കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും

2002ൽ സുപ്രീം കോടതി വിധിയെ തുടർന്ന് കശുവണ്ടി വികസന കോർപറേഷൻ പഴയ ഉടമകൾക്ക് വിട്ടുകൊടുത്ത മുഖത്തല, എഴുകോൺ, നെടുവത്തൂർ, കല്ലമ്പലം ഫാക്ടറികളിലെ തൊഴിലാളികൾ തങ്ങൾക്കർഹതപ്പെട്ട ഗ്രാറ്റുവിറ്റി ആവശ്യപ്പെട്ട് കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കശുവണ്ടി തൊഴിലാളി സെന്റർ ജനറൽ സെക്രട്ടറി സഖാവ് എസ്.രാധാകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. അർഹതപ്പെട്ട അവകാശം ലഭിക്കാതെ 700 ൽപരം തൊഴിലാളികൾ മരണമടഞ്ഞ ദയനീയാവസ്ഥയാണ് നിലവിലുളളതെന്നും 2019 മാർച്ച് മാസം ത്രിദിന സത്യാഗ്രഹത്തെ തുടർന്ന് മാനേജ്‌മെന്റ് നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്‌യുസിഐ(സി) ജില്ലാ സെക്രട്ടറി സഖാവ് ഷൈല കെ.ജോൺ, എഐയുടിയുസി ജില്ലാ സെക്രട്ടറി സഖാവ് ബി.വിനോദ്, യൂണിയൻ നേതാക്കളായ സഖാക്കൾ ബി.രാമചന്ദ്രൻ, സദാനന്ദൻപിളള, അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന ജില്ലാ സെക്രട്ടറി സഖാവ് ട്വിങ്കിൾ പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
എത്രയും വേഗം ഗ്രാറ്റുവിറ്റി അർഹതപ്പെട്ട മുഴുവൻ തൊഴിലാളികൾക്കും വിതരണം ചെയ്യാത്ത പക്ഷം കാഷ്യു കോർപ്പറേഷൻ ഹെഡ് ഓഫീസിന് മുന്നിൽ തൊഴിലാളികളും കുടുംബാംഗങ്ങളും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp