പിണറായി സര്‍ക്കാരിന്റെ മാധ്യമവേട്ട അവസാനിപ്പിക്കുക

Share

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി ജൂലൈ 6ന് പുറപ്പെടുവിച്ച പ്രസ്താവന

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് സമീപകാലത്ത് കൈക്കൊള്ളുന്ന നടപടികള്‍ മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യ വ്യവസ്ഥിതി അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നാക്രമണമാണെന്ന് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്കുമുമ്പുമാത്രം ഒരു ചാനല്‍ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത സംസ്ഥാന സര്‍ക്കാര്‍ മറുനാടന്‍ മലയാളി എന്ന മാധ്യമസ്ഥാനപനത്തെയും അതിന് ചുക്കാന്‍ പിടിക്കുന്ന ഷാജന്‍ സ്കറിയ എന്ന മാധ്യമ പ്രവര്‍ത്തകനെയും വേട്ടയാടുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഇനിയും കേസെടുക്കുമെന്ന് അധികാരം കൈയാളുന്ന പാര്‍ട്ടിയുടെ നേതാവ് ഉയര്‍ത്തിയ ഭീഷണിയുടെ തുടര്‍ച്ചയാണിത്. മാധ്യമങ്ങള്‍ക്കുനേരെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് അസഹിഷ്ണുതയും ക്രൌര്യവും പ്രകടിപ്പിക്കപ്പെട്ട അനേകം സന്ദര്‍ഭങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോളാകട്ടെ വിമര്‍ശനം ഉര്‍ത്തുന്ന മാധ്യമസ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാനും നിശബ്ദരാക്കാനുമാണ് ശ്രമിക്കുന്നത്.
തങ്ങള്‍ക്ക് അഹിതമായ ഏതൊരു വാര്‍ത്തയെയും മാധ്യമസ്ഥാപനത്തെയും അധികാരശക്തി ഉപയോഗിച്ച് ചവിട്ടിമെതിക്കാനായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്നതും ഗൂഢാലോചനയുടെയും രാജ്യദ്രോഹത്തിന്റെയും ആരോപണങ്ങളാണ്. അതേ വാദങ്ങളുടെ ആവര്‍ത്തനമാണ് സംസ്ഥാനത്ത് പിണറായി സര്‍ക്കാരും നടത്തുന്നത്. വര്‍ത്തമാനകാലത്ത് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവതരമായ വെല്ലുവിളികളിലൊന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനുനേരെ ഉയരുന്ന ഭരണകൂട അതിക്രമങ്ങളായിരിക്കെ, അതേ മാര്‍ഗ്ഗത്തിലൂടെ ഇടതുമുദ്ര അണിഞ്ഞവര്‍ നടത്തുന്ന ഈ മാധ്യമവേട്ട ഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്തുപകരുന്നു. അതിനാല്‍ ഭരണാധികാരത്തെയും പണവും സ്വാധീനവുമുള്ള ശക്തികളെയും തെല്ലും ഭയപ്പെടാതെ, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ജനാധിപത്യ അന്തരീക്ഷം ഉറപ്പാക്കുക എന്നതിന് പരമപ്രാധാന്യം നല്‍കണം. എന്തിന്റെ പേരിലായാലും ഇതിനുവിരുദ്ധമായ നടപടികള്‍ അനുവദിക്കാനാകില്ല.
മാധ്യമരംഗത്ത് അനഭിലഷണീയമായ പ്രവണതകള്‍ ഉണ്ടായാല്‍, അതിനെ നേരിടുന്നത് പോലീസിന്റെ ഉരുക്കുമുഷ്ടികൊണ്ടാകരുത്. വ്യാജവാര്‍ത്തകളുടെയും തമസ്കരണത്തിന്റെയും പുറകിലെ സങ്കുചിത താല്പര്യങ്ങളെ ആരോഗ്യപരമായ ജനാധിപത്യ സംവാദങ്ങളിലൂടെ തുറന്നു കാട്ടുകയാണ് ചെയ്യേണ്ടത്. ഉയര്‍ന്ന ജനാധിപത്യ പ്രബുദ്ധത നിലനില്‍ക്കുന്ന സമൂഹത്തില്‍, മാധ്യമ ധര്‍മ്മവും ജനങ്ങളോടുള്ള കടമയും പാലിക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടും. അത്തരമൊരു സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കാനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. പോലീസ് റെയ്ഡും അറസ്റ്റും അതിന്റെ മാര്‍ഗ്ഗമല്ല. നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കാനായി ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Share this post

scroll to top