എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) മുൻ പോളിറ്റ്ബ്യൂറോ അംഗവും ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എഐയുറ്റിയുസി)യുടെ മുൻ ദേശീയ പ്രസിഡന്റുമായ സഖാവ് കൃഷ്ണ ചക്രവർത്തി അന്തരിച്ചു.
ശ്വാസകോശസംബന്ധിയായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സുദീർഘമായ വിപ്ലവജീവിതം കൽക്കത്ത ഹാർട്ട് ക്ലിനിക് ആന്റ് ഹോസ്പിറ്റലിൽ 2021 മെയ് 8ന് അവസാനിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. സൗത്ത് കൽക്കത്തയിലെ കാളിധാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് 1950കളുടെ തുടക്കത്തിലാണ് സഖാവ് കൃഷ്ണചക്രവർത്തി എസ്‌യുസിഐയുമായി ബന്ധപ്പെടുന്നത്. തുടർന്ന് അദ്ദേഹം, സഖാവ് പ്രൊവാഷ് ഘോഷിന്റെ മുൻകൈയിൽ അന്ന് നടന്നുവന്നിരുന്ന സാംസ്‌കാരികപ്രവർത്തനങ്ങളുടെ സജീവഭാഗമായിമാറി. എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ ആശയങ്ങളോട് തോന്നിയ ആകർഷണം സഖാവ് ശിബ്ദാസ് ഘോഷിന്റെ മുന്നിൽ അദ്ദേഹത്തെ എത്തിച്ചു. ആ കൂടിക്കാഴ്ച ഒരു വഴിത്തിരിവായിരുന്നു. തുടർന്ന് സഖാവ് കൃഷ്ണ ചക്രവർത്തി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയിൽ അംഗമായി ചേരുകയും മാർക്‌സിസം-ലെനിനിസം-സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളുടെ സത്ത മനസ്സിലാക്കുവാനും ഒരു യഥാർത്ഥ വിപ്ലവകാരിയാകാനുമുള്ള കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്തു. 1954ൽ നടന്ന എഐഡിഎസ്ഒയുടെ സ്ഥാപക കൺവൻഷനിൽ സഖാവ് പ്രൊവാഷ് ഘോഷ് സംഘടനയുടെ ജനറൽ സെക്രട്ടറിയായും സഖാവ് കൃഷ്ണ ചക്രവർത്തി അസിസ്റ്റന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കുടുംബത്തോടൊപ്പം നോർത്ത് കൽക്കത്തയിലേയ്ക്ക് താമസം മാറിയ അദ്ദേഹം പാർട്ടി സംഘാടനപ്രവർത്തനങ്ങളും ഇതോടൊപ്പം ആരംഭിച്ചിരുന്നു. 1960കളുടെ മധ്യത്തിൽ സഖാവ് കൃഷ്ണചക്രവർത്തി എഐഡിഎസ്ഒയുടെ പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1968ൽ രാജ്യതലസ്ഥാനത്ത് പാർട്ടി സംഘടിപ്പിക്കുക എന്ന ദൗത്യം ഭരമേൽപ്പിക്കപ്പെട്ട് അദ്ദേഹം ഡൽഹിയിലേയ്ക്ക് പോയി. 1969ലാണ് സഖാവ് കൃഷ്ണ ചക്രവർത്തി പാർട്ടി സംഘാടന ദൗത്യവുമായി കേരളത്തിൽ എത്തുന്നത്. പാർട്ടിയുടെ കേരളഘടകത്തെ സംബന്ധിച്ചിടത്തോളം കൃഷ്ണ ചക്രവർത്തി എന്ന നാമം അത്രമേൽ പാർട്ടിയുമായി ചേർന്നിരിക്കുന്ന ഒന്നാണ്. 1969ൽ കൊല്ലം ടികെഎം എൻജിനീയറിംഗ് കോളജിലെ അധ്യാപകനും ബംഗാൾ സ്വദേശിയുമായിരുന്ന നചികേത മുഖർജിയിലൂടെ സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയെക്കുറിച്ചും എസ്‌യുസിഐ എന്ന പ്രസ്ഥാനത്തെക്കുറിച്ചും കേട്ടറിഞ്ഞ ഏതാനും വിദ്യാർത്ഥികളാണ് കേരളത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)പാർട്ടിയുടെ പതാകവാഹകരായി രംഗത്തുവരുന്നത്.
നക്‌സലൈറ്റ് പ്രസ്ഥാനം കേരളത്തിൽ നിരോധിക്കപ്പെടുകയും അതിന്റെ ഭാഗമായുള്ള പോലീസ് നടപടികൾ നിരന്തരമായി നടന്നുവരികയും ചെയ്തിരുന്ന ആ നാളുകളിൽ, ഒരു പുതിയ പ്രസ്ഥാനമായി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)് പ്രവർത്തനം ആരംഭിച്ചപ്പോൾ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി തെറ്റിദ്ധരിക്കപ്പെടുകയും കൊല്ലത്തെ ഓഫീസ് പോലീസ് റെയ്ഡ് ചെയ്ത് സഖാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. 1948ൽ രൂപീകൃതമായ എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) നക്‌സലൈറ്റ് പാർട്ടിയല്ല എന്ന കാര്യംസ്ഥാപിച്ചെടുക്കാൻ വലിയ പ്രയത്‌നം വേണ്ടിവന്നു. ആരംഭകാലത്തെ സഖാക്കൾക്ക് ഇതിനെയെല്ലാം അതിജീവിക്കേണ്ടിവന്നു. ഈ സന്ദർഭങ്ങളിലെല്ലാം സഖാക്കൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നുനൽകി സഖാവ് കൃഷ്ണ ചക്രവർത്തി സഖാക്കളുടെ കൂടെത്തന്നെയുണ്ടാ യിരുന്നു. വളരെ യാതനാപൂർണമായ ഒരു കാലഘട്ടമായിരുന്നു അത്. ഇന്ത്യൻ മണ്ണിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ച സഖാക്കൾക്ക് ആ സമരം ഏറ്റെടുക്കാൻ സാധിച്ചത് സഖാവ് ശിബ്ദാസ് ഘോഷിന്റെ ചിന്ത ബൗദ്ധികതലത്തിൽ മനസ്സിലായതുകൊണ്ട് മാത്രമല്ല, മറിച്ച് അവരുടെ കൂടെനിന്ന് വിപ്ലവജീവിതസമരം എന്തെന്ന് കാട്ടിക്കൊടുക്കുവാൻ സഖാവ് കൃഷ്ണ ചക്രവർത്തിയുണ്ടായിരുന്നു എന്നതുകൊണ്ടുകൂടിയാണ്.മാസങ്ങളും വർഷങ്ങളും അദ്ദേഹം കേരളത്തിന്റെ മണ്ണിൽ ചെലവഴിച്ചു. ചുരുങ്ങിയ സമയംകൊണ്ടുതന്നെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും ആഴമാർന്ന ധാരണ അദ്ദേഹം ആർജ്ജിച്ചെടുത്തു. ബംഗാളിലേയ്ക്ക് മടങ്ങിപ്പോകുന്നത് വല്ലപ്പോഴുമായി. സീനിയർ നേതാക്കൻമാരെ കേരളത്തിലെത്തിച്ച് പഠനക്ലാസ്സുകൾ യഥേഷ്ടം നടത്തി, ശിബ്ദാസ് ഘോഷിന്റെ ചിന്തകൾ പ്രചരിപ്പിക്കാനുള്ള തീവ്രമായ പരിശ്രമങ്ങൾ അദ്ദേഹം നടത്തി. വിദ്യാർത്ഥികളും ചെറുപ്പക്കാരുമായി നിരവധി സഖാക്കൾ മുന്നോട്ടുവന്നുവെങ്കിലും തീക്ഷ്ണമായ ജീവിതസമരം മുന്നോട്ടുകൊണ്ടുപോകാനാകാതെ പലർക്കും പ്രാരംഭദശയിൽത്തന്നെ പിൻവാങ്ങേണ്ടിവന്നു. അങ്ങനെ ക്രമേണ, വളരെ ക്രമേണ കൊല്ലത്ത് പാർട്ടിയുടെ യൂണിറ്റ് രൂപീകൃതമായി, ഒരുസംഘം ചെറുപ്പക്കാർ വിപ്ലവജീവിതം ഏറ്റെടുത്ത് മുന്നോട്ടുവന്നു. ഈ ചെറുപ്പക്കാരുടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നിരവധി തൊഴിലാളികളെ സംഘടിപ്പിക്കാൻ സാധിച്ചു. കുണ്ടറയിലെ അലിൻഡ് ഫാക്ടറിയിലും നിരവധി കശുവണ്ടി ഫാക്ടറികളിലും യൂണിയൻ രൂപീകരിക്കാ നായി. ഈ പ്രവർത്തനങ്ങളിലൂടെ നിരവധിപേർ പ്രവർത്തനരംഗത്ത് സജീവമായി. ഇതിനിടയിൽ അപ്രതീക്ഷിതമായി പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന സഖാവ് വി.നടരാജൻ അന്തരിച്ചു. അസാധാരണമായ സംഘാടനപാടവവും ശേഷികളുമുള്ള അപൂർവ്വ വ്യക്തിത്വത്തിന്നുടമയായിരുന്ന സഖാവ് നടരാജന്റെ നിര്യാണം, ക്രമേണ വേരുറപ്പിച്ചുകൊണ്ടിരുന്ന പാർട്ടി സംഘടനയ്‌ക്കേറ്റ കനത്ത ആഘാതവും നഷ്ടവുമായിരുന്നു. സഖാവ് കൃഷ്ണചക്രവർത്തിയുടെ സാന്നിദ്ധ്യവും നേതൃത്വവും പകർന്ന കരുത്തിലാണ് ആ സന്ദർഭത്തെ സഖാക്കൾ മറികടന്നത് . എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപകനും ഈ യുഗം ദർശിച്ച സമുന്നതമാർക്‌സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ്ദാസ് ഘോഷ് പക്ഷേ അന്ന് ഏറെയൊന്നും അറിയപ്പെടുന്ന ആളായിരുന്നില്ല എങ്കിലും മാർക്‌സിസം ലെനിനിസം പൂർണമാകുന്നത് അതിന്റെ ഏറ്റവും ആധുനികവിശകലനമായ സഖാവ് ശിബ്ദാസ്‌ഘോഷ് ചിന്തയുംകൂടെ ചേരുമ്പോഴാണ്. കേരളത്തിൽ ഒരുപിടിവരുന്ന ചെറുപ്പക്കാരുടെ മനസ്സിൽ ഈ വിപ്ലവദർശനം അതിന്റെ ആഴത്തിലും പരപ്പിലും എത്തിക്കുവാൻ സഖാവ് കൃഷ്ണ ചക്രവർത്തിക്ക് സാധിച്ചു. പ്രൊഫഷണൽ വിപ്ലവകാരികളുടെ ഒരു ദളം സൃഷ്ടിക്കുവാനുള്ള സമരത്തിൽ അവർ ഏർപ്പെട്ടു. വിപ്ലവജീവിതം ഏറ്റെടുക്കുക, വിപ്ലവപ്രസ്ഥാനം കെട്ടിപ്പടുക്കുക, ശ്രമകരമായ ആ ദൗത്യത്തിൽ സഖാവ് കൃഷ്ണചക്രവർത്തി അവർക്കൊപ്പം ചേർന്നുനിന്നു. സാമ്പത്തിക പരാധീനതകളും പട്ടിണിയും സഖാവ് കൃഷ്ണ ചക്രവർത്തി സഖാക്കൾക്കൊപ്പം പങ്കുവച്ചു. സഖാക്കളോടൊപ്പം ജീവിച്ച് സെന്റർ ജീവിതം അവരെ പരിശീലിപ്പിച്ചു. പാർട്ടി സംഘാടനദൗത്യവുമായി കേരളത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചു. ഒരോ സഖാക്കളെയും കൂടുതൽ തികവുറ്റവരാക്കി മാറ്റുന്നതിൽ, അവരുടെ ഇടർച്ചകളിൽ കൈപിടിച്ച് ഒപ്പം അദ്ദേഹം നിലകൊണ്ടു.മാർക്‌സിസ്റ്റ് ദർശനത്തിന്റെ അിസ്ഥാന തത്വങ്ങളെ ആധാരമാക്കി സഖാവ് കൃഷ്ണ ചക്രവർത്തി നയിച്ച എണ്ണമറ്റ ചർച്ചകളും പഠന ക്ലാസ്സുകളും സ്‌കൂൾ ഓഫ് പൊളിറ്റിക്‌സുകളും സഖാക്കളിൽ വിപ്ലവ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ച് ആഴമാർന്ന ധാരണ സൃഷ്ടിക്കാൻ പര്യാപ്തമായിരുന്നു. മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രാമാണിക തത്ത്വങ്ങൾ മറ്റ് സഖാക്കൾക്ക് പകർന്നുനൽകാൻ പ്രാപ്തിയുള്ള ഒരു നിര സഖാക്കളെയും അദ്ദേഹം വാർത്തെടുത്തു.
സാമൂഹ്യ ശാസ്ത്രത്തെ സംബന്ധിച്ച് മാത്രമല്ല ആധുനിക ശാസ്ത്രം, ചരിത്രം, കല, സാഹിത്യം, സംഗീതം തുടങ്ങി എല്ലാ വിഷയങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന അടിസ്ഥാന ധാരണകൾ ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.കൊല്ലത്ത് വളരെ എളിയ തോതിൽ ആരംഭിച്ച പാർട്ടി ഏതാനും പോളിടെക്‌നിക് വിദ്യാർത്ഥികളിലൂടെ കോഴിക്കോട,് ഏതാനും മെഡിക്കൽ വിദ്യാർത്ഥകളിലൂടെ തിരുവനന്തപുരം, പിന്നീട് കോട്ടയം, ആലപ്പുഴ, എറണാകുളം തുടങ്ങി കേരളത്തിലെ എല്ലാ ജില്ലകളിലും പാർട്ടിയുടെ സന്ദേശമെത്തി. പാർട്ടി സംഘാടന ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ട് സഖാക്കൾ മുന്നോട്ടുവന്നു. കേരളത്തിലെ ഓരോ ജില്ലയിലും എസ്‌യുസിഐയുടെ ഘടകങ്ങൾ രൂപീകരിക്കാൻ അദ്ദേഹം ഓടിനടന്നു. ഇന്ന് കേരളത്തിലുടനീളം ശക്തമായ സംഘടനയുള്ള പ്രസ്ഥാനമായി എസ്‌യുസിഐ വളരുകയും കേരളത്തിലെ ഗണനീയമായ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പാർട്ടി ശക്തിയാർജ്ജിക്കുകയും ചെയ്തുവെങ്കിൽ അതിന്റെ അടിത്തറയായി പ്രവർത്തിച്ചത് സഖാവ് കൃഷ്ണ ചക്രവർത്തിയുടെ വിശ്രമരഹിതമായ പ്രവർത്തനവും നേതൃത്വവുമാണ്. കർണാടക, തമിഴ് നാട്, ആന്ധ്ര, തെലുങ്കാന തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നു കാണുന്ന ശക്തമായ പാർട്ടി സംഘടന സഖാവ് കൃഷ്ണ ചക്രവർത്തിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. 2009ൽ ഡൽഹിയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ പ്രധാന സംഘാടകൻ സഖാവ് കൃഷ്ണ ചക്രവർത്തിയായിരുന്നു.
1988ൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസ്സിൽ സഖാവ് കൃഷ്ണ ചക്രവർത്തി പാർട്ടി കേന്ദ്രക്കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2008ൽ നടന്ന അഖിലേന്ത്യ സമ്മേളനം സഖാവ് കൃഷ്ണചക്രവർത്തിയെ എഐയുറ്റിയുസിയുടെ അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തു. നിരവധി സാർവ്വദേശീയ വേദികളിൽ അദ്ദേഹം പാർട്ടിയെയും എഐയുറ്റിയുസിയെയും പ്രതിനിധീകരിച്ചു. സഖാവ് കൃഷ്ണചക്രവർത്തിക്ക് ലാൽസലാം.