കുത്തകകള്‍ക്കുവേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന മുന്നണികളെ പരാജയപ്പെടുത്തുക. ജനസമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക. എസ്.‌യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക

Suppliment-Cover.jpg
Share

15 -ാമത് കേരളനിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനെ സംസ്ഥാനത്തെ ജനങ്ങൾ അഭിമുഖീകരിക്കുകയാണ്. ഭരണത്തുടർച്ചയ്ക്ക് എൽഡിഎഫും ഭരണം തിരികെ പിടിക്കാൻ യുഡിഎഫും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോൾ ബിജെപി മുന്നണി നില മെച്ചപ്പെടുത്തൽ ലക്ഷ്യം വയ്ക്കുന്നു. ഭരണത്തുടർച്ച, ഭരണമാറ്റം, പുതിയകേരളം, വികസനം തുടങ്ങി പതിവ് മുദ്രാവാക്യങ്ങളുമായി മുന്നണികൾ രംഗത്തുണ്ട്. മുദ്രാവാക്യങ്ങൾക്കും വാഗ്ദാനങ്ങൾക്കും തെരഞ്ഞെടുപ്പോളമേ ആയുസ്സൂള്ളൂ. വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വോട്ടുചെയ്തവരെ അനന്തരം അപഹസിക്കുന്നതും പതിവ് കാഴ്ചതന്നെ.

എവ്വിധവും അധികാരത്തിലെത്തുക എന്ന താൽപര്യത്തെ മുൻനിർത്തി മൂന്ന് മുന്നണികളും ജാതി-മത-സാമുദായിക ശക്തികളെ കൂട്ടുപിടിച്ചും പ്രീണിപ്പിച്ചും വർഗ്ഗീയ ധ്രുവീകരണം നടത്തിയും സ്ഥാനമോഹികളെ കൂടെക്കൂട്ടിയും കരുക്കൾ നീക്കിക്കൊണ്ടേയിരിക്കുന്നു. അന്തഛിദ്രങ്ങളും കൂടുവിട്ട് കൂടുമാറ്റങ്ങളും അവസാനിക്കുന്നില്ല. കക്ഷിഭേദമെന്യെ നേതാക്കൾ സമുദായ നേതാക്കൻമാരുടെയും അതിസമ്പന്നരുടെയും അരമനകൾ കയറിയിറങ്ങുന്നു. രാമക്ഷേത്രവും ശബരിമലയുമാണ് മുന്നണികളുടെ പ്രധാന ചർച്ചാവിഷയങ്ങൾ. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾ തീർത്തും അവഗണിക്കപ്പെടുന്നു.
രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പതനം ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം കനത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. ബിജെപി നയിക്കുന്ന കേന്ദ്ര ഭരണം ഫാസിസ്റ്റ് അന്ധകാരംകൊണ്ട് രാജ്യത്തെ മൂടാൻ ശ്രമിക്കുന്നു. കണക്കറ്റ പണവും ബലിഷ്ഠമായ അധികാരവും ഉപയോഗപ്പെടുത്തി അവർ ഈ രാജ്യത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയെ നിശബ്ദമാക്കാൻ പണിപ്പെടുകയാണ്. ഇതിനെ ചെറുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇടതു പ്രസ്ഥാനങ്ങൾ ഈ അധികാരഘടനയുടെ അവിഭാജ്യഭാഗമായി മാറിക്കൊണ്ട് അപചയത്തിന്റെ വേഗതയേറ്റുന്ന നടപടികളുമായി മുന്നോട്ടുപോകുന്നു. രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തിന്റെ ഭയാനകമായ ഈ പതനത്തെ തടയാനുള്ള ജനാധിപത്യ പ്രതിപ്രവാ ഹത്തെ ശക്തിപ്പെടുത്താൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വിധിയെഴുത്തും വിനിയോഗിക്കുക എന്നതാണ് ജനങ്ങളുടെ മുമ്പിലെ രാഷ്ട്രീയ കടമ.

ഭരണചേരിയും സമരചേരിയും തമ്മിലാണ് മത്സരം.

തെരഞ്ഞെടുപ്പ് രംഗത്ത് യഥാർത്ഥത്തിൽ രണ്ടു ചേരികളേയുള്ളൂ. നേർക്കുനേരെനിന്ന് മൽസരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്ന മുഖ്യധാരാ കക്ഷികൾ പ്രതിനിധാനം ചെയ്യുന്ന ഭരണചേരി. രാജ്യത്ത് നിലനിൽക്കുന്ന മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ പ്രതിനിധികളുടെ ക്യാമ്പാണത്. അവർ പരസ്പരം നടത്തുന്ന ആക്രോ ശവും മൽസരവും വെറും നാടകമാണ്. ഇവരിൽ ആരു തന്നെ വിജയിച്ചുവന്നാലും നിലവിലുള്ള വ്യവസ്ഥയ്ക്ക് ഒരു പോറൽപോലും ഉണ്ടാകില്ല. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് നിലവിലുള്ള സാമ്പത്തികഘടനയെയും അതിന്റെ നയങ്ങളെയും ദൃഢമായി സംരക്ഷിക്കും. കോൺഗ്രസ്സും ബിജെപിയും സിപിഐ(എം)ഉം മുസ്ലീംലീഗും സിപിഐയും കേരളാ കോൺഗ്രസ്സും എല്ലാം ഈ ഭരണചേരിയിലെ വിശ്വസ്ത അംഗങ്ങളാണ്. തെരഞ്ഞെടുപ്പ്, ഭരണത്തിന്റെ ഊഴം തീരുമാനിക്കാനുള്ള മത്സരംമാത്രമാണ്. അതിൽ ജനതാൽപ്പര്യത്തിന്റെ കണികപോലും അന്തർഭവിച്ചിട്ടില്ല.


ജനങ്ങളുടെ വിശാലമായ താൽപ്പര്യത്തെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള ജനാധിപത്യ പ്രവർത്തനങ്ങളുടെ സമരചേരിയാണ് രണ്ടാമത്തേത്. അധികാരതലത്തിൽനിന്നും ജനങ്ങൾക്കെതിരെ നിരന്തരം ഉണ്ടാകുന്ന അതിക്രമങ്ങളെ ചോദ്യം ചെയ്യാനും സംഘടിത ജനകീയശക്തി സമാഹരിച്ച് അവയെ പരാജയപ്പെടുത്താനുമുള്ള പ്രബുദ്ധമായ ജനാധിപത്യ പ്രക്ഷോഭ രാഷ്ട്രീയത്തിന്റെ ചേരിയാണത്.
ജനാധിപത്യത്തെ അർത്ഥപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളെ പ്രതിനിധീകരിക്കുന്ന ഈ ചേരിയെ തെരഞ്ഞെടുപ്പ് രംഗത്ത് നിഷ്പ്രഭമാക്കി പരാജയപ്പെടുത്താനാണ് മുതലാളിത്തശക്തികളും അവരുടെ പിണിയാളുകളും മാധ്യമങ്ങളും ശ്രമിക്കുന്നത്. അളവറ്റ പണവും മൃഗീയമായ അധികാരബലവും ഇരുണ്ട മാധ്യമശക്തിയും ഒത്തൊരുമിച്ച് ജനകീയ സമരചേരിയെ പരാജയപ്പെടുത്തുന്നു എന്നതാണ് ഓരോ തെരഞ്ഞെടുപ്പ് ഫലവും ജനങ്ങൾക്കെതിരാകാൻ ഇടയാക്കിയത്. ഈ തെരഞ്ഞെടുപ്പിലും അത് ആവർത്തിക്കപ്പെടാതിരിക്കാൻ ജനങ്ങൾ അതിയായ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു. ജനാധിപത്യപ്രക്ഷോഭത്തിന്റെ ഈചേരിയെ ശക്തിപ്പെടുത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ തെരഞ്ഞെടുപ്പിന്റെ ഫലം ജനങ്ങൾക്ക് അനുകൂലമാകൂ. ജനങ്ങളുടെ താൽപ്പര്യം അചഞ്ചലം സംരക്ഷിക്കാനാവൂ. തെരഞ്ഞെടുപ്പിന്റെ മുമ്പിലെ സുപ്രധാനമായ ദൗത്യം ഇതുമാത്രമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.

കേന്ദ്ര ബിജെപി ഭരണം
പരസ്യമായ കുത്തകസേവ

കുത്തകകളുടെ കൊള്ളലാഭം പെരുപ്പിക്കുന്നതിനായി, യാതൊരു മറയുമില്ലാതെ, കഴിഞ്ഞ ഏഴു വർഷമായി ബിജെപി നയിക്കുന്ന എൻഡിഎ ഭരണം കൈക്കൊള്ളുന്ന നയങ്ങൾ ജനങ്ങളെ ജീവിതദുരിതങ്ങളുടെ നീർച്ചുഴിയിലകപ്പെടുത്തിയിരിക്കുന്നു.
കോവിഡ് കാലത്തും അംബാനി നിലമെച്ചപ്പെടുത്തി ലോകസമ്പന്നരുടെ പട്ടികയിൽ എട്ടാംസ്ഥാനത്തെത്തി. ഒറ്റവർഷംകൊണ്ട് ആസ്തി ഏറ്റവുമേറെ വർദ്ധിപ്പിച്ചവരുടെ ലിസ്റ്റിൽ അദാനിയുമുണ്ട്. നാടുമുഴുവൻ അംബാനിയും അദാനിയും അടങ്ങുന്ന ഒരുപിടി കുത്തകകൾക്ക് തീറെഴുതുകയാണ് മോദിഭരണം.

റയിൽവേ കുത്തകകൾക്ക്.

151 ട്രയിനുകൾ, റൂട്ടുകൾ, റയിൽവേസ്റ്റേഷനുകൾ തുടങ്ങി 12 ലക്ഷം തൊഴിലാളികളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽസ്ഥാപനം കുത്തകകൾക്ക് കൈമാറുന്നു. എറണാകുളം സൗത്ത് റയിൽവേസ്റ്റേഷനും നാൽപ്പത്തിയെട്ട് ഏക്കർ ഭൂമിയും ചതുരശ്രഅടിക്ക് രണ്ടുരൂപ നിരക്കിൽ അദാനിക്ക് അറുപത് വർഷത്തേയ്ക്ക് പാട്ടത്തിന് നൽകിക്കഴിഞ്ഞു.
അദാനിയുടെ പേര് എഴുതിയ ട്രയിനും ഇൻഡ്യൻ റെയിൽവേയുടെ ട്രാക്കിലൂടെ ഓടിത്തുടങ്ങി. കോവിഡിന്റെ പേരിൽ റഗുലർ സർവ്വീസുകളെല്ലാം സർവ്വീസ് ചാർജ്ജ് അധികമായി കവർന്നുകൊണ്ട് സ്‌പെഷ്യൽ സർവ്വീസുകളാക്കി മാറ്റി. സാധാരണക്കാരന്റെ ആശ്രയമായ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാത്തത് എന്നന്നേക്കുമായി ഇവ അവസാനിപ്പിക്കാനുള്ള നീക്കമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ ചാർജ്ജ് 30 രൂപയാക്കി ഉയർത്തി. സ്വകാര്യ മുതലാളിമാർക്ക് വിട്ടുനൽകിയിട്ടുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ ചാർജ്ജ് 50 രൂപയാണ്.

പൊതുമേഖലകൾ സ്വകാര്യവത്ക്കരിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ മോദി സർക്കാർ നൂറു ശതമാനവും വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുള്ള പൊതുമേഖലാ സംരംഭങ്ങൾ 26 എണ്ണമാണ്. അവയിൽ എയർ ഇൻഡ്യയും എച്ച്എൻഎൽ ഉം ഒഴികെ ബിപിസിഎൽ, ഷിപ്പിംഗ് കോർപ്പറേഷൻ, നാല് കൂറ്റൻ സ്റ്റീൽ പ്ലാന്റുകൾ, ഐറ്റിഡിസി, നീലാച്ചൽ ഇസ്പാത്ത് നിഗം തുടങ്ങിയവയെല്ലാം വൻലാഭത്തിൽ പ്രവർത്തിക്കുന്നവയാണ്. 8ലക്ഷത്തിൽപ്പരം കോടിരൂപയുടെ ആസ്തിയുള്ള ബിപിസിഎൽ കേവലം 66000കോടിരൂപയ്ക്കാണ് കുത്തകകൾക്ക് കൈമാറുന്നത് എന്നതുതന്നെ കൈമാറ്റത്തിന്റെ പിന്നിലെ താൽപര്യത്തിന്റെ വ്യക്തമായ സൂചനയാണ്.

ഉൽപ്പാദന-സംഭരണ-വിതരണമേഖലകൾ കുത്തകകൾക്ക് തീറെഴുതുന്ന കാർഷികനിയമം.

കാർഷികോൽപ്പന്നങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിതരണം എന്നീ നിർണായക മേഖലകളിൽ കുത്തകകൾക്ക് കടന്നുകയറാൻ പാകത്തിന് രൂപകൽപ്പന ചെയ്തിരിക്കുന്ന മൂന്ന് കാർഷിക നിയമങ്ങളാണ് കേന്ദ്ര സർക്കാർ ശബ്ദവോട്ടോടെ പാർലമെന്റിൽ പാസ്സാക്കിയത്.
വൻകിടമുതലാളിമാരുടെ ചന്തകൾ മാത്രം അവശേഷിക്കത്തക്കവിധം സർക്കാർ സംഭരണവും താങ്ങുവിലയും ഇല്ലാതാക്കുക, കൃഷിയുടെ കരാർവൽക്കരണം ഉറപ്പാക്കുക, കർഷകരുടെ ഉൽപ്പന്നങ്ങൾ തുഛവിലയ്ക്ക് തട്ടിയെടുക്കാനും പൂഴ്ത്തിവച്ച് കൃത്രിമമായി വില ഉയർത്തി കൊള്ളലാഭം കുന്നുകൂട്ടാനും വൻകിട മുതലാളിമാർക്ക് വഴിയൊരുക്കാൻ വേണ്ടിയുള്ളതാണ് ഈ കാർഷിക നിയമങ്ങളെന്ന് കർഷകർ സ്വയം തിരിച്ചറിഞ്ഞാണ് കൊടിയ കഷ്ടപ്പാടുകൾ സഹിച്ച് ഇന്ന് സമരരംഗത്ത് ഉറച്ചുനിൽക്കുന്നത്. ഏതൊരു കഠിനഹൃദയവും അലിഞ്ഞുപോകുന്ന സഹനത്തിന്റെയും ത്യാഗത്തിന്റെയും വാർത്തകളാണ് സമരഭൂമിയിൽനിന്ന് നാം കേൾക്കുന്നത്. നിയമങ്ങൾക്കുവേണ്ടിയുള്ള നിലപാടിൽനിന്ന് കടുകിട പിന്നോട്ടില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകവഴി മുതലാളിമാർ ക്കായി തങ്ങൾ എത്രമേൽ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുകയാണ് ബിജെപി സർക്കാർ.

ബാങ്കിംഗ്, ഇൻഷ്വറൻസ്
മേഖലകളും വിൽപ്പനയ്ക്ക്.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാല് ബാങ്കുകളും ഇൻഷ്വറൻസ് മേഖലയും വിൽപ്പനയ്ക്ക് വച്ചുകഴിഞ്ഞു. കോവിഡിന്റെ മറയിൽ കൊണ്ടുവന്ന ആത്മനിർഭരഭാരത് പാക്കേജ്, അവശേഷിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പനയുടെ ഗതിവേഗം വർദ്ധിപ്പിച്ചു. വിൽപ്പനയുടെ പൂർത്തീകരണം വിളംബരം ചെയ്യുന്നതാണ് കേന്ദ്രബജറ്റ്. കാർഷികനിയമംപോലും അതിന്റെ മറപടിച്ച് വന്നതാണ്.
കൽക്കരി ഖനന മേഖലയിൽ അഞ്ഞൂറോളം ബ്ലോക്കുകൾ ലോഹ- ധാതു ഖനനം നടത്താൻ സ്വകാര്യ മുതലാളിമാർക്ക് ലേലം ചെയ്ത് നൽകാൻ തീരുമാനിച്ചു. തന്ത്രപ്രധാനമായ പ്രതിരോധമേഖലയിൽ 74 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. തുറമുഖങ്ങൾ ഉൾപ്പെടെ ഒന്നൊഴിയാതെ എല്ലാ മേഖലകളും കുത്തകകൾക്ക് കൈമാറുന്നു. സ്വകാര്യടെലിഫോൺ കമ്പനികൾക്കുവേണ്ടി ബിഎസ്എൻഎല്ലിനെതകർക്കുന്നു.
പൊതുവിദ്യാഭ്യാസത്തിന്റെ മരണമണിയാണ് ദേശീയ വിദ്യാഭ്യാസനയം 2020. വൈദ്യുതി നിയമം 2020 വൈദ്യുതമേഖലയുടെ സ്വകാര്യവത്ക്കരണം ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ആരോഗ്യമേഖലയും സമ്പൂർണമായും കുത്തകകളുടെ കൈപ്പിടിയിലായി. നാഷണൽ ഹെൽത്ത് മിഷൻ ലക്ഷ്യം വയ്ക്കുന്നത് മറ്റൊന്നല്ല.
44 തൊഴില്‍ നിയമങ്ങൾ ഭേദഗതി ചെയ്ത് മുതലാളിമാർക്ക് അനുകൂലമായ 4 കോഡുകൾ ആക്കിമാറ്റിക്കൊണ്ട് രാജ്യത്തെ പണിയെടുത്ത് ജീവിക്കുന്ന നിർദ്ധനരായ മനുഷ്യരെ നിരായുധരാക്കി മുതലാളിയുടെ ലാഭാർത്തിയുടെ മുമ്പിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്.

ഇന്ധന വിലവർദ്ധനവ് എന്ന തീവെട്ടിക്കൊള്ള.

അടിക്കടിയുള്ള ഇന്ധനവിലവർദ്ധനവിലൂടെ കോടിക്കണക്കിന് രൂപയാണ് കുത്തകകൾ നിത്യേന ആദായമുണ്ടാക്കുന്നത്. കോവിഡ് കാലത്ത് ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം ജനങങൾക്ക് നൽകാതെ എക്‌സൈസ് ഡ്യൂട്ടി പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും വർദ്ധിപ്പിച്ചു. ഫാംസെസ്സ് എന്നപേരിൽ നികുതി വീണ്ടും ചുമത്തി. പെട്രോ ളിയം ഉൽപ്പന്നങ്ങളുടെ വില നർണയിക്കുവാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് കൈമാറിയതിന്റെ പരിണത ഫലമാണ് വിലക്കയറ്റം. പാചകവാതകത്തിന്റെ വില സിലിണ്ടറിന് മൂന്നു മാസത്തിനുള്ളിൽ 226 രൂപ വർദ്ധിച്ച് അത് 826 രൂപയായിരിക്കുന്നു. വാണിജ്യാവശ്യത്തിനുള്ള എൽപിജിയുടെ വില സിലിണ്ടറ് 1604 രൂപയായി. പാചകവാതക സബ്‌സിഡി നിർത്തലാക്കിയതിലൂടെ സർക്കാർ സമാഹരിച്ചത് 20000കോടി രൂപയാണ്.
പൊതുമേഖലബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേയ്ക്ക് കടന്നുകളഞ്ഞ കുത്തകകൾക്ക് കോവിഡ് കാലയളവിൽ ഇളവുചെയ്തുകൊടുത്തത് 68,000കോടി രൂപ. 2019-20 കാലയളവിൽ കുത്തകകളുടെ കിട്ടാക്കടം ബാങ്കുകൾ എഴുതിത്തള്ളിയത് രണ്ടരലക്ഷംകോടി രൂപ. ഇതിനു പുറമേ കോർപ്പറേറ്റ് നികുതി വെട്ടക്കുറച്ചതും നോട്ടുനിരോധനവും ജിഎസ്‌ടിയുമൊക്കെ കുത്തകകൾക്കുവേണ്ടിത്തന്നെയായിരുന്നു എന്നത് നിസ്സംശയം തെളിയിക്കപ്പെട്ടുകഴിഞ്ഞു.

ജനാധിപത്യധ്വംസനങ്ങളും പൗരാവകാശലംഘനങ്ങളും മോദി ഭരണത്തിന്റെ മുഖമുദ്ര.

അന്ധവും ഭ്രാന്തവും ഭൂരിപക്ഷവർഗ്ഗീയവികാരവുമായി ലയിച്ചുചേർന്നതുമായ ദേശീയവികാരം കുത്തിപ്പൊക്കി അതാണ് ദേശസ്‌നേഹമെന്ന് വരുത്തിത്തീർക്കാനും രാജ്യത്തെ ഒരു ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്നവർ രാജ്യത്തോട് കൂറില്ലാത്തവരാണെ ന്നുള്ള പൊതുധാരണയുണ്ടാക്കാനും ശ്രമിക്കുന്നു. കുത്തക മൂലധനത്തിന്റെ ചൂഷകവാഴ്ചയ്‌ക്കെതിരെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ യോജിച്ച പ്രക്ഷോഭം വളർന്നുവരുന്നത് തടയുന്നതിന് വേണ്ടിയാണ് അവർ ഹിന്ദുത്വത്തെയും ഹിന്ദുതാല്പര്യത്തെയും പറ്റി പറഞ്ഞ് ജനങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നത്. എൻആർസിയും സിഎഎയും നടപ്പിലാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന്റെയും താൽപര്യം മറ്റൊന്നല്ല. എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്നു. ജനാധിപത്യധ്വംസനങ്ങളും പൗരാവകാശലംഘനങ്ങളും മോദി ഭരണത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞു. അത് രാജ്യത്തിനുള്ളിൽ മാത്രമല്ല, ലോകമെമ്പാടും മനുഷ്യസ്‌നേഹികളുടെ രൂക്ഷമായ വിമർശത്തിന് ഇടയാക്കിയിരിക്കുന്നു. ഭീമകൊറേഗാവ്, പുൽവാമ തുടങ്ങിയ സംഭവങ്ങൾ തീവ്രവാദപ്രവർത്തനങ്ങൾ ബിജെപി നേരിട്ട് ആസൂത്രണം ചെയ്യുന്നു എന്നതിനും തെളിവായി.
വിലക്കയറ്റവും തൊഴിലില്ലായ്‌മയും സാധാരണക്കാരന്റെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നു. തൊഴിലില്ലായ്‌മ രാജ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളിൽ മുൻനിരയിലാണ് യുപി പോലുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ഉപായമന്വേഷിച്ച് ജനങ്ങൾ പരക്കം പായുന്നു. ലോക്ഡൗൺ കാലത്ത് പിറന്നനാട്ടിൽ തിരികെയെത്താൻ നൂറുകണക്കിന് കിലോമീറ്ററുകൾ നടന്നുനീങ്ങിയ തൊഴിലാളികളുടെ ദൈന്യാവസ്ഥ ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളുടെ നേർചിത്രമാണ്.
രാജ്യതലസ്ഥാനത്ത് കർഷകസമരം നാലുമാസമെത്തുന്നു. 250ലേറെയാളുകൾ സമരഭൂമിയിൽ ഇതിനകം മരിച്ചുവീണു. പാവപ്പെട്ടവന്റെ മിനിമം ബാലൻസില്ലാത്ത അക്കൗണ്ടുകളിൽനിന്നും ബാങ്കുകൾ പണം പിടുങ്ങുന്നത് അനസ്യൂതം തുടരുന്നു.
മോദിയുടെ രാജ്യം കർഷകന്റേതുമല്ല, തൊഴിലാളിയുടേതുമല്ല വൻകിട മുതലാളിമാരുടേത് മാത്രമാണ്. നരേന്ദ്രമോദിയും ബിജെപിയും ഭരിക്കുന്നത് കുത്തകകൾക്കുവേണ്ടിമാത്രമാണ്. ജനങ്ങളുടെ എതിർപക്ഷത്താണ് ബിജെപി എന്നത് തർക്കത്തിനിടയില്ലാതെ തെളിയിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുക എന്നത് തെരഞ്ഞെടുപ്പിന്റെ മുന്നിലെ പ്രധാന കർത്തവ്യമാണ്.

ആഗോളവത്ക്കരണ നയങ്ങൾ
ആവിഷ്‌ക്കരിച്ചത് കോൺഗ്രസ്.

കാടും കടലും കരിമണലും കുടിവെള്ളമടക്കമുള്ള പ്രകൃതി വിഭവങ്ങളും ജനങ്ങൾ വിയർപ്പൊഴുക്കി പടുത്തുയർത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുമെല്ലാം സ്വകാര്യവത്ക്കരിക്കുന്ന ആഗോളവത്ക്കരണ നയങ്ങൾക്ക് തുടക്കമിട്ടത് 1991ൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന് പുതിയ സാമ്പത്തിക വ്യവസായനയങ്ങൾ ആവിഷ്‌ക്കരിക്കുകവഴി കോൺഗ്രസ് ആണ്. കാർഷികരംഗമാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക നിയമങ്ങളും യുപിഎ സർക്കാരിന്റെ നയങ്ങളുടെ തുടർച്ചയാണ്. കുത്തകകളുടെ വിശ്വസ്തപ്രസ്ഥാനമെന്ന് ഇതിനകം തെളിയിച്ചിട്ടുള്ള കോൺഗ്രസ്സും ജനങ്ങളുടെ എതിർ ചേരിയിലാണ്, അക്കൂട്ടരും പരാജയപ്പെടുകതന്നെവേണം.

സ്വകാര്യ നിക്ഷേപത്തിനു
വീഥിയൊരുക്കലാണ് ഭരണം.

കുത്തകകള്‍ക്കായി പദ്ധതിയൊരുക്കുന്നതില്‍ അഞ്ചുവര്‍ഷം കേരളം ഭരിച്ച ഇടതുമുന്നണി സര്‍ക്കാരും കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും അതേ പായയിലായിരുന്നുവെന്നത് നയങ്ങള്‍ തെളിയിക്കുന്നു.
സെമി സ്പീഡ് റെയിൽ കോറിഡോർ(കെ-റെയിൽ) എന്ന കൂറ്റൻ നിർമ്മാണ പ്രോജക്റ്റ് മുതൽ വനങ്ങൾക്കു സമീപം പ്രവർത്തിക്കുന്ന ക്വാറികളുടെ ദൂരപരിധി കുറയ്ക്കാനുള്ള തീരുമാനത്തിൽവരെ സ്വകാര്യ മൂലധന സേവയുടെ ഈ സമീപനം കാണാം. സംസ്ഥാനത്തിന്റെ വരുമാനത്തിന് ഒട്ടും ആനുപാതികമല്ലാത്തവിധം കൂറ്റൻ വായ്പകളെടുത്ത് നടത്തുന്ന ഇത്തരം നിര്‍മ്മാണപ്രവർത്തനങ്ങൾ കേരളത്തിന്റെ അന്തകനായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇതു വികസനമല്ല. വിനാശമാണ്.
കെഎസ്‌ഇബിയുടെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കേബിൾ വഴി ഇൻർനെറ്റ് ലഭ്യത വീടുകളിലെത്തിക്കുക എന്നതാണ് കെ-ഫോൺ പദ്ധതി. സംസ്ഥാന സർക്കാർ 1100 കോടി രൂപ മുടക്കി, ഇന്റർനെറ്റ് സേവനദാതാക്കളായ ജിയോക്കും മറ്റുള്ളവർക്കുംവേണ്ടി നടത്തുന്ന അടിസ്ഥാന സൗകര്യമൊരുക്കലിന്റെ പേരാണ് കെ-ഫോൺ.
ആഴക്കടൽ മൽസ്യബന്ധനത്തിനും മൽസ്യസംസ്‌കരണത്തിനുംവേണ്ടി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ ഇൻഡ്യൻ കമ്പിനിയുമായി ഉണ്ടാക്കിയ കരാറും ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ടതാണ്. കേരള തീരത്തെ മൽസ്യ സമ്പത്ത് കൊള്ളയടിക്കാനുള്ള പുതിയ മേഖല നിക്ഷേപകന് തുറന്നുകൊടുക്കുക; ഭരണം തുടങ്ങിയ 2016 മുതൽ ഇന്നുവരെ ഈ ലക്ഷ്യത്തോടെ നടപ്പാക്കിയതോ പ്രഖ്യാപിച്ചതോ ആയ പദ്ധതികളിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്.

ഭരണസിരാകേന്ദ്രം
കണ്‍സള്‍ട്ടന്‍സികളുടെ താവളം.

പിണറായി ഭരണത്തിൽ ആഗോളഫണ്ടിങ്ങ് ഏജൻസികളും കൺസൾട്ടൻസികളും കേരളത്തിൽ അടിമുടി പിടിമുറുക്കി. തീവ്ര വലത് നയങ്ങളുടെ വക്താവും ലോക ബാങ്കിന്റെ മുതിർന്ന സാമ്പത്തിക വിദഗ്ധയുമായ ഗീതാ ഗോപിനാഥ് ആയിരുന്നു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക. പ്രളയാനന്തര പുനർനിർമാണ ത്തിന്റെ കൺസൾട്ടൻസി കെപിഎംജി എന്ന കുപ്രസിദ്ധ സ്ഥാപനത്തിനായിരുന്നു. സംഭാവനയായും സാലറി ചലഞ്ചിലൂടെയും ലഭിച്ച ഭീമമായ തുകയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതിന്റെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കോവിഡ് രോഗികളുടെ വ്യക്തിപരമായ വിവരങ്ങളും ആരോഗ്യപരമായ വിവരങ്ങളും ശേഖരിക്കാൻ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലർക്ക് അനുമതി നൽകി. കുപ്രസിദ്ധമായ കൺസൾട്ടൻസികളുമായുള്ള ഗൂഢമായ ഇടപാടുകളിലൂടെ അരങ്ങേറുന്ന പ്രോജക്‌റ്റുകളും അവിഹിത ഇടപാടുകളുമാണ് കേരളത്തെ ഇളക്കിമറിച്ച സ്വർണ്ണക്കടത്ത് കേസിലൂടെ പുറത്തുവന്നത്.

സ്വകാര്യനിക്ഷേപത്തിന്
കിഫ്ബി പാതയൊരുക്കുന്നു.

മുതലാളിമാർക്കുവേണ്ടി അടിസ്ഥാനസൗകര്യ വികസന കമ്പോളം സർക്കാർ ചെലവിൽ സൃഷ്ടിക്കുന്ന വഞ്ചനയാണ് കിഫ്ബി. ജനങ്ങളുടെ നികുതിപ്പണവും കടമെടുത്തപണവും ബജറ്റിൽ ഉൾപെടുത്തി പ്രഖ്യാപിക്കുകയും, സർക്കാർ നിയന്ത്രണ സംവിധാനത്തിന്റെ വെളിയിൽ ചെലവഴിക്കുകയും, ഭരണഘടനാപരമായ ഓഡിറ്റുകൾ ഒഴിവാക്കുകയും, വരുത്തിവയ്ക്കുന്ന ബാധ്യത മുഴുവൻ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്ന ഒരു സൂപ്പർ സർക്കാരാണ് കിഫ്ബി. സ്വന്തമായ വരുമാന ഉറവിടമില്ലാത്ത കിഫ്ബിയുടെ ഫണ്ട് അടിസ്ഥാനപരമായി സമാഹരിക്കുന്നത് വായ്പയിലൂടെയാണ്. സർക്കാർ ഗ്യാരണ്ടിയിലാണ് വായ്പ എടുക്കുന്നത്. ജനങ്ങളുടെ ശിരസ്സിൽ വായ്പയുടെ ഭരം അടിച്ചേൽപ്പിക്കപ്പെടും.
പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തിന്റെ കടം 1,60,638 കോടി രൂപയായിരുന്നു. കാലാവധി പൂർത്തിയാകുമ്പോൾ അത് രണ്ട് മടങ്ങ് വർദ്ധിച്ച് 3,01,642 കോടി രൂപയായി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പലിശ കൊടുക്കാൻവേണ്ടി മാത്രം വിനിയോഗിച്ചിരിക്കുന്നത് 83,486 കോടി രൂപയാണ്. റവന്യൂ വരുമാനത്തിന്റെ അഞ്ചിലൊന്ന് ഇപ്പോൾതന്നെ പലിശ കൊടുക്കാൻമാത്രം ചെലവഴിക്കുന്നു.

തൊഴിലിനായി അലയുന്ന
യുവത്വം കേരളത്തിന്റെ നെഞ്ചു നീറ്റുന്ന കാഴ്ച.

രളത്തിൽ തൊഴിലില്ലായ്മ അതിന്റെ മൂർദ്ധന്യത്തിലാണ്. സിവിൽ എക്‌സൈസ് റാങ്ക് ലിസ്റ്റിൽ 77-ാം സ്ഥാനത്തുണ്ടായിരുന്ന തിരുവന്തപുരത്തുകാരനായിരുന്ന അനു എന്ന ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ തൊഴിലില്ലായ്‌മയുടെ രൂക്ഷതയുടെയും ചെറുപ്പക്കാര്‍അഭിമുഖീകരിക്കുന്ന ജീവിതനൈരാശ്യത്തിന്റെയും നേർചിത്രമാണ്. നൂറ് ദിനംകൊണ്ട് അഞ്ച് ലക്ഷം പേർക്ക് നിയമനം നൽകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയും ഉദ്യോഗാർത്ഥികളെയും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയുമൊക്കെ വഞ്ചിച്ച്, തസ്തികകൾ പലതും ഇല്ലാതാക്കിഅപ്രഖ്യാപിത നിയമനനിരോധനം കൊണ്ടുവന്നു. ഒപ്പംതന്നെ സിപിഐ(എം) ഒരു സമാന്തര ഏജൻസിയായി മാറിക്കൊണ്ട് കരാർ നിയമനം, ബന്ധുനിയമനം, പിൻവാതിൽ നിയമനം എന്നിങ്ങനെ വേണ്ടപ്പെട്ടവരുടെ സ്ഥിരനിയമനത്തിന് മറ്റൊരു ഔദ്യോഗിക റൂട്ട് സൃഷ്ടിച്ചു.
പിഎസ്‌സിയിൽ ഓരോ വർഷവും വിവിധ പരീക്ഷകളെഴുതി കാത്തിരിക്കുന്നവരുടെയും തൊഴിലില്ലാതെ അലയുന്ന യുവാക്കളുടെയും എണ്ണം കൂട്ടിയാൽ എണ്ണം ഒരുകോടിയോളം വരും. എസ്എസ്എൽസി മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകളിലേക്കായി പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയ്ക്കു ഇതുവരെ അപേക്ഷിച്ചത് 24 ലക്ഷം പേരാണ്. അവരിൽ ഉന്നത ബിരുദധാരികളുമുണ്ട്. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ കണക്കനുസരിച്ച് കേരളത്തിൽ 15നും 29നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലാത്തവരുടെ എണ്ണം 40.5 ശതമാനമാണ്. കേന്ദ്രസർക്കാർ നടത്തിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവ്വേ ഫല പ്രകാരമാണിത്. ഈ വർഷം ജനുവരി 14ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നായിരുന്നു. 2018-19ലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണത്. കോവിഡ് കാലത്തെ കണക്കുകൂടി കിട്ടിയാൽ തൊഴിലില്ലായ്മ നിരക്ക് വളരെ വലുതായിരിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നിയമനം കൊടുത്ത് യുവാക്കളുടെ ഭാവി സംരക്ഷിയ്ക്കുവാൻ നിലവിലുള്ള പിഎസ്‌സി വകുപ്പുകൾ പ്രകാരം സാധ്യമായിട്ടും സർക്കാർ തൊഴിൽ രഹിതരെ തെരുവിൽ തള്ളാനാണ് തീരുമാനിച്ചത്.

പണം മുടക്കിയാൽ മാത്രം ലഭിക്കുന്ന വിദ്യാഭ്യാസം.

കോർപ്പറേറ്റുകളുടെ മൂലധന നിക്ഷേപത്തിനനുകൂലമായ ചിന്തകളുടെയും നയങ്ങളുടെയും സമാഹാരമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. അതിന്റെ കൃത്യമായ നടപ്പാക്കലാണ് കേരളത്തിലും കാണുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആരംഭിച്ച ഏതാണ്ട് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും സ്വകാര്യമുതലാളിമാരുടേതാണ്. മുതലാളിമാർതന്നെ യഥേഷ്ടം ഫീസും കോഴ്‌സും നിശ്ചയിക്കുന്നു. ആട്ടോണമസ് കോളേജുകളും സ്വകാര്യ സർവ്വകലാശാലകളും ഡീംഡ് യൂണിവേഴ്‌സിറ്റികളുമെല്ലാം ഇതേ ലക്ഷ്യത്തോടെ വരുന്നവയാണ്. ഗവേഷണ മേഖലയ്ക്കുള്ള സർക്കാർ ഫണ്ട് ഏതാണ്ട് നിലയ്ക്കുകയാണ്. ഗവേഷണഫലം മുതലാളിമാർക്ക് വിൽക്കാനുള്ള കരാർ മുൻകൂറായി ഉണ്ടാക്കിക്കൊണ്ട് അവരിൽനിന്ന് ഫണ്ട് തരപ്പെടുത്തി ഗവേഷണം നടത്താനാണ് വിദ്യാർത്ഥികളോട് സർക്കാരുകൾ ഉപദേശിക്കുന്നത്.

ഇടതുഭരണത്തിൽ കേരളം തൊഴിലവകാശങ്ങളുടെ
ശവപ്പറമ്പ്.

സംസ്ഥാനത്തെ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന 14.2 ലക്ഷം തൊഴിലാളികൾക്ക് ജീവൻ നിലനിർത്താനുള്ള മിനിമം കൂലിയോ അവകാശങ്ങളോ ഉറപ്പാക്കപ്പെടുന്നില്ല. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ, ഇതര ആശുപത്രി ജീവനക്കാർ, അൺ എയ്ഡഡ് സ്‌കൂൾ അധ്യാപകർ, സ്വകാര്യ പ്രീ പ്രൈമറി അധ്യാപകർ, അനധ്യാപകർ, ഷോപ്പുകളിലും മറ്റ് സ്ഥാപനങ്ങളിലും പണിയെടുക്കുന്നവർ, സെക്യൂരിറ്റി ജീവനക്കാർ, ഗാർഹിക തൊഴിലാളികൾ, ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ തുടങ്ങിയവർക്ക് മനുഷ്യോചിതമായ ജീവിതംതന്നെ സാധ്യമല്ല. കശുവണ്ടി, തോട്ടം, കയർ തുടങ്ങിയ മേഖലകളിലെ ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിലും മിനിമം വേതനവും നഷ്ടപ്പെട്ടവരായിട്ടും തൊഴിലാളി സൗഹൃദമായ ഒരു വാക്കുപോലും ഉച്ചരിക്കാൻ സർക്കാർ തയ്യാറായില്ല.
സംസ്ഥാനത്തെ ചുമട്ടു തൊഴിലാളികളെ പിടിച്ചുപറിക്കാരും ഗുണ്ടകളുമാക്കി ചിത്രീകരിച്ചുകൊണ്ട്, രണ്ടുവർഷംവരെ ജയിലിൽ അടയ്ക്കാനും പിഴ ചുമത്താനും വ്യവസ്ഥ ചെയ്യുന്ന നിയമം സർക്കാർ കൊണ്ടുവന്നു. തൊഴിൽ നിയമങ്ങൾ തകർക്കുന്ന കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നയങ്ങളെ പിന്തുടർന്നുകൊണ്ട് സംസ്ഥാന സർക്കാറും ലേബർ ഇൻസ്‌പെക്ടർമാരെ ‘ഫെസിലിറ്റേറ്റർ’ ആക്കി മാറ്റി.
നിലവിലുള്ള തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, 700ഓളം കശുവണ്ടി ഫാക്ടറികൾ ഏകപക്ഷീയമായി അടച്ചുപൂട്ടി, രണ്ടു ലക്ഷത്തോളം തൊഴിലാളികളെ തെരുവാധാരമാക്കി മാറ്റിയപ്പോൾ സർക്കാർ നിയമലംഘകരായ കശുവണ്ടി മുതലാളിമാർക്കൊപ്പംനിന്നു. പി.എഫ്, ഇഎസ്‌ഐ എന്നിവ നിഷേധിച്ചതിനെതിയും തൊഴിലാളികൾ സമരം ചെയ്തപ്പോൾ സർക്കാറും തൊഴിൽ വകുപ്പും തൊഴിലുടമകൾക്ക് ഒപ്പമായിരുന്നു. തോട്ടം മേഖലയിൽ അടിമപ്പണിയിൽ തളച്ചിടപ്പെട്ട തൊഴിലാളികൾ, തോട്ടം ഉടമകളുടെയും യൂണിയൻ നേതൃത്വങ്ങളുടെയും കടുത്ത ചൂഷണത്തിനും വഞ്ചനയ്ക്കും എതിരെ മൂന്നാറിൽ സമരപാതയിൽ എത്തിയിട്ടും തോട്ടം മേഖലയിലെ അതീവ ദയനീയമായ തൊഴിൽ സാഹചര്യത്തിൽ ഗണനീയമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല.
കേരളത്തിൽ പണിയെടുക്കുന്ന ആശാവർക്കർമാരുടെ എണ്ണം 27000 ആണ്. ആരോഗ്യവകുപ്പിന് കീഴിൽ എട്ടുംപത്തും മണിക്കൂർ നീണ്ട ഫീൽഡ്‌വർക്ക് മുതൽ ആശുപത്രി ഡ്യൂട്ടിയടക്കം ചെയ്യേണ്ടിവരുന്ന ഇവർക്ക് നാമമാത്രമായ വേതനമാണ് ലഭിക്കുന്നത്. അതാകട്ടെ എപ്പോഴും നാലുമാസത്തിലധികം കുടിശികയുമായിരി ക്കും. അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടയെും സ്ഥിതിയും വ്യത്യസ്തമല്ല.

കെഎസ്‌ആര്‍ടിസിയെ
തകര്‍ത്തു.

പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്‌മെൻറ് ആക്കി നിലനിർത്തി സംരക്ഷിക്കുന്നതിന് പകരം സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി സൃഷ്ടിച്ച് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് കേരളത്തിൽ ആദ്യമായി നടപ്പാക്കുന്നത് ഈ സ്വിഫ്റ്റ് എന്ന കമ്പിനിയിലാണ്. കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം ഏതാണ്ട് അസ്തമിച്ച അവസ്ഥയിലാണ്.
കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും വേളയിൽ മാസങ്ങളായി ജോലിയില്ലാതെ ദുരിതത്തിലായ നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള അസംഘടിത-കരാർ-കാഷ്വൽ തൊഴിലാളികൾക്ക് നാമമാത്രമായ തുക മാത്രം ക്ഷേമനിധികളിലൂടെ നൽകിക്കൊണ്ട് സർക്കാർ കൈകഴുകി. എന്നാൽ സാമ്പത്തിക ഞെരുക്കം പറഞ്ഞ് പിരിവ് നടത്തിയ മുഖ്യമന്ത്രി, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പരസ്യത്തിനായി പ്രതിദിനം കോടികൾ ചെലവഴിക്കുന്നു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കും എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ വാഗ്ദാനം ചെയ്ത എൽഡിഎഫ് സർക്കാർ, തങ്ങളുടെ കാലാവധി കഴിയുമ്പോഴും പങ്കാളിത്ത പെൻഷൻ പദ്ധതി നിലനിർത്തിയിരിക്കുന്നു.

മദ്യത്തിൽ മുങ്ങിയ കേരളം.

ഇടതുമുന്നണി അധികാരത്തിൽ വരുമ്പോൾ 29 ബാറുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇന്നത് 565 എണ്ണമായി വർദ്ധിച്ചു. വിദ്യാലയങ്ങൾ, ദേവാലയങ്ങൾ, പൊതുശ്മശാനങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗ കോളനികൾ എന്നിവയിൽനിന്ന് ബാറുകൾക്കുള്ള ദൂരപരിധി 200 മീറ്റർ എന്ന വ്യവസ്ഥമാറ്റി 50 മീറ്ററായി വെട്ടിച്ചുരുക്കി. ദേശീയ പാതയ്ക്കരുകിൽ മദ്യശാല നിരോധിച്ച ഉത്തരവിൽനിന്നും പഞ്ചായത്ത് പ്രദേശങ്ങളിലെ മദ്യശാലകളെ ഒഴിവാക്കണം എന്ന അപേക്ഷയുമായി സുപ്രീംകോടതിയിൽ പോയി. പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലെ മദ്യശാലകളെ ദേശീയ പാതാ ദൂരപരിധിയിൽനിന്ന് ഒഴിവാക്കാം എന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളെല്ലാം പട്ടണസ്വഭാവമുള്ളവയായി പ്രഖ്യാപിച്ച് മദ്യശാലകൾക്ക് അനുമതി നൽകി. ബ്രൂവറികളും ഡിസ്റ്റിലറികളുമുൾപ്പെടെ നാലെണ്ണം തുടങ്ങാനെടുത്ത തീരുമാനം പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കി. പബ്ബുകളും രാത്രികാല ഉല്ലാസ കേന്ദ്രങ്ങളുംവരെ ആലോചിക്കുന്ന സർക്കാരാണ് വിമുക്തി പരസ്യത്തിനായി കോടികൾ ചെലവഴിക്കുന്നത്.
മദ്യലഭ്യതയില്ലാതെയാക്കിയാൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ ജനങ്ങളുടെ മദ്യപാനശീലം എന്ന് ലോക്ഡൗൺകാലം തെളിയിച്ചതാണ്. എന്നാൽ കോവിഡ് ഭീഷണി നിലനിൽക്കുമ്പോഴും തിടുക്കപ്പെട്ട് ബെവ്ക്യൂ ആപ്പ് ഉണ്ടാക്കി ബാറും ബിവറേജസ് ഔട്‌ലെറ്റുകളും തുറന്നത് ബാറുടമകളുടെ ലാഭാസക്തി ശമിപ്പിക്കാനായിരുന്നു.

സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കനത്ത വെല്ലുവിളി
ഉയർത്തിയ ഇടതുഭരണം.

ലപാതകം ഉയർത്തിയ ജനവികാരംകൂടി മുതലെടുത്തു കൊണ്ട് അധികാരത്തിലെത്തിയ എൽഡിഎഫ്, സ്ത്രീസുരക്ഷയുടെ രംഗത്ത് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. സംസ്ഥാനത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച വാളയാറിലെ രണ്ട് പെൺകുഞ്ഞുങ്ങളുടെ കൊലപാതക കേസ്സ് കൈകാര്യം ചെയ്ത ഒരൊറ്റ ഉദാഹരണം മതി സ്ത്രീസുരക്ഷയോടുള്ള ഇടത് പോലീസിന്റെയും സർക്കാരിന്റെയും സമീപനം വ്യക്തമാകാൻ. വാളയാർ കേസ്സിൽ പോലീസും പ്രോസിക്യൂഷനും വരുത്തിയത് വീഴ്ചകളായിരുന്നില്ല, ബോധപൂർവ്വം പ്രതികളെ രക്ഷിക്കുന്നതിനു വേണ്ടി നടത്തിയ ക്രിമിനൽ നീക്കങ്ങളായിരുന്നു. പാലത്തായി കേസിലും സർക്കാർ ഒത്തുകളിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം സ്ത്രീകളുടെ നില കൂടുതൽ പരുങ്ങലിലാക്കി. സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയുള്ള അതിക്രമങ്ങൾ പെരുകിയ അഞ്ചുവർഷങ്ങളാണ് കടന്നുപോയത്.
നിരായുധരായ 12പേരെ മാവോയിസ്റ്റെന്നപേരിൽ അരുംകൊല ചെയ്തു. യാതൊരു തെളിവുമില്ലാതെ രണ്ടു ചെറുപ്പക്കാരെ യുഎപിഎ ചുമത്തി തുറുങ്കിലടച്ചു. പോലീസ് ആക്ട് ഭേദഗതി ചെയ്യാനും പോലീസിന് മജിസ്ടീരിയൽ പദവി നൽകാനും നടത്തിയ നീക്കം സർക്കാരിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവത്തിന്റെ നേർദൃശ്യമാണ്.


വികസനത്തിന്റെ പേരിൽ പതിനായിരങ്ങളെ കുടിയിറക്കുകയും പരിസ്ഥിതിയെ തകർക്കുകയും ചെയ്യുന്ന കെ-റെയിൽ, ദേശീയപാത സ്വകാര്യവൽക്കരിക്കുന്ന ബിഒടി ചുങ്കപ്പാതക്കായുളള കുടിയൊഴിപ്പിക്കൽ തുടങ്ങിയ നയങ്ങളെല്ലാം യുഡിഎഫ് കഴിഞ്ഞകാലങ്ങളിൽ നടപ്പിലാക്കിയവ തന്നെയാണ്. കർഷകപ്രക്ഷോഭത്തോട് കുറ്റകരമായ നിസ്സംഗതയാണ് സിപിഐ, സിപിഐ(എം) പ്രസ്ഥാനങ്ങൾ വച്ചുപുലർത്തുന്നത്. ജനാധിപത്യ പ്രക്ഷോഭണ വേദിയിൽ ഒരുമിച്ചണിനിരക്കുകവഴിയേ ജാതി, മത, വർഗ്ഗീയ, വിഭാഗീയ ചിന്താഗതികളിൽനിന്ന് ജനങ്ങളെ മോചിപ്പിച്ചെടുക്കാനാകൂ എന്നിരിക്കെ അതിനുമുതിരുന്നില്ല എന്നുമാത്രമല്ല ആസന്നമായിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനെ മുൻനിർത്തി ബിജെപിയുടെ അതേ തന്ത്രം പയറ്റി വർഗ്ഗീയ രാഷ്ട്രീയം കളിക്കുകയാണ് സിപിഐ(എം). ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അന്തസ്സത്തയും ജനസമരരാഷ്ട്രീയവും ഉപേക്ഷിച്ച ഇടതുമുന്നണിയിൽനിന്നും ജനങ്ങൾക്ക് യാതൊന്നും പ്രതീക്ഷിക്കാനില്ല.

വികസനമെന്നത് വഞ്ചനയുടെ മുദ്രാവാക്യം.

മൂന്നുകൂട്ടരുടെയും പൊതുവായ വായ്‌ത്താരിയാണ് വികസനം. എല്ലാ പാർട്ടികളുടെയും എല്ലാ മുന്നണികളുടെയും സ്ഥാനാർത്ഥികൾ സമഗ്രവികസനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അവകാശപ്പെടുന്നു. അങ്ങേയറ്റം വഞ്ചനാപരമായ മുദ്രാവാക്യമാണത്. കേവലം നിർമ്മാണപ്രവർത്തനങ്ങളാണ് വികസനം എന്ന പേരിൽ അവതരിപ്പിക്കുന്നത്.
വികസനത്തിന്റെ പിന്നിലെ വര്‍ഗ്ഗതാല്‍ര്യം നാം മനസ്സിലാക്കേണ്ടതുണ്ട്. വർഗ്ഗവിഭജിതമായ സമൂഹമാണ് നമ്മുടേത്. മുതലാളിയും തൊഴിലാളിയും, ഉള്ളവനും ഇല്ലാത്തവനും, തൊഴിലുടമയും കൂലിവേലക്കാരനും, ചൂഷകനും ചൂഷിതനും എന്ന നിലയിൽ ഇരുചേരികളായി വിഭജിതമായ സമൂഹം. ഈ വിഭജനം നമ്മുടെയാരുടെയെങ്കിലും ഇഷ്ടാനുസരണം ഉണ്ടായിട്ടുള്ളതല്ല. ചരിത്രപരമായ കാരണങ്ങളാൽ സമൂഹത്തിൽ നിലവിൽ വന്നിട്ടുള്ള വസ്തുനിഷ്ഠമായ വിഭജനമാണിത്. ഈ വ്യത്യസ്തചേരികളുടെ താല്പര്യങ്ങൾ വിപരീതങ്ങളാണ് എന്നതാണ് യാഥാർത്ഥ്യം. കൂലിവേലക്കാരനായ തൊഴിലാളിയെ ചൂഷണം ചെയ്താണ് തൊഴിലുടമയായ മുതലാളി ലാഭമുണ്ടാക്കുന്നത്.
എല്ലാ മേഖലകളിലെയും ഉൽപ്പാദനം പരമാവധി ലാഭത്തെ മാത്രം ലാക്കാക്കി നടക്കുന്ന ഈ മുതലാളിത്ത വ്യവസ്ഥിതിയിൽ മുതലാളിക്ക് പരമാവധി ലാഭമുണ്ടാകണമെങ്കിൽ തൊഴിലാളിയെ പരമാവധി ചൂഷണം ചെയ്യണം. അതിനാൽ, മുതലാളിയുടെ പുരോഗതിയെന്നാൽ തൊഴിലാളിയുടെ അധോഗതിയെന്നർത്ഥം. ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗ്ഗത്തിനും മറ്റ് അദ്ധ്വാനിക്കുന്ന ജനങ്ങൾക്കും പുരോഗതിയുണ്ടാകണമെങ്കിൽ മുതലാളിവർഗ്ഗം അവരുടെ ചോരയൂറ്റുന്നത് അവസാനിപ്പിക്കണം. മുതലാളി വർഗ്ഗത്തിന്റെ താല്പര്യസംരക്ഷകരായ പ്രസ്ഥാനങ്ങൾ തങ്ങൾ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താല്പര്യത്തിനെതിരെയാണ് നിലകൊള്ളുന്നതെന്ന് തുറന്നുപറയാൻ ഭയപ്പെടുന്നു. അതിനാൽ അവർ മുതലാളിവർഗ്ഗതാല്പര്യങ്ങളെ രാജ്യത്തിന്റെ പൊതുതാല്പര്യമെന്ന നിലയിൽ അവതരിപ്പിക്കുകയും വർഗ്ഗസൂചനകളില്ലാതെ നാടിന്റെ വികസനത്തെയും പുരോഗതിയെയും പറ്റി പറയുകയും ചെയ്യുന്നു. അദ്ധ്വാനിക്കുന്ന ജനങ്ങളെ കബളിപ്പിക്കാനുള്ള ഈ സൂത്രമാണ് എല്ലാ കക്ഷികളും പയറ്റുന്നത് ഏത് വർഗ്ഗത്തിന്റെ പുരോഗതിയും വികസനവും എന്ന് സൂചിപ്പിക്കാതെ പൊതുവിൽ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ മണ്ഡലത്തിന്റെയോ ഒക്കെ വികസനത്തെപ്പറ്റി പറയുന്നതിന് പിന്നിലുള്ള യഥാർത്ഥ വർഗ്ഗരാഷ്ട്രീയം തുറന്നുകാട്ടി ജനങ്ങളെ ബോധവൽക്കരിച്ച് മുതലാളിത്ത ചൂഷണത്തിനെതിരായി അദ്ധ്വാനിക്കുന്ന ജനങ്ങളുടെ യോജിച്ച വർഗ്ഗ-ബഹുജന പ്രക്ഷോഭം വളർത്തിയെടുക്കുക എന്നതാണ് ശരിയായ ഇടതുപക്ഷരാഷ്ട്രീയം. എന്നാൽ, സിപിഐ(എം) നയിക്കുന്ന വ്യവസ്ഥാപിത ഇടതുപക്ഷവും ഇന്ന് വികസനം എന്ന വഞ്ചനാപരമായ മുദ്രാവാക്യമുയർത്തുന്നു എന്നതാണ് ഖേദകരമായ കാര്യം. അവർ ഇടതുപക്ഷരാഷ്ട്രീയനിലപാട് കൈവെടിഞ്ഞ് വലതുപക്ഷ നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ രണ്ടുവർഗ്ഗങ്ങൾക്കും ‘ഒപ്പം’ നിൽക്കാൻ ഒരു പാർട്ടിക്കും ഒരു സർക്കാരിനും സാധ്യമല്ലതന്നെ. ഇടതുപക്ഷസംസ്ഥാനമെന്ന് പുകൾപെറ്റ കേരളത്തിൽ പിന്തിരിപ്പൻശക്തികൾ സ്വാധീനം വർദ്ധിപ്പിക്കുന്നുവെന്ന ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കുന്നതിന് സിപിഐ (എം)ന്റെ ഈ തെറ്റായ നിലപാട് വലിയൊരളവുവരെ കാരണമായിട്ടുണ്ട്.

ആർക്ക് വോട്ടുചെയ്യണം.

വ്യവസ്ഥാപിത മുന്നണികളെല്ലാം അന്തിമവിശകലനത്തിൽ മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്ത ദാസന്മാരാണ്. അവരുടെ ജയപരാജയങ്ങൾ ജനങ്ങളുടെ ജീവിതം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരമാകുന്നില്ല. ഭരണം മാറിയാലും തുടർന്നാലും നയങ്ങൾക്ക് മാറ്റമില്ല. കുത്തകകൾക്ക് രാജ്യത്തെ തീറെഴുതുന്ന ആഗോളവത്ക്കരണമാണ് മൂന്നുകൂട്ടരുടെയും നയം.
ഭരണാധികാരികളുടെ ഔദാര്യങ്ങളിലൂടെയല്ല, ജനാധിപത്യപ്രക്ഷോഭങ്ങളിലൂടെയാണ് എക്കാലവും ജനങ്ങൾ അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളതും തങ്ങളുടെ നില മെച്ചപ്പെടുത്തിയിട്ടുള്ളതും. ഇന്നും അതുതന്നെയാണ് ജനങ്ങളുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം. തെരഞ്ഞെടുപ്പിനെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ വേദിയാക്കി മാറ്റുവാൻ പോന്ന ജനാധിപത്യ പ്രബുദ്ധത ആർജ്ജിച്ചെടുത്തുകൊണ്ടേ ഈ ജീർണസാഹചര്യത്തെ മറികടക്കാനാകൂ.

ജനസമരവേദിയിലെ സമർപ്പിത പ്രസ്ഥാനമായ എസ്‌യുസിഐ(സി)
സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

ജനസമരത്തിന്റെ രാഷ്ട്രീയം ഉയർത്തിക്കൊണ്ടാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി കേരളത്തിൽ 36 മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്ത് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥികൾ പ്രതിനിധാനം ചെയ്യുന്നത് ഭരണരാഷ്ട്രീയത്തെയല്ല, വിട്ടുവീഴ്ചയില്ലാത്ത ജനകീയ സമരത്തിന്റെ രാഷ്ട്രീയത്തെയാണ്.
ന്യായയുക്തമായ ഒരു ജനകീയ മുന്നേറ്റം ജനങ്ങൾക്ക് കൂടുതലുയർന്ന പ്രബുദ്ധത നൽകും. ഒരു പുതിയ സംസ്‌കാരത്തിന്റെ ചേതന മനഷ്യരെ തട്ടിയുണർത്തും. വർഗ്ഗീയതയും മതാന്ധതയും അവിടെ മൺമറയും. സമൂഹം ജനാധിപത്യവൽക്കരണത്തിന്റെ ഉയർന്ന തലങ്ങളിലേക്കു കുതിക്കും. പണത്തിന്റെയും നിർമ്മിച്ചെടുക്കുന്ന പ്രശസ്തിയുടെയും പിന്നാലെ പോകുന്ന ദുർബ്ബലചിത്തരായ ജനതയെയല്ല, സ്വന്തം വിവേചനബുദ്ധിയുടെ അടിസ്ഥാനത്തിൽ ശരി-തെറ്റുകൾ തിരിച്ചറിഞ്ഞ് നിലപാട് എടുക്കാൻ പ്രാപ്തിയുള്ള ജനതയെ അത് സൃഷ്ടിക്കും. അധികാരത്തിന്റെ മുഷ്‌കിനുമുമ്പിൽ ഭീരുക്കളാകുന്നവരെയല്ല, സത്യത്തിനുവേണ്ടി നിലകൊള്ളുന്ന നിർഭയരെ അത് വളർത്തും.
പിറവികൊണ്ട കാലംമുതൽ ജനതാൽപ്പര്യത്തിന്റെ പക്ഷത്ത് അചഞ്ചലമായി നിലയുറപ്പിച്ചുകൊണ്ട് ഭരണാധികാരികളുടെ മുതലാളിത്ത നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭത്തിന്റെ പതാകയുമേന്തിയാണ് ഈ പ്രസ്ഥാനം മുന്നേറുന്നത്. കേരളത്തിൽ ജനാധിപത്യ പോരാട്ടങ്ങളുടെ രംഗത്ത് താദാത്മ്യപ്പെട്ട നാമമാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). നിസ്സഹായരും അശരണരുമായ ജനങ്ങൾ എവിടെയൊക്കെ നീതി തേടി പ്രക്ഷോഭത്തിന്റെ മാർഗ്ഗം അവലംബിച്ചിട്ടുണ്ടോ അവിടങ്ങളിലെല്ലാം ഈ പ്രസ്ഥാനം സംഘാടകരായി, സഹപോരാളികളായി, സമരസാഹോദര്യം പേറുന്ന സഖാക്കളായി ജനങ്ങളോടൊപ്പം നിലകൊള്ളുന്നു. പാർലമെന്ററി രാഷ്ട്രീയത്തിന്റെ പേരിനും പെരുമയ്ക്കും വേണ്ടിയല്ലാതെ, യാതൊരു സങ്കുചിത ലക്ഷ്യങ്ങളുമില്ലാതെ സാമൂഹ്യനന്മ എന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി പരിപൂർണ്ണമായും സമർപ്പിതമായ പാർട്ടിയാണ് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്). സമരമുഖങ്ങളിൽ കൈകോർത്തവരെല്ലാം ഈ പ്രസ്ഥാനത്തിന്റെ സത്യസന്ധതയും സമർപ്പണവും ആശയപരമായ കരുത്തും വിശകലന ശേഷിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ രാഷ്ട്രീയത്തിന് പിന്തുണയും ശക്തിയും നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് പാർട്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്.


എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രസ്ഥാനത്തിന്റെ ആശയനേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആൾ ഇൻഡ്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എഐകെകെഎംഎസ്) രാജ്യത്തെ ഐതിഹാസികമായ കർഷക സമരത്തിൽ നേതൃപരമായ പങ്കുവഹിക്കുന്ന കർഷക സംഘടനകളിലൊന്നാണ്. രാജ്യത്തിന്റെ ജനാധിപത്യപരമായ നിലനിൽപ്പിന്റെ ഭാവിയെ നിർണ്ണയിക്കുന്ന തരത്തിൽ വളർന്നുവന്നിട്ടുള്ള കർഷക സമരത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട്് കേരളത്തിൽ വിശ്രമരഹിതമായ ഐക്യദാർഢ്യപ്രവർത്തനങ്ങളിലാണ് നമ്മുടെ പാർട്ടി. കർഷകരെയും ബഹുജനങ്ങളെയും ഐക്യദാർഢ്യ സമിതികളിൽ അണിനിരത്തുന്നതിലും അവയുടെ നേതൃത്വത്തിൽ സ്ഥിരം സമരവേദികൾ പടുത്തുയർത്തുന്നതിലും നമ്മുടെ പാർട്ടി നിർണ്ണായകമായ പങ്കു വഹിക്കുന്നു.
സെക്രട്ടേറിയറ്റ് നടയിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ സർവ്വാത്മന പിന്തുണച്ചുകൊണ്ട് ദൃഢമായ സഹായപ്രവർത്തനങ്ങളുമായി എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)ന്റെ യുവജന സംഘടന എഐഡിവൈഒ സജീവമായി രംഗത്തുണ്ട്. പരമതുഛമായ വേതനത്തിന് പണിയെടുക്കാൻ വിധിക്കപ്പെട്ട ആശാ വർക്കേഴ്‌സിന്റെ സമരസംഘടന രൂപപ്പെടുത്തി അവരുടെ പ്രക്ഷോഭത്തെ മുന്നോട്ടു നയിക്കുന്നതിൽ, നേഴ്‌സുമാരുടെ അവകാശപ്പോരാട്ട രംഗത്ത്, പ്രീപ്രൈമറി അധ്യാപകരുടെ സമരത്തിൽ അങ്ങിനെ പണിയെടുത്തു ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനായി ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ വിശ്രമരഹിതമായി പണിയെടുക്കുന്നു. 2020 വർഷാരംഭത്തിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ ജനാധിപത്യവിശ്വാസികളും മനുഷ്യസ്‌നേഹികളും മുൻകൈയെടുത്തു നടത്തിയ ആഴ്ചകളോളം നീണ്ടുനിന്ന തിരുവനന്തപുരം ഷഹീൻബാഗിന്റെ സംഘാടനത്തിൽ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ നിർണ്ണായകമായ പങ്കുവഹിച്ചിരുന്നു. നവംബർ 26ന്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ സംസ്ഥാനമെമ്പാടും ശക്തമായ ആശയപ്രചാരണം സംഘടിപ്പിക്കാനും ഈ പാർട്ടിയും അതിന്റെ തൊഴിലാളിപ്രവർത്തകരും മുൻ നിരയിലുണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഒന്നുകിൽ എസ്‌യുസിഐ(കമ്യൂണിസ്റ്റ്)ന്റെ മുൻകൈയിൽ അല്ലെങ്കിൽ ശക്തമായ പിന്തുണയിൽ മുന്നേറിയിട്ടുള്ള സമരങ്ങൾ നിരവധിയാണ്. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥികളെ വിജയിപ്പിച്ചുകൊണ്ട് ഈ സമര രാഷ്ട്രീയത്തിന് ഇനിയും കരുത്തുപകരുവാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.

എസ്‌യുസിഐ(സി) സ്ഥാനാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ജനകീയ ആവശ്യകതകൾ നേടിയെടുക്കാനായി നിലകൊള്ളും. തെരഞ്ഞെടുക്കപ്പെട്ടാൽ ജനപ്രതിനിധി എന്ന പദവിയും ഈ ലക്ഷ്യത്തിനായി വിനിയോഗിക്കും.

  1. മുതലാളിമാരുടെ ആസ്തി വർദ്ധിപ്പിക്കാൻവേണ്ടി മാത്രമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടപ്പാക്കുന്ന ജനവിരുദ്ധമായ സാമ്പത്തിക നയ നടപടികൾ പൂർണ്ണമായി പിൻവലിക്കും. സർക്കാർ ഖജനാവിലെ പണവും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളും മുതലാളിമാരുടെ വികസനത്തിനുവേണ്ടിയല്ല, ജനക്ഷേമത്തിനുവേണ്ടിയുള്ളതാണെന്ന സമീപനം അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ട് സാമ്പത്തിക നയങ്ങൾ കൈക്കൊള്ളും.
  2. ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ ഭീമമായ നികുതിഭാരത്തിൽനിന്ന് മോചിപ്പിക്കും. സമ്പന്നരുടെ സ്വത്തിന്റെയും വരുമാനത്തിന്റെയുംമേൽ നികുതി ചുമത്തും. നികുതി നൽകാതെ അതിസമ്പന്നർ കുന്നുകൂട്ടിയിട്ടുള്ള മുഴുവൻ കള്ളപ്പണവും പിടിച്ചെടുക്കും. സംസ്ഥാനത്തെ കടവിമുക്തമാക്കും.
  3. കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില നൽകി കർഷകരിൽനിന്ന് സംഭരിക്കും. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി നിത്യോപയോഗ സാധനങ്ങളുടെ മൊത്ത-ചില്ലറ വ്യാപാരം സമ്പൂർണ്ണ സ്റ്റേറ്റ് ട്രേഡിംഗിന് കീഴിലാക്കിക്കൊണ്ട് വിലവർദ്ധന തടയും.
  4. ജനക്ഷേമത്തിനുവേണ്ടിയുള്ള പൊതുസംവിധാനങ്ങൾ വിപുലീകരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്തുകൊണ്ടും ഉൽപ്പാദനരംഗം ശക്തിപ്പെടുത്തിയും തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അപ്രഖ്യാപിത നിയമന നിരോധന ഉത്തരവുകൾ പിൻവലിക്കും. നിലവിലുള്ള ഒഴിവുകൾ നികത്തും. പുതിയ തസ്തികകൾ സൃഷ്ടിക്കും. പിൻവാതിൽ നിയമനം അവസാനിപ്പിക്കും.
    5.വർഗ്ഗീയ-ജാതീയ-വിഭാഗീയ വികാരങ്ങൾ കത്തിയാളിക്കാൻ ശ്രമിക്കുന്ന ശക്തികളെ ജനാധിപത്യ നിയമവാഴ്ച ഉപയോഗപ്പെടുത്തി നേരിടും. വർഗ്ഗീയ- ജാതീയ-വിഭാഗീയ മനോഭാവങ്ങളുടെ വ്യാപനത്തിൽ നിന്ന് തലമുറകളെ മോചിപ്പിക്കുവാനുള്ള ജനാധിപത്യ വൽക്കരണത്തിന് ഉതകുന്ന സാമൂഹ്യ നയങ്ങൾ ആവിഷ്‌കരിക്കും. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയ്യപ്പൻ, പൊയ്കയിൽ യോഹന്നാൻ, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങി മുഴുവൻ നവോത്ഥാന നായകന്മാരെയും സംബന്ധിച്ചുള്ള യഥാർത്ഥചരിത്ര വസ്തുതകൾ പ്രചരിപ്പിച്ചുകൊണ്ട് നവോത്ഥാന കടമകൾ പൂർത്തീകരി ക്കുവാൻ വേണ്ടിയുള്ള നയ-നടപടികൾക്കുവേണ്ടി നിലകൊള്ളും.
  5. അഴിമതിക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ കൈക്കൊള്ളുന്നതോടൊപ്പം ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു ജനാധിപത്യപ്രസ്ഥാനം സംഘടിപ്പിക്കും. സത്യസന്ധവും വിശ്വാസയോഗ്യവുമായ ചരിത്രമുള്ള സാമൂഹ്യ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ എല്ലാ തലങ്ങളിലും ജനങ്ങളുടെ ജാഗ്രതാ സമിതികൾക്ക് രൂപം നൽകും.
  6. 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ തുടങ്ങി ഡി.പി.ഇ.പി., എസ്.എസ്.എ, ആർ. എം.എസ്.എ, റൂസ തുടങ്ങിയ പരിഷ്‌ക്കാരങ്ങളിലൂടെ തകർക്കപ്പെട്ട പൊതുവിദ്യാഭ്യാസത്തെ പുനഃസ്ഥാപിച്ച് സാധാരണക്കാരുടെ കുട്ടികൾക്ക് ശാസ്ത്രീയ-മതേതര- സാർവ്വത്രിക വിദ്യാഭ്യാസം സൗജന്യമായി നൽകും.
  7. മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയ മാരകമായ ലഹരിവസ്തുക്കളുടെ വ്യാപനം തടയുവാനുള്ള നിയമ നിർമ്മാണത്തിനുവേണ്ടി നിലകൊള്ളും.
  8. അശ്ലീലത, ലൈംഗീക വൈകൃതങ്ങൾ തുടങ്ങിയ വൈകല്യങ്ങളിൽനിന്ന് വിദ്യാർത്ഥി-യുവജന വിഭാഗങ്ങളെ മോചിപ്പിക്കുവാൻവേണ്ട നയനടപടികൾക്കുവേണ്ടി നിലകൊള്ളും.
  9. സ്ത്രീകൾക്കും കുട്ടികൾക്കും നേരേ വ്യാപകമാകുന്ന അതിക്രമങ്ങൾ തടയുവാൻ സർവ്വമേഖലകളിലും കർശന നിയമ നടപടികൾ കൈക്കൊള്ളുവാൻ വേണ്ടി നിലകൊള്ളും. സ്ത്രീപീഡന, കൊലപാതക കേസുകളിലെ മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കുവാനും വേണ്ടി നിലകൊള്ളും.
  10. കേരളത്തിലെ എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെഡിക്കൽ കോളേജുകളും സുസജ്ജമായ ജില്ലാ ആശുപത്രികളും യാഥാർത്ഥ്യമാക്കുവാൻവേണ്ടി നിലകൊള്ളും. അർഹരായവർക്കെല്ലാം സൗജന്യ ചികിത്സ ഉറപ്പാക്കും. ആരോഗ്യമേഖലയിലെ നിലവിലുള്ള മുഴുവൻ ഒഴിവുകളും നികത്തും.
  11. വിദ്യാഭ്യാസ വായ്പകൾ സമ്പൂർണ്ണമായി എഴുതിത്തള്ളുവാനുള്ള നിയമ നിർമ്മാണത്തിനുവേണ്ടി നിലകൊള്ളും.
  12. വിവിധ ആവശ്യങ്ങൾക്കുവേണ്ടി ഖനനം ചെയ്ത് ഫലശൂന്യമായിത്തീർന്ന കൃഷിഭൂമികളും തരിശുഭൂമികളും കൃഷിയോഗ്യമാക്കുകയും കാർഷികമേഖലകളോട് ബന്ധിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയ കന്നുകാലി വളർത്തലും പാൽവിതരണ സംവിധാനങ്ങളും സൃഷ്ടിക്കുവാൻ വേണ്ട നയ-നടപടികൾ ആവിഷ്‌ക്കരിക്കുവാനായി നിലകൊള്ളും. കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുവാൻ വേണ്ട നിയമനിർമ്മാണത്തിനുവേണ്ടി നിലകൊള്ളും.
  13. കർഷകത്തൊഴിലാളികളെ സർക്കാർ രജിസ്റ്ററിൽ കൊണ്ടുവരാനും മാസശമ്പളം നിർണ്ണയിക്കുവാനും പെൻഷൻ അനുവദിക്കുവാനും കാർഷികമേഖലയോടുചേർന്ന് സൗജന്യ മെസ്സുകൾ സ്ഥാപിക്കുവാനും അവശ്യമായ നിയമ നിർമ്മാണത്തിനുവേണ്ടി നിലകൊള്ളും.
  14. ചെറുകിട-പരമ്പരാഗത വ്യവസായം ശാസ്ത്രീയമായി പനഃസംഘടിപ്പിക്കും. സ്ഥിര സ്വഭാവത്തിലുള്ള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ഉതകുന്ന നിയമനിർമ്മാണത്തിനുവേണ്ടി നിലകൊള്ളും.
  15. ഭൂരഹിതരായ ആദിവാസി-ദളിത് ജനവിഭാഗങ്ങൾക്കും ഇതര ദരിദ്രജനവിഭാഗങ്ങൾക്കും കൃഷിയോഗ്യമായ ഭൂമി നൽകുവാൻവേണ്ടി നിലകൊള്ളും.
  16. ബി.ഒ.റ്റി. സമ്പ്രദായം മാറ്റിക്കൊണ്ട് 30.5 മീറ്ററിൽ നാലുവരിപ്പാത നാഷണൽ ഹൈവേ അതോറിറ്റിയെക്കൊണ്ട് നിർമ്മിച്ച് സംസ്ഥാനത്തിന്റെ ഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള നിയമനിർമ്മാണത്തിനുവേണ്ടി നിലകൊള്ളും.
  17. പ്രകൃതിയെയും പരിസ്ഥിതിയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കും.
  18. പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും നേരിടുന്നതിനും ശാസ്ത്രീയ പദ്ധതികൾ ആവിഷ്‌കരിക്കും.
  19. ഭരണത്തിലെ കൺസൾട്ടൻസി രാജ് അവസാനിപ്പിക്കും.

Share this post

scroll to top