റേഷൻ ആനുകൂല്യം നിഷേധിച്ചതിനെതിരെ സപ്ലൈ ഓഫീസ് ധർണ്ണ

wynd-suply-office-dharna.jpg
Share

ബിപിഎൽ ലിസ്റ്റിൽ ആയിരുന്ന റേഷൻ കാർഡ് ഉടമകളെ മുൻഗണനാ ലിസ്റ്റിൽ നിന്നൊഴിവാക്കി വ്യാപകമായി റേഷൻ ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ ജനകീയ പ്രതിരോധ സമിതി വടക്കനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി സപ്ലൈ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. കർഷക പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.

പുതിയ കാർഡ് സമ്പ്രദായത്തിലൂടെ, നിലവിൽ ചെറിയതോതിലെങ്കിലും റേഷൻ ലഭിച്ചിരുന്നവരിൽ ബഹുഭൂരിപക്ഷത്തെയും പുറത്താക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കാർഡ് പരിഷ്‌ക്കരണവും റേഷൻ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം ഭീമമായി വെട്ടിക്കുറയ്ക്കാനുള്ള പരിപാടിയായി മാറിയിരിക്കുന്നു. ജനസംഖ്യയുടെ വലിയൊരു വിഭാഗം ആദിവാസികളും ദരിദ്രകർഷകരുമുള്ള വയനാട് പോലുള്ള ജില്ലകളിൽ 53 ശതമാനത്തെ മാത്രമേ മുൻഗണനാ ലിസ്റ്റിൽപെടുത്തുകയുള്ളുവെന്ന തീരുമാനം തികച്ചും ജനവിരുദ്ധമാണ്. വൻകിടക്കാർക്ക് ഇളവുകൾ വാരിക്കോരിക്കൊടുക്കുന്ന സർക്കാർ പാവപ്പെട്ടവരുടെ റേഷൻപോലും നിർത്തലാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കനാട് യൂണിറ്റ് സെക്രട്ടറി ദേവസ്യ പുറ്റനാൽ അദ്ധ്യക്ഷത വഹിച്ചു. എ.സി.തോമസ്, പി.കെ.ഭഗത്, ബി.ഇമാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു. സപ്ലൈ ഓഫീസർക്ക് നിവേദനം നൽകി.

Share this post

scroll to top