പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയൊഴിയാന്‍ സര്‍ക്കാര്‍ വക യജ്ഞം

school-kerala.jpg
Share

പതിവുപോലെ കൊട്ടും കുരവയുമായി പുതിയ അദ്ധ്യയനവര്‍ഷമാരംഭിച്ചു. കോടികള്‍ മുടക്കിയാണ്‌ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ ക്യാമ്പയിന്‍ നടത്തികൊണ്ടിരിക്കുന്നത്‌. അന്തര്‍ദ്ദേശീയ നിലവാരത്തിലേയ്‌ക്ക്‌ നമ്മുടെ പൊതുവിദ്യാലയങ്ങളെ കൊണ്ടെത്തിക്കുമെന്ന വമ്പന്‍ വാഗ്‌ദാനങ്ങളുടെ പെരുമഴ പെയ്‌തുകൊണ്ടിരിക്കുന്നു. ജൂണ്‍ 1 ന്‌ എല്ലാ പത്രമാധ്യമങ്ങളിലുമായി സര്‍ക്കാര്‍ കോടികള്‍ മുടക്കി നല്‍കിയ പരസ്യത്തില്‍, പൊതുവിദ്യാലയങ്ങളെ ഹൈടെക്ക്‌ ആക്കുമെന്ന വീരവാദവുമുണ്ട്‌. പൊതുവിദ്യാഭ്യാസത്തിന്റെ സ്വയം സംരക്ഷകരായി അഭിനയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍, യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വെയ്‌ക്കുന്നതെന്ത്‌?

പൊതുവിദ്യാലയങ്ങള്‍ നടത്താനാവശ്യമായ പണം പ്രാദേശികമായി സമാഹരിക്കുകയെന്ന നിര്‍ദ്ദേശം ആദ്യം അവതരിപ്പിച്ച ഡിപിഇപി/എസ്‌എസ്‌എ പദ്ധതികളുടെ കൃത്യമായ നടപ്പിലാക്കലെന്നോണം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന്‌ ഫണ്ട്‌ സമാഹരണം സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നു. ആയിരം സ്‌കൂളുകളെ ഹൈടെക്ക്‌ ആക്കി മാറ്റുന്നതിനുവേണ്ടിയാണ്‌ ഫണ്ട്‌ കളക്ഷന്‍. കേരളത്തില്‍ ആകെയുള്ള പന്ത്രണ്ടായിരത്തി നാനൂറ്‌ സ്‌കൂളുകളില്‍ നിന്ന്‌ ഏത്‌ മാനദണ്‌ഡമുപയോഗിച്ചാണ്‌ ആയിരം സ്‌കൂളുകളെ തെരഞ്ഞെടുത്തതെന്ന്‌ അറിയില്ല. അവശേഷിക്കുന്ന പൊതുവിദ്യാലയങ്ങളുടെ ഭാവിയെ സംബന്ധിച്ച്‌ ഒരു വ്യക്തതയുമില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ ആയിരം സ്‌കൂളുകള്‍; ബാക്കിയുള്ളവയുടെ കാര്യം പിന്നീട്‌ നോക്കാം എന്നൊക്കെയാണ്‌ സംവാദ വേളകളില്‍ ന്യായീകരണവിദഗ്‌ധര്‍ വാദങ്ങള്‍ പറയുന്നത്‌.
ധനകാര്യവകുപ്പ്‌ മന്ത്രി തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റ്‌ നിര്‍ദ്ദേശങ്ങളിലും ആയിരം സ്‌കൂളുകളെ അന്തര്‍ദ്ദേശീയ നിലവാരത്തിലാക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിനുവേണ്ടി ആയിരം കോടി രൂപ വകയിരുത്തിയതായി പറയുകയും ചെയ്‌തു. (ബഡ്‌ജറ്റില്‍ ഇതിനായി തുക നീക്കിവെയ്‌ക്കാതെയാണ്‌ പ്രഖ്യാപനം നടത്തിയത്‌). അതായത,്‌ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട്‌ ഇതിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എസ്‌.എസ്‌.എ ഫണ്ടിന്റെ ബാക്കിയും ആര്‍എംഎസ്‌എ യ്‌ക്കുവേണ്ടിയുള്ള പതിനായിരം കോടി രൂപയും കേന്ദ്രവിഹിതവും ഉപയോഗിച്ച്‌ ചില ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഓരോ സ്‌കൂളിനും ഓരോ കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുകയും ചെയ്യുന്നതോടെ ഡിജിറ്റല്‍ യുഗം ആരംഭിച്ചതായി വാഴ്‌ത്തപ്പെടും. ഹൈടെക്ക്‌ വിദ്യ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കമ്പ്യൂട്ടറൈസേഷന്‍ ആണോ? അക്ഷരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍, ചില ക്ലാസ്സുറൂമുകളില്‍ തെളിയുന്നതോടെ വിദ്യാഭ്യാസം അന്തര്‍ദ്ദേശീയമായതായി പാവം രക്ഷിതാക്കള്‍ വിശ്വസിച്ചുകൊളളണമെന്നാണോ?
എഴുത്തിലും വായനയിലും ഗണിതത്തിലും അവശ്യനിലവാരം ആര്‍ജ്ജിക്കാന്‍ കഴിയുന്നില്ലായെന്ന അടിസ്ഥാന പ്രശ്‌നം ഇപ്പോഴും അവശേഷിക്കുകയാണ്‌. അഞ്ചാം ക്ലാസ്സിലെ 37 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ക്ലാസ്സിലെ മലയാളപാഠങ്ങള്‍ പോലും വായിക്കാനറിയില്ലെന്ന ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ പഠനറിപ്പോര്‍ട്ട്‌ (ASER report 2016) കേരളത്തിലെ സര്‍ക്കാര്‍-എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ പഠനനിലവാരമെന്തെന്ന്‌ ചൂണ്ടികാണിക്കുന്നുണ്ട്‌. അതിന്‌ പരിഹാരമുണ്ടാക്കാന്‍ ഒരു നടപടിയും പാഠ്യപദ്ധതിയിലോ പഠനസമ്പ്രദായങ്ങളിലോ വരുത്തുന്നതായി കാണുന്നില്ലായെന്ന്‌ മാത്രമല്ല, എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലവിലുള്ള പാഠഭാഗങ്ങളുടെ ഉള്ളടക്കം പോലും വെട്ടിക്കൂറയ്‌ക്കാനും മാറ്റിയെഴുതാനും ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിരിക്കുന്നു. പാഠ്യപദ്ധതിയിലും ബോധനരീതിയിലും കാര്യമായ അഴിച്ചുപണികള്‍ നടത്താതെ, വിദ്യാഭ്യാസ നിലവാരം ഉയരില്ലായെന്ന വസ്‌തുത മറച്ചുവെയ്‌ക്കാനാണ്‌ എസ്‌.സി.ഇ.ആര്‍.ടി.യും പൊതുവിദ്യാഭ്യാസ വകുപ്പും മിനുക്ക്‌പണികള്‍ മാത്രം നടത്തുന്നത്‌.
7-ാം ക്ലാസ്സുകാരനെ 55 മണിക്കൂര്‍ കൊണ്ട്‌ എഴുത്തും വായനയും പഠിപ്പിക്കാനാണല്ലോ സാക്ഷരം പരിപാടിക്ക്‌ കാസര്‍കോട്‌ ഡയറ്റ്‌ നേതൃത്വം നല്‍കിയത്‌. അപ്പോള്‍ അതിനര്‍ത്ഥം 7-ാം ക്ലാസ്സുകാരന്‍ നിരക്ഷരന്‍ ആണെന്നല്ലേ? എന്തുകൊണ്ടാണ്‌ പത്താം ക്ലാസ്സിലെ എ പ്ലസ്‌ കാര്‍ക്കുപോലും മലയാളം നേരേചൊവ്വേ എഴുതാനറിയാത്തത്‌? പ്രശ്‌നം പുതിയ പഠന രീതികള്‍ കൊണ്ടുവന്ന വൈകല്യങ്ങള്‍ ആണ്‌. അതിലൂടെ കൊഴിഞ്ഞുപോക്ക്‌ വര്‍ദ്ധിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ പ്രചണ്‌ഡമായ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ഒന്നാം ക്ലാസ്സില്‍ ഒരു ശതമാനം വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്‌. അത്രയും ആശ്വാസകരമായ കാര്യം എന്നു പറയണമെങ്കില്‍, ആ കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റവും പ്രാഥമികമായ അക്ഷരജ്ഞാനം ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ബോധനരീതികള്‍ ശാസ്‌ത്രീയമാക്കാന്‍ നിര്‍ദ്ദേശിക്കണം. ഡിപിഇപി മോഡല്‍ പഠനം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ തലതിരിഞ്ഞ ശ്രമങ്ങളും ഉടനടി നിര്‍ത്തുകയും വേണം.
സ്‌കൂള്‍ നടത്താന്‍ പിടിഎ കമ്മിറ്റികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ജീവകാരുണ്യപ്രവര്‍ത്തകരും സംഭാവനകള്‍ നല്‍കണമെന്ന ആഹ്വാനമാണ്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കുന്നത്‌. അങ്ങനെ ഫണ്ട്‌ സമാഹരിക്കാന്‍ കഴിയാത്ത വിദ്യാലയങ്ങള്‍ അനാദായകരമായി, സ്വഭാവിക മരണത്തിന്‌ കീഴടങ്ങേണ്ടിവരും. 5,537 സര്‍ക്കാര്‍/ എയ്‌ഡഡ്‌ സ്‌കൂളുകള്‍ ഇതിനകം അണ്‍-എക്കണോമിക്‌ പട്ടികയില്‍പ്പെട്ടിരിക്കുകയാണ്‌. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആ സ്‌കൂളുകള്‍ക്ക്‌ സഹായം നല്‍കാന്‍ ഒരു പരിപാടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പകരം, നടക്കാവ്‌ മാതൃക സ്വീകരിക്കാനുള്ള ആഹ്വാനം മാത്രമാണ്‌ സര്‍ക്കാര്‍ നല്‍കുന്നത്‌. എത്ര സ്‌കൂളുകള്‍ക്കാണ്‌ നടക്കാവ്‌ മോഡല്‍ എന്ന പേരില്‍, പൊതുജനസഹായത്തോടെ, എത്ര കാലം സ്‌കൂള്‍ നടത്താന്‍ കഴിയുക? സ്‌കൂളുകളുടെ സാമ്പത്തികചുമതല സര്‍ക്കാര്‍ വഹിക്കുന്നില്ലായെങ്കില്‍ മഹാഭൂരിപക്ഷം വിദ്യാലയങ്ങളും കാലക്രമത്തില്‍ അടച്ചുപൂട്ടേണ്ടി വരും. യഥാര്‍ത്ഥത്തില്‍, പൊതുവിദ്യാലയങ്ങളുടെ സാമ്പത്തികചുമതലയില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനുള്ള ആഗോളീകരണതന്ത്രങ്ങള്‍ വിദഗ്‌ദ്ധമായി നടപ്പാക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.
പൊതുവിദ്യാലയങ്ങളെ അനാകര്‍ഷകമാക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമായിരുന്നു ചോദ്യപേപ്പര്‍ ചോര്‍ച്ചയും പത്താം ക്ലാസ്സിലെ ഗണിതപരീക്ഷ വീണ്ടും നടത്തേണ്ടിവന്നതും. എസ്‌എല്‍എസ്‌സി, ഹയര്‍സെക്കണ്ടറി പരീക്ഷകളിലെ ചോദ്യങ്ങള്‍ സ്വകാര്യസ്ഥാപനങ്ങള്‍ ഇതിനകം മോഡല്‍ പരീക്ഷകള്‍ക്ക്‌ ഉപയോഗിച്ചതായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ലോബിയുമായി പരീക്ഷാബോര്‍ഡിനുള്ള ബന്ധവും പുറത്തുവന്നു. ഫിസിക്‌സ്‌, ഗണിത പരീക്ഷകളിലെ തെറ്റായ ചോദ്യങ്ങള്‍ക്ക്‌ പകരം എല്ലാ വിദ്യാര്‍ത്ഥികളെയും ആ വിഷയങ്ങളില്‍ ജയിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്തായാലും, പഠിച്ചാലും ഇല്ലെങ്കിലും ആള്‍ പ്രമോഷന്‍ ആണല്ലോ എന്ന ന്യായവും ഉണ്ട്‌. അങ്ങനെയാണ്‌ 96.5 ശതമാനം വിജയം ഇത്തവണ എസ്‌എസ്‌എല്‍സിയില്‍ ഉണ്ടായി വന്നത്‌.
സമാനമായ കുത്തഴിഞ്ഞ സ്ഥിതി ഹയര്‍സെക്കണ്ടറി പരീക്ഷകളിലും ആവര്‍ത്തിക്കപ്പെട്ടതോടെ, വിശ്വാസ്യത തകര്‍ക്കാന്‍ അധികാരികള്‍ കരുതിക്കൂട്ടി ചെയ്‌തവയാണ്‌ ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്നും വ്യക്തമാകുന്നു. താരതമ്യേന മികച്ച പഠനനിലവാരം പുലര്‍ത്തുന്ന ഹയര്‍സെക്കണ്ടറിയെ തകര്‍ത്ത്‌, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ നടത്തിവരുന്ന ഗൂഢനീക്കങ്ങളുടെ ഭാഗമായിരുന്നു അവയെല്ലാം. 8-ാം ക്ലാസ്സുവരെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസവും അതിനുശേഷം 9,10,11,12 ക്ലാസ്സുകള്‍ സംയോജിപ്പിച്ച്‌ സെക്കണ്ടറി വിദ്യാഭ്യാസവും ആരംഭിക്കാനുള്ള സംരംഭം നടന്നുകൊണ്ടിരിക്കുന്നു. രാഷ്‌ട്രീയ മാധ്യമിക്‌ ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്‌എ) ഫണ്ടുപയോഗിച്ച്‌ പ്ലസ്‌ ടു ഘട്ടത്തെ പൂര്‍ണ്ണമായും സ്‌കൂളിന്റെ കൂടെ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലാണ്‌. ഒരു ദിവസത്തെ ക്ലസ്റ്റര്‍ ബഹിഷ്‌കരണ സമരം നടത്തിയതിന്‌ ശേഷമാണ്‌ സര്‍ക്കാര്‍ ഒരു കാല്‍ പിന്നോട്ട്‌ വെച്ചിട്ടുള്ളത്‌. എന്തായാലും, ഞങ്ങള്‍ മുമ്പ്‌ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസത്തെ സ്‌കൂളിന്റെ ഭാഗമാക്കിയാല്‍ താരതമ്യേന മികച്ച നിലവാരമുള്ള പ്ലസ്‌ ടു കോഴ്‌സുകളുടെ നാശത്തിന്‌ അത്‌ കാരണമാകും.
പൊതുവിദ്യാഭ്യാസ മേഖല കടുത്ത വെല്ലുവിളികള്‍ തന്നെയാണ്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. യുഡിഎഫ്‌ സര്‍ക്കാരില്‍ നിന്ന്‌ മൗലികമായി വ്യത്യസ്‌തമായ ഒരു നയം സ്വീകരിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലോകബാങ്കിന്റെ ഡിപിഇപിയില്‍ തുടങ്ങിയ എല്ലാ പരിഷ്‌കാരങ്ങളും പുതിയ പുതിയ രീതികളിലൂടെ ക്ലാസ്സുമുറികളില്‍ വീണ്ടും പരീക്ഷിക്കപ്പെടുകയാണ്‌. പിണറായി സര്‍ക്കാര്‍ വന്നതോടെ വീണ്ടും സ്‌കൂള്‍ നടത്തിപ്പിന്റെ എല്ലാ തലങ്ങളിലും വികേന്ദ്രീകരണം ശക്തിപ്രാപിച്ചുവരുന്നു. വിദ്യാലയസംരക്ഷണത്തിന്റ എല്ലാ ചുമതലകളും രക്ഷാകര്‍ത്താക്കളും സമൂഹവും ഏറ്റെടുക്കണമെന്ന ആഹ്വാനത്തിന്റെ പേരായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മാറികൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ വിദഗ്‌ധര്‍ക്ക്‌ പകരം സര്‍ക്കാര്‍ നയം നടപ്പിലാക്കുന്ന ഗുഢസംഘങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭരണം കൈയേറി കഴിഞ്ഞു. എല്ലാം പഴയപടിയോ കൂടുതല്‍ വികലമായോ നടപ്പാക്കപ്പെടുന്ന സ്ഥിതിയിലേയ്‌ക്ക്‌ പൊതുവിദ്യാഭ്യാസ മേഖല കൂപ്പുകുത്തുന്നതിന്റെ മുനമ്പിലാണ്‌ നില്‍ക്കുന്നത്‌. പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന്‌ അതിന്റെ പൂര്‍ണ്ണ ചുമതല പൊതുഖജനാവില്‍ നിന്നായിരിക്കണമെന്ന ജനാധിപത്യസങ്കല്‍പ്പം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചുറക്കെ പറയാന്‍ ആളുണ്ടായേ മതിയാവൂ.

Share this post

scroll to top