മദ്ധ്യപ്രദേശിൽ കർഷകരെ വെടിവച്ചുകൊന്ന പൈശാചിക നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം വളർത്തിയെടുക്കുക

Share

എസ്‌യുസിഐ(സി) ജനറൽസെക്രട്ടറി സഖാവ് പ്രൊവാഷ്‌ഘോഷ് ജൂൺ 8 ന് പുറപ്പെടുവിച്ച പ്രസ്താവന

മദ്ധ്യപ്രദേശിലെ ബിജെപി ഗവൺമെന്റ്, ജൂൺ 5ന് മദ്‌സോർ ജില്ലയിൽ സമരം ചെയ്ത കർഷകർക്കുമേൽ വെടിവയ്പ് നടത്തി 5 പേരെ കൊലപ്പെടുത്തുകയും നിരവധി പേരെ പരുക്കേൽപ്പിക്കുകയും ചെയ്ത നടപടിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കാർഷിക പുരോഗതിയുടെ പേരിൽ ബിജെപി നേതാക്കൾ ഉയർത്തിക്കാണിക്കുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. കടങ്ങൾ റദ്ദാക്കണമെന്നും കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില നൽകണമെന്നുമുള്ള ന്യായമായ ആവശ്യങ്ങളാണ് കർഷകർ ഉന്നയിച്ചത്. ഇതേ ആവശ്യമുന്നയിച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൊക്കെ ദുരിതമനുഭവിക്കുന്ന കർഷകർ പലരൂപത്തിലുള്ള പ്രതിഷേധങ്ങൾ നടത്തുകയും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കർഷകർ ദ്വിദിന ബന്ദ് നടത്തി. വരൾച്ച ബാധിച്ച തമിഴ്‌നാട്ടിലെ കർഷകർ ഡൽഹിയിൽ 40 ദിവസം പ്രതിഷേധ ധർണ്ണ നടത്തി. കർഷകരുടെ കണ്ണിൽപൊടിയിടുംവിധം ചില പ്രത്യേക ഉൽപ്പന്നങ്ങൽക്ക് പല സംസ്ഥാന സർക്കാരുകളും താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അതിന്റെയൊന്നും ഗുണം കർഷകർക്ക് ലഭിക്കാത്തവിധം കടുത്ത ഉപാധികളും കൂടി അടിച്ചേൽപ്പിച്ചിരിക്കുകയാണ്. അടുത്തിടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതായി യുപിഗവൺമെന്റ് നടത്തിയ പ്രഖ്യാപനവും വഞ്ചനാപരമാണ്. കടുത്ത ഉപാധികൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ല. അസംതൃപ്തരായ കർഷകർ സമരപാത സ്വീകരിക്കുമ്പോൾ വെടിയുണ്ടകൾ കൊണ്ടാണ് സർക്കാർ അവരെ നേരിടുന്നത്. ”പടരുന്ന അസ്വസ്ഥത”അടിച്ചമർത്താനാണ് മദ്ധ്യപ്രദേശ് സർക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി ഒരു ഏകാധിപതിയെപ്പോലെ ആക്രോശിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 9ലക്ഷം കോടിരൂപയുടെ ഇളവുകൾ കുത്തക വ്യവസായികൾക്കും പണച്ചാക്കുകൾക്കും ഉദാരമായി നൽകിയിട്ടാണ് കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് സമ്പദ്ഘടനയ്ക്ക് ഹാനികരമാണെന്ന് സർക്കാരിന്റെ വക്താക്കൾ ഇപ്പോൾ നിർലജ്ജം വാദിക്കുന്നത്. ബിജെപി രാജ്യത്തെ ജനങ്ങൾക്ക് നൽകിയ ”നല്ലനാളെകളു”ടെ വാഗ്ദാനത്തിന്റെ സത്യസ്ഥിതിയിതാണ്.

Share this post

scroll to top