കേന്ദ്ര ബജറ്റ് മുതലാളിത്താനുകൂലവും ജനവിരുദ്ധവും: എസ്‌യുസിഐ (സി)


Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 519

Warning: Trying to access array offset on value of type bool in /var/www/vhosts/kerala.sucicommunist.org/httpdocs/wp-content/plugins/newsplus-shortcodes/includes/BFI_Thumb.php on line 520
budjet.jpg
Share

കേന്ദ്ര ധനകാര്യമന്ത്രിയുടെ സുദീർഘമായ ബജറ്റവതരണം, സാധാരണ ജനങ്ങളുടെ എണ്ണമറ്റ ദുരിതങ്ങൾ പരിഗണിക്കാതെയും അവരുടെ ജീവിതപ്രശ്‌നങ്ങളിലൊന്നുപോലും അഭിമുഖീകരിക്കാതെയുമുള്ള ഒളിച്ചോട്ടമാണെന്ന് എസ്‌യുസിഐ (സി) ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് പ്രസ്താവിച്ചു.

നെടുങ്കൻ ബജറ്റ് പ്രസംഗം നിറയെ തട്ടിപ്പ് പ്രഖ്യാപനങ്ങളും അപഹാസ്യമായ ശുഭ പ്രതീക്ഷകളും മാത്രമാണുണ്ടായിരുന്നത്. എന്നുമാത്രമല്ല, ദുസ്സഹമായ വിലക്കയറ്റം, ഇന്ധനവിലയിലെ നിരന്തര വർദ്ധന, കുതിച്ചുയരുന്ന തൊഴിലില്ലായ്മ, ഭീമമായ തൊഴിൽ നഷ്ടം, വ്യവസായങ്ങൾ ഒന്നൊന്നായി അടച്ചുപൂട്ടൽ, സാധാരണക്കാരുടെ വരുമാനത്തിലുണ്ടാകുന്ന തുടർച്ചയായ ഇടിവ്, ഡിമാന്റ് കുറയൽ, ഉപഭോക്തൃ ചിലവിലുണ്ടാകുന്ന താഴ്ച, കർഷകർക്ക് ന്യായവില ലഭിക്കായ്ക, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും മാന്ദ്യവും, കോർപ്പറേറ്റുകളോട് കാണിക്കുന്ന അതിരുകടന്ന ഔദാര്യവും നികുതിപിരിവ് സംവിധാനത്തിലെ അഴിമതിയും മൂലം റവന്യൂവരുമാനം അടിക്കടി കുറയുന്നത്, സുപ്രധാന മേഖലകളിലെ ഉല്പാദനക്ഷമമായ നിക്ഷേപത്തിന്റെ അഭാവം, വ്യവസായ കുടുംബങ്ങൾക്ക് തുടർച്ചയായി പലിശനിരക്ക് കുറച്ചുകൊടുത്തിട്ടും ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുന്നതിൽ പ്രകടമാകുന്ന വൈമുഖ്യം, പൊതുക്കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നതിൽ ഗവൺമെന്റുകൾ കാണിക്കുന്ന അനാസ്ഥ തുടങ്ങി സാമ്പത്തികരംഗം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്കൊന്നും തന്റെ ഗവൺമെന്റിന് ഒരു പരിഹാരവും നിർദ്ദേശിക്കാനില്ല എന്ന് ധനകാര്യമന്ത്രി വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമെന്ന സിദ്ധാന്തം ഉദ്‌ഘോഷിക്കുമ്പോൾത്തന്നെ, രാജ്യത്തെ 1% വരുന്ന അതിസമ്പന്നരുടെ കൈയിൽ രാജ്യത്തിന്റെ സമ്പത്ത് ഏതാണ്ട് മുഴുവനായിത്തന്നെ കുമിഞ്ഞുകൂടുകയും 70 % വരുന്ന തൊഴിലാളികളും കർഷകരും ഇടത്തരക്കാരുംവരെയുള്ള സാധാരണക്കാർ പാപ്പരാകുകയും ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുകയും ചെയ്യുന്നതെന്തുകൊണ്ട് എന്നതിനും ധനകാര്യമന്ത്രിക്ക് വിശദീകരണമൊന്നുമില്ല. സ്ഥൂലതലത്തിലെ സാമ്പത്തിക സ്ഥിരത, ദാരിദ്ര്യ നിർമ്മാർജ്ജനം, വിവാദപരമായ കണക്കുകൾ എന്നിവയൊക്കെ അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി 10% സാമ്പത്തിക വളർച്ച അവകാശപ്പെടുമ്പോൾ, ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ട കണക്കുകളും മറ്റ് ലക്ഷണങ്ങളും ജീവിതത്തിന്റെ ദുസ്ഥിതിയും വെളിവാക്കുന്നത് ഇതിന് നേർവിപരീതമായ കാര്യങ്ങളാണ് എന്നതുകൊണ്ടുതന്നെ ധനകാര്യമന്ത്രി രാജ്യത്തെ ജനങ്ങളോട് കള്ളം പറയുകയായിരുന്നു എന്ന് വ്യക്തമാണ്. എൽഐസി അടക്കമുള്ള പൊതുമേഖലയുടെ വൻതോതിലുള്ള ഓഹരി വിറ്റഴിക്കലും റെയിൽവേയിലും മറ്റും പൊതു-സ്വകാര്യ പങ്കാളിത്തത്തിന് നൽകുന്ന ഊന്നലും സ്വകാര്യവൽക്കരണ പദ്ധതി ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോകുന്നു എന്ന് വ്യക്തമാക്കുന്നതാണ്. വിദ്യാഭ്യാസംപോലെ സുപ്രധാനമായൊരു പൊതുജനക്ഷേമ രംഗം നേരിട്ടുള്ള വിദേശനിക്ഷേപത്തിന് തുറന്നുകൊടുത്തുകൊണ്ട് വാണിജ്യവൽക്കരണവും മുന്നോട്ടുകൊണ്ടുപോകുകയാണ്. സുഗമമായ ബിസിനസ് നടത്തിപ്പിന് എന്ന പേരിൽ കോർപ്പറേറ്റുകൾക്ക് വീണ്ടും കുറേയേറെ നികുതിയിളവുകൾ പ്രഖ്യാപിക്കുമ്പോൾ, വ്യക്തിഗത വരുമാന നികുതിയിൽ കുറവുവരുത്തിയെന്ന് പറയുന്നതാകട്ടെ, നികുതിയിളവിനുള്ള നിലവിലെ നിക്ഷേപ പദ്ധതികൾ നിരാകരിച്ചുകൊണ്ടുള്ളതുമാണ്. ആഗോളമാന്ദ്യത്തിന്റെ വേളയിലും ഇന്ത്യൻ സമ്പദ്ഘടന ശക്തമായ വളർച്ച കൈവരിക്കുമെന്ന് വീമ്പിളക്കിക്കൊണ്ടിരുന്ന സർക്കാർ വിലാസം സാമ്പത്തിക വിദഗ്ധരും കോളമെഴുത്തുകാരുമൊക്കെ ഇപ്പോൾ, നിരാശാജനകമായ ഇന്ത്യൻ സമ്പദ് രംഗത്തിന് ആഗോള തലത്തിലെ ദുർബലമായ സാമ്പത്തിക സ്ഥിതിയാണ് കാരണമെന്ന് ന്യായീകരണം കണ്ടെത്തുകയാണ്.
ചുരുക്കത്തിൽ, തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് ധാരാളം വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും മുതലാളിവർഗ്ഗത്തിന്റെ രാഷ്ട്രീയകാര്യസ്ഥന്മാരായ ബിജെപി ഗവൺമെന്റ് അവരുടെ യജമാനന്മാരെ സേവിക്കാനുദ്ദേശിച്ചുള്ള ഒരു ബജറ്റ് തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളെ അവർ പരിഗണിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ ജീവിത ദുരിതങ്ങൾക്ക് യാതൊരറുതിയും ഉണ്ടാകാൻ പോകുന്നില്ല. ഈ വഞ്ചനയ്‌ക്കെതിരെ സംഘടിത സമരം പടുത്തുയർത്തുക മാത്രമേ ജനങ്ങളുടെ മുമ്പിൽ പോംവഴിയുള്ളൂ.

Share this post

Sidebar not configured yet. You can place widgets by navigating to WordPress Appearance > Widgets.

scroll to top