വിപ്ലവകർത്തവ്യ നിർവ്വഹണത്തിനായി ദൃഢപ്രതിജ്ഞ ചെയ്ത് സഖാവ് ശിബ്ദാസ് ഘോഷ് ജന്മശതാബ്ദി ആചരിക്കുക

GS-Colour.jpg
Share

സമുന്നത മാർക്സിസ്റ്റ് ദാർശനികനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി സ്ഥാപകനുമായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ ജന്മശതാബ്ദി, 2022 ആഗസ്റ്റ് 5 മുതൽ 2023 ആഗസ്റ്റ് 5 വരെ, ഒരു വർഷം നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ പരിപാടികളോടെ ആചരിക്കുകയാണ്. സഖാവ് ഘോഷിന്റെ ജീവിതസമരത്തിൽനിന്നും വൈജ്ഞാനിക സംഭാവനകളിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും അവ ജീവിതത്തിൽ പകർത്തിക്കൊണ്ട് നല്ല കമ്മ്യൂണിസ്റ്റുകളായി വളരാനും അതുവഴി സാമൂഹ്യ മാറ്റത്തിനുള്ള പ്രവർത്തനങ്ങളിൽ അർത്ഥവത്തായ പങ്കുവഹിക്കാനും ഏതൊരാളെയും പ്രചോദിപ്പിക്കുക എന്നതാണ് ജന്മശതാബ്ദി ആചരണത്തിന്റെ മുഖ്യ ലക്ഷ്യം. സഖാവ് ശിബ്ദാസ് ഘോഷിന്റെ നാമവും അദ്ദേഹത്തിന്റെ ആഴമാര്‍ന്ന പാഠങ്ങളും വിശകലനങ്ങളും വലിയ അളവില്‍ ജനങ്ങളിലെത്തിക്കുക എന്നതും ജന്മശതാബ്ദി ആചരണത്തിന്റെ ലക്ഷ്യമാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിയാർജ്ജിച്ചുവന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് സഖാവ് ഘോഷിന്റെ ജനനം. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ, കേവലം 13 വയസ്സുള്ളപ്പോൾതന്നെ അദ്ദേഹം സമരപ്രവർത്തനങ്ങളിൽ വ്യാപൃതനായി. ഖുദിറാം ബോസിന്റെ രക്തസാക്ഷിത്വവും ഭഗത് സിംഗിന്റെ ഐതിഹാസികമായ പോരാട്ടവും സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ പക്വതയുമൊക്കെ സഖാവ് ഘോഷിന്റെ വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്കുവഹിച്ചു. അനുശീലൻ സമിതി എന്ന വിപ്ലവപ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനായി അദ്ദേഹം.


ഗാന്ധിജിയുടെ വ്യക്തിത്വത്തോട് ആദരവ് പുലർത്തവെതന്നെ അദ്ദേഹം നേതൃത്വം നൽകിയ സഹന സമരത്തിന്റെയും സന്ധിമനോഭാവത്തോടെയുള്ള പോരാട്ടത്തിന്റെയും ധാര സഖാവ് ഘോഷിനെ ആകർഷിച്ചില്ല. ചൂഷണമുക്തമായൊരു സമൂഹം ലക്ഷ്യമാക്കിയുള്ള സന്ധിരഹിത പോരാട്ടത്തിന്റെ വിപ്ലവധാരയോടാണ് അദ്ദേഹം ആഭിമുഖ്യം പുലർത്തിയത്. ഇന്ത്യൻ ദേശീയവാദം മതോന്മുഖവും ഹിന്ദുമത പുനരുദ്ധാരണ സ്വഭാവമാർജ്ജിച്ചതുമായിരുന്നു. സവർണ്ണ മേധാവിത്വം ദളിത് വിഭാഗങ്ങളെ മാത്രമല്ല, മുസ്ളീങ്ങളെയും ദേശീയ പ്രസ്ഥാനത്തിൽനിന്ന് അകറ്റി. ബ്രിട്ടീഷ് ആധിപത്യത്തിന് അന്ത്യം കുറിക്കുന്നതുകൊണ്ട് മാത്രം ചൂഷണമുക്തമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ആവില്ലെന്നും അതിന് സാമ്പത്തിക-രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളെയാകെ ഉൾക്കൊള്ളുന്ന സമഗ്രമായ സമരം അനിവാര്യമാണെന്നുമുള്ള നിഗമനത്തിൽ കുറഞ്ഞ കാലം കൊണ്ടുതന്നെ അദ്ദേഹം എത്തിച്ചേർന്നു.
സമൂലമായ സാമൂഹികമാറ്റത്തിന്റെ ആശയപരമായ അടിത്തറയെക്കുറിച്ചുള്ള അന്വേഷണം അദ്ദേഹത്തെ മാർക്സിസം എന്ന മഹത്തായ ദർശനത്തിലാണ് കൊണ്ടെത്തിച്ചത്. ആശയം ഗ്രഹിക്കുകയും അതിനനുസരിച്ചുള്ള പ്രവർത്തനം നടത്തുകയും മാത്രമല്ല പുതിയൊരു സമൂഹ നിർമ്മിതിക്ക് ആവശ്യമായ സമരം ഏറ്റെടുക്കുന്നവരുടെ ദൗത്യമെന്നും, ഗ്രഹിക്കുന്ന ആശയം സ്വാംശീകരിച്ചുകൊണ്ട് ആന്തരിക സമരത്തിലൂടെ പുതിയ സമൂഹത്തിന്റെ പ്രതിനിധിയായി സ്വയം മാറേണ്ടതുണ്ടെന്നുമുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാട് അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി.
വിപ്ലവഗ്രൂപ്പുകളുടെയും ഇടതുപക്ഷ സംഘടനകളുടെയും പരിമിതികൾ കൃത്യമായി വിലയിരുത്താൻ മാർക്‌സിസം പ്രദാനംചെയ്ത ഉൾക്കാഴ്ച അദ്ദേഹത്തിന് സഹായകമായി. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗത്തെയും മറ്റ് ചൂഷിത ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള സുദീർഘവും കഠിനതരവുമായ പോരാട്ടത്തിലൂടെ മാത്രമേ ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടി സാധ്യമാകൂ എന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായി.
മാർക്സിസത്തിൽ നേടിയ അവഗാഹത്തിന്റെയും വിലപ്പെട്ട പ്രവർത്തനാനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയെ വിശകലനം ചെയ്ത സഖാവ് ഘോഷ് സിപിഐയ്ക്ക് മാർക്സിസത്തിന്റെ അന്തസ്സത്ത കണ്ടെത്താനോ ഉന്നതമായ ആ ദർശനത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ ഒരു തൊഴിലാളിവർഗ്ഗ പാർട്ടി കെട്ടിപ്പടുക്കാനോ കഴിഞ്ഞില്ല എന്ന വിലയിരുത്തലിലാണ് എത്തിയത്. ഏതൊരു ഉന്നതമായ ആശയത്തിന്റെയും ദർശനത്തിന്റെയും കാതലും പ്രാണനും അതുയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരത്തിലും നൈതികതയിലും സൗന്ദര്യ സങ്കല്പത്തിലും ഉള്ളടങ്ങിയിരിക്കുന്നു എന്നായിരുന്നു സഖാവ് ഘോഷിന്റെ അഭിപ്രായം. മാർക്‌സിസം ഉദാത്തമായ ദർശനമായി മാറുന്നത് ഇക്കാരണത്തലാണ്. എന്നാൽ ആ മഹത്തായ തത്വശാസ്ത്രത്തിന്റെ സാംസ്‌കാരിക-നൈതിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ അവിഭജിത സിപിഐ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിലയിരുത്തി. അപരിഹാര്യമായ പിശകുകൾ സിപിഐയെ അനിവാര്യമായ പതനത്തിൽ ആയിരിക്കും കൊണ്ടെത്തിക്കുക എന്ന് അദ്ദേഹം മുൻകൂട്ടി കണ്ടു. സിപിഐയുടെയും അത് പിളർന്നുവന്ന സിപിഐ(എം)ന്റെയും നക്സലൈറ്റുകൾ അടക്കമുള്ള നിരവധി ഗ്രൂപ്പുകളുടെയുമൊക്കെ പിൽക്കാല ചരിത്രം സഖാവ് ഘോഷിന്റെ നിഗമനം അക്ഷരം പ്രതി ശരിവയ്ക്കുന്നതായിരുന്നു.
ഒരു ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ മണ്ണിൽ കെട്ടിപ്പടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഒരുപിടി വിപ്ലവകാരികളോടൊപ്പം അദ്ദേഹം ഏറ്റെടുത്തു. ജനാധിപത്യ കേന്ദ്രീയതയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാന സംഘടനാ തത്വം എന്ന ലെനിനിസ്റ്റ് കാഴ്ചപ്പാട് അദ്ദേഹം മുറുകെപ്പിടിച്ചു. മാർക്സിസം സയന്‍സ് തന്നെയാണെന്നും നിരന്തരം വളർന്നുകൊണ്ടിരിക്കുമ്പോഴാണ് മാറിയ കാലഘട്ടത്തിലെ പ്രശ്നങ്ങൾക്ക് ഉത്തരം നൽകാൻ അതിന് കഴിയുകയെന്നും സഖാവ് ഘോഷ് മനസ്സിലാക്കിയിരുന്നു. ആ ധാരണയുടെ അടിസ്ഥാനത്തിൽ ജനാധിപത്യ കേന്ദ്രീയതയെ കുറിച്ചുള്ള ഏറ്റവും കാലികമായ കാഴ്ചപ്പാട് രൂപീകരിച്ചെടു ത്തുകൊണ്ട് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ എന്ന ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി.
മാർക്സിസത്തെക്കുറിച്ച് തെറ്റായ ധാരണകൾ രാജ്യത്ത് നിലനിന്നിരുന്ന ഒരു കാലയളവിലായിരുന്നു എസ്‌യുസിഐ രൂപീകരിക്കപ്പെട്ടത്. ക്വിറ്റ് ഇന്ത്യാ സമരത്തെ വഞ്ചിച്ചുകൊണ്ട് സിപിഐ സ്വീകരിച്ച ബ്രിട്ടീഷ് അനുകൂല നിലപാട്, സ്വാതന്ത്ര്യ സമരത്തിൽ മുഴുകിയിരുന്ന ഇന്ത്യൻ ജനതയിൽ മാർക്സിസത്തോട് എന്തെന്നില്ലാത്ത വെറുപ്പും ശത്രുതയും സൃഷ്ടിച്ചിരുന്നു. മാർക്സിസത്തെ സിപിഐ വികലമായി മനസ്സിലാക്കിയതിന്റെയും ആ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിൽ ലോകയുദ്ധത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയുമൊക്കെ കാര്യത്തിൽ സ്വീകരിച്ച തെറ്റായ നിലപാടുകളുടെയും ഫലമായുണ്ടായതാണ്, ഈ തെറ്റിദ്ധാരണകൾ എന്ന വസ്തുത ഇന്ത്യയിലെ ജനങ്ങൾക്കു മുമ്പാകെ സഖാവ് ഘോഷ് അവതരിപ്പിച്ചു. മനുഷ്യരാശിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞ ഏറ്റവും ആധുനികവും ഉന്നതവുമായ ആശയം മാത്രമല്ല, മുതലാളിത്ത കാലഘട്ടത്തിൽ ചൂഷണ മുക്തമായ ഒരു സമൂഹ നിർമ്മിതിക്ക് ഉതകുന്ന ഒരേയൊരു പ്രത്യയശാസ്ത്രമാണ് മാർക്സിസമെന്നും അദ്ദേഹം സമർത്ഥിച്ചു. ആദ്യ കാലത്ത് അധികമാളുകൾക്കൊന്നും ഇത് ബോദ്ധ്യപ്പെട്ടില്ലെങ്കിലും നാൾ ചെല്ലുന്തോറും എസ്‌യുസിഐക്ക് സ്വീകാര്യത ഏറിവന്നു. പശ്ചിമ ബംഗാളിലെ ജയ്‌നഗർ എന്ന കൊച്ചു പട്ടണത്തിൽ ഏതാനും പേർ ചേർന്ന് രൂപം കൊടുത്ത ഈ പ്രസ്ഥാനം ഇന്ന് ഇന്ത്യയിൽ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനമുള്ളതും പല സംസ്ഥാനങ്ങളിലും ശക്തമായ സമരങ്ങൾ വളർത്തിയെടുക്കാൻ ശേഷിയുള്ളതുമായ ഒരു പാർട്ടിയാണ്.
അനേകം പരാധീനതകൾക്കു നടുവിൽ, ലക്ഷ്യബോധവും അർപ്പണ മനോഭാവവും പ്രദാനം ചെയ്ത കരുത്തിന്റെ ബലത്തിൽ പാർട്ടി കെട്ടിപ്പടുക്കാനുള്ള സമരം മുന്നേറി. സാമ്പത്തിക ബുദ്ധിമുട്ടുകളോ പരിഹാസങ്ങളോ അവരെ അലോസരപ്പെടുത്തിയില്ല. മരിക്കേണ്ടി വരുമ്പോൾ തലയുയർത്തിപ്പിടിച്ച് മരിക്കണമെന്നും വിപ്ലവ സമരത്തിൽ മുഴുകുന്നതാണ് ഏറ്റവും മഹത്തായ ജീവിത രീതിയെന്നും അവർ ഉറച്ചു വിശ്വസിച്ചു. ആശയക്കുഴപ്പമേതുമില്ലാതെ മാർക്സിസത്തിന്റെ ഏറ്റവും തെളിമയാർന്ന ധാരണകൾ, ഏറ്റവും വികസിതവും സമ്പുഷ്ടവുമായ രൂപത്തിൽ അവതരിപ്പിക്കാൻ അവർക്കുകഴിഞ്ഞു.
അധികാര കൈമാറ്റത്തിലൂടെ ഭരണകൂട നിയന്ത്രണം കൈയടക്കിയ ഇന്ത്യന്‍ മുതലാളിവർഗ്ഗ ത്തിന് അതിന്റെ ചൂഷണവാഴ്ച സുഗമമാക്കാൻ ജനങ്ങൾക്കിടയിലെ ജാതി-മത ഭിന്നിപ്പുകൾ സഹായകമായി. മുതലാളിവർഗ്ഗം അതിന്റെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാമെന്ന വ്യാമോഹത്താൽ ആവിഷ്‌ക്കരിക്കുന്ന ഫാസിസ്റ്റ് ഭരണ ക്രമത്തിന്, ഭരണകൂട ഒത്താശയോടെ വളർത്തിയെടുക്കപ്പെടുന്ന സങ്കുചിത ദേശീയവാദവും മതഭ്രാന്തുമൊക്കെ മുതൽക്കൂട്ടാകുന്നു. ഏറെ സങ്കീർണ്ണവും ഗുരുതരവുമായ ഈ സ്ഥിതിവിശേഷത്തെ മറികടക്കാതെ സാമൂഹ്യപരിവർത്തനത്തിനായുള്ള സമരത്തെ മുന്നോട്ടു കൊണ്ടുപോകാനാകില്ല. ജാത്യാധിഷ്ഠിത സമൂഹം രൂഢമൂലമാക്കിയ പഴഞ്ചൻ മൂല്യങ്ങൾക്കെതിരെ, സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിൽ നവോത്ഥാന പ്രസ്ഥാനം വരുത്തിയ വീഴ്ചകൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിക്കൊണ്ട് ജനാധിപത്യ-മതേതര കാഴ്ചപ്പാടുകളും ഉന്നതമായ തൊഴിലാളിവർഗ്ഗ മൂല്യങ്ങളും സ്ഥാപിച്ചെടു ക്കേണ്ടതുണ്ടെന്ന് സഖാവ് ഘോഷ് ഓർമ്മിപ്പിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും സിപിഐയുടെയും പരിമിതികൾ തിരിച്ചറിഞ്ഞ സഖാവ് ഘോഷ് മാർക്സിസം ചൂണ്ടിക്കാണിച്ച പാതയിലൂടെ ഉറച്ച ചുവടുവയ്പ്പു കളാണ് നടത്തിയത്. സിപിഐയുടെ രാഷ്ട്രീയവും സംഘടനാപരവുമായ പരിമിതികൾ അദ്ദേഹം ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കി. സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വിമർശനാത്മകവും വൈരുദ്ധ്യാധിഷ്ഠിതവുമായ ബന്ധം സ്ഥാപിക്കുന്നതിൽ സിപിഐ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കണ്ടെത്തി. ദേശീയ മുതലാളിവർഗ്ഗവുമായി സഹകരിച്ചുകൊണ്ട് വിദേശാധിപത്യത്തിനെതിരായ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തേണ്ട ഘട്ടത്തിൽ സിപിഐ അതിനെതിരായ നിലപാട് സ്വീകരിച്ചു. സ്വാതന്ത്ര്യാനന്തരം അധികാരമേറ്റ ദേശീയ ബൂർഷ്വാസിക്കെതിരെ മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ലൈന്‍ ആവിഷ്‌ക്കരിക്കുന്നതിലും അവർ പരാജയപ്പെട്ടു. മൂർത്ത സാഹചര്യത്തിന്റെ മൂർത്ത വിശകലനമില്ലാതെ ഒരു രാജ്യത്തും വിപ്ലവം സംഘടിപ്പിക്കാനാവില്ല.
വിപ്ലവ സമരത്തിന്റെ ആദ്യപടി വിപ്ലവപാർട്ടിക്ക് രൂപം കൊടുക്കലാണ്. അതിന് വിപ്ലവ സിദ്ധാന്തം ആവിഷ്‌ക്കരിക്കണം. ജീവിതത്തിന്റെ സർവ്വാംശങ്ങളെയും ഉൾക്കൊള്ളുന്നതും മാർക്സിസം-ലെനിനിസത്തിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചെ ടുക്കുന്നതുമായ സമഗ്രമായ വിപ്ലവ പദ്ധതിയാണ് വിപ്ലവ സിദ്ധാന്തം എന്ന ധാരണ ഇന്ത്യൻ സമൂഹത്തിന് പ്രദാനം ചെയ്തത് സഖാവ് ശിബ്‌ദാസ് ഘോഷാണ്. വിപ്ലവ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന ജീവിത സമരത്തിലൂടെ ശരിയായ വിപ്ലവ നേതൃത്വം ഉരുത്തിരിഞ്ഞു വരികയും ജനാധിപത്യ കേന്ദ്രീയതയുടെ അടിസ്ഥാനത്തിലുള്ള ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപമെടുക്കുകയും ചെയ്യുന്നു.
ശ്രമകരമായ ഈ ദൗത്യം തിരിച്ചറിയാനും ഏറ്റെടുക്കാനും കഴിയാതെ പോയതാണ് സിപിഐയുടെ അടിസ്ഥാന പരാജയമെന്ന് സഖാവ് ഘോഷ് ചൂണ്ടിക്കാണിച്ചു. ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ മാത്രം കൈമുതലാക്കി ഒരു പാർട്ടിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയായി വളർന്നു വരാനാകില്ല. ശരിയായ സിദ്ധാന്തവും ശരിയായ വിപ്ലവലൈനും അവയെ ആധാരമാക്കിയ ശരിയായ സംഘടനയും ശരിയായ സമരപ്രക്രിയയുമൊക്കെ അതിന് അനിവാര്യമാണ്. ശരിയായ പാർട്ടി നിലവിൽ വന്നുകഴിഞ്ഞാൽ വർഗ്ഗ-ബഹുജന സമരങ്ങളിലൂടെ ജനങ്ങളുടെ സ്വന്തം സമരോപകരണങ്ങൾ വികസിപ്പിച്ചെടുക്കണം. പാർട്ടി ജീവിതവും വിപ്ലവം ജീവിത ശൈലിയുമാക്കിയ വിപ്ലവകാരികളുടെ ദളവും വളർത്തിയെടുക്കണം. ഈ മുന്നുപാധികൾ പൂർത്തീകരിച്ചുകൊണ്ടേ വിപ്ലവം നയിക്കാൻ ഒരു രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയൂ.


സിപിഐയുടെ പരാജയത്തിന്റെ മറ്റൊരു പ്രധാന കാരണമായി സഖാവ് ഘോഷ് ചൂണ്ടിക്കാണിച്ചത്, വ്യക്തിവാദത്തെ ഉന്മൂലനം ചെയ്യുന്ന സമരം അവർ ഏറ്റെടുത്തില്ല എന്നതാണ്. സ്വയം മാറാതെ തൊഴിലാളിവർഗ്ഗത്തിന് സമൂഹത്തെ മാറ്റാനാകില്ല എന്ന മാർക്സിസ്റ്റ് പാഠമാണ് ഇവിടെ അടിത്തറയായത്. സ്വയം മാറുകയെന്നാൽ മുതലാളിത്ത സമൂഹം വ്യക്തിയിൽ സൃഷ്ടിക്കുന്ന ബൂർഷ്വാ സംസ്‌കാരത്തിന്റെ സ്ഥാനത്ത്, നിസ്വാർത്ഥതയും സാമൂഹികതയും ഉൾക്കൊള്ളുന്ന തൊഴിലാളിവർഗ്ഗ സംസ്‌ക്കാരം സ്ഥാപിച്ചെടുക്കുക എന്നാണർത്ഥം. വ്യക്തിപരമായും കൂട്ടായും നിരന്തരം നടത്തുന്ന ആന്തരികവും ബാഹ്യവുമായ സമരത്തിലൂടെയാണ് ഈ സംസ്‌കാരം ആർജ്ജിച്ചെടുക്കാൻ കഴിയുക.
തൊഴിലാളിവർഗ്ഗ സംസ്‌കാരം ആർജ്ജിക്കുന്നതിനുള്ള സമരം ഒഴിവാക്കിയതും ലെനിനിസ്റ്റ് സംഘടനാ തത്വങ്ങൾ പ്രാവർത്തി കമാക്കാൻ കഴിയാതെ പോയതും സിപിഐയെ ഗ്രൂപ്പിസത്തിന് ഇരയാക്കിത്തീർത്തു. സിപിഐയും സിപിഐ(എം)ഉം നക്സലൈറ്റുകളുമൊക്കെ പലവട്ടം പിളർന്നതും ആ പ്രക്രിയ ഇന്നും തുടരുന്നതും ഇതിന്റെ ഫലമായിട്ടാണ്.
സാർവ്വദേശീയ രംഗത്ത് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അനുവർത്തിക്കേണ്ട ഉത്തരവാദിത്വം എസ്‌യുസിഐ(സി) മാത്രമാണ് നിറവേറ്റിയത്. ലെനിനന്തര കാലഘട്ടത്തിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നിൽ വന്ന സയന്‍സ് അടക്കമുള്ള എല്ലാ വിഷയങ്ങളിലും ശരിയായ നിലപാട് മുന്നോട്ടു വയ്ക്കാൻ എസ്‌യുസിഐയ്ക്ക് കഴിഞ്ഞു. സ്റ്റാലിന്റെ അവസാന നാളുകളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രത്യക്ഷപ്പെട്ട യാന്ത്രിക ചിന്താപദ്ധതിയും നേതൃത്വവുമായി യാന്ത്രികബന്ധം പുലർത്തുന്ന രീതിയും ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുമെന്ന് സഖാവ് ഘോഷ് മുന്നറിയിപ്പു നൽകി. ലെനിനന്തര കാലഘട്ടത്തിൽ മനുഷ്യജീവിതവും വിപ്ലവസംഘടനയും അഭിമുഖീകരിച്ച പുതിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മനുഷ്യവിജ്ഞാനത്തിന്റെ വികാസത്തിന് അനുരോധമായി മാർക്‌സിസ്റ്റ് ധാരണ വികസിപ്പിക്കാനും കഴിയാതെ പോയി എന്നും സഖാവ് ഘോഷ് വിലയിരുത്തി. പഠനപ്രവർത്തനങ്ങളിലും ഉൾപ്പാർട്ടി സമരത്തിലും അലംഭാവസമീപനവും കൂടി വന്നതോടെ പ്രത്യയശാസ്ത്ര നിലവാരം വലിയ അളവിൽ ഇടിഞ്ഞു. ഇത് ആധുനിക തിരുത്തൽവാദത്തിന്റെ മൂലകാരണമായി ഭവിച്ചു. സോവിയറ്റ് പാർട്ടിയിലടക്കം വളർന്നുവന്ന തിരുത്തൽവാദം സോഷ്യലിസ്റ്റ് ചേരിയുടെതന്നെ തകർച്ചയ്ക്ക് ഇടയാക്കുമെന്നും സഖാവ് ഘോഷ് മുന്നറിയിപ്പ് നൽകിയിരുന്നു.
സ്റ്റാലിനെതിരെ സിപിഎസ്‌യു കൈക്കൊണ്ട നടപടികളെ നിശിതമായി വിമർശിച്ച സഖാവ് ഘോഷ്, ലെനിനിസത്തിന് ശരിയായ വ്യാഖ്യാനം നൽകിയ സഖാവ് സ്റ്റാലിനെ നിഷ്‌കാസനം ചെയ്യുന്നത് ലെനിനെത്തന്നെ നിഷ്‌കാസനം ചെയ്യുന്ന നടപടിയായിരിക്കുമെന്നും ചൂണ്ടിക്കാണിച്ചു. തിരുത്തൽവാദത്തിന് പുഷ്ടിപ്പെടാൻ വഴിയൊരുക്കിയ ഈ നടപടി ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തിക്ഷയത്തിന് കാരണമാകുകയും ചെയ്തു. തിരുത്തൽവാദം കരുത്താർജ്ജിച്ചതോടെ, വിപ്ലവപാത വെടിഞ്ഞ്, പാർലമെന്ററി പാതയിലൂടെ സോഷ്യലിസം സ്ഥാപിക്കാമെന്ന തികച്ചും മാർക്സിസ്റ്റേതരമായ നിലപാടിലേക്ക് പല കമ്മ്യൂണിസ്റ്റ് പാർട്ടികളും കൂപ്പുകുത്തി. ഇന്ത്യയിൽ സിപിഐയും പിന്നീട് സിപിഐ(എം)ഉം ഈ കുറുക്കുവഴി യിലൂടെ അധഃപതനം തെരഞ്ഞെടുക്കുകയാണുണ്ടായത്.
രണ്ടാം ലോകയുദ്ധത്തിൽ നാസി ജർമ്മനിയും ഫാസിസ്റ്റ് ഇറ്റലിയും പരാജയപ്പെട്ടതോടെ ഫാസിസം അപ്രത്യക്ഷമായിരിക്കുന്നു എന്ന നിഗമനത്തെയും സഖാവ് ഘോഷ് ചോദ്യം ചെയ്തു. ഫാസിസം മുതലാളിവർഗത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര ആവശ്യകതയിൽനിന്ന് ഉടലെടുക്കുന്നതാണെന്നും ആസന്നമായ തൊഴിലാളിവർഗ്ഗ വിപ്ലവത്തെ ഒഴിവാക്കാനുള്ള പ്രതിവിപ്ലവ പദ്ധതിയാണെന്നും എല്ലാ മുതലാളിത്ത രാജ്യങ്ങളിലും ഈ പ്രവണത നിലനിൽക്കുന്നുവെന്നും സഖാവ് ഘോഷ് നിരീക്ഷിച്ചു. ഫാസിസ്റ്റ് വിപത്തിനെതിരെ ലോകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ സായുധമാക്കാൻപോന്ന പ്രത്യയശാസ്ത്ര-രാഷ്ട്രീയ ആയുധവും പ്രവർത്തന പദ്ധതിയും അദ്ദേഹം പ്രദാനം ചെയ്തു. ഭരണകൂടം ഫാസിസ്റ്റ് സ്വഭാവം ആർജ്ജിച്ചിരിക്കുന്ന സമകാലിക പരിതസ്ഥിതയിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) അതിന്റെ കാരണങ്ങൾ വിശദമാക്കുകയും പരിഹാരമാർഗ്ഗം അവതരിപ്പിക്കുകയും ചെയ്യുന്നു.
പുരോഗമന മുദ്രാവാക്യങ്ങളുമായി ജനങ്ങളെ വശീകരിച്ചുകൊണ്ടാണ് ഇറ്റലിയിലും ജർമ്മനിയിലുമൊക്കെ ഫാസിസം പ്രത്യക്ഷ പ്പെട്ടത്. തുടർന്ന് ക്രൂരമായ അടിച്ചമർത്തൽ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. എന്നാൽ, പുരോഗമന നാട്യം ഇല്ലാതെതന്നെ ഫാസിസ്റ്റ് നയങ്ങളും നടപടികളും ആവിഷ്‌കരിക്കാമെന്ന് പിൽക്കാല സാഹചര്യം വിലയിരുത്തി നമ്മുടെ പാർട്ടി നിരീക്ഷിച്ചിട്ടുണ്ട്. ഇന്നത്തെ ഇന്ത്യൻ അവസ്ഥ ഇത് തികച്ചും ശരിയെന്ന് വ്യക്തമാക്കുന്നു. അറുപിന്തിരിപ്പൻ നയങ്ങളും വർഗീയ നിലപാടുകളുമൊക്കെ ഫാസിസത്തിന്റെ പ്രയാണത്തിന് പാതയൊരുക്കുന്നു.
ജനങ്ങളുടെ മതവിശ്വാസത്തെ ഫാസിസ്റ്റ് ശക്തികൾ ചൂഷണം ചെയ്തുകൊണ്ട് പരസ്പരം ഭിന്നിപ്പുണ്ടാക്കുകയും സ്പർദ്ധ വളർത്തുകയും ചെയ്യുന്നു. മതവിശ്വാസവും വർഗീയതയും തമ്മിൽ ബന്ധമില്ല എന്ന വസ്തുത സഖാവ് ശിബ്‌ദാസ് ഘോഷ് സുവ്യക്തമാക്കിയിട്ടുണ്ട്. മതേതര സമൂഹത്തിൽ മതം വ്യക്തിയുടെ സ്വകാര്യ പ്രശ്നം മാത്രമായിരിക്കണം. അത് ഭരണകൂടത്തിലും പൊതുകാര്യങ്ങളിലുമൊന്നും ഇടപ്പെട്ടുകൂടാ. മതം അസഹിഷ്ണുത കാട്ടുകയും അക്രമണോത്സുകമാകുകയും ചെയ്യുമ്പോഴാണ് അത് വർഗീയതയാകുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം ചരിത്രപരമായ കാരണങ്ങളാൽ, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ബൂർഷ്വാസി പാതിവഴിയിലുപേക്ഷിച്ചതുകൊണ്ടാണ് ജാതി-മത-പ്രദേശ-ഭാഷാ വിഷയങ്ങളുടെയൊക്കെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനും അവരുടെ ഐക്യം തകർത്ത് മുതലാളിത്ത ചൂഷണവാഴ്ച സുഗമമാക്കാനും കഴിയുന്നത്. ഇന്ത്യൻ ബൂർഷ്വാസിക്ക് സമൂഹത്തിന്റെ ജനാധിപത്യവൽക്കരണം എന്ന കർത്തവ്യം ഇനി പൂർത്തീകരിക്കാനാവില്ലെന്നും അത് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കർത്തവ്യമായി തൊഴിലാളിവർഗം ഏറ്റെടുക്കണമെന്നുമുള്ള വിലയിരുത്തലും സഖാവ് ശിബ്‌ദാസ് ഘോഷ് അവതരിപ്പിച്ചിട്ടുണ്ട്. സയൻസിന്റെ സമീപനവും മൂല്യങ്ങളും തിരസ്‌കരിച്ച് സാങ്കേതികവശം മാത്രം സ്വീകരിക്കുകയും ആത്മീയതയുമായി അതിന്റെ സവിശേഷമായൊരു ലയനം സാദ്ധ്യമാക്കിയെടുക്കുകയും ചെയ്യുന്നതോടെ ഫാസിസത്തിന്റെ സാംസ്‌കാരിക അടിത്തറ ഒരുക്കപ്പെടുന്നുവെന്ന് സഖാവ് ഘോഷ് നിരീക്ഷിച്ചു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നൽകിയത്. ആശയതലത്തിൽ ഫാസിസത്തെ ചെറുക്കാൻ ഇടതെന്നവകാശപ്പെടുന്നവർപോലും അശക്തരായിരിക്കുന്നത് സഖാവ് ഘോഷിന്റെ പാഠങ്ങൾ അവഗണിക്കുന്നതുകൊണ്ടാണ്. ജനസമരങ്ങൾ വളർത്തിയെടുത്തുകൊണ്ട് ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതും ഫാസിസ്റ്റുവിരുദ്ധ സമരത്തിൽ സുപ്രധാനമാണ്. പാർലമെന്ററി വ്യാമോഹത്തിൽ കൂടുങ്ങി ജനസമരത്തിന്റെ പാത ഉപേക്ഷിച്ച കപട ഇടതുപക്ഷങ്ങൾ ഇതിനും പ്രാപ്തിയില്ലാത്തവരായിരിക്കുന്നു.
സിപിഐയുടെയും സിപിഐ(എം)ന്റെയുംമൊക്കെ ദയനീയ പരാജയം മുതലാളിവർഗം ഉപയോഗപ്പെടുത്തുകയും അവശേഷിക്കുന്ന ജനാധിപത്യാന്തരീക്ഷംകൂടി തകർക്കുകയും ചെയ്യുന്ന സ്ഥിതിയാണിന്നുള്ളത്. ഉരുക്കുപോലുറച്ച ഐക്യത്തോടെയും സുവ്യക്തമായ നിലപാടുകളോടെയും തെളിമയാർന്ന പ്രത്യയശാസ്ത്ര ധാരണയോടെയുമുള്ള ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമാത്രമേ വിശാലമായ ഫാസിസ്റ്റുവിരുദ്ധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകാൻ കഴിയൂ എന്ന വസ്തുത ചൂഷിതജനത ഹൃദിസ്ഥമാക്കേണ്ടതുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ അംഗങ്ങളും അനുവർത്തിക്കേണ്ട പെരുമാറ്റച്ചട്ടം സഖാവ് ഘോഷ് ആവിഷ്‌കരിച്ചത് കറതീർന്ന വിപ്ലവകാരികളെ സൃഷ്ടിച്ചെടുക്കുവാൻ വേണ്ടിയായിരുന്നു. വ്യക്തിവാദം അങ്ങേയറ്റം ജീർണ്ണമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വ്യക്തിതാല്പര്യത്തെ സാമൂഹ്യതാല്പര്യത്തിന് വിധേയമാക്കുന്ന ലെനിന്റെ കാലത്തെ നിലവാരം അപര്യാപ്തമാണെന്നും നല്ല കമ്മ്യൂണിസ്റ്റാകാൻ വ്യക്തിതാല്പര്യത്തെ സാമൂഹ്യതാല്പര്യവുമായി താദാത്മ്യപ്പെടുത്തുന്ന സമരം ഏറ്റെടുക്കണമെന്നും സഖാവ് ഘോഷ് നിഷ്‌കർഷിച്ചു. വ്യക്തിതാൽപ്പര്യവും സാമൂഹ്യതാൽപ്പര്യവും ലയിച്ചുചേർന്ന ഉദാത്തമായ കമ്മ്യൂണിസ്റ്റ് നിലവാരത്തിന്റെ ധാരണ ആദ്യമായി ആവിഷ്‌കരിച്ചത് സഖാവ് ശിബ്‌ദാസ്‌ഘോഷാണ്. ഈ താദാത്മ്യപ്പെടലിന്റെ തലത്തിലേക്ക് ഉൾപ്പാർട്ടി വിപ്ലവസമരത്തെ ഉയർത്താനുള്ള ഇടമെന്ന നിലയിൽ നേതാക്കളും പ്രവർത്തകരും ഒന്നിച്ച് താമസിക്കുന്ന പാർട്ടി കമ്മ്യൂണുകൾക്ക് അദ്ദേഹം രൂപം നൽകി. വ്യക്തിവാദത്തിന്റെയും തിരുത്തൽവാദത്തിന്റെയും സോഷ്യൽ ഡെമോക്രാറ്റിക് സമീപനങ്ങളുടെയും പരിഷ്‌കരണവാദത്തിന്റെയുമൊക്കെ സ്വാധീനത്തിൽനിന്ന് മുക്തമായ സംഘടന കെട്ടിപ്പടുക്കണമെങ്കിൽ അനിവാര്യമായും ശിബ്‌ദാസ് ഘോഷ് ചിന്തയെ ആശ്രയിച്ചേ മതിയാകു.
നേതാക്കളുടെ നേതാവ് എന്ന സങ്കല്പം വ്യക്തിപൂജയായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, പാർട്ടിയുടെ നേതാവും ഗുരുവും വഴികാട്ടിയുമായി ഒരാൾ ഉയർന്നുവരുമ്പോൾ മാത്രമാണ് സംഘടനയ്ക്കുളിൽ വ്യക്തിവാദം ഉന്മൂലനം ചെയ്യാൻ കഴിയുക എന്ന വിലപ്പെട്ട പാഠവും അദ്ദേഹം മുന്നോട്ടുവച്ചു. ആ നേതൃത്വത്തിന് അപ്രമാദിത്വം കൽപ്പിക്കാതെ അതിനോട് വിമർശനാത്മകവും വൈരുദ്ധ്യാധിഷ്ഠിതവുമായ ബന്ധം പുലർത്താൻ കഴിയുമ്പോൾ പാർട്ടിയിൽ ജനാധിപത്യ കേന്ദ്രീയത അണയാതെ നിൽക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്തർദ്ദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ വളർന്നുവന്ന മാർക്സിസ്റ്റേതരമായ സമീപനങ്ങളിൽനിന്നും പ്രവണതകളിൽനിന്നും പാഠമുൾക്കൊണ്ടാണ് സഖാവ് ഘോഷ് തന്റെ കാഴ്ചപ്പാടുകൾ രൂപീകരിച്ചെടുത്തത്.


അവശ്യം വേണ്ട വിഭവങ്ങളോ അധികാരത്തിന്റെ തുണയോ ഒന്നുമില്ലാതെ പ്രതികൂലാവസ്ഥകൾക്കു നടുവിലും മാർക്സിസമെന്ന മഹനീയദർശനത്തിന്റെ ശ്രേഷ്ഠത ഉയർത്തിപ്പിടിച്ച് ഏഴ് പതിറ്റാണ്ട് കാലമായി ഈ മണ്ണിൽ ഉറച്ച ചുവടുവയ്പുകളോടെ മുന്നേറാനും ഇന്ന് രാജ്യത്തെ ചൂഷിത ജനതയുടെ പ്രതീക്ഷയായി മാറാനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിക്ക് കഴിഞ്ഞത് ശിബ്‌ദാസ് ഘോഷ് ചിന്തയുടെ ഔന്നത്യവും കരുത്തുംകൊണ്ടുമാത്രമാണ്. നാമമാത്രമായ അധികാരംപോലും സിപിഐ, സിപിഐ(എം) പോലുള്ള പാർട്ടികളെ അധഃപതിപ്പിച്ചപ്പോൾ 1967ലും 69ലും പശ്ചിമബംഗാളിൽ ഗവൺമെന്റിൽ പങ്കാളിയായിരുന്ന എസ്‌യുസിഐ അധികാരം എങ്ങനെയാണ് തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിന് സഹായകമാം വിധം പ്രയോഗിക്കേണ്ടതെന്ന തിന്റെ ഉദാത്ത മാതൃക കാഴ്ചവച്ചതും സഖാവ് ഘോഷിന്റെ നേരിട്ടുള്ള മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം സമരം മുതൽ നമ്മുടെ സംസ്ഥാനത്തെ കെ റെയിൽ വിരുദ്ധ പ്രക്ഷോഭം വരെയുള്ള അനേകം പോരാട്ടങ്ങളിലൂടെ ജനങ്ങളിൽ ആത്മവിശ്വാസവും അവകാശബോധവും വളർത്താനും അധികാരസ്ഥാനങ്ങളിൽ ഉൾക്കിടിലമുണ്ടാക്കാനും കഴിയുന്നതും ശിബ്‌ദാസ് ഘോഷ് ചിന്തയുടെ മഹനീയത ഒന്നുകൊണ്ടുമാത്രമാണ്. ഇന്ത്യൻ വിപ്ലവത്തിന് മാത്രമല്ല ലോക കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിനാകെ മാർഗ്ഗദർശനം നൽകാൻ കെല്പുള്ള ആ ചിന്ത ജനകോടികളിലേക്ക് പ്രസരിപ്പിക്കാ നുള്ള ഉദാത്തമായ കർത്തവ്യമാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ശിബ്‌ദാസ് ഘോഷ് ജന്മശതാബ്ദി ആചരണം പാർട്ടിസംഘടനയുടെ ആന്തരികമായ ദൃഢീകരണത്തിന്റെ വേള എന്നതുപോലെതന്നെ സാധാരണജനങ്ങളിലേക്ക് സഖാവ് ഘോഷിന്റെ പാഠങ്ങളും പ്രബോധനങ്ങളും എത്തിക്കാനുള്ള ഉചിതമായ സന്ദർഭമായും രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തകർ കാണുന്നു. ഇവയൊട്ടാകെ ഇന്ത്യയിലെ ചൂഷിത ജനതയുടെയാകെ ആവശ്യകതയായിരിക്കുന്നതിനാൽ സഖാവ് ശിബ്‌ദാസ്‌ഘോഷ് ജന്മശതാബ്ദി ആചരണപ്രവർത്തനങ്ങൾ ലക്ഷ്യവേധിയായി നിർവ്വഹിക്കുവാൻ മുഴുവൻ ജനങ്ങളുടെയും സർവ്വാത്മനായുള്ള സഹായങ്ങൾ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

Share this post

scroll to top