തികച്ചും ജനവിരുദ്ധമായ ജി.എസ്.ടി.ക്കെതിരെ ശക്തമായ സമരം വളർത്തിയെടുക്കുക

Share

ജൂൺ 29 ന് എസ്‌യുസിഐ(സി)
ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ്
പുറപ്പെടുവിച്ച പ്രസ്താവന.

സാധാരണജനങ്ങൾക്കുമേലുള്ള പരോക്ഷ നികുതിഭാരം വൻതോതിൽ വർദ്ധിപ്പിക്കുന്ന ചരക്ക്-സേവന നികുതി(ജിഎസ്ടി) ഏർപ്പെടുത്തുന്നതിനോട് എസ്‌യുസിഐ (സി) ശക്തമായി വിയോജിക്കുകയാണ്. എല്ലാ അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വില ഗണ്യമായി ഉയരാൻ ഇതിടയാക്കും. നിർദ്ദയമായ മുതലാളിത്ത ചൂഷണവ്യവസ്ഥ അതിന്റെ സഹജമായ പ്രതിസന്ധിയെ മറികടക്കുന്നതിനായി ജനങ്ങൾക്കുമേൽ നിരന്തരം നടത്തുന്ന സാമ്പത്തികാക്രമണങ്ങളുടെ മറ്റൊരു പതിപ്പാണ് ഇത്. മുതലാളിത്ത ഉൽപ്പാദകർക്കും കോർപ്പറേറ്റുകൾക്കും ഇത് ഗണ്യമായ നികുതിയിളവുകൾ സമ്മാനിക്കുന്നു. ഒരു മുതലാളിത്ത വ്യവസ്ഥയിൽ ആവിഷ്‌ക്കരിക്കപ്പെടുന്ന ഏതൊരു സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെയും സ്വഭാവവും പ്രത്യാഘാതങ്ങളും വ്യവസ്ഥിതിയുടെ താൽപ്പര്യങ്ങളിൽനിന്ന് അടർത്തിമാറ്റി മനസ്സിലാക്കാനാവില്ല എന്നോർക്കണം.

മുതലാളിവർഗ്ഗത്തിന്റെ ആകമാനതാൽപ്പര്യം മുൻനിർത്തി രൂപംകൊടുത്തിട്ടുള്ള ഈ നികുതി പരിഷ്‌ക്കാരം നികുതിപിരിവിന്റെ അധികാരം കേന്ദ്ര ഗവൺമെന്റിൽ കേന്ദ്രീകരിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം നിലവിൽവന്ന ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളെത്തന്നെ നിരാകരിക്കുന്നതാണിത്. ഇവ്വിധം കേന്ദ്രഗവൺമെന്റിൽ സാമ്പത്തികാധികാരങ്ങൾ അധികമധികം കേന്ദ്രീകരിക്കുന്നത് രാജ്യത്തെ ഭരണപരമായ ഫാസിസത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നതിനേ ഉപകരിക്കൂ. കേന്ദ്ര സർക്കാർ അന്യായമായി നികുതിഭാരമടിച്ചേൽപ്പിക്കുന്നതിനെതിരായി സമരം വളർത്തിയെടുക്കുന്നത് കൂടുതൽ ദുഷ്‌ക്കരമാക്കും എന്ന വസ്തുതയും ഏറെ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്.
ജിഎസ്ടി നടപ്പിലാക്കുന്നതിനെതിരെ രാജ്യവ്യാപകവും ശക്തവുമായ സമരം വളർത്തിയെടുക്കാനും ജൂൺ 30 അഖിലേന്ത്യാ പ്രതിഷേധ ദിനമായി ആചരിക്കാനും അദ്ധ്വാനിച്ചു ജീവിക്കുന്ന മുഴുവനാളുകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top