അവകാശസമര ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിക്കുന്നയുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

UNA-EKM.jpeg
Share

തുല്യജോലിയ്ക്ക് തുല്യവേതനം എന്ന സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ചരിത്രപ്രധാനമായ ഒരു സമരത്തിന് തുടക്കം കുറിച്ചിരിക്കുന്നു.സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാരുടെ ശമ്പളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കും നൽകണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് പ്രധാനമായും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) എന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ ഉയർത്തിയിരിക്കുന്നത്. കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, രോഗി-നഴ്സ് അനുപാതം നിയമാനുസൃതമാക്കുക എന്നീ ഡിമാന്റുകളും സംഘടന മുന്നോട്ട് വയ്ക്കുന്നു. സർക്കാർ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 39,253 രൂപയാണ്. മറ്റാനുകൂല്യങ്ങളും കൂടി ചേർത്താൽ പ്രതിമാസം 60,000 രൂപ സ്റ്റാഫ് നഴ്സിന് ലഭിക്കും. ദിവസ വേതനം 1500 രൂപയാക്കണം എന്ന യുഎൻഎയുടെ ആവശ്യത്തിന് ഈ പശ്ചാത്തലത്തിൽ വളരെയേറെ പ്രസക്തിയുണ്ട്. 2017ന് ശേഷം നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചിട്ടില്ല എന്നതും ശമ്പള പരിഷ്ക്കരണം എന്ന നഴ്സുമാരുടെ ഡിമാന്റിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസ്, പെട്രോൾ, മരുന്നുകൾ എന്നിവയുടെയെല്ലാം വില 6 വർഷംകൊണ്ട് ഭീമമായി വർദ്ധിച്ചിരിക്കുന്നുവെന്നത് നഴ്സുമാരുടെ സമരം അനിവാര്യമാക്കുന്നു.
72 മണിക്കൂർ പണിമുടക്കിന് മുൻപ് 6 ജില്ലകളിൽ നഴ്സുമാരുടെ വലിയ പങ്കാളിത്തത്തോടെ സമര പ്രഖ്യാപന കൺവൻഷനുകൾ നടത്തി. തുടർന്ന് കളക്ട്രേറ്റ് മാർച്ചുകളിലൂടെ അധികാരികൾക്ക് മുന്നിൽ തങ്ങളുടെ അവശ്യങ്ങൾ അറിയിച്ചു. എന്നാൽ, നഴ്സുമാരുടെ ആവശ്യങ്ങളോട് സർക്കാർ തികച്ചും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. ലേബർ ഓഫീസർമാർ വിളിച്ചു ചേർത്ത ചർച്ചയിൽ കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ(കെപിഎച്ച്എ) ഭാരവാഹികൾ ധാർഷ്ട്യത്തോടെയുള്ള നിലപാടാണ് സ്വീകരിച്ചത്. നഴ്സുമാർക്ക് ഒരു രൂപ പോലും കൂട്ടി നൽകാനാവില്ലെന്നും സർക്കാരിന്റെ ഉത്തരവ് വന്നാൽ പരിഗണിക്കാമെന്നുമുള്ള നിലപാടിൽ അവരുറച്ചുനിന്നു. അങ്ങനെ, കെപിഎച്ച്എയും സർക്കാരും യുഎൻഎയെ പണിമുടക്കിലേക്ക് തള്ളിവിട്ടു.


ഏപ്രിൽ 11, 12, 13 തീയതികളിൽ തൃശൂർ ജില്ലയിൽ സമ്പൂർണ്ണ പണിമുടക്ക് പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ നഴ്സുമാരുടെ യഥാർത്ഥ ശക്തിയെന്തെന്ന് മാനേജ്മെന്റുകൾ അനുഭവിച്ചറിഞ്ഞു. പണിമുടക്ക് ആരംഭിക്കുന്നതിന് മുൻപുതന്നെ 26 ആശുപത്രികൾ നിലവിലുള്ള ശമ്പളത്തിൽനിന്നും 50% വർദ്ധിപ്പിക്കുമെന്ന കരാറിൽ ഒപ്പുവച്ചു. സമരം ആരംഭിച്ച പതിനൊന്നാം തീയതി ഉച്ചയോടെ മറ്റ് ആശുപത്രികളും യുഎൻഎയുമായി കരാറെഴുതി. വിട്ടുവീഴ്ചയില്ലാത്ത സമരത്തിലൂടെ തൃശൂർ ജില്ലയിലെ നഴ്സുമാരിൽ ബഹുഭൂരിപക്ഷംപേർക്കും 30,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ സമരം വിജയിച്ചതിനുശേഷം പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും സമാനമായ നിലയിൽ പണിമുടക്ക് പ്രഖ്യാപിച്ച് നടത്തിയ പ്രചാരണത്തിലൂടെ വിജയം വരിക്കുവാൻ യുഎൻഎയ്ക്ക് സാധിച്ചു. ഒത്തുതീർപ്പിന് തയാറാകാത്ത തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ നഴ്സുമാർ കഴിഞ്ഞ ഒരു മാസമായി സമരത്തിലാണ്.
അവകാശ സമരരംഗത്ത് യുഎൻഎ എന്ന സ്വതന്ത്ര ട്രേഡ് യൂണിയൻ പുതിയ വഴിയാണ് വെട്ടിത്തുറക്കുന്നത്. പതിറ്റാണ്ടുകളായി അടിമകളെപ്പോലെ സ്വകാര്യ ആശുപത്രികളിൽ പണിയെടുത്തിരുന്ന നഴ്സുമാർക്ക് അവകാശബോധം പകർന്നു നൽകിയ ട്രേഡ് യൂണിയനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. കേരളത്തിനകത്തും പുറത്തുമായി 450ൽ അധികം ആശുപത്രികളിൽ യൂണിറ്റുള്ള യുഎൻഎ, കേരളത്തിന്റെ അവകാശ സമര ചരിത്രത്തിലെ അനിഷേധ്യ നാമമാണ്. ആശുപത്രി മുതലാളിമാരുടെ പണത്തിനും സ്വാധീനത്തിനും മുന്നിൽ കീഴടങ്ങാതെ നഴ്സുമാരുടെ പോരാട്ടത്തെ നയിക്കുകയാണ് യുഎൻഎ. അസംഘടിത മേഖലകളിൽ കൊടിയ ചൂഷണം അനുഭവിച്ച് പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികൾക്കും യുഎൻഎയുടെ പോരാട്ടം പ്രചോദനമാണ്. 2011ന് മുൻപ് അടിമകളെപ്പോലെ പണിയെടുത്തിരുന്ന വിഭാഗമാണ് നഴ്സുമാർ. ബോണ്ടും മറ്റു പലതരം ചൂഷണങ്ങളും നിശബ്ദം അനുഭവിച്ചുപോന്ന നഴ്സുമാരെ സംഘടിപ്പിച്ച് ഒരു സമരശക്തിയാക്കി മാറ്റിയത് ജാസ്‌മിൻഷ എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിലാണ്. വെറും 5 പേർ ചേർന്ന്, തൃശ്ശൂരിൽ ആരംഭിച്ച യുഎൻഎ ഏറ്റുമുട്ടിയത് വമ്പൻ മുതലാളിമാരോടാണ്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് തുടങ്ങിയ വമ്പൻ ട്രേഡ് യൂണിയനുകൾ, ആശുപത്രി മുതലാളിമാരുടെ ആജ്ഞാനുവർത്തികളായി ഓച്ചാനിച്ചു നിൽക്കുമ്പോഴാണ് യുഎൻഎ പോരാടി വിജയിക്കുന്നത്. മാസം മുഴുവനും പണിയെടുത്താലും കെഎസ്ആർടിസി തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്ത കേരളത്തിലാണ് യുഎൻഎ നഴ്സുമാരുടെ അവകാശങ്ങൾ പിടിച്ചു വാങ്ങുന്നതെന്ന തോർക്കണം. കെഎസ്ആർടിസിയിലെ തൊഴിലാളികൾക്ക് ട്രേഡ് യൂണിയനുകൾ ഇല്ലാത്തതു കൊണ്ടല്ല. തങ്ങളെ വിശ്വസിച്ച് കൂടെനിൽക്കുന്ന തൊഴിലാളികളെ യൂണിയൻ നേതാക്കൾ വഞ്ചിക്കുന്നതുകൊണ്ടു മാത്രമാണ് സർക്കാർ, ശമ്പളംപോലും തടഞ്ഞുവെയ്ക്കാൻ ധൈര്യം കാണിക്കുന്നത്.


സുദീർഘമായ പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ പൊരുതി നേടിയ അവകാശങ്ങൾ പലതും ആഗോളവത്കരണ നയങ്ങളിലൂടെയാണ് കവർന്നെടുക്കപ്പെട്ടത്. ഒരു കാലത്ത് തൊഴിലാളികൾക്കുവേണ്ടി പൊരുതിയിരുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ പോലും കോർപ്പറേറ്റ് ദാസ്യത്തിലേയ്ക്ക് മാറിയതിന്റെ പരിണത ഫലമാണത്. 8 മണിക്കൂർ ജോലിയും പിഎഫും മറ്റാനുകൂല്യങ്ങളുമൊക്കെ കവർന്നെടുക്കപ്പെടുന്നു. 44 തൊഴിൽ നിയമങ്ങൾ 4 ലേബർ കോഡുകളാക്കി തൊഴിലവകാശങ്ങൾ സമ്പൂർണ്ണമായും ഇല്ലാതാക്കുവാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. സ്ഥിരം ജോലിയ്ക്ക് പകരം നിശ്ചിതകാല തൊഴിൽ സമ്പ്രദായം അടിച്ചേൽപ്പിച്ചിരിക്കുന്നു. ഇങ്ങനെയൊരു കാലഘട്ടത്തിലാണ് നഴ്സുമാരുടെ സമരത്തിന്റെ പ്രസക്തി ഏറുന്നത്. യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ സമരം ചെയ്ത് വിജയിച്ച ആശുപത്രികളിലെല്ലാം കരാർ സമ്പ്രദായം അവസാനിപ്പിക്കുവാൻ സാധിച്ചുവെന്നത് എടുത്ത് പറയേണ്ടതാണ്. യാതൊരാനുകൂല്യവും ലഭിക്കാതെ തുഛമായ ദിവസക്കൂലിയ്ക്ക് ജോലി ചെയ്തിരുന്ന നഴ്സുമാരെ സ്ഥിരപ്പെടുത്തുവാൻ സാധിച്ചതിലൂടെ കരാർ തൊഴിൽ എന്ന ആഗോളവത്ക്കരണത്തിന്റെ പ്രധാനപ്പെട്ട ഒരു നയത്തെയാണ് പരാജയപ്പെടുത്തിയത്. തുഛമായ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്ന അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്കും അസംഘടിത മേഖലകളിലെ മറ്റു തൊഴിലാളികൾക്കും നഴ്സുമാരുടെ പോരാട്ടം മാതൃകയാണ്.
രോഗി-നഴ്സ് അനുപാതം നിയമാനുസൃതമാക്കണം എന്ന ഡിമാന്റ് നേടിയെടുക്കേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ആവശ്യമാണ്. വാർഡിൽ 5:1ഉം ഐസിയുവിൽ 1:1ഉം ആണ് പ്രഖ്യാപിത രോഗി-നഴ്സ് അനുപാതം. എന്നാൽ, ഒരാശുപത്രിയിലും ഈ അനുപാതം പ്രാവർത്തികമാക്കുന്നില്ല. ഒരു നഴ്സ് 15 മുതൽ 20 വരെ രോഗികളെ പരിചരിക്കേണ്ട സാഹചര്യമാണുള്ളത്. വളരെ ശ്രദ്ധയോടെ രോഗിയെ പരിചരിക്കേണ്ട ഐസിയുവിൽ പോലും മൂന്നും നാലും രോഗികളെ നഴ്സിന് നോക്കേണ്ടി വരുന്നു. കൂടുതൽ നഴ്സുമാരെ നിയമിച്ചുകൊണ്ട് രോഗികൾക്ക് മതിയായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുവാൻ ആവശ്യമായ നിയമനിർമ്മാണം സംസ്ഥാന സർക്കാർ നടത്തണം.
ശമ്പള പരിഷ്ക്കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ ജൂലൈ 19ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് അവകാശസമര ചരിത്രത്തിലെ നാഴികക്കല്ലായി മാറും. പതിനായിരക്കണക്കിന് നഴ്സുമാർ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി പൊരുതുവാൻ തയ്യാറായി സെക്രട്ടേറിയറ്റിനു മുന്നിൽ എത്തുന്നുവെന്നത് തന്നെ മാനേജ്മെന്റുകളെ വിറകൊള്ളിക്കും. നഴ്സുമാരുടെ നിരന്തരമായ പോരാട്ടം ചൂഷണം അനുഭവിക്കുന്ന എല്ലാ വിഭാഗം തൊഴിലാളികൾക്കും ആത്മവിശ്വാസം നൽകുന്നതാണ്.

Share this post

scroll to top