മാദ്ധ്യമങ്ങളെ അമ്പരപ്പിച്ച കോടതി ഉത്തരവുകൾ

Slug-1.jpg
Share

ജുഡീഷ്യറിയുടെ സ്വയംഭരണാവകാശം അട്ടിമറിക്കാനും അതിനെ, ഭരണവർഗ്ഗ താല്പര്യങ്ങൾ ജനങ്ങൾക്കുമേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള ഉപാധിയാക്കാനും ദീർഘകാലമായി ശ്രമങ്ങൾ നടക്കുന്നു. അയോദ്ധ്യ വിധി സൃഷ്ടിച്ച അങ്കലാപ്പ് ജുഡീഷ്യറിയുടെ അപചയത്തിന്റെ ചരിത്രം പരിശോധിക്കാൻ നമ്മെ നിർബന്ധിതരാക്കുകയാണ്. മാദ്ധ്യമങ്ങളെ അമ്പരപ്പിച്ച ഏതാനും കോടതി ഉത്തരവുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

1999 ഡിസംബറിൽ ഡൽഹിയിൽ സുപ്രീം കോടതി അങ്കണത്തിൽ നടന്ന ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം ”നീതിന്യായ മൂല്യങ്ങളുടെ (നീതിന്യായ പെരുമാറ്റച്ചട്ടത്തിന്റെ) പുനഃപ്രഖ്യാപനം” ഏകകണ്ഠമായി അംഗീകരിക്കുകയുണ്ടായി. നിഷ്പക്ഷമായ നീതിനിർവ്വഹണത്തിൽ ജഡ്ജിമാർ അനിവാര്യമായും പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ ഈ പ്രഖ്യാപനം ഉൾക്കൊള്ളുന്നു. കഴിഞ്ഞ ജൂൺ 18ന് റഷ്യയിൽ നടന്ന മറ്റൊരു സമ്മേളനത്തിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പങ്കെടുത്തിരുന്നു. അദ്ദേഹം പറഞ്ഞത് സ്വതന്ത്രമായ പ്രവർത്തനം നീതിന്യായ വ്യവസ്ഥയുടെ ആത്മാവാണ് എന്നത്രെ. ഭരണ വ്യവസ്ഥകളും സംവിധാനങ്ങളും എന്തുതന്നെയായാലും ഏതൊരു രാജ്യത്തെയും ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വച്ഛന്ദവും സ്വതന്ത്രവുമായ ഒരു നീതിന്യായ സംവിധാനം ഉണ്ടാകണമെന്നാണ്. മനുഷ്യന്റെ പ്രവൃത്തികളെയും നിലപാടുകളെയും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം അതിനുണ്ടാകണം. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ഒരു ഒറ്റമൂലി പ്രയോഗത്തിലൂടെ നേടാനാവില്ല. നിരന്തരമായുണ്ടാകാവുന്ന ആക്രമണങ്ങളെ അതിജീവിച്ച് നിലനിർത്തേണ്ട ഒരു അവസ്ഥയാണത്. അതിനുള്ള കരുത്ത് അത് ആന്തരികമായിത്തന്നെ ആർജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. (ഇന്ത്യൻ എക്‌സ്പ്രസ്സ് 20-06-2019)
എസ്.പി.ഗുപ്ത രാഷ്ട്രപതിക്കും മറ്റുമെതിരെ ഫയൽചെയ്ത കേസ് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുംവിധമുള്ള ഭരണഘടനാപ്രാധാന്യമുള്ള ഒന്നായിരുന്നു. 1981 ഡിസംബർ 30ന് ഈ കേസിൽ വിധിപറയവെ, ജഡ്ജിമാർ സ്വയം ഓർമ്മിപ്പിക്കുംവിധം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു: ”ജഡ്ജിമാർ ഉറച്ച കാതലും കഴമ്പും ഉള്ളവരായിരിക്കണം. രാഷ്ട്രീയമോ സാമ്പത്തികമോ ആയ ശക്തികൾക്കുമുന്നിൽ അവർ നട്ടെല്ല് വളയ്ക്കരുത്. ‘നിങ്ങൾ എത്ര ഉന്നതനായാലും നിയമം നിങ്ങൾക്കും മുകളിലായിരിക്കും’ എന്ന നിയമവാഴ്ചയുടെ മൂലതത്വം അവർ സദാ മനസ്സിൽ സൂക്ഷിക്കണം.” (ദ വയർ 16-05-2019) എന്നാൽ, ഈ പ്രതിജ്ഞകൾക്ക് നിരക്കുംപടിയുള്ള കാര്യങ്ങളാണോ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടുകാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്? മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ നമുക്കൊന്ന് പരിശോധിക്കാം.

ജുഡീഷ്യറിയുടെ സ്വയംഭരണാവകാശം തകിടംമറിക്കാൻ 1970കളിൽ നടന്ന ശ്രമങ്ങൾ

1973ൽ മൂന്ന് സീനിയർ ജഡ്ജിമാരെ മറികടന്നാണ് ജസ്റ്റിസ് എ.എൻ.റായിയെ ഇന്ദിരാഗവണ്മെന്റ് ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമായാണ് ഇത് കരുതപ്പെട്ടത്. കേശവാനന്ദ ഭാരതി കേസിന്റെ വിധി വന്ന് തൊട്ടുപിറ്റേന്നാണ് നിയമനം നടത്തിയത്. സാധാരണ ഗതിയിൽ പാർലമെന്റിനുള്ള അധികാരം വച്ചുകൊണ്ട് ഭരണഘടനാഭേദഗതികൾ കൈക്കൊള്ളാൻ ഭരണഘടനയുടെ 368-ാം വകുപ്പ് പാർലമെന്റിന് അധികാരം നൽകുന്നില്ലെന്നും നിയമനിർമ്മാണ സഭയല്ല ഭരണഘടനയാണ് പരമമെന്നും ഈ കേസിൽ വിധിയുണ്ടായി. ഇരുപത്തിനാലാം ഭരണഘടനാഭേദഗതിക്ക് ശേഷമുള്ള ഭേദഗതികളൊക്കെ ഇതുമൂലം അസാധുവായി. ഏഴ് ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ 6 പേർ എതിർത്തു. അനുകൂലിച്ച മൂന്ന് സീനിയർ ജഡ്ജിമാരെ മറികടന്നുകൊണ്ടാണ് എതിർത്തവരിൽ ഒരാളായ എ.എൻ.റായിയെ ഇന്ദിരാഗവണ്മെന്റ് നിയമിച്ചത്. ഈ മൂന്ന് ജഡ്ജിമാരും ഇതോടെ രാജിവച്ചു. എന്നാൽ ഈ വിധി പരക്കെ അംഗീകരിക്കപ്പെട്ടു. ഇതേ റായ് ചീഫ്ജസ്റ്റിസ് ആയിരിക്കുമ്പോൾ, 39-ാം ഭേദഗതിയിലൂടെ തനിക്കെതിരായ കേസ് അമർച്ചചെയ്യാൻ ഇന്ദിരാഗാന്ധി ശ്രമിച്ചതും 75-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമൊക്കെ കോടതി വിധിയുടെ ന്യായയുക്തതയ്ക്ക് തെളിവായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത,് പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന അവകാശങ്ങളും, നിലനിൽക്കില്ലെന്ന വിധിയും ജസ്റ്റിസ് റായ് ചീഫ്ജസ്റ്റിസ് ആയിരിക്കുമ്പോഴാണ് ഉണ്ടായത്. നാടിന്റെ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന ജഡ്ജിമാരെയല്ല, ചീഫ്ജസ്റ്റിസിന്റെ കസേരയിലേയ്ക്ക് ഉറ്റുനോക്കുന്നവരെയാണ് ഇതിലൂടെ സൃഷ്ടിക്കുന്നതെന്ന് മുൻ ചീഫ്ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള പരിഹസിക്കുകയുണ്ടായി. (ഇക്കണോമിക് ടൈംസ് 16-08-2018) നീതിന്യായ സംവിധാനത്തെ സർക്കാരിന് വിധേയമാക്കാനുള്ള ഈ നീക്കം രാജ്യത്തിന്റെ ജുഡീഷ്യറിക്കുമേൽ വലിയ ആഘാതമേൽപ്പിക്കുകയുണ്ടായി.

തുടർന്നുണ്ടായ സംഭവവികാസങ്ങൾ

ഈ പ്രവണത പിന്നെയും തുടർന്നു. ഗുജറാത്ത് ഹൈക്കോടതി ചീഫ്ജസ്റ്റിസ്, തന്നെ തഴയുന്നുവെന്ന് ഒരിക്കൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി അയച്ചു. കൽക്കത്ത ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയിരിക്കുമ്പോൾ സുപ്രീം കോടതി ചീഫ്ജസ്റ്റിസിന്റെ സഹോദരിക്ക് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുന്നതിനെ എതിർത്തതാണ് കാരണമെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞിരുന്നു. (ദ ഹിന്ദു 26-07-2014) ഡിഎംകെയുടെ സമ്മർദ്ദഫലമായി മുൻ കേന്ദ്രഗവണ്മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് മദ്രാസ് ഹൈക്കോടതിയിലെ, അഴിമതി ആരോപണം നേരിടുന്ന ഒരു അഡീഷണൽ ജഡ്ജിക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കാലാവധി നീട്ടിക്കൊടുത്തു. മുൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന മാർക്കണ്‌ഡേയ കട്ജു ഇതിനെ നിശിതമായി വിമർശിക്കുകയുണ്ടായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ അധ്യക്ഷനായിരുന്ന കൊളീജിയം, മദ്രാസ് ഹൈക്കോടതിയിലെ മോശം പ്രതിച്ഛായയുള്ള ഒരു ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ നടത്തിയ നീക്കത്തെ താൻ തടഞ്ഞ കാര്യവും അദ്ദേഹം ബ്ലോഗിൽ കുറിക്കുകയുണ്ടായി. (ഇന്ത്യാ ടുഡേ 11-08-2014) ടെലികോം മന്ത്രിയായിരിക്കുമ്പോൾ ഡി.രാജ നടത്തിയ 2ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഗോഖലെ, ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന് കത്തെഴുതിയെങ്കിലും അദ്ദേഹം അത് ഗൗരവമായെടുത്തില്ല. രാഷ്ട്രീയത്തെയും ഉദ്യോഗസ്ഥ സംവിധാനത്തെയുംപോലെ ജുഡീഷ്യറിയും അഴിമതിയുടെ പിടിയിലാണെന്ന് ഒരിക്കൽ ജി.എസ്. സിംഗ്‌വി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുടെ വിശ്വാസ്യത തകരുകയാണെന്നും ജഡ്ജിമാർ സത്യസന്ധമായി കർത്തവ്യനിർവ്വഹണം നടത്തണമെന്നും 2016ൽ ചീഫ് ജസ്റ്റിസ് പി.എസ്.താക്കൂർ അഭിപ്രായപ്പെട്ടിരുന്നു. (ഹിന്ദുസ്ഥാൻ ടൈംസ് 14-03-2016)

സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസും ‘ആഗ്രഹിച്ച’ കോടതി വിധിയും

2005-06ൽ ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ സൊറാബുദ്ദീൻ, കൗസർബി, തുളസീറാം പ്രജാപതി എന്നിവർ കൊല്ലപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട ജസ്റ്റിസ് എസ്.ജെ.ശർമ തന്റെ നടപടിയെക്കുറിച്ച് വിലപിക്കുകയുണ്ടായി. ദുർബലമായ തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയതെന്നും പ്രതികളെ വെറുതെവിടാതെ തരമില്ലായിരുന്നു എന്നും ആരോപിച്ച ജസ്റ്റിസ് ശർമ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമാപണവും നടത്തി. (ദ വയർ 29-12-2018) ഏറ്റുമുട്ടൽ വ്യാജമായിരുന്നെന്നും കുറ്റമറ്റ അന്വേഷണത്തിന്റെ ഫലമായി സംസ്ഥാനത്തെ ഒരു മന്ത്രിയും പത്തിലേറെ പോലീസ് ഓഫീസർമാരും ജയിലിലടയ്ക്കപ്പെട്ടുവെന്നും സിബിഐയും അവകാശപ്പെട്ടു. സംസ്ഥാനത്തെ സീനിയർ ആയ പോലീസ് ഓഫീസർമാർ മനഃപൂർവ്വം സൊറാബുദ്ദീൻ ഷെയ്ക്കിനെ കൊല്ലുകയായിരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യയെ അവർ ബലാൽസംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നെന്നും ‘ദിവ്യ ഭാസ്‌കർ’ പത്രത്തിന്റെ ലേഖകൻ പ്രശാന്ത് ദയാൽ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ജഡ്ജിമാർ നിഷ്പക്ഷമായാണ് പ്രവർത്തിച്ചത്. സംസ്ഥാനത്തെ ഒരു പ്രമുഖ മന്ത്രി തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നപ്പോൾ ജസ്റ്റിസ് ജെ.ടി.ഉത്പത്, 2014 ജൂൺ 26ന് ഹാജരാകാൻ അദ്ദേഹത്തിന് അന്ത്യശാസനം നൽകി. എന്നാൽ ജൂൺ 25ന് അദ്ദേഹത്തെ പൂനെയിലേയ്ക്ക് സ്ഥലം മാറ്റി. ഈ കേസ് തുടക്കംമുതൽ ഒടുക്കംവരെ ഒരു ജഡ്ജി കേൾക്കണമെന്ന സുപ്രീംകോടതി ഉത്തരവും ഇവിടെ ലംഘിക്കപ്പെട്ടു. (ഔട്‌ലുക് 2015 ഫെബ്രുവരി, കാരവൻ മാസിക 27-11-2017) തുടർന്ന് വന്ന ജസ്റ്റിസ് ലോയയും അതേ നിലപാട് തുടരുകയും 2014 ഡിസംബർ 15ന് കേസ് വിധി പറയാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം ഡിസംബർ 1ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഇതിൽ അനാശാസ്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ അഭിപ്രായപ്പെട്ടു. അനുകൂല വിധിക്കുവേണ്ടി ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത്ഷാ അദ്ദേഹത്തിന് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന് സഹോദരി ഡോക്ടർ അനുരാധ ബിയാനി ആരോപിച്ചു. പണവും മുംബെയിൽ ഒരു വസതിയും വാഗ്ദാനം ചെയ്തിരുന്നതായി അച്ഛനും വെളിപ്പെടുത്തി. (കാരവൻ മാസിക 21-11-2017)
എന്നാൽ, ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് കൈകാര്യം ചെയ്ത ജസ്റ്റിസ് ബി.ആർ.ഗവായ് മരണത്തിൽ ‘അസ്വാഭാവികമായി’ ഒന്നുമില്ലെന്ന് വിധിക്കുകയും കഴിഞ്ഞ മെയ് മാസം സുപ്രീംകോടതി ജഡ്ജിയായി ഉദ്യോഗക്കയറ്റം നേടുകയും ചെയ്തു. (എൻഡിടിവി 27-10-2017, ടൈംസ് ഓഫ് ഇന്ത്യ 10-05-2019) ജസ്റ്റിസ് ലോയ മരിച്ച് ഒരു മാസം തികയുന്നതിനുമുമ്പുതന്നെ ചാർജ് ഷീറ്റ് മാത്രം പരിശോധിച്ചുകൊണ്ട്, തുടർന്നുവന്ന ജസ്റ്റിസ് എം.ബി.ഗോസാവി മേൽപറഞ്ഞ മന്ത്രിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു. തെളിവുകൾ പരിശോധിക്കാതെ, സാക്ഷി വിസ്താരം നടത്താതെ, ചാർജ് ഷീറ്റ് സമർപ്പിക്കപ്പെട്ട ഒരു കേസ് അവസാനിപ്പിക്കുന്നത് തികച്ചും അസ്വാഭാവികമായിരുന്നു. കൂട്ടുപ്രതികളെയെല്ലാം വെറുതെ വിട്ടുവെന്ന് മാത്രമല്ല, പോലീസുകാർക്കെല്ലാം സ്ഥാനക്കയറ്റവും ലഭിച്ചു. ഈ കേസിൽ നിർണ്ണായക അന്വേഷണം നടത്തുകയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെയടക്കം പ്രതിക്കൂട്ടിലാക്കുകയും ചെയ്ത വി.എൽ.സോലങ്കി എന്ന പോലീസ് ഓഫീസർ ഇതോടെ നിരാശനായി. ”ഇന്ത്യയിൽ നീതി എന്നൊന്ന് നിലവിലില്ല” എന്ന് അദ്ദേഹം തുറന്നടിച്ചു. (ദ കാരവൻ മാസിക 21-09-2018)

ജഡ്ജിമാരുടെ ഉദ്യോഗക്കയറ്റവും വിരമിക്കലിന് ശേഷമുള്ള സ്ഥാനലബ്ധികളും

രാഷ്ട്രീയ കാര്യങ്ങളിലൊ കോടതിയുടെ പരിഗണനയ്ക്ക് വരാൻ ഇടയുള്ള വിഷയങ്ങളിലൊ ജഡ്ജിമാർ പരസ്യമായ അഭിപ്രായപ്രകടനം നടത്തരുതെന്ന് ‘പെരുമാറ്റച്ചട്ട’ത്തിന്റെ എട്ടും ഒമ്പതും വകുപ്പുകൾ പറയുന്നു. മാധ്യമങ്ങൾക്ക് അഭിമുഖങ്ങളും നൽകാൻ പാടില്ല. ചീഫ് ജസ്റ്റിസായിരുന്ന പി.സദാശിവം വിരമിക്കുന്നതിന് തൊട്ടുമുമ്പ് മേൽപറഞ്ഞ മന്ത്രിക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടൽ കേസിലെ രണ്ടാമത്തെ എഫ്‌ഐആറും റദ്ദാക്കുകയും വിരമിച്ച ഉടൻ കേരള ഗവർണർ ആയി നിയമിതനാകുകയും ചെയ്തു. തന്റെ സ്ഥാനലബ്ധി പ്രത്യുപകാരമല്ലെന്ന് സ്ഥാപിക്കാൻ അദ്ദേഹം രണ്ടുതവണ മാധ്യമങ്ങൾക്ക് അഭിമുഖം നൽകി. ഈ നിയമനം അനുചിതമാണെന്ന് നിയമജ്ഞർ അഭിപ്രായപ്പെട്ടപ്പോൾ അതിൽ അപാകതയൊന്നുമില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ജഡ്ജിമാരുടെ നിയമനം നിലവിലുള്ള കൊളീജിയം സമ്പ്രദായത്തിൽ നടത്തുന്നത് സംബന്ധിച്ച് സുപ്രീംകോടതി ജഡ്ജിമാരും കേന്ദ്രഗവണ്മെന്റും തമ്മിൽ തുറന്ന തർക്കം നടന്നതും ഇക്കാര്യത്തിൽ അന്തിമവാക്ക് സർക്കാരിന്റേതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചപ്പോഴാണ്. (എൻഡിടിവി 2-9-2014)
രാജ്യത്തെ ജനാധിപത്യ സംവിധാനത്തെത്തന്നെ തകർക്കാൻപോന്ന തരത്തിലുള്ള പ്രശ്‌നങ്ങൾ പരമോന്നത നീതിപീഠത്തിൽ നിലനിൽക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയി അടക്കം നാല് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാർ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി പരസ്യമായ ഏറ്റുമുട്ടലിന് തയ്യാറായത് രണ്ടുവർഷം മുമ്പ് മാത്രമാണ്. നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതും ഹൈക്കോടതിയുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റെ പ്രവർത്തനത്തിൽ ദൂഷ്യഫലങ്ങൾ ഉളവാക്കുന്നതും ജുഡീഷ്യറിയുടെ അന്തസ്സിന് നിരക്കാത്തതുമൊക്കെയായ വിധികളുണ്ടാകുന്നു എന്നും അവർ ആരോപിച്ചു. (ദ ഹിന്ദു-ബിസിനസ് ലൈൻ 12-01-2018)
ജസ്റ്റിസ് ബി.ആർ.ഗവായ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിന്റെ അധ്യക്ഷനായിരിക്കുമ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെയുള്ള പല കേസുകളും തള്ളിക്കളഞ്ഞു. ഒത്തുതീർപ്പാക്കാൻ പറ്റാത്തതും വിചാരണ ഒഴിവാക്കാനാകാത്തതുമായിരുന്നു ഇതിൽ പലതും. ജസ്റ്റിസ് ബി.എം.ലോയയുടെ മരണത്തിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് അദ്ദേഹം ‘ഇന്ത്യഎക്‌സ്പ്രസ്സി’ന് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. അദ്ദേഹത്തിനും സ്ഥാനക്കയറ്റം കിട്ടി. (ഇന്ത്യൻ എക്‌സ്പ്രസ്സ് 10-05-2019, ദ വയർ 16-05-2019)
മാലേഗാവ്, മെക്ക മസ്ജിദ് സ്‌ഫോടന കേസുകൾ
മാലേഗാവ്, മെക്ക മസ്ജിദ് സ്‌ഫോടന കേസുകൾ തള്ളിയ വിചിത്രമായ നടപടിയാണ് തുടർന്ന് കണ്ടത്. മഹാരാഷ്ട്രയിലെ മാലേഗാവിൽ 2006 സെപ്തംബർ 8നും 2008 സെപ്തംബർ 29നും നടന്ന സ്‌ഫോടനങ്ങളിൽ യഥാക്രമം 40ഉം 9ഉം ആളുകൾ മരിച്ചു. ഒരു മുസ്ലീം പള്ളിയുടെ പരിസരത്തായിരുന്നു സ്‌ഫോടനം. 2007 മെയ് 18ന് ഹൈദ്രാബാദിലെ മെക്ക മസ്ജിദിൽ നടന്ന സ്‌ഫോടനത്തിൽ 16 പേരും മരിച്ചു. 2007 ഒക്‌ടോബർ 11ന് രാജസ്ഥാനിലെ അജ്മീർ ദർഗ ഷരീഫിൽ നടന്ന സ്‌ഫോടനത്തിൽ 3 പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2008 സെപ്തംബർ 29ന് ഗുജറാത്തിലെ മൊദാസയിലും സ്‌ഫോടനമുണ്ടായി. ഈ സംഭവങ്ങളിലെല്ലാം ചില മുസ്ലീം സംഘടനകളെ കുറ്റവാളികളാക്കാനുള്ള ശ്രമം നടന്നു. എന്നാൽ കോടതി അതെല്ലാം തള്ളിക്കളഞ്ഞു. ഹിന്ദുത്വ പ്രചാരകരായ ‘അഭിനവ ഭാരത്’എന്ന സംഘടനയായിരുന്നു ഇതിനെല്ലാം പിന്നിൽ. സ്വാമി അസീമാനന്ദ(നവകുമാർ സർക്കാർ) ആണ് ഇതിന്റെയെല്ലാം സൂത്രധാരനെന്ന് വ്യക്തമായി. (ദ വയർ 29-03-2019)
മെക്ക മസ്ജിദ് കേസിൽ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ജസ്റ്റിസ് കെ.രവീന്ദർ റെഡ്ഡി വ്യക്തിപരമായ കാരണങ്ങളാൽ വിധി പറഞ്ഞ ഉടൻ രാജിവച്ചു. ഇത് എല്ലാവരെയും ഞെട്ടിച്ചു. സമ്മർദ്ദം മൂലമാകാം ഇത്തരമൊരു വിധി പ്രസ്താവിക്കേണ്ടി വന്നതെന്ന് എല്ലാവരും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. കോളിളക്കം സൃഷ്ടിച്ച ഇത്തരമൊരു കേസിൽ വിധി പറഞ്ഞ ഉടൻ ജഡ്ജി രാജിവയ്ക്കുന്നത് ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമാണെന്ന് ഹൈദ്രാബാദ് ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ബി.ചന്ദ്രകുമാർ അഭിപ്രായപ്പെട്ടു. സ്വന്തം വിധിയിൽ കുറ്റബോധമുണ്ടെങ്കിലേ ഒരു ജഡ്ജിക്ക് രാജിവയ്ക്കാൻ തോന്നൂ എന്നദ്ദേഹം പറഞ്ഞു. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മതിയായ തെളിവില്ലെന്ന് പറഞ്ഞാണ് പ്രതികളെ വെറുതെവിട്ടത്. ഇത് അന്വേഷണ ഏജൻസിയുടെ തകരാറുതന്നെയാണ്. ഇത്തരം കേസുകൾ ഉയർന്ന ഉദ്യോഗസ്ഥരാണ് നടത്തേണ്ടത്. നിസ്സാരമായ കേസുപോലെ ഇത് ഇഴഞ്ഞുനീങ്ങിയപ്പോൾ അമ്പതോളം സാക്ഷികൾ കൂറുമാറി. ഇക്കാര്യത്തിൽ ഒരു അന്വേഷണം വേണമെന്നും പുനർവിചാരണ വേണമെന്നും ആവശ്യമുയർന്നു. (ഡെക്കാൺ ക്രോണിക്കിൾ 17-04-2018) വിചാരണ അട്ടിമറിക്കാൻ എൻഐഎ തന്നെ ശ്രമിച്ചതായും റിപ്പോർട്ടുകൾ വന്നു.
മാലേഗാവ് സ്‌ഫോടനത്തിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ്, സിമി എന്ന മുസ്ലീം വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകരെ പ്രതിയാക്കാൻ ശ്രമം നടത്തി. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായതോടെ അവരെ വെറുതെവിടേണ്ടിവന്നു. അന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിന് നേതൃത്വം നൽകിയിരുന്ന സത്യസന്ധനായ ഐപിഎസ് ഓഫീസർ ഹേമന്ദ് കാർക്കറെ സംഭവസ്ഥലത്തുനിന്ന് സ്‌ഫോടകവസ്തു ഘടിപ്പിച്ച മോട്ടോർ സൈക്കിളിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുകയുണ്ടായി. അത് ‘സനാതൻ സസ്ത’ എന്ന ഹിന്ദുത്വ ഗ്രൂപ്പിലെ ഒരു പ്രവർത്തകയുടേതായിരുന്നു. വാസി, പനവേൽ എന്നിവിടങ്ങളിൽ നടന്ന രണ്ട് ചെറിയ സ്‌ഫോടനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. സനാതൻ സസ്ത, അഭിനവ് ഭാരത് എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കാർക്കറെ മഹാരാഷ്ട്ര ഗവണ്മെന്റിനോടാവശ്യപ്പെട്ടു. ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിൽ ഹിന്ദുത്വ സംഘടനകളുണ്ടെന്ന് ആദ്യമായി അദ്ദേഹം കണ്ടെത്തി. 2008 ഒക്‌ടോബറിൽ 11 പേരെ അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലും ഗുജറാത്തിലുമൊക്കെ ഇവർക്ക് ബന്ധങ്ങളുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും സ്‌ഫോടനങ്ങളുംമറ്റും നടത്തിയിട്ടുമുണ്ട്. (ഫ്രണ്ട് ലൈൻ 08-11-2008)
ഇതോടെ മുസ്ലീം സംഘടനകളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണിതെല്ലാം എന്ന ആരോപണവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ രംഗത്തുവന്നു. കാർക്കറെയെ അവർ ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തി. 2008 നവംബറിൽ ഈ കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാർക്കറെ ടിവി അഭിമുഖത്തിൽ വെളിപ്പെടുത്തി. കേസ് തീർന്നില്ലെന്നും അന്വേഷണം ശരിയായ വഴിയിൽ മുന്നേറുകയാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. എന്നാൽ താമസിയാതെ മുംെബെയിൽ ഒരു ഭീകരാക്രമണം നടക്കുന്നുവെന്നും ഉടൻ അവിടെയെത്തണമെന്നും കാർക്കറെയ്ക്ക് നിർദ്ദേശം ലഭിച്ചു. അവിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കാർക്കറെ മരിച്ചു എന്ന വിവരമാണ് പിന്നീടറിയുന്നത്. എന്നാൽ സംശയാസ്പദമായ സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. ഭീകരർ വെടിവച്ചതിന് തെളിവുമുണ്ടായിരുന്നില്ല. കാർക്കറെയുടെ അന്വേഷണത്തിൽ പലർക്കും എതിർപ്പുണ്ടായിരുന്നുവെന്നും ഒരു മുൻ സീനിയർ ക്യാബിനറ്റ് മിനിസ്റ്റർ അദ്ദേഹത്തെ അതൃപ്തി അറിയിച്ചിരുന്നുവെന്നും എന്നാൽ ഒരു യഥാർത്ഥ ഹിന്ദുവിന്റെ കർത്തവ്യബോധത്തോടെയാണ് താൻ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായും മുംബൈയിലെ മുൻ പോലീസ് കമ്മീഷണർ ജൂലിയോ റിബെറോ വ്യക്തമാക്കിയിട്ടുണ്ട്. (ഇക്കണോമിക് ടൈംസ് 24-04-2019)

ഹിന്ദുത്വ സംഘടനാ പ്രവർത്തകയായ വിദ്യാർത്ഥിനിയുടെ പങ്ക്

മാലേഗാവ് സ്‌ഫോടനക്കേസിൽ യുഎപിഎ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും വിചാരണ നേരിട്ട മുഖ്യ പ്രതികളിലൊരാളായ വിദ്യാർത്ഥി നേതാവ് 2019ൽ മധ്യപ്രദേശിൽ എംപിയായി. (ഇന്ത്യാ ടുഡെ 01-10-2019) കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുംബെയിലെ എൻഐഎ കോടതി, നേരിട്ട് ഹാജരാകുന്നതിൽനിന്ന് അവർക്കും മറ്റ് രണ്ടുപേർക്കും ഇളവുകൊടുത്തത് വിചിത്രമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമാകട്ടെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മതനേതാവെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളുണ്ടെന്നും മറ്റും പറഞ്ഞ് കോടതിയിൽ ഹാജരാകുന്നതിൽനിന്ന് വീണ്ടും ഇളവുതേടി. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞ് ഒഴിവായ ദിവസംതന്നെ ഭോപ്പാലിൽ ഒരു പൊതുചടങ്ങിൽ അവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വേളയിലാകട്ടെ, കാർക്കറെ മരിക്കാനിടയായത് തന്റെ ശാപംമൂലമാണെന്ന് പ്രഖ്യാപിക്കാനും അവർ മടിച്ചില്ല.

സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനക്കേസിലെ വിധി

മറ്റൊരു പ്രമാദമായ കേസ് 2007 ഫെബ്രുവരി 18ന് സംഝോത എക്‌സ്പ്രസ്സിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ടതായിരുന്നു. 10 ഇന്ത്യാക്കാരും 43 പാക്കിസ്ഥാൻകാരും ഇതിൽ കൊല്ലപ്പെട്ടു. ഇവിടെയും മറ്റ് മൂന്ന് ഹിന്ദുത്വ സംഘടനാപ്രവർത്തകരോടൊപ്പം അസീമാനന്ദ് തന്നെയായിരുന്നു മുഖ്യപ്രതി. എല്ലാവരെയും അറസ്റ്റ് ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാൽ വിട്ടയച്ചു. 2010ൽ അസീമാനന്ദ് മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽത്തന്നെ 2006നും 08നും ഇടയിൽ അവർ നടത്തിയ പല ‘ഭീകരാക്രമണങ്ങളെ’ക്കുറിച്ചും പറയുന്നുണ്ട്. (ദ ഹിന്ദു 22-03-2019)
ഭീകരപ്രവർത്തനം, അക്രമം, നിരപരാധികളെ കൊലചെയ്യൽ തുടങ്ങിയവയൊക്കെ ഒരു വിട്ടുവീഴ്ചയുമർഹിക്കാത്ത കുറ്റകൃത്യങ്ങളാണ്. പ്രതികളുടെ ചിന്താഗതികളോ സംഘടനാബന്ധങ്ങളോ ഒന്നും കർശന ശിക്ഷ നൽകുന്നതിൽ തടസ്സമായിക്കൂടാ എന്നാണ് നിയമം അനുശാസിക്കുന്നത്. ‘മതിയായ തെളിവ്’ ഉണ്ടായിട്ടും അസീമാനന്ദയെ വെറുതെവിട്ടു. ഭീകരപ്രവർത്തനത്തിന് മതമില്ലെന്നും ഒരു മതവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നില്ലെന്നും കോടതിക്ക് തെളിവുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളെന്നും ദുർബലമായ തെളിവുകളാണ് ഹാജരാക്കപ്പെട്ടതെന്നും പ്രതികളെ വെറുതെവിട്ട ജസ്റ്റിസ് ജഗദീപ് സിംഗ് തന്നെ പറയുകയുണ്ടായി. സിസി ടിവി ദൃശ്യങ്ങളോ റെയിൽവേ സ്റ്റേഷൻ ഡോർമിറ്ററി രേഖകളോ ഹാജരാക്കാനോ, തിരിച്ചറിയൽ പരേഡ് നടത്താൻപോലുമോ എൻഐഎ മെനക്കെടാതിരുന്നതിൽ അദ്ദേഹം വിധിന്യായത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചു. സാധാരണഗതിയിൽ ചെയ്യേണ്ട കാര്യങ്ങൾപോലും ചെയ്യാതിരുന്നത് കേസ് പൊളിക്കാൻ വേണ്ടിയായിരുന്നു. (ടൈംസ് ഓഫ് ഇന്ത്യ 01-04-2019) എൻഐഎ നടത്തിയ അന്വേഷണത്തിന്റെ തനിനിറം വ്യക്തമാക്കുന്നതായിരുന്നു ഈ വസ്തുതകളൊക്കെ. മെക്ക മസ്ജിദ് സ്‌ഫോടനക്കേസിലും സമാനമായ രീതിയിലാണ് എൻഐഎ കേസ് അട്ടിമറിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. (ദ വയർ 29-03-2019) എൻഐഎ മുൻ ഡയറക്ടർ ജനറൽ എൻ.ആർ. വാസൻ, മുൻ ജഡ്ജി രഞ്ജിത് റാന്ധവ തുടങ്ങിയവരും എൻഐഎയെ നിശിതമായി വിമർശിച്ചു.
നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം, നീതിപൂർവ്വകമായ വിചാരണ, ഗവണ്മെന്റ് ഇടപെടാതിരിക്കൽ തുടങ്ങിയവയൊക്കെ ഉറപ്പാക്കിയാലേ നീതിയും ന്യായവും നടപ്പിലാകൂ. അടുത്തിടെ ഗവണ്മെന്റ് 370-ാം വകുപ്പ് റദ്ദാക്കിയശേഷം, ജമ്മുകാശ്മീർ ഹൈക്കോടതി ഹേബിയസ് കോർപസ് ഹർജികൾ കൈകാര്യം ചെയ്തപ്പോഴും നിയമവാഴ്ച ഉറപ്പാക്കുന്നതിൽ ഉദാസീനതയുണ്ടായി എന്ന വിമർശനം മാധ്യമങ്ങളിൽ വന്നിരുന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകാൻ കോടതികളുടെ കൈയിലുള്ള ഒരായുധമാണ് ഹേബിയസ് കോർപസ്. എന്നാൽ, ഗവണ്മെന്റിനെയും രാഷ്ട്രീയക്കാരെയുംകാൾ മോശമായ നിലപാടാണ് പലപ്പോഴും കോടതികൾ സ്വീകരിക്കുന്നത്. (ഇന്ത്യൻ എക്‌സ്പ്രസ്സ് 21-09-2019).

പ്രകടമായ പക്ഷപാതിത്വം

മാദ്ധ്യമങ്ങളുടെ നെറ്റിചുളിപ്പിച്ച ചില സംഭവങ്ങൾ അടുത്തിടെ കോടതിയുമായി ബന്ധപ്പെട്ട് ഉണ്ടായി. മുൻ ധനകാര്യ മന്ത്രി ചിദംബരത്തിന് ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ ഗൗറിന്റെ നടപടി ഇതിൽപ്പെടും. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവനും ഇതേരീതിയിൽ മുൻകൂർ ജാമ്യം നിഷേധിക്കുകയുണ്ടായി. ‘നാഷണൽ ഹെറാൾഡ്’ കേസിൽ കോൺഗ്രസിന്റെ ഏറ്റവും ഉന്നതരായ നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനും അദ്ദേഹം അനുമതി നൽകി. റിട്ടയർമെന്റിന് തൊട്ടുമുമ്പേയാണ് അദ്ദേഹം ചിദംബരത്തിന്റെ കേസിൽ ഇങ്ങനെയൊരു നിലപാട് എടുത്തതെങ്കിൽ, റിട്ടയർ ചെയ്ത ഉടനെ, കള്ളപ്പണം തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ട്രിബ്യൂണലിന്റെ ചെയർമാനായി അദ്ദേഹം നിയമിതനായി. ചിദംബരം സുപ്രീംകോടതിയിൽ നൽകിയ അപ്പീലിന്റെ വാദം കേൾക്കുന്നതുവരെ കാത്തിരിക്കാതെയുള്ള സിബിഐയുടെ അറസ്റ്റ് അനാവശ്യമായ തിടുക്കത്തിലുള്ളതായിരുന്നു എന്ന പരാതിക്കിടയാക്കി. ഇത് പ്രതികാര രാഷ്ട്രീയമായാണ് മനസ്സിലാക്കപ്പെട്ടത്. (ഫ്രണ്ട് ലൈൻ 13-09-2019) സാമ്പത്തിക വിഷയത്തിലുള്ള ക്യാബിനറ്റ് തീരുമാനങ്ങളുടെ രഹസ്യരേഖകൾ കൈവശംവച്ചതിന് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനും അതിലെ ഉന്നതോദ്യോഗസ്ഥർക്കുമെതിരെ വിചാരണകോടതി പുറപ്പെടുവിച്ച വിധി പരിഗണിക്കാതിരുന്ന ജസ്റ്റിസ് ഗൗറിന്റെ നടപടി പക്ഷപാതിത്വത്തിന്റെ മറ്റൊരു പ്രകടമായ ഉദാഹരണമാണ്.
ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന എ.എ.ഖുറേഷിയെ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ്ജസ്റ്റിസായി നിയമിക്കുന്നതിനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ തള്ളിയ കേന്ദ്ര സർക്കാർ നടപടിയാണ് മറ്റൊന്ന്. സൊറാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രമുഖ മന്ത്രിയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിടാൻ 2010ൽ ഉത്തരവിട്ടു എന്നതായിരുന്നു അനിഷ്ടത്തിന് കാരണം. (ദ വയർ 21-06-2019) പകരം മറ്റൊരാളെ മദ്ധ്യപ്രദേശിൽ അഡീഷണൽ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഈ നടപടി ജുഡീഷ്യറിക്ക് മേലുള്ള എക്‌സിക്യുട്ടീവിന്റെ തീർത്തും അനാവശ്യമായ ഇടപെടലായി ഗുജറാത്ത് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ ചൂണ്ടിക്കാണിച്ചു. അതുപോലെതന്നെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന താഹിൽ രമണിയെ മേഘാലയ ചീഫ് ജസ്റ്റിസായി നിയമിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊളീജിയത്തിന് നൽകിയ അപേക്ഷ നിരസിച്ചതോടെ അവർ രാഷ്ട്രപതിക്ക് രാജി സമർപ്പിക്കുകയുണ്ടായി. റിട്ടയർ ചെയ്യാൻ കുറച്ചുനാൾ മാത്രമുള്ളപ്പോഴാണ് വളരെ ചെറിയ ഒരു ഹൈക്കോടതിയിലേയ്ക്ക് അവരെ മാറ്റുന്നത്. ഗുജറാത്തിലെ ബിൽക്കിസ് ബാനു കൂട്ടബലാൽസംഗക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ 2017 മെയിൽ ശരിവച്ചിരുന്നു താഹിൽ രമണി എന്നത് ഇവിടെ പ്രസ്താവ്യമാണ്. (ദ ടെലഗ്രാഫ് 07-09-2019, സ്‌ക്രോൾ.ഇൻ 28-09-2019).

പ്രസക്തമായ ചോദ്യം

ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിന്റെ ഉപജ്ഞാതാക്കൾ ജുഡീഷ്യറിയുടെ അധികാരങ്ങൾ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്. നിയമപരമായ ഏതൊരു തർക്കത്തിലും വിഷയത്തിലും ആരോപണത്തിലും നിയമപ്രകാരം വിധി പറയുക എന്നതാണത്. ആ വിധി നീതിപൂർവ്വകവും നിഷ്പക്ഷവും ആയിരിക്കണമെന്നുമാത്രമല്ല അത് അങ്ങനെയാണെന്ന് വ്യക്തവുമായിരിക്കണം. ‘എക്‌സിക്യൂട്ടീവ്’ അഥവാ ഭരണ നിർവ്വഹണസംവിധാനം എന്നറിയപ്പെടുന്ന ഗവണ്മെന്റിന്റെ അഥവാ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഭാഗത്തുനിന്ന് ഒരു അധികാര ദുർവിനിയോഗവും ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ജുഡീഷ്യറിക്കുണ്ട്. അത് യാതൊരു വിധത്തിലുള്ള പക്ഷപാതിത്വവും പുലർത്താൻ പാടില്ല. ഇങ്ങനെയാണ് ബൂർഷ്വാ ജനാധിപത്യം ‘അധികാരം വീതം വച്ചിട്ടുള്ളത്’. നിയമനിർമ്മാണ സഭയ്‌ക്കോ ഭരണനിർവ്വഹണ സംവിധാനത്തിനോ നീതിന്യായ സംവിധാനത്തിന്റെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും ഇടപെടാനാകില്ല. ഗവണ്മെന്റിന്റെയോ മറ്റേതെങ്കിലും ബാഹ്യ ഘടകത്തിന്റെയോ യാതൊരു ഇടപെടലും ഉണ്ടാകാതെ വേണം ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കാൻ. അതിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് അനിവാര്യമെന്ന് കണ്ടിട്ടാണ് അങ്ങനെ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നീതിക്കായി ജനങ്ങൾ സമീപിക്കുന്നത് കോടതികളെയാണ്. അതുകൊണ്ടുതന്നെ, ഏതൊരു ജഡ്ജിയും നീതിന്യായ സംവിധാനം ആകെയും യാതൊരുവിധ സമ്മർദ്ദങ്ങൾക്കും വിധേയമാകരുത്. പരാതിയുമായി എത്തുന്നവരും ജനങ്ങളും പരാതികൾ ന്യായയുക്തമായും നിയമപ്രകാരവും പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നത് അപ്പോൾ മാത്രമാണ്. എന്നാൽ ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന തത്വങ്ങൾ ഭീഷണി നേരിടുന്നു എന്നല്ലേ ഇവിടെ ചർച്ചചെയ്ത മാദ്ധ്യമ റിപ്പോർട്ടുകളും അഭിപ്രായ പ്രകടനങ്ങളും കാണിക്കുന്നത്. ജനാധിപത്യ മനോഭാവമുള്ളവരും നേരായി ചിന്തിക്കുന്നവരുമായ ഏവരും ഈ വിഷയം ഗൗരവപൂർവ്വം പരിശോധിക്കേണ്ടതുണ്ട്.

Share this post

scroll to top