ശ്രീലങ്ക എന്തുകൊണ്ട് കടക്കെണിയിലായി?

download.jpg
Share

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ് ശ്രീലങ്ക. ബൂര്‍ഷ്വാ സാമ്പത്തിക ലോകത്ത്, ഒരു കാലത്ത്, ഉയര്‍ന്ന ജീവിതനിലവാരമുള്ള രാജ്യം എന്ന രീതിയില്‍ ഒരു പഠനമാതൃകയായിരുന്ന ശ്രീലങ്ക ഇന്ന് ഫലത്തില്‍ പാപ്പരായിരിക്കുന്നു. സ്ഥിതി കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന്, ജനങ്ങളുടെ രോഷത്തില്‍ നിന്ന് രക്ഷപ്പെടാനായി, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായക്ക് രാജ്യം വിടേണ്ടി വന്നു. രാജപക്‌സെ കുടുംബവുമായി വളരെ അടുപ്പമുള്ളതും, ആറ് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ, യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) നേതാവ് റനില്‍ വിക്രമസിംഗെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെങ്കിലും, അദ്ദേഹംതന്നെ തന്റെ നിസ്സഹായത വെളിപ്പെടുത്തി. തകരുന്ന സമ്പദ്‌വ്യവസ്ഥയുടെ കാരണം മരണാസന്നമായ മുതലാളിത്ത വ്യവസ്ഥയിലധിഷ്ഠിതമാണ്. ആഗോളതലത്തില്‍, അഭൂതപൂര്‍വമായ വിപണിപ്രതിസന്ധിയിലാണ്ടിരിക്കുന്ന സാമ്രാജ്യത്വ-മുതലാളിത്തം ജനങ്ങളുടെ വന്‍പ്രതിഷേധം നേരിടുകയാണ്.

ദുര്‍ബ്ബലമായ വിപണികളില്‍ സാമ്രാജ്യത്വവാദികള്‍ അങ്ങേയറ്റം ആക്രമണോത്സുകരാണ്. എല്ലാ തിന്മകളുടെയും അടിസ്ഥാനമായ, ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വ്യവസ്ഥയെ സേവിക്കാന്‍ ഉദ്ദേശിക്കുന്ന ഏതൊരു സര്‍ക്കാരിനും, ജനവിരുദ്ധ മുതലാളിത്ത അനുകൂല നയങ്ങള്‍ പിന്തുടരാതിരിക്കാന്‍ കഴിയില്ല എന്നതിനാല്‍, സാധാരണ ജനങ്ങള്‍ക്ക് അത് കൂടുതല്‍ ദുരിതവും കഷ്ടപ്പാടും ഉണ്ടാക്കും. ലങ്കന്‍ സര്‍ക്കാരിനെ കടക്കെണിയില്‍ കുരുക്കി, ശാന്തസുന്ദരമായ ഈ ദ്വീപിന്റെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള അവസരം സാമ്രാജ്യത്വ രാജ്യങ്ങള്‍ക്കും നഷ്ടമായില്ല. ഏത് വംശജരായാലും, മതസ്ഥരായാലും അധ്വാനിക്കുന്ന സാധാരണ ശ്രീലങ്കന്‍ ജനതയാണ്, രാജ്യം ദീര്‍ഘകാലമായി പിന്തുടരുന്ന, കടക്കെണിയിലാഴ്ത്തി ഭരണം നടത്തുന്ന, ജനവിരുദ്ധ നയത്തിന്റെ വില നല്‍കുന്നത്. ശ്രീലങ്കൻ‍ പ്രശ്‌നം ഈ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതണ്ട്.


ശ്രീലങ്കന്‍ റിപ്പബ്ലിക്ക് ഉദയം ചെയ്ത ചരിത്രപശ്ചാത്തലം


1948 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ശ്രീലങ്ക രാഷ്ട്രീയ സ്വാതന്ത്ര്യം നേടി. സാമ്രാജ്യത്വ-മുതലാളിത്തം അതിന്റെ ജീര്‍ണ്ണാവസ്ഥയിലേക്ക് പ്രവേശിച്ച കാലഘട്ടത്തിലാണ് ശ്രീലങ്കന്‍ മുതലാളിത്തം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനടിയില്‍ വളര്‍ന്നുവന്നത്. അതുകൊണ്ടു തന്നെ ശ്രീലങ്കന്‍ മുതലാളിത്തം തുടക്കംമുതല്‍ സങ്കുചിതവും മുരടിച്ചതുമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ശ്രീലങ്കന്‍ സ്വാതന്ത്ര്യസമരത്തില്‍ അനുരഞ്ജന, അനനുരഞ്ജന പ്രവണതകള്‍ ഉള്‍ക്കൊണ്ടിരുന്നു. ഈ പ്രവണതകളും ഘടകങ്ങളും, സിംഹള-തമിഴ് സമുദായങ്ങളെ ഉള്‍ക്കൊള്ളുന്ന, ആ രാജ്യത്തിന്റെ ഒരൊറ്റ പോരാട്ടമായി വികസിച്ചു. 1919ല്‍ രൂപീകരിച്ച, വിവിധ സംഘടനകളുടെ വിശാല പ്ലാറ്റ്‌ഫോമായ സിലോൺ നാഷണല്‍ കോൺഗ്രസ് (സിഎന്‍സി) ആയിരുന്നു നേതൃനിരയിലുണ്ടായിരുന്നത്. ശ്രീലങ്കന്‍ ദേശീയ ബൂര്‍ഷ്വാസിയുടെ അനുരഞ്ജന സ്വഭാവമുള്ളതും, എന്നാല്‍ ശക്തവുമായ ഒരു വിഭാഗം ഇതിനുള്ളില്‍ ആധിപത്യം പുലര്‍ത്തി. സാമ്രാജ്യത്വ ഭരണാധികാരികളുമായുള്ള ഒത്തുതീര്‍പ്പിലൂടെ, ഭരണകൂട അധികാരം കൈക്കലാക്കിയ ശ്രീലങ്കന്‍ ദേശീയ ബൂര്‍ഷ്വാസി, അതിവേഗ വ്യവസായവല്‍ക്കരണവും, ആധുനികവല്‍ക്കരണവും, കാര്‍ഷികമേഖലയുടെ യന്ത്രവല്‍ക്കരണവും ഏറ്റെടുക്കുമെന്നും, അതുവഴി വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിച്ച് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുമെന്നും, ശ്രീലങ്കന്‍ ജനതയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കാനാവില്ല. സിലോൺ സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിലും ന്യൂനപക്ഷ തമിഴ് ദേശീയതയുടെ പ്രശ്‌നം പരിഹരിക്കുന്നതിലും അത് പരാജയപ്പെട്ടു. നേരെമറിച്ച്, മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തെ അത്യധികം ഭയപ്പെടുന്ന ശ്രീലങ്കന്‍ ബൂര്‍ഷ്വാസി, സിംഹള-തമിഴ് വംശജരെ കൂടുതല്‍ ഭിന്നിപ്പിച്ചുകൊണ്ട്, വംശഹത്യാപരമായ സ്പര്‍ദ്ധയിലെത്തിക്കാന്‍ എല്ലാ മാര്‍ഗങ്ങളും പരീക്ഷിച്ചു. ഇത് അങ്ങേയറ്റം ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിച്ചു. തമിഴ് വംശജരുടെ സ്വയംനിര്‍ണ്ണയാവകാശത്തെ അടിസ്ഥാനമാക്കി, രാജ്യത്തിന്റെ വടക്ക്-കിഴക്കന്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനായി, ശ്രീലങ്കന്‍ ഗവൺമെന്റിനെതിരെ ഒരു പ്രമുഖ തീവ്ര സംഘടനയായ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം അഥവാ എൽ ടി ടി ഇ, യുദ്ധം ആരംഭിച്ചു. തല്‍ഫലമായി, ദശാബ്ദങ്ങളായി സിംഹള -തമിഴ് സമുദായങ്ങള്‍ തമ്മില്‍ നിരന്തരം അക്രമാസക്തമായ കലഹങ്ങളാല്‍ തകര്‍ന്ന ഒരു രാജ്യമായി ശ്രീലങ്ക അറിയപ്പെട്ടു.. ഈ ആഭ്യന്തരയുദ്ധം, ഇന്ത്യന്‍ സാമ്രാജ്യത്വവും പിന്നീട് ചൈനീസ് സാമ്രാജ്യത്വവും ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികള്‍ക്ക് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനും വഴിയൊരുക്കി.


ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി


ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ മാധ്യമങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. അതിനാല്‍, ഞങ്ങള്‍ പ്രധാനപ്പെട്ട നിരീക്ഷണങ്ങളില്‍ മാത്രം ഒതുങ്ങുന്നു. ശ്രീലങ്കയില്‍ തേയില, റബ്ബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, നാളികേരം മുതലായ നിരവധി പ്രകൃതിവിഭവങ്ങള്‍ ഉണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും രാജ്യത്തിന് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുകയും ചെയ്തു. അടിസ്ഥാനപരമായി, ഇത് ഒരു വ്യാപാര കേന്ദ്രമാണ്. അതിനാല്‍ എടുത്തു പറയേണ്ട ഒരു വ്യവസായവും വികസിച്ചില്ല. ടൂറിസം വ്യവസായം മാത്രം അഭിവൃദ്ധി പ്രാപിച്ചു. ഏതാനും ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ സ്ഥാപിക്കുകയും ചെയ്തു. തുടക്കത്തില്‍, കയറ്റുമതിയും ഇറക്കുമതിയും ഏതാണ്ട് സന്തുലിതമായിരുന്നു. അതിനാല്‍, ബാലന്‍സ് ഓഫ് പേയ്‌മെന്റ് പ്രതിസന്ധിയുണ്ടായില്ല. എന്നാല്‍ 1960 കള്‍ക്ക് ശേഷം ഈ നില മാറി. ഇറക്കുമതി ബില്‍ കയറ്റുമതിയെക്കാള്‍ കൂടുതലായി തുടങ്ങി. അതിനാല്‍, ഉദാരമായി വായ്പ അനുവദിച്ച് വിടവ് നികത്താന്‍ രാജ്യത്തെ ഭരണാധികാരികള്‍ അന്താരാഷ്ട്ര നാണയ നിധിയെ (ഐഎംഎഫ്) സമീപിച്ചു. അതോടൊപ്പം, സമ്പദ് വ്യവസ്ഥയെ ഉദാരവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.


1970 കളുടെ അവസാന പകുതി മുതല്‍, സമ്പദ്‌വ്യവസ്ഥ കുത്തഴിഞ്ഞുതുടങ്ങി. 1977 മുതല്‍ ശ്രീലങ്കയില്‍ മാറിമാറി വന്ന ഗവണ്മെന്റുകള്‍ രാജ്യം കെട്ടിപ്പടുത്തത് കടത്തിന്റെ അസ്ഥിരമായ അടിത്തറയിലാണ്. വർദ്ധിച്ച വിദേശ വായ്പയെടുത്ത് വ്യാപാര കമ്മി നിയന്ത്രിക്കാന്‍ ശ്രമിച്ചതു മുതല്‍, ശ്രീലങ്കയുടെ വിദേശ കടം ഉയരാന്‍ തുടങ്ങി. 1977ല്‍ ഇത് നൂറു കോടി യുഎസ് ഡോളറിലെത്തി, പിന്നീട് 2020ല്‍ 56 ശതകോടി യുഎസ് ഡോളറായി ഉയര്‍ന്നു. ഈ കടത്തിന്റെ 81% യുഎസ്, യൂറോപ്യന്‍ സാമ്രാജ്യത്വരാജ്യങ്ങള്‍, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളതായിരുന്നു. ചൈന വൈകിവന്ന ഋണദായകനായിരുന്നു. എന്നിട്ടും വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതിക്കും മന്ദീഭവിച്ച കയറ്റുമതിക്കും എതിരെ ഒരു നടപടിയും ഉണ്ടായില്ല. സാധാരണയിലും കുറഞ്ഞ ആദായം ലഭിക്കുന്ന, എന്നാൽ ദീര്‍ഘമായ കാലയളവ് ആവശ്യമായ വന്‍കിട അടിസ്ഥാനസൗകര്യ പദ്ധതികൾക്കു വേണ്ടിയുള്ള വിവേചനരഹിതമായ കടമെടുപ്പുകള്‍ ഇതിനകം ദുര്‍ബലമായ വിദേശനാണ്യ ശേഖരത്തെ സാരമായി ബാധിച്ചു. സാമ്പത്തിക കെടുകാര്യസ്ഥതയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും അതിന്റേതായ പങ്ക് വഹിച്ചു. മുകളില്‍ പറഞ്ഞതുപോലെ, ശ്രീലങ്ക ദീര്‍ഘകാലമായി, ഡോളര്‍ വരുമാനത്തിനായി വിദേശ വിനോദസഞ്ചാരികളെയും പ്രവാസികളയയ്ക്കുന്ന പണത്തിനെയും ആശ്രയിച്ചു വന്നിരുന്നു. പക്ഷേ, കോവിഡ് മഹാവ്യാധി അതിനെ തടഞ്ഞു. തല്‍ഫലമായി, 2022 ജനുവരിയില്‍ രാജ്യത്തിന്റെ ഔദ്യോഗിക കരുതല്‍ ശേഖരം 2.36 ബില്യൺ യുഎസ് ഡോളറായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയുടെ വിദേശ കടം തിരിച്ചടവ് 26 ബില്യൺ യുഎസ് ഡോളറായി ( പ്രതിവർഷം അഞ്ചു ബില്യൺ ഡോളർ) എത്തിയിട്ടുണ്ട് എന്നു പറയപ്പെടുന്നു. ഈ തുക 2020 ലെ സര്‍ക്കാര്‍ വരുമാനത്തിന്റെ 80 ശതമാനത്തിലധികമാണ്. ഈ വര്‍ഷം മാര്‍ച്ച് അവസാനം വിദേശനാണ്യ കരുതല്‍ ശേഖരം 1.93 ബില്യൺ യുഎസ് ഡോളറായി കുറഞ്ഞു. ഈ തുച്ഛമായ കരുതല്‍ ധനം ഉപയോഗിച്ച് രാജ്യത്തിന്റെ കടം തിരിച്ചടവ് എങ്ങനെ നിറവേറ്റാനാകും? പുതിയ ഇറക്കുമതിക്ക് പണം എങ്ങനെ കണ്ടെത്തും? അതിനാല്‍, 51 ബില്യൺ ഡോളറിന്റെ വിദേശ കടം തിരിച്ചടവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഏകപക്ഷീയമായ തീരുമാനം സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്ക പ്രഖ്യാപിച്ചു. കൂടാതെ, ബാലന്‍സ് ഓഫ് പേയ്‌മെന്റ് സാഹചര്യം നിയന്ത്രിക്കുന്നതിന് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് (ഐഎംഎഫ്) ഉടനടി സഹായം തേടുകയും ചെയ്തു. മറുവശത്ത്, മരുന്നുകള്‍, പാല്‍പ്പൊടി, പാചകവാതകം, മണ്ണെണ്ണ, വൈദ്യുതി, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ ക്ഷാമത്തോടൊപ്പം പണപ്പെരുപ്പ നിരക്ക് 50 ശതമാനത്തിലേക്ക് കുതിച്ചുയരുകയാണ്. 2020ന്റെ നാലാം പാദത്തില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 4,41,997 ആയി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ ഇത് വളരെ കൂടുതലാണ്. ശ്രീലങ്ക ഒരു ഇരട്ട കമ്മി സമ്പദ്‌വ്യവസ്ഥയാണ്. അത് സൂചിപ്പിക്കുന്നത്, ഒരു രാജ്യത്തിന്റെ ദേശീയ ചെലവ് ദേശീയ വരുമാനത്തേക്കാള്‍ കൂടുതലാണെന്നും, അതിന്റെ വ്യാപാരത്തിനുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ഉത്പാദനം അപര്യാപ്തമാണെന്നുമാണ്. വാസ്തവത്തില്‍, ശ്രീലങ്ക ഇപ്പോള്‍ ഉയര്‍ന്ന കടത്തിന്റെയും വിലക്കയറ്റത്തിന്റെയും ഇരട്ട ആഘാതത്തെ അഭിമുഖീകരിക്കുന്നു. അതോടൊപ്പം ഭക്ഷണം, മരുന്നുകള്‍, ഇന്ധനം, എന്നിവയുടെ വ്യാപകമായ ക്ഷാമവും, രാജ്യവ്യാപകമായ പ്രതിഷേധത്തിന് കാരണമായി. കടമെടുത്ത പണം ജനങ്ങളുടെ ക്ഷേമത്തിനോ സാമ്പത്തിക വീണ്ടെടുപ്പിനോ വേണ്ടി ഉപയോഗിച്ചിട്ടില്ല. പ്രത്യക്ഷത്തില്‍ അത് അപഹരിക്കപ്പെട്ടിരിക്കുന്നു.


സാമ്രാജ്യത്വശക്തികളുടെ ഇടപെടല്‍


1983ല്‍ ശ്രീലങ്കയ്ക്ക് അതിന്റെ നാണയ മൂല്യം മുമ്പുണ്ടായിരുന്ന മൂല്യത്തിന്റെ നാലിലൊന്നായി കുറയ്‌ക്കേണ്ടിവന്നു. കൂടാതെ, സിംഗപ്പൂര്‍ മാതൃകയില്‍ ‘തുറന്ന സമ്പദ്‌വ്യവസ്ഥ’യാക്കി മാറ്റിക്കൊണ്ട്, സമ്പദ് വ്യവസ്ഥയെ വിദേശികള്‍ക്ക്, പ്രത്യേകിച്ച് പാശ്ചാത്യ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സ്വതന്ത്ര മേഖലയാക്കാന്‍ തീരുമാനിച്ചു. ഇന്ത്യ, ജപ്പാന്‍, യുഎസ്, എന്നീ രാജ്യങ്ങള്‍ക്കും യൂറോപ്യൻ യൂണിയനും ശ്രീലങ്കയില്‍ സാമ്പത്തിക താല്‍പ്പര്യമുണ്ട്. ഓരോന്നിനും ഒരു പ്രത്യേക ചരിത്ര കാലഘട്ടത്തില്‍ മേല്‍ക്കോയ്മ ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍, ശ്രീലങ്കയുടെ ദുര്‍ബലമായ നികുതി വരുമാനം, പരമ്പരാഗത ദാതാക്കളില്‍ നിന്ന്-അതായത്, പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഉദാരമായ ഇളവുകളോടുകൂടിയ കടങ്ങളാല്‍ നികത്തപ്പെട്ടിരുന്നു. ഈ സഹായങ്ങള്‍ രാജ്യത്തെ സാമ്പത്തിക വികസന (പേറ്റ്രണേജ്) പരിപാടികള്‍ക്ക് സഹായകമാകുകയും സോഷ്യലിസ്റ്റ് ചേരിയിൽ നിന്ന് അകറ്റി നിര്‍ത്തുന്നതിനുപകരിക്കുകയും ചെയ്തു. എന്നാല്‍ സോവിയറ്റ് സോഷ്യലിസത്തിന്റെ ദുഃഖകരമായ തകര്‍ച്ചയ്ക്ക് ശേഷം, വികസന മുന്‍ഗണനാക്രമങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍, ഈ ഫണ്ടുകള്‍ ഗണ്യമായി കുറയാന്‍ ഇടയാക്കി. പ്രതിവിപ്ലവത്തിനുശേഷം പ്രബലമായ സാമ്രാജ്യത്വ ശക്തിയായി ഉയര്‍ന്നുവന്ന ചൈനയും തങ്ങളുടെ സ്വാധീനവലയം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. കോടിക്കണക്കിന് ഡോളറിന്റെ ഹംബന്തോട്ട തുറമുഖവും കൊളംബോ-ഗാലെ എക്‌സ്പ്രസ് വേയും ഉള്‍പ്പെടെ കൂടുതല്‍ അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ ചൈനയ്ക്ക് ലഭിച്ചു. ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയുടെ രക്തം ഊറ്റിവെളുപ്പിച്ചതിനാല്‍, ‘വെള്ളാനകള്‍’ എന്നാണ് ഈ പദ്ധതികളെ വിളിക്കുന്നത്. ഹൈവേകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കല്‍ക്കരി, വൈദ്യുതനിലയം എന്നിവയുടെ നിര്‍മ്മാണത്തിനായി കഴിഞ്ഞ ദശകത്തില്‍ ചൈന ശ്രീലങ്കയ്ക്ക് 5 ബില്യൺ ഡോളറിലധികം വായ്പ നല്‍കിയത് ഇവിടെ പരാമര്‍ശിക്കേണ്ടതാണ്. ശ്രീലങ്കയുടെ വിദേശകടത്തിന്റെ 47 ശതമാനവും അന്താരാഷ്ട്ര മൂലധന വിപണികളിൽ നിന്നാണ്. 22% ബഹുമുഖ വികസന ബാങ്കുകളും, 10% ജപ്പാനും കടം കൊടുത്തിരിക്കുന്നു.


2017 വരെ മൊത്തം 11 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള 50ല്‍ അധികം പദ്ധതികള്‍ക്ക് ചൈന ധനസഹായം നല്‍കിയിട്ടുണ്ട്. കൂടാതെ, ചില ചൈനീസ് വായ്പകളുടെ പലിശ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് വായ്പകളുടെ 2.5-3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 6.5 ശതമാനമാണ്. ഇപ്പോള്‍ ചൈന, സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയ്ക്ക് 1.5 ബില്യൺ യുഎസ് ഡോളറിന്റെ ‘കറന്‍സി സ്വാപ്പ്’ നല്‍കിയിട്ടുണ്ട്. (ഒരു കറന്‍സിയിലുള്ള ലോണിന്റെ മുതലും പലിശയും, മറ്റൊരു കറന്‍സിയില്‍ കൈമാറ്റം ചെയ്യുന്ന കരാറാണ് കറന്‍സി സ്വാപ്പ്). അതോടൊപ്പം സര്‍ക്കാരിന് 1.3 ബില്യൺ ഡോളര്‍ സിന്‍ഡിക്കേറ്റഡ് വായ്പയും നല്‍കിയിട്ടുണ്ട്. ഇതിനുപരിയായി, 1.5 ബില്യൺ യുഎസ് ഡോളര്‍ ക്രെഡിറ്റ് സൗകര്യവും ഒരു ബില്യൺ യുഎസ് ഡോളര്‍ വരെ പ്രത്യേക വായ്പയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ശ്രീലങ്കയിൽ ഇന്ത്യയുടെയും പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തടയാന്‍ ചൈന ആഗ്രഹിക്കുന്നു. മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ, തന്റെ സര്‍ക്കാരിന്റെ ചൈനാ അനുകൂല പ്രതിച്ഛായ ഇല്ലാതാക്കുന്നതിനായി പാശ്ചാത്യ ശക്തികളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.


ശ്രീലങ്കയെ തങ്ങളുടെ ഭാഗത്തേക്ക് ആകര്‍ഷിക്കാന്‍ ഇന്ത്യയും ശക്തമായി രംഗത്തുണ്ട്. ഇന്ത്യ ശ്രീലങ്കയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയായിരുന്നു. ഇന്ത്യയുടെ മുതലാളിത്ത സാമ്പത്തിക-രാഷ്ട്രീയ അഭിലാഷങ്ങള്‍ 1987ലെ ഇന്തോ-ശ്രീലങ്കന്‍ കരാറിലും 2000-ലെ സ്വതന്ത്ര വ്യാപാര കരാറിലും പ്രതിഫലിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ നാലാമത്തെ വലിയ നിക്ഷേപകരാണ് ഇന്ത്യ. എല്ലാ പ്രമുഖ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും അവിടെ നിക്ഷേപമുണ്ട്. ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യത്തേക്ക് ഇന്ത്യ ഇതിനകം 3 ബില്യണ്‍ ഡോളര്‍ ‘കറന്‍സി സ്വാപ്പ്’, ‘ക്രെഡിറ്റ് ലൈന്‍’ വഴി നല്‍കിക്കഴിഞ്ഞു. (ഒരു രാജ്യത്തിന് ആവശ്യമുള്ളപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങാനും അത് തിരിച്ചടയ്ക്കാനും മറ്റൊരു വായ്പയ്ക്ക് യോഗ്യതയില്ലാതെ കൂടുതല്‍ വായ്പയെടുക്കാനും, അനുവദിക്കുന്ന സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പയുടെ ഒരു രൂപമാണ്-ക്രെഡിറ്റ് ലൈന്‍). കഴിഞ്ഞ ജൂണില്‍ ശ്രീലങ്കയുടെ പൊതുസംരംഭങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ ഹിയറിംഗില്‍, 500 മെഗാവാട്ടിന്റെ വിന്‍ഡ് പവര്‍ പ്ലാന്റ് പദ്ധതി അദാനി ഗ്രൂപ്പിന് അനുവദിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി നിര്‍ബന്ധിക്കുന്നുണ്ടെന്ന്, മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ തന്നോട് പറഞ്ഞിരുന്നതായി, സിലോൺ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എംഎംസി ഫെര്‍ഡിനാന്‍ഡോ പറഞ്ഞിരുന്നു. പിന്നീട് എന്തോ കാരണത്താല്‍ അദ്ദേഹം പ്രസ്താവനയില്‍ നിന്ന് പിന്മാറിയെങ്കിലും പ്രശ്‌നം അവസാനിച്ചില്ല. വൈദ്യുത പദ്ധതികള്‍ നല്‍കുന്നതിന് മത്സരാധിഷ്ഠിത ലേലത്തിന്റെ വ്യവസ്ഥ നീക്കം ചെയ്യുന്നതിനായി ശ്രീലങ്കന്‍ പാര്‍ലമെന്റ് 1989 ലെ ഇലക്ട്രിസിറ്റി ആക്ടില്‍ ഭേദഗതി പാസാക്കിയതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. നിയമം ഭേദഗതി ചെയ്യാനുള്ള പ്രധാന കാരണം അദാനി ഇടപാടിന് വഴിയൊരുക്കാനാണെ് പ്രതിപക്ഷം ആരോപിച്ചു. അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയും കഴിഞ്ഞ ഒക്ടോബറില്‍ ശ്രീലങ്കന്‍ സന്ദര്‍ശന വേളയില്‍, കൊളംബോ തുറമുഖ പദ്ധതിക്ക് പുറമെ, രാജ്യവുമായി ‘മറ്റ് അടിസ്ഥാന സൗകര്യ പങ്കാളിത്തം’ പ്രതീക്ഷിക്കുന്നതായി പറഞ്ഞിരുന്നു. സാമ്രാജ്യത്വശക്തികള്‍ വായ്പയുടെ രൂപത്തിലുള്ള സാമ്പത്തിക സഹായം എന്ന് വിളിക്കുന്നത് മനുഷ്യസ്നേഹത്തിന്റെ പ്രവര്‍ത്തനങ്ങളല്ല. മറിച്ച് ഈ പ്രശ്നബാധിതമായ രാജ്യത്ത് തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ പിടി മുറുക്കാനുള്ള കരുതിക്കൂട്ടിയ തന്ത്രമാണെ് പറയേണ്ടതില്ല.


ശ്രീലങ്കന്‍ ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ സങ്കുചിതമായ ശ്രീലങ്കന്‍ ദേശഭ്രാന്താണ് മുഖ്യധാര


മുതലാളിത്ത ഇന്ത്യയില്‍ വര്‍ഗീയതയും, ജാതീയതയും, പ്രാദേശികവാദവും, മറ്റ് സങ്കുചിത വിഭാഗീയതകളും ഭരിക്കുന്നതുപോലെ, ശ്രീലങ്കയിലും എല്ലാ ബൂര്‍ഷ്വാ, പെറ്റി ബൂര്‍ഷ്വാ ശക്തികളും അനുവര്‍ത്തിക്കുന്ന സങ്കുചിത ദേശഭ്രാന്ത് രാഷ്ട്രീയത്തിലെ മുഖ്യധാരയായി മാറിയിരിക്കുന്നു. സൈനികച്ചെലവില്‍ ഉണ്ടായ വലിയ വർധനവുള്‍പ്പടെ, സമ്പദ് വ്യവസ്ഥയിലെ ഭരണകൂട ഇടപെടലിന്റെ കാരണമാക്കി വംശീയ സംഘര്‍ഷത്തെ മാറ്റി. രണ്ടു രാജ്യങ്ങളിലേയും ഭരിക്കുന്ന മുതലാളി വര്‍ഗ്ഗത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും ഒന്നുതന്നെയാണ്. മുതലാളിത്ത ചൂഷണത്തിനെതിരായ സമരത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയാത്തവിധം എല്ലാ മേഖലകളിലുമുള്ള അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെടുന്നവരുമായ ജനങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്തുക, വംശീയപ്രശ്നങ്ങള്‍ തടയാനെന്ന പേരില്‍ ക്രൂരമായ നിയമങ്ങള്‍ കൊണ്ടുവരാനും, അതുവഴി മരണാസമായ മുതലാളിത്തത്തിന് ആയുസ്സ് നീട്ടിക്കൊടുക്കാനും വഴിയൊരുക്കുക എന്നതാണ് അത്. നശിക്കുന്ന മുതലാളിത്തത്തെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ലമെന്ററി പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയിലുള്ള ഈ ഭിന്നതകളെ ഉപയോഗപ്പെടുത്തുന്നു. തരംതാണ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ലാഭവിഹിതം കൊയ്യാന്‍ ഭരണകൂട സംവിധാനത്തിന്റെ സഹായത്തോടെ പോലും ഈ ഭിന്നതകളെ സൃഷ്ടിച്ചെടുക്കുകയും ഊട്ടിവളര്‍ത്തുകയും ചെയ്യുന്നു.


കലഹിക്കുന്ന ഒരു ഭരണവാഴ്ച്ച ശ്രീലങ്കയെ
നാശത്തിലേക്ക് തള്ളിവിട്ടു


കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജപക്സെ കുടുംബാധിപ ത്യമാണ് ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ തുടര്‍ന്നുവരുന്നത്. 2005ല്‍ മഹിന്ദ രാജപക്സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും, അദ്ദേഹത്തിന്റെ കുടുംബം രാഷ്ട്രീയമേഖലയില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. മഹിന്ദയുടെ 10 വര്‍ഷത്തെ ഭരണകാലത്താണ് (2005-2015) ശ്രീലങ്ക വലിയ രീതിയില്‍ ചൈനയോട് ചേര്‍ന്നു നിന്നത്. ഈ ഭരണവാഴ്ച്ചക്കാലത്ത് വലിയ തോതില്‍ പണം കടംവാങ്ങല്‍ ആരംഭിച്ചു. ആദ്യം, 2009ല്‍ തമിഴ് ന്യൂനപക്ഷ വിഘടനവാദികള്‍ക്കെതിരായ ശ്രീലങ്കയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധത്തിന് പണം നല്‍കാനും, പിന്നീട് റോഡുകള്‍, വിമാനത്താവളങ്ങള്‍, സ്റ്റേഡിയങ്ങള്‍, പവര്‍ ഗ്രിഡുകള്‍ എന്നിവയുടെ ”സൂപ്പര്‍-ഗ്രോത്ത്” വികസനത്തിനും കടം വാങ്ങുന്നു. ജിഡിപി 20 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യൺ ഡോളറായി വളര്‍ന്നു, എന്നാല്‍ ഈ പ്രക്രിയയില്‍ 14 ബില്യണ്‍ ഡോളറിലധികം കടമെടുത്തു. കൈക്കൂലി മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ വരെയുള്ള വലിയ അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ രാജപക്സെമാരെല്ലാം മുങ്ങി. ഒളിച്ചോടിയ മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ, മുന്‍ സൈനിക ഉദ്യോഗസ്ഥനാണ്. മഹീന്ദ രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുമ്പോള്‍ പ്രതിരോധ, നഗര വികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 നവംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഗോതബായ അധികാരത്തിലെത്തിയത്. 2020 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശ്രീലങ്ക പൊതുജന പെരമുന തൂത്തുവാരിയതോടെ ഗവൺമെന്റിന്റെ മേലുള്ള രാജപക്സെയുടെ പിടി കൂടുതല്‍ മുറുകി. മഹിന്ദ രാജപക്സെ പ്രധാന മന്ത്രിയായി. അദ്ദേഹം മന്ത്രിസഭയിലേക്ക് രണ്ട് ബന്ധുക്കളെ കൊണ്ടുവന്നു. അതായത് 26 അംഗ മന്ത്രിസഭയില്‍ നാല് രാജപക്സെമാര്‍ ഉണ്ടായിരുന്നു.


ഗോതബായ സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍


ഗോതബായ ഗവൺമെന്റിന്റെ തെറ്റായ നടപടികളുടെ ഒരു പരമ്പര ഇതിനകം തന്നെ അസ്ഥിരമായ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കി. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ‘ജൈവ കാര്‍ഷികോല്‍പ്പാദന’ രാഷ്ട്രം ആകാനുള്ള ത്വരയില്‍, രാജ്യത്തെ കാര്‍ഷിക ശാസ്ത്രജ്ഞര്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കാതെ, എന്നാല്‍ വിദഗ്ധരുടെ വേഷം കെട്ടിയ വ്യാജന്മാരുടെ തെറ്റായ ഉപദേശങ്ങള്‍ അനുസരിച്ച് , 2021 ഏപ്രിലില്‍ ശ്രീലങ്കന്‍ ഗവൺമെന്റ് എല്ലാ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഇറക്കുമതി നിരോധിച്ചു. ശ്രീലങ്കയുടെ വിദേശനാണ്യ പ്രതിസന്ധി ഒരു പരിധി വരെ ലഘൂകരിക്കുമെന്നും, കോവിഡ് -19 മൂലമുണ്ടായ ലോക്ക്ഡൗണുകളും, മറ്റ് തടസ്സങ്ങളും സൃഷ്ടിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയുമെന്നും ഗോതബയ രാജപക്സെ സര്‍ക്കാര്‍ വാദിച്ചു. ഈ തീരുമാനം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. കാര്‍ഷിക വിളവ് 33 ശതമാനം കുറഞ്ഞു, നെല്‍കൃഷിയില്‍ സ്വയംപര്യാപ്തത നേടിയ ശ്രീലങ്കയ്ക്ക് ഈ കുറവ് നികത്താന്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് അരി ഇറക്കുമതി ചെയ്യേണ്ടി വന്നു. പരമ്പരാഗതമായി വിദേശനാണ്യ വരുമാനം നല്‍കുന്ന തേയില ഉല്‍പ്പാദനവും കയറ്റുമതിയും ഗണ്യമായി കുറഞ്ഞു. പൊടുന്നനെ ‘ജൈവകൃഷി’യിലേക്കു മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും 2021 ഏപ്രിലില്‍ രാസവളങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെയും ശ്രീലങ്കയിലെ രണ്ട് ദശലക്ഷം കര്‍ഷകര്‍ മാസങ്ങളായി പ്രതിഷേധത്തിലാണ്.


അടുത്തതായി, ഗോതബായ സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാസവളങ്ങള്‍ കൂടാതെ, വിദേശ കറന്‍സി പുറത്തേക്ക് ഒഴുകുന്നത് തടയാന്‍ ആഡംബര വാഹനങ്ങള്‍, മഞ്ഞള്‍ പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചു. മോട്ടോര്‍ വാഹനങ്ങളുടെ ഇറക്കുമതി നിരോധനം 2020 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്നു. നിരോധനത്തിന് മുമ്പ് ശ്രീലങ്ക വളം ഇറക്കുമതിക്കായി പ്രതിവര്‍ഷം 400 മില്യൺ യുഎസ് ഡോളറാണ് ചെലവഴിച്ചിരുന്നത്. വാഹന ഇറക്കുമതി 1.5 ബില്യൺ യുഎസ് ഡോളറായിരുന്നു. പരമ്പരാഗതമായി ഒട്ടുമിക്ക അവശ്യസാധനങ്ങള്‍ക്കും വന്‍തോതിലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന ശ്രീലങ്കയെപ്പോലുള്ള ഒരു രാജ്യത്തെ, നയത്തില്‍ പെട്ടെന്നുണ്ടായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്ത പ്രശ്‌നങ്ങളിലേക്ക് നയിച്ചു. ഉല്‍പ്പാദന വ്യവസായ മേഖലയെ, പ്രത്യേകിച്ച് ബട്ടണുകള്‍ പോലും ഇറക്കുമതി ചെയ്തിരുന്ന വസ്ത്ര നിര്‍മ്മാണ മേഖലയെ ഇത് തളര്‍ത്തി. പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയ്ക്ക് നീണ്ട ക്യൂ രൂപപ്പെട്ടു. ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കളുടെ അളവിലുള്ള നിയന്ത്രണങ്ങള്‍മൂലം ജനങ്ങള്‍ രൂക്ഷമായ ക്ഷാമത്തിന്റെ പിടിയിലകപ്പെട്ടു. രാജ്യത്തെ 80 ശതമാനം മരുന്നുകളും ഇറക്കുമതി ചെയ്തിരുന്നതിനാല്‍, ഫാര്‍മസികളിലും അവശ്യ ജീവന്‍രക്ഷാ മരുന്നുകളുടെ ലഭ്യത വളരെക്കുറഞ്ഞു. ദ്വീപിലുടനീളം, ചിലപ്പോള്‍ ദിവസത്തില്‍ 10 മണിക്കൂറില്‍ കൂടുതല്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തിയപ്പോള്‍ പ്രശ്‌നങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി. പിന്നീട്, പ്രത്യേകിച്ച് കോര്‍പ്പറേറ്റുകളുടെ നികുതി വെട്ടിക്കുറയ്ക്കാനുള്ള ഗോതബായയുടെ തീരുമാനം, പ്രബലരായ ടൂറിസം വ്യവസായികള്‍ക്ക് 60% നികുതിയിളവ് നല്‍കി അനുഗ്രഹിച്ചു. അത് ഇതിനകം ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ശ്രീലങ്കയുടെ സാമ്പത്തിക തിരിച്ചുവരവിനെ സാരമായി ബാധിക്കുകയും ചെയ്തു. നികുതിയിളവുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത നികുതിദായകരുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് വരുത്തി, ഇത് ജീവിതച്ചെലവ് കുതിച്ചുയരാന്‍ ഇടയാക്കി. ഈ നീക്കം വരുമാനത്തില്‍ വിള്ളലുണ്ടാക്കി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 9 ശതമാനത്തിലേക്ക് ജിഡിപി ഇടിഞ്ഞു. ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായതാണ്. നശിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ തിക്തഫലങ്ങള്‍ക്ക് പുറമെ, ഒരു വര്‍ഷത്തിലേറെയായി പ്രകടമായ അപകടസൂചനകള്‍ അവഗണിച്ച സര്‍ക്കാരിന്റെ ഹാനികരമായ നയങ്ങള്‍ ഈ പ്രതിസന്ധി കൂടുതല്‍ വഷളാക്കി.


ഭരണാധികാരികളുടെ മുഖം മാറി, പക്ഷേ ഭരണകൂട നയങ്ങള്‍ മാറിയില്ല

വ്യക്തമായും ജനങ്ങളുടെ കുമിഞ്ഞുകൂടിയ ആവലാതികളും, ക്രോ ധവും, അവരുടെ സാമ്പത്തികജീവിതത്തിനെതിരായ ക്രൂരമായ ആക്രമണത്തിനെതിരായ പ്രതിഷേധവും രാജ്യവ്യാപകമായ പ്രസ്ഥാനത്തിന്റെ രൂപത്തില്‍ പ്രകടിപ്പിക്കപ്പെട്ടു. ഏപ്രിലില്‍ തലസ്ഥാനമായ കൊളംബോയില്‍ ആരംഭിച്ച പ്രതിഷേധം, രാജ്യത്തുടനീളം വ്യാപിച്ചു. ദിവസേനയുള്ള പവര്‍കട്ടും ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇന്ധനത്തിന്റെ അഭാവം പെട്രോള്‍, ഡീസല്‍ വില ക്രമാതീതമായി ഉയരാന്‍ കാരണമായി.
ജൂൺ അവസാനത്തോടെ, അത്യാവശ്യമല്ലാത്ത വാഹനങ്ങള്‍ക്കുള്ള പെട്രോള്‍, ഡീസല്‍ വില്‍പ്പന സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. ഇന്ധന വില്‍പന കടുത്ത നിയന്ത്രണത്തിലാണ്. സ്‌കൂളുകള്‍ അടച്ചു. സാധനങ്ങളുടെ ഉപയോഗം മിതപ്പെടുത്തുതിനായി, ആളുകളോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഗോതബായ ഭരണകൂടത്തെ ഏതുവിധേനയും താഴെയിറക്കാന്‍ ആളുകള്‍ തയ്യാറായി. മാസങ്ങള്‍ നീണ്ട ജനരോഷത്തിന് ശേഷം ജൂലൈ 9ന് അവര്‍ കൊളംബോയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക കൊട്ടാര വസതിയില്‍ അതിക്രമിച്ചു കയറി. അപകടം മനസ്സിലാക്കിയ പ്രസിഡന്റ് രാജപക്സെ സിംഗപ്പൂരിലേക്ക് പലായനം ചെയ്ത ശേഷം രാജിവച്ചു. സ്ഥാനമൊഴിയുന്നതിന് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ ആക്ടിംഗ് പ്രസിഡന്റാക്കി. സ്ഥിതിഗതികള്‍ സുസ്ഥിരമാക്കാന്‍ ശ്രമിക്കുന്നതിനിടെ വിക്രമസിംഗെ രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. രാജപക്സെയുടെ സഖ്യകക്ഷി നേതാവായ ദിനേഷ് ഗുണവര്‍ധനയെ പുതിയ പ്രധാനമന്ത്രിയായി അദ്ദേഹം നിയമിക്കുകയും 17 ക്യാബിനറ്റ് മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തു. അവരില്‍ ഭൂരിഭാഗവും ഗോതബയയുടെ ഭരണത്തിലെ മന്ത്രിമാരായിരുന്നു. പ്രതിസന്ധിയിലായ ദ്വീപ് രാഷ്ട്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളിലൊന്നില്‍, ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൊളംബോയിലെ ഗവണ്മെന്റ് ഡിസ്ട്രിക്റ്റിലെ തെരുവുകളില്‍ മാര്‍ച്ച് ചെയ്തുവെന്നും പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബാരിക്കേഡുകള്‍ പൊളിച്ചുനീക്കുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചെങ്കിലും സംഘര്‍ഷം നിയന്ത്രിക്കാനായില്ല. നൂറുകണക്കിന് പ്രതിഷേധക്കാര്‍ റനിലിന്റെ ഓഫീസിലേക്ക് രാജി ആവശ്യപ്പെട്ടുകൊണ്ട് ബലം പ്രയോഗിച്ചു കടന്നു. പുതിയ പ്രസിഡന്റിന് തന്റെ ഫാസിസ്റ്റ് മുഖം പുറത്തെടുക്കാന്‍ അധിക സമയം എടുത്തില്ല. കഴിഞ്ഞ ജൂലൈ 22 ന് അര്‍ദ്ധരാത്രിയില്‍, സൈന്യവും പോലീസും കലാപത്തെ നേരിടാനുള്ള സന്നാഹങ്ങളുമായി, അക്രമാസക്തമായി പ്രതിഷേധ ക്യാമ്പുകളിലേക്ക് ഇറങ്ങി, കണ്ണില്‍ക്കണ്ടവരെയെല്ലാം നിര്‍ദാക്ഷിണ്യം മര്‍ദിക്കുകയും ആക്രമിക്കുകയും, കണ്ണില്‍ക്കണ്ടതെല്ലാം തകര്‍ക്കുകയും, മൂന്ന് മാസത്തിലേറെയായി പ്രതിഷേധക്കാര്‍ ഉറങ്ങിക്കിടന്ന ടെന്റുകള്‍ പൊളിക്കുകയും ചെയ്തു. റെയ്ഡിന് മുന്നോടിയായി പ്രതിഷേധ സ്ഥലത്തേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചു. നിരവധി പ്രതിഷേധക്കാരെ, പ്രത്യേകിച്ച് സംഭവവികാസങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചവരെ സൈന്യം ആക്രമിച്ചതായി ദൃക്സാക്ഷി വിവരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും പറയുന്നു. പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റിലേക്കുള്ള വഴിയില്‍ സൈനികര്‍ ഒന്നിന് പുറകെ ഒന്നായി കൂടാരങ്ങള്‍ തകര്‍ക്കുകയും സമരസ്ഥലം പൊളിച്ചു മാറ്റുകയും ചെയ്തു. ഇത്തരമൊരു ആക്രമണം പ്രതിഷേധക്കാര്‍ക്ക് വളരെ അപ്രതീക്ഷിതമായിരുന്നു. സമരക്കാര്‍ക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുന്നതിന് മുമ്പ് ഒഴിഞ്ഞുപോകണമെന്ന ഒരു മുന്നറിയിപ്പും സൈന്യവും പോലീസും നല്‍കിയിരുന്നില്ല.


സമര ഐക്യം നിലനിര്‍ത്തുക, ജനങ്ങളുടെ
രാഷ്ട്രീയാധികാരം വളര്‍ത്തിയെടുക്കുക


രാജപക്സെ ഗവൺമെന്റിന്റെ കടുത്ത അടിച്ചമര്‍ത്തലിനും സാമ്പത്തിക പിടിപ്പുകേടിനും എതിരെ ജനങ്ങള്‍ ഇരമ്പുകയാണ്. ആറുമാസം മുമ്പ് ഉയർന്നുവന്ന എല്ലാ പ്രക്ഷോഭങ്ങളും ‘പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനം ഒഴിയണം’ എന്ന ഒരൊറ്റ ആവശ്യത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കയെ അന്ധകാരം നിറഞ്ഞ, അഗാധമായ പ്രതിസന്ധിയുടെ കയത്തിലേക്ക് തള്ളിവിട്ട മുതലാളിത്ത അനുകൂല നയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയോ, അത് പ്രാധാന്യം നേടുകയോ ചെയ്തിട്ടില്ല. വാസ്തവത്തില്‍, ശ്രീലങ്കയിലെ പ്രതിഷേധ സമരങ്ങള്‍ ചരിത്രപരമായി, വളരെ പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്നതും പ്രതിസന്ധികളാല്‍ രൂപപ്പെട്ടതുമാണ്. നിര്‍ണായക നിമിഷങ്ങളില്‍ അധികാരത്തിലിരിക്കുന്ന സ്വേച്ഛാധിപത്യപരമായ അല്ലെങ്കില്‍ ജനപ്രീതിയില്ലാത്ത ഭരണകൂടങ്ങളെ ജനങ്ങള്‍ പുറത്താക്കിയിട്ടുണ്ട്. തലപ്പത്ത് മാറ്റമുണ്ടായെങ്കിലും മുതലാളിത്ത വ്യവസ്ഥിതിക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല. അതിനാല്‍, എല്ലാ ഭിന്നതകള്‍ക്കും മതപരവും വംശീയവുമായ വ്യത്യാസങ്ങള്‍ക്കുമപ്പുറം ഇത്തരമൊരു വലിയ, സമാധാനപരമായ, പ്രതിഷേധ പ്രസ്ഥാനം അഴിച്ചുവിടാന്‍ കഴിഞ്ഞ ശ്രീലങ്കന്‍ ജനതയെ കാത്തിരിക്കുന്നത് ആഴത്തിലുള്ള പ്രതിസന്ധികളാണ്.
വര്‍ദ്ധിച്ചുവരുന്ന ജീവിത ദുരിതങ്ങള്‍ ഒരു വിഭാഗത്തെയും ഒഴിവാക്കുന്നില്ലെന്ന് അവരുടെ അനുഭവത്തില്‍ നിന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, ചൂഷണത്തിലധിഷ്ഠിതമായ ഒരു വ്യവസ്ഥ കോട്ടമില്ലാതെ തുടരുമ്പോള്‍, കേവലം ഒരു ഭരണമാറ്റം കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ? ഇല്ല. കാരണം, അത് മുതലാളിത്ത ഭരണകൂടത്തിന്റെ കരുത്തുള്ള തൂണുകളെയോ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന നിയമങ്ങളെയോ മാറ്റുന്നില്ല. നിക്ഷിപ്ത താല്‍പ്പര്യക്കാരും പാര്‍ലമെന്ററി പാര്‍ട്ടികളും നേട്ടം കൊയ്യാനും, ഇത്തരം വന്‍ മുന്നേറ്റങ്ങളെ പാര്‍ലമെന്ററി ലക്ഷ്യങ്ങളിലേക്കു കൊണ്ടെത്തിച്ച് അവസാനിപ്പിക്കാനും ശ്രമിക്കും. പക്ഷേ, സമരം ചെയ്യുന്ന ശ്രീലങ്കന്‍ ജനത ആ കെണിയില്‍ വീഴരുത്. പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുക എന്നതാണ് ശ്രീലങ്കന്‍ ജനതയോടുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥന. വിപ്ലവകരമായി മുതലാളിത്തത്തെ അട്ടിമറിച്ചുകൊണ്ടേ വിമോചനം സാധ്യമാകൂ. എന്നാല്‍ അതിനു വേണ്ടുന്ന എല്ലാ ആവശ്യകതകളും നിറവേറ്റുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമം ഇല്ലെങ്കില്‍ അത് സാധ്യമാകില്ല. ആളുകളുടെ രോഷവും വിദ്വേഷവും പൊട്ടിത്തെറിക്കുമ്പോള്‍, വസ്തുനിഷ്ഠമായ അവസ്ഥ വേഗത്തില്‍ പാകമാകുകയാണ്. എന്നാല്‍ ആത്മനിഷ്ഠമായ അവസ്ഥ, അതായത്, ഒരു ശരിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ നേതൃത്വം ജനങ്ങളില്‍ സ്ഥാപിക്കുക എന്നത് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ശരിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടെങ്കില്‍ അതിനെ ശക്തിപ്പെടുത്തുക. ഇല്ലെങ്കില്‍, വിലപ്പെട്ട ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍, അത്തരമൊരു വിപ്ലവപാര്‍ട്ടി കെട്ടിപ്പടുക്കാനുള്ള പോരാട്ടം അഴിച്ചുവിടുക. എന്നാല്‍ ഈ സമയത്ത്, ഏറ്റവും പ്രധാനം ജനകീയ സമര ഐക്യം കാത്തുസൂക്ഷിക്കുക, സംഘടിത ജനാധിപത്യ സമരം തുടരുക, അതിനെ മൂര്‍ച്ഛിപ്പിക്കുക, വിപ്ലവ പ്രസ്ഥാനത്തിന് സഹായകരമാകുന്ന ജനകീയ സമര സമിതികള്‍ രൂപീകരിച്ച് ജനകീയ ശക്തി വികസിപ്പിക്കുക എന്നതാണ്. ശ്രീലങ്ക ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അധ്വാനിക്കുന്ന ജനങ്ങളെ ചരിത്രം ആ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നു.

Share this post

scroll to top