ചെമ്മീൻ പീലിംഗ് തൊഴിലാളികളുടെ കളക്‌ട്രേറ്റ് മാർച്ച്

Spread our news by sharing in social media

ചെമ്മീൻ പീലിംഗ് തൊഴിലാളികൾക്ക് 2018ൽ സർക്കാർ പുതുക്കിനിശ്ചയിച്ച മിനിമംകൂലി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ സംസ്‌കരണ മേഖലയിലെ ചെമ്മീൻ പീലിംഗ് തൊഴിലാളികൾ ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി. എഐയുറ്റിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരള മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയന്റെ(കെഎംഎസ്ടിയു) നേതൃത്വത്തിൽ ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലെ ചെമ്മീൻ പീലിംഗ് ഷെഡ്ഡുകളിൽ പണിയെടുക്കുന്ന സ്ത്രീകളാണ് മാർച്ചിൽ പങ്കെടുത്തത്.
നൂറുകണക്കിന് സ്ത്രീകൾ പ്രകടനമായി കളക്‌ട്രേറ്റിന് മുന്നിൽ എത്തി. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറിയും കേരള മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സഖാവ്എസ്.സീതിലാൽ മാർച്ച് ഉദ്ഘാടനം ചെയ്തു. സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി നൽകാതെ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഉടമകൾക്കെതിരെ യാതൊരുവിധ നടപടിയും കൈക്കൊള്ളാതിരിക്കുന്ന തൊഴിൽ വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ കളക്ടർ അടിയന്തിരമായി ഇടപെട്ട് തൊഴിലാളികൾക്ക് മിനിമംകൂലി ഉറപ്പാക്കണമെന്ന് സഖാവ് സീതിലാൽ ആവശ്യപ്പെട്ടു.

കെഎംഎസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സുബൈദ അദ്ധ്യക്ഷത വഹിച്ചു. കെഎംഎസ്ടിയു ജില്ലാ പ്രസിഡന്റ് രേവമ്മ ചന്ദ്രൻ മുഖ്യപ്രസംഗം നടത്തി. കെഎംഎസ്ടിയു ജില്ലാ സെക്രട്ടറി ആർ.അർജ്ജുനൻ, എഐയുടിയുസി ജില്ലാ സെക്രട്ടറി സഖാവ് പി.ആർ.സതീശൻ, എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് കെ.ജെ.ഷീല, സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി അഡ്വ.എം.എ.ബിന്ദു, കെഎംഎസ്ടിയു ചേർത്തല താലൂക്ക് കൺവീനർ കെ.പ്രതാപൻ, അരൂർ മേഖല സെക്രട്ടറി മേരിക്കുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു. സഖാവ് കെ.ആർ.ശശി, കെഎംഎസ്ടിയു നേതാക്കളായ എൻ.കെ.ശശികുമാർ, സി.വി.അനിൽകുമാർ, രേണുക, സുഭദ്ര, തുടങ്ങിയവർ മാർച്ചിന് നേതത്വം നല്കി.

Share this