പുതുവൈപ്പ് പോലീസ് അതിക്രമത്തിനെതിരെ ജനകീയ കൂട്ടായ്മ ജനസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് കളങ്കം – പ്രൊഫ. കെ.അരവിന്ദാക്ഷന്‍

prof-k-aravindakshan.jpg
Share

പുതുവൈപ്പ് ജനകീയ സമരത്തിനുനേരെ പോലീസ് നടത്തിയ അതിക്രമം ഞെട്ടലുണ്ടാക്കിയെന്നും ജനസമരങ്ങളെ അടിച്ചമര്‍ത്തല്‍ ജനാധിപത്യപ്രക്രിയയ്ക്ക് കളങ്കമാണെന്നും പ്രൊഫ.കെ.അരവിന്ദാക്ഷന്‍ പറഞ്ഞു. പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരെയുള്ള ജനകീയ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുനേരെ നടന്ന ക്രൂരമായ പോലീസ് അതിക്രമത്തെ അപലപിച്ചുകൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എക്കാലവും ജനാധിപത്യസമരങ്ങള്‍ ഉയര്‍ന്നുവരുന്നതിനനുകൂലമായാണ് നിലകൊള്ളുന്നത്. എന്നാല്‍, ഇടതുപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യസംവിധാനത്തിനുതന്നെയും കളങ്കം വരുത്തുന്ന സംഭവങ്ങള്‍ കേരളം പോലൊരു സംസ്ഥാനത്ത് ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കാജനകമാണ്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയുംവരെ തല്ലിച്ചതച്ചും ഭയപ്പെടുത്തിയും പദ്ധതി നടപ്പാക്കുമെന്ന സര്‍ക്കാര്‍ ധാര്‍ഷ്ട്യം ആര്‍ക്കുവേണ്ടിയാണ്. എല്‍ഡിഎഫ് എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞത് ആരോടാണെന്ന് ജനങ്ങള്‍ സംശയിക്കുന്നതില്‍ സാംഗത്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന സെക്രട്ടറി ടി.കെ.സുധീര്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ജനങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ അരങ്ങുതകര്‍ക്കുന്ന സമൂഹത്തില്‍ ഇടതുപക്ഷം സമരപക്ഷമാണെന്ന് മുഖ്യമന്ത്രി മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ അവരുടെ ആവലാതികള്‍ക്കുനേരെ മുഖം തിരിക്കുമ്പോള്‍ സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്. അവരെ കൂലിപ്പടയെവച്ച് അടിച്ചമര്‍ത്തുകയെന്നത് ജന്മിത്തകാല മാടമ്പിമാരുടെ രീതിയാണ്. അത് അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം അധികാരികളെ ഓര്‍മ്മിപ്പിച്ചു.

പുതുവൈപ്പ് ജനകീയസമര സമിതിയുടെ ചെയര്‍മാന്‍ എം.ബി. ജയഘോഷ് മുഖ്യപ്രഭാഷണം നടത്തി. വന്‍ ജനസാന്ദ്രതയും അതീവ ദുര്‍ബലമായ തീരപ്രദേശവും പേറുന്ന വൈപ്പിന്‍ ദ്വീപിന്റെ കടലോരത്ത് മരണഭീതിയോടെ ജീവിക്കേണ്ടിവരുന്ന അവസ്ഥ താങ്ങാനാവാതെയാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കുവേണ്ടി അധികാരികള്‍ സമര്‍പ്പിച്ച രേഖകളെല്ലാം വാസ്തവവിരുദ്ധമാണ്. കടലാക്രമണവും കടല്‍കടന്നുകയറ്റവും സ്ഥിരമായി നടക്കുന്ന ഒരു പ്രദേശത്ത് കടല്‍തീരത്ത് വന്‍സംഭരണശേഷിയുള്ള ഒരു സംവിധാനം സ്ഥാപിക്കുന്നത് തികച്ചും അശാസ്ത്രീയവും അപകടകരവുമാണ്. ജനങ്ങളുടെ ന്യായമായ ഡിമാന്റുകളെ അവഗണിച്ച് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും പദ്ധതി നടത്താമെന്ന് അധികാരികള്‍ കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു.

ഫാദര്‍. പയസ് പഴയരീക്കല്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍, കെ.രജികുമാര്‍, പി.പി.സാജു, കുരുവിള മാത്യൂസ്, ജബ്ബാര്‍ മേത്തര്‍, വി.പി.വില്‍സണ്‍, ഏലൂര്‍ ഗോപിനാഥ്, പി.പി.അഗസ്റ്റിന്‍, കെ.കെ.ശോഭ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എം.ദിനേശന്‍ സ്വാഗതവും ജോണി ജോസഫ് നന്ദിയും പറഞ്ഞു.

Share this post

scroll to top