എൻആർസി-സിഎഎ വിരുദ്ധ സമരങ്ങൾ അടിച്ചമർത്തലിനെ അതിജീവിച്ച് മുന്നേറുന്നു

CAA-ad-copy.jpg
Share

അധികാരം കൈയാളുന്നവർ നടത്തുന്ന സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക ആക്രമണങ്ങളിൽ സാധാരണക്കാർക്ക് അസംതൃപ്തിയും രോഷവുമുണ്ടായിരുന്നു. എങ്കിലും അസാധാരണമായ ഒരു ശാന്തത നിലനിന്നിരുന്നു. അജ്ഞതയിലും നിഷ്‌ക്രിയത്വത്തിലും ജനങ്ങളെ തളച്ചിട്ടുകൊണ്ടും മതാന്ധതയും കെട്ടുകഥകളുംകൊണ്ട് അവരെ ഉന്മത്തരാക്കിയും പ്രക്ഷോഭണങ്ങളിൽനിന്ന് അവരെ അകറ്റിനിർത്താനുള്ള കുടില തന്ത്രങ്ങളാണ് മുതലാളിവർഗ്ഗം പയറ്റിക്കൊണ്ടിരുന്നത്.

സഹനത്തിന്റെയും കീഴടങ്ങലിന്റെയും അവസ്ഥയിൽ ജനങ്ങൾ ചിരകാലം കഴിയുമെന്നവർ കരുതി. പക്ഷെ, അത് വാസ്തവമായിരുന്നെങ്കിൽ ചരിത്രം മാറ്റിയെഴുതേണ്ടിവന്നേനെ എന്നവരറിയുന്നില്ല. ഭരണവർഗ്ഗവും അവരുടെ സേവകരും ഇപ്പോഴും കരുതുന്നത്, തങ്ങളുടെ കൗശലവും വഞ്ചനയും ക്രൂരതയും ആയുധബലവുംകൊണ്ട് ജനേച്ഛയെയും ജനമുന്നേറ്റത്തെയും അടിച്ചമർത്താമെന്നുതന്നെയാണ്. ചരിത്രത്തിന്റെ കർക്കശമായ നിയമങ്ങളെ വഴിതിരിച്ചുവിട്ട് തങ്ങളുടെ ആധിപത്യം തുടർന്നുകൊണ്ടുപോകാമെന്ന മൂഢവിശ്വാസത്തിലാണവർ. ഒരു അഗ്നിപർവ്വതത്തിന്റെ കവാടം മൂടി കൊണ്ടടയ്ക്കാൻ ശ്രമിക്കുന്നതുപോലെയാണ് തങ്ങളുടെ പ്രവൃത്തിയെന്നവർ മനസ്സിലാക്കുന്നില്ല. അമർത്തിവയ്ക്കപ്പെട്ട ജനരോഷത്തിന്റെ വിസ്‌ഫോടനത്തിൽ ഈ മൂടികളൊക്കെ ചിതറിത്തെറിക്കുമെന്നും അതിന്റെ പ്രവാഹത്താൽ ഈ ചൂഷകവാഴ്ചയുടെ ചങ്ങലക്കെട്ടുകൾ തകർത്തെറിയപ്പെടുമെന്നും അവർ അറിയുന്നില്ല.

ഭരണകൂടാധികാരത്തിനുമേൽ ചേക്കേറിയിരുന്ന ആർഎസ്എസ്-ബിജെപി പ്രഭൃതികളും അവരുടെ യജമാനന്മാരായ മുതലാളി വർഗ്ഗവും, ഇത്രകാലം നിദ്രാവസ്ഥയിലായിരുന്ന ആ അഗ്നിപർവ്വതത്തിന്റെ വിസ്‌ഫോടനത്തിന്റെ ചൂടറിയുകയാണ്. വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന സാമ്പത്തിക ആക്രമണങ്ങൾ, നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും വിനാശ ഫലങ്ങൾ, രൂക്ഷമായ വിലക്കയറ്റം, ഇന്ധന വിലവർദ്ധനവ്, ബാങ്ക്-ചെറുകിട നിക്ഷേപങ്ങളുടെ പലിശയിലെ വെട്ടിക്കുറവ്, കോർപ്പറേറ്റ് കുടുംബങ്ങൾക്കായുള്ള എണ്ണമറ്റ നികുതിയിളവുകളും സഹായ പദ്ധതികളും, വ്യവസായ ഭീമന്മാരുടെയും തട്ടിപ്പുകാരുടെയും വൻബാങ്ക് വായ്പകളുടെ എഴുതിത്തള്ളൽ, കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായമായ താങ്ങുവിലപോലും ഉറപ്പാക്കാത്തത്, വർദ്ധിച്ചുവരുന്ന കർഷക ആത്മഹത്യകൾ, പെരുകി വരുന്ന തൊഴിലില്ലായ്മയും ജോലിനഷ്ടങ്ങളും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക കുറ്റകൃത്യങ്ങളിലെ പെരുപ്പം, പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ, വ്യാപകമാകുന്ന അഴിമതി എന്നുവേണ്ട ഇത്തരം നൂറുകൂട്ടം വിഷയങ്ങളുടെമേൽ ജനങ്ങളുടെ മനസ്സിൽ അസംതൃപ്തി പടർന്നുകൊണ്ടിരിക്കുകയായിരുന്നു. ഉരുണ്ടുകൂടിവരുന്ന ഈ അസംതൃപ്തിയെക്കുറിച്ച് ഭരണാധികാരികൾ ബോധവാന്മാരായിരുന്നു. നീറുന്ന ഈ ജീവിത പ്രശ്‌നങ്ങളിൽനിന്നും സാമ്പത്തിക രംഗത്തിന്റെ തകർച്ചയിൽനിന്നും ജനശ്രദ്ധതിരിച്ചുവിടാനും മുതലാളിമാർക്കുവേണ്ടി മാത്രമുള്ള അത്യന്തം ജനവിരുദ്ധമായ ബിജെപി-ആർഎസ്എസ് സംഘത്തിന്റെ ഭരണനയങ്ങൾക്കെതിരെയുള്ള യോജിച്ച ജനകീയ സമരങ്ങളെ തകർക്കാനും സംഘപരിവാർ നിരവധി കുത്സിത പ്രവൃത്തികൾ ആസൂത്രണം ചെയ്തുവരികയാണ്. പൊരുതുന്ന ജനങ്ങളുടെ ഐക്യത്തെ നെടുകെ പിളർത്താനായി സങ്കുചിത ജാതി-മത വൈരം വളർത്തിയെടുക്കാനും നല്ല നാളെയെക്കുറിച്ചുള്ള പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ദേശീയഭ്രാന്ത് സൃഷ്ടിച്ചെടുക്കാനും ഭ്രാന്തവും വിജ്ഞാന വിരുദ്ധവുമായ ആശയങ്ങളുടെ വ്യാപനംവഴി ജനങ്ങളുടെ ചിന്തയുടെ മുനയൊടിക്കാനും ശാസ്ത്രീയ ചിന്താഗതിയെയും യുക്തിപരമായ വിശകലന രീതിയെയും തകർക്കാനും ആഭാസകരമായ വ്യക്തിവാദം വളർത്തിയെടുത്ത് സാമൂഹിക പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽനിന്ന് ജനങ്ങളെ അകറ്റാനുമൊക്കെ ലക്ഷ്യമിട്ടായിരുന്നു ഈ ഹീനപദ്ധതികൾ. ഈ കുടില നീക്കങ്ങൾ ഫലം കാണുന്നുണ്ടെന്നും അയൽരാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച് നടത്തിയ ‘സർജിക്കൽ സ്‌ട്രൈക്ക്’ വഴി അഭിമാന വിജൃംഭിതരായ ജനങ്ങൾ, തങ്ങളുടെ പ്രാഥമികാവശ്യങ്ങൾ പോലും നിറവേറുന്നില്ലെന്നും സമ്പത്തുമുഴുവൻ ചെറിയൊരു ന്യൂനപക്ഷം അതിസമ്പന്നരിലേക്ക് മാത്രം പോകുകയാണെന്നുമുള്ള വസ്തുത വിസ്മരിക്കുന്നുവെന്നുമാണവർ കരുതുന്നത്. സഭയിലെ മൃഗീയ ഭൂരിപക്ഷം തങ്ങൾക്കിഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സമ്മതമാണെന്ന് കരുതിയ അവരുടെ അധികാര ഗർവ്വിന്റെയും മിഥ്യാസങ്കല്പങ്ങളുടെയും കുമിളകൾ പൊട്ടാൻ തുടങ്ങുകയാണ്. എൻആർസി പ്രക്രിയയുടെ ബീഭത്സവശം വെളിവാകുകയും സ്വന്തം രാഷ്ട്രത്തിൽ പൗരത്വം നഷ്ടപ്പെടുമോയെന്ന ആധി മുറുകുകയും ചെയ്തതോടെ ജനങ്ങളിൽ പ്രതിഷേധത്തിന്റെ തിരികൊളുത്തപ്പെടുകയും പെട്ടെന്നുതന്നെ അത് തീ പോലെ പടരുകയും ചെയ്തു. ഈ പ്രക്ഷോഭണങ്ങളെ ഒതുക്കുന്നതിനായി, തീർത്തും അനാവശ്യമായ സിഎഎ തിടുക്കത്തിൽ പാസ്സാക്കിയെടുക്കാനാണ് ബിജെപി സർക്കാർ ശ്രമിച്ചത്. അതാകട്ടെ, വർദ്ധിച്ച അളവിൽ പ്രക്ഷോഭണത്തിൽ പങ്കെടുത്തുകൊണ്ടിരുന്നവരുടെ ഇടയിൽ ഹിന്ദു-മുസ്ലീം എന്ന ഒരു വിള്ളൽ സൃഷ്ടിക്കാനും മുസ്ലീം ഇതരർക്ക് പൗരത്വം നൽകുന്നു എന്ന് ഭാവിച്ചുകൊണ്ട് ഹിന്ദുവികാരത്തെ സ്വാധീനിക്കാനുമായിരുന്നു.
പക്ഷെ, അവരുടെ ഈ കളി നടന്നില്ലെന്ന് മാത്രമല്ല എൻആർസിക്കെതിരായ പ്രക്ഷോഭം കൂടുതൽ കരുത്താർജ്ജിച്ചുകൊണ്ട് രാജ്യമാസകലം വ്യാപിക്കുകയും സിഎഎ പിൻവലിക്കുക എന്ന മുദ്രാവാക്യം അതിലുൾപ്പെടുത്തപ്പെടുകയും ചെയ്തു. ഒരു രാഷ്ട്രീയ കക്ഷിയുടെയും ആഹ്വാനമില്ലാതെതന്നെ സ്വയമേവ പൊട്ടിപ്പുറപ്പെട്ട ഈ പ്രക്ഷോഭണങ്ങൾ പുതിയ ചരിത്രമെഴുതുകയാണ്. വിദ്യാർത്ഥികൾ ചോരചൊരിയുന്നു. കൊടുംതണുപ്പിനെപ്പോലും വകവയ്ക്കാതെ സ്ത്രീകൾ സമരരംഗത്തേക്കിരച്ചുവരുന്നു. 23 ദിവസം പ്രായമായ കൈക്കുഞ്ഞിനെയുമേന്തി ഡൽഹി ഷഹീൻബാഗ് സമരവേദിയിൽ അണിചേർന്ന ഇടത്തരം വീട്ടിൽനിന്നുള്ള ഒരു യുവതിയുടെ ചിത്രം എല്ലാവരുടെയും മനസ്സിൽ തറയ്ക്കുന്നതായിരുന്നു. എൺപത് കഴിഞ്ഞ ഒരു സ്ത്രീ സമരത്തിൽ പങ്കെടുത്തുകൊണ്ട്, സ്വന്തം പൗരത്വം തന്നിൽനിന്ന് എടുത്തുകളഞ്ഞാലും തന്റെ രക്തസാക്ഷിത്വം തന്നിൽനിന്ന് എടുത്തുകളയാനാവില്ല എന്ന് പറഞ്ഞു. പോണ്ടിച്ചേരി സർവ്വകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ സ്വർണ്ണമെഡൽ നേടിയ വിദ്യാർത്ഥിനി എൻആർസി-സിഎഎ വിരുദ്ധ സമരത്തിന്റെ ഭാഗമായി അത് തിരസ്‌കരിച്ചുകൊണ്ട് വലിയ ചലനം സൃഷ്ടിച്ചു. ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിനിടെ ജാദവ്പൂർ സർവ്വകലാശാലയിലെ ഒരു വിദ്യാർത്ഥിനി സിഎഎയുടെ പകർപ്പിൽ നിന്നൊരു താൾ കീറിയെറിഞ്ഞുകൊണ്ട് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. ഡൽഹി ഐഐടിയിൽനിന്നും റിട്ടയർ ചെയ്ത ഒരു പ്രൊഫസറും മകളും ചേർന്ന് എൻആർസിയെയും-സിഎഎയെയും വിശദീകരിക്കുന്ന ലഘുലേഖകൾ തെരുവിൽ വിതരണം ചെയ്യുന്നതും നാം കണ്ടു. അധികാരത്തിലുള്ളവരുടെ ഒത്താശയിൽ ഭുവനേശ്വറിൽ പുതുവത്സരാഘോഷം നടക്കുന്നതിനിടെ, നൂറുകണക്കിന് വിദ്യാർത്ഥികൾ സമരവേദിയിലണിനിരക്കുകയായിരുന്നു. 1970 കളിലെ ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭണത്തിന് ശേഷം ഇത്രവ്യാപകമായ ജനകീയ ഉയിർത്തെഴുന്നേൽപ്പ് രാജ്യത്ത് ദൃശ്യമായിട്ടില്ല.

സമരത്തെ മുന്നോട്ട് നയിച്ചത് യുവചേതന

ഈ സമരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത, യുവജന സമൂഹത്തിന്റെ വമ്പിച്ച പങ്കാളിത്തമാണ്. ഊർജ്ജസ്വലരായ യുവാക്കളും യുവതികളും സമരത്തിന്റെ മുൻനിരയിലേക്കുവന്നു. വിദ്യാർത്ഥിനികൾ പ്രദർശിപ്പിച്ച ധൈര്യം സ്തുത്യർഹമായിരുന്നു. കൊടിയ മർദ്ദനം ഏൽക്കേണ്ടിവന്നിട്ടുപോലും സമരത്തെ മുന്നോട്ടു നയിക്കുന്നതിൽ അവർ അങ്ങേയറ്റത്തെ നിശ്ചയദാർഢ്യം പ്രകടിപ്പിച്ചു. ചോരയൊലിക്കുന്ന ശിരസ്സോടെയുള്ള അവരുടെ ചിത്രം നാടിന്റെ ജനാധിപത്യ മനസ്സിനെ പിടിച്ചുലച്ചു. പ്രക്ഷോഭ പാതയിലെ മഞ്ഞുരുക്കുന്നതിനായുള്ള ഇവരുടെ അന്യാദൃശ്യമായ മുൻകൈയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. അദ്ധ്യാപകരും ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഡോക്ടർമാരും നിയമജ്ഞരും എഴുത്തുകാരും പത്രപ്രവർത്തകരും സാമൂഹിക-പൗരാവകാശ പ്രവർത്തകരും സിനിമാ പ്രവർത്തകരും നോബൽ സമ്മാനം വരെയുള്ള അന്താരാഷ്ട്ര പുരസ്‌കാരം നേടിയവരുമൊക്കെയടങ്ങുന്ന ബുദ്ധിജീവി സമൂഹം സാധാരണക്കാരോടും കർഷകരോടും തൊഴിലാളികളോടും ചേർന്നുനിന്നുകൊണ്ട് സർക്കാരിന്റെ കണ്ണുരുട്ടലുകളെ തെല്ലും വകവയ്ക്കാതെ പ്രക്ഷോഭണത്തെ മുന്നോട്ട് കൊണ്ടുപോയി.
വഞ്ചനയുടെയും തെറ്റിദ്ധരിപ്പിക്കലിന്റെയും നയങ്ങൾകൊണ്ട് ഭാരത യുവത്വത്തെ ഇനി വഴിതെറ്റിക്കാനാവില്ലെന്നും അശാസ്ത്രീയവും യുക്തിഹീനവുമായ ചിന്താഗതികൾ പ്രചരിപ്പിച്ച് അവരെ സാമൂഹികോത്തരവാദിത്വത്തിൽ നിന്നകറ്റി നിർത്താനും കഴിയില്ലെന്ന വസ്തുത അങ്ങനെ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ബിജെപി-ആർഎസ്എസ് സംഘത്തിന്റെ പദ്ധതികളെ ചെറുപ്പക്കാരുടെ ഈ മുന്നേറ്റം തകിടംമറിച്ചിരിക്കുന്നു. ബിജെപി സർക്കാരും കാവിപ്പടയും തങ്ങളുടെ ഫാസിസ്റ്റ് സത്വത്തിന്റെ പല്ലും നഖങ്ങളും വെളിവാക്കിക്കൊണ്ട് ഈ പ്രക്ഷോഭണങ്ങളുടെമേൽ വന്യമായ ക്രൗര്യത്തോടെ ചാടിവീഴാൻ തെല്ലും അമാന്തിക്കുന്നില്ല.

സർവ്വകലാശാല വിദ്യാർത്ഥികൾക്കുമേലുള്ള കടന്നാക്രമണം

പ്രക്ഷോഭരംഗത്തുള്ള വിദ്യാർത്ഥികളെ ആക്രമിക്കുന്നതിന്റെ ആദ്യ പടിയായി അവർ ഡൽഹിയിലെ ജാമിയ മിലിയ സർവ്വകലാശാല തെരഞ്ഞെടുത്തു. ഭയാനകമായിരുന്നു അതിന്റെ പരിണതി. അവിടുത്തെ വിദ്യാർത്ഥികൾ എൻആർസിക്കും സിഎഎയ്ക്കുമെതിരെ സമാധാനപരമായ നിരവധി പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തിയിരുന്നു. അവരോട് കണക്കുതീർക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ്, ഡിസംബർ 15ന്റെ രാത്രിയിൽ ജാമിയ മിലിയ സർവ്വകലാശാലയിൽ കടന്നുകയറുകയും ലൈബ്രറിക്കകത്ത് പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെയടക്കം മൃഗീയമായി ആക്രമിക്കുകയും ചെയ്തു. ഹോസ്റ്റൽ അന്തേവാസികളെ മുറിക്ക് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ഗുരുതരമായ പരിക്കുണ്ടാകുന്ന വിധത്തിൽ മർദ്ദിക്കുകയും ചെയ്തു. വിദ്യാർത്ഥികളോട് പുറത്തിറങ്ങാൻ അലറിവിളിച്ച പോലീസ് വിദ്യാർത്ഥിനികളെയും വെറുതെ വിട്ടില്ല. സർവ്വകലാശാല വൈസ് ചാൻസലർ പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞത് അനുമതിയില്ലാതെയാണ് പോലീസ് ക്യാമ്പസിൽ കയറിയതെന്നും വിദ്യാർത്ഥികളെ അങ്ങേയറ്റം ഭീകരമായാണ് അവർ മർദ്ദിച്ചതെന്നുമാണ്. വിദ്യാർത്ഥി പ്രക്ഷോഭം സമാധാനപരമായിരുന്നു എന്നും ഉന്നതതല അന്വേഷണം ഇതിലാവശ്യമാണെന്നും അവർ വിദ്യാർത്ഥികളോടൊപ്പം നിന്നുകൊണ്ട് പ്രസ്താവിച്ചു.
മാദ്ധ്യമങ്ങളും പോലീസ് അതിക്രമത്തിന്റെ വ്യാപ്തിയെന്തെന്ന് കാണിച്ചു. ഒടിവുകളും പൊളിഞ്ഞ ശിരസ്സുകളുമായി നൂറുകണക്കിന് വിദ്യാർത്ഥികളെ സമീപ പ്രദേശത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആഴത്തിൽ മുറിവേൽക്കുകയും തല പിളരുകയും ചെയ്ത വിദ്യാർത്ഥികളുൾപ്പെടെ നൂറ്റമ്പതോളം പേരെ കള്ളക്കേസ് ചുമത്തി പോലീസ് കസ്റ്റഡിയിൽ വച്ചു. മണിക്കൂറുകൾക്ക് ശേഷവും അവരെ മെഡിക്കോ-ലീഗൽ കേസ് പരിശോധനയ്ക്കായി കൊണ്ടുപോയില്ല.

ആശുപത്രിയിലാക്കിയവരെ ചികിത്സ കഴിയുന്നതിന് മുമ്പുതന്നെ കസ്റ്റഡിയിലെടുത്തു. ലൈബ്രറിയിൽവച്ച് ലാത്തിയടിയേറ്റ ഒരു വിദ്യാർത്ഥിയുടെ തല പിളർന്നിട്ടും ആശുപത്രിയിലാക്കാതെ കസ്റ്റഡിയിൽ വക്കുകയും ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്കുശേഷവും രക്തമൊഴുകുന്ന തലയോടെതന്നെ സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു. ബോധരഹിതനാകുമെന്ന ഘട്ടത്തിൽ മാത്രമാണ് പോലീസ് ആ വിദ്യാർത്ഥിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വിദ്യാർത്ഥികൾക്കുനേരെയുള്ള നിയന്ത്രണാതീതമായ ഈ അതിക്രമവും ചികിത്സപോലും നിഷേധിച്ചുകൊണ്ടുള്ള കസ്റ്റഡിയും നിരവധി നൈതിക-നിയമ പ്രശ്‌നങ്ങളുയർത്തി. ജീവനുമേലുള്ള അവകാശം പരമവും നിരുപാധികവുമാണെന്ന് ഏവർക്കുമറിയാം . വൈദ്യശുശ്രൂഷാരംഗത്തുള്ളവരുടെയും പോലീസിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ജീവരക്ഷ ഉറപ്പാക്കുക എന്നത്. കസ്റ്റഡിയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പോലീസിന്റെ ചുമതലയാണ്. സുപ്രീം കോടതിതന്നെ അർത്ഥ ശങ്കക്കിടയില്ലാത്തവിധം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളും പോലീസിന്റെ ഈ ധാർമ്മിക-നിയമ ബാധ്യതകളെ അടിവരയിട്ട് സൂചിപ്പിക്കുന്നുണ്ട്. പക്ഷെ, ബിജെപി ഭരണത്തിൻ കീഴിലുള്ള പോലീസിന് നാട്ടിലെ നിയമങ്ങൾക്കും അന്തർദ്ദേശീയ നിയമങ്ങൾക്കും പുല്ലുവിലയാണുള്ളത്.
അതേ രാത്രിതന്നെ യുപി പോലീസ് അലീഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി റെയ്ഡ് ചെയ്യുകയും അതേ കാടത്തം ആവർത്തിക്കുകയും ചെയ്തു. മാദ്ധ്യമങ്ങൾ പറയുന്നതനുസരിച്ച് ഡിസംബർ 15ന് രാത്രി 7.30 ഓടുകൂടി വിദ്യാർത്ഥികൾ എൻആർസിക്കും സിഎഎയ്ക്കും എതിരായ ഒരുസമാധാനപരമായ പ്രതിഷേധ സമരത്തിനായി യൂണിവേഴ്‌സിറ്റി ക്യാന്റീനിന്റെ പരിസരത്ത് അണിചേർന്നിരുന്നു. പ്രകടനം പ്രധാന കവാടത്തിലേക്കെത്തുന്ന ഘട്ടത്തിൽ ഗേറ്റിന് പുറത്ത് നിലയുറപ്പിച്ചിരുന്ന പോലീസും ആർഎഎഫ് ട്രൂപ്പുകളും ഇരുമ്പ് ഗേറ്റിനടുത്തേയ്ക്ക് ഇരച്ചെത്തി. വിദ്യാർത്ഥികളെ പ്രകോപിപ്പിക്കും വിധം സെക്യൂരിറ്റി സ്റ്റാഫ് അവരെ ഉപദ്രവിക്കാനും തുടങ്ങി. നൊടിയിടയ്ക്കുള്ളിൽ പോലീസ് വിദ്യാർത്ഥികൾക്കുനേരെ ഗ്യാസ് ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും മറ്റ് സ്‌ഫോടക വസ്തുക്കളും പ്രയോഗിക്കാൻ തുടങ്ങി. ഹോസ്റ്റലിനുള്ളിൽക്കടന്ന് ആൺ-പെൺ ഭേദമെന്യേ വിദ്യാർത്ഥികളെ മർദ്ദിക്കാനും തുടങ്ങി. പ്രമുഖ സാമൂഹിക പ്രവർത്തകനായ ഹർഷ് മന്ദറിന്റെ നേതൃത്വത്തിൽ നിയമജ്ഞരും മനുഷ്യാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും വിദ്യാഭ്യാസ പണ്ഡിതരുമൊക്കെയടങ്ങുന്ന ഒരു വസ്തുതാന്വേഷണ സംഘം ഡിസംബർ 17ന് എഎംയു ക്യാമ്പസിലെത്തി. യൂണിഫോമില്ലാത്തവരും വിദ്യാർത്ഥികളല്ലാത്തവരുമായ ഒരു വിഭാഗമാൾക്കാർ മുഖംമൂടികളുമായി ക്യാമ്പസിൽ കടന്ന് ഇരു ഭാഗത്തുനിന്നും കല്ലേറ് നത്തുന്നതായി തെളിഞ്ഞു എന്നാണ് അവരുടെ റിപ്പോർട്ട് പറയുന്നത്. പോലീസ് അതിക്രമത്തിന് ന്യായീകരണം കണ്ടെത്താനായിരുന്നു ഇത്. പോലീസ് വിദ്യാർത്ഥികളെ ലാത്തീച്ചാർജ്ജ് ചെയ്ത് തുരത്തിയോടിക്കുകയും അവർക്കുനേരെ ടിയർഗ്യാസ് ഷെല്ലുകളും ഗ്രനേഡുകളും റബർ ബുള്ളറ്റുകളും വർഷിക്കുകയും ചെയ്തിരുന്നു. പോലീസ് വിദ്യാർത്ഥികൾക്ക് വൈദ്യസഹായം നിഷേധിക്കുകയും ആംബുലൻസ് ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു. 60 വിദ്യാർത്ഥികൾക്ക് വിവിധ തരത്തിലുള്ള പരിക്കുകളേൽക്കുകയും അവരെ ക്യാമ്പസ് മെഡിക്കൽ കോളേജിലെ അത്യഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്തു. മൂന്ന് പേരെ ഐസിയുവിലും പ്രവേശിപ്പിക്കേണ്ടിവന്നു. ആശുപത്രി അധികൃതരാകട്ടെ അന്വേഷണ സംഘത്തിനോട് വിവരങ്ങളൊന്നും പങ്കുവയ്ക്കുവാൻ തയ്യാറായതുമില്ല. ചല ഡോക്ടർമാർ സൂചിപ്പിച്ചത് തലച്ചോറിനേറ്റ ക്ഷതം റബ്ബർ ബുള്ളറ്റുകൊണ്ടുള്ളതാകാമെന്നാണ്. ഗ്രനേഡ് പതിച്ചതുമൂലമുണ്ടായ പരിക്കുകാരണം ഒരു ഗവേഷക വിദ്യാർത്ഥിയുടെ കൈക്കുഴയ്ക്കുതാഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നു. യുപി പോലീസിലെ നിലവിലുള്ള ഒരു ഉദ്യോഗസ്ഥനാണ് സർവ്വകലാശാല രജിസ്ട്രാറായിരിക്കുന്നതെന്ന വസ്തുത ഞെട്ടലുളവാക്കിയെന്നും അന്വേഷണസംഘം പറഞ്ഞു. വിദ്യാർത്ഥികളുടെ രക്ഷാധികാരിയുടേതല്ല മറിച്ച് കാഞ്ചിവലിക്കുന്നതിൽ ആനന്ദംകൊള്ളുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മാനസിക നിലയാണയാളിൽ ദൃശ്യമായതെന്നും ഒരു മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ അന്വേഷണ സംഘം തലവൻ ഹർഷ് മന്ദർ പറഞ്ഞു.

അവസാനം, ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ ജനുവരി അഞ്ചിന് ബിജെപി നേതൃത്വം അയച്ച മുഖംമൂടിയണിഞ്ഞ ഗുണ്ടാസംഘം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേർക്ക് കിരാതമായ ആക്രമണമഴിച്ചുവിട്ടപ്പോൾ ഒന്നും ചെയ്യാതെ നോക്കിനിന്ന ഡൽഹി പോലീസ് തങ്ങൾക്ക് എത്രത്തോളം അധഃപതിക്കാമെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. അന്ന് വൈകിട്ട് 5 മണിയോടെ, ജെഎൻയു ടീച്ചേഴ്‌സ് അസോസിയേഷന്റെ സമാധാന മാർച്ച് അവസാനിക്കാറായ ഘട്ടത്തിലാണ് മുഖംമൂടിയണിഞ്ഞ ഒരു സംഘം ക്രിമിനലുകൾ ഹോസ്റ്റലുകൾ കയറിയിറങ്ങി വിദ്യാർത്ഥികളെ മർദ്ദിച്ചുകൊണ്ടിരിക്കുന്നു എന്ന വിവരം അവർക്കുകിട്ടിയത്. ആ സംഘം താമസിയാതെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ചുകൊണ്ട് ഹോസ്റ്റലുകളിൽ താണ്ഡവമാടുന്നത് എല്ലാവരും കണ്ടു. കുറഞ്ഞത് 22 പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റു എന്നാണറിഞ്ഞത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെയും സംഘം വെറുതെ വിട്ടില്ല. അവരുടെ ക്യാമറകളും മറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. ഒരു വനിതാ പ്രൊഫസർക്ക് തലക്കടിയേറ്റു, മറ്റൊരാൾക്ക് കല്ലേറും കിട്ടി. ഒരോ ഹോസ്റ്റലിലേയ്ക്കും ഈ സംഘം കടന്നുചെന്നു. ”ഭാരത് മാതാ കീ ജയ്”, ”ജയ് ശ്രീറാം”,”ദേശദ്രോഹികളെ വെടിവെച്ചിടൂ” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണീ തേർവാഴ്ച്ച അവർ നടത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. സ്ഥലത്തുണ്ടായിരുന്നിട്ടും വൈസ് ചാൻസലർ അക്രമത്തെ തടയാൻ സെക്യൂരിറ്റി സ്റ്റാഫിന് നിർദ്ദേശം നൽകിയില്ല. അക്രമികളുടെ ഹിതാനുവർത്തിയായ കാഴ്ച്ചക്കാരെപ്പോലെയാണ് ക്യാമ്പസിൽ നിലയുറപ്പിച്ചിരുന്ന പോലീസ് പെരുമാറിയത്. കാവിപ്പടയുടെ അക്രമിസംഘമെന്ന് വ്യക്തമാക്കപ്പെട്ട മുഖംമൂടിയണിഞ്ഞ ഈ ഗുണ്ടാസംഘം ഡൽഹി പോലീസിന്റെ ഒത്താശയോടെയാണ് ക്യാമ്പസിനുള്ളിൽ കടന്നതും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും തല്ലിച്ചതച്ചതും. അക്രമിസംഘത്തെ തടസ്സമേതുമില്ലാതെ പുറത്തെത്തിച്ച് രക്ഷപ്പെടുത്തിയതും പോലീസ് സഹായത്തോടെതന്നെ. ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് ജെഎൻയുവിന്റെ മൂക്കിന് താഴെയായിട്ടും അക്രമികളിൽ ഒരാളെപ്പോലും പിടിച്ചില്ല. അധികാരത്തിലുള്ള പാർട്ടിയുടെ രാഷ്ട്രീയമെന്തെന്ന് ഇത് വെളിവാക്കിത്തന്നു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മനുഷ്യവിഭവ വികസനമന്ത്രിയുടെയുമൊക്കെ ഭീതിദമായ മൗനം ഹിന്ദുത്വക്യാമ്പിന്റെ കാലാൾപ്പടയുടെ പങ്കാണ് വ്യക്തമാക്കുന്നത്. ഒരു എബിവിപി നേതാവിന്റെ പങ്ക് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. അക്രമിസംഘത്തിലൊരാളെപ്പോലും പിടിക്കുന്നതിനോ തിരിച്ചറിയുന്നതിനോ മുമ്പുതന്നെ മർദ്ദനമേറ്റ വിദ്യാർത്ഥി നേതാക്കളെ പ്രതികളാക്കി പോലീസ് എഫ്‌ഐആർ തയ്യാറാക്കുകയും ചെയ്തു. അവിശ്വസനീയം!

യുപിയിലെ അഭൂതപൂർവ്വമായ കാടത്തം

മുമ്പ് സൂചിപ്പിച്ചതുപോലെ എൻആർസി-സിഎഎ വിരുദ്ധ സമരം ചുരുങ്ങിയ സമയംകൊണ്ട് രാജ്യമാസകലം ഒരു വമ്പിച്ച പ്രക്ഷോഭണമായി വളർന്നുവന്നു. മുമ്പൈ, ചെന്നൈ, ഡൽഹി, ബംഗളുരു, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയയിടത്തെല്ലാം റാലികൾ നടക്കുകയും ആയിരക്കണക്കിനാളുകൾ തടവിലാകുകയും ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് യുപി, ഗുജറാത്ത്, കർണ്ണാടക എന്നിവിടങ്ങളിൽ സമരത്തെ അടിച്ചമർത്തുന്നതിനായി, പോലീസും മറ്റ് സൈനിക വിഭാഗങ്ങളും കടുത്ത ഹിന്ദു വർഗ്ഗീയ സംഘങ്ങളും അഴിച്ചുവിട്ട മൃഗീയാക്രമണങ്ങൾ എല്ലാ റെക്കോർഡുകളും ഭേദിക്കുന്നതായിരുന്നു. പ്രക്ഷോഭകർക്കുനേരെ യുപി പോലീസിന്റെ കിരാതാക്രമണം ഭരണകൂടം ആസൂത്രണം ചെയ്ത ഹിംസയോ, ഹീനമായ ഭരണകൂടഭീകരതയോ തന്നെയായിരുന്നു. നൂറുകണക്കിന് നിഷ്‌ക്കളങ്ക യുവതീയുവാക്കൾ മാത്രമല്ല പ്രായമായ സ്ത്രീകൾവരെ പോലീസിന്റെ കിരാതമർദ്ദനമേറ്റവരിൽപ്പെടുന്നു. സ്‌കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള ചെറുപ്രായക്കാർപോലും മർദ്ദനവും വെടിയുണ്ടയും ഏൽക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടവരെ പിന്തുടർന്നോടിച്ച് അവരുടെ വീടുകളും സ്ഥാപനങ്ങളും തകർക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായാംഗങ്ങൾ പ്രത്യേകമായി ഉന്നംവയ്ക്കപ്പെട്ടതിലൂടെ യുപി സർക്കാരിന്റെയും പോലീസിന്റെയും വർഗ്ഗീയ ചായ്‌വും പുറത്തുവന്നു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 24 മരണങ്ങളിൽ 19 എണ്ണവും യുപിയിലാണ്. അംഗഭംഗം വന്നവരുൾപ്പെടെ ഗുരുതരമായി പരിക്കേറ്റവർ നൂറുകണക്കിനാണ്.
ബിജ്‌നോറിലെ 20 വയസ്സുകാരനായ യുവാവിന്റെ കുടുംബം പറയുന്നത്, വെള്ളിയാഴ്ച്ചത്തെ ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോഴാണ് അവനെ പോലീസ് പിടികൂടിയത് എന്നാണ്. മുന്നിൽനിന്ന് വെടിയുണ്ടയേറ്റ നിലയിൽ പിന്നീട് അവന്റെ മൃതദേഹം മറ്റൊരു പ്രദേശത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് കുടുംബാംഗങ്ങളെ മൃതദേഹത്തോടൊപ്പം പോകാൻ പോലീസ് അനുവദിച്ചില്ല. ആദ്യം പോലീസ് സമ്മതിച്ചില്ലെങ്കിലും, പിന്നീട് ഒരു പോലീസുകാരൻ ‘ആത്മരക്ഷാർത്ഥം’ വെടിയുതിർത്തപ്പോഴാണ് അവൻ മരിച്ചതെന്ന് പറഞ്ഞു. വാരണാസിയിൽ ഒരു പ്രകടനത്തിന് നേരെ നടന്ന അതിക്രമത്തെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു പതിനൊന്നുകാരൻ ചതഞ്ഞുമരിച്ചു. പ്രകടനത്തിൽ പങ്കെടുത്ത ഒരാളായിരുന്നില്ല ആ കുഞ്ഞ്. ആ കുട്ടിയുടെ മരണത്തിന്‌ശേഷം ദയാശൂന്യനായ ഒരു മാടമ്പിക്കുചേർന്ന വിധത്തിൽ വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് ധാർഷ്ട്യത്തോടെ പറഞ്ഞത് ഇത്തരം കാര്യങ്ങളൊക്കെ നടന്നുകൊണ്ടേയിരിക്കും എന്നാണ്. റാംപൂർ ജില്ലയിൽ 23കാരനായ ഒരു ഡ്രൈവർക്ക് അടിവയറ്റിൽ വെടിയേറ്റു. അയാളുടെ ബന്ധുക്കളെ ഓരോ ആശുപത്രികളിലേക്കും ഓടിച്ചുവെങ്കിലും മതിയായ ചികിത്സ കിട്ടാതെ അയാളും മരണത്തിന് കീഴടങ്ങി.

ഫിറോസാബാദ് ഹൈവേയിൽ നടന്ന പ്രകടനത്തിൽ പങ്കെടുക്കവേ കഴുത്തിന് വെടിയേറ്റ ഒരു ബിസിനസ്സുകാരൻ ആറ് ദിവസം ഡൽഹി എഐഐഎംഎസ് ട്രോമ സെന്ററിൽ കിടന്നതിനുശേഷം മരിച്ചു. നട്ടെല്ലിന് വെടിയേറ്റ് ചലനശേഷി നഷ്ടപ്പെട്ട മീററ്റിലെ 17 കാരന്റെ അവസ്ഥ ഹൃദയഭേദകമാണ്. ജോലിസ്ഥലത്തുനിന്നും മടങ്ങുന്ന വഴിക്കാണ് മകന് വെടിയേറ്റതെന്ന് ആ കുട്ടിയുടെ മാതാവ് പറഞ്ഞു. എങ്ങനെയോ വീട്ടിലെത്തിയ അവന്റെ ചലനശേഷി രാത്രിയോടെ നഷ്ടപ്പെട്ടു. തെരുവുകളെല്ലാം അടഞ്ഞുകിടന്നതിനാൽ അവനെ ആശുപത്രിയിൽ കൊണ്ടുപോകാനുമവർക്ക് കഴിഞ്ഞില്ല. വളരെക്കഴിഞ്ഞ് എങ്ങനെയോ ആശുപത്രിയിലെത്തിച്ച അവൻ ഐസിയുവിൽ ജീവനുവേണ്ടി മല്ലിടുന്നു.
ഒരു ഭരണകക്ഷി എംഎൽഎയുടെ നേതൃത്വത്തിൽ വർഗ്ഗീയ ലഹള നടന്ന മുസാഫർപൂരിൽ, 26കാരനായ ഒരു തെരുവുകച്ചവടക്കാരൻ പ്രതിഷേധ സമരത്തിന് നേരെ നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. പോലീസ് സ്‌റ്റേഷനിൽ എത്തിയ അയാളുടെ കുടുംബാംഗങ്ങളുടെ പരാതി പോലീസ് സ്വീകരിച്ചില്ല. പ്രക്ഷോഭകരുടെ വെടിയേറ്റാണയാൾ മരണമടഞ്ഞതെന്നാണ് പോലീസ് അവരോട് പറഞ്ഞത്. മുസാഫർപൂരിൽത്തന്നെ 66 കാരനായ ഒരു അനാഥാലയ അദ്ധ്യാപകൻ രണ്ടുകാലും രണ്ടുകൈയും ബാൻഡേജിട്ട് കിടക്കുന്ന അവസ്ഥയിൽപോലും ഉറക്കത്തിൽ തേങ്ങുകയും സന്ദർശകരെ നേരിടാൻ വിമുഖത കാണിക്കുകയും ചെയ്തു. കാരണം പോലീസ് കസ്റ്റഡിയിൽ വച്ച് അദ്ദേഹത്തെ നഗ്നനാക്കി മർദ്ദിച്ചതിന്റെ അപമാനബോധമായിരുന്നു. ചെറുപ്രായക്കാരും അനാഥരുമായ അദ്ദേഹത്തിന്റെ നൂറോളം വിദ്യാർത്ഥികളെ പോലീസ് തടവിലാക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ശൗചാലയത്തിൽ പോകാൻപോലും പോലീസ് അവരെ അനുവദിച്ചില്ല. പലർക്കും മർദ്ദനം മൂലം ആന്തര രക്തശ്രാവവും ഉണ്ടായി. പോലീസ് പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുമ്പോൾ, സ്വന്തം മുത്തച്ഛന്റെ സംസ്‌കാരച്ചടങ്ങിന് പോകുന്നതിനിടയിൽ വഴിയിൽ വീണുപോയ ഒരു 20 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചുവെന്ന് പറഞ്ഞ് അധികാരികൾ ഇപ്പോളയാൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. എല്ലൊടിയുകയും തലപിളരുകയുമൊക്കെയായുള്ള പരിക്കുകളോടെ നൂറുകണക്കിനാളുകൾ വിവിധ ആശുപത്രിയിൽ കഴിയുകയാണിപ്പോഴും.

യുപി മുഖ്യമന്ത്രിയുടെ ധാർഷ്ട്യം


ഇത്ര മൃഗീയമായും മനുഷ്യത്വരഹിതമായും ഒരു പ്രക്ഷോഭണത്തെ അടിച്ചമർത്തുന്നത് യുപിയിലല്ലാതെ വേറെയെവിടെയും കണ്ടിട്ടില്ല. പ്രതിഷേധിക്കുന്ന നാട്ടുകാരുടെ നേർക്ക് ഭീരുക്കളെപ്പോലെ നടത്തിയ അതിക്രമങ്ങൾ പൈശാചികമായ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു. സംസ്ഥാനത്തും കേന്ദ്രത്തിലും പരിഷ്‌കൃതമായ ഒരു സർക്കാരാണ് നിലവിലുള്ളതെന്ന് സുബോധമുള്ള ആരും പറയില്ല. എൻആർസി-സിഎഎ പ്രക്ഷോഭണങ്ങൾക്കുനേരെ നടക്കുന്ന മൃഗീയാക്രമണങ്ങൾക്കെതിരെ പ്രതിഷേധം കനക്കുമ്പോഴും, കാവിയണിഞ്ഞ സ്വയം പ്രഖ്യാപിത സന്യാസിയായ യുപി മുഖ്യമന്ത്രിക്ക് അക്രമങ്ങളെ ന്യായീകരിക്കുന്നതിൽ ഒരു മനസ്താപവുമുണ്ടായില്ല. അദ്ദേഹത്തിന്റെയും ഓഫീസിന്റെയും ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് ട്വീറ്റ് ചെയ്ത നൂറുകണക്കിന് സന്ദേശങ്ങൾ, ഈ നടപടികൾ എല്ലാ പ്രക്ഷോഭകരെയും നിശ്ശബ്ദരാക്കി എന്നാണ് വമ്പുപറയുന്നത്. യഥാർത്ഥത്തിൽ പ്രക്ഷോഭം തുടങ്ങിയപ്പോൾത്തന്നെ പ്രക്ഷോഭകർക്കുനേരെ ‘പ്രതികാരം’ ചെയ്യുമെന്നാണ് യോഗി ആദിത്യനാഥ് പ്രതിജ്ഞ ചെയ്തത്. എല്ലാ ജനാധിപത്യ നിയമങ്ങളെയും ചവിട്ടിമെതിച്ചുകൊണ്ടും മനുഷ്യത്വരാഹിത്യത്തിന്റെ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ടും യുപി പോലീസിന് പ്രക്ഷോഭകർക്കുനേരെ അമിതമായ ബലപ്രയോഗത്തിനുള്ള അനുമതിയാകും അതെന്ന പൂർണ്ണ ബോധ്യത്തോടെയാണദ്ദേഹം അത് പറഞ്ഞതും ചെയ്തതും.

പുറമേനിന്നും കടത്തിവിട്ട തെമ്മാടികളാണ് അക്രമത്തിന് തിരികൊളുത്തിയത്

ആർഎസ്എസ്-ബിജെപി അനുയായികളാണ് സംഘർഷത്തിന് തുടക്കമിട്ടതും വളർത്തിയെടുത്തതുമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മുസാഫർപൂരിലെ സംഘർഷസ്ഥലത്തുണ്ടായിരുന്ന ഒരാൾ പറയുന്നത് പ്രതിഷേധക്കാർ ഒരു മദ്രസയിൽനിന്ന് ഏതാണ്ട് 500 മീറ്റർ അകലെ ഒരു സ്ഥലത്ത് പോലീസുമായി ബന്ധപ്പെട്ടുകൊണ്ടുതന്നെ പ്രകടനം തുടങ്ങാനായി ഒരുക്കം കൂട്ടുമ്പോൾ എങ്ങുനിന്നോ പോലീസിനുനേരെ കല്ലേറുണ്ടായി എന്നാണ്. ഒരു പോലീസ് വാൻ അഗ്നിക്കിരയായി. വിറളിപൂണ്ട പ്രതിഷേധക്കാർ അങ്ങുമിങ്ങും ഓടുന്നതിനിടെ പോലീസ് കലിതുള്ളിക്കൊണ്ട് അവരുടെമേൽ ചാടിവീണു. ന്യൂനപക്ഷങ്ങളുടെ കടയും സ്ഥാപനങ്ങളും അടിച്ചുതകർത്തു. ആരാണ് പോലീസ്‌ന് നേരെ കല്ലെറിഞ്ഞതെന്നോ പോലീസ് വാനിന് തീയിട്ടതെന്നോ ഉള്ളത് നിഗൂഢമായിത്തന്നെയിരിക്കുന്നു. യാതൊരു അന്വേഷണവും നടത്താതെതന്നെ പ്രതിഷേധ സമരത്തിന് വന്ന 498 ആളുകളുടെ പേരിൽ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിരിക്കുകയാണ് പോലീസ്. സാമൂഹികവിരുദ്ധരെന്ന് മുദ്രചാർത്തി അവരുടെ സ്വത്ത് കണ്ടുകെട്ടാനും ഒരുങ്ങുകയാണ് പോലീസ്. ആറ് വർഷം മുമ്പ് മരിച്ച ഒരാളിന്റെയും 90 വയസ്സാസ മറ്റൊരാളുടെയും പേര് ഈ ലിസ്റ്റിൽപ്പെടുന്നു എന്നതുതന്നെ ഇത് കെട്ടിച്ചമച്ച കേസാണെന്നതിനു തെളിവാണ്. ഭരിക്കുന്ന കാവിപ്പടയോടൊട്ടിനിൽക്കുന്ന തെമ്മാടികളാണ് സംഘർഷം ഉണ്ടാക്കിയെടുത്തത് എന്നത് ജെഎൻയു, എഎംയു എന്നിവിടങ്ങളിലെ സംഭവങ്ങൾതന്നെ തെളിയിക്കുന്നുണ്ട്.

പ്രക്ഷോഭങ്ങൾക്ക് വർഗ്ഗീയ നിറം കൊടുക്കുവാനുള്ള വിഫലശ്രമം

യുപി, ഡൽഹി, കർണാടക സംസ്ഥാനങ്ങളിലേയും മറ്റിടങ്ങളിലെയും സർക്കാരുകൾ ന്യൂനപക്ഷ മുസ്ലീ സമുദായത്തെയാണ് ഉന്നം വച്ചതെന്ന് എടുത്തുപറയേണ്ടതില്ല പ്രക്ഷോഭകരോട് പാക്കിസ്ഥാനിലേക്ക് പോയ്‌ക്കൊള്ളാൻ പറയുന്ന ഒരു ഉന്നത പോലീസുദ്യോഗസ്ഥന്റെ വാക്കിൽനിന്നുംതന്നെ യുപി പോലീസിന്റെ വർഗ്ഗീയ ചായ്‌വ് വ്യക്തമാകും. പ്രക്ഷോഭണത്തിന്റെ ന്യായയുക്തതയെ അട്ടിമറിക്കാനും അതിനൊരു വർഗ്ഗീയ നിറം ചാർത്താനുമായി ബിജെപി നേതാക്കൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആവർത്തിക്കുകമാത്രമാണ് അയാൾ ചെയ്തത്. എഎംയു സംഭവങ്ങളുടെ അന്വേഷണ സംഘം പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത് പോലീസും ആർഎഎഫും ഇസ്ലാം വിരുദ്ധ നിന്ദനങ്ങൾ ഉരുവിടുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്തുകൊണ്ടാണ് വിദ്യർത്ഥികളെ പിന്തുടർന്നാക്രമിച്ചതെന്നാണ്. അലിഗഡ് വിദ്യാർത്ഥികളെ ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കാൻ ബിജെപി നേതാക്കൾ ഒരു വ്യാജ വീഡിയോയും പങ്കുവയ്ക്കുകയുണ്ടായി. വിദ്യാർത്ഥികൾ ഹിന്ദുത്വത്തിനും സവർക്കറിനും ജാതീയതയ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കുന്നത് ചിത്രീകരിച്ചതിൽനിന്ന് ഒരു ഭാഗമെടുത്ത് ഹിന്ദുത്വത്തിനെതിരെയുള്ള ശബ്ദം, ഹിന്ദുക്കൾക്കെതിരെയെന്ന് വരത്തക്കവിധത്തിൽ എഡിറ്റ് ചെയ്യുകയായിരുന്നു. സമരം ചെയ്യുകയും അക്രമം നടത്തുകയും ചെയ്യുന്നവരെ അവരുടെ വസ്ത്രംകൊണ്ടുതന്നെ തിരിച്ചറിയാമെന്ന് പറഞ്ഞത് പ്രധാനമന്ത്രി തന്നെയാണ്. പ്രധാന മന്ത്രിയുടേത് വർഗ്ഗീയ ദുസ്സൂചനയാണെന്നും ആർഎസ്എസ്-ബിജെപി സംഘങ്ങൾ അക്രമം വളർത്തിയെടുക്കാൻ പ്രയത്‌നിക്കുകയാണെന്നും രാജ്യത്തെ പ്രക്ഷോഭണത്തിന് കാരണം മുസ്ലീങ്ങൾ മാത്രമാണെന്ന തരത്തിലുള്ള വർഗ്ഗീയ വൽക്കരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നുമെല്ലാമുള്ളതിന് തെളിവായി പശ്ചിമബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ നടന്ന ഒരു സംഭവത്തെ എടുത്തുകാണിക്കാം. മുസ്ലീങ്ങൾ ഉപയോഗിക്കുന്നതുപോലെയുള്ള ലുങ്കിയും വട്ടത്തൊപ്പിയും ധരിച്ചുകൊണ്ട് ട്രെയിനിനുനേരെ കല്ലെറിയുകയായിരുന്നവരെ ആ പ്രദേശത്തെ ആളുകൾ പിടികൂടി അന്വേഷിച്ചപ്പോൾ ഒരു ബിജെപി പ്രവർത്തകനും അഞ്ച് കൂട്ടാളികളുമാണെന്നാണ് തെളിഞ്ഞത്. അവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഇത്തരം തീക്കളിയിലാണ് ബിജെപിയുടെ ശക്തരായ മന്ത്രിമാരും അവരുടെ താളത്തിന് തുള്ളുന്ന പോലീസും കഴിവുതെളിയിച്ചിരിക്കുന്നത് എന്നത് പ്രത്യേകിച്ച് സൂചിപ്പിക്കേണ്ടതില്ല.

പ്രക്ഷോഭകർക്കെതിരെയുള്ള ആക്രമണം വർഗ്ഗീയമാണെന്നും കിരാതവും ശത്രുതാപരവുമായ ഇവയ്ക്കുപിന്നിൽ സർക്കാരിന്റെയും ഭരണ കക്ഷികളുടെയും പിന്തുണയുണ്ടെന്നുള്ളതിനും സംശയമേതുമില്ല. വർഗ്ഗീയ വിടവ് സൃഷ്ടിക്കാനും പ്രക്ഷോഭത്തെ ഉള്ളിൽനിന്ന് തകർക്കാനും ആർഎസ്എസ്-ബിജെപി സംഘത്തിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന എല്ലാ ശ്രമങ്ങൾക്കുശേഷവും ഹിന്ദുക്കളും മുസ്ലീംങ്ങളും അതുപോലെ കഷ്ടപ്പെടുന്ന മറ്റ് വിഭാഗങ്ങളും തമ്മിലുള്ള ഐക്യത്തിന് ഒരു പോറൽ പോലുമേറ്റിട്ടില്ല എന്നതാണ് ഹൃദയവർജ്ജകമായ കാര്യം.
വിദ്യർത്ഥികളും യുവാക്കളും മുന്നിൽനിന്ന് നയിച്ചുകൊണ്ട് അവരുടെ സമരം മുന്നോട്ട് കുതിക്കുകയാണ്. കാരണം, പൊതുവായ ഡിമാന്റുയർത്തി സാധാരണക്കാരായ ജനങ്ങൾ ജനാധിപത്യ സമരത്തിലണിനിരക്കുമ്പോൾ അവരുടെ ഐക്യവും സാഹോദര്യവും ഉരുക്കുപോലെ ഉറച്ചതാകുന്നു. പിന്തിരിപ്പിൻ ശക്തികൾ വമിപ്പിക്കുന്ന വർഗ്ഗീയ-ജാതീയ-സങ്കുചിത ദേശീയവാദ വിഷം മനസ്സിൽ നിന്ന് കഴുകിക്കളയാനും സഹകരണത്തിന്റെയും ഒത്തൊരുമയുടെയും പോരാട്ട കൂട്ടായ്മയുടെയും ഉർജ്ജം പകരാനും ഇത്തരം സമരങ്ങളുടെ സാംസ്‌കാരിക സാഹചര്യങ്ങൾ വഴിയൊരക്കുകയും ചെയ്യും.

നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ ബൃഹത്തായ സാധ്യതകൾ

ജീവിതം ദുസ്സഹമാക്കുന്ന യഥാർത്ഥ ജീവിത പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ച് ഒരു വിഭാഗത്തെ മറ്റൊന്നിനെതിരെ തിരിച്ചുവിട്ടുകൊണ്ട്, യോജിച്ച പ്രക്ഷോഭണങ്ങളിലൊന്നും പങ്കെടുക്കാൻ ശേഷിയില്ലാത്ത തരത്തിൽ ജനങ്ങളെ ചേതസ്സറ്റവരാക്കി മാറ്റാനുള്ള ഗൂഢാലോചനയിലാണ് ഭരണകർത്താക്കൾ. ഇതിനെ തകർക്കാനും ജനങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെ ചെറുക്കാനും, ഈ നീറുന്ന ജീവിത പ്രശ്‌നങ്ങളെ അധികരിച്ചുള്ള ന്യായമായ ജനാധിപത്യ സമരങ്ങൾ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
അതുകൊണ്ട് ശരിതെറ്റുകളെയും ചെയ്യേണ്ട കാര്യങ്ങളെയും വ്യവഛേദിച്ചറിയുവാനും മറഞ്ഞിരിക്കുന്ന ശത്രുക്കളെ തിരിച്ചറിയുവാനും വിജയം കൈവരിക്കും വിധം സമരങ്ങളെ ശരിയായ പാതയിൽ മുന്നോട്ടുകൊണ്ടുപോകുവാനും കഴിയുന്നതരത്തിൽ, ജനങ്ങളെ രാഷ്ട്രീയ ബോധമുള്ളവരാക്കുകയും ശാക്തീകരിക്കുകയും വേണ്ടതാണ്. അതിനാൽ, ലക്ഷ്യം നേടാൻ മാത്രമല്ല, പോരാടുന്ന ജനങ്ങൾക്ക് അവശ്യംവേണ്ടുന്ന രാഷ്ട്രീയ ധാരണ പകർന്നുകൊടുക്കാനും ശരിയായ നേതൃത്വത്തിൻ കീഴിൽ സുഘടിതമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്. ഈ കാഴ്ചപ്പാടിൽ, എൻആർസിക്കും സിഎഎയ്ക്കുമെതിരായി ഇപ്പോൾ നടക്കുന്ന സമരം ജനങ്ങളുടെ ഡിമാന്റുകൾ നേടിയെടുക്കാനും അവരിൽ ഉയർന്ന രാഷ്ട്രീയ ധാരണകൾ സൃഷ്ടിച്ചെടുക്കാനും കഴിയുന്ന തരത്തിൽ നീണ്ടുനിൽക്കുന്നതും ഇളകിമറിയുന്നതുമായ ഒരു സംഘടിത ബഹുജന സമരമാക്കി മാറ്റിയെടുക്കാനുള്ള വിശാലമായ സാധ്യതകളുള്ള ഒന്നാണ്.
പക്ഷെ, ഇപ്പോഴത്തെ സമരം ഇതുവരെ അമരക്കാരനില്ലാത്തതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഈ സമരം ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും മുൻകൈയിലല്ലാതെ സ്വയമേവ ആരംഭിച്ച ഒന്നാണ്. പക്ഷേ, സമരം മുന്നേറി ഭരണാധികാരികളുടെ ഉറക്കം കെടുത്താൻ തുടങ്ങിയതോടെ വോട്ടുലാക്കാക്കി പ്രവർത്തിക്കുന്ന പാർട്ടികളെല്ലാംതന്നെ തെരഞ്ഞെടുപ്പു നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിൽ അണിനിരക്കാൻ തുടങ്ങി. ഇക്കാലമത്രയും ഭരണകുത്തകകളുടെ വിശ്വസ്ത സേവകരും അവരുടെ എല്ലാ നിഷ്ഠൂര പദ്ധതികളുടെയും നടത്തിപ്പുകാരുമായിരുന്ന കോൺഗ്രസിനെ നോക്കു. ഭരണത്തിലിരുന്നപ്പോൾ അവർ ജനവിരുദ്ധനയങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയും വർഗ്ഗ-ബഹുജന സമരങ്ങളെ അടിച്ചമർത്തുകയും നൂറുകണക്കിന് പ്രക്ഷോഭകരെ കൊലപ്പെടുത്തുകയും മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുകയും ഈയടുത്തകാലംവരെ നിരവധി വർഗ്ഗീയ ലഹളകൾ ആസൂത്രണം ചെയ്തവരുമാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ കശാപ്പുചെയ്തതും ജനാധിപത്യാവകാശങ്ങളെ ചിട്ടയോടെ ഇല്ലായ്മ ചെയ്തതും ഭരണകൂടത്തിന് കീഴടങ്ങുന്ന ജുഡീഷ്യറി സൃഷ്ടിച്ചെടുത്തതും എണ്ണമറ്റ കരിനിയമങ്ങൾ ആവിഷ്‌കരിച്ചതും അവരാണ്. കോൺഗ്രസ് ഭരണകാലത്താണ് ഒന്നിനുപുറകെ മറ്റൊന്നായി അഴിമതിയും കുംഭകോണങ്ങളും നടന്നത്. അതുകൊണ്ടുതന്നെ അവർക്കെതിരെ ജനാധിപത്യ സമരങ്ങളുടെ കുത്തൊഴുക്കുണ്ടായി. ഇപ്പോൾ അതേ കോൺഗ്രസ് തന്നെയാണ്, ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും സംസാരിക്കുന്നതും വികസിച്ചുവരുന്ന ജനസമരത്തോട് അനുഭാവമുള്ളവരാണ് തങ്ങളെന്ന് ഭാവിക്കുന്നതും. ചൂഷക മുതലാളിത്തത്തിന്റെ താല്പര്യാർത്ഥം ഇന്ത്യയിൽ ഫാസിസം അവതരിപ്പിച്ചവരാണ് കോൺഗ്രസ്സും ബിജെപിയുമെന്നത് നാം വിസ്മരിച്ചുകൂടാ. മുതലാളിത്ത താല്പര്യം സംരക്ഷിക്കാൻ ഒരുമ്പെടുന്ന ഏതു പാർട്ടിക്കും ഇക്കാലത്ത് ഫാസിസ്റ്റ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കാനാവില്ല എന്നതാണ് വാസ്തവം. 1940കളുടെ ഒടുവിൽ, ഫാസിസം ഇന്ത്യയിൽനടപ്പിൽ വരില്ല എന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുൾപ്പെടെയുള്ളവർ ചിന്തിച്ചപ്പോൾ നമ്മുടെ പാർട്ടിയുടെ സ്ഥാപക നേതാവും ഗുരുവും ഈ യുഗത്തിലെ പ്രമുഖ മാർക്‌സിസ്റ്റ് ദാർശനികരിലൊരാളുമായ സഖാവ് ശിബ്ദാസ് ഘോഷ് നൽകിയ മുന്നറിയിപ്പ് ഇവിടെ സ്മരണീയമാണ്. മാർക്‌സിസ്റ്റ് വിശകലന രീതിയനുസരിച്ച് അദ്ദേഹം ചൂണ്ടിക്കാണിച്ചു; എല്ലാ മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളിലും ഒരു പൊതുപ്രതിഭാസം എന്ന നിലയിൽ ഫാസിസം പ്രത്യക്ഷമായിരിക്കുന്നു എന്ന്. ഇത് കൂടുതൽ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

യുക്തിചിന്തയ്ക്കുപകരം വിശ്വാസത്തെ മഹത്വവൽക്കരിക്കുന്നതിന്റെ സിദ്ധാന്തം ഇന്ത്യയിൽ ഫാസിസത്തിന് ഒരു താങ്ങായി മാറിയിട്ടുണ്ട്. അത് ജനങ്ങളുടെ മാനസിക വ്യാപാരങ്ങളെ കാര്യകാരണ ബന്ധത്തിന്റെ ശാസ്ത്രീയ പാതയ്ക്കുപകരം അന്ധവിശ്വാസത്തിന്റെയും മുൻവിധികളുടെയും നിഗൂഢവാദത്തിന്റെയുമൊക്കെയുള്ള ഒരു സവിശേഷ ലയനമാക്കി മാറ്റിയെടുക്കുന്നു. ജനമനസ്സിനെ വിഷലിപ്തമാക്കാൻ തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയ്ക്കും വർഗ്ഗ സമരത്തിനുമെതിരെ ദേശീയഭ്രാന്തിന്റെ മുദ്രാവാക്യമുയർത്തുകയും മർദ്ദനത്തിന്റെയും പ്രീണനത്തിന്റേതുമായ ദ്വിമുഖതന്ത്രം ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ഫാസിസത്തെ നിർവ്വചിക്കുമ്പോൾ അദ്ദേഹം വിശദീകരിച്ചു, ചുരുക്കം ചില കുത്തകകളിൽ കൂടുതൽ കൂടുതൽ മൂലധനം കേന്ദ്രീകരിക്കുകയെന്നതാണ് ഫാസിസത്തിന്റെ സവിശേഷലക്ഷണം. ഭരണനിർവ്വഹണ സംവിധാനങ്ങളിലും ഉദ്യോഗസ്ഥ വൃന്ദത്തിലും അധികാരം കേന്ദ്രീകരിക്കുക എന്നത് അതിന്റെ രാഷ്ട്രീയ സവിശേഷതയുമാണ്. ഫാസിസത്തിന്റെ സാംസ്‌കാരിക, പ്രത്യയശാസ്ത്ര അടിത്തറ ശാസ്ത്രത്തിന്റെ സാങ്കേതിക വശത്തിന്റെയും ആത്മീയതയുടെയും സവിശേഷമായ ഒരു ലയനമാണ് എന്ന അദ്ദേഹത്തിന്റെ വിശകലനം ഒരു പ്രവചനം പോലെ ശരിയായി വന്നിരിക്കുന്നു.
സമരത്തിന്റെ കാര്യത്തിലേക്ക് വന്നാൽ, കോൺഗ്രസ് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ട്വീറ്ററിൽ ചില ട്വീറ്റുകളിടുകയും ചിലറാലികളിൽ പങ്കെടുക്കുകയും പരിക്കേറ്റവരെ മാധ്യമങ്ങൾക്കുമുമ്പിൽകൊണ്ടുനിർത്തുകയും ചെയ്തുകൊണ്ട് പ്രതിഷേധത്തിന്റെ കെട്ടുകാഴ്ച അഭിനയിക്കുകയുമല്ലാതെ മറ്റെന്താണവർ ചെയ്യുന്നത്? ഇതുപോലെ തന്നെ പ്രാദേശിക പാർട്ടികളായ തൃണമൂൽ കോൺഗ്രസും ഡിംഎംകെയുമെല്ലാ ചില യോഗങ്ങളും റാലികളും നടത്തി നെടുങ്കൻ ഭാഷണങ്ങൾ അവതരിപ്പിക്കുകയും സമരത്തിന്റെ ചാമ്പ്യന്മാരെന്ന് നടിച്ചുകൊണ്ട് കുത്തകകളുടെ നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും മാത്രമാണ് ചെയ്യുന്നത്. ഈ പാർട്ടികളെല്ലാം അധികാരത്തിലിരിക്കുമ്പോൾ മുതലാളിത്ത നയങ്ങൾ നടപ്പിലാക്കി ജനങ്ങളെ ചവിട്ടിത്താഴ്ത്തുകയും ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയും തന്നെയാണ് ചെയ്തിട്ടുള്ളത്. അവരിലാർക്കെങ്കിലും സമരശക്തിയാകാൻ കഴിയുമോ? ജനങ്ങളെ രാഷ്ട്രീയ പ്രബുദ്ധരാക്കാൻ ഇതിലേതെങ്കിലും പാർട്ടിക്ക് കഴിയുമോ? സമരത്തിലുണ്ടെന്ന് വരുത്തിത്തീർത്ത് വരുന്ന തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന് മാത്രമല്ലേ ഇവരുടെ ഉള്ളിലിരുപ്പ്? ബാലറ്റ് പെട്ടിയിലല്ലാതെ എവിടെ സമരമവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം? യഥാർത്ഥത്തിൽ വിദ്യാർത്ഥികളും യുവാക്കളും സാധാരണ ജനങ്ങളുമൊക്കെ ചോരചൊരിയുകയും വെടിയുണ്ടയേൽക്കുകയും മൃത്യുപുൽകുകയുമൊക്കെ ചെയ്യുമ്പോൾ, വോട്ട് ലക്ഷ്യമാക്കുന്ന പാർട്ടികൾ ഈ ത്യാഗങ്ങളും സഹനങ്ങളുമെല്ലാം അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെ വോട്ടാക്കിമാറ്റാം എന്നാണ് കണക്കുകൂട്ടുന്നത്.

ബൂർഷ്വാ വോട്ട് രാഷ്ട്രീയത്തിന് പകരം ഇടത്-ജനാധിപത്യ ബദൽ സ്ഥാപിച്ചെടുക്കുകയാണ് ആവശ്യകത

സ്ഥിതിഗതികൾ അങ്ങേയറ്റം രൂക്ഷമാണ്. അധ്വാനിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി, ശരിയായ ഇടതുപക്ഷ ലൈനിൽ ശരിയായ നേതൃത്വത്തിന് കീഴിൽ, നീറുന്ന ജനകീയപ്രശ്‌നങ്ങളെ അധികരിച്ച് നടക്കേണ്ടുന്ന ശക്തമായതും നീണ്ടുനിൽക്കുന്നതുമായ ഒരു സംഘടിത സമരത്തിന്റെ അഭാവത്തിൽ ഫാസിസ്റ്റ് ശക്തികൾ അവരുടെ വൃത്തികെട്ട ശിരസ്സുയർത്തുകയാണ്. അതിനാൽ വിശാലാടിത്തറയിലുള്ള യോജിച്ച ഒരു ഇടത്-ജനാധിപത്യ പ്രക്ഷോഭണത്തിന്റെ മഹാപ്രവാഹം തുറന്നുവിടുക എന്നതാണ് ഉടൻ വേണ്ടത്. ഇക്കാരണംകൊണ്ടാണ് മാർക്‌സിസം-ലെനിനിസം -ശിബ്ദാസ്‌ഘോഷ് ചിന്തകളാൽ നയിക്കപ്പെടുന്ന നമ്മുടെ പാർട്ടി, സിപിഐ-സിപിഐ(എം) പാർട്ടികളോട് ഇടത് ശക്തികളുടെ സമരൈക്യം സൃഷ്ടിച്ചെടുത്ത്, വോട്ട് ലക്ഷ്യമാക്കുന്ന ബൂർഷ്വാ രാഷ്ട്രീയത്തിന് പകരം ജനങ്ങൾക്ക് മുമ്പിൽ ഒരു ഇടത് ബദൽ സമരശക്തി സ്ഥാപിച്ചെടുക്കാനായി മുന്നോട്ട് വരണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നത്. ബൂർഷ്വാ പാർലമെന്ററി രാഷ്ട്രീയപാർട്ടികളെ ഒറ്റപ്പെടുത്തി ഒരു ഇടതുപക്ഷ-ജനാധിപത്യ ഐക്യം വളർത്തിയെടുത്ത്, ഉണർന്നുവരുന്ന ജനകീയ പ്രക്ഷോഭണങ്ങൾക്ക് ഒരു ഇടതുപക്ഷ വീക്ഷണം നൽകാൻ തയ്യാറാകണമെന്ന് ഇത്തവണയും നമ്മളവരോട് ആവശ്യപ്പെട്ടു.
ജനജീവിതത്തിലെ രൂക്ഷമായ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്ന ഡിമാന്റുയർത്തി നടത്തേണ്ടുന്ന, നീണ്ടുനിൽക്കുന്നതും ചിട്ടയോടെയുള്ളതും ഉയർന്ന ഇടതുപക്ഷ ധാർമ്മികതയുടെയും സാംസ്‌കാരത്തിന്റെയും അടിത്തറയിലുള്ളതുമായ സംഘടിത പ്രക്ഷോഭണം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, ഇപ്പോൾ നടന്നുവരുന്ന എൻആർസി-സിഎഎ വിരുദ്ധ സമരത്തിന്റെ ഡിമാന്റുകളോടൊപ്പം ഏഴ് പുതിയ ഡിമാന്റുകൾകൂടി നമ്മൾ ചേർത്തിട്ടുണ്ട്.

ബൂർഷ്വ തെരഞ്ഞെടുപ്പ് രാഷ്ടീയത്തോടുള്ള സിപിഐ(എം)ന്റെ അവസരവാദപരമായ ചായ്‌വ് ജനസമരത്തെ ദുർബ്ബലമാക്കുന്നു

അവർ പ്രതികരിച്ചില്ലെന്ന് മാത്രമല്ല ഇത്തവണ നമ്മളെ അവഗണിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ സിപിഐ, സിപിഐ(എം), നക്‌സലൈറ്റുകൾ എന്നിവരൊക്കെ ഉൾപ്പെട്ടിരുന്ന അവിഭക്ത സിപിഐ ഒരു യഥാർത്ഥ മാർക്‌സിസ്റ്റ് പാർട്ടിയല്ലായിരുന്നുവെങ്കിൽക്കൂടി, കേരളം, പശ്ചിമബംഗാൾ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മറ്റുചിലയിടങ്ങളിലും 1960കളുടെ പകുതിവരെ ചിട്ടയോടെയുള്ള സമരങ്ങളുടെ ഭാഗത്തുണ്ടായിരുന്നു. എന്നാൽ കേരളത്തിലും ബംഗാളിലും അധികാരത്തിലേറിയതോടെ അവർ സാമരപാത വെടിഞ്ഞെന്നുമാത്രമല്ല, മറ്റേതൊരു ബൂർഷ്വ പാർട്ടിയെയുംപോലെ ജനസമരങ്ങളെ അടിച്ചമർത്തുന്ന രീതി സ്വീകരിക്കുകയും ചെയ്തു. നിർണ്ണായകമായ ഒരു സമരവും അവർ വളർത്തിയെടുക്കുന്നില്ല എന്ന് മാത്രമല്ല, ജനങ്ങളുടെ ഭാഗത്തുനിന്ന് സ്വമേധയാ ഉയർന്നുവരുന്ന സമരങ്ങളിൽ പങ്കെടുക്കുന്നതിൽപോലും വൈമുഖ്യം കാണിക്കുകയും ചെയ്യുന്നു. മാത്രമല്ല കോൺഗ്രസും മറ്റ് ബൂർഷ്വ പാർട്ടികളുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണവർ ശ്രമിക്കുന്നത്. ഇടതുപക്ഷീയതയുടെ പേരിൽ ഇന്നവർ കൈക്കൊള്ളുന്ന രാഷ്ട്രീയം, ഇടത് ജനാധിപത്യ സമരങ്ങൾ വളർത്തിയെടുക്കുന്നതിൽ നിന്നകന്ന് നിൽക്കുന്നതും, പകരം, തെരഞ്ഞെടുപ്പിൽ ചില സീറ്റുകൾ കൊടുക്കാൻ തയ്യാറാകുന്ന ബൂർഷ്വ പാർട്ടികളുമായി ചങ്ങാത്തത്തിലാകാൻ ശ്രമിക്കുന്നതു കൂടിയാണ്. അതുകൊണ്ടാണവർ നമ്മോട് ബന്ധം വിഛേദിക്കുന്നത്.
തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും വിലക്കയറ്റത്തിനും കോൺഗ്രസിന്റെ ഏകാധിപത്യവാഴ്ചയ്ക്കുമെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന സമരവും തുടക്കത്തിൽ വിദ്യാർത്ഥികളുടെ മുൻകൈയിലാണ് ആരംഭിച്ചത്. അന്നും നമ്മൾ സിപിഐയോടും സിപിഐ(എം)നോടും സമരത്തിൽ പങ്കെടുത്തുകൊണ്ട് അതിന് ഇടതുപക്ഷ ദിശ നൽകുവാനും അതുവഴി വലതുപക്ഷ ശക്തികളെ ഒറ്റപ്പെടുത്തുവാനും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അതും വ്യർത്ഥമായി. സിപിഐ നേരിട്ട് കോൺഗ്രസുമായി ചേർന്നപ്പോൾ സിപിഐ(എം) ഇന്ദിരാ ഗാന്ധി സർക്കാരുമായി ചില രഹസ്യ ധാരണകളിലായിരുന്നു. തീവ്ര വലതുപക്ഷ ശക്തിയായ ജനസംഘം സമരത്തിലുള്ളതുകൊണ്ട് തങ്ങൾ ജനങ്ങളുടെ ന്യായമായ സമരത്തിനില്ല എന്നവർ പറഞ്ഞു. ഈ അവസരം മുതലെടുത്ത വലതുപക്ഷ വർഗ്ഗീയ ശക്തികൾ സമരനേതൃത്വത്തിലെത്തുകയും അതിന്റെ നേട്ടങ്ങൾ കൊയ്ത് 1977ൽ അധികാരത്തിലെത്തുകയും ചെയ്തു. ജനസംഘവുമായി ചേർന്ന് പുതുതായി രൂപംകൊണ്ട ജനതാ പാർട്ടി സഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞപ്പോൾ സിപിഐ(എം) കരണംമറിയുകയും കോൺഗ്രസിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ജനതാ പാർട്ടിയോട് ചങ്ങാത്തത്തിലാകുകയും ചെയ്തു. അവസരവാദത്തിന്റെ ഈ രാഷ്ട്രീയമാണ് ബിജെപിക്ക് മുൻനിരയിലേക്ക് വരാനും ബൂർഷ്വ രാഷ്ട്രീയരംഗത്ത് നിർണ്ണായക ശക്തിയായി മാറാനും വഴിയൊരുക്കിയത്. പോരാട്ടത്തിന്റേതായ ഒരു ഇടത് ബദൽ രൂപീകരിക്കുന്നതിനുള്ള സുവർണ്ണാവസരം അങ്ങനെ നഷ്ടപ്പെടുത്തി.

ഉയരുന്ന പ്രക്ഷോഭങ്ങളെ യുക്തിപരമായ
പരിസമാപ്തിയിലെത്തിക്കണം

എൻആർസി-സിഎഎ സമരത്തിന്റെ കാര്യത്തിലും രാജ്യവ്യാപകമായ യോജിച്ച ഇടതുനേതൃത്വം ഉയർന്നുവരാനുള്ള സാധ്യത നിലനിൽക്കുന്നു. ജനങ്ങളുടെ ഈ സമരാവേശം സാക്ഷ്യപ്പെടുത്തുന്നത് അവർ ഒരു സമരത്തിന് ആഗ്രഹിക്കുന്നു എന്നതാണ്. ഈ സമരത്തെ കേന്ദ്രീകരിച്ച് ഒരു ഇടത് ജനാധിപത്യ ഐക്യം സ്ഥാപിച്ചെടുക്കാനും തീക്ഷ്ണമാകുന്ന വർഗ്ഗബഹുജന സമരങ്ങളുടെ പ്രക്ഷുബ്ധതയിലേക്ക് രാജ്യത്തെ പരിവർത്തനപ്പെടുത്താനും കഴിയും. പക്ഷെ, ഇപ്പോഴും ചിട്ടയായ ഇടതുപക്ഷ സമരത്തിന്റെ പാതയിലേക്ക് വരാൻ സിപിഐ(എം) യാതൊരു താല്പര്യവും കാണിക്കുന്നില്ല. മറിച്ച് അവർ വെറുക്കപ്പെട്ട കോൺഗ്രസിന്റെയും മറ്റ് ബൂർഷ്വ പാർട്ടികളുടെയും വാലായി എവ്വിധവും കുറച്ച് സീറ്റുകൾ നേടിയെടുക്കാനും അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ നിലകൊള്ളാനുമാണ് ശ്രമിക്കുന്നത്. സാന്ദർഭികമായി പറയട്ടെ, സിപിഐ(എം) അസ്സമിലെ എൻആർസിയെ പിന്തുണച്ചിരുന്നു. അതുകൊണ്ട്, പാതവെട്ടിത്തെളിക്കുന്ന ഒരു ബഹുജന മുന്നേറ്റത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.

സിപിഐ, സിപിഐ(എം) കക്ഷികളുടെ ഒത്തുതീർപ്പ് നയത്തിൽനിന്ന് വ്യത്യസ്തമായി നമ്മുടെ പാർട്ടി മുഴുവൻ ശക്തിയോടെയും സമരത്തോടൊപ്പം നിൽക്കുകയും ചിട്ടയായ ഇടത് മുന്നേറ്റമായി അതിനെ മാറ്റിയെടുക്കാനും ജനങ്ങളുടെ സമരകമ്മിറ്റികൾ താഴേത്തലംവരെ രൂപീകരിച്ച് ജനകീയ രാഷ്ട്രീയാധികാരം സ്ഥാപിച്ചെടുക്കാനും നിർഭയരായ യുവാക്കളെക്കൊണ്ട് ഒരു വോളണ്ടിയർസേന ഉണ്ടാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാദ്ധ്യമ ശ്രദ്ധ നമുക്ക് കിട്ടുന്നില്ലെങ്കിലും എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ നമ്മുടെ പങ്കിനെക്കുറിച്ച് ബോധ്യമുള്ളവരാകുന്നു.
വർഗ്ഗ-ബഹുജന സമരങ്ങൾ വളർത്തിയെടുക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അവസരവാദ-വോട്ട് രാഷ്ട്രീയം ഉപേക്ഷിക്കാനും കാലഘട്ടത്തിന്റെ വിളികേട്ടുകൊണ്ട് യോജിച്ച ഇടതുബദൽ രൂപീകരിക്കാനും ഇപ്പോഴത്തെ എൻആർസി-സിഎഎ സമരത്തിൽ ആ നേതൃത്വത്തെ സ്ഥാപിച്ചെടുത്തുകൊണ്ട് അതിന്റെ യുക്തിപരമായ പരിസമാപ്തിയിലേക്കതിനെ നയിക്കാനും മുന്നോട്ട് വരണമെന്ന് ഞങ്ങൾ സിപിഐ(എം) നേതൃത്വത്തോടും അണികളോടും ഒരിക്കൽകൂടി അഭ്യർത്ഥിക്കുകയാണ്.

Share this post

scroll to top