കെഎസ്ആർടിസി തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച്

Spread our news by sharing in social media

കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ടുമെൻറാക്കുക, സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, വാടകവണ്ടി സമ്പ്രദായം നിർത്തലാക്കുക, മുഴുവൻ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ശമ്പളം മുടക്കം കൂടാതെ നൽകുക, യാത്രാക്ലേശം പരിഹരിക്കുക, പുതിയ ബസ്സുകൾ നിരത്തിലിറക്കുകയും ഷെഡ്യൂളുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുക, ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, ആശാസ്ത്രീയമായ ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ആർടിസി വർക്കേഴ്‌സ് ഫെഡറേഷനും എംപാനൽ കൂട്ടായ്മയും സംയുക്തമായി സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തി.
ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് ജയ്‌സൺ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ പൊതുസ്വത്തായ കെഎസ്ആർടിസിയെ തകർക്കുന്ന നയ-നടപടികളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. ഇതിനെതിരെ തൊഴിലാളി-ബഹുജന പ്രക്ഷോഭണം വളർത്തിയെടുക്കണം. കെഎസ്ആർടിസിയെ സ്വകാര്യവൽക്കരിക്കുവാൻ നീക്കം നടത്തുന്ന സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണത്തെ എതിർക്കുവാൻ എന്ത് ധാർമ്മികതയാണുള്ളതെന്ന് അദ്ദേഹം പേറഞ്ഞു.
കെഎസ്ആർടിസി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എസ്.സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. എംപാനൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് തെരുവാധാരമാക്കുകയല്ല മറിച്ച് സ്ഥിരപ്പെടുത്തുകയാണു വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനു തൊഴിലാളികൾ അണിനിരന്നു. എംപാനൽ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി എം.ദിനേശ് ബാബു മുഖ്യപ്രസംഗം നടത്തി. എഐയുടിയുസി സംസ്ഥാന പ്രസിഡൻറ് ആർ.കുമാർ, വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജി.മധുസൂദനൻ പിള്ള, എംപാനൽ കൂട്ടായ്മ പ്രസിഡൻറ് എസ്.ഡി.ജോഷി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം.എൻ.അനിൽ എന്നിവർ പ്രസംഗിച്ചു. എഐയുടിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ, വർക്കേഴ്‌സ് ഫെഡറേഷൻ നേതാക്കളായ പി.എം.ദിനേശൻ, പി.രാമചന്ദ്രൻ, ആർ.എബി, കെ.ജി.സുരേഷ്‌കുമാർ, പി.ജെ.ലൂക്ക, എംപാനൽ കൂട്ടായ്മ നേതാക്കളായ മാഹീൻ കുഞ്ഞ്, ദീപ് ഡി.ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

Share this