കശുവണ്ടി തൊഴിലാളികളുടെ കളക്‌ട്രേറ്റ് മാർച്ച്

തൊഴിലുടമകൾ നിയമവിരുദ്ധമായി അടച്ചുപൂട്ടിയ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് തുറന്ന് പ്രവർത്തിപ്പിക്കുക, കശുവണ്ടി രംഗത്ത് വ്യാപകമായിരിക്കുന്ന തൊഴിൽ നിയമലംഘനങ്ങൾ തടയുക, ഫാക്ടറികൾ ഇതരസംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കശുവണ്ടി തൊഴിലാളി സെന്റർ (എഐയുറ്റിയുസി) നേതൃത്വത്തിൽ കൊല്ലത്ത് കശുവണ്ടി തൊഴിലാളികളുടെ കളക്‌ട്രേറ്റ് മാർച്ച് നടന്നു.

കശുവണ്ടി തൊഴിലാളി സെന്റർ സംസ്ഥാന പ്രസിഡന്റും എഐയുറ്റിയുസി സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.കെ.സദാനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴിൽ നിയമങ്ങളും കാറ്റിൽ പറത്തി തൊഴിലുടമകൾ ഏകപക്ഷീയമായി നടത്തുന്ന നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് തൊഴിൽവകുപ്പിനുളളതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുളള മുഴുവൻ തൊഴിൽ നിയമങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ട് കോർപ്പറേറ്റുകൾക്കുവേണ്ടി തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കൊണ്ടുവരുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരായ സമരത്തെ ഇത്തരം നീക്കങ്ങൾ ദുർബ്ബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നതിന്റെപേരിൽ തൊഴിലാളികളുടെ അംശാദായംകൊണ്ട് പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡ് പെൻഷൻ സംസ്ഥാന സർക്കാർ നിർത്തലാക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി സഖാവ് ഷൈല കെ.ജോൺ, എഐയുറ്റിയുസി ജില്ലാ സെക്രട്ടറി സഖാവ് ബി.വിനോദ്, സഖാവ് ബി.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിന് യൂണിയൻ നേതാക്കളായ സഖാക്കൾ പി.പി.പ്രശാന്ത്കുമാർ, ആർ.ഹരിദാസൻ, ആനന്ദൻപിളള, സതീശൻ, പുഷ്പവല്ലി, രാധ, ഹരിദാസൻപിളള, ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow by Email
Pinterest
LinkedIn
Share
Instagram
Telegram
WhatsApp