വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കെതിരായ വധശ്രമം; തകരുന്ന ജനാധിപത്യാന്തരീക്ഷത്തിന്റെ ലക്ഷണം

download-1.jpg
Share

വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കു നേരെ ന്യൂയോർക്കിലെ ചൗട്ടോഖ്വയിൽ ഒരു മതമൗലികവാദി നടത്തിയ വധശ്രമം ലോകത്തെമ്പാടും വളർന്നു വരുന്ന അസഹിഷ്ണുതയുടെയും മൗലികവാദത്തിന്റെയും ലക്ഷണമാണ്. കലാപ്രവർത്തകരുടെ സർഗ്ഗാത്മകത മാത്രമല്ല, ജനാധിപത്യസങ്കല്പങ്ങൾ തന്നെയും നേരിടുന്ന അപകടം എത്ര തീക്ഷ്ണമാണെന്ന് ഈ ആക്രമണം വെളിപ്പെടുത്തുന്നു.
‘സാറ്റാനിക് വേഴ്സസ് ‘ എന്ന നോവൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെ 1989ൽ അദ്ദേഹത്തിനെതിരെ ഇറാനിലെ ആത്മീയനേതാവായ ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടർന്ന് ഇസ്ലാമിക മൗലികവാദികളിൽ നിന്ന് അദ്ദേഹത്തിനെതിരെ നിരന്തരമായ ഭീഷണികളുണ്ടായിട്ടുണ്ട്. ലോകമാസകലം പ്രത്യക്ഷമാകുന്ന മതമൗലികവാദത്തിന്റെ ഉയിർത്തെഴുന്നേല്പ് ആധുനിക ജനാധിപത്യ സങ്കല്പങ്ങളിൽ നിന്നുള്ള വിഛേദമാണ്. ആഗോളതലത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ഈ സാമൂഹികാസ്വാസ്ഥ്യത്തിന്റെ ഒടുവിലത്തെ ഇരയാണ് റുഷ്ദി. വിവാദത്തിനാസ്പദമായ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടു പത്തു വർഷങ്ങൾക്കുശേഷം ജനിച്ച, ആ നോവൽ വായിക്കാത്ത ഒരു യുവാവാണ് റുഷ്ദിയെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത് എന്നത്, യുക്ത്യാധിഷ്ഠിതമായ ചിന്തയും പ്രതികരണവും പൊതുജീവിതത്തിൽനിന്ന് എത്രത്തോളം അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് കാണിക്കുന്നത്.


ഭീകരവാദിയായ അപരത്വം എന്ന നിലയിൽ ലോക മുസ്ലീമിനെ പൊതുബോധത്തിൽ പ്രതിഷ്ഠിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതും അതേസമയം തന്നെ ലോകമെങ്ങും ഭീകരവാദസംഘങ്ങളെ ചെല്ലും ചെലവും കൊടുത്തു വളർത്തുന്നതും ഇന്ന് യുഎസ് സാമ്രാജ്യത്വമാണെന്നത് സുവിദിതമാണ്. ഭീകരവാദത്തിനെതിരെയെന്ന വ്യാജേന ന്യായയുക്തമായ ജനാധിപത്യമുന്നേറ്റങ്ങളെ തകർക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഹീനശ്രമങ്ങൾക്ക് പിന്തുണ നേടിയെടുക്കാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്. മുസ്ലീം ജനസാമാന്യത്തിലെ വലിയൊരു വിഭാഗം സാമ്രാജ്യത്വത്തിന്റെയും ഭീകരവാദികളുടെയും കെണിയിൽപ്പെട്ടു എന്നത്, ഈ സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾക്കെതിരെ ചൂഷിതരായ ജനങ്ങൾ നടത്തുന്ന അതിജീവന സമരങ്ങളെ വൻതോതിൽ പുറകോട്ടടിക്കുന്നുണ്ട്. ലോകമെമ്പാടും കടുത്ത പിന്തിരിപ്പൻ വലതുപക്ഷ, നവനാസി പ്രസ്ഥാനങ്ങൾ ആധിപത്യം നേടുന്ന കാഴ്ച്ച, ജനാധിപത്യശക്തികളുടെ ഉത്തരവാദിത്തം എത്ര വലുതാണ് എന്നാണു കാണിക്കുന്നത്. മതം വ്യക്തിയുടെ സ്വകാര്യ വിശ്വാസപ്രമാണം മാത്രമായിരിക്കുകയും പൊതുജീവിതത്തില്‍ അതിന് ഇടപെടാനുള്ള സാഹചര്യം അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നത് മതേതരത്വത്തിന്റെ പ്രാഥമികമായ സങ്കല്പമാണ്. കലയിലൂടെയുള്ള സ്വച്ഛന്ദമായ ആവിഷ്കാരം സാധ്യമാകുക എന്നത് സ്വതന്ത്രമായ ഒരു സമൂഹത്തിന്റെ ലക്ഷണമാണ്.
സർഗ്ഗാത്മകമായ ആവിഷ്കാരങ്ങൾക്കും ജനങ്ങളുടെ സമാധാനപൂർണ്ണമായ നിലനില്പിനും ഭീഷണിയായ മതമൗലികവാദത്തിനെതിരെയുള്ള പോരാട്ടത്തെ, ചൂഷിതരായ ജനങ്ങൾ നടത്തുന്ന വിമോചന സമരങ്ങളുമായി കണ്ണിചേർക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തമെന്ന് റുഷ്ദിക്കു നേരേ നടന്ന ഈ ആക്രമണം നമ്മെ ഓർമ്മിപ്പിക്കുന്നു.

Share this post

scroll to top