കിൽ). ഒരു വർഷം ഒരു കോളേജിലും അടുത്ത വർഷം മറ്റേതെങ്കിലും കോളേജിലുമൊക്കെയായാണ് ബഹുഭൂരിപക്ഷം ഗസ്റ്റ് അധ്യാപകരുടെയും ജീവിതം. ഇക്കാലയളവിൽ എന്തെങ്കിലും കാരണത്താൽ ആദ്യത്തെ കോളേജിൽനിന്നും ശമ്പളം ലഭിക്കാതിരിക്കുകയോ ശമ്പളം ലഭിക്കുന്നതിൽ കാലതാമസം വരികയോ ചെയ്താലും ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്ക് ഓപ്പണായിരിക്കും. ഇതുമൂലം രണ്ടാമത്തെതിൽനിന്നും ശമ്പളം ലഭിക്കുന്നതിൽ സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടാകും. ചുരുക്കത്തിൽ ശമ്പളം വാങ്ങിയെടുക്കുകയെന്നത് അതിഥി അധ്യാപനത്തിലെ പ്രധാന പ്രഹേളികയായി തുടരും.
ചെയ്യുന്ന ജോലിക്ക് കൂലി ലഭിക്കാത്തപ്പോഴും മറ്റ് വഴികളൊന്നും മുന്നിൽ ഇല്ലായെന്നതിനാൽ നിശബ്ദമായി ഈ ചൂഷണം സഹിക്കുകയാണ് പതിറ്റാണ്ടുകളായി അതിഥി അധ്യാപകർ. നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ഒരു അക്ഷരം എതിർത്തു പറഞ്ഞാൽ ജോലി യും കൂലിയും നഷ്ടപ്പെടുമെന്ന സാഹചര്യവുമുണ്ട്. ജോലിക്കും കൂലിക്കും വേണ്ടി വായ്‍മൂടിക്കെട്ടുവാൻ ഗസ്റ്റ് അധ്യാപകരെ നിർബന്ധിതമാക്കുന്നുവെന്ന് സാരം. ശമ്പളം മാത്രമല്ല, പ്രസവാവധി പോലെയുള്ള ആനുകൂല്യങ്ങൾക്കും ഗസ്റ്റ് അധ്യാപകർക്ക് അർഹതയില്ലെന്നാണ് സർക്കാർ ഭാഷ്യം. അതുപോലെ കരാർ അധ്യാപകർക്ക് ജോലി ചെയ്യുന്ന സമയത്തോ കാമ്പസിലോ എന്തെങ്കിലും അപകടമുണ്ടായാൽപോലും യാതൊരു പരിരക്ഷയ്ക്കും ആനുകൂല്യങ്ങൾക്കും അർഹതയില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് അതിഥി തൊഴിലാളികളെന്ന ഓമനപ്പേര് നൽകി ചൂഷണം ചെയ്യുന്നതിന് തുല്യമാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിഥി അധ്യാപകരുടെ ഗതിയെന്നതാണ് വാസ്തവം. ഈ അവസ്ഥയിലും കരാർ അധ്യാപനരംഗത്ത് തുടരുവാൻ ഉദ്യോഗാർത്ഥികളെ പ്രേരിപ്പിക്കുന്നത് പഠിച്ച വിഷയത്തോടുളള താത്പര്യവും ഈ തൊഴിലിനോടുളള സമർപ്പണവും സ്ഥിരം തൊഴിൽ വിദൂരമായ ഒരു സ്വപ്നമാണെന്ന യാഥാർത്ഥ്യബോധവുമാണ്.
എന്നാൽ അവശേഷിക്കുന്ന ഈ മരുപ്പച്ചയിൽനിന്നും കരാർ അധ്യാപകരെ ആട്ടിയോടിക്കാനുളള ശ്രമം കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. 2019 ജൂണിൽ, കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിന് ഒരു സ്ഥിരാധ്യപകനെങ്കിലുമുളള ഡിപ്പാർട്ട്മെന്റിൽ കരാർ അധ്യാപകർ ആവശ്യമില്ലായെന്നതും വിവിധ കോളേജുകളിലെ ഓൺലൈൻ ക്ലാസുകൾ പങ്കിട്ടെടുക്കാമെന്നുമുളള നിർദ്ദേശം വലിയൊരു വിഭാഗം കരാർ അധ്യാപകരുടെയും തൊഴിൽ നഷ്ടമാകുന്നതിലേക്ക് കൊണ്ടെത്തിച്ചു. റൂസ പ്രോജക്ട് മുന്നോട്ടു വെച്ച ക്ലസ്റ്റർ ഓഫ് കോളേജ് എന്ന സങ്കൽപ്പം തന്നെയായിരുന്നു ഈ ഉത്തരവിന് ആധാരം. ദേശീയ വിദ്യാഭ്യാസ നയം 2020 പിന്തുടരുന്നതും പരമാവധി അധ്യാപകരുടെ എണ്ണം കുറയ്ക്കുകയെന്നതാണ്.
ഈയടുത്ത കാലത്ത് കാലടി സംസ്കൃത സര്‍വ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥികളെ ടീച്ചിംഗ് അസിസ്റ്റന്റ് എന്ന പേരിൽ നിയമിക്കാനുളള തീരുമാനവും പരമാവധി അധ്യാപക തസ്തികകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യം പേറുന്നതാണ്. ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെയും താത്പര്യങ്ങൾക്ക് വിരുദ്ധമായ ഈ നീക്കത്തിലൂടെ ആദ്യ ഘട്ടത്തിൽ കരാർ അധ്യാപക തസ്തികകളും ക്രമേണ സ്ഥിരാധ്യാപക തസ്തികകളുമില്ലാതാകും. കൂലിയില്ലാത്ത ജോലി എന്ന നിലയിൽ ഗവേഷകർ അധ്യാപനത്തിന് നിർബന്ധിതമാകും. ഈ വിഷയത്തിൽ ഗവേഷകരുടെയും കരാർ അധ്യാപകരുടെയും പ്രതിഷേധമുണ്ടായപ്പോൾ ഈ തീരുമാനത്തിൽ നിന്നും പിന്നോട്ടു പോകുവാൻ സര്‍വ്വകലാശാല നിർബന്ധിതമായി. നിലവിലുളള കരാർ അധ്യാപകർക്ക് ആർക്കും തൊഴിൽ നഷ്ടപ്പെടില്ല എന്ന ഉറപ്പ് നൽകേണ്ട സാഹചര്യമുണ്ടായി. അതേ സമയം സിപിഐ(എം) അനുകൂല ഗവേഷക സംഘടനയായ AKRSA ഗവേഷകരുടെയും സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിന്റെയും താത്പര്യങ്ങളെ വഞ്ചിച്ചുകൊണ്ട് യൂണിവേഴ്‌സിറ്റി അധികൃതരോട് സന്ധി ചെയ്തു. AKRSAയുമായി ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിച്ചുവെന്ന് പറഞ്ഞുകൊണ്ട് ഗവേഷകരെ ടീച്ചിംഗ് അസിസ്റ്റന്റായി നിയമിക്കാനുളള തീരുമാനം നടപ്പിലാക്കുവാൻ വൈസ് ചാൻസലർ ജൂലൈ ഒന്നിന് ഉത്തരവിറക്കി. ഇതൊരു മുന്നറിയിപ്പാണ്. കേരളത്തിലെ സര്‍വ്വകലാശാലകളിലും കലാലയങ്ങളിലും ഗവേഷകരെ പഠിപ്പിക്കാൻ നിയോഗിച്ചുകൊണ്ടു നിലനിൽക്കുന്ന തൊഴിലവസരങ്ങൾ കൂടി ഇല്ലാതാക്കാമെന്ന ലക്ഷ്യമാണ് കാലടി സര്‍വ്വകലാശാലയിൽ നടപ്പിലാകുന്നത്. ഈ നീക്കത്തിലൂടെ കഴിഞ്ഞ ഇരുപതു വർഷത്തിലധികം സര്‍വ്വകലാശാലയിൽ കരാർ അധ്യാപകരായി ജോലി ചെയ്തവരുടെ അവസരങ്ങൾപോലും പ്രതിസന്ധിയി ലായി. കഴിഞ്ഞ ഇരുപതു വർഷം കരാർ അധ്യാപനം നടത്തേണ്ടി വരുന്നുവെന്നാൽ അതിനർത്ഥം അവിടെ അധ്യാപകരുടെ ആവശ്യമുണ്ടായിരുന്നിട്ടും സ്ഥിരാധ്യാപക തസ്തികകൾ സൃഷ്ടിക്കപ്പെട്ടി ല്ലായെന്നതാണ്. അതായത് സ്ഥിരാധ്യാപക നിയമനം നടത്തുവാൻ തയ്യാറാകാതെ കരാർ അധ്യാപനത്തിന് നിർബന്ധിക്കുകയും ഇ പ്പോൾ തല്‍സ്ഥാനത്ത് ഗവേഷകരെ ഉപയോഗിച്ചുകൊണ്ടു കരാർ അധ്യാപനത്തിന്റെ സാധ്യതപോലുമില്ലാതാക്കുകയും ചെയ്യുന്നു.
മൃഗീയ ചൂഷണത്തിനെതിരെ സംഘടിതമായി പ്രതിഷേധിക്കുക യെന്നതാണ് അതിഥി അധ്യാപകർക്ക് മുന്നിലുള്ള ഒരേയൊരു മാർഗ്ഗം. എന്നാൽ കരാർ അധ്യാപകർ സംഘടിക്കുകയാണെങ്കിൽ ജോലി ചെയ്യുവാനുള്ള അവസരം നഷ്ടപ്പെടുമെന്ന ഭീഷണി പലപ്പോഴും ഉണ്ടാകുന്നുണ്ട്. ഈയടുത്ത് ഇലന്തൂർ കോളേജിൽ സംഘടിക്കാനോ സമരം ചെയ്യാനോ പാടില്ലെന്ന വ്യവസ്ഥയോടെ കോളേജ് അധികൃതർ ബോണ്ട് എഴുതി വാങ്ങുകയും ചെയ്തു. ജനാധിപത്യ വിരുദ്ധമായ ഈ ബോണ്ടിനെതിരെ UAGLF ശക്തമായി പ്രതിഷേധ രംഗത്തേക്ക് വന്നതിനെ തുടർന്ന് ഈ ബോണ്ട് പിൻവലിക്കുവാൻ കോളേജ് മാനേജ്മെന്റ് നിർബന്ധിതമായി. സംഘടിക്കുകയെന്നത് മാത്രമാണ് ഗസ്റ്റ് അധ്യാപകർക്ക് മുന്നിലുള്ള ഒരേയൊരു മാർഗ്ഗം എന്നതിന് ദൃഷ്ടാന്തമാണ് ആ സംഭവം.
ഇന്ന് ദേശീയ തലത്തിൽ “തുല്യ ജോലിക്ക് തുല്യ വേതനം” തുടങ്ങിയ ഡിമാന്റുകൾ ഉയർത്തിക്കൊണ്ട് ഗസ്റ്റ് അധ്യാപകർ സംഘടിക്കുകയാണ്. മെയ് 8ന് ഡൽഹിയിൽവെച്ചു നടന്ന കരാർ അധ്യാപകരുടെ ദേശീയ സമ്മേളനത്തിലൂടെ ഓൾ ഇന്ത്യാ കോളേജ് ആന്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ (നോൺ റെഗുലർ) (AICUTA-NR) രൂപംകൊണ്ടു. കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിച്ചുവരുന്ന യുണൈറ്റഡ് ആക്ഷൻ ഗസ്റ്റ് ലെക്ചേഴ്സ് ഫോറം (UAGLF) ഈ അഖിലേന്ത്യാ പ്രസ്ഥാനവുമായി അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുകയാണ്. ഇത്തരമൊരു സമരസംഘടന ശക്തി പ്രാപിച്ചു വരുന്നതിലൂടെ മാത്രമാണ് അതിഥി അധ്യാപകർക്ക് മാന്യമായ തൊ ഴിൽ സാഹചര്യം സൃഷ്ടിക്കപ്പെടുക. ആത്യന്തികമായി ഈ സമരരംഗം വിദ്യാഭ്യാസ വിരുദ്ധമായ എല്ലാ നീക്കങ്ങൾക്കുമെതിരായ സമരശക്തിക്ക് കരുത്തേകും.

Share this post

scroll to top