ലെനിന്‍ ചരമശതാബ്ദി: എസ്‍യുസിഐ (കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറിസഖാവ് പ്രൊവാഷ് ഘോഷിന്റെ അഭ്യർത്ഥന

Pravasda-1-7bksq6get94065kfqu3j7hty3zxj5mwwg3m1dwwyfk0.jpg
Share

പ്രിയ സഖാക്കളേ,
മഹാനായ മാർക്സിസ്റ്റ് ദാർശനികനും ചിന്തകനും റഷ്യയിലെ ആദ്യ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശില്പിയും ലോക തൊഴിലാളിവർഗ്ഗത്തിന്റെ ഗുരുവും നേതാവുമായ മഹാനായ ലെനിൻ അന്തരിച്ചത് 1924 ജനുവരി 21നാണെന്ന് നമുക്കേവർക്കുമറിയാം. മഹാനായ ഈ ചിന്തകന്റെ ചരമശതാബ്ദി 2024 ജനുവരി 21ന് പൂർത്തിയാകും. നമ്മുടെ പാർട്ടി എസ്‌യുസി ഐ(കമ്മ്യൂണിസ്റ്റ)ന്റെ കേന്ദ്രക്കമ്മിറ്റി 2023 നവംബർ 7 മുതൽ 2024 ജനുവരി 21 വരെ അർഹമായ പ്രൗഢിയോടെ ഈ സന്ദർഭം ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സന്ദർഭത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ നാമോർക്കേണ്ടതുണ്ട്:
റഷ്യൻ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയിലെ മെൻഷെവിക്കുകൾക്കെതിരെ പോരാടിക്കൊണ്ട് ബോൾഷെവിക് പാർട്ടി വളർത്തിയെടുക്കുകയും ഓരോ രാജ്യത്തും ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്ന പ്രക്രിയയുടെ സാർവ്വദേശീയമായ മാർഗ്ഗരേഖ സൃഷ്ടിക്കുകയും ചെയ്തത് ലെനിനായിരുന്നു. ‘രണ്ടാം ഇന്റർനാഷണലിന്റെ’ തിരുത്തൽവാദ വ്യതിയാനങ്ങൾക്കെതിരെ കർക്കശമായ പ്രത്യയശാസ്ത്രസമരങ്ങൾ നടത്തി മാർക്സിസത്തിന്റെ വിപ്ലവകരമായ അന്ത:സത്ത സംരക്ഷിച്ചത് ലെനിനായിരുന്നു. ചരിത്രത്തിലെ ആദ്യ സോഷ്യലിസ്റ്റ് വിപ്ലവം വിജയത്തിലേക്കെത്തിച്ചതും സോവിയറ്റ് യൂണിയനിൽ സോഷ്യലിസത്തിന്റെ അടിത്തറ പാകിയതും ലെനിൻ തന്നെയായിരുന്നു.
കോളനി രാജ്യങ്ങളുടെ മോചനത്തിനുള്ള സൈദ്ധാന്തിക, പ്രത്യയശാസ്ത്ര അടിസ്ഥാനം ഒരുക്കിയതും ‘രാഷ്ട്രങ്ങളുടെ സ്വയം നിർണ്ണയാവകാശം’ എന്ന സിദ്ധാന്തം ആവിഷ്ക്കരിച്ച് കോളനികളുടെ മോചനത്തെയും സ്വാതന്ത്ര്യസമരങ്ങളെയും സഹായിച്ചതും ലെനിനായിരുന്നു.ബൂർഷ്വാ പ്രത്യയ ശാസ്ത്രങ്ങൾക്കും റഷ്യയിലെ മെൻഷെവിക്കുകൾക്കും ‘രണ്ടാം ഇന്റർനാഷണലിലെ’ തിരുത്തൽവാദികൾക്കുമെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത പ്രത്യയശാസ്ത്രസമരം നടത്തവേതന്നെ, മാർക്സിസത്തെ തത്ത്വചിന്താപരമായും പ്രത്യയശാസ്ത്രപര മായും രാഷ്ട്രീയമായും സംഘടനാപരമായും സമ്പന്നമാക്കിയതും അതുവഴി മാർക്സിസത്തിന്റെ വിജ്ഞാന ഭണ്ഡാഗാരത്തിലേക്ക് അടിസ്ഥാനപരമായ സംഭാവനകൾ നൽകിയതും ലെനിനായിരുന്നു. മാർക്സിന്റെ കാലത്തിനുശേഷമുള്ള മുതലാളിത്ത ത്തിന്റെ പുതിയ ഘട്ടമായ സാമ്രാജ്യത്വത്തെ സംബന്ധിച്ച മാർക്സിസ്റ്റ് വിശകലനം പ്രദാനം ചെയ്തത് ലെനിനായിരുന്നു. അതുകൊണ്ടാണ് മഹാനായ സ്റ്റാലിൻ ‘ലെനിനിസമെന്നത് സാമ്രാജ്യത്വത്തിന്റെയും തൊഴിലാളി വർഗ്ഗവിപ്ലവത്തിന്റെയും യുഗത്തിലെ മാർക്സിസ’മാണെന്നു വിശദീകരിച്ചത്.
ലെനിന്റെ പാഠങ്ങളും വിശകലനങ്ങളും ആധാരമാക്കി, സമകാലീന പ്രശ്നങ്ങൾ നേരിടുന്നതിനായി അദ്ദേഹത്തിന്റെ ശിഷ്യരെന്ന നിലയിൽ സഖാവ് സ്റ്റാലിൻ, സഖാവ് മാവോ സെ തുംഗ്, സഖാവ് ശിബ്‍ദാസ് ഘോഷ് എന്നിവർ ഏതളവുവരെ എങ്ങനെ മാർക്സിസം-ലെനിനിസത്തെ വികസിപ്പിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്തുവെന്നതും ഈ സന്ദർഭത്തിൽ നാമോർക്കേണ്ടതാണ്. ലെനിനെ സ്മരിക്കുകയും അദ്ദേഹത്തിനു പ്രണാമങ്ങൾ അർപ്പിക്കുകയും ചെയ്യുക എന്നതിനർത്ഥം മാർക്സ്-എംഗൽസ്-സ്റ്റാലിന്‍ – മാവോ സെ തുംഗ്-ശിബ്‍ദാസ് ഘോഷ് എന്നിവരുടെ അർഹരായ ശിഷ്യരെന്ന നിലയിൽ നിലവാരമാർജ്ജിച്ചു കൊണ്ട് നാം സാർവ്വദേശീയതയുടെതും തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റെതുമായ ദൗത്യം മുന്നോട്ടു കൊണ്ടുപോകുക എന്നതാണ്.


പ്രിയസഖാക്കളേ, ലോക സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഉജ്ജ്വലമായ മുന്നേറ്റവും ഒരിക്കൽ സാമ്രാജ്യത്വത്തിന്റെ നിലനില്പിനെത്തന്നെ ഭയപ്പെടുത്തിയിരുന്ന സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിശക്തമായ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളും, റഷ്യയിലെയും ചൈനയിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും സോഷ്യലിസം അകത്തും പുറത്തുമുള്ള ബൂർഷ്വാസി ആസൂത്രണം ചെയ്ത പ്രതിവിപ്ലവത്തിലൂടെ തകർന്നതിനു ശേഷം അസ്തമിച്ചിരിക്കുന്ന ഘട്ടത്തിലാണ് നാം ലെനിൻ ചരമശതാബ്ദി ആചരിക്കുന്നുവെന്നത് അത്യന്തം വേദനാകരമാണ്.
‘മുതലാളിത്തത്തിന്റെ മരണമടുത്ത ഘട്ടമാണ് സാമ്രാജ്യത്വം’ എന്ന് മഹാനായ ലെനിൻ പ്രവചിച്ചതു പോലെ സാമാജ്യത്വ – മുതലാളിത്തം ഇന്ന് വർദ്ധിതമായതും നീണ്ടു നില്ക്കുന്നതുമായ തീവ്രപ്രതിസന്ധിയിൽപ്പെട്ടുഴലുകയാണെന്നും യഥാർത്ഥത്തിൽ അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുകയുമാണെന്നും മനസ്സിലാക്കണം. കമ്പോളത്തെ ചുരുക്കുന്ന വിധത്തിൽ ജനങ്ങളുടെ വാങ്ങൽശേഷി തുടർച്ചയായി ഇടിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ വാസ്തവത്തിൽ ലോകസാമാജ്യത്വ – മുതലാളിത്ത വ്യവസ്ഥ അവസാനമില്ലാത്ത സാമ്പത്തികമാന്ദ്യത്തിൽ കുടുങ്ങിക്കിടക്കുകയാണ്. മയപ്പെടുത്തിയ ഭാഷയിൽ അവരതിനെ സമ്പദ്‌വ്യവസ്ഥയുടെ വേഗം കുറയൽ എന്നൊക്കെ പറയുന്നു. നിലനില്പിനായുള്ള വൃഥാശ്രമത്തിൽ ബഹുരാഷ്ട്ര കമ്പനികളും കുത്തകകളും കോടിക്കണക്കിനു തൊഴിലാളികളെ തൊഴിൽരഹിതരാക്കി ആയിരക്കണക്കിനു വ്യവസായസ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും സ്ഥിരം തൊഴിലാളികളുടെ സ്ഥാനത്ത് ചുരുങ്ങിയ വേതനത്തിൽ താല്ക്കാലിക കരാർത്തൊഴിലാളികളെ വിനിയോഗിക്കുകയും പുറംതൊഴിൽ കരാർ നടപ്പാക്കുകയും ചെയ്യുകയാണ്. മാത്രമല്ല, മഹാനായ സ്റ്റാലിൻ ചൂണ്ടിക്കാട്ടിയതുപോലെ കൃത്രിമമായ കമ്പോളം സൃഷ്ടിക്കുന്നതിനായി അവർ സമ്പദ്‌രംഗത്തെ കൂടുതലായി സൈനികവൽക്കരിച്ചു കൊണ്ടിരിക്കുന്നു. ആയുധക്കമ്പോളം നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും അവർക്ക് യുദ്ധസമ്മർദ്ദങ്ങളും പ്രാദേശികയുദ്ധങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്. ഇപ്പോൾ നടക്കുന്നതെന്താണ്? സാമ്രാജ്യത്വ ചൈനയുടെ തുറന്ന പിന്തുണയോടെ സാമ്രാജ്യത്വ റഷ്യ ഉക്രെയ്നു മേൽ നടത്തുന്ന യുദ്ധവും നാറ്റോ സഖ്യത്തോടൊപ്പം ചേർന്ന് റഷ്യക്കെതിരെ യുഎസ് സാമ്രാജ്യത്വത്തിന്റെ ഇടപെടലും യൂറോപ്പിൽ നടക്കുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പടെ ആയിരക്കണക്കിനു സാധാരണക്കാരെ കൊന്നൊടുക്കിക്കൊണ്ടും വീടുകളുൾപ്പെടെ ഗ്രാമങ്ങളെയും പട്ടണങ്ങളെയും ആശുപത്രികളെയും സ്കൂളുകളെയും തകർത്തു കൊണ്ടും യുഎസ് സാമ്രാജ്യത്വത്തിന്റെയും കൂട്ടാളികളുടെയും തുറന്ന പിന്തുണയോടെ ഇസ്രയേൽ പലസ്തീനുമേൽ കിരാതമായ ആക്രമണം നടത്തുന്നു. ഇതെല്ലാം ‘സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുന്നു’ എന്ന ലെനിന്റെ ആഴമേറിയ നിരീക്ഷണത്തെ ശരിവക്കുന്നു.
പക്ഷേ എല്ലാം ഇരുണ്ടു പോയിട്ടില്ല. എല്ലാ സാമ്രാജ്യത്വ – മുതലാളിത്ത രാജ്യങ്ങളിലും തൊഴിലാളികളുടെ തുടർച്ചയായ പ്രക്ഷോഭങ്ങളോടൊപ്പം താനേ രൂപംകൊള്ളുന്ന യുദ്ധവിരുദ്ധ സമാധാന പ്രകടനങ്ങളും കർഷകരുടെയും വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും സമരങ്ങളും വളർന്നു വരുന്നു. ഫാസിസ്റ്റ് ഭരണാധികാരികളുടെ അടിച്ചമർത്തലുകൾ വർദ്ധിക്കുന്നതിനസൃതമായി അവ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. കുന്നുകൂടിവരുന്ന പ്രശ്നങ്ങൾ ജനജീവിതം സഹിക്കാൻ പറ്റാത്ത വിധം ദുരിതമയമാക്കുന്നു. മാറ്റം വേണമെന്നവർ ആഗ്രഹിക്കുന്നു; പക്ഷെ, എങ്ങനെ എന്നതവർക്കറിയില്ല. അതായത് വിപ്ലവത്തിനായുള്ള വസ്തുനിഷ്ഠ സാഹചര്യം ഒരുങ്ങിയിരിക്കുന്നു പക്ഷെ, ആത്മനിഷ്ഠ സാഹചര്യം ഇതുവരെയും ഒരുങ്ങിയിട്ടില്ല.
കഴിയുന്നത്ര വേഗത്തിൽ എല്ലാ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ വികസിപ്പിച്ചെടുക്കുകയാണ് കാലഘട്ടത്തിന്റെ അടിയന്തിര ആവശ്യകത. മാർക്സിസം-ലെനിനിസവും സമകാലീന സാഹചര്യത്തിൽ സ്റ്റാലിനും മാവോ സെ തുംഗും പ്രത്യേകിച്ച് ശിബ്‍ദാസ് ഘോഷും സൃഷ്ടിച്ചെടുത്ത അതിന്റെ പില്ക്കാല വികാസവും പഠിക്കുകയും സ്വാംശീകരിക്കുകയും ചെയ്യണം.
നമ്മുടെ മഹനായ നേതാവും ഗുരുനാഥനുമായ സഖാവ് ശിബ്‍ദാസ് ഘോഷ് പഠിപ്പിച്ചതു പോലെ, ദേശീയവും സാർവ്വദേശീയവുമായ നമ്മുടെ വിപ്ലവകർത്തവ്യങ്ങൾ നിർവ്വഹിക്കാൻ പാകത്തിൽ, കൂടുതലുയർന്ന അർപ്പണബോധത്തോടെയും അച്ചടക്കബോധത്തോടെയും നിർഭയമായ പ്രസരിപ്പോടെയും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും ധാർമ്മികമായും നമ്മുടെ നിലവാരമുയർത്തുക എന്നതാണ് അനിവാര്യമായും നമ്മുടെ കടമയെന്ന് ഈ അവസരത്തിൽ നമുക്കു ബോധ്യപ്പെടണം. താഴെപ്പറയുന്ന പരിപാടികൾ നടത്തുന്നതിനായി എല്ലാ സംസ്ഥാനക്കമ്മിറ്റികളും മതിയായ പ്രാധാന്യം നൽകണമെന്ന് കേന്ദ്രക്കമ്മിറ്റി അഭ്യർത്ഥിക്കുന്നു.
പരിപാടികൾ

  1. രാജ്യമെമ്പാടും താഴെത്തലം വരെ ലെനിന്റെ ഉദ്ധരണികളുടെ പ്രദർശനം നടത്തണം.
  2. ബഹുജനയോഗങ്ങളും തെരുവുയോഗങ്ങളും കൂടിച്ചേരലുകളും നടത്തി മഹാനായ ലെനിന്റെ പാഠങ്ങൾ ജനങ്ങളിലേക്കെത്തി ക്കണം.
  3. പ്രത്യയശാസ്ത്ര നിലവാരമുയർത്തുന്നതിനായി ലെനിന്റെ പ്രധാനപ്പെട്ട ചില കൃതികൾ എല്ലാ സഖാക്കളും പഠിക്കണം; പ്രത്യേകിച്ച് ‘ഭരണകൂടവും വിപ്ലവവും’ വ്യക്തിപരമായും കൂട്ടായും വായിക്കണം.
  4. പാർട്ടി പ്രസിദ്ധീകരണങ്ങളുടെ വില്പനയ്ക്കായി എല്ലാ സംസ്ഥാന ജില്ലാ, ലോക്കൽ കമ്മിറ്റികളും സമഗ്രമായതും ആസൂത്രണത്തോടെയുമുള്ള പരിപാടികൾ തയ്യാറാക്കണം
  5. വിവിധ പരിപാടികളിലൂടെ നമുക്കു ലഭിച്ച എല്ലാ ബന്ധങ്ങളെയും പരിചയങ്ങളെയും ലെനിൻ ചരമശതാബ്ദി പരിപാടികളിൽ ഉൾപ്പെടുത്താനുളള മുൻകൈ എല്ലാ സംസ്ഥാനങ്ങളും എടുക്കണം
    മഹാനായ ലെനിൻ നീണാൾ വാഴട്ടെ, മാർക്സിസം-ലെനിനിസം- സഖാവ് ശിബ്‍ദാസ് ഘോഷ് ചിന്തകൾ നീണാൾ വാഴട്ടെ, ലെനിന്റെ ദീപശിഖയുമായി മുന്നോട്ട്
    വിപ്ലവാഭിവാദ്യങ്ങളോടെ,
    സഖാവ് പ്രൊവാഷ് ഘോഷ്
    ജനറൽ സെക്രട്ടറി
    എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

Share this post

scroll to top