21,000 രൂപ പ്രതിമാസ വേതനം ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാരുടെ ഉജ്ജ്വല സെക്രട്ടേറിയറ്റ് മാര്‍ച്ച്

ASHA-TVM-Sec-1.jpg
Share

ആശ വര്‍ക്കര്‍മാരെ ആരോഗ്യ വകുപ്പില്‍ സ്ഥിരപ്പെടുത്തണ മെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ച മിനിമം വേതനമായ 21,000 രൂപ പ്രതിമാസം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആശ വര്‍ക്കര്‍മാര്‍ 2021 ജനുവരി 7ന് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് പങ്കാളിത്തംകൊണ്ട് ജന ശ്രദ്ധേയാകർഷിച്ചു. കോവിഡ് കാലത്ത് താഴെത്തട്ടിൽ ജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്ന ആശാവർക്കർമാരെ ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കുന്നതും നിലവിലുള്ള തുച്ഛമായ ഓണറേറിയംപോലും നിശ്ചിതസമയത്ത് നൽകാതിരിക്കുന്നതും ആശാവർക്കർമാരിൽ ഉണ്ടാക്കിയ കടുത്ത പ്രതിഷേധമാണ് ആയിരങ്ങളായി അണിചേരുവാൻ അവരെ പ്രേരിപ്പിച്ചത്.
കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടതുവഴി സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് ആശ മാർക്ക് രോഗം പിടിപെടുകയും അവരിലൂടെ കുടുംബാംഗങ്ങളും രോഗികളായി മാറുകയും ചെയ്തു. എന്നാൽ ഇവയെ പ്രതിരോധി ക്കുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലയെന്നത് പ്രതിഷേധം അണ പൊട്ടി ഒഴുകാൻ ഇടയാക്കി. ലോക് ഡൗൺ സമയത്ത് വാഹന സൗകര്യം ഇല്ലാതിരുന്നതിനാൽ സ്വന്തമായി പണം മുടക്കി വാഹനങ്ങൾ ഉറപ്പാക്കി ഫീൽഡ് വർക്ക് നടത്താൻ ഇവർ നിർബന്ധിതമായി. ഗ്ലൗസും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്ന് ഗവൺമെന്റ് ആഹ്വാനം ചെയ്തെങ്കിലും ഇവയൊന്നും രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന ആശാവർക്കർമാർക്ക് ആവശ്യാനുസരണം നൽകുവാൻ സർക്കാർ തയ്യാറായില്ല. സ്വന്തം സുരക്ഷയെ കരുതി പാവപ്പെട്ട ആശാവർക്കർമാർ ഇവയും പണം കൊടുത്തു വാങ്ങേണ്ടി വന്നു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും പരിശോധനാ കേന്ദ്രങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരിൽ ആശാവർക്കർമാർക്ക് മാത്രം പിപിഇ കിറ്റ് നിഷേധിക്കപ്പെട്ടു. എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് റിസ്ക് അലവൻസ് അനുവദിച്ചപ്പോൾ ആശാവർക്കർമാർക്ക് മാത്രം റിസ്ക് അലവൻസ് നൽകേണ്ടതില്ലെന്ന് ഗവൺമെന്റ് തീരുമാനിച്ചു. ഇത്തരത്തിൽ കടുത്ത വിവേചനമാണ് തൊഴിൽ രംഗത്ത് ഇന്ന് ആശമാർ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോഴാകട്ടെ നിരവധിയായ പുതിയ ജോലികൾ ഇവരെ ഏൽപ്പിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായ സേവന-വേതന വ്യവസ്ഥകൾ ഇല്ലാത്ത ഈ വിഭാഗത്തിന്റെ തലയിലേക്ക് ഓരോ വാർഡിലും ഉള്ള എല്ലാത്തരം പ്രവർത്തനങ്ങളും ഏൽപ്പിക്കുന്ന നടപടി അധികാരികൾ തുടർന്നുകൊണ്ടേയിരിക്കുന്നു. അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതുതരം വീഴ്ചയ്ക്കും ഉത്തരം പറയാൻ ബാധ്യതപ്പെട്ടവരായി ആശാവർക്കർമാരെ മാറ്റിത്തീർത്തിരിക്കുന്നു.
അടിമകളോട് ആജ്ഞാപിക്കുന്നതുപോലെയാണ് ഇവരുടെമേല്‍ പുതിയ പുതിയ ജോലികൾ അടിച്ചേൽപ്പിക്കുന്നത്. ഈ ജോലികൾ പൂർത്തീകരിച്ചില്ലെങ്കിൽ നിലവിലുള്ള തുച്ഛമായ ഓണറേറിയവും ഇല്ലാതാക്കും എന്നതാണ് ഭീഷണി. ഈ വിധത്തിൽ അടിമപ്പണി ചെയ്യാൻ വിധിക്കപ്പെട്ട ആശാവർക്കർമാർ ഉണർന്നു വരുന്നതിന്റെ ഉത്തമ ലക്ഷണമാണ് സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ച്. കൃത്യമായ സേവന- വേതന വ്യവസ്ഥകൾ വേണമെന്ന് അവർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് അവർ പ്രഖ്യാപിച്ചു. കഴിഞ്ഞ 13 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന തങ്ങൾക്ക് അന്തസ്സുള്ള ഒരു സ്ഥാനം ഈ സമൂഹത്തിൽ നേടിയെടുത്തുകൊണ്ട് മാത്രമേ ഈ പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കു എന്നും അവർ പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് മാർച്ചിന് മുന്നോടിയായി ജില്ലകളിൽ കളക്ടറേറ്റ് മാർച്ച് നടത്തി. കളക്ടർക്ക് നിവേദനം സമർപ്പിച്ചു.


കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസ്സിയേഷന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് വി.കെ.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കര്‍മാരെ ആരോഗ്യവകുപ്പില്‍ സ്ഥിരപ്പെടുത്തേണ്ട തിന്റെ ആവശ്യകത കോവിഡ് കാലം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നിരന്തരം ആവശ്യപ്പെട്ടതും സുപ്രീം കോടതി നിര്‍ദ്ദേശിച്ചതുമായ 21,000 രൂപ മിനിമം വേതനം നല്‍കണമെന്നും, 15,000 രുപ കോവിഡ് റിസ്‌ക്ക് അലവന്‍സായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം.എ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ എസ്.മിനി സ്വാഗത പ്രസംഗം നടത്തി. അഖിലേന്ത്യാ മഹിളാ സാംസ്‌ക്കാരിക സംഘടന അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഷൈല.കെ ജോണ്‍, എഐയുടിയുസി ജില്ലാ പ്രസിഡണ്ട് ആര്‍.ബിജു, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കെ.ജെ.ഷീല, രാധികാ ദേവി, കെ .ഷാഹിദ, ട്വിങ്കിള്‍ പ്രഭാകര്‍, ആശാരാജ്, ലിസ്സമ്മ ജോണ്‍, എ.സബൂറ, ബീനാ പീറ്റര്‍, ഷീജ വര്‍ഗ്ഗീസ്, എം.റോസി എന്നിവര്‍ പ്രസംഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നും ആരംഭിച്ച മാർച്ചിന് എം. ആർ.ലേഖമോൾ, കെ.നന്ദിനി, ഷീജ പുതുകുറിച്ചി, ബിന്ദു തിരുവല്ലം, ഉഷ ഉഴമലയ്ക്കൽ, ലീജ ജഗതി, ഷീജ കൊട്ടാരക്കര, ബിന്ദു സജികുമാർ, രചിത്ര വെമ്പായം, ഷൈല ആറ്റിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
വേതനം എല്ലാ മാസവും 5-ാം തീയതിക്കുള്ളില്‍ ഉറപ്പായും നല്‍കു ക; കുടിശ്ശികയാക്കുന്ന സമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക, പള്‍സ് പോളിയോ വര്‍ക്കിന് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ച 75 രൂപ എന്നത് പ്രതിദിനം 600 രൂപയാക്കുക, സംസ്ഥാനത്തെ മുഴുവന്‍ ആശ വര്‍ക്കര്‍മാര്‍ക്കും ഒരേ തരം യൂണിഫോം നല്‍കുക; ഷൂ, ബാഗ്, കുട, ടോര്‍ച്ച് എന്നിവയും മൊബൈല്‍ ഫോണ്‍, ടാബ്, ഡാറ്റ ചാര്‍ജ് എന്നിവയും അനുവദിക്കുക, ഇഎസ്ഐ, പി എഫ് എന്നിവ ഏര്‍പ്പെടുത്തുക, ജോലിയില്‍നിന്നും വിരമിക്കുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പെന്‍ഷനുംമറ്റ് റിട്ടയര്‍മെന്റ് അനുകൂല്യങ്ങളും നല്‍കുക, ജോലി ഭാരം കുറയ്ക്കുക, നിയമാനുസൃതമുള്ള ലീവും മറ്റ് അലവന്‍സുകളും അനുവദിക്കുക തുടങ്ങിയ ഡിമാന്റുകളും സമരത്തിന് ആധാരമായി ഉയര്‍ത്തുകയുണ്ടായി.

Share this post

scroll to top