അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ : ജനങ്ങളെ വഞ്ചിച്ച് കുത്തകകളുടെ ഇഷ്ടക്കാരനായ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്ത കുതന്ത്രം

687e9f0683af4c95b5b05f38b01a8e0c_18.jpg
Share

ഏകദേശം രണ്ടു വർഷത്തോളം നീണ്ട പ്രചരണങ്ങൾക്കൊടുവിൽ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമാപിച്ചിരിക്കുകയാണ്. ഇക്കാലയളവിൽ, ഉദ്വേഗവും സമ്മർദ്ദവും നിറഞ്ഞ ഒരു അന്തരീക്ഷം അമേരിക്കയിൽ മാത്രമല്ല, ലോകമൊട്ടാകെ സൃഷ്ടിക്കപ്പെടുകയുണ്ടായി. ജനാധിപത്യത്തിന്റെ കാവലാളായി സ്വയം വിശേഷിപ്പിക്കുന്ന, ലോകത്തെ ഏറ്റവും സമ്പന്നവും സായുധവുമായ ഈ രാജ്യത്ത് നടക്കുന്നതും നടക്കാൻ പോകുന്നതുമായ സംഭവവികാസങ്ങളിലേക്ക് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും വലിയൊരു വിഭാഗം ജനങ്ങളും ആകർഷിക്കപ്പെട്ടു. അതെ, അവർക്കൊരു പാരമ്പര്യമുണ്ട്. ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടെ എന്ന ബൂർഷ്വാ ജനാധിപത്യത്തിന്റെ മഹത്തായ ആശയം ഒരിക്കൽ ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ചത് ഈ രാജ്യമാണ്. എന്നാൽ ഇന്നോ, സമ്പന്നരാൽ, സമ്പന്നർക്കു വേണ്ടി ഭരിക്കപ്പെടുന്ന സമ്പന്ന രാജ്യമായി അമേരിക്ക മാറിയിരിക്കുന്നുവെന്ന് അതിന്റെ സ്വന്തം പൗരന്മാർ പോലും അംഗീകരിക്കുന്നു. എന്തൊക്കെയായാലും, ചിലർക്ക് ആശങ്കയും, മറ്റു ചിലർക്ക് പ്രചോദനവുമായി ഇപ്പോൾ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ, എന്തു സംഭവിച്ചു എന്തൊക്കെ സൂചനകളാണിത് നൽകുന്നത് എന്നൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്.

സമ്പന്നമായ പ്രചരണം-സമ്പന്നമായ സാമ്പത്തികസ്രോതസ്സുകൾ

എന്തുകൊണ്ടാണ് ധനികരാൽ ധനികർക്കുവേണ്ടി ഭരിക്കപ്പെടുന്ന രാജ്യമായി യുഎസിനെ വിശേഷിപ്പിക്കുന്നത്? പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ 260 കോടി അടക്കം, 2012 തെരഞ്ഞെടുപ്പു കാലത്ത് 700 കോടി ഡോളർ എന്ന വമ്പിച്ച തുക ചെലവാക്കി എന്നാണ് കണക്കുകൾ കാണിക്കുന്നത്. മുതലാളിത്ത ലോകത്ത് മറ്റെല്ലാത്തിലുമുള്ള വിലക്കയറ്റം കണക്കിലെടുത്താൽ 2016 തെരഞ്ഞെടുപ്പിൽ ഇതിന്റെ ഇരട്ടി തുക ചെലവായിട്ടുണ്ടാകും. തീർച്ചയായും പാവപ്പെട്ടവർക്ക് എന്തായാലും ഇത്രയും തുക ചെലവാക്കാൻ സാധിക്കില്ല. അപ്പോൾ വാസ്തവം എന്തെന്നാൽ, അമേരിക്കൻ ജനതയുടെ 1% മാത്രം വരുന്ന അതിസമ്പന്നരാണ് ഇക്കാലത്ത് തെരഞ്ഞെടുപ്പു ചെലവിന്റെ 68% വഹിക്കുന്നത്. 1980കളുടെ തുടക്കത്തിൽ പ്രത്യേക താത്പര്യ ഗ്രൂപ്പുകൾ 200 ദശലക്ഷം ഡോളറാണ് യുഎസ് രാഷ്ട്രീയത്തിലെ നേരിട്ടുള്ള ലോബിയിങ്ങിനായി ചെലവഴിച്ചത്. 2002 ൽ ഇത് 180 കോടിയും 2012 ൽ 330 കോടി ഡോളറുമായി – 30 വർഷം കൊണ്ട് ഏകദേശം 7 മടങ്ങ് വർധന.
ധനസമാഹരണത്തിന്റെയും ചെലവാക്കലിന്റെയും ഈ മത്സരത്തിൽ രണ്ടു പ്രമുഖകക്ഷികളായ റിപ്പബ്ലിക്കൻ പാർട്ടിക്കോ ഡെമോക്രാറ്റിക് പാർട്ടിക്കോ തമ്മിൽ യാതൊരു ഭേദവും കാണാൻ കഴിയില്ല. സാമ്രാജ്യത്വമെന്ന, മുതലാളിത്തത്തിന്റെ മരണാസന്നഘട്ടത്തിൽ, ഏതൊരു ബൂർഷ്വാ പാർട്ടിയേയും പോലെ ഒരേ മുഖം തന്നെയാണ് ഈ രണ്ടു കക്ഷികൾക്കും. ഇവരുടെ തലതൊട്ടപ്പന്മാരായ കുത്തകമുതലാളിത്തവും ലോബിയിങ്ങ് ഗ്രൂപ്പുകളുമാകട്ടെ, ഇവർക്കു മേൽ അനുഗ്രഹങ്ങൾ വാരിച്ചൊരിയാൻ യാതൊരു പഞ്ഞവും കാണിക്കാറുമില്ല.

ധനികർ വാഴുന്നു, ദരിദ്രർ തകരുന്നു

ധനികർക്കു വേണ്ടി ധനികർ ഭരിക്കുന്ന യുഎസ്എ എന്ന ഈ രാജ്യം വാസ്തവത്തിൽ സമ്പന്നരുടെ മാത്രം രാജ്യമാണോ? ചില വസ്തുതകൾ പരിശോധിക്കാം. 1996 മുതൽ, മാന്യമായി ശമ്പളം ലഭിക്കുന്ന ജോലികൾ എണ്ണത്തിൽ കുറയുകയാണ്. അതു കൊണ്ടു തന്നെ, മധ്യവർഗ്ഗത്തിന്റെ, അതായത് പണിയെടുക്കുന്നവരുടെ വരുമാനം നിശ്ചലമായി നിൽക്കുന്നു. 2008 നു സമാനമായി മറ്റൊരു കമ്പോളപ്രതിസന്ധിയിലൂടെ രാജ്യം കടന്നു പോകുമ്പോൾ ജോലിക്കും കൂലിക്കുമായുള്ള സമ്മർദ്ദം കൂടുതൽ വർദ്ധിക്കുകയേ ഉള്ളു. ഇന്ന് രണ്ടു പേരുടെ വരുമാനമുള്ള കുടുംബങ്ങളുടെ അവസ്ഥ, ഒരു തലമുറയ്ക്കുമുമ്പ് ഒരാളുടെ വരുമാനമുള്ള കുടുംബങ്ങളുടെ അവസ്ഥയെക്കാൾ വളരെ മോശമായിരിക്കുന്നു. മൂന്നിലൊന്ന് അമേരിക്കക്കാരും കടക്കാരായിരിക്കുന്നു. 70 ശതമാനം വിദ്യാർത്ഥികളും 18 വയസ്സിനു മുമ്പേ കടക്കാരാകുന്നു. കുറയുന്ന വരുമാനം അവരെ കുടിശ്ശിഖക്കാരുമാക്കുന്നു.കഴിഞ്ഞവർഷം 820000 കുടുംബങ്ങളേയാണ് അമേരിക്കയിൽ പാപ്പരായി പ്രഖ്യാപിച്ചത്. ഇത് ഡെമോക്രാറ്റിക് സെനറ്ററും ഹാർവാർഡ് സർവ്വകലാശാലയിലെ പണ്ഡിതയുമായ ഒരു വ്യക്തി പറഞ്ഞതാണ്. എന്തുകൊണ്ടാണ് ജനങ്ങൾ ഇത്രയധികം ഞെരുക്കത്തിലാവുന്നത്? സ്വന്തം ചോദ്യത്തിന് അവർ നൽകുന്ന ഉത്തരം ഇതാണ്. ”ഇവിടെ മാറ്റം വന്നത് നയത്തിനാണ്. മധ്യവർഗ്ഗത്തെ ശക്തിപ്പെടുത്തുന്ന ഒരു രാജ്യം എന്ന നിലയിൽ നിന്നും സമ്പന്നവർഗ്ഗത്തിനുമേൽ വിശ്വാസമർപ്പിക്കുന്ന ഒരു രാജ്യമായി നമ്മൾ മാറി. ഫലമോ? 1935 മുതൽ 1980 വരെ, സൃഷ്ടിക്കപ്പെട്ട പുതുസമ്പത്തിന്റെ 70% താഴേക്കിടയിലുള്ള 90% ജനങ്ങളിലേക്കും ശേഷിക്കുന്ന 30% മേലേക്കിടയിലുള്ള 10%ലേക്കുമാണ് എത്തിയതെങ്കിൽ, 1980 മുതൽ 2016 വരെ, മേലേത്തട്ടിലുള്ള 10% തന്നെയാണ് സമ്പത്ത് ഏകദേശം മുഴുവനായിത്തന്നെ സ്വന്തമാക്കുന്നത്. അതുകൊണ്ടു തന്നെ അസമത്വം വളരുന്നു, സമ്പന്നർക്കും ദരിദ്രർക്കുമിടയിലെ വിടവ് വർദ്ധിക്കുന്നു.
ആഹാരത്തിനും വസ്ത്രത്തിനും ഉപകരണങ്ങൾക്കുമായി ഒരു സാധാരണ അമേരിക്കക്കാരൻ ചെലവാക്കുന്ന തുകയിൽ ഇന്ന് കുറവുണ്ടായിരിക്കുന്നു. എന്നാൽ 30 വർഷം മുമ്പത്തേക്കാൾ, ഗതാഗതത്തിന് 11%, ഭവനത്തിന് 57% ആരോഗ്യ ഇൻഷുറൻസിന് 104%, കോളേജ് വിദ്യാഭ്യാസത്തിന് 275%, ശിശു സംരക്ഷണത്തിന് 953% എന്നിങ്ങനെ ചെലവുകൾ വർദ്ധിച്ചിരിക്കുന്നു. സ്ഥിരം ചെലവുകൾ താങ്ങാവുന്നതിലുമേറെ ആയിരിക്കുന്നു. യുഎസിലെ കാർ നിർമ്മാണത്തിന്റെ കേന്ദ്രമായിരുന്ന ഡെട്രോയിറ്റ് ഒരു ദയനീയ ഉദാഹരണമാണ്. കുറച്ചുകാലം മുമ്പ് ഇത് കടക്കെണിയിലായി പാപ്പരാക്കപ്പെട്ടു. ഒരുകാലത്ത് വാഹനനിർമ്മാണ രംഗത്ത് പണിയെടുത്തിരുന്ന തൊഴിലാളികൾക്കെല്ലാം കാറുണ്ടായിരുന്നു, കമ്പനി നൽകിയ ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള സുരക്ഷ ഉണ്ടായിരുന്നു, എല്ലായിടത്തും സമൃദ്ധി ദൃശ്യമായിരുന്നു. എന്നാലിന്ന് ആറിലൊന്ന് വീടുകളും ആളൊഴിഞ്ഞ് നശിക്കുന്നു. ഭീകരമായ തൊഴിലില്ലായ്മ, സാമൂഹ്യസുരക്ഷ തന്നെ ഇല്ലാതായിരിക്കുന്നു. പെൻഷൻ കൊടുക്കാൻ പോലും നഗരത്തിനു കഴിയുന്നില്ല.ജനം അക്ഷരാർത്ഥത്തിൽ കഷ്ടപ്പെടുന്നു.

ഇത് നഗരത്തിന്റെ മാത്രം ചിത്രമല്ല, രാജ്യമാകെയുള്ള അവസ്ഥയാണ്. രാജ്യമൊട്ടാകെ, വ്യവസായമേഖലയിലെ തൊഴിലുകൾ കുറഞ്ഞ കൂലിചെലവും പരിസ്ഥിതി നിയന്ത്രണങ്ങളും ഉള്ള രാജ്യങ്ങളിലേക്ക്, ചെലവ് കുറയ്ക്കുന്നതിനായി കൈമാറ്റം ചെയ്യപ്പെടുന്നു. ഇതു കൂടാതെ സാമ്പത്തികമാന്ദ്യം മൂലവും നിരവധി തൊഴിലവസരങ്ങൾ ‘അപ്രത്യക്ഷമാകുന്നു’. പകരം വരുന്നതാകട്ടെ, കരാർ തൊഴിലുകളും ഭാഗിക ജോലികളുമാണ്. ഇത് മൂലം സാമൂഹികസുരക്ഷ ഇല്ലാതാകുന്നു, കൂടുതൽ സമയം കുറഞ്ഞ കൂലിക്കു പണിയെടുക്കേണ്ടി വരുന്നു, കൂലി തന്നെ വെട്ടിച്ചുരുക്കപ്പെടുന്നു. 2008ലെ സബ്‌പ്രൈം പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തികമാന്ദ്യം തൊഴിലില്ലായ്മയെ കൂടുതൽ രൂക്ഷമാക്കി. ജനങ്ങളുടെ, വിശേഷിച്ചും അധ്വാനിച്ചു ജീവിക്കുന്നവരുടെ ജീവിതനിലവാരത്തിലുള്ള ഇടിവിനോടൊപ്പം തന്നെ, ദാരിദ്ര്യവും അരക്ഷിതാവസ്ഥയും വളരുന്നു. ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വംശീയസംഘർഷങ്ങൾ അടക്കമുള്ള സാമൂഹിക തിന്മകളും വർദ്ധിക്കുന്നു. യൂണിസെഫ് റിപ്പോർട്ട് പ്രകാരം ദരിദ്രരായ കുട്ടികളുടെ എണ്ണത്തിൽ ഇന്ന് യുഎസ് മുൻപന്തിയിലാണ്. കുറച്ചു ഭക്ഷണത്തിനോ, നിസ്സാരതുകക്കോ പോലും ശരീരം വിൽക്കാൻ വരെ സ്ത്രീകൾ നിർബന്ധിതരാകുന്നു. എന്നിട്ടും സാമ്പത്തിക പുനഃരുജ്ജീവനത്തിന്റെ കഥകൾ എഴുതുകയാണ് ചില നിരീക്ഷകരും സാമ്പത്തികവിദഗ്ദരും. എന്തെങ്കിലും ചെറിയ സാമ്പത്തികമുന്നേറ്റം സൃഷ്ടിക്കപ്പെട്ടതു പോലും ഒരു ശതമാനം വരുന്ന അതിസമ്പന്നർക്കു മാത്രം ഗുണം ചെയ്യുന്നവയാണെന്ന് ബൂർഷ്വാ സാമ്പത്തികവിദഗ്ദർ പോലും സമ്മതിക്കുന്നു. പുറത്തു നിന്നു നോക്കുന്നവർക്ക് അമേരിക്കൻ സമ്പദ്ഘടന വളരെ മഹത്തരമായി തോന്നാം. എന്നാൽ അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് കാര്യം വളരെ വ്യത്യസ്തമാണ്”. ആ ഡെമോക്രാറ്റ് സെനറ്റർ ഇങ്ങനെയാണ് ഉപസംഹരിച്ചത്.
ഭരിക്കുന്ന കുത്തകകളുടെ ഏറ്റവും വിശ്വസ്തർക്കിടയിലേക്ക് തെരഞ്ഞെടുപ്പ് ചുരുക്കപ്പെടുന്നു
സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാനായി തൽസ്ഥിതി തുടരാൻ ആഗ്രഹിക്കുന്ന ഒരു ശതമാനം അതിസമ്പന്നരെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശേഷിക്കുന്ന 99 ശതമാനത്തിനു സാധിക്കുമോ? ഇതായിരുന്നു അമേരിക്കയിലെ അധ്വാനിക്കുന്ന ജനങ്ങൾക്കു മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം. ഈ പൊതുമനസ്സിനെ കുറിച്ച് സ്ഥാനാർത്ഥികളും ബോധവാന്മാരായിരുന്നു. ഭരിക്കുന്ന കുത്തകകളോട് അമിതമായ വിധേയത്വം പുലർത്തുന്ന റിപ്പബ്ലിക്കൻമാർക്കും ഡെമോക്രാറ്റുകൾക്കും ഇടയിലായി ചുരുക്കപ്പെട്ട ഇരുകക്ഷി പാർലമെന്ററി സമ്പ്രദായത്തിലെ വോട്ടു യുദ്ധമാണ് ജനങ്ങൾക്കുമേൽ അമേരിക്കൻ മുതലാളിത്തം അടിച്ചേൽപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ സ്ഥാനാർത്ഥി സാധ്യതകളിൽ ഏറ്റവും മുന്നിലേക്കു വന്നത് 3 പേരാണ്. ഡെമോക്രാറ്റുകളിൽ ബെർണി സാൻഡേർസും ഹിലരി ക്ലിന്റണും, റിപ്പബ്ലിക്കൻമാരിൽ ഡൊണാൾഡ് ട്രംപും. മൂന്നു പേരും, പൊതുജനപിന്തുണ തങ്ങൾക്ക് അനുകൂലമാക്കാൻ തങ്ങളുടേതായ രീതികളിൽ ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ സാമ്പത്തികപ്രയാസങ്ങളെ കുറിച്ചാണ് സംസാരിച്ചത്. എന്നാൽ പ്രചരണവഴിയിൽ കടുത്ത വസ്തുതകൾ മുന്നിലേക്കു വന്നു. ഇവരിൽ, വാൾസ്ട്രീറ്റ് പിടിച്ചടക്കൽ സമരത്തിലെ അംഗങ്ങളുടെയടക്കം, വലിയൊരു വിഭാഗം യുവാക്കളുടേയും പുരോഗമന ചിന്താഗതിക്കാരുടേയും പിന്തുണ നേടിയത് ബെർണി സാൻഡെർസിന്റെ ശബ്ദത്തിനാണ്. അഞ്ചു ഡോളറും പത്തു ഡോളറുമൊക്കെയായി പതിനായിരക്കണക്കിന് സാധാരണക്കാരും ദരിദ്രരുമാണ് അദ്ദേഹത്തിന്റെ പ്രചരണത്തിനായി സംഭാവന നൽകിയത്.

സാമ്പത്തികഘടനയിലേക്കും തൊഴിലാളികളുടെ അവസരങ്ങളെ ഞെരുക്കുന്ന വമ്പൻ വാണിജ്യലോബികളുടെ കരുത്തിലേക്കുമാണ് സാൻഡേർസ് വിരൽ ചൂണ്ടിയത്. അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകൾക്ക് നിർമ്മാണവും വ്യവസായവുമൊക്കെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി ഹിലരിയുമായി മൽസരിച്ച അദ്ദേഹം, യുഎസിലെ ഊഹക്കച്ചവട കേന്ദ്രമായ വാൾസ്ട്രീറ്റുമായി ഈ മുൻപ്രഥമ വനിതക്കുള്ള അടുത്ത ബന്ധത്തെ നിരന്തരം ആക്രമിച്ചു. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ട പ്രതിനിധികൾക്ക് സാൻഡേർസിന്റെ ഈ വിപ്ലവകരമായ വ്യത്യസ്ത സമീപനം ദഹിച്ചില്ല. ബഹുരാഷ്ട്ര കുത്തകകളും വമ്പൻ കോർപ്പറേറ്റുകളുടേയും സഹായം സാൻഡേർസിനു കിട്ടില്ല എന്നു ഭയന്ന് അവർ തങ്ങളുടെ പ്രിയ സ്ഥാനാർത്ഥിയായി ഹിലരിയെ തെരഞ്ഞെടുത്തു. അങ്ങനെ സാൻഡേർസ് പാതി വഴിയിൽ പുറത്താക്കപ്പെട്ടു. ജനങ്ങൾക്കു മുന്നിൽ രണ്ടു സ്ഥാനാർത്ഥികൾ മാത്രം അവശേഷിച്ചു. അവരേക്കുറിച്ച് സാധാരണക്കാർക്കുണ്ടായിരുന്ന അഭിപ്രായം ഇങ്ങനെയായിരുന്നു: ”എനിക്കവരെ രണ്ടു പേരേയും ഇഷ്ടമല്ല, ഇവരിൽ ആരു ജയിച്ചാലും ഞങ്ങൾക്കായി ഒന്നും ചെയ്യില്ല”’

ഹിലരി ക്ലിന്റൺ – ചരിത്രം

ഹിലരി ക്ലിന്റൺ എന്ന മുൻ പ്രഥമവനിത, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ പത്‌നി, ബാരക്ക് ഒബാമ ഭരണത്തിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് – എന്നും അമേരിക്കൻ കുത്തകകളുടെ കണ്ണിലെ കൃഷ്ണമണിയായിരുന്നു. സാൻഡെർസിനു ലഭിച്ച വമ്പിച്ച ബഹുജനപിന്തുണ, കുറച്ച് ഇടതുപക്ഷ വാചാടോപം സ്വീകരിക്കാൻ ഹിലരിയെ നിർബന്ധിതയാക്കി. സാൻഡേർസിനെ പോലെ അവരും ഭീമമായ വിദ്യാഭ്യാസ വായ്പകളെ കുറിച്ചും, തെരഞ്ഞെടുപ്പുപ്രചരണത്തിന്റെ സാമ്പത്തികസഹായത്തിനു വരുത്തേണ്ട പരിഷ്‌കാരങ്ങളെ കുറിച്ചും പരാമർശിക്കുകയുണ്ടായി. വളരുന്ന അസമത്വത്തിനുള്ള പരിഹാരം പോലും അവർ ആവശ്യപ്പെട്ടു. അവരുടെ ചടങ്ങുകൾ തടസ്സപ്പെടുത്തുക വരെ ചെയ്ത ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ പ്രസ്ഥാനവും, പോലീസ് കൊലപാതകങ്ങൾക്കെതിരേ തെരുവിൽ നടക്കുന്ന കലാപങ്ങളും, പോലീസ് ഭീകരതയുടെ ഇരകളുടെ മാതാക്കളുമായി തന്റെ പ്രചരണവേദികൾ പങ്കിടാൻ അവരെ നിർബന്ധിതയാക്കി. എന്നാൽ ഇതൊന്നും തന്നെ അവരുടെ മുൻകാലചരിത്രത്തേയോ, വലതുപക്ഷ ചായ്‌വിനേയോ മറയ്ക്കാൻ പര്യാപ്തമായില്ല.
അരികു പറ്റി ജീവിക്കേണ്ടിവരുന്ന ദരിദ്രർക്ക് ഏറ്റവും കുറഞ്ഞ വരുമാനം നൽകിയിരുന്ന ക്ഷേമസംവിധാനം നിർത്തലാക്കിയത് 1996-ൽ ബിൽ ക്ലിന്റനാണ്. ഇത് കുട്ടികളുള്ള ദരിദ്രസ്ത്രീകളേയാണ് കൂടുതലും ബാധിച്ചത്. പ്രത്യേകിച്ചും ആ രാജ്യത്തിന്റെ വെറുപ്പുളവാക്കുന്ന വംശീയ ചരിത്രം മൂലം ഏറ്റവും താഴേത്തട്ടിലേക്ക് തള്ളിയിടപ്പെട്ട കറുത്ത വർഗ്ഗക്കാരെ. ഹിലരി ക്ലിന്റൺ തന്നെ ‘ഹാർഡ് ചോയിസസ്’ എന്ന തന്റെ ആത്മകഥയിൽ പറയുന്നു, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഹോണ്ടുറാസ് പ്രസിഡന്റിനെ അട്ടിമറിയിലൂടെ പുറത്താക്കി, അതുവഴി ജനാധിപത്യത്തെ മറന്നു കൊണ്ടാണെങ്കിലും, അമേരിക്കൻ അനുകൂല സ്ഥിരത മധ്യ അമേരിക്കയിൽ കൊണ്ടുവരാനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന തന്റെ അധികാരം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന്. ഇറാഖിന്റെ നശീകരണം, ലിബിയയിലെ പ്രതിവിപ്ലവത്തെ പിന്തുണയ്ക്കൽ, സിറിയയെ അസ്ഥിരപ്പെടുത്തൽ എന്നിവയിലൂടെ ദശലക്ഷങ്ങൾക്ക് മരണവും ദുരന്തവും വരുത്താൻ കൂട്ടുനിന്നുവെന്നും ഹിലരി കുറ്റസ്സമ്മതം നടത്തുന്നു. അതുകൊണ്ടുതന്നെ, യുദ്ധങ്ങളും ജനവിരുദ്ധനയങ്ങളും അടിച്ചേൽപ്പിച്ചതിലൂടെ ദുരിതത്തിലായ ജനങ്ങൾക്ക് ഹിലരിയുടെ സ്ഥാനാർഥിത്വത്തിൽ തങ്ങളുടെ ദുരിതങ്ങൾക്ക് വിശ്വസനീയമായ ഒരു പരിഹാരമോ ബദലോ കണ്ടെത്താൻ കഴിഞ്ഞില്ല. തന്നെയുമല്ല, വ്യവസ്ഥിതിയുടെ ഭാഗമായാണ് അവരെ കാണാൻ സാധിച്ചതും.

ഡൊണാൾഡ് ട്രംപും ബുദ്ധിപൂർവ്വം ആസൂത്രണം ചെയ്ത വാചാടോപവും

ഇനി മാധ്യമങ്ങൾ സ്‌നേഹത്തോടെ ഡോൺ എന്നു വിശേഷിപ്പിക്കുന്ന ഡൊണാൾഡ് ട്രംപിനെ നോക്കാം. രാഷ്ട്രീയത്തിൽ താരതമ്യേന പുതുമുഖമായ, മനഃസ്സാക്ഷിക്കുത്തില്ലാത്ത തന്ത്രശാലിയായ വ്യവസായഭീമൻ. ഒപ്പം, റിയാലിറ്റി ഷോ രംഗത്തും കഴിവു തെളിയിച്ചിട്ടുള്ള ട്രംപ്, ആളുകളുടെ സാമ്പത്തിക അരക്ഷിതാവസ്ഥയെയും ദുരിതങ്ങളെയും കുറിച്ച് വികാരത്തെ തട്ടുന്ന വിധത്തിൽ കുറിക്കുകൊള്ളുന്ന വാചകക്കസർത്തു നടത്താൻ പ്രാഗൽഭ്യം സിദ്ധിച്ചയാളുമാണ്. അവർക്കു മേൽ അത് അടിച്ചേൽപ്പിച്ചതാകട്ടെ ആഗോളവൽക്കരണവും കുത്തകഭരണവുമാണ് താനും. അതുകൊണ്ടു തന്നെ ബാങ്കുകൾക്കു നേരേയാണ് ട്രംപും വിരൽ ചൂണ്ടിയത്. അതേസമയം തന്നെ അമേരിക്കയിലെ കുടിയേറ്റക്കാരെ കുഴപ്പത്തിലാക്കിക്കൊണ്ട് വംശീയധ്വനിയോടെ ആക്രമണം നടത്താനും അയാൾ മടിച്ചില്ല. അമേരിക്കയിലെ വെള്ളക്കാരായ ജനങ്ങളുടെ തൊഴിലുകൾ തട്ടിയെടുക്കുന്നത് കുടിയേറ്റക്കാരാണെന്നും അവരുടെ സാമൂഹികസുരക്ഷയുടെ കൂടി ഭാരം പേറേണ്ടി വരുന്നതും തദ്ദേശീയർക്കാണെന്നുമാണ് അയാൾ ആരോപിച്ചത്. മെക്‌സിക്കൻ കുടിയേറ്റക്കാരെ ക്രിമിനലുകളും മയക്കുമരുന്നു കടത്തുകാരുമൊക്കെയായി അയാൾ വിശേഷിപ്പിച്ചു.
യുഎസിനും മെക്‌സിക്കോക്കും ഇടയിലെ അതിർത്തിയിൽ മെക്‌സിക്കോയുടെ ചെലവിൽ മതിൽ പണിയാൻ നയപരമായ തീരുമാനമെടുക്കുമെന്നും മതിയായ രേഖകളില്ലാത്ത എല്ലാ കുടിയേറ്റക്കാരേയും നാടു കടത്തുമെന്നും പ്രഖ്യാപനമുണ്ടായി. മതിയായ രേഖകൾ ഇല്ലാത്ത എന്ന പ്രയോഗം കേവലം ആലങ്കാരികം മാത്രമായിരുന്നു. കാരണം അതിനോടകം തന്നെ ആശയക്കുഴപ്പത്തിലായ ഒരു വിഭാഗം അമേരിക്കക്കാർക്കിടയിൽ, തങ്ങളുടെ തൊഴിലുകൾ കൊണ്ടുപോകുന്നത് കുടിയേറ്റക്കാരാണെന്ന വിലകുറഞ്ഞ അടിസ്ഥാനരഹിതമായ സിദ്ധാന്തം വേരുറപ്പിക്കുകയും അവരോട് അമർഷം രൂപപ്പെടുകയും ചെയ്തു. അതുപോലെ തന്നെ, ഇന്ത്യക്കാരടക്കം വിദേശികളായ നിരവധി വിദഗ്ദ തൊഴിലാളികളെ അമേരിക്കയിലെത്തിക്കുന്ന എച്ച്-1 ബി വിസ അവസാനിപ്പിക്കുമെന്ന മുദ്രാവാക്യവും ഒരു വിഭാഗത്തിന്റെയുള്ളിൽ വെറുപ്പിന്റെ മനോഭാവം ജനിപ്പിച്ചു. ട്രംപിന്റെ പ്രചരണത്തിന്റെ മറ്റൊരു കാതലായ വശം, മുസ്ലീംങ്ങളെ ഒന്നടങ്കം തീവ്രവാദികളായി മുദ്രകുത്തിക്കൊണ്ട്, അവരെ അമേരിക്കയിൽ കാലു കുത്താൻ അനുവദിക്കില്ല എന്ന പ്രഖ്യാപനമാണ്. കറുത്ത വർഗ്ഗക്കാരനായ ആദ്യ അമേരിക്കൻ പ്രസിഡന്റ് ബാരക്ക് ഒബാമക്കെതിരേ, അദ്ദേഹം മുസ്ലീമാണ്, അമേരിക്കക്കാരനല്ല എന്ന മട്ടിലുള്ള പ്രചാരണങ്ങളും ട്രംപ് നടത്തി. വസ്തുതകൾ മറിച്ചാണ് താനും. അമേരിക്കയിൽ തന്നെ ജനിച്ച കൃസ്ത്യൻ വംശജനാണ് ഒബാമ എന്നത് രേഖകൾ പ്രകാരം തന്നെ എന്നേ തെളിയിക്കപ്പെട്ടതാണ്. സാമ്പത്തികരംഗത്താകട്ടെ, വംശീയ സംരക്ഷണത്തിലൂന്നിക്കൊണ്ട്, താരിഫ് നിരക്കുകൾ ഉയർത്തി, അമേരിക്കയെ വീണ്ടും മഹത്ത്വവൽക്കരിക്കും എന്നതാണ് പ്രഖ്യാപനം.
കോർപ്പറേഷനുകളെയും, മാധ്യമങ്ങളേയും ഹിലരിയേയും ഒബാമയേയുമെല്ലാം ഒരു വിശാല ഗൂഢാലോചനയുടെ ഭാഗമായി കൂട്ടിക്കെട്ടിക്കൊണ്ട് ട്രംപ് നടത്തിയ പ്രചരണം, ലോകമൊട്ടാകെ തങ്ങളുടെ ആക്രമണങ്ങൾ നടപ്പാക്കിയെടുക്കാൻ അമേരിക്കൻഭരണകൂടം കാണിക്കുന്ന തന്ത്രങ്ങളുമായി കൃത്യമായി യോജിക്കുന്നതായിരുന്നു. അമേരിക്കൻ യുദ്ധതൽപ്പരതയുടെ ഖേദരഹിതമായ അംഗീകാരം തന്നെയായിരുന്നു അത്. മാത്രമല്ല അമേരിക്കൻ സ്ഥാപനങ്ങളെ മേലിൽ വിശ്വസിക്കാത്ത മനോവിഭ്രാന്തിയും കോപവും നിറഞ്ഞ ഒരു ജനവിഭാഗത്തെ കെട്ടഴിച്ചു വിടാനും അത് ധാരാളമായിരുന്നു.

രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾക്കാണ് ഇത് ജന്മം നൽകിയത്. ഒരു റിപ്പബ്ലിക്കൻ സെനറ്റർ പറഞ്ഞതിങ്ങനെയാണ് ”നമ്മൾ ട്രംപിനെ നാമനിർദ്ദേശം ചെയ്താൽ നമ്മൾ നശിക്കും നമ്മളത് അർഹിക്കുകയും ചെയ്യും”.’വിദേശ ശക്തികളിൽ നിന്നും യുഎസ് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ട്രംപ് താരിഫുകൾ എത്രത്തോളം ഉയർത്തിയാലും അതുകൊണ്ടൊന്നും ആഭ്യന്തര നിർമ്മാണ വ്യവസായത്തെ രക്ഷിക്കാൻ സാധിക്കില്ലെന്നാണ് പൊതുവേ ഭയപ്പെടുന്നത്. മറുവശത്ത്, വെള്ളക്കാരുടെ മേധാവിത്വം പ്രഘോഷിക്കുന്ന ഭ്രാന്തു പിടിച്ച ‘കു ക്ലക്‌സ് ക്ലാൻ’ എന്ന സംഘടനയുടെ ഒരു മാർഗ്ഗദർശി വെള്ളക്കാരായ തന്റെ റേഡിയോ ശ്രോതാക്കളോട് പറഞ്ഞത്, ഡൊണാൾഡ് ട്രംപിനല്ലാതെ മറ്റാർക്ക് വോട്ടു ചെയ്താലും, ചെയ്യുന്നവർ ‘തങ്ങളുടെ പാരമ്പര്യത്തെ വഞ്ചിക്കുകയാകും’ എന്നാണ്. ‘രാഷ്ട്രീയക്കാർക്ക് വളരെ സമ്പന്നമായി സംഭാവന ചെയ്യുന്ന സാമ്പത്തിക മേലാളന്മാരെ സൃഷ്ടിച്ച ആഗോളവൽക്കരണം നമ്മുടെ ദശലക്ഷക്കണക്കിനു തൊഴിലാളികൾക്ക് ദാരിദ്ര്യവും തലവേദനയുമല്ലാതെ മറ്റൊന്നും നൽകിയിട്ടില്ല.’ ഇതു പോലെയുള്ള ട്രംപിന്റെ പ്രഖ്യാപനങ്ങൾ പഴയ ഉരുക്കുവ്യവസായ തൊഴിലാളികളുടേയും മുൻകർഷകരുടേയും വീടുകളിൽ നിറയുന്ന വികാരങ്ങളുമായി ചേർന്ന് പ്രതിധ്വനിച്ചു. അമേരിക്കൻ സ്ഥാപനങ്ങൾ, അവിടുത്തെ അങ്ങേയറ്റം പക്ഷപാതപരമായ തെരഞ്ഞെടുപ്പ് നിയമങ്ങളടക്കം, വിശേഷിച്ചും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരായവരോട് ഒട്ടും നീതിപൂർവ്വമായിരുന്നില്ല. ഇന്ന്, ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെ വെള്ളക്കാരായ പുരുഷന്മാരേക്കാൾ കറുത്തവരായ പുരുഷന്മാർക്ക് ജയിലിൽ അടയ്ക്കപ്പെടാൻ അഞ്ചിരട്ടി സാധ്യത കൂടുതലാണന്ന് കാണുന്നു. 2014-ൽ വോട്ടവകാശമുള്ള കറുത്തവർഗ്ഗക്കാരായ എട്ടിലൊന്ന് പുരുഷന്മാരേയും വോട്ട് ചെയ്യാൻ അയോഗ്യരാക്കി. വ്യവസ്ഥാപിതമായ ഇത്തരം വിവേചനങ്ങളും ഇല്ലായ്മകളും മൂലം മനംമടുത്ത കറുത്ത വർഗ്ഗക്കാരിൽ ഒരു വിഭാഗവും മതിയായ രാഷ്ട്രീയ ബോധത്തിന്റെ അഭാവത്തിൽ ഈ പ്രചരണത്തിൽ വീഴുകയും അതിനാൽ വഴിതെറ്റിക്കപ്പെടുകയും ചെയ്തു. ഇവരെയൊക്കെ സംബന്ധിച്ചിടത്തോളം ആഗോളവൽക്കരണത്തിന്റെ ഇരകളായവർ-കർഷകർ, വ്യവസായതൊഴിലാളികൾ, ജനങ്ങൾ- ഇവർക്കൊക്കെ മുമ്പിൽ തങ്ങൾക്കുവേണ്ടി സംസാരിക്കുകയെങ്കിലും ചെയ്യുന്ന ഒരാളായാണ് ട്രംപ് പ്രത്യക്ഷപ്പെടുന്നത്. ഇവരൊക്കെയും നിലനിൽപ്പിനായി ഒരു ജോലി കണ്ടുപിടിക്കാൻ കഷ്ടപ്പെടുകയോ ഒന്നിലേറെ ജോലികൾ ചെയ്യുകയോ ഒക്കെ ചെയ്യേണ്ടവരാണ്.

ചുരുക്കി പറഞ്ഞാൽ, ട്രംപ് തന്റെ പ്രചരണത്തിൽ ചില വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് മുന്നോട്ട് പോയത്. (1) സാധാരണ അമേരിക്കൻ ജനതയിൽ ഉടലെടുത്തിരിക്കുന്ന വ്യവസ്ഥാപിത സമ്പ്രദായങ്ങളോടുള്ളഎതിർപ്പ് മുതലെടുക്കുക (2) ആഗോളവൽക്കരണം, കോർപ്പറേറ്റ് ചൂഷണം, ‘വാഷിംഗ്ടൺ ചതുപ്പ്’ എന്ന് വിശേഷിപ്പിക്കുന്ന യുഎസ് ഭരണകൂടം എന്നിവയുടെയെല്ലാം വിമർശകൻ എന്ന പ്രതിച്ഛായ വളർത്തിയെടുക്കുക, (3) അതേസമയം തന്നെ കുടിയേറ്റക്കാർക്കും മുസ്ലിങ്ങൾക്കുമെതിരെ വിരൽ ചൂണ്ടികൊണ്ട് കറുത്ത വർഗ്ഗക്കാർക്കെതിരേ വംശീയ വികാരം വളർത്തി, അധ്വാനിക്കുന്ന അമേരിക്കൻ ബഹുജനങ്ങളിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അവിശ്വാസത്തിന്റേയും വെറുപ്പിന്റേയും ശത്രുതയുടെപോലും വിത്തുകൾ ട്രംപ് വിതച്ചു. ഇതിലൂടെ നിർദ്ദയമായ മുതലാളിത്ത ചൂഷണത്തിനെതിരെ ജനങ്ങളുടെ ഐക്യം രൂപപ്പെടുന്നത് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യമാണുള്ളത്. എന്നാൽ നിർഭാഗ്യവശാൽ ഇത്തരം വഞ്ചനാത്മകമായ പുലമ്പലുകൾക്കു പിന്നിലെ ഹീനലക്ഷ്യങ്ങൾ മനസ്സിലാക്കാൻ മതിയായ രാഷ്ട്രീയബോധത്തിന്റെ അഭാവം മൂലം സാധിക്കാതെ,വലിയൊരു വിഭാഗം അമേരിക്കൻ ജനങ്ങളും ഇത്തരം വിദ്വേഷമുള്ള വാക്കുകളാൽ വശീകരിക്കപ്പെട്ടപ്പോൾ ഭരിക്കുന്ന കുത്തകകൾക്കാണ് അത് നേട്ടമായത്.

സംവാദം എന്ന പ്രഹസനം

സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നിരവധി പ്രശ്‌നങ്ങളാൽ അമേരിക്കയിലെ ജനങ്ങൾ വലയുമ്പോഴും, പ്രധാന സ്ഥാനാർത്ഥികളായ ഹിലരിയും ട്രംപും തമ്മിൽ നടന്ന നേർക്കുനേർ സംവാദങ്ങളിൽ അവയൊന്നും തന്നെ വിഷയമാവുകയുണ്ടായില്ല. പകരം കണ്ടതോ, ഏറ്റവും താണനിലാവരത്തിലേക്ക് വീണ വ്യകതിപരമായ ആക്രമണങ്ങളും ചെളിവാരിയെറിയലും വ്യക്തിഹത്യയും. ഇന്നത്തെ ബൂർഷ്വാ രാഷ്ട്രീയം എത്രത്തോളം പാപ്പരായെന്നും നിലവാരം കുറഞ്ഞ സംസ്‌ക്കാരവും മോശം ഭാഷയും അശ്ലീല പദപ്രയോഗങ്ങളും രാഷ്ട്രീയ ചർച്ചകളുടെ അടിസ്ഥാനമായി എത്രത്തോളം സ്ഥാപിക്കപ്പെടുന്നു എന്നും- അതും രാജ്യഭരണത്തിന്റെ ഏറ്റവും പരമോന്നത സ്ഥാനം കാംക്ഷിക്കുന്ന വ്യക്തിത്വങ്ങളാൽ, എന്നുള്ളതാണ് ഇത് നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നത്.

കൗശലപൂർവ്വമുള്ള പ്രചരണത്തിന് പിന്നിലെ ഭീകരത

ട്രംപിന്റെ പല പ്രഖ്യാപനങ്ങളും ജനത്തെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടാനുള്ള തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു എന്നത് വിജയിച്ചതിനു ശേഷം ഒന്നിനു പുറകെ ഒന്നായി ഓരോ വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ നിലപാടുമാറ്റം ഇന്ന് വെളിവാക്കുന്നുണ്ട്. കുടിയേറ്റക്കാരുടേയും മുസ്ലീംങ്ങളുടേയും വിഷയത്തിൽ എത്രത്തോളം അയാൾ പോകും, എത്രത്തോളം മൃദു സമീപനം സ്വീകരിക്കും എന്നത് കാത്തിരുന്നുതന്നെ കാണണം. ഭരിക്കുന്ന അമേരിക്കൻ കുത്തകകളുടെ വിശ്വസ്ത പ്രതിനിധി എന്ന നിലയിൽ ഈ വിഷയങ്ങളിൽ എല്ലാംതന്നെ അമേരിക്കൻ ബഹുജനങ്ങൾക്കിടയിൽ രൂപപ്പെട്ട ഭിന്നിപ്പിനെ വളർത്തുവാനായില്ലെങ്കിലും നിലനിർത്തുവാനെങ്കിലുമാകും ട്രംപിന്റെ ശ്രമം. എന്നാൽ ട്രംപ് ഇതിൽ നിന്ന് പിന്തിരിയുമെന്ന് ചില നിരീക്ഷകർ പ്രതീക്ഷിക്കുന്നു. അവരുടെ വാദം ശരിയെന്നു തെളിയിക്കപ്പെട്ടാലും ട്രംപ് ഇതിനോടകം ആളിക്കത്തിച്ച വിദ്വേഷവും അവിശ്വാസവും ശത്രുതയും സമൂഹത്തിൽ നിലനിൽക്കും, ഒരു പക്ഷേ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യും. വംശീയവും വർഗ്ഗീയവും, നിറത്തിന്റെ പേരിലുമൊക്കെ ഇന്നു നടക്കുന്ന ഒറ്റപ്പെട്ടതും എന്നാൽ അടിക്കടി ഉണ്ടാകുന്നതുമായ അക്രമങ്ങൾ ഈ ദയനീയ യാഥാർഥ്യത്തെ സാധൂകരിക്കുന്നു. വെള്ളക്കാരുടെ മേൽക്കോയ്മക്കായി വാദിക്കുന്ന ചില ഘടകങ്ങൾ വെളിപ്പെടുത്തുന്നത്, അവരുടെ അണികൾ ഇപ്പോൾ തന്നെ തങ്ങളുടേതായ ജീവിത രീതിയെ സംരക്ഷിക്കുവാനായി തയ്യാറെടുക്കുന്നുവെന്നത്രേ. വംശീയതയും, സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം നിഷേധിക്കലും കുടിയേറ്റക്കാരെ ആക്രമിക്കലും ഒക്കെ ഉൾപ്പെടുന്നതാണ് അവരുടെ ഈ ജീവിത രീതി.

എത്രത്തോളം നീതിയുക്തമാണ് തെരഞ്ഞെടുപ്പ് പ്രക്രിയ

ഏറ്റവും മോശം മനോഭാവം വളർത്തുന്ന സ്ഥാനാർത്ഥി വിജയിക്കുന്നതായി ഭവിച്ചു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഇതോടൊപ്പം തെരഞ്ഞെടുപ്പ് സംവിധാനത്തിലും പ്രക്രിയയിലും അന്തർലീനമായിരിക്കുന്ന വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുകളും വെളിവാകുകയും ചെയ്തു. പണ്ടും അതുപോലെ തന്നെ ഇപ്പോഴും ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടി എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഹിലരിയുടെ പ്രചരണത്തിന്റെ ചുമതലയുണ്ടായിരിക്കുന്നവരോട്, വിസ്‌കോൺസി, മിഷിഗൺ, പെൻസിൽവാനിയ എന്നീ പ്രധാന സംസ്ഥാനങ്ങളിൽ വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെടണം എന്ന് യുഎസിലെ പ്രമുഖരായ ചില കമ്പ്യൂട്ടർ വിദഗ്ദ്ധർ തന്നെ അഭ്യർത്ഥിക്കുകയുണ്ടായി. ട്രംപ് ജയിച്ച ഈ സംസ്ഥാനങ്ങളിൽ കൃത്രിമം നടന്നൂ എന്ന് അവർ ആരോപിക്കുന്നു. ഇത് കൂടാതെ വോട്ടർപട്ടികയിൽ കൃത്രിമം കാട്ടി എന്നും പട്ടികയിൽ നിന്നും ഒരു പ്രത്യേക സമുദായത്തിലെ അർഹരായ വോട്ടർമാരെ ഒഴിവാക്കി എന്നും പോളിംഗ് കേന്ദ്രങ്ങളിൽ എത്തുന്നതിൽ നിന്നും ചില വോട്ടർമാരെ തടഞ്ഞു എന്നുമൊക്കെ നിരന്തരമായ ആരോപണങ്ങൾ ഉയരുന്നുണ്ട്. തന്റെ പ്രചരണത്തിന്റെ ചില സന്ദർഭങ്ങളിൽ, തെരഞ്ഞെടുപ്പിൽകൃത്രിമം കാട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ട്രംപ് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ, തിരിമറികൾ നടത്തുന്നതിൽ നിന്നും മുക്തമല്ല എന്നാണിത് കാണിക്കുന്നത്. ഇതെല്ലാം തന്നെ ഒരു കാര്യം സംശയലേശമെന്യേ തെളിയിക്കുന്നു. ഭരിക്കുന്ന കുത്തകകൾക്ക് വിധേയരായ ഭരണകൂടം നടത്തിയ കൈകടത്തലിൽ നിന്നും തെരഞ്ഞെടുപ്പ് ഒട്ടും തന്നെ മുക്തമായിരുന്നില്ല. തീർച്ചയായും കുത്തകകൾക്ക് താല്പര്യമുള്ള സ്ഥാനാർത്ഥിയെ മുന്നിലേക്ക് തള്ളിക്കൊണ്ട് വരിക എന്നതുതന്നെയായിരുന്നു ഇതിന്റെ ഉദ്ദേശം. ഇത് വാസ്തവത്തിൽ എല്ലാ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളിലേയും തെരഞ്ഞെടുപ്പിന്റെ പൊതു സ്വഭാവമായി മാറിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിലേക്കെത്തുമ്പോൾ

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രകടമായ ചില സവിശേഷതകളാണ് അവതരിപ്പിച്ചത്. 1. ഭരണ സംവിധാനത്തിനെതിരായി ജനങ്ങൾക്ക് അമർഷം ഉണ്ട്. 2. സ്ഥാനാർത്ഥികൾ ഈ മനോഭാവം തിരിച്ചറിഞ്ഞിരുന്നു. 3. തങ്ങളുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതായികണ്ട് ജനങ്ങൾ പിൻതുണച്ച സ്ഥാനാർത്ഥിയെ മത്സരത്തിൽ നിന്നുതന്നെ പുറത്താക്കി. 4. രണ്ട് സ്ഥാനാർത്ഥികളിൽ ഒരാൾക്ക് തന്റെ കൂർമ്മബിസിനസ് ബുദ്ധി ഉപയോഗിച്ച് (ആ വ്യവസായ വിജയം തന്നെ നികുതിവെട്ടിപ്പുകൾകൊണ്ട് നേടിയതെന്നത്രേ ആരോപണം) ജനങ്ങളുടെ മനോഭാവം നന്നായി തിരിച്ചറിയുകയും അത് ഉപയോഗപ്പെടുത്തിക്കൊണ്ട് അമേരിക്കൻ ജനതയിലെ വലിയൊരു വിഭാഗത്തെ തന്റെ വാചാടോപവും, മുദ്രാവാക്യങ്ങളും ടെലിവിഷൻ പരിചയവും നൈപുണ്യവും ഉപയോഗിച്ച് ആകർഷിക്കുവാനും വിജയം വരിക്കാനും സാധിച്ചു. 5. അയാളുടെ വ്യക്തിത്വം എന്ത് തന്നെയായാലും തന്റെ മേൽക്കോയ്മയായ ഭരണകുത്തകകളുടേയും ബഹുരാഷ്ട്ര കോർപ്പറേഷനുകളുടേയും വിനീതദാസരായ ഭരണകൂടത്തിന്റേയും ഒരു വിഭാഗം മാധ്യമങ്ങളുടേയും അനുഗ്രഹാശിസുകളില്ലാതെ സ്വന്തം നിലക്ക് മാത്രമാണ് നിയുക്ത പ്രസിഡന്റിന്റെ വിജയം എന്നു വിചാരിച്ചാൽ അത് മണ്ടത്തരമായിരിക്കും. (തെരഞ്ഞെടുപ്പിനുശേഷം ചില മാധ്യമസ്ഥാപനങ്ങൾക്കുനേരെ ട്രംപ് നടത്തിയ രോഷപ്രകടനം തന്നെ, അയാൾക്കുകിട്ടിയ വമ്പിച്ച മാധ്യമ പിൻതുണയിൽ -ക്ലിന്റണിന്റെ ഇ മെയിൽ വിവാദത്തിൽഅടക്കം- നിന്നു ശ്രദ്ധ തിരിക്കാനുള്ള അടവുമാത്രമാണ്). 6. തെരഞ്ഞെടുപ്പു ഫലത്തെകുറിച്ച് ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ തങ്ങൾക്കുതാത്പര്യമുള്ള സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാനായി ഭരണകൂടം വഹിച്ച പങ്കിനെ വ്യക്തമാക്കുന്ന. 7. ദുരിതത്തിലാണ്ട ജനങ്ങളാകട്ടെ ട്രംപിന്റെ വിജയത്തെ തങ്ങളുടെ വിജയമായി കാണാൻ ശ്രമിക്കുന്നു. വസ്തുതകൾ ആഴത്തിൽ മനസ്സിലാക്കാതെ ജനങ്ങൾ അങ്ങനെ ചെയ്താൽ മുമ്പ് പലപ്പോഴും സംഭവിച്ചതുപോലെ ഭരിക്കുന്ന സാമ്രാജ്യത്വത്തിന്റെ വഞ്ചന നിറഞ്ഞ രൂപകൽപ്പനക്ക് അവർ ഇരയായിതീരും. അതാകട്ടെ. ജനരോഷത്തെ തെറ്റായ പാതയിലൂടെ വഴിതിരിച്ചുവിട്ട് തങ്ങളുടെ ഹീനമായ വർഗ്ഗ താത്പര്യത്തെ സേവിക്കുവാൻ ഏറ്റവും വിശ്വസ്തനായ സ്ഥാനാർത്ഥിയെ തന്നെ വിജയിപ്പിച്ചെടുക്കുക എന്നതാണ.് അങ്ങനെ യാതൊരു തടസ്സങ്ങളും ഇല്ലാതെ ഭരണ സമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലും ചൂഷണവും തുടരുകയും ചെയ്യും.

നിയുക്ത പ്രസിഡന്റിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിനിറങ്ങുന്നു.

എന്നാൽ കഥയിവിടെ അവസാനിക്കുന്നില്ല. ഫലം അറിഞ്ഞ് ഉടനേതന്നെ, അമേരിക്കൻ ജനതഒന്നാകെ തങ്ങളുടെ പുതിയ രാഷ്ട്രപതിയായി ട്രംപിനെ കാണാൻ തയ്യാറല്ല എന്നതാണ് തെളിയിക്കപ്പെടുന്നത്. ഫലം വെളിപ്പെടുത്തിയ മറ്റൊരു വസ്തുത, ആകെ ലഭിച്ചവോട്ടുകളുടെ എണ്ണത്തിൽ ട്രംപ് ഹിലരിയേക്കാൾ ബഹുദൂരം പിന്നിലായിരുന്നു എന്നതാണ്. എന്നാൽ യുഎസ്സിൽ നലനിൽക്കുന്നത് ഇലക്ടറൽ കോളേജ് സംവിധാനമാണ്. ഇതിൻപ്രകാരം ഓരോ സംസ്ഥാനത്തിനും ഒരു നിശ്ചിതഎണ്ണം സമ്മതിദായകരെ അവരവരുടെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണത്തിന് അനുസൃതമായാണ് ലഭിക്കുക. പൊതുതെരഞ്ഞെടുപ്പിനു ശേഷം, ഓരോ സമ്മതിദായകനും ഒരു ഇലക്ടറൽ വോട്ടുവീതം രേഖപ്പെടുത്തുന്നു. അങ്ങനെ ആകെ 538 ഇലക്ടറൽ വോട്ട് രേഖപ്പെടുത്തുന്നു. അതിൽ പകുതിയിൽ ഏറെ (270) വോട്ടുകൾ ലഭിക്കുന്ന സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ ജയിക്കുന്നു. ജനവിധിയെ മറികടന്നുകൊണ്ട്, വിജയം കയ്യടക്കാൻ ട്രംപിനെ സഹായിച്ചത് ഈ ഇലക്ടറൽ കോളേജ് സംവിധാനമാണ്. ഇങ്ങനെയൊരു ഫലം, യുവാക്കളടക്കമുള്ളവരുടെ പ്രക്ഷോഭമാണ് ഉടനടി തെരുവുകളിലേക്ക് കൊണ്ടുവന്നത്. അതും, മിയാമി, ഫിലാഡൽഫിയ, സാൻഫ്രാൻസിസ്‌കോ, ന്യൂയോർക്ക്, ഷിക്കാഗോ, ലോസ് ഏഞ്ചൽസ് തുടങ്ങി രാജ്യത്തങ്ങോളമിങ്ങോളം ഉള്ള എല്ലാ പ്രധാനനഗരങ്ങളിലും. എല്ലാ വിഭാഗങ്ങളിലുംപെട്ട, പ്രധാനമായും യുവാക്കൾ നിറഞ്ഞ, ജനസഹസ്രങ്ങൾ കൈകോർത്തുപിടിച്ചുകൊണ്ട്, വംശീയതയ്ക്കും കുടിയേറ്റ വിരുദ്ധതയ്ക്കും വിഭജനങ്ങൾക്കുമെതിരേ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് തെരുവിൽ പ്രകടനം നടത്തി. ”ട്രംപ് എന്റെ പ്രസിഡന്റല്ല,’ ട്രംപിനുചുറ്റും മതിൽ പണിയുക” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവർ ഉയർത്തിയത്. നിരവധി അറസ്റ്റുകളുണ്ടായിട്ടും ദിവസങ്ങളോളം പ്രതിഷേധങ്ങൾ തുടർന്നു. അതും, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കനുമായ രണ്ടു ഭരണവർഗ്ഗ പാർട്ടികളുടെ നേതാക്കളും, ട്രംപ് ഭരണകൂടത്തെ സ്വീകരിക്കാനും, കടുത്ത തെരഞ്ഞെടുപ്പിന്റെ മുറിവുകൾ ഉണക്കാനും എല്ലാവരോടും അഭ്യർത്ഥിച്ചിട്ടും! ഈ അഭ്യർത്ഥനകളൊന്നും യുവാക്കളുടെ പ്രതിഷേധത്തിന്റെ വികാരത്തെ തണുപ്പിക്കാൻ പര്യാപ്തമായില്ല. ട്രംപിന്റെ വിജയം പ്രചോദിപ്പിച്ച വംശവെറിയന്മാരും മുസ്ലീംവിരുദ്ധരും കുടിയേറ്റവിരുദ്ധരുമായ അക്രമികളാൽ വ്യക്തിപരമായിത്തന്നെ ഭീഷണിപ്പെടുത്തപ്പെട്ടവരായിരുന്നു അവരിൽ പലരും. ജനുവരിയിൽ രാഷ്ട്രപതിയായി ട്രംപ് അധികാരമേൽക്കുമ്പോൾ കൂടുതൽ പ്രതിഷേധങ്ങൾക്കായി ആസൂത്രണം ചെയ്യുകയാണ് പകരം അവർ.

പ്രതിഷേധ സമരങ്ങളുടെ സവിശേഷതകൾ

ട്രംപ് പ്രതിനിധാനം ചെയ്ത എല്ലാ സാമൂഹിക പ്രശ്‌നങ്ങൾക്കും എതിരേയാണ് പ്രതിഷേധങ്ങൾ മുളപൊട്ടിയത്. വിദ്യാർത്ഥികൾ, സ്‌കൂൾ അധ്യാപകർ, പ്രഫസർമാർ, ശാസ്ത്രജ്ഞർ തുടങ്ങി തൊഴിലാളികൾ അടക്കമുള്ള സാധാരണക്കാർ വരെ അടങ്ങുന്ന വിവിധ വിഭാഗങ്ങൾ പ്രതിഷേധക്കാരിൽ ഉൾപ്പെടുന്നു. ഈപ്രതിഷേധങ്ങളിൽ പ്രകടമായും ദൃശ്യമല്ലാതിരുന്നത് ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയുടെ അടയാളങ്ങൾ ആയിരുന്നു. ഊ സന്ദർഭത്തിൽ, വാൾസ്ട്രീറ്റ് പിടിച്ചടക്കൽ സമരകാലത്ത്, ”ഞങ്ങളാണ് 99%, അവർ1% മാത്രം” എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ ആഗോളമുതലാളിത്ത സംവിധാനത്തെ തന്നെയാണ് ആ പ്രതിഷേധക്കാർ പ്രത്യേകമായും ലക്ഷ്യംവെക്കുന്നതെന്ന് വാൾസ്ട്രീറ്റ് ജേർണൽ പത്രം അഭിപ്രായപ്പെട്ടത് നാം ഓർക്കണം. 2016 ഏപ്രിലിൽ ഹാർവാർഡ് സർവകലാശാല നടത്തിയ ഒരു അഭിപ്രായ സർവ്വേയിൽ, 18നും 29നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 51% മുതലാളിത്തത്തെ പിന്തുണയ്ക്കുന്നില്ല എന്നു കണ്ടെത്തുകയുണ്ടായി. ഇത് ചൂണ്ടിക്കാട്ടുന്നത്, കേവലം തെരഞ്ഞെടുപ്പു തന്ത്രങ്ങൾ കൊണ്ടോ വാചകമടികൊണ്ടോ വ്യവസ്ഥിതിക്കെതിരെയുള്ള ജനത്തിന്റെ അമർഷം തണുപ്പിക്കാൻ സാധിക്കില്ല എന്നുതന്നെയാണ്. എന്നാൽ, ഈ പ്രതിഷേധങ്ങൾ കാണിക്കുന്നത് ശരിയായ ദിശയിൽ അവരെ നയിക്കുവാൻ ഒരു വ്യക്തിയുടെയോ കൂട്ടായ്മയുടേതോ ആയ നേതൃത്വം കൂടി ആവശ്യമുണ്ട് എന്നാണ്. സർവ്വേചൂണ്ടികാണിച്ച മറ്റൊരു കാര്യം, മുതലാളിത്തത്തിന്റെ വിമർശകർ സ്വതന്ത്ര വിപണിയുടേയും വിമർശകരാണ്. എന്നാൽ അമേരിക്കൻ ജനത കൂടുതൽ ആഴത്തിൽ സത്യം തിരിച്ചറിയുകയും മുതലാളിത്തത്തിന്റെ വികൃതമുഖം കൂടുതൽ വിശദാംശങ്ങളോടെ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട് എന്നതാണ്.

തൊഴിലില്ലായ്മയടക്കം എല്ലാ തിന്മകളുടെയും ഉറവിടം എന്താണ്?

ഒരുപാട് ചോദ്യങ്ങളാണ് അവർക്കുമുന്നിലുള്ളത്. എന്തുകൊണ്ടാണ് അമേരിക്കകാർക്ക്, അവരുടെ യുവാക്കൾക്ക് ഇത്രമേൽ തൊഴിലില്ലായ്മ നേരിടേണ്ടിവരുന്നത്? എന്തുകൊണ്ടാണ് തൊഴിലുകൾ അപ്രത്യക്ഷമാകുന്നത്? അത് കുടിയേറ്റക്കാർ മൂലമാണോ ? ആഗോളതലത്തിൽ തന്നെ വ്യവസായതൊഴിലുകളുടെ എണ്ണം കുറയുന്നു എന്നത് വസ്തുതയല്ലേ? എല്ലാ ഭൂഖണ്ഡങ്ങളിലും, വിശേഷിച്ചും യൂറോപ്പിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നു. എന്തുകൊണ്ട്? സാങ്കേതികവിദ്യാരംഗത്ത് ഉണ്ടായ വർധിച്ച വളർച്ച, ഉൽപാദനക്ഷമതയെ പരിധികൾക്കപ്പുറത്തേക്ക് വളർത്തി. എന്നാൽ ആ ഉൽപാദനക്ഷമത, ഉൽപ്പന്നങ്ങൾക്കായുള്ള ആവശ്യകതയിലുള്ള വർധനവിനെ വളരെയധികം മറികടക്കുന്നുണ്ടോ? എന്തുകൊണ്ട് ആ വ്യത്യാസം? എന്തുകൊണ്ട് അമിതോൽപാദനം? മുതലാളിത്തമല്ലേ ജനത്തെ നിരന്തരം തൊലിയുരിക്കുന്നത്, അവരെ ദരിദ്രരാക്കുന്നത്, അവരുടെ വാങ്ങൽ ശേഷിയെ കൊള്ളയടിക്കുന്നത്, അതുവഴി ആവശ്യകതയുടെ നിലവാരം വിപണിക്കായി ഉയർത്തിനിർത്തേണ്ടത്. ഇതുവരെ ചർച്ചചെയ്ത വസ്തുതകൾ കാണിക്കുന്നത് അമേരിക്കക്കാരുടെ വരുമാനവും ചെലവും കുറയുന്നുവെന്നാണ്. അതുകൊണ്ടുതന്നെ വിപണിപ്രതിസന്ധിയുണ്ട്, അമിതോൽപാദനമുണ്ട്, വ്യവസായങ്ങൾ അടച്ചുപൂട്ടുന്നുണ്ട്, വ്യവസായമാന്ദ്യം ഉണ്ടാകുന്നു, തൊഴിലുകൾ വെട്ടിക്കുറയ്ക്കുന്നു. ഈ സത്യങ്ങൾ ഇപ്പോൾ ബൂർഷ്വാ വിദഗ്ധരും അംഗീകരിക്കുന്നു. എന്നാൽ അവരത് അവിടെ നിർത്തുന്നു. മുതലാളിത്ത ചൂഷണത്തിന്റെ ഇരകളായ സാധാരണജനങ്ങളും ഇത് മനസ്സിലാക്കണം. മാർക്‌സ് മുതലുള്ള മാർക്‌സിസ്റ്റ് പ്രാമാണികരെല്ലാം നിരന്തരം ചൂണ്ടിക്കാട്ടിയതും ഇതേ സത്യം തന്നെയാണ്. ഇതാണ് മുതലാളിത്തത്തിന്റെ പ്രതിസന്ധി. ആവശ്യകതയുടെ വർദ്ധനവിനെക്കാൾ കൂടിയ ഉൽപാദനവർദ്ധനവ് ഇത് അമിതോൽപാദനത്തിന്റെ പ്രതിസന്ധി സൃഷ്ടിക്കുന്നു.

വീണ്ടും, ലഭ്യമായ പുതിയ സാങ്കേതികവിദ്യകളുപയോഗിച്ച്, ലാഭാർത്തിപൂണ്ട കുത്തകകൾ വ്യാപകമായി തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനുള്ള യന്ത്രവൽക്കരണം നടത്തി കൂലിച്ചെലവ് വെട്ടിക്കുറച്ച് തങ്ങളുടെ എതിരാളികളെ കടത്തിവെട്ടാനാണ് ശ്രമിക്കുന്നത്. അതേസമയം തന്നെ കൂലിച്ചെലവ് വെട്ടിക്കുറച്ച് ലാഭം വർദ്ധിപ്പിക്കാൻ നിർമ്മാണം തന്നെ കൂലികുറഞ്ഞ രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. യുഎസ് ഭരണകൂടം അനുവദിക്കാതെ എങ്ങനെയാണ് കുടിയേറ്റക്കാർക്ക് രാജ്യത്ത് എത്താനാവുക? യുഎസ് കുത്തകകൾക്ക് ആവശ്യമുള്ള കൂലികുറഞ്ഞതൊഴിലാളികളെയാണ് കുടിയേറ്റത്തിലൂടെ ലഭിക്കുന്നത്. അതിലൂടെ ഉൽപാദനച്ചെലവു കുറയ്ക്കാനും കുത്തകകൾക്ക് സാധിക്കുന്നു. അതല്ലെങ്കിൽ തുച്ഛമായ ചെലവിൽ ഉൽപാദനം നടത്താൻ പറ്റുന്ന മറ്റൊരു രാജ്യത്തേക്ക് ഉൽപാദനം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നു. ഇങ്ങനെ കുറഞ്ഞ ചെലവിൽ ഉദ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കൂടിയലാഭമാണ് നൽകുന്നത്. അതാകട്ടെ അമേരിക്കയിൽ ഉൽപാദനം നടത്തിയാൽ ഒരിക്കലും നേടാനാകില്ലതാനും. അതുകൊണ്ടുതന്നെ കുടിയേറ്റക്കാർ അമേരിക്കക്കാരുടെ ജോലിതട്ടിയെടുക്കുന്നു എന്നവാദത്തിൽ യാതൊരു കഴമ്പുമില്ല. ഭരിക്കുന്ന മുതലാളിത്തമാണ് തൊഴിലുകൾ ഇല്ലാതാക്കുന്നത് എന്ന വസ്തുത തിരിച്ചറിയുന്നില്ലെങ്കിൽ, കുടിയേറ്റക്കാർക്കെതിരേയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണത്തിന് ഒരാൾ വശംവദനാകും.

അതുപോലെ തന്നെയാണ് മുസ്ലീംങ്ങളാണ് ഭീകരതസൃഷ്ടിക്കുന്നതെന്ന പ്രചരണം. വാസ്തവത്തിൽ, ജനാധിപത്യത്തിന്റെ കാവലാളായും, ഭീകരതയ്‌ക്കെതിരേയുള്ള പോരാളികളായും സ്വയം സ്ഥാപിക്കുന്ന യുഎസ് സാമ്രാജ്യത്വം തന്നെയാണ് ഏറ്റവും യുദ്ധക്കൊതിയന്മാരായ ലോകത്തെ സാമ്രാജ്യത്വശക്തി. ലോകത്തെ ഏറ്റവും ഭീകരരായ എല്ലാ തീവ്രവാദസംഘടനകളും, അതായത് അൽ-ഖൈ്വദയും താലിബാനും ഐഎസ്‌ഐഎസും അടക്കം എല്ലാവരുടെയും സ്രഷ്ടാവും പരിശീലകനും പ്രായോജകനും ആയുധവിതരണക്കാരനുമെല്ലാം യുഎസ് സാമ്രാജ്യത്വം തന്നെ. ഇറാഖിലായാലും, കൊസോവയിലായാലും, ലിബിയയിലായാലും മറ്റ് എവിടെയായാലും സ്റ്റേറ്റ് ഭീകരതയുടെ ഏറ്റവും ഭയാനകമായ അപരാധികളും അവർതന്നെ. അപ്പോൾ മുസ്ലീംങ്ങളെ ഒന്നടങ്കം തീവ്രവാദികളായി മുദ്രകുത്തുന്നതും, അമേരിക്കയിൽ അവരുടെ വരവു നിരോധിക്കുന്നതും, ട്രംപിന്റെ മലീമസമായ സമീപനത്തോടുകൂടിയ തെരഞ്ഞെടുപ്പ് തന്ത്രമാകാം. ജനങ്ങൾക്കിടയിൽ അനൈക്യം വിതയ്ക്കാനുള്ള ഒരു സാമ്രാജ്യത്വ രൂപകൽപനയുടെ ഭാഗം തന്നെയാകാം അത്.

മാറ്റത്തിന്റെ പാതകാട്ടിത്തരാൻ മാർക്‌സിസം- ലെനിനിസത്തിനു മാത്രമേ സാധിക്കൂ

അമേരിക്കൻ സാമ്രാജ്യത്വഭരണാധികാരികളുടെ ക്രൂരമായ ചൂഷണത്തിനും അടിച്ചമർത്തലിനും കീഴിൽ ചതഞ്ഞമരുന്ന അമേരിക്കൻജനത തീവ്രമായി പുറത്തേക്കുള്ള വഴിതേടുകയാണ്. വാൾ സ്ട്രീറ്റ് പിടിച്ചടക്കൽ സമരം ഇതിനൊരു തിളങ്ങുന്ന ഉദാഹരണമാണ്. ഇപ്പോൾ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബെർണി സാൻഡേർസിനു ലഭിച്ച പിന്തുണ, ട്രംപിന്റെ വിജയത്തിനെതിരേ വ്യാപകവും ശക്തവുമായ പ്രതിഷേധം, ഇതെല്ലാം നിലനിൽക്കുന്ന വ്യവസ്ഥിതിക്കെതിരേ അമേരിക്കൻ ജനതയിൽ വളരുന്ന അമർഷത്തെ തന്നെയാണ് തുറന്നുകാട്ടുന്നത്. പ്രകടനങ്ങൾ കേവലം തെരഞ്ഞെടുപ്പുഫലത്തിനെതിരേയുള്ള പ്രതിഷേധം മാത്രമായിരുന്നില്ല. അടിസ്ഥാനപരമായ മാറ്റത്തിനുള്ള മുറവിളി തന്നെയായിരുന്നു അത്. വാൾസ്ട്രീറ്റ് പിടിച്ചടക്കൽ സമരം പോലെ തന്നെ, ഇപ്പോളത്തെ പ്രതിഷേധങ്ങളും കാണിച്ചു തരുന്നത് ഒരു ശരിയായ മാർക്‌സിസ്റ്റ് നേതൃത്വത്തിന്റെ ആവശ്യം മാറ്റത്തിനായി ദാഹിക്കുന്ന അമേരിക്കൻ ജനതയ്ക്കുണ്ട് എന്നാണ്. അടിയുറച്ച, ഉരുക്കുപോലെ കരുത്തുള്ള, ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി. കാരണം, ശാസ്ത്രീയ തത്വചിന്തയിൽ സൈദ്ധാന്തികമായി അടിയുറച്ച, വിജയിച്ചതോ അല്ലാത്തതോ ആയ നിരവധിയായ സമരങ്ങളുടെ അനുഭവത്താൽ സമ്പുഷ്ടമായ, മാർക്‌സിസം- ലെനിനിസത്തിനുമാത്രമേ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേയ്ക്ക് ജനങ്ങളെ നയിക്കാനാകൂ. അങ്ങനെയെങ്കിലേ, അടിച്ചമർത്തുന്ന ചൂഷണവ്യവസ്ഥിതിക്കെതിരേ ഏറ്റവും ആത്മാർത്ഥമായ ഓരോ, നീക്കത്തിനു ശേഷവും വ്രണിതമായ ഹൃദയത്തോടെ ജനങ്ങൾ പിന്നോട്ടുമാറാതിരിക്കൂ.

Share this post

scroll to top