കടമെടുത്തുകൊണ്ടുള്ള ‘പശ്ചാത്തലസൗകര്യ വികസനം’ മുതലാളിത്തത്തിന്റെ പ്രതിസന്ധി മറച്ചുവയ്ക്കാനുള്ള ‘ഇടതു’ശ്രമം

Share

കേരളം അകപ്പെട്ടിരിക്കുന്നത് അതിരൂക്ഷമായ പ്രതിസന്ധിയിലാണെന്നും നമ്മള്‍ പൊയ്ക്കൊണ്ടിരിക്കുന്നത് ശ്രീലങ്കയുടെ മാതൃകയിലുള്ള കടക്കെണിയിലേക്കാണെന്നും യൂണിറ്റിയുടെ ജൂണ്‍ ലക്കത്തില്‍ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത് സാധൂകരിക്കുന്ന തരത്തില്‍ തൊട്ടുപിന്നാലെ റിസര്‍വ് ബാങ്കിന്റെ നിരീക്ഷണം പുറത്തുവരികയുണ്ടായി. ഏറ്റവും കടബാധ്യതയുള്ള അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം.

ശ്രീലങ്കയുടെ മാതൃകയിലുള്ള പ്രതിസന്ധിയിലേക്കു പോകുന്ന അടിയന്തര സാഹചര്യമില്ലെങ്കില്‍പോലും വേണ്ട നടപടികളെടുത്തില്ലെങ്കില്‍ അപരിഹാര്യമായ പ്രതിസന്ധിയിലേയ്ക്കാണ് വര്‍ധിക്കുന്ന കടം നമ്മളെ കൊണ്ടുചെന്നെത്തിക്കുകയെന്ന ആര്‍ബിഐയുടെ പഠനം ഗൗരവമേറിയതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ദൗർബല്യത്തെ കുറിക്കുന്ന സൂചകങ്ങളെല്ലാം തന്നെ അപകടനില കടന്നു നിൽക്കുകയാണ്.
ധനക്കമ്മിയുടെ കാര്യമെടുക്കാം. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് ഇത് ശരാശരി 2.5 ശതമാനം ആണെങ്കിൽ കേരളത്തിന് 4.13 ശതമാനമാണ്. ഇത് രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന നിലയാണ്. ഉയർന്നുകൊണ്ടേയിരിക്കുന്ന പൊതുച്ചെലവാണ് കേരളത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. എന്നാൽ സർക്കാർതന്നെ പ്രചരിപ്പിക്കുന്ന തുപോലെ ശമ്പളവും പെൻഷനുമാണോ ഈ ചെലവ് ? ശമ്പളവും പെൻഷനും കടമെടുത്തു കൊടുത്താണ് കേരളം മുടിയുന്നതെന്നാ ണല്ലോ മുതലാളിത്ത സാമ്പത്തിക വിശാരദന്മാരും മാദ്ധ്യമങ്ങളും ഭരണ പ്രതിപക്ഷ കക്ഷികളും സ്ഥാപിക്കാൻ ശ്രമിക്കുന്ന പൊതുധാരണ. നിർബന്ധിത ചെലവുകളിൽ വലിയൊരു ഭാഗം ശമ്പളവും പെൻഷനും നൽകാനാണെന്നത് യാഥാർത്ഥ്യമാണ്. പക്ഷെ, ചെലവിൽ വർധിച്ചുകൊണ്ടേയിരിക്കുന്ന ഘടകം ശമ്പളവും പെൻഷനുമല്ല. അത് എടുത്തു കൂട്ടിയ കടങ്ങളുടെ പലിശഭാരമാണ്. ആർബിഐ പഠനവും ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. പലിശ തിരിച്ചടവും റവന്യു വരവും തമ്മിലുള്ള അനുപാതം(IPRR Ratio), അഥവാ കടം തിരിച്ചടവ്, സംസ്ഥാനത്തിന്റെ വരവിൽ ചെലുത്തുന്ന ആഘാതത്തിന്റെ സൂചകം, ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2020-21ൽ ഇത് 18.8 ശതമാനമായിരുന്നു. ഇക്കാര്യത്തിൽ കേരളത്തിനു മുന്നിൽ മറ്റ് നാല് സംസ്ഥാനങ്ങളുണ്ടെങ്കിലും കേരളത്തേക്കാൾ തനതു വരുമാന സാധ്യതയുള്ളവയാണ് അവരെല്ലാം.


ഇനി വരുമാനത്തിന്റെ കാര്യമെടുത്താലും ഒട്ടും ശോഭനമായ ചിത്രമല്ല കേരളത്തിന് മുന്നോട്ടു വെക്കാനുള്ളത്. കേരളത്തിന്റെ വരവിന്റെ പകുതിയിലധികവും തനത് നികുതി വരുമാനമാണ്. എന്നാൽ ഭരണനിർവഹണത്തിലെ കാര്യശേഷിക്കുറവിന്റെ വ്യക്തമായ നിദർശനമായി ഈ നികുതിപിരിവിൽ നിരന്തരം ഇടിവു സംഭവിക്കുകയാണ്. ദേശീയ തലത്തിലും മറ്റ് സംസ്ഥാനങ്ങളിലും നികുതി പിരിവിൽ റെക്കോർഡുകൾ സൃഷ്ടിക്കുമ്പോൾ, കേരളത്തിലാകട്ടെ കിട്ടേണ്ട നികുതിപോലും കാര്യക്ഷമമായി പിരിച്ചെടുക്കാനാകുന്നില്ല. നികുതി പിരിവിലെ ഈ പരാധീനത പരിഹരിക്കുന്നതിനു പകരം സംസ്ഥാന സർക്കാർ അവലംബിക്കുന്നത് രണ്ട് എളുപ്പമാർഗങ്ങളാണെന്ന് നമുക്കു കാണാം. ഒന്ന് പിരിച്ചെടുക്കാൻ എളുപ്പമുള്ള എല്ലാ നികുതികളും ചാർജ്ജുകളും വർദ്ധിപ്പിക്കുക. യാതൊരു നീതീകരണവുമില്ലാതെ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുന്നതിലും പെട്രോളിയം ഉല്പന്നങ്ങളുടെ അന്യായ ചുങ്കം കുറയ്ക്കില്ല എന്നു വാശിപിടിക്കുന്നതിലും നാം കാണുന്നത് ഇതാണ്. രണ്ടാമത്തെ എളുപ്പമാർഗമാണ് കൂടുതൽ വായ്പ എടുക്കുകയെന്നത്. ഇതും മുറയ്ക്കു നടക്കുന്നു. നേരായ മാർഗ്ഗത്തിൽ അത് സാധ്യമാകാതെ വന്നപ്പോൾ കിഫ്ബി എന്നൊരു ഏജൻസിയുണ്ടാക്കി കടം വാങ്ങിക്കൂട്ടുന്നു. കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ സർക്കാർ ഗ്യാരന്റിയിൽ വാങ്ങിക്കൂട്ടുന്ന കടവും സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗം തന്നെയാണ്. അതു കൂടി ചേരുമ്പോൾ സംസ്ഥാനത്തിന്റെ യഥാർത്ഥ കടബാധ്യത ഭീമാകാരമായി കുതിച്ചുയരുകയാണ്.


കടം വാങ്ങിയുള്ള വികസനം എന്ന മിഥ്യ


2020-21ൽ സംസ്ഥാന ജിഡിപിയുടെ 37.13 ശതമാനമായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം. എന്നാൽ വർദ്ധിക്കുന്ന കടബാധ്യത ഒരു പ്രശ്‌നമേ അല്ല എന്ന തരത്തിലായിരുന്നു മുൻധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് അടക്കമുള്ളവരുടെ വാദം. ദീർഘവീക്ഷണത്തോടുകൂടിയുള്ള വികസനത്തിനു വേണ്ടിയാണ് കടം എന്നാണ് തോമസ് ഐസക്കും സിപിഐ(എം) നേതാക്കളും ഇപ്പോഴും വാദിക്കുന്നത്. ശരിയാണ്, സാമാന്യമായി പറഞ്ഞാൽ വികസന പ്രവർത്തനത്തിനു പണം വേണം. വികസ്വരമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് അങ്ങനെ പണം കടമായി കണ്ടെത്തേണ്ടിവരും. പക്ഷെ, ഇവിടെ ചോദ്യം അങ്ങനെ കടം വാങ്ങി നടത്തുന്നത് എന്തുതരം വികസന പ്രവർത്തനമാണെ ന്നതാണ്. സാമ്പത്തിക വിദഗ്ദ്ധർതന്നെ ചൂണ്ടിക്കാട്ടുന്നത്, ഉല്പാദനക്ഷമമായ അല്ലെങ്കിൽ ആസ്തിവികസനം സാധ്യമാക്കുന്നതരം മൂലധന നിക്ഷേപത്തിനാണ് വായ്പയെങ്കിൽ മാത്രമേ നാളെ വായ്പ തിരിച്ചടയ്ക്കുന്നതിനോ അല്ലെങ്കിൽ അതിന് സമ്പദ്‌വ്യവസ്ഥയെ പ്രാപ്തമാക്കുന്ന തരത്തിൽ വളർത്തുന്നതിനോ സാധ്യമാകൂ എന്നാണ്. ഇവരുടെ വാഗ്‌ധോരണിയിൽ മുഴങ്ങുന്ന വികസനം എന്താണെന്നതുതന്നെ പ്രത്യേകം ചർച്ച ചെയ്യേണ്ട വിഷയമാണ്. അതിലേക്ക് തല്ക്കാലം കടക്കുന്നില്ല.


കേരളം ഓരോ വർഷവും എടുത്തുകൂട്ടുന്ന കടം എന്തിനാണ് ഉപയോഗിക്കുന്നത്? ശമ്പളമടക്കമുള്ള നിത്യനിദാന ചെലവുകൾക്കായി കടം വാങ്ങുന്ന തുക ഉപയോഗിക്കുന്നുണ്ട്. പക്ഷെ, വികസനത്തിന് എന്ന പേരിൽ കിഫ്ബി അടക്കം എടുത്തുകൂട്ടുന്ന വായ്പകൾ എന്തുതരം പദ്ധതികളിലാണ് നിക്ഷേപിക്കപ്പെടുന്നത്? യഥാർത്ഥത്തിൽ അവയെല്ലാം നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ്. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഇതെല്ലാം ആവശ്യംതന്നെയാണ്. പക്ഷെ ഇത്തരം നിർമ്മാണ പ്രവർത്തനമാണ് വികസനം എന്ന ധാരണയാണ് ഈ വികസന വക്താക്കൾ അടിച്ചേൽപ്പിക്കുന്നത്. സമൂഹത്തിന്റെ ആകെ പുരോഗതിയ്ക്ക് ഉതകുന്നതും ജനങ്ങൾക്ക് സ്ഥിരം തൊഴിലുകൾ നൽകുകയും അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന, ഉല്പാദനം വർദ്ധിപ്പിക്കുന്ന ഒന്നിനെ നമുക്കു വികസനമായി കാണാം. കിഫ്ബി വഴി അടക്കം നടപ്പാക്കുന്നത് കേവലം നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ്. ഉദാഹരണത്തിന്, ഒരു സ്‌കൂൾ കെട്ടിടം പണിയുന്നു എന്നതുകൊണ്ട് മാത്രം പുരോഗതി ഉണ്ടാകുമോ ? ആ സ്‌കൂൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സ്ഥിരം അദ്ധ്യാപകരെ നിയമിച്ച് പഠന സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ മാത്രമേ അത് ഗുണപരമായി മാറുന്നുള്ളു. ഇവിടെ ഒട്ടും ഉല്പാദനപരമല്ലാത്ത, വൻതോതിൽ സിമന്റും കമ്പിയുമൊക്കെ ചെലവാക്കിയുള്ള കെട്ടിടംപണി മാത്രമല്ലേ നടക്കുന്നത് ? രണ്ടാമതു പറയുന്ന കാര്യം പശ്ചാത്തല സൗകര്യവികസനമാണ് നടത്തുന്നത് എന്നതാണ്. മികച്ച പശ്ചാത്തല സൗകര്യം ഒരുക്കിയാൽ മാത്രമേ മൂലധനനിക്ഷേപം ആകർഷിക്കപ്പെടു എന്നാണ് വികസനവാദികളുടെ ഭാഷ്യം. ”ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്” അഥവാ, മൂലധന നിക്ഷേപത്തിനുവേണ്ട സകലസഹായവും ഒരുക്കിക്കൊടുക്കുക എന്നത് തങ്ങളുടെ പ്രധാന കർത്തവ്യമായി കാണുന്ന സർക്കാരാണ് ഇടതുപക്ഷ മേലങ്കിയണിഞ്ഞ് കേരളം ഭരിക്കുന്നത്. ഈ പശ്ചാത്തലസൗകര്യവികസനം എന്നതിന്റെ പൊള്ളത്തരത്തിലേക്ക് പിന്നീട് വരാം.
ശമ്പളം, പെൻഷൻ, സാമൂഹികക്ഷേമപ്രവർത്തനം, പലിശ വീട്ടൽ, സർക്കാരിന്റെ ആഡംബരപ്രകടനം എന്നിവയ്ക്കാണ് കടമെടുത്ത തുക നല്ലപങ്കും ചെലവിട്ടത് എന്നതാണ് വസ്തുത. അതായത് കടമെടുത്ത് കടം വീട്ടുക എന്നത് യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. 2021-22ൽ 68,257 കോടി രൂപയാണ് കേരളത്തിന്റെ മൊത്തം കടം തിരിച്ചടവ്. ഇതിൽ 15,810.83 കോടി രൂപയും പലിശയാണ്. കേരളത്തിൽ നടപ്പാക്കേണ്ട വികസനത്തിനുള്ള മൂലധനമായി ഉപയോഗിക്കേണ്ടുന്നതാണ് ഈ തുക. ഇങ്ങനെ കടത്തിൽ മുങ്ങി നിൽക്കുമ്പോഴാണ് പതിനായിരക്കണക്കിനു കോടികൾ വീണ്ടും കടമെടുത്ത് സിൽവർലൈൻ എന്ന തലതിരിഞ്ഞ പദ്ധതി നടപ്പാക്കാൻ സർക്കാർ വാശി പിടിക്കുന്നത്.


പശ്ചാത്തല സൗകര്യ വികസനം എന്ന പൊള്ളത്തരം


സംസ്ഥാനത്ത് വ്യവസായവികസനം ഉണ്ടാകണമെങ്കിൽ വൻതോതിലുള്ള പശ്ചാത്തലസൗകര്യവികസനം ഇവിടെ നടത്തേണ്ടതുണ്ടെന്നാണ് വാദിക്കുന്നത്. സർക്കാരുകൾ വൻതോതിൽ വായ്പയെടുത്ത് അടിസ്ഥാനസൗകര്യമേഖലകളിൽ മുതൽമുടക്കണമെന്നും ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടെ അവയൊക്കെ പണം കൊടുത്തുപയോഗിക്കുന്ന സേവനങ്ങളാക്കി മാറ്റി സ്വകാര്യമേഖലയ്ക്ക് കൈമാറണമെന്നുമുള്ളത് ഒരു നിയോലിബറൽ പദ്ധതിയാണ്. റോഡുകൾ സർക്കാർതന്നെ പണംമുടക്കി വികസിപ്പിച്ച് സ്വകാര്യ ചുങ്കപ്പാതകളാക്കി മാറ്റുന്ന ദേശീയപാതാവികസനം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കേരളത്തിൽ സംഭവിക്കുന്നതും ഇതാണ്. മതിയായ ഡോക്ടർമാരെയോ മറ്റ് സ്റ്റാഫിനെയോ നിയമിക്കാതെ കുറേ കെട്ടിടങ്ങൾ പണിഞ്ഞ് ആരോഗ്യമേഖലയിലെ വികസനത്തെക്കുറിച്ചു മേനിനടിക്കുന്നതു കാണുമ്പോൾ ഓർക്കുക; പലപേരിലുള്ള ഫീസുകളുമായി പൊതുജനാരോഗ്യമേഖലയെ സേവനമല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. കൊട്ടിഘോഷിച്ച് വായ്പയെടുത്തു നടത്തുന്ന പല പദ്ധതികളും വാസ്തവത്തിൽ ജനത്തിന് ആവശ്യമില്ലാത്തവയാണ്. അല്ലെങ്കിൽ ചിലവുകുറഞ്ഞ ബദലുകൾ ഉള്ളവയാണ്. സിൽവൈർലൈൻ തന്നെ ഉദാഹരണം. പക്ഷെ, ഇത്തരം പദ്ധതികൾ മുതലാളിത്തത്തിന്റെ ആവശ്യമാണ്.

കെട്ടിക്കിടക്കുന്ന മൂലധനവും ഉല്പന്നങ്ങളും ഉപയോഗിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ഇത്തരം വൻകിട സർക്കാർ പദ്ധതികൾ. കൂടാതെ ഇത്തരം പദ്ധതികളുടെ പേരിൽ ലോകബാങ്ക്, എഡിബി, ജിക്ക തുടങ്ങിയ ഏജൻസികൾ നമുക്കുമേൽ അടിച്ചേൽപ്പിക്കുന്ന വായ്പകളുടെ കരാറിലൂടെ സംസ്ഥാനത്തെ, നമ്മുടെ സാമ്പത്തിക-ഭരണ സ്വാതന്ത്ര്യത്തെ പണയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കാണുന്ന പൊതുമേഖലയിലെ തസ്തികവെട്ടിക്കുറയ്ക്കലും നിയമനനിരോധനവും സാമ്പത്തിക പ്രതിസന്ധികൊണ്ടു മാത്രമല്ല. എഡിബി, ലോകബാങ്ക് വായ്പകളുടെ കരാറിൽ അംഗീകരിച്ചു കൊടുത്തിട്ടുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമാണവ. സാമ്പത്തിക പ്രതിസന്ധിയെ അതിനു മറയാക്കുന്നു. കിഫ്ബി എന്ന അങ്ങേയറ്റം ജനവിരുദ്ധമായ വായ്പാധിഷ്ഠിത സമാന്തര സംവിധാനംതന്നെ ഒന്നാന്തരം നിയോലിബറൽ മുതലാളിത്ത പദ്ധതിയാണെന്ന് അറിയാത്തവരാകില്ല സർക്കാരിന്റെയും ഭരണമുന്നണിയുടെയും തലപ്പത്തുള്ളവർ. ജനത്തിന്റെയും ഇടതുപക്ഷ അനുഭാവികളുടെയും കണ്ണിൽ പൊടിയിട്ട്, അവരെ ആശയക്കുഴപ്പത്തിലാക്കി, അതിന്റെ മറയിൽ തികഞ്ഞ മുതലാളിവർഗ്ഗനയങ്ങൾ നടപ്പാക്കുന്ന സർക്കാരിന്റെ കാപട്യംകൂടി ഇവിടെ തിരിച്ചറിയേണ്ടതുണ്ട്; എതിർക്കേണ്ടതുണ്ട്.
കേവലം അടിസ്ഥാനസൗകര്യവികസനം കൊണ്ടുമാത്രം വ്യവസായവികസനം ഉണ്ടാക്കാൻ കഴിയില്ല. വികസിതരാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, യഥാർത്ഥത്തിൽ വ്യാവസായിക വികസനമാണ് അടിസ്ഥാന സൗകര്യവികസനം സൃഷ്ടിച്ചതെന്നു കാണാൻ കഴിയും. കേരളമെടുക്കുന്ന ഭീമമായ വായ്പയൊന്നും ഇവിടെ വ്യവസായ-കാർഷിക മേഖലകളിൽ വിനിയോഗിക്കുന്നില്ല. കാർഷികമേഖലയിലോ വ്യവസായമേഖലയിലോ പുതിയ സർക്കാർസംരംഭങ്ങൾ ഉണ്ടാകുന്നില്ല. മറുവശത്ത് ഇവർ അവകാശപ്പെടുന്നതുപോലെ സ്വകാര്യ നിക്ഷേപവും ഉണ്ടാകുന്നില്ല. സ്ഥായിയായ തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നില്ല. സ്മാർട്ട് സിറ്റി, വല്ലാർപാടം തുടങ്ങി ഏറെ പെരുമ്പറ മുഴക്കിയ വൻപദ്ധതികൾ എവിടെയെത്തി നിൽക്കുന്നു ? അതേസമയം, മതിയായ പിന്തുണയില്ലാതെ നമ്മുടെ തനത് ഉല്പന്നങ്ങളുടെ നിർമ്മാണമേഖലകൾ തകർച്ചയെ നേരിടുന്നു. ലോകമൊട്ടാകെ വ്യാപിക്കുന്ന കമ്പോള പ്രതിസന്ധി, വിദേശമലയാളികളുടെ വ്യാപകമായ തിരിച്ചുവരവിലേക്കാണ് നയിക്കുന്നത്. അപരിഹാര്യമായ മുതലാളിത്ത പ്രതിസന്ധി നാൾക്കുനാൾ തീക്ഷ്ണമാകുന്ന കാഴ്ചയാണ് ലോകമെങ്ങും. ഈ സാഹചര്യങ്ങളൊന്നും യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളാതെ, മുതലാളിവർഗത്തിന്റെയും നിയോലിബറൽ ഏജൻസികളുടെയും വിശ്വസ്ത സേവകരായിമാത്രം ഇടതുപക്ഷം എന്ന പേരിൽ ഭരിക്കുന്ന ഒരു സർക്കാർ പ്രവർത്തിക്കുന്ന കാഴ്ചയാണ് നാമിന്നു കേരളത്തിൽ കാണുന്നത്. വികസനമെന്ന പേരിൽ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന അവരുടെ കാപട്യം നാം തിരിച്ചറിയേണ്ടതുണ്ട്.


സിഎജി കണ്ടെത്തുന്നത്


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികപ്രവർത്തനങ്ങളെ സ്വതന്ത്രമായി വിലയിരുത്താൻ ചുമതലപ്പെട്ട ഭരണഘടനാസ്ഥാപനമായ, ഇന്ത്യയുടെ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, കേരള നിയമസഭയുടെ മേശപ്പുറത്തുവെച്ച റിപ്പോർട്ട് നൽകിയ മുന്നറിയിപ്പ് എന്താണ്? കിഫ്ബിയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും വഴി കേരളം എടുത്തു കൂട്ടുന്ന, ബജറ്റിനു പുറത്തുള്ള ഭീമൻ കടബാധ്യത സംസ്ഥാനത്തിനെ കടക്കെണിയിലേക്കാണ് നയിക്കുന്നതെന്നാണ് സിഎജി വ്യക്തമാക്കുന്നത്. ഈ കടം നിയമസഭയുടെ പരിശോധനകൾക്കു പുറത്താണ്. എന്നാൽ സംസ്ഥാനത്തിന്റെ മൊത്തം പൊതുകടത്തിന്റെ ഭാഗം തന്നെയാണ് ഈ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്ന കടങ്ങളും. സിഎജിയുടെ ഈ നിരീക്ഷണത്തെ സർക്കാരും സിപിഐ(എം)ഉം എതിർക്കുന്നു. യാഥാർത്ഥ്യമെന്താണ്? കിഫ്ബിയും കെഎസ്എസ്‌പിഎല്ലും സ്വതന്ത്രസ്ഥാപനങ്ങളായിട്ടാകാം വിഭാവനം ചെയ്തിരിക്കുന്നത്. പക്ഷേ, എന്താണ് ഇവരുടെ വരുമാനമാർഗ്ഗം? വായ്പകളും മസാലബോണ്ടുകൾ പോലെയുളള സാമ്പത്തിക ഉപകരണങ്ങളുമല്ലാതെ, സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ ഭാഗമായ റോഡ് നികുതിയടക്കമുള്ളവയുടെ വിഹിതവും ഇവർക്കായി നീക്കിവെക്കുന്നു. വായ്പകൾ തന്നെയും സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റിയിൽ മാത്രം ലഭിക്കുന്നതല്ലേ? അല്ലാതെ കിഫ്ബിക്ക് എന്താണ് ഈടുള്ളത്? കിഫ്ബി വായ്പകളിലൂടെ ആസ്തി വർധിച്ച് നാളെ അവ വരുമാനം സൃഷ്ടിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ, കിഫ്ബി മുതൽമുടക്കുന്ന പദ്ധതികളെന്താണ്? കാർഷിക-വ്യാവസായികമേഖലയിൽ ഉത്പാദനപരമായ നിക്ഷേപമായിരുന്നു കിഫ്ബിയുടേതെങ്കിൽ നമുക്കിത് അംഗീകരിക്കാം. എന്നാൽ അതല്ല യാഥാർത്ഥ്യം. റോഡ്, പാലം, സ്‌കൂൾ-ആശുപത്രി കെട്ടിടങ്ങൾ, സ്റ്റേഡിയങ്ങൾ, തുടങ്ങിയ നിർമ്മാണപ്രവർത്തനങ്ങളിലാണ് കിഫ്ബി ഫണ്ട് നിക്ഷേപിക്കുന്നത്. ഇതിന്റെ ഫലങ്ങൾ നേരത്തെ ചർച്ച ചെയ്തതാണ്. സാമ്പത്തികമായി നോക്കിയാൽ കിഫ്ബി വായ്പകളുടെ പലിശയടയ്ക്കാൻ പോലുമുള്ള വരുമാനം ഇത് നിലവിൽ സൃഷ്ടിക്കുന്നില്ല. അല്ലെങ്കിൽ ഇവയെല്ലാം വരുമാനമുണ്ടാക്കാനുള്ള മാർഗ്ഗങ്ങളാക്കി മാറ്റി പൊതു ഉടമസ്ഥതയിൽ നിന്നും മാറ്റണം. യഥാർത്ഥത്തിൽ കൃത്യമായും ഇതാണ് ഇന്ന് കിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും സർക്കാരിന്റെയും ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും റോഡുകളുടെയുമൊക്കെ നിയന്ത്രണം, വികസനത്തിന്റെ പേരിൽ കിഫ്ബിയിലേക്ക് മാറ്റുന്നു. സർക്കാർ സ്ഥാപനമല്ല എന്ന് സർക്കാർ തന്നെ പറയുന്ന കിഫ്ബിയോട് സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബാധ്യതപ്പെട്ടിരിക്കുന്നു. ധനവകുപ്പും പൊതുമരാമത്ത് വകുപ്പുമൊക്കെ നോക്കുകുത്തിയാകുന്നു. ഇടതുമുന്നണി കൊട്ടിഘോഷിക്കുന്ന ജനകീയാസൂത്രണം ജലരേഖയായില്ലേ? അതായത്, കിഫ്ബി ഉത്പാദനപരമായ യാതൊരു നിക്ഷേപവും നടത്താതെ, പൊതുമുതലിന്റെ നിയന്ത്രണം സർക്കാർചെലവിൽ, സംസ്ഥാനത്തെ കടക്കെണിയിലാക്കി കൈയടക്കുന്നു.
സിഎജി റിപ്പോർട്ട് ഗുരുതരമായ മറ്റ് ചില കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു. റവന്യുവരുമാനം കുറഞ്ഞിട്ടും കേന്ദ്രസഹായം ഉപയോഗിച്ചാണ് റവന്യു ചെലവുകൾ നടത്തുന്നത്. നികുതി വരുമാനത്തിൽ 7600 കോടി രൂപയുടെ ഇടിവുണ്ടായത്രേ. റവന്യുകമ്മിയിൽ 244 കോടിയും ധനക്കമ്മിയിൽ 9471 കോടിയും കുറച്ചു കാണിച്ചു എന്ന ഗുരുതരമായ ആരോപണവും സിഎജി ഉയർത്തുന്നു. വെറും 1.34 ശതമാനത്തിന്റെ പലിശനിരക്കിലാണ് വിവിധ സ്ഥാപനങ്ങളിൽ സർക്കാർ 10,064 കോടി നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ, 7.31% പലിശനിരക്കിലാണ് സർക്കാർ വായ്പയെടുത്തിരിക്കുന്നത്.

സാമൂഹികക്ഷേമപ്രവർത്തനങ്ങൾക്കായി വകയിരുത്തിയ വായ്പ തുകയുടെ നല്ലൊരുഭാഗം പരിയാരം മെഡിക്കൽ കോളേജിന് എറണാകുളം ജില്ലാ സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന വായ്പ തിരിച്ചടയ്ക്കാനാണ് ചെലവഴിച്ചത്. ഇങ്ങനെ എത്രയോ വകമാറ്റലുകളാണ് സംസ്ഥാനത്തു കാണാനാവുന്നത്. അഴിമതിയുടെ ഗണത്തിൽപെടുത്താവുന്നവയടക്കം, ചിലപ്പോൾ ധനവകുപ്പിന്റെ എതിർപ്പു മറികടന്നു പോലും അനുവദിച്ചു കൊടുക്കുന്നു. (പൊലീസ് ഉദ്യോഗസ്ഥർക്കു ക്വാർട്ടേർസ് പണിയാൻ അനുവദിച്ച തുക വകമാറ്റി സ്വന്തം താമസത്തിനായുളള ആഢംബരഭവനം പണിഞ്ഞ അന്നത്തെ ഡിജിപിയുടെ അഴിമതിയും ധൂർത്തും ചോദ്യംചെയ്യാതെ അംഗീകരിച്ചുകൊടുക്കാൻ സർക്കാരിന് സാമ്പത്തികപ്രതിസന്ധി തടസ്സമായില്ല) അങ്ങേയറ്റം കുത്തഴിഞ്ഞ സാമ്പത്തികമാനേജ്‌മെന്റും, അതിന്റെ മറവിലുള്ള മുതലാളിത്ത പ്രീണനനയവുമാണ് ഇവിടെ നടമാടുന്നതെന്നത് വസ്തുതയല്ലേ? അതിന്റെ ഭാരം വന്നുവീഴുന്നതോ സാധാരണജനങ്ങളുടെ മേലും.


സാമ്പത്തിക പ്രതിസന്ധി
ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമ്പോൾ


ഒരുഭാഗത്ത് കപടവികസനത്തിന്റെ പേരിൽ എടുത്തുകൂട്ടുന്ന കടബാധ്യതകളുടെ ഭാരവും മറുവശത്ത്, അധികാരികളുടെ നിർലജ്ജമായ ആർഭാടത്തിന്റെ ഭാരവും അവസാനം സാധാരണ ജനത്തിന്റെ തലയിലാണ് വന്നുപതിക്കുന്നത്. ട്രഷറിയിൽനിന്നും 25 ലക്ഷം രൂപയിൽകൂടിയ ബില്ലുകൾ പാസാക്കാൻ കഴിയാതിരിക്കുമ്പോഴാണ്് ക്ലിഫ് ഹൗസിൽ പശുത്തൊഴുത്തിന് 40 ലക്ഷം ചെലവാക്കാൻ മടിയില്ലാത്തത്. സമയത്ത് ശമ്പളം കിട്ടാതെ സമരത്തിനിറങ്ങേണ്ടിവരുന്ന കെഎസ്ആർടിസി തൊഴിലാളികളുടെയും തൊഴിൽരഹിതരായ ചെറുപ്പക്കാരുടെയും മുന്നിലൂടെയാണ് മുഖ്യമന്ത്രിയുടെയും മറ്റ് ഉന്നതഭരണകർത്താക്കളുടെയും പുത്തൻ ആഢംബരവാഹനങ്ങൾ ചീറിപ്പായുന്നുത്. മന്ത്രിസഭാ വാർഷികം, സിൽവർലൈൻ, കിഫ്ബി തുടങ്ങിയവയുടെ പ്രചാരണ ധൂർത്തിനായി അനേകകോടികൾ കാറ്റിൽ പറത്തുമ്പോൾ, നിത്യനിദാനച്ചെലവുകൾക്കായി കിട്ടാവുന്നിടത്തുനിന്നെല്ലാം കടത്തിനായി കൈനീട്ടുകയാണ് ധനവകുപ്പ്. കിഫ്ബി അടക്കം എടുത്തുകൂട്ടുന്ന വായ്പകളുടെ മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാന സർക്കാരിന്, അതായത് കേരളത്തിലെ ജനങ്ങൾക്കാണെന്ന് മറക്കരുത്.
സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ഇപ്പോൾത്തന്നെ പലരൂപത്തിൽ ജനങ്ങൾക്കുമേൽ വീണുതുടങ്ങി. പെട്രോളിയം ഉല്പന്നങ്ങൾക്കുമേലുള്ള സംസ്ഥാനനികുതിയിൽ അൽപ്പംപോലും കുറവുവരുത്താൻ കേരളസർക്കാർ തയ്യാറായിട്ടില്ല. അതിന്റെ ദുരിതം ജനമാണ് അനുഭവിക്കുന്നത്. യാതൊരു നീതീകരണവുമില്ലാതെ വൈദ്യുതിനിരക്കുകൾ കൂട്ടിയിരിക്കുന്നു. ബജറ്റിനു പുറത്ത് നിരന്തരം ചാർജ്ജ് വർദ്ധനവുകൾ കൊണ്ടുവരുന്ന ജനാധിപത്യവിരുദ്ധശൈലി ശീലമായിരിക്കുന്നു. പൊലീസ് നൽകേണ്ട സേവനങ്ങൾക്കുപോലും ഫീസ് ഏർപ്പെടുത്തിയത് അടുത്തിടെ വലിയതോതിൽ വർദ്ധിപ്പിച്ചു. വെള്ളക്കരം കൂട്ടണമെന്ന വാശി വാട്ടർ അതോറിട്ടിയേക്കാൾ സർക്കാരിനാണ്. യാതൊരു ദാക്ഷിണ്യവുമില്ലാതെ കെട്ടിടനികുതി വർദ്ധിപ്പിക്കുന്നു. ബസ്-ഓട്ടോ-ടാക്‌സി ചാർജ്ജുകൾ നേരത്തെതന്നെ കൂട്ടിയിരുന്നു. ആരോഗ്യമേഖലയിലടക്കം വളരെ നിശ്ശബ്ദമായി ഫീസ് വർദ്ധനവുകൾ കൊണ്ടുവരുന്നു അസഹനീയമായ വിലക്കയറ്റംകൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്.

പണ്ടുകൊടുത്ത കിറ്റുകളുടെ കണക്കുപറയുന്നവർ അതു കാണുന്നില്ല. വീണ്ടും പടരുന്ന കോവിഡും മറ്റു പനികളുമായി മല്ലിട്ട് ജനം ദുരിതം അനുഭവിക്കുമ്പോൾ സർക്കാരും ആരോഗ്യവകുപ്പും വാചകമടിക്കപ്പുറം എന്തുചെയ്യുന്നു? കേരളത്തിൽ ജീവിച്ചുപോകുക എന്നത് നരകതുല്യമായിത്തീരുന്ന യാഥാർത്ഥ്യത്തിനു മുന്നിൽ സാധാരണക്കാരൻ ഇവിടെ പകച്ചുനിൽക്കുകയാണ്. സഹായമേകേണ്ട സർക്കാർ സാമ്പത്തികപ്രതിസന്ധിയുടെ പേരിലാണ് കൈമലർത്തുന്നത്. അതെ, മുതലാളിവർഗ താല്പര്യത്തിന് അനുസരിച്ചുമാത്രം ഭരിക്കുന്ന ഇടതും വലതും ലേബലിൽ വന്ന സർക്കാരുകൾ സൃഷ്ടിച്ച ഈ ദുരവസ്ഥ ഇന്ന് ഇവിടുത്തെ സാധാരണക്കാരന്റെ മേലേക്ക് വന്നു പതിച്ചിരിക്കുന്നു. എന്നിട്ടും കൂസലില്ലാതെ അത്തരം നയങ്ങളും പദ്ധതികളും തുടരുകയാണ് പിണറായി വിജയൻ സർക്കാർ.
മറുവശത്ത്, പാട്ടത്തുകയിലും ജിഎസ്‌ടിയിലും വൈദ്യുതി-വെള്ളം ചാർജ്ജുകളിലും ഒക്കെ വൻകിടക്കാരൻ നൽകാനുള്ള അനേകകോടികളുടെ കുടിശ്ശിക പിരിച്ചെടുക്കാൻ യാതൊരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വിഴിഞ്ഞം പദ്ധതിയിൽ കരാർവ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടും അദാനിയോട് എത്ര ഉദാരമായാണ് സർക്കാർ പെരുമാറുന്നത്! സർക്കാർ മുതൽമുടക്കുന്ന കെ-ഫോൺ പോലെയുള്ള പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കൾ ആരാണ് ? സാധാരണക്കാരന്റെ ജീവിതം ദുരിതത്തിൽ ആണ്ടുമുങ്ങുമ്പോൾ മുതലാളിമാരെ താലോലിക്കുകയാണ് ഈ കപട ഇടതുപക്ഷസർക്കാർ. ഇത്തരം നയങ്ങളും ധൂർത്തും കെടുകാര്യസ്ഥതയും നിറഞ്ഞ യാതൊരു ദീർഘവീക്ഷണവുമില്ലാത്ത ഭരണവും കേരളത്തെ ശ്രീലങ്കയുടെ പാതയിൽതന്നെയാണ് നയിക്കുന്നത്. വായ്പകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയും, കെ റെയിൽ പോലുള്ള പദ്ധതികൾ നിർത്തിവെച്ചും ധൂർത്ത് അവസാനിപ്പിച്ചും, ഒപ്പം പൊതുമേഖലയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ ഉല്പാദനമേഖലയെ പുനഃരുജ്ജീവിപ്പിച്ചും കടക്കെണിയിൽനിന്നും പുറത്തുകടക്കാനുള്ള അടിയന്തര നടപടികളാണ് കൈക്കൊള്ളേണ്ടത്. വൻകിടക്കാരന്റെ കുടിശ്ശികകൾ പിരിച്ചെടുക്കുകയും നികുതിപിരിവ് കാര്യക്ഷമമാക്കുകയും വേണം. നികുതി വർദ്ധിപ്പിക്കാനല്ല, നികുതിയേതരവരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങളാണ് സർക്കാർ തേടേണ്ടത്. മുതലാളിവർഗ താല്പര്യങ്ങളും നിയോലിബറൽ വിധേയത്വവും അവസാനിപ്പിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വഴിയിലേക്കാണ് സർക്കാർ വരേണ്ടത്. ഇതിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ അതിന് നിർബന്ധിതമാക്കുന്ന ജനകീയ പ്രക്ഷോഭം ഉണ്ടാകേണ്ടതുണ്ടെന്ന് അധ്വാനിച്ചു ജീവിക്കുന്ന നാമോരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Share this post

scroll to top