അടുത്തയിടെ നടന്ന കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില് സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന ബിജെപി അപമാനകരമായ പരാജയം നേരിട്ടു. ആകെയുള്ള 224 സീറ്റുകളില് ബിജെപിക്ക് 66ല് മാത്രമേ വിജയിക്കാനായുള്ളൂ. അതേസമയം ബൂര്ഷ്വാ വോട്ട് രാഷ്ട്രീയത്തിലെ മുഖ്യ എതിരാളിയായ കോണ്ഗ്രസ് 135 സീറ്റ് കരസ്ഥമാക്കി. ഒരു തൂക്കു നിയമസഭയും അത് വഴി കിംഗ് മേക്കര് ആവാമെന്ന സ്വപ്നവും പേറിനടന്ന ജെഡി(എസ്)ന് 19 സീറ്റുമായി ഒതുങ്ങിക്കൂടേണ്ടി വന്നു. ഈ ഫലത്തിലേയ്ക്ക് എത്തിയതിന്റെ കാരണങ്ങള് എന്തൊക്കെയാണെന്നു നോക്കാം.
ബൂർഷ്വാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ വഞ്ചന
ഭരണ മുതലാളിവർഗ്ഗത്തിന്റെ പാദസേവകരായ പാർട്ടികൾ ധനബലവും പേശിബലവും മാധ്യമപിന്തുണയും അധികാരശക്തിയും പരമാവധി പ്രയോഗിച്ചുകൊണ്ടാണ് ഇന്ന് ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ നടത്തുന്നതെന്നത് രഹസ്യമല്ല. പണക്കൊഴുപ്പേറെയുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ എല്ലാവിധ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് പൊതുജനാഭിപ്രായത്തെ തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു മുമ്പുതന്നെ ബൂർഷ്വാ പാർട്ടികളിൽപ്പെട്ട സ്ഥാനാർത്ഥിത്വ മോഹികൾ വോട്ടർമാരെ വലയിൽ വീഴ്ത്താനായി സാരി, മുണ്ട്, പണം, പ്രഷർ കുക്കർ എന്നിങ്ങനെ പലതും വാരി വിതറി. ചിലർ വിനോദയാത്രകൾ സംഘടിപ്പിച്ചു. പണം വെള്ളംപോലെ ഒഴുകി. ഇതാണ്’ ജനാധിപത്യത്തിന്റെ ഉത്സവം’ എന്ന് പാടി പുകഴ്ത്തപ്പെടുന്ന ‘സ്വതന്ത്രവും നീതിയുക്തവുമായ’ തെരഞ്ഞെടുപ്പിന്റെ ലക്ഷണങ്ങൾ! മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് യുദ്ധസമാനമായ ഒരു സാഹചര്യം ശബ്ദകോലാഹലങ്ങളോടെ സൃഷ്ടിക്കപ്പെട്ടു. തൽഫലമായി ദ്വികക്ഷി രാഷ്ട്രീയത്തിന്റെ ബൂർഷ്വാപദ്ധതിക്ക് അനുസൃതമായി വോട്ടർമാർക്കിടയിൽ ശക്തമായ ബിജെപി- കോൺഗ്രസ് ധ്രുവീകരണമുണ്ടായി. മതിയായ രാഷ്ട്രീയ പ്രബുദ്ധതയുടെ അഭാവത്തിൽ കർണാടകയിലെ ദുരിതത്തിലാണ്ട അധ്വാനിക്കുന്ന സാധാരണജനങ്ങൾ ബിജെപിയും കോൺഗ്രസും തുല്യ നിലയിൽ പിന്തുടരുന്ന ഹീനമായ ബൂർഷ്വാ കുതന്ത്രങ്ങളിൽ പെട്ടുപോയി. ജനങ്ങളുടെ ജീവിതത്തിൽ വിനാശം വിതയ്ക്കുന്ന നീറുന്ന പ്രശ്നങ്ങൾ അവർ വോട്ട് രേഖപ്പെടുത്തുമ്പോഴുള്ള മുഖ്യപരിഗണന അല്ലാതായി.
വോട്ടെടുപ്പിന് മുമ്പുള്ള സാഹചര്യം
കൂടുതൽ വിശദ പരിശോധനകളിലേയ്ക്ക് പോകുന്നതിനു മുമ്പ്, കഴിഞ്ഞകാലത്തെ ചില വസ്തുതകൾ പരിശോധിക്കാം. വാസ്തവത്തിൽ, കർണാടകത്തിൽ ഒരുകാലത്തും ബിജെപിക്ക് സ്വന്തം നിലയിൽ ഭൂരിപക്ഷം കിട്ടിയിരുന്നില്ല. അധാർമികവും വഞ്ചനാത്മകവുമായ മാർഗങ്ങളിലൂടെ അവർ അധികാരം സംഘടിപ്പിച്ചെടുക്കുകയായിരുന്നു.
2018ലെ തെരഞ്ഞെടുപ്പിലും അവർക്ക് 104 സീറ്റേ കിട്ടിയിരുന്നുള്ളൂ. അതായത് ഭൂരിപക്ഷത്തിന് 9 സീറ്റ് കുറവ്. വിചിത്രമായൊരു കൂട്ടുകെട്ടാണെങ്കിലും, കോൺഗ്രസും ജെഡി(എസ്)ഉം തെരഞ്ഞെടുപ്പിനെത്തുടര്ന്ന് സംഖ്യമുണ്ടാക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഒരു വർഷത്തിനുശേഷം, പണവും അധികാരവും കാട്ടി വശീകരിച്ച് ആളെ പിടിക്കുന്നതിൽ വിദഗ്ദ്ധരായ ബിജെപി, കോൺഗ്രസിലും ജെഡിഎസിലുംപെട്ട, നിരാശരും അധികാരക്കൊതിയന്മാരുമായ 17 എംഎൽഎമാരെ സ്വന്തം പക്ഷത്തേയ്ക്ക് കൊണ്ടുവരുന്നതിൽ വിജയിച്ചു. അങ്ങനെ സഖ്യകക്ഷി ഭരണം താഴെ വീണു. ഈ കാലുമാറ്റത്തെ ലജ്ജയില്ലാതെ ‘ഓപ്പറേഷൻ താമര’ എന്ന് വിളിച്ചുകൊണ്ട് ബിജെപിയുടെ കളങ്കിതനായ നേതാവ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി. പക്ഷേ പിന്നീട്, വമ്പിച്ച അഴിമതിയുടെയും തമ്മിലടിയുടെയും സംഭവങ്ങൾ നിലയ്ക്കാതെ പ്രവഹിച്ചതിൽ പ്രകടമായും അമ്പരന്ന ബിജെപി കേന്ദ്രനേതൃത്വം യെദിയൂരപ്പയെ മുഖ്യമന്ത്രി പദവിയിൽ നിന്ന് നീക്കം ചെയ്യുകയും പകരം, ഒത്തുതീർപ്പ് സ്ഥാനാർഥി എന്ന നിലയിൽ ബസവരാജ് ബൊമ്മെയെ അവരോധിക്കുകയും ചെയ്തു. ബിജെപി ഗവൺമെന്റ് തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് 2012 ൽ യെദിയൂരപ്പ പാർട്ടി വിട്ടു, കർണാടക ജനതാ പക്ഷ (കെജെപി) എന്ന പേരിൽ സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ചു. മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ ഭരണകാലം മുഴുവനും അഴിമതിയിലും സ്വജനപക്ഷപാതത്തിലും ആറാടി നിന്ന യെദിയൂരപ്പ, പിന്നീട് ബിജെപിയിൽ തിരിച്ചുവരികയും തന്റെ പാർട്ടിയെ ബിജെപിയുമായി ലയിപ്പിക്കുകയും ചെയ്തു. തത്വരഹിതവും അവസരവാദപരവുമായ ബൂർഷ്വാ അധികാര രാഷ്ട്രീയത്തിൽ ബിജെപി എങ്ങനെയാണ് ആമോദത്തോടെ മുഴുകുന്നതെന്നുള്ളതിന്റെ തിളങ്ങുന്ന ഉദാഹരണങ്ങളാണിവ.
ഒരു വർഷം മുമ്പ് ഇതേ കുതന്ത്രങ്ങളാണ് ശിവസേനയിൽ പിളർപ്പുണ്ടാക്കിക്കൊണ്ട് മഹാരാഷ്ട്ര ഗവൺമെന്റിനെ മറിച്ചിടാൻ ബിജെപിയുടെ ഉന്നത നേതൃത്വം പ്രയോഗിച്ചത്. അതിനു മുൻപ്, കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും തങ്ങളുടെ വശത്തേയ്ക്ക് കൂറുമാറ്റാനും അതുവഴി മധ്യപ്രദേശിലെ കോൺഗ്രസ് ഗവണ്മെന്റിനെ താഴെവീഴ്ത്താനും അവർക്ക് കഴിഞ്ഞിരുന്നു. വിട്ടുപോകുന്ന പാർട്ടിയുടെ ടിക്കറ്റിൽനിന്ന് മത്സരിച്ച് ജയിച്ച ഈ കൂറുമാറ്റകാരിൽ ആരോടുംതന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ അന്ന് ആവശ്യപ്പെട്ടതുമില്ല. ഈ കാലുമാറ്റ രാഷ്ട്രീയത്തിന് യാതൊരു ആദർശത്തിന്റെയും പിൻബലമില്ല എന്നതിൽ യാതൊരു സംശയവുമില്ല. തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രകടിതമാവുന്ന ജനവിധി എതിരാണെങ്കിലും അധികാരം പിടിച്ചെടുക്കാനായി ഈ ബൂർഷ്വാ പാർട്ടികൾ എത്രത്തോളം തരംതാഴുന്നു എന്നതാണ് ഇതൊക്കെ കാട്ടിത്തരുന്നത്.
ഇത്തവണയും കർണാടകയിൽ ബിജെപി ക്യാമ്പിനകത്ത് ദേശീയ സെക്രട്ടറി ബി.എൽ സന്തോഷും യെദിയൂരപ്പയുടെ ലോബിയും തമ്മിൽ അധികാര വടംവലിയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ആർഎസ്എസ് ഉൽപ്പന്നവും, മുരച്ച വർഗീയ ഹിന്ദുത്വവാദിയുമായിരുന്നുവെങ്കിലും, പ്രമുഖ ലിംഗായത്ത് സമുദായാംഗമായിരുന്നുകൊണ്ട്, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആർ എസ് എസ്സിന്റെ കടുത്ത വിദ്വേഷ രാഷ്ട്രീയത്തെ യെദിയൂരപ്പ എതിർത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. മറുവശത്ത്, സ്വന്തം പാർട്ടിക്കകത്തെ കടുത്ത ബ്രാഹ്മണ വീക്ഷണമുള്ള എതിർപക്ഷക്കാർ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി വർഗീയ രാഷ്ട്രീയം ആവേശത്തോടെ പിന്തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. അതുകൊണ്ടവർ യെദിയൂരപ്പ നയിച്ച ലിംഗായത്ത് ലോബിയെ ഒതുക്കാനുള്ള നടപടികളെടുത്തു. 2021 ജൂലൈയിൽ ആസൂത്രിത കൂറുമാറ്റത്തെത്തുടർന്ന് ആരാവണം മുഖ്യമന്ത്രിയെന്ന തർക്കം വന്നപ്പോൾ ഒരു ഒത്തുതീർപ്പ് സ്ഥാനാർത്ഥിയെന്ന നിലയിൽ ബാസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയാക്കുകയല്ലാതെ ബിജെപി നേതൃത്വത്തിന് പോംവഴികളില്ലായിരുന്നു. തന്റെ രണ്ടുവർഷ ഭരണകാലയളവിനുള്ളിൽ മുഖ്യമന്ത്രി ബൊമ്മെയ്ക്ക് യെദിയൂരപ്പ ഗ്രൂപ്പിനും എതിർ ഗ്രൂപ്പിനുമിടയിൽ വലിയ സമ്മർദ്ദം അനുഭവിച്ചാണ് മുന്നോട്ടുപോകേണ്ടി വന്നത്. അതുകൊണ്ടുതന്നെ പക്ഷപാതം വ്യാപകമാവുകയും അത് ഭരണസംവിധാനത്തിന്റെ തകർച്ചയിലേയ്ക്ക് നയിക്കുകയും ചെയ്തു. അഴിമതി പുതിയ തലങ്ങളിലേയ്ക്ക് ഉയർന്നു. ബില്ലുകൾ ക്ലിയർ ചെയ്യാൻ 40% കമ്മീഷൻ ആവശ്യപ്പെടുന്നുവന്ന് ആരോപിച്ചത് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി മോദിക്ക് കത്തെഴുതുകയും ചെയ്തു. പക്ഷേ ഒന്നും തന്നെ മാറിയില്ല. ബിജെപി അനുഭാവിയായ ഒരു കോൺട്രാക്ടർ, കുടിശ്ശിക ബില്ലുകൾ ക്ലിയർ ചെയ്ത് ലഭിക്കാത്തതുമൂലം കടങ്ങൾ വീട്ടാനാവാത്തതുകൊണ്ട് മന്ത്രിക്കെതിരെ ആരോപണം എഴുതിവച്ച് ആത്മഹത്യചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ എതിർ പാർട്ടികൾക്കുനേരെ അഴിമതി ആരോപിച്ചുകൊണ്ട് സിബിഐയെയും ഇഡിയെയും ആവേശത്തോടെ നിയോഗിക്കുന്ന ബിജെപി, സ്വന്തക്കാരായ അഴിമതിക്കാരെ യാതൊരു പോറലുമേൽക്കാതെ സംരക്ഷിക്കുകയാണ്. കഴുത്തറ്റം സ്വയം അഴിമതിയിൽ മുങ്ങി നിൽക്കുമ്പോൾ മറ്റുള്ളവർക്കെതിരെ വിരൽചുണ്ടാൻ ബിജെപിക്ക് എന്ത് അവകാശമാണുള്ളത്.
സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ, മുതലാളിത്ത അനുകൂല നയങ്ങൾ കാരണം സാധാരണ ജനങ്ങൾ അനിതര സാധാരണമായ കഷ്ടപ്പാടുകൾ നേരിടുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും അന്തമില്ലാത്ത അഴിമതിയും കാരണം ജനജീവിതം ദുരിതക്കയത്തിലായി. സ്വാഭാവികമായും ഗവൺമെന്റിനെതിരെയുള്ള ജനങ്ങളുടെ രോഷം വളരെ പ്രകടമായിരുന്നു. അതുകാരണം ബിജെപിയുടെ ഉന്നത നേതൃത്വം ജനങ്ങളുടെ യാതൊരു വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളായി ഏറ്റെടുത്തില്ല. മറിച്ച് ഹിന്ദുത്വജ്വരം ഉച്ഛസ്ഥായിയിൽ എത്തിക്കാനും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുമാണ് അവർ ശ്രമിച്ചത്. വികസന മുദ്രാവാക്യ ങ്ങൾക്കുപകരം ലൗ ജിഹാദിനെ പ്രധാന വിഷയമാക്കി ഉയർത്തിക്കാട്ടാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളിൽനിന്ന് വിലക്കുന്നത്, ടിപ്പുസുൽത്താനെ ഹിന്ദുവിരുദ്ധൻ എന്ന് മുദ്രകുത്തുന്നത് തുടങ്ങിയവയായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പുകാല വിഷയങ്ങൾ.
ഒരു ഫാസിസ്റ്റ് പദ്ധതിയായ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പല പരിപാടികളും കർണാടക സംസ്ഥാനത്തിലാണ് ആദ്യം നടപ്പിലാക്കിയത്. ഭഗത് സിംഗിനെയും ബസവണ്ണയെയും നാരായണ ഗുരുവിനെയും അംബേദ്കറെയും പറ്റിയുള്ള പാഠഭാഗങ്ങൾ ടെസ്റ്റ് ബുക്കുകളിൽ നിന്നും ഒഴിവാക്കി. എഐഡിഎസ്ഒ യുടെ നേതൃത്വത്തിൽ നടന്ന അതിശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ബൊമ്മെ ഗവൺമെന്റിന് ഈ തീരുമാനങ്ങളെ പിൻവലിക്കേണ്ടി വന്നു.
വംശീയ കലാപത്താൽ മണിപ്പൂർ കത്തിയെരിയുമ്പോൾ പോലും പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഒരു മാസത്തോളം കർണാടകയിൽ തങ്ങി തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തി. രാമക്ഷേത്രം വേണോ ടിപ്പുസുൽത്താനെ വേണോ എന്ന് ചോദിച്ചായിരുന്നു ക്യാമ്പയിൻ. വർഗീയ ഭ്രാന്ത് പിടിച്ച ബജരംഗദൾ എന്ന സംഘടനയെ നിരോധിക്കുമെന്ന് കോൺഗ്രസ് പറഞ്ഞത് ഹനുമാനെ നിരോധിക്കുന്നതിന് തുല്യമെന്ന് പ്രചരിപ്പിച്ചു. ഇതൊന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമായില്ല. മറിച്ച്, തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി വർഗീയ കാർഡ് ഇറക്കുകയും ചരിത്രത്തെ വക്രീകരിക്കുകയും ചെയ്യുന്ന ബിജെപിയുടെ കുടില തന്ത്രങ്ങൾക്കെതിരെ വലിയ അവജ്ഞയാണ് ജനങ്ങൾക്കിടയിലുണ്ടായത്.
കേന്ദ്രസർക്കാർ ആവിഷ്കരിച്ച കാർഷിക നിയമങ്ങൾ കർണാടകത്തിൽ നടപ്പിലാക്കിയിരുന്നു. കർഷകപ്രക്ഷോഭത്തിന്റെ സമ്മർദ്ദത്തിൽ മോദി ഗവൺമെന്റ് ആ നിയമങ്ങൾ പിൻവലിച്ചെങ്കിലും കർണാടക സർക്കാർ അതിന് തയ്യാറായില്ല. പശുവിനെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുവന്ന നിയമം കന്നുകാലി വ്യാപാരത്തെയും ക്ഷീര കർഷകരെയും പ്രതികൂലമായി ബാധിച്ചു. തൊഴിലാളികളുടെ പ്രവർത്തിസമയം എട്ടു മണിക്കൂറിൽ നിന്ന് 12 മണിക്കൂറാക്കി, സ്ത്രീകളെ രാത്രി ഷിഫ്റ്റിന് നിർബന്ധിതമാക്കുന്ന നിയമം പാസാക്കി. ഈ ജനവിരുദ്ധ നീക്കങ്ങളെല്ലാം തന്നെ ബിജെപി സർക്കാരിനെ പറ്റി ജനങ്ങൾക്കിടയിൽ മതിപ്പില്ലാതാക്കി. ഒരു വിഭാഗം ബിജെപി പ്രവർത്തകരിലും അത് വെറുപ്പുളവാക്കി.
കപട കമ്മ്യൂണിസ്റ്റുകളുടെ വഞ്ചന പൊരുതുന്ന
ഇടതുപക്ഷ ബദലിന്റെ സാധ്യതയില്ലാതാക്കി
അധ്വാനിക്കുന്ന ജനങ്ങൾ ഒരു ജനകീയ ബദലിനുവേണ്ടി കാത്തിരുന്ന സമയമായിരുന്നു അത്. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബഹുജനപ്രക്ഷോഭണങ്ങളുടെ ഒരു വേലിയേറ്റം സൃഷ്ടിക്കുവാനായി ഐക്യപ്പെട്ടുകൊണ്ട് ഇടതുജനാധിപത്യ ശക്തികൾക്ക് സംസ്ഥാനത്ത് തീർച്ചയായും ഒരു ഒരു പ്രഭാവം സൃഷ്ടിക്കാൻ ആകുമായിരുന്നു. ഒരു വലതുപക്ഷ ബൂർഷ്വാ പാർട്ടിയായ കോൺഗ്രസ് ഒരു ബദൽ എന്ന നിലയിൽ സ്വയം അവതരിപ്പിക്കുന്നത് തടയുവാനും ആവുമായിരുന്നു.എസ്യുസിഐ(കമ്മ്യൂണിസ്റ്റ്), സിപിഐ, സിപിഐ(എം), സിപിഐ(എംഎല്)ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക്, ആര്പിഐ, സ്വരാജ് ഇന്ത്യ എന്നിങ്ങനെയുള്ള ഏഴ് പാർട്ടിസഖ്യം ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോവിഡ് കാലത്ത് രൂപം കൊണ്ടു. അത് ഒരു ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കി. കൺവെൻഷനുകൾ സംഘടിപ്പിച്ചു. ചില പ്രക്ഷോഭണങ്ങൾ നടത്തി. സംഘടിതമായ, നിരന്തരമായ, ശക്തമായ പ്രക്ഷോണങ്ങ ളിലൂടെ ജനങ്ങളുടെ ഡിമാന്റുകൾ ഉയർത്തിപ്പിടിക്കാനായി അത്തരത്തിലുള്ള പൊരുതുന്ന ഒരു ഇടത് ഐക്യമുന്നണി രൂപം കൊള്ളുകയാണെങ്കിൽ അതിന് ജനങ്ങളുടെ താല്പര്യവും അനുഭാവവും പിടിച്ചെടുക്കാനാവുമെന്ന് മാർക്സിസം-ലെനിനിസം-സഖാവ് ശിബ്ദാസ് ഘോഷ് ചിന്തകളുടെ അടിസ്ഥാനത്തിൽ നമ്മുടെ പാർട്ടി എല്ലായ്പ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. പ്രക്ഷോഭണങ്ങൾ നടന്നുവരുന്ന വേളയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാ ണെങ്കിൽ ഈ പൊരുതുന്ന ഇടത് ഐക്യം തെരഞ്ഞെടുപ്പിനെയും നടന്നുവരുന്ന പ്രക്ഷോഭണങ്ങളുടെ ഭാഗമായി കണ്ടു നേരിടും. പക്ഷേ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നപ്പോൾ തങ്ങളുടെ സോഷ്യൽ ഡെമോക്രാറ്റിക് സ്വഭാവം വെളിവാക്കിക്കൊണ്ട് സിപിഐ കോൺഗ്രസിനോടുംസിപിഐ(എം), ജെഡി(എസ്)നോടും കൂട്ടുചേർന്നു. നമ്മുടെ പാർട്ടിയാകട്ടെ, സ്വന്തം സംഘടനാശേഷി വച്ചുകൊണ്ട്, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബാനർ ഉയർത്തിക്കൊണ്ടും 14 സീറ്റുകളിൽ മത്സരിച്ചു. ബിജെപിയെയും കോൺഗ്രസിനെയും ഒരേപോലെ എതിർക്കുക എന്ന നമ്മുടെ പാർട്ടിയുടെ ലൈനിനെ ജനങ്ങൾ മതിപ്പോടെ കണ്ടു. ശക്തമായ ധ്രുവീകരണത്തിന്റെ സാഹചര്യത്തിൽ സീറ്റുകൾ ഒന്നും നേടാനായില്ലെങ്കിലും നമ്മുടെ മുൻകൈയിൽ വളർത്തിയെടുക്കുന്ന ജനകീയ പ്രക്ഷോഭണങ്ങൾക്ക് ശക്തമായ പിന്തുണ നേടിയെടുക്കാനായി.
ഭരണവിരുദ്ധ വികാരം കോൺഗ്രസിന് നേട്ടമായി
ഇത്തവണ കോൺഗ്രസ് മുന്നേ കൂട്ടി തെരഞ്ഞെടുപ്പിന് തയ്യാറെടുത്തു. ജനങ്ങളുടെ മനസ്ഥിതിയും തങ്ങളുടെ വിജയസാധ്യതയും മണത്തു. ബിജെപിയുടെ ഹിന്ദുത്വമുറവിളികൾക്കെതിരെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന വാഗ്ദാനങ്ങൾ നിരത്തി. അവയിൽ മിക്കവാറുമെല്ലാം ദീർഘകാലമായി ജനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരുന്നവയായിരുന്നു. നമ്മുടെ പാർട്ടിയും മുന്നണി സംഘടനകളും ഈ ഡിമാന്റുകൾ ഉന്നയിച്ചുകൊണ്ട് ദീർഘകാലമായി ഒന്നിനുപുറകെ മറ്റൊന്നായി പ്രക്ഷോഭണങ്ങൾ നടത്തിയിരുന്നു. ഭരണവർഗത്തിന്റെ തന്നെ മറ്റൊരു വിശ്വസ്ത രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ് കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണകക്ഷിയായിരുന്നപ്പോൾ ജനങ്ങളുടെ ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും അധികരിപ്പിക്കുന്ന നയ നടപടികളാണ് സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ കർണാടകയിൽ ഈ കാലയളവിൽ കോൺഗ്രസ് ജനങ്ങളുടെ വിഷയത്തെ അധിഷ്ഠിതമാക്കിയുള്ള യാതൊരു പ്രക്ഷോഭ വേദികളിലും ഇല്ലായിരുന്നു.
ബിജെപിയെപ്പോലെ തന്നെ കോൺഗ്രസിലും ഗ്രൂപ്പ് വഴക്ക് ശക്തമായിരുന്നു. പക്ഷേ വിജയ സാധ്യതയുണ്ടായിരുന്നതിനാൽ തൽക്കാലം ഗ്രൂപ്പ് വഴക്കുകൾ മാറ്റിവെച്ച് തെരഞ്ഞെടുപ്പ് വേളയിൽ ഒരു യോജിച്ച മുഖം പ്രദർശിപ്പി ക്കാനും വലിയൊരു വിജയം നേടാനും കോൺഗ്രസിനായി. പക്ഷേ ഉടൻതന്നെ, ആരാവണം അടുത്ത മുഖ്യമന്ത്രി എന്ന വിഷയത്തെ ചുറ്റിപ്പറ്റി ആന്തരിക സംഘർഷങ്ങൾ ഉടലെടുത്തു. ദേശീയ നേതൃത്വം ഇടപെട്ട് തൽക്കാലത്തേയ്ക്ക് ഒത്തുതീർപ്പുകൾ കൊണ്ടുവന്നുവെങ്കിലും ഭാവിയിൽ എന്ത് സംഭവിക്കുമെന്നതിൽ ആർക്കുമൊരു ഉറപ്പുമില്ല. ഈ നേതാക്കന്മാർ അധികാരക്കൊതിയന്മാരും ജനങ്ങളോട് മമതയില്ലാത്തവരുമാണ്. ഭരണവർഗത്തോട് അതായത് കുത്തകകളുടെ താൽപര്യത്തോട് മാത്രം കൂറുപുലർത്തു ന്നവരാണിവർ.
ബിജെപിയുടെ വർഗീയ ഹിന്ദുത്വവാദത്തിന്
ദക്ഷിണേന്ത്യയിൽ നിന്നുള്ള തിരിച്ചടി, പക്ഷേ..
ദക്ഷിണേന്ത്യ പിടിക്കുക എന്ന ബിജെപിയുടെ ആഗ്രഹത്തിന് കനത്ത തിരിച്ചടി കിട്ടിയെന്ന കാര്യത്തിൽ സംശയമില്ല. ഹിന്ദുത്വ ചേരിയുടെ തിളക്കം കുറഞ്ഞുവെന്നും മോദി കൃത്രിമമായി സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്ന അതിമാനുഷ ഇമേജിന് പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ല എന്നും കാണാം. കർണാടകയിലെ കോൺഗ്രസിന്റെ വിജയം പ്രതിപക്ഷത്തെ ഊർജ്ജസ്വലരാക്കിയെങ്കിലും, ബിജെപിയുടെ വോട്ട് ശതമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ല എന്ന കാര്യം മറക്കരുത്. ആർഎസ്എസ്-ബിജെപി-സംഘപരിവാർ ശക്തികൾ ജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാനും അധികാരത്തിലേയ്ക്ക് വീണ്ടും പിടിച്ചു കയറാനുമായി അവരുടെ ഹിന്ദുത്വ വർഗീയ രാഷ്ട്രീയം കൂടുതൽ ഭ്രാന്തമായി അവതരിപ്പിക്കുകയും ഫാസിസ്റ്റ് തനിരൂപം വെളിവാക്കുകയും ചെയ്യും. മറുവശത്ത്, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം തണുത്ത് കഴിയുമ്പോൾ കോൺഗ്രസ് സർക്കാരും പഴയ പടി കോർപ്പറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങൾ പിന്തുടരും. സ്വാഭാവികമായും അവർക്ക് ജനപിന്തുണ നഷ്ടപ്പെടും. ബിജെപിയിലേയ്ക്കോ, ബദൽ എന്ന നിലയിൽ ഭരണ ബൂർഷ്വാസി തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന മറ്റേതെങ്കിലും മുന്നണിയിലേയ്ക്കോ ജനങ്ങളുടെ പ്രതീക്ഷ ചെന്നെത്തും.
ബൂർഷ്വാ വോട്ട് രാഷ്ട്രീയത്തിന്റെ അർത്ഥശൂന്യതയെ പറ്റി ജനങ്ങള് വ്യക്തമായി മനസ്സിലാക്കുകയും മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെയുള്ള സാമൂഹ്യ മാറ്റത്തിന് തയ്യാറാവുകയും ചെയ്യുന്നതുവരെ, സ്വന്തം ജീവിത ദുരിതങ്ങൾ അധികരിക്കുമ്പോൾ പോലും തെരഞ്ഞെടുപ്പെത്തുമ്പോൾ ഒന്നല്ലെങ്കിൽ മറ്റൊരു ബൂർഷ്വാ ക്യാമ്പിനെ വിജയിപ്പിക്കുന്നത് തുടരും. സർക്കാർ മാറിയാലും ഭരണകൂടവും അവരുടെ നയങ്ങളും മാറില്ലെന്ന സത്യം നമ്മുടെ പാർട്ടി നിരന്തരമായി ചൂണ്ടിക്കാണിക്കുന്നതാണ്.
അതിനാൽ ബിജെപിയുടെ വർഗീയ ജാതീയ അജണ്ടകളെയും കോൺഗ്രസിന്റെ ജനാധിപത്യ മുഖംമൂടിയിട്ടു കൊണ്ടുള്ള മുതലാളിത്താനുകൂല നയങ്ങളെയും തടഞ്ഞുനിർത്തുകയും ജനങ്ങൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്കെതിരെ അവരെ പ്രക്ഷോഭസജ്ജരാക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ പാർട്ടിയുടെയും കർണാടകയിലെ ജനാധിപത്യബോധമുള്ള ജനങ്ങളുടെയും കടമ. വർഗീയതയെയും ഫാസിസത്തെയും കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയംകൊണ്ട് പരാജയപ്പെടുത്താനാവില്ല. സാമ്പത്തിക, രാഷ്ട്രീയ ആക്രമണങ്ങൾക്കെതിരെയുള്ള പ്രക്ഷോഭണങ്ങ ളോടൊപ്പം നിരന്തരമായ ആശയ സാംസ്കാരിക സമരവും അത് ആവശ്യപ്പെടുന്നുണ്ട്.