പത്തുശതമാനം മുന്നാക്ക സംവരണം: ജനങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന

Share

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഭരണഘടനാഭേദഗതിയിലൂടെ ബിജെപി സർക്കാർ കൊണ്ടുവന്ന പത്തുശതമാനം മുന്നാക്കസംവരണം സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതും സംവരണത്തിന്റെ ഭരണഘടനാപരമായ ലക്ഷ്യത്തെ നിഷേധിക്കുന്നതുമാണ്. കേരളത്തിലാകട്ടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ വർഷം നടപ്പാക്കിയ ഈ പത്തുശതമാനം മുന്നാക്കസംവരണം ഇപ്പോൾ തൊഴിൽരംഗത്തും നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സംവരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലനിൽക്കുന്ന അസ്വസ്ഥതകളെ വീണ്ടും വഷളാക്കുന്ന പുതിയ ഭേദഗതി കേരളത്തിൽ നടപ്പാക്കിക്കൊണ്ട് സർക്കാർ രാഷ്ട്രീയ മുതലെടുപ്പിനു കച്ചമുറുക്കുകയാണെന്ന് എസ്.യുസി. ഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ചില വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനുള്ള തന്ത്രം മാത്രമാണിത്. ആകെയുള്ള നൂറു ശതമാനത്തിന്റെ പത്തു ശതമാനമാണ് മുന്നാക്ക സംവരണത്തിനു നീക്കിവയ്ക്കുന്നതെങ്കിൽ, അതു സംവരണ വിഭാഗങ്ങളുടെ നിലവിലുള്ള വിഹിതത്തെ നിശ്ചയമായും കുറയ്ക്കാനിട വരുത്തും. അതിനാൽ പത്തുശതമാനം മുന്നാക്ക സംവരണമെന്ന തീരുമാനം പിൻവലിക്കണം. ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യമായ പിന്നാക്കാവസ്ഥയും ജാതീയമായ വിവേചനവും അടിച്ചമർത്തലും അനുഭവിച്ചിരുന്ന ജനവിഭാഗത്തെ മുഖ്യധാരയിലെത്തിക്കുക, അവരുടെ സാമൂഹ്യ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതായിരുന്നു സംവരണത്തിന്റെ ലക്ഷ്യം. അതിനാലാണ് സാമ്പത്തികമായ പിന്നാക്കാവസ്ഥ, ഭരണഘടന വിഭാവനം ചെയ്ത സംവരണത്തിന്റെ മാനദണ്ഡമാകാതെ സാമൂഹ്യപിന്നാക്കാവസ്ഥ മാനദണ്ഡമായത്. ഒരു ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയായോ തൊഴിൽദാന പദ്ധതിയായോ സംവരണത്തെ വിലയിരുത്തിയാൽ സാമ്പത്തിക പിന്നാക്കാവസ്ഥയെ അതിന്റെ മാനദണ്ഡമാക്കുക എളുപ്പമാകും. പുതിയ ഭരണഘടനാഭേദഗതി അവലംബിച്ചിട്ടുള്ളത് ഈ കാഴ്ചപ്പാട് ആണ്. അതിനാൽ അതു സംവരണലക്ഷ്യത്തെ നിരാകരിക്കുന്നു. അദ്ദേഹം പ്രസ്താവനയിൽ തുടർന്നു പറഞ്ഞു. മുതലാളിത്ത സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ നീറുന്ന ജീവിത പ്രശ്‌നങ്ങളുടെ അടിസ്ഥാന പരിഹാരം സംവരണമല്ല. മുതലാളിത്ത രാഷ്ട്രീയ ശക്തികൾ സംവരണം ഒരു പരിഹാരമായി അവതരിപ്പിക്കുന്നത് ജനങ്ങളെ തമ്മിലടിപ്പിക്കുക എന്ന നീചമായ ലക്ഷ്യത്തോടെയാണ്. മുതലാളിത്തത്തിന്റെ അടിസ്ഥാനപ്രതിസന്ധിക്കു പുറമെ നിയമനനിരോധനവും വിദ്യാഭ്യാസമേഖല ഉൾപ്പടെയുള്ളവയുടെ ലക്കുകെട്ട സ്വകാര്യവൽക്കരണവും തൊഴിലില്ലായ്മയെയും വിദ്യാഭ്യാസമില്ലായ്മയെയും സ്‌ഫോടനാത്മകമായ സ്ഥിതി യിലെത്തിക്കുമ്പോൾ, വളരെ ചുരുങ്ങി ക്കൊണ്ടിരിക്കുന്ന അവസരങ്ങളുടെ പേരിൽ തമ്മിലടിക്കുന്നത് മുതലാളിത്തത്തെ സഹായിക്കുക മാത്രമാണെന്ന് സാധാരണക്കാരായ എല്ലാ വിഭാഗം ജനങ്ങളും മനസ്സിലാക്കണം. സംവരണത്തിലൂടെ ലഭിക്കാനിടയുള്ള അവസരങ്ങളുടെ നൂറു മടങ്ങെങ്കിലും മുതലാ ളിത്തനയങ്ങളിലൂടെ ഇല്ലാതാക്കിയിട്ടുണ്ടെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയണം. ഒരു നിമിഷംപോലും വൈകാതെ ഈ മുതലാളിത്ത നയങ്ങൾക്കെതിരെ പോരാടി അവയെ പരാജയപ്പെടുത്തി വൻതോതിലുള്ള അവസരങ്ങളുടെ സൃഷ്ടിക്കുവേണ്ടി സർക്കാരുകളിൽ ജനകീയ സമ്മർദ്ദം ചെലുത്തുക എന്നതാണ് അടിയന്തര രാഷ്ട്രീയ കടമ. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന, തൊഴിലാളികളുടെ എണ്ണം ഭീമമായി വെട്ടിക്കുറയ്ക്കുന്നതിനായി നിലവിലുള്ളവരെക്കൊണ്ട് 16 മണിക്കൂർ വരെ പണിയെടുപ്പിക്കുന്ന കോർപ്പറേറ്റുനയങ്ങൾക്കെതിരെയായിരിക്കണം, സ്വകാര്യവൽക്കരണത്തിന്റെയും നിയമനനിരോധനത്തിന്റെയും ഭരണകൂട നയങ്ങൾക്കെതിരെയായിരിക്കണം പോരാട്ടം. എല്ലാവർക്കും തൊഴിൽ, ഏവർക്കും വിദ്യാഭ്യാസമെന്ന ആവശ്യത്തിനായി ജനവികാരം ഒരുമിപ്പിക്കപ്പെടണം. സാമൂഹ്യ പിന്നാക്കാവസ്ഥ ഉയർത്തുന്നതിലും സംവരണത്തിനു നിർവ്വഹിക്കാൻ കഴിയുന്ന പങ്ക് പരിമിതം മാത്രമാണ്. അതിനാലാണ് സംവരണത്തിന്റെ ഏഴു പതിറ്റാണ്ടു പിന്നിടുമ്പോഴും ദേശീയ തലത്തിൽ സംവരണവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ ദയനീയമായ സ്ഥിതിയിൽ തുടരുന്നത്. സമൂഹത്തെ ആകെ സ്പർശിക്കുന്ന ഉദാത്തമായ ജനാധിപത്യവൽക്കരണത്തിലൂടെ മാത്രമേ എല്ലാ പൗരന്മാരും തുല്യപദവിയിലേക്ക് ഉയർത്തപ്പെടൂ. ഉൽകൃഷ്ടമായ ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ ജനാധിപത്യ അവകാശങ്ങൾക്കും ജീവിതപ്രശ്‌നങ്ങളുടെ പരിഹാരത്തിനും വേണ്ടി സങ്കുചിതമായ എല്ലാ മനോഭാവങ്ങൾക്കും അതീതമായി ജനങ്ങൾ ഒരുമിക്കുമ്പോഴാണ് സമൂഹത്തിന്റെ സമഗ്രമായ ജനാധിപത്യവൽക്കരണത്തിനു വഴി തെളിയുക. അടിയുറച്ച ജനൈക്യത്തിലൂടെ മുതലാളിത്ത രാഷ്ട്രീയ ശക്തികളുടെ നീചലക്ഷ്യങ്ങളെയും നയങ്ങളെയും പരാജയപ്പെടുത്താനായി പൊരുതുവാൻ നിർദ്ധനരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

Share this post

scroll to top