ഡിസംബർ 16 ‘നിർഭയ ദിനം’ ആചരിച്ചു

Spread our news by sharing in social media

തൃപ്പൂണിത്തുറയിൽ ജാഗ്രതാ സദസ്സ്

ദിനംപ്രതി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും ക്രൂരതകളെയും ചെറുക്കുവാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുവാനായി സ്ത്രീ സുരക്ഷാ സമിതിയും അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനയും സംയുക്തമായി തൃപ്പൂണിത്തുറ കിഴക്കേകോട്ടയിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഡിസംബർ 16 നിർഭയ ദിനത്തിന്റെ ഏഴാം വാർഷികത്തിൽ സംഘടിപ്പിച്ച സദസ്സ് സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ.വിൻസെന്റ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷാസമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മഹിളാ സാംസ്‌കാരിക സംഘടന(എഐഎംഎസ്എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ശോഭ, അഡ്വ.ഇ. എൻ. ശാന്തി രാജ്(ഡമോക്രാറ്റിക് ലോയേഴ്‌സ് ഫോറം), എം.പി. സുധ, കെ.എൻ.രാജി, കെ.ഒ.സുധീർ എന്നിവർ പ്രസംഗിച്ചു. കെ.എസ്. ഹരികുമാർ, എ.ജി.ലസിത, പി.പി.ഓമന, വി.എസ്.ലബിഷ, നിള മോഹൻകുമാർ, സി.ബി.അശോകൻ, കെ.എ.സതീശൻ തുടങ്ങിയവർ ജാഗ്രതാ സദസ്സിന് നേതൃത്വം നൽകി.

ആലപ്പുഴയിൽ കളക്ട്രേറ്റ് മാർച്ച്

സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ തടയുവാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുക, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അശ്ലീലതയുടെയും വ്യാപനം തടയുക, ജസ്റ്റിസ് ജെ.എസ.്‌വർമ്മ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിർഭയ ദുരന്തത്തിന്റെ ഏഴാം വാർഷികത്തിൽ എഐഡിഎസ്ഒ, എഐഡിവൈഒ, എഐഎംഎസ്എസ് സംഘടനകളുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ കളക്ട്രേറ്റ് മാർച്ച് നടത്തി. എഐഎംഎസ്എസ് ജില്ലാ പ്രസിഡന്റ് അഡ്വ.എം.എ.ബിന്ദു മാർച്ച് ഉദ്ഘാടനം ചെയ്തു. എഐഡിവൈഒ ജില്ലാ പ്രസിഡന്റ് കെ.ബിമൽജി അധ്യക്ഷത വഹിച്ചു. എഐഡിഎസ്ഒ ജില്ലാ പ്രസിഡന്റ് എസ്.ശില്പ പ്രസംഗിച്ചു. ജനറൽ ആശുപത്രിയ്ക്ക് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനത്തിന് വി.പി.വിദ്യ, ടി.ഷിജിൻ, ടി.ആർ.രാജിമോൾ, ടെസ്സി ബേബി, തത്ത ഗോപിനാഥ്, ബിജു സേവ്യർ എന്നിവർ നേതൃത്വം നൽകി.

കോട്ടയത്ത് പ്രതിഷേധ സംഗമം

നിർഭയ ദിനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ എഐഡിഎസ്ഒ, എഐഎംഎസ്എസ്, എഐഡിവൈഒ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടന്നു.
സ്ത്രീസുരക്ഷാ സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ.സി.മാമ്മച്ചൻ ഉദ്ഘാടനം ചെയ്തു. എഐഎംഎസ്എസ് ജില്ലാ സെക്രട്ടറി സഖാവ് യു.ജെ.ആശാരാജ്, എം.കെ.ഷെഹസാദ്, ഇ.വി.പ്രകാശ്, രജിത ജയറാം, ജി.എസ്.ശാലിനി, മിനി കെ.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.