നീറ്റ് പരീക്ഷ റദ്ദാക്കി ഉടൻ പുനഃപരീക്ഷ നടത്തുകക്രമക്കേടുകൾക്ക് ഉത്തരവാദിയായ എൻടിഎ ചെയർമാനുംമറ്റ് അധികാരികൾക്കുമെതിരെ നടപടി സ്വീകരിക്കുക

DSO-KTM-Neet.jpeg
Share

മേയ് 5ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ നീറ്റ് പരീക്ഷയിലെ ഞെട്ടിപ്പിക്കുന്ന അഴിമതിയും കൃത്രിമങ്ങളും പരീക്ഷ എഴുതിയ 24 ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും മാനസികമായി തകർത്തിരിക്കുന്നു. പരീക്ഷ കഴിഞ്ഞ ഉടൻതന്നെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം വന്നിരുന്നു. ജൂൺ 4ന് രാജ്യം തിരഞ്ഞെടുപ്പു ഫലം ശ്രദ്ധിച്ചു കൊണ്ടിരുന്നതിനിടയിൽ നേരത്തേ പ്രഖ്യാപിച്ചതിൽ നിന്നു 10 ദിവസം മുമ്പേ പരീക്ഷയുടെ റിസൽട്ട് വന്നു.
പരീക്ഷയ്ക്ക് വേണ്ടത്ര സമയം കിട്ടിയില്ല എന്ന ചില വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് പ്രോസ്‌പക്ടസിൽ ഇല്ലാത്ത മാനദണ്ഡം അനുസരിച്ച് 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകി എന്നതും 67 പേർക്ക് 720ൽ 720 മാർക്കും ലഭിച്ചു എന്നതും ഇതിൽ 40 പേർക്ക് ഗ്രേസ് മാർക്ക് ലഭിച്ചിരുന്നു എന്നതും ഉടൻ വെളിവായി. ചോദ്യപേപ്പർ ചോർത്തിയെടുത്ത് ലക്ഷങ്ങൾ വാങ്ങി അവ വിറ്റഴിച്ചതിനും പരീക്ഷയിൽ കൃത്രിമം നടത്തിയതിനും തെളിവുകൾ ഒന്നിനുപുറകെ ഒന്നായി രാജ്യത്തെല്ലായിടത്തു നിന്നും പുറത്തു വന്നുകൊണ്ടേയിരുന്നു. വിവിധ കോടതികളിൽ എത്തിയ കേസുകൾ ഒന്നാകെ പരിഗണിച്ച സുപ്രീം കോടതി പരീക്ഷയുടെ വിശ്വാസ്യതയെപ്പറ്റി സംശയമുന്നയിച്ചുവെങ്കിലും അമ്പരപ്പിക്കുന്ന വിധത്തിൽ കൗൺസലിംഗ് നടപടികളുമായി മുന്നോട്ടു പോകാൻ അനുമതി നൽകി. മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം അദ്ധ്വാനിച്ചു പഠിച്ചു പരീക്ഷയെഴുതിയ ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ അങ്ങനെ വലിയ നീതികേടിനിരയായിരിക്കുകയാണ്. എൻടിഎയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും തെളിവെന്ന വിധത്തിൽ ജൂൺ 18ന് നടന്ന സിഎസ്ഐആർ-യുജിസി-നെറ്റ് പരീക്ഷയും വ്യക്തമാക്കാത്ത കാരണത്താൽ റദ്ദുചെയ്തരിക്കുന്നു.


മുമ്പ് മെഡിക്കൽ സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ സംസ്ഥാനങ്ങളായിരുന്നു നടത്തിയിരുന്നത്. അതിൽ അഴിമതി ഉണ്ടെന്ന കാരണം പറഞ്ഞാണ് ‘ഒരു രാജ്യം, ഒരു പരീക്ഷ’ എന്ന നയത്തിനനുസരിച്ച് 2013ൽ രാജ്യത്താകമാനം ബാധകമായ, കേന്ദ്രീകൃതമായ നീറ്റ് പരീക്ഷ ആവിഷ്ക്കരിച്ചത്. 2017 മുതൽ എൻടിഎയാണ് പരീക്ഷ നടത്തുന്നത്. ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധമായതും ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെ അവഗണിക്കുന്നതുമായ ഈ കേന്ദ്രനയത്തെ വിദ്യാഭ്യാസ വിചക്ഷണരും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളും അന്നുമുതൽ തന്നെ എതിർക്കുകയാണ്. ലക്ഷക്കണക്കിനു വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിനു രൂപ പരീക്ഷാഫീസായി പിരിക്കുന്ന എൻടിഎ പരീക്ഷാനടത്തിപ്പിൽ കുറ്റമറ്റ സംവിധാനങ്ങളൊന്നുമൊരുക്കിയിട്ടില്ല. മിക്കവാറും താല്ക്കാലിക ജിവനക്കാരാണ് ജോലികൾ ചെയ്യുന്നത്. തുടക്കം മുതൽ പരാതികൾ പ്രവഹിച്ചു കൊണ്ടിരുന്നു. കേന്ദ്ര ബിജെപി സർക്കാരിന്റെ പിന്തുണയുള്ളവരാണ് എൻടിഎയുടെ തലപ്പത്തുള്ളത്.


മോദി സർക്കാരിന്റെ അഴിമതിയുടെ ആഴവും പരപ്പും റാഫേൽ ഇടപാടു മുതൽ തിരഞ്ഞെടുപ്പു ബോണ്ട് വരെയുള്ള സംഭവങ്ങളിലൂടെ രാജ്യം കണ്ടതാണ്. എന്നാൽ വിദ്യാഭ്യാസരംഗത്തെ ഈ അഴിമതി ലക്ഷക്കണക്കിന് കൗമാരക്കാരുടെ സ്വപ്നങ്ങളും നീതിയിലുള്ള വിശ്വാസവും തകർത്തുകളഞ്ഞിരിക്കുന്നു.
ഓരോ സംസ്ഥാനത്തിനും അനുരൂപമായ വിധത്തിൽ പ്രവേശന പരീക്ഷ നടത്തുക എന്നതാണ് ഇന്ത്യയിൽ ശാസ്ത്രീയമായി സാധുവായ രീതി. അത് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനു പകരം അഴിമതിയെ കേന്ദ്രീകരിക്കുന്ന വിധത്തിൽ ആരോടും ബാധ്യതയില്ലാത്ത ഒരു ഏജൻസിയെ പരീക്ഷാനടത്തിപ്പ് ഏൽപ്പിച്ച്, രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സംവിധാനങ്ങളയും കേന്ദ്രസർക്കാരിന്റെ കാൽക്കീഴിലേക്ക്കൊണ്ടു വരാനാണ് ഈ കേന്ദ്രീകൃത നീറ്റ് പരീക്ഷ. സാധാരണക്കാരെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തു നിന്ന് ആട്ടിയകറ്റുന്ന തരത്തിൽ കോച്ചിംഗ് സെന്ററുകളിൽ ലക്ഷക്കണക്കിനു രൂപ ഫീസ് കൊടുത്തു പരിശീലനം തേടുന്നവർക്കു മാത്രം സീറ്റ് ലഭ്യമാക്കുന്ന തരത്തിൽ പ്രവേശന രീതി മാറിയിരിക്കുന്നു. കോച്ചിംഗ് കേന്ദ്രങ്ങൾ ലോബിയിംഗ് നടത്തി പ്രവേശനം അട്ടിമറിക്കുന്ന സ്ഥിതിയുമുണ്ട്. അതുകൊണ്ട് അടിയന്തരമായി ഈ കേന്ദ്രീകൃത പരീക്ഷാസമ്പ്രദായം അവസാനിപ്പിച്ച് സംസ്ഥാനങ്ങളിൽ പ്രവേശന പരീക്ഷ നടത്തണം.
ഇത്തവണത്തെ ക്രമക്കേടുകൾക്ക് ഉത്തരവാദിയായ എൻടിഎ ചെയർമാനും മറ്റ് അധികാരികൾക്കുമെതിരെ കേസെടുത്ത് ക്രിമിനൽ നടപടിക്കു വിധേയമാക്കണം. കഴിഞ്ഞ 5 വർഷം ഈ ക്രമക്കേടുകൾക്കു കൂട്ടുനില്ക്കുകയോ തടയാൻ നടപടികളെടുക്കാതിക്കുകയോ ചെയ്ത, വീണ്ടും വിദ്യാഭ്യാസമന്ത്രിയായി അധികാരത്തിലേറിയ ധർമ്മേന്ദ്ര പ്രധാൻ ഉടനടി തൽസ്ഥാനം രാജിവയ്ക്കുകയും വേണം.
സുപ്രീം കോടതി ജൂലൈ 8ന് വിധി പറയുന്നതിനു മുമ്പു തന്നെ സർക്കാർ ഈ വർഷത്തെ നീറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷയ്ക്ക് നടപടിയെടുത്താലേ വിദ്യാർത്ഥികൾക്ക് അല്പമെങ്കിലും നീതിലഭിക്കുകയുള്ളൂ.

Share this post

scroll to top