സിപിഐ(എം)-പാര്‍ട്ടി കോണ്‍ഗ്രസ്സും സ്വാതന്ത്ര്യദിനാഘോഷവും

Share

സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഐ(എം) കേന്ദ്രകമ്മറ്റി തീരുമാന പ്രകാരം, പാർട്ടി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ദേശീയ പതാക ഉയർത്തുകയും മറ്റ് ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നല്ലോ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇതുവരെയും സിപിഐ(എം) ഔദ്യോഗികമായി സ്വാതന്ത്ര്യ ദിനം ആചരിച്ചിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയും പിന്നീട് സിപിഐ(എം)ഉം പറഞ്ഞുകൊണ്ടിരുന്നത് ‘ഏ ആസാദി ജൂഡ്താ ഹെം’ (ഈ സ്വാതന്ത്ര്യം കപടമാണ്-യഥാർത്ഥമല്ലാത്തത്) എന്നാണ്. പൂർണ്ണ സ്വാതന്ത്ര്യം ഇനിയും ലഭിക്കാനിരിക്കുകയാണെന്ന കാഴ്ചപ്പാടാണ് ഉള്ളതെങ്കിലും, തങ്ങളുടെ പ്രസ്ഥാനം സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും സ്വാതന്ത്ര്യ സമരത്തിൽ ഒന്നുംതന്നെ അവകാശപ്പെടാനില്ലാത്ത ആർഎസ്എസിന്റെ, ജനാധിപത്യത്തെയും മതേതരത്വത്തെയും നശിപ്പിക്കുന്ന മുഖം തുറന്നുകാട്ടുവാനും വേണ്ടിയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്നാണ് സിപിഐ(എം) ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്. മുൻകാലങ്ങളിൽ എന്തുകൊണ്ട് ആചരിക്കാതിരുന്നു എന്നതിനും ഇപ്പോൾ എന്തുകൊണ്ട് ആഘോഷിക്കുന്നുവെന്നതിനും ഈ വിശദീകരണം ഒട്ടും ഉത്തരം നൽകുന്നില്ല.
ഇൻഡ്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവത്തെ സംബന്ധിച്ച് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിന്നീട് സിപിഐ(എം)നും ഉണ്ടായിരുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കാലം ഇക്കൂട്ടർ സ്വാതന്ത്യദിനം ആഘോഷിക്കാതിരുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള നിലപാട്, അടിസ്ഥാനവിശകലനത്തിൽ വന്ന മാറ്റത്തെ ആധാരമാക്കിയാണോ എന്ന് വിശദീകരിക്കാൻ അവർ തയ്യാറായിട്ടില്ല. എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി അധ:പതിച്ച കമ്യൂണിസ്റ്റെന്ന ലേബലണിഞ്ഞ ഈ പ്രസ്ഥാനങ്ങളുടെ വർഗ്ഗസ്വഭാവത്തെയും മുതലാളിത്ത ചെയ്തികളെയും, കമ്യൂണിസ്റ്റ് പദാവലികൾക്കുള്ളിൽ മറച്ചുവയ്ക്കാനുള്ള സൈദ്ധാന്തികാഭ്യാസമായി വിപ്ലവപരിപാടിയും വിശകലനവുമൊക്കെ മാറിയിരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം 1948ൽ കൽക്കട്ടയിൽ കൂടിയ അവിഭക്ത സിപിഐയുടെ പാർട്ടി കോൺഗ്രസിൽ ഇന്ത്യൻ ഭരണകൂടത്തെ അർദ്ധ കൊളോണിയൽ-അർദ്ധ ഫ്യൂഡൽ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സാമ്രാജ്യത്വവിരുദ്ധവും ജന്മിത്തവിരുദ്ധവുമായ വിപ്ലവത്തെ ലക്ഷ്യമായി സ്വീകരിച്ചു. ദേശീയ ബൂർഷ്വാസി പുരോഗമനകാരിയും വിപ്ലവത്തിന്റെ സഖ്യശക്തിയുമായി അവതരിപ്പിക്കപ്പെട്ടു. ഫലത്തിൽ 1947 ആഗസ്റ്റ് 15ന് ഇന്ത്യയിൽ സ്വതന്ത്ര പരമാധികാര ബൂർഷ്വാ ജനാധിപത്യ രാഷ്ട്രം നിലവിൽ വന്നതായും ആഗസ്റ്റ് 15നെ സ്വാതന്ത്ര്യദിനമായും അന്നത്തെ അവിഭജിത സിപിഐ അംഗീകരിച്ചില്ല. അങ്ങിനെയാണ് ഈ സ്വാതന്ത്ര്യം കപടമാണെന്ന് വാദിച്ചുകൊണ്ട് ആഗസ്റ്റ് 15ന് അവിഭക്ത സിപിഐ കരിങ്കൊടി ഉയർത്തിയത്. വസ്തുനിഷ്ഠമായ യാഥാർത്ഥ്യത്തിനുമേൽ അവാസ്തവമായ വാദങ്ങൾ അടിച്ചേൽപ്പിച്ച് പ്രവർത്തകരെ കരിങ്കൊടി ഉയർത്താൻ പറഞ്ഞയച്ച് ഭീകരമായ മർദ്ദനങ്ങൾക്ക് ഇരയാക്കിയ നേതാക്കന്മാർ ഇന്ന് പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്യുന്നു. ഇപ്പോൾ അധികാരത്തിൽ അവരോധിതമായിരിക്കുന്ന വർഗ്ഗമേതാണ്? 1948ലെ വിശകലനമനുസരിച്ച് അധികാരത്തിലിരുന്നിരുന്ന സാമ്രാജ്യത്വവും ജന്മിത്തവും നിഷ്‌കാസിതമായി കഴിഞ്ഞോ? പേരിനെങ്കിലും സ്വാതന്ത്ര്യദിനം ആചരിക്കാൻ തീരുമാനിച്ചാൽ 1947ൽ സ്വാതന്ത്ര്യം ലഭിച്ചുവെന്നും അധികാരത്തിൽ മുതലാളിവർഗ്ഗം അവരോധിതമായി എന്നുമാണല്ലോ സമർത്ഥിക്കുന്നത്. ഇതിനെല്ലാം ശേഷവും, നിഷ്‌കാസിതമായിക്കഴിഞ്ഞ അതേ സാമ്രാജ്യത്വത്തെ പുറത്താക്കാനുള്ള ജനകീയ ജനാധിപത്യ വിപ്ലവമെന്ന ലൈൻ പാർട്ടി പരിപാടിയിൽ ഇന്നും സൂക്ഷിച്ചിരിക്കുകയാ ണല്ലോ. കണ്ണൂരിൽ പ്രഖ്യാപിച്ചിട്ടുള്ള പാർട്ടി കോൺഗ്രസ്സും ഇതേ ലൈൻ തുടരാനാണല്ലോ ലക്ഷ്യമിടുന്നത്. പൂർവ്വാപരവൈരുദ്ധ്യങ്ങൾ മാത്രം നിറഞ്ഞ നിലപാട് ഇക്കൂട്ടരുടെ ചരിത്രത്തിന്റെ അവിഭാജ്യഭാഗമാണ്.
രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹ്യ സാഹചര്യത്തെ സംബന്ധിച്ച് മാർക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിൽ പിറവിയെടുത്തകാലം മുതൽ അവിഭക്ത സിപിഐയും അതിൽനിന്ന് പിളർന്നുവന്നിട്ടുള്ള എല്ലാ പാർട്ടികളും ഗ്രൂപ്പുകളും തീർത്തും പരാജയപ്പെടുകയാണുണ്ടായിട്ടുള്ളത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തെക്കുറിച്ചും സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടത്തെക്കുറിച്ചും സിപിഐ(എം)ന്റെ വിലയിരുത്തലുകളും കാഴ്ചപ്പാടുകളും പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും.
1920 കളിലാണല്ലോ അവിഭജിത സിപിഐ രൂപീകൃതമാകുന്നത്. ആ കാലഘട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് അഥവാ സാമ്രാജ്യത്വവിരുദ്ധ സമരത്തിന് നേതൃത്വം നൽകിക്കൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു തികഞ്ഞ ബൂർഷ്വാവർഗ്ഗ പാർട്ടിയായി മാറിയിരുന്നില്ല. പിൽക്കാലത്ത് രൂപംകൊണ്ട പല രാഷ്ട്രീയ പാർട്ടികളും ഗ്രൂപ്പുകളും അന്ന് കോൺഗ്രസിന്റെ ഉള്ളിലായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ പൊതുവായ പ്രവർത്തന വേദിയായിരുന്ന കോൺഗ്രസിലെ ദേശീയ ബൂർഷ്വാ നേതൃത്വത്തെ ഒറ്റപ്പെടുത്തി പകരം തൊഴിലാളിവർഗ്ഗ നേതൃത്വത്തെ സ്ഥാപിച്ചെടുത്തുകൊണ്ട് കോൺഗ്രസിനെ യഥാർത്ഥ സാമ്രാജ്യത്വവിരുദ്ധ മുന്നണിയാക്കി മാറ്റുക എന്ന സ്ട്രാറ്റജിയായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. എന്നാൽ കോൺഗ്രസ് നയിച്ചിരുന്ന സ്വാതന്ത്ര്യ സമരത്തെയാകെ പിന്തിരിപ്പൻ ബൂർഷ്വാസിയുടെ സമരമെന്ന് മുദ്രയടിക്കുകയാണ് അന്നത്തെ സിപിഐ ചെയ്തത്. ഈ നിലപാട് മൂലം സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയിൽനിന്ന് സ്വയം ഒറ്റപ്പെടുകയും ദേശസ്‌നേഹികൾ കമ്മ്യൂണിസത്തെ സംശയത്തോടെയും ആശങ്കയോടെയും കാണാൻ ഇടയാക്കുകയും ചെയ്തു. പിന്നീട് തെറ്റ് തിരുത്താനെന്ന പേരിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ബൂർഷ്വാ പാർട്ടിയായി മാറിക്കഴിഞ്ഞതിനു ശേഷം, സിപിഐ 1934ൽ തൊഴിലാളി വർഗ്ഗത്തിന്റെയും ബൂർഷ്വാസിയുടെയും സംയുക്ത നേതൃത്വത്തിൽ ഒരു ദേശീയ മുന്നണി ഉണ്ടാക്കണമെന്ന കൂടുതൽ ഗുരുതരമായ തെറ്റ് സ്വീകരിച്ചു.
തുടർന്ന് 1939ൽ മു സ്ലിംലീഗിന്റെ പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ചു. രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശമെന്ന മാർക്‌സിസ്റ്റ് സിദ്ധാന്തത്തെ വികലമാക്കി അവതരിപ്പിച്ചുകൊണ്ടാണ്, മുസ്ലീങ്ങൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രമാകാമെന്നും അവർക്ക് സ്വയം നിർണ്ണയാവകാശത്തിന് അർഹതയുണ്ടെന്നും വാദിച്ചത്. 1942ൽ രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തെങ്ങുമുള്ള സാധാരണ ജനങ്ങൾ ‘ക്വിറ്റ് ഇന്ത്യ’ മുദ്രാവാക്യവുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്നെതിരെ ആഞ്ഞടിച്ചപ്പോൾ അത് ഫാസിസത്തിന് അനുകൂലമായ സമരമാണെന്ന് ആരോപിച്ച് എതിർത്തു. ഐഎൻ എ പോരാളികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റുകൊടുക്കുന്ന പണി ഏറ്റെടുത്ത് സാമ്രാജ്യത്വത്തിന്റെ പിണിയാളന്മാരായി പ്രവർത്തിച്ചു.
1951ൽ അജയഘോഷിന്റെ നേതൃത്വത്തിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യം ഔപചാരികമായ ഒന്നാണെന്നും ഇന്ത്യൻ ഭരണകൂടം തീർത്തും സാമ്രാജ്യത്വത്തിന്റെ പിണിയാളാണെന്നും വിലയിരുത്തി. ഇന്ത്യൻ വിപ്ലവത്തിന്റെ ഘട്ടത്തെ സാമ്രാജ്യത്വവിരുദ്ധ-ജന്മിത്വവിരുദ്ധമെന്ന് നിർണ്ണയിച്ചു. പിന്നീട് പാലക്കാട് നടന്ന പാർട്ടി കോൺഗ്രസിലും വിപ്ലവഘട്ടത്തെ സംബന്ധിച്ച് യാതൊരു മാറ്റവും ഉണ്ടായില്ല. എന്നാൽ ഇന്ത്യൻ ഭരണകൂടം സാമ്രാജ്യത്വത്തിന്റെ പിണിയാളെന്ന മുൻ വിലയിരുത്തലിൽ, ഇന്ത്യൻ ഭരണകൂടത്തിലും ഗവണ്മെന്റിലും ദേശീയ ബൂർഷ്വാസിയുടെ സ്വാധീനം വർദ്ധിച്ചു വരുന്നതായി ചേർത്തു. ഇങ്ങനെ ചെയ്തത് ഇന്ത്യൻ ഭരണകൂടത്തിന്റെ സ്വതന്ത്രമായ വിദേശ നയം വിശദീകരിക്കുന്നതിന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വന്നതുകൊണ്ടാണ്. അർദ്ധ കൊളോണിയൽ-അർദ്ധ ഫ്യൂഡൽ ഭരണകൂടമാണെങ്കിൽ സ്വതന്ത്രമായ വിദേശനയം ആവിഷ്‌ക്കരിക്കാൻ കഴിയില്ലല്ലോ? പിന്നീട് അമൃതസറിൽ കൂടിയ അടുത്ത പാർട്ടി കോൺഗ്രസിലും അടിസ്ഥാനപരമായ യാതൊരു വ്യത്യാസവും ഉണ്ടായില്ല.
സിപിഐ പിളർന്നശേഷം കൽക്കട്ടയിൽവെച്ച് കൂടിയ സിപിഐ(എം)ന്റെ ആദ്യത്തെ പാർട്ടി കോൺഗ്രസിൽ ഇന്ത്യൻ ഭരണകൂടത്തെ വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വാ-ജന്മിത്വ ഭരണകൂടം എന്നാണ് നിർവ്വചിച്ചത്. വിപ്ലവ സിദ്ധാന്തമാകട്ടെ സാമ്രാജ്യത്വവിരുദ്ധ ജന്മിത്തവിരുദ്ധ ജനകീയ ജനാധിപത്യ വിപ്ലവവും. സിപിഐ(എം)പാർട്ടി പരിപാടിയുടെ ആമുഖത്തിന്റെ 6.2ന്റെ ഖണ്ഡികയുടെ അവസാനഭാഗം ഇങ്ങനെ പറയുന്നു. ‘ഉറച്ച തൊഴിലാളി- കർഷക സഖ്യത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ, എല്ലാ അസ്സൽ ഫ്യൂഡൽ വിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ ശക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തിൽ ജനകീയ ജനാധിപത്യം സ്ഥാപിക്കുക. ഇന്നത്തെ ബൂർഷ്വാ-ഭൂപ്രഭു ഭരണത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്നതാണ് ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി’ ഖണ്ഡിക 7.11 ‘അതിനാൽ ബൂർഷാസിയിലെ ദുർബ്ബലമായ ഈ വിഭാഗം (കുത്തകയല്ലാത്ത ബൂർഷ്വാസി-യൂണിറ്റി) ഭരണകൂട അധികാരവുമായി എതിരിടാൻ നിർബ്ബന്ധിതമായിത്തീരുന്നു. ജനകീയ ജനാധിപത്യ മുന്നണിയിൽ അവർക്ക് ഒരു സ്ഥാനം കണ്ടെത്താൻ കഴിയും. എന്നാൽ വൻകിട ബൂർഷ്വാസിയുമായി ഇപ്പോഴും ഭരണം പങ്കിടുന്നവരാണ് ഈ വിഭാഗമെന്നും അതേ ഭരണത്തിൽ ഇനിയും മുന്നേറാൻ കഴിയും എന്ന ഉയർന്ന പ്രതീക്ഷകൾ വച്ചുപുലർത്തുന്നവരാണ് അവരെന്നുമുള്ള കാര്യം നാം ഓർക്കണം’. അതിനർത്ഥം ജനകീയ ജനാധിപത്യ വിപ്ലവത്തിൽ ബൂർഷ്വാസിയിലെ ദുർബ്ബലരായ വിഭാഗം സഖ്യശക്തിയാണെന്നാണ്.
ഇവിടെ പ്രസക്തമായ ചോദ്യം വൻകിട ബൂർഷ്വാസിയും ദേശീയ ബൂർഷ്വാസിയും ആരാണെന്നുള്ളതാണ്. സാമ്രാജ്യത്വം മുതലാളിത്വത്തിന്റെ പരമോന്നത ഘട്ടം എന്ന ഗ്രന്ഥത്തിൽ മഹാനായ ലെനിൻ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത് മുതലാളിത്തം അതിന്റെ പ്രാരംഭദശയിൽ സ്വഭാവത്തിൽ ദേശീയമായിരിക്കുകയും പരമാധികാര രാഷ്ട്രം സ്ഥാപിക്കാൻവേണ്ടി അങ്ങേയറ്റം പ്രയത്‌നിക്കുകയും ചെയ്യുമെന്നാണ്. കൂടാതെ ദേശീയ മൂലധനം അതിന്റെ വികാസക്രമത്തിൽ കുത്തകക്ക് ജന്മം നൽകുന്നു. വളർച്ചയുടെ ഈ ഘട്ടത്തിൽ അതിന് സാമ്രാജ്യത്വ സ്വഭാവം കൈവരുന്നു എന്നുമാണ്. അതിനാൽ ദേശീയ ബൂർഷ്വാസി വളർന്ന് വികസിച്ച് കുത്തകയായി മാറുമ്പോഴാണ് സാമ്രാജ്യത്വ സ്വഭാവം ആർജ്ജിക്കുന്നത്. അതുകൊണ്ട് കുത്തക ബൂർഷ്വാസിക്കെതിരെയുള്ള സമരമെന്നു പറഞ്ഞാൽ ദേശീയ ബൂർഷ്വാസിക്കെതിരെയുള്ള സമരമെന്നുതന്നെയാണ് അർത്ഥം. എന്നാൽ വിപ്ലവപരിപാടി മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവമല്ലതാനും!
രണ്ടാമത്തെ വശം ബൂർഷ്വാസി വിദേശ ഫിനാൻസ് മുലധനവുമായി കൂടുതൽ സഹകരിക്കുന്നു എന്നും സമ്രാജ്യത്വവുമായി സന്ധിചെയ്യുന്നു എന്നും ഉള്ള സിദ്ധാന്തമാണ്. ഇന്ത്യൻ ബൂർഷ്വാസി വികസിച്ച് കുത്തകകൾ ആയി മാറി സാമ്രാജ്യത്വ സ്വഭാവം ആർജ്ജിച്ചു കഴിഞ്ഞതിനാൽ സ്വാഭാവികമായും ഇന്ത്യൻ ബൂർഷ്വാസിയുടെ വികസന താല്പര്യങ്ങളുമായി ബന്ധപ്പെട്ട് വിദേശസാമ്രാജ്യത്വ ശക്തികളുമായി ഒരേസമയം വൈരുദ്ധ്യവും സഹകരണവും ഉണ്ടാകും. വിദേശസാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നു, വിദേശ മൂലധനവുമായി സഹകരിക്കുന്നു എന്നത് ഭരണകൂടാധികാരത്തിൽ സാമ്രാജ്യത്വമുണ്ടെന്ന് സ്ഥാപിക്കുന്നില്ല. ഫിനാൻസ് മൂലധനം ട്രാൻസ്‌നാ ഷണൽ സ്വഭാവം കൈവരിച്ചിരിക്കുന്നതിനാൽ വൻകിട വികസിത മുതലാളിത്ത ഭരണകൂടങ്ങളെല്ലാം ഫിനാൻസ് മൂലധനവുമായി സഹകരിച്ചാണ് നിലനിൽക്കുന്നത്.
മൂന്നാമത്തെ വശം ബൂർഷ്വാ -ഭൂപ്രഭു വർഗ്ഗമാണ് അധികാരത്തിൽ ഇരിക്കുന്നത് എന്ന നിഗമനമാണ്. കുത്തകകളായി വളർന്ന് സാമ്രാജ്യത്വ സ്വഭാവം ആർജ്ജിച്ച ദേശീയ ബൂർഷ്വാസിയോ ടൊപ്പം എങ്ങനെയാണ് ഭൂപ്രഭുവർഗ്ഗം അധികാരം പങ്കിടുക എന്നത് ചരിത്രവും മാർക്‌സിസത്തിന്റെ ബാലപാഠവും അറിയാവുന്നവർക്ക് ഉൾക്കൊള്ളുവാൻ കഴിയുന്ന കാര്യമല്ല. കാർഷികമേഖലയപ്പാടെ കോർപ്പറേറ്റുകൾ പിടി മുറുക്കുന്ന ഈ സന്ദർഭത്തിലും ഭൂപ്രഭു ജന്മിവർഗ്ഗം അധികാരം പങ്കിടുന്നു എന്ന വ്യാഖ്യാനം യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല.
എടുത്തു പറയേണ്ട മറ്റൊരു കാര്യം ജനകീയ ജനാധിപത്യ വിപ്ലവം എന്ന പ്രയോഗമാണ്. ഭൂപ്രഭു-നാടുവാഴിത്ത-രാജവാഴ്ചയുള്ള നാടുകളിൽ വിദേശാധിപത്യമോ മേൽക്കോയ്മയോ ഉണ്ടായിരിക്കുകയും മുതലാളിത്തം ശൈശവാവസ്ഥയിൽ ആയിരിക്കുകയും ചെയ്യുമ്പോൾ (അർദ്ധ കൊളോണിയൽ – അർദ്ധ ഫ്യൂഡൽ ഭരണം) തൊഴിലാളി വർഗ്ഗത്തിന്റെ മുൻ കൈയിൽ സാമ്രാജ്യത്വത്തിനും ഫ്യൂഡലിസത്തിനും എതിരെ നടക്കുന്നതാണ് ജനകീയ ജനാധിപത്യ വിപ്ലവം. ചൈനയിൽ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവം ജനകീയ ജനാധിപത്യ വിപ്ലവമായിരുന്നു-അത് പുത്തൻ ജനാധിപത്യ വിപ്ലവം എന്നറിയപ്പെടുന്നു. സിപിഐ(എം) പറയുന്ന ജനകീയ ജനാധിപത്യ വിപ്ലവം ഇതല്ല. അവർ വിവക്ഷിക്കുന്നത് കുത്തകകളാൽ നയിക്കപ്പെടുന്ന ബൂർഷ്വാ- ഭൂപ്രഭു സർക്കാരിനെ അധികാരത്തിൽനിന്നും തൂത്തെറിയുന്ന വിപ്ലവമാണ്. ബൂർഷ്വാ ഭരണകൂടത്തെ തൂത്തെറിയുന്ന വിപ്ലവം മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവമാണ്. അത് സോവിയറ്റ് റഷ്യയിൽ 1917 ൽ നടന്ന വിപ്ലവമാണ്. ഇൻഡ്യയുടെ മുർത്തസാഹചര്യത്തിൽ ഏറ്റവും ശരിയും കൃത്യവുമായ വിപ്ലവപരിപാടി മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവമാണ്. അതിനാലാണ് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) ഈ അടിസ്ഥാന ലൈൻ സ്വീകരിച്ചിട്ടുള്ളത്.
മുതലാളിത്ത ചേരിയിൽ നിലയുറപ്പിച്ചുകൊണ്ട് സിപിഐ(എം) കൈക്കൊണ്ടിട്ടുള്ള അധമമായ പ്രായോഗിക രാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകളാണ് എല്ലാം നിശ്ചയിക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുതിയ തീരുമാനവും ഇതേ കണക്കുകൂട്ടലിൽ വന്നിട്ടുള്ളതാണ്. നിലനിൽക്കുന്ന മുതലാളിത്തവ്യവസ്ഥയോട് സാധ്യമാകുന്നിടത്തോളം താദാത്മ്യപ്പെടാനാണ് സിപിഐ(എം) പരിശ്രമിക്കുന്നത്. സ്വകാര്യമൂലധന നിക്ഷേപം വർദ്ധിക്കുമ്പോൾ വന്നുചേരുന്ന വികസനത്തിന്റെ പറുദീസയെക്കുറിച്ചാണ് സിപിഐ(എം) ഭാഷണങ്ങൾ മുഴുവൻ. നിക്ഷേപസൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ തൊഴിലാളിവർഗ്ഗത്തിന്റെ കടമകളെന്തെന്ന് സ്റ്റഡി ക്ലാസ്സ് സംഘടിപ്പിക്കുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദം ഇൻഡ്യൻ സാഹചര്യത്തിൽ പ്രയോഗികമല്ല എന്ന് പ്രഖ്യാപിച്ച്, വിപ്ലവമെന്നത് ഏട്ടിൽപ്പോലുമില്ലാതാക്കി മുതലാളിവർഗ്ഗത്തിന്റെ നല്ലപിള്ള ആകാൻ പണിപ്പെടുന്ന ലജ്ജാകരമായ കാഴ്ച നാം കാണേണ്ടി വരുന്നു. സ്വാതന്ത്ര്യദിനാചരണം നടത്തുന്നില്ല എന്നത് മുതലാളിമാർക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും അവർക്ക് തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യതയുള്ള പഴയ നിലപാട് തിരുത്തി കഴിയുന്നത്ര പരമാവധി ദാസ്യഭാവം കാട്ടുന്നതാണല്ലോ നല്ലത്. സ്വാതന്ത്ര്യദിനം ആചരിക്കേണ്ടതില്ല എന്ന അബദ്ധതീരുമാനത്തിന്റെ വിപരീത നിലയിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നത് സിപിഐ(എം) ഇപ്പോൾ പുൽകിയിട്ടുള്ള വർഗ്ഗാഭിലാഷങ്ങളാണ്. എണ്ണമറ്റ രക്തസാക്ഷികളും അനേകകോടി രാജ്യസ്‌നേഹികളും പൊരുതിനേടിയെടുത്ത രാഷ്ട്രീയസ്വാതന്ത്ര്യത്തെ കാണാനും അംഗീകരിക്കാനും കഴിയാതെ പോയത് അവർ പിന്തുടർന്ന മാർക്‌സിസ്റ്റേതരവും യാന്ത്രികവുമായ സമീപനത്തിന്റെ ഫലമായിരുന്നു. ഇന്ന് ദേശീയപതാക ഉയർത്താൻ തീരുമാനിക്കുമ്പോഴും അതേ സമീപനത്തിന്റെ ആവർത്തനമാണ് നാം കാണുന്നത്.

Share this post

scroll to top