സാധുജന വിമോചന സംയുക്ത വേദിയുടെ നേതൃത്വത്തിൽ മഹാനായ ആയ്യൻകാളിയുടെ 78-ാം ചരമവാർഷിക ദിനാചരണം നടത്തി. പത്തനംതിട്ട അംബേദ്കർ ഭവനിൽ നടന്ന അനുസ്മരണ യോഗം പ്രശസ്ത ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ ആർ.പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങളെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുവാൻ അയ്യൻകാളി നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയമാണെന്നും അദ്ദേഹം തുടങ്ങിവച്ച സാമൂഹ്യ മുന്നേറ്റ പോരാട്ടങ്ങളുടെ തുടർച്ചയാണ് ചെങ്ങറ സമരമെന്നും പാർത്ഥസാരഥി വർമ്മ പറഞ്ഞു. സമരങ്ങളിലൂടെ മാത്രമേ ഇന്ന് സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കാനാകൂ എന്നും പോരാട്ടങ്ങളുടെ സ്മരണ അതാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചെങ്ങറ സമര നേതാവ് ളാഹ ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലെ സാധുജനങ്ങളെ ഉയർന്നു വരാൻ അനുവദിക്കാതെ കുത്തകകൾക്ക് വേണ്ടി മാത്രമാണ് പിണറായി വിജയൻ സർക്കാർ ഭരിക്കുന്നതെന്ന് ളാഹ ഗോപാലൻ പറഞ്ഞു. ഭൂരഹിതർക്ക് വാഗ്ദാനം ചെയ്ത 3 സെന്റ് ഭൂമി പോലും നൽകാതെ കുത്തകകൾക്ക് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയ്ക്ക് തരം അടയ്ക്കാൻ അനുമതി നൽകുന്നത് ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങറ സമര സഹായസമിതി കൺവീനർ എസ്.രാജീവൻ, പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, ജനകീയ പ്രതിരോധ സമിതി ജില്ലാ സെക്രട്ടറി കെ.ജി.അനിൽകുമാർ, മഹിളാ സാംസ്കാരിക സംഘടന ജില്ലാ സെക്രട്ടറി എസ്.രാധാമണി, എന്നിവർ പ്രസംഗിച്ചു. എസ്. വി. എസ്.വി ജനറൽ കൺവീനർ സുരേഷ് കുമാറിന്റെ അദ്ധതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബേബി ചെരിപ്പിട്ട കാവ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ.ബാബു കൃതജ്ഞതയും പറഞ്ഞു.