നെഹ്‌റു കോളേജ് സമരത്തിന്റെ നാൾവഴി

dso-nehru-college-demo-1.jpg

പാമ്പാടി നെഹ്‌റു കോളേജ് സമരത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സമരകേന്ദ്രത്തിലേയ്ക്ക് എഐഡിഎസ്ഒ പ്രവർത്തകർ നടത്തിയ പ്രകടനം

Share

ജിഷ്ണു മരിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ തന്നെ വിദ്യാർത്ഥികൾ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നെങ്കിലും മാനേജ്‌മെന്റ് നിരവധി പ്രതികാരനടപടികളിലൂടെ അവയെ അടിച്ചമർത്തുകയായിരുന്നു. പ്രതികരിച്ച വിദ്യാർത്ഥികളെ കള്ളക്കേസ്സിൽ കുടുക്കി. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അധിക്ഷേപിച്ചു. മാനേജ്‌മെന്റിന്റെ ഏറാൻമൂളികളായ രക്ഷിതാക്കളെ വിളിച്ച് ചേർത്ത് കോളജ് തുറക്കുവാൻ കളമൊരുക്കി. എതിർത്ത കുട്ടികളെയും രക്ഷിതാക്കളെയും പുറത്താക്കി. മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും മുഴുവൻ ശ്രദ്ധാ കേന്ദ്രമായിരിക്കുമ്പോഴും നെഹ്രു കോളെജ് ചെയർമാൻ വീണ്ടും വിദ്യാർത്ഥികൾക്ക് നേരെ കൊലവിളി നടത്തിയെന്നതും അവരുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്നു.
എന്നാൽ ജിഷ്ണുവിന് നീതി ലഭിക്കാതെയും കാമ്പസ്സിൽ ജനാധിപത്യം പുനഃസ്ഥാപിക്കാതെയും തങ്ങൾ പിന്നോട്ടില്ല എന്നു തീരുമാനിച്ച ഒരു സംഘം വിദ്യാർത്ഥികൾ സേവ് എജ്യുക്കേഷൻ കമ്മിറ്റിയുടെ പിന്തുണയോടെ നെഹ്‌റു കോളെജ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ എന്ന സ്വതന്ത്ര വേദിക്ക് രൂപം നൽകി. ജിഷ്ണുവിന്റെ ജന്മദിനമായ ഫെബ്രുവരി 11ന് കോളെജ് കവാടത്തിന് മുമ്പിൽ ഒരു സമരകേന്ദ്രം ആരംഭിച്ചു. പ്രത്യക്ഷ രാഷ്ട്രീയ പ്രവർത്തനമില്ലെങ്കിൽ പോലും വിദ്യാർത്ഥികളിൽ പലരും വിവിധ സംഘടനകളിൽ അംഗങ്ങളായിരുന്നു. എന്നിരുന്നാലും ലക്ഷ്യത്തിന്റെ സമാനതയും പ്രവൃത്തിയിലുള്ള ആത്മാർത്ഥയും സംഘടനാപരമായ സങ്കുചിതത്വങ്ങൾക്ക് അതീതമായ വിദ്യാർത്ഥി ഐക്യവും നെഹ്‌റു കോളെജ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ എന്ന വേദിയിലൂടെ അവർ സ്ഥാപിച്ചു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ്സെടുക്കുക, നെഹ്‌റു കോളെജ് ഡയറക്ടർ കൃഷ്ണദാസ്, പി.ആർ.ഒ. സഞ്ജിത്ത് വിശ്വനാഥൻ, വൈസ് പ്രിൻസിപ്പാൾ എൻ.കെ.ശക്തിവേൽ, അധ്യാപകൻ പ്രവീൺ സി.പി. എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുക, നെഹ്രു കോളെജിൽ എത്രയും വേഗം പ്രസിഡൻഷ്യൽ രീതിയിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുക. എല്ലാ ജനാധിപത്യ അവകാശങ്ങളോടും കൂടിയുള്ള കോളെജ് യൂണിയൻ പ്രവർത്തനം നിർബന്ധിതമാക്കുക, ഇടിമുറി പോലെയുള്ള എല്ലാ പീഡനമുറകളും അവസാനിപ്പിക്കുക. അച്ചടക്കത്തിന്റെ പേരിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ അവസാനിപ്പിക്കുക, ഡിസിപ്ലിനറി ഓഫീസർ തസ്തിക ഉപേക്ഷിക്കുക, വിദ്യാർത്ഥികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്ന ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ഗോവിന്ദൻകുട്ടിയെ പുറത്താക്കുക, വിദ്യാർത്ഥികളുടെ സ്വകാര്യതയുടെ മേലുള്ള മാനേജ്‌മെന്റിന്റെ കടന്ന്കയറ്റം അവസാനിപ്പിക്കുക, ഇന്റേണൽ അസെസ്‌മെന്റിന്റെ പേരിലുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക, അക്കാദമിക വിഷയങ്ങളിൽ മാനേജ്‌മെന്റ് ഇടപെടാൻ പാടില്ല, സ്വാശ്രയ കോളെജുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയുവാൻ സർക്കാർ ശക്തമായ നിയമനിർമ്മാണം നടത്തുക,വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് കോളെജ് ഉടൻ തുറക്കുക എന്നീ ആവശ്യങ്ങൾ സ്‌ററുഡന്റ്‌സ് അസോസിയേഷൻ മുന്നോട്ട് വെച്ചു.

എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി സഖാവ് പി.കെ.പ്രഭാഷ്
സമരകേന്ദ്രം ഉദ്ഘാടനം ചെയ്യുന്നു

നെഹ്‌റു കോളേജ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഫെബ്രുവരി 11ന് ആരംഭിച്ച സമരകേന്ദ്രം സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയംഗവും എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറിയുമായ പി.കെ.പ്രഭാഷ് ഉദ്ഘാടനം ചെയ്തു. ജിഷ്ണുവിന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയും മെഴുകുതിരികൾ തെളിയിച്ചും വിദ്യാർത്ഥികൾ അണിനിരന്നു. ഫെബ്രുവരി 13ന് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ സമരകേന്ദ്രത്തിൽ നടന്ന സമരസംഗമം സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ്, കെഎസ്‌യു, എബിവിപി, എഐഡിഎസ്ഒ, എഐഡിവൈഒ, യുവമോർച്ച, യൂത്ത് കോൺഗ്രസ്, എഐവൈഎഫ്, ആംആദ്മി, എഐറ്റിയുസി, ഊരാളി ബാന്റ്ഗ്രൂപ്പ്, ബ്ലാങ്ങാട് ജനകീയ സംഗീതസഭ എന്നീ സംഘടനകൾ സമരത്തിന് പിന്തുണയും അഭിവാദ്യവുമർപ്പിച്ചു. സാറാ ജോസഫ്, ഷാഫി പറമ്പിൽ എംഎൽഎ, സി.ആർ.നീലകണ്ഠൻ, വി.എസ്.ജോയ് (കെഎസ്‌യു), ശുഭേഷ് സുധാകർ(എഐഎസ്എഫ്), അഡ്വ.ഇ.എൻ.ശാന്തിരാജ് (പ്രോഗ്രസീവ് ലോയേഴ്‌സ് ഫോറം), ഡോ.പി.എസ്.ബാബു(സേവ് എജ്യൂക്കേഷൻ കമ്മിറ്റി),എൻ.കെ.ബിജു(എഐഡിവൈഒ), ജിഷ്ണുവിന്റെ ബന്ധുക്കൾ, സി.കെ.ശിവദാസൻ (ജനകീയ പ്രതിരോധ സമിതി) എന്നിവർ വിവിധസമയങ്ങളിൽ സമരത്തെ അഭിവാദ്യം ചെയ്തു. സ്റ്റുഡന്റ്‌സ് അസോസിയേഷൻ നേതാക്കളായ ജസ്റ്റിൻ, ജെറിൻ എം.ഫിലിപ്പ്, അരുൺ കെ.എൽ.,നിസ്സാർ അഹമ്മദ് തുടങ്ങിയവരും പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ്, എഐഎസ്എഫ് -എഐവൈഎഫ്, യുവമോർച്ച, എംഎസ്എഫ് എന്നിവരും സമരത്തിന് പിന്തുണ അർപ്പിച്ച് പന്തലുകൾ കെട്ടി.

സമരരംഗത്ത് വരാതിരുന്ന എസ്എഫ്‌ഐയും ഇതിനിടയിൽ രംഗപ്രവേശം ചെയ്തു. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക, വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് കോളെജ് ഉടൻ തുറക്കുക എന്നീ ഡിമാന്റുകൾ മറ്റെല്ലാ സംഘടനകളും ഏറ്റെടുക്കാൻ തയ്യാറായപ്പോഴും എസ്എഫ്‌ഐ നേതൃത്വം ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക എന്ന ഡിമാന്റ് ഉയർത്തിയില്ല. കോളെജ് ഉടൻ തുറക്കുക എന്നെഴുതിയ ബാനറായിരുന്നു എസ്എഫ്‌ഐ-യുടെ പന്തലിൽ ഉണ്ടായിരുന്നത്.

വ്യവസ്ഥാപിത സംഘടനാ നേതൃത്വങ്ങളുടെ തീരുമാനങ്ങളുടെ ന്യായാന്യായങ്ങളെ ചോദ്യംചെയ്ത് മുന്നേറാനുള്ള ആർജ്ജവം ഈ സമരത്തിലൂടെ വിദ്യാർത്ഥികൾക്ക് നേടാനായി. അതിനാൽ പതിവ് രീതിയിൽ ഏറ്റെടുക്കൽ സമരരീതിയുമായി വന്ന് എന്തെങ്കിലും ഒത്തുതീർപ്പുണ്ടാക്കി പോകുവാൻ ഒരു നേതാവിനെയും അനുവദിക്കുന്നതായിരുന്നില്ല വിദ്യാർത്ഥികളുടെ സമരവീര്യം. പല സമ്മർദ്ദതന്ത്രങ്ങളും ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും തങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കാൻ അവർ ശ്രദ്ധിച്ചു. ഫെബ്രുവരി 14ന,് സർക്കാർ അടിയന്തരമായി നെഹ്‌റു കോളെജ് വിഷയത്തിലിടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനാറ് ഡിമാന്റുകളടങ്ങുന്ന നിവേദനം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഫാക്‌സ് ചെയ്തു. കൃത്യമായ മുന്നുപാധികളോടെ അധ്യയനം ആരംഭിക്കുവാനുള്ള അന്തരീക്ഷം ഉറപ്പാക്കണമെന്ന് നിവേദനത്തിൽ വിദ്യാർത്ഥികൾ അടിവരയിട്ട് സൂചിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ 15ന് വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശ പ്രകാരം കളക്ടർ വിദ്യാർത്ഥി പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചു. കോളേജ് യൂണിയൻ ആരംഭിക്കുന്നതടക്കമുള്ള പല ഡിമാന്റുകളിലും പ്രസ്തുത ചർച്ചയിൽ ധാരണയായി. ജിഷ്ണു കേസ്സിൽ പ്രതിചേർക്കപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കളക്ടർ ഉറപ്പ് നൽകി. ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ പന്തൽ കെട്ടിയുള്ള സമരം അവസാനിപ്പിക്കുവാനും സമരരൂപം മാറ്റുവാനും വിദ്യാർത്ഥികൾ തീരുമാനിച്ചു. ചർച്ചയിലുടനീളം എങ്ങനെയും സമരം അവസാനിപ്പിക്കണമെന്ന നിലപാടാണ് മറ്റു വിദ്യാർത്ഥി സംഘടനകൾ – എഐഡിഎസ്ഒ പ്രതിനിധികളും നെഹ്‌റു കോളെജിലെ വിദ്യാർത്ഥികളുമൊഴികെയുള്ളവർ സ്വീകരിച്ചത്. സമരം പിൻവലിക്കുന്നുവെന്ന പ്രഖ്യാപനവും മറ്റ് വിദ്യാർത്ഥി സംഘടനകൾ നടത്തി. എന്നാൽ, ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്തുകൊണ്ടേ സമരം പിൻവലിക്കൂ, സമരരൂപം മാത്രമേ മാറ്റുകയുള്ളൂ എന്ന നിലപാട് സ്റ്റുഡന്റ്‌സ് അസോസിയേഷനും വിദ്യാർത്ഥി പ്രതിനിധികളും സ്വീകരിച്ചു. ഇതേ നിലപാടെടുക്കുവാൻ പിന്നീട് മറ്റുള്ളവർ നിർബന്ധിതരാകുകയാണ് ഉണ്ടായത്. ആ ചർച്ചയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 17ന് കോളെജ് തുറക്കുവാൻ തീരുമാനിച്ചു.
കോളേജ് പുന രാരംഭിച്ചപ്പോൾ ജനാധിപത്യാവകാശങ്ങൾ കാമ്പസ്സിൽ ആദ്യമായി സ്ഥാപിക്കപ്പെടുകയായിരുന്നു. വിദ്യാർത്ഥി സമരചരിത്രത്തിലെ, വിശേഷിച്ചും ഒരു സ്വാശ്രയ സ്ഥാപനത്തിലെ മാനേജ്‌മെന്റിനെ വെല്ലുവിളിച്ചുകൊണ്ട് ക്ലാസ്സിലേക്ക് പോകുന്ന ആദ്യ സമരദിനമായി അത് മാറി. കക്ഷി രാഷ്ട്രീയത്തിന്റെ കൊടികളില്ല, ഒരു നേതാവിനും ജയ് വിളികളില്ല, വിജയാഹ്ലാദം പ്രകടിപ്പിക്കാറായിട്ടില്ല എന്ന് തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചു കൊണ്ട് വിദ്യാർത്ഥി ഐക്യം എന്ന ഒരൊറ്റ അടിസ്ഥാനത്തിൽ അവർ കാമ്പസ്സിൽ ഒത്തുകൂടി. ഇടിമുറിയുടെ ഭീഷണിയിൽ തങ്ങളെ ഭരിച്ചിരുന്നവർക്ക് എതിരെ ക്ലാസുകൾ ബഹിഷ്‌കരിച്ച് അവർ പ്രകടനം നടത്തി. ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചുകൊണ്ട് തങ്ങളുടെ അവകാശങ്ങൾ പ്രഖ്യാപിച്ചു. കളക്ടറുടെ ചേംബറിൽ എഴുതി ഒപ്പിട്ട ഓരോ ഡിമാന്റും യഥാർത്ഥ്യമാക്കുവാൻ തങ്ങൾ ജാഗരൂകരായായിരിക്കുമെന്ന് അധികാരികളെ ഓർമിപ്പിച്ചു. വിദ്യാർത്ഥിയൂണിയനും ഔദ്യോഗികമായി രൂപവൽക്കരിച്ചു. ഓപ്പൺ ഓഡിറ്റോറിയത്തിന് ജിഷ്ണുവിന്റെ പേര് നൽകി. ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുന്നത് വരെ സമരരംഗത്തായിരിക്കുമെന്ന് ഒരുമിച്ച് പ്രഖ്യാപിച്ചു. മാനേജ്‌മെന്റ് പല കുതന്ത്രങ്ങളും പയറ്റി ഈ സമരൈക്യത്തെ തകർക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. വ്യസ്ഥാപിതരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ എല്ലാ പിന്തുണയും അവർക്കുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ സംഘബോധത്തിന് അതിനെ അതിജീവിക്കാൻ കഴിയും. നിരന്തരമായ ജാഗ്രത പുലർത്തിക്കൊണ്ട് സമരരംഗത്ത് അവർ സജീവമായി തുടരുന്നു.

Share this post

scroll to top