യാതൊരുവിധ ജനാധിപത്യ കീഴ് വഴക്കങ്ങളും പാലിക്കാതെ, നിയമസഭയിൽ ചർച്ച ചെയ്യാതെ, ഒരു ഘട്ടം വരെ ഡിപിആർപോലും പരസ്യപ്പെടുത്താൻ തയ്യാറാകാതെ, തികച്ചും ജനാധിപത്യ വിരുദ്ധമായി അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരെ അതിശക്തമായ ജനരോഷം ഉയർന്നുവരികയും ഈ വിഷയത്തിൽ വിദഗ്ധരുടെ വിമർശനങ്ങളെ മറികടക്കാനാവില്ല എന്ന സ്ഥിതി വരുകയും ചെയ്തപ്പോഴാണ് സംസ്ഥാനസർക്കാർ പദ്ധതിയെ സംബന്ധിച്ച തുറന്ന സംവാദത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചത്. വിശേഷിച്ചും, പദ്ധതിയുടെ സാങ്കേതികമായ കുഴപ്പങ്ങളെ സംബന്ധിച്ച് അതിരൂക്ഷമായ വിമർശനങ്ങൾ ഉയർത്തി, പദ്ധതിയുടെ സാംഗത്യത്തെത്തന്നെ നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രിയോട് ചർച്ച ചെയ്യണമെന്ന ആവശ്യം റെയിൽവേ എൻജിനിയറിംഗ് വിദഗ്ദ്ധൻ അലോക് കുമാർ വർമ്മ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ആണ് സർക്കാർ അതിന് നിർബ്ബന്ധിതമായത്.
സിൽവർ ലൈൻ പദ്ധതിതന്നെ തള്ളിക്കളയണമെന്ന നിലപാടുള്ളവരോട് സർക്കാരിന്റെ മധ്യസ്ഥതയിൽ ഔദ്യോഗികമായി നടത്തേണ്ട ഒരു തുറന്ന ചർച്ച, സിൽവർ ലൈൻ പദ്ധതിയുടെ നടത്തിപ്പുകാരായ കെ റെയിലിന്റെ ബോധവൽക്കരണ പരിപാടിയാക്കി സർക്കാർ മാറ്റിയപ്പോൾ സംവാദത്തിൽ സർക്കാരിന് ഉദ്ദേശശുദ്ധിയില്ല എന്ന് വ്യക്തമായി. ചർച്ചയുടെ ലക്ഷ്യത്തിനു നിരക്കാത്ത രീതിയിൽ സർക്കാർ നടത്തിയ ഈ നീക്കത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായി. കൂടാതെ, ഈ പദ്ധതിക്കെതിരെ ഏറ്റവും ശക്തമായ വാദമുഖങ്ങൾ ഉയർത്തുന്ന വ്യക്തികളിൽ ഒരാളായ ജോസഫ് സി. മാത്യുവിനെ ചർച്ചയ്ക്ക് ക്ഷണിക്കുകയും പിന്നീട് അദ്ദേഹത്തെ ഏകപക്ഷീയമായി ഒഴിവാക്കുകയും ചെയ്തു. ഇതോടെ ഈ സംവാദത്തിൽ സർക്കാരിന്റെ ദുരുദ്ദേശം വളരെ വ്യക്തമായി. തുടർന്ന് പദ്ധതിയെ എതിർത്ത് ചർച്ചയിൽ പങ്കെടുക്കാനിരുന്ന അലോക് കുമാർ വർമ്മ, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവർ പ്രതിഷേധിച്ച് സംവാദത്തിൽ നിന്ന് പിന്മാറി. അങ്ങനെ സർക്കാർ സംഘടിപ്പിച്ച സംവാദം ഒരു പ്രഹസനമായി മാറിയതോടെയാണ് ഈ വിഷയത്തിൽ ഒരു തുറന്ന ജനകീയ സംവാദത്തിന്റെ ആവശ്യകത ഉയർന്നുവന്നത്.
ഇതേ തുടർന്നാണ് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി മേയ് നാലാം തീയതി തിരുവനന്തപുരം പാണക്കാട് തങ്ങൾ ഹാളിൽ ‘സിൽവർ ലൈൻ പദ്ധതി അനിവാര്യമോ’ എന്ന വിഷയത്തിൽ തുറന്ന സംവാദം സംഘടിപ്പിച്ചത്.
പ്രമുഖ റെയിൽവേ എൻജിനീയറിങ് വിദഗ്ധൻ അലോക് കുമാർ വർമ്മ, സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ കുഞ്ചെറിയ പി.ഐസക്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ആർ.വി.ജി.മേനോൻ, ഐടി വിദഗ്ധൻ ജോസഫ് സി.മാത്യു, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ, ട്രിവാൻഡ്രം ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ എന്നിവർ പദ്ധതിയെ എതിർത്തും അനുകൂലിച്ചും ഉള്ള വിവിധ നിലപാടുകൾ അവതരിപ്പിച്ചു. മാദ്ധ്യമ പ്രവർത്തകൻ എം.ജി.രാധാകൃഷ്ണൻ സംവാദത്തിന് മോഡറേറ്ററായിരുന്നു. ഡോക്ടർ എം.പി.മത്തായി സ്വാഗതമാശംസിച്ചു. സർക്കാരിന്റെയും കെ റെയിലിന്റെയും ഔദ്യോഗിക പ്രതിനിധികൾ സംവാദത്തിൽ പങ്കെടുക്കാതിരുന്നതിനാൽ കെ റെയിലിന് അനുകൂലമായ വാദങ്ങൾ സദസിന് മുൻപാകെ ജനകീയ പ്രതിരോധ സമിതിയുടെ സെക്രട്ടറിമാരിൽ ഒരാളായ എൻ.കെ.ബിജു അവതരിപ്പിച്ചു. പദ്ധതിയെ അനുകൂലിച്ച് ചർച്ചയിൽ പങ്കെടുത്ത രഘുചന്ദ്രന്‍ നായര്‍, കുഞ്ഞെറിയ പി ഐസക് എന്നിവർപോലും അതിവേഗയാത്ര ആവശ്യകത പറയുമ്പോഴും ഈ പദ്ധതിയുടെ പരിമിതികൾ തുറന്നു അംഗീകരിച്ചു എന്നത് ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ഡിപിആർ എന്നപേരിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന രേഖ കേവലം ഒരു സാധ്യതാ പഠന റിപ്പോർട്ട് ആയി മാത്രമേ കാണാൻ കഴിയൂ എന്നാണ് കുഞ്ചറിയ പി.ഐസക് അഭിപ്രായപ്പെട്ടത്. വീടുകളിൽ അതിക്രമിച്ച് കയറി കല്ലിടുന്ന നടപടി ശരിയല്ല എന്നും കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്ന് ഉയർന്ന നിർദേശങ്ങൾ പരിഗണിച്ച് എല്ലാം പരിഗണിച്ച് വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിക്കുവാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ മേല്പാലങ്ങളാക്കി പദ്ധതിയെ പുനഃക്രമീകരിക്കണമെന്നും നഷ്ടപരിഹാര പാക്കേജ് വർദ്ധിപ്പിക്കണമെന്നും കല്ലിടാതെതന്നെ സാമൂഹ്യാഘാത പഠനം നടത്തണമെന്നും ആശങ്കകൾ ദൂരികരിക്കാനുള്ള നിർദ്ദേശങ്ങൾ എന്ന നിലയിൽ അദ്ദേഹം മുന്നോട്ടുവച്ചു.