ബിപിസിഎൽ വിൽക്കരുതെന്നും പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടന്നുവരുന്ന സമരപരിപാടികൾക്ക് പുത്തനുണർവ് നൽകികൊണ്ട്, എസ്‌യുസിഐ(സി)യുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിൽനിന്നും അമ്പലമുകളിലെ കൊച്ചി റിഫൈനറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം വിവിധങ്ങളായ പ്രചരണ പരിപാടികൾ സ്വീകരിച്ചിരുന്നു. എറണാകുളം ജില്ലയിൽ വ്യാപകമായ പോസ്റ്ററിങ്ങും പ്രചരണ വാഹനജാഥയും ചുവരെഴുത്തും നടത്തി. ആയിരക്കണക്കിന് ലഘുലേഖകൾ വീടുകളിലും കടകളിലും വിതരണം നടത്തുകയും ചെയ്തിരുന്നു.
ഡിസംബർ 12ന് വൈകിട്ട് 3 മണിക്ക് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽനിന്നും പ്രതിഷേധ മാർച്ച് തുടങ്ങി. അതിനുമുന്നോടിയായി നടന്ന യോഗത്തിൽ എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ ഷൈല കെ.ജോൺ, മിനി കെ.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധമാർച്ച് കിഴക്കേകോട്ട, കരിങ്ങാച്ചിറ വഴി ഹിൽ പാലസിൽ എത്തിച്ചേർന്നപ്പോൾ, റിഫൈനറി തൊഴിലാളികളും കുടുംബാംഗങ്ങളും ചേർന്ന് ജാഥാംഗങ്ങളെ സ്വീകരിച്ചു. അവിടെ മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റി അംഗം എസ്.രാജീവൻ പ്രസംഗിച്ചു. പ്രതിഷേധമാർച്ച് തുടർന്ന് റിഫൈനറിയിലേക്ക് നീങ്ങി. റിഫൈനറി ഗേറ്റിൽ എത്തിയ മാർച്ചിനെ നൂറുകണക്കിന് റിഫൈനറി തൊഴിലാളികൾ അഭിവാദ്യം ചെയ്തു സ്വീകരിച്ചു. റിഫൈനറിക്ക് മുന്നിലെ തൊഴിലാളികളുടെ സമരപ്പന്തലിൽ നടന്ന യോഗത്തിൽ എഐയുടിയുസി സംസ്ഥാന സെക്രട്ടറി വി.കെ.സദാനന്ദൻ അധ്യക്ഷത വഹിച്ചു. എസ്‌യുസിഐ(സി) കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ”തന്ത്രപ്രധാന മേഖലകളെ ഉൾക്കൊള്ളുന്നതും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലുമായ ബിപിസിഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ രാജ്യത്തെ തകർക്കും. മോദി സർക്കാർ ദേശസ്‌നേഹികൾ എന്ന് നടിച്ച് ദേശദ്രോഹ പ്രവർത്തികൾ മാത്രമാണ് അനുവർത്തിക്കുന്നത്. രാജ്യത്തെ സമ്പത്താകെ സ്വദേശ-വിദേശ കുത്തകകൾക്ക് തീറെഴുതുന്നതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് പൗരത്വഭേദഗതി പോലുള്ള നടപടികളുമായി വന്നിരിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങളുടെ ഐക്യവും ഭരണഘടനയോടും നിയമങ്ങളോടുമുള്ള വിശ്വാസവും ഇല്ലാതാക്കും. ഒരു രാഷ്ട്രം എന്ന നിലനിൽപ്പിനെയും ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഈ രാജ്യദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ബിപിസിഎൽ വിൽപ്പന അനുവദിക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ചാൽ അതിനെ അട്ടിമറിക്കാൻ ഒരു ഭരണാധികാരിക്കും കഴിയില്ല. നാം ഉയർത്തുന്ന സമരത്തിന്റെ മാതൃക മറ്റു മേഖലകളിലെ തൊഴിലാളികളും ജനങ്ങളും ഏറ്റെടുത്താൽ ദുർ നടപടികൾക്കത് ശക്തമായ തിരിച്ചടിയുമാകും.” – അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയ്‌സൺ ജോസഫ്, ജില്ലാ സെക്രട്ടറി ടി.കെ. സുധീർ കുമാർ എന്നിവരും പ്രസംഗിച്ചു. മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് സംയുക്ത സമരസമിതി നേതാക്കളായ എൻ.ആർ.മോഹൻ കുമാർ, എം.ജി.അജി, മനോജ് കുമാർ, എസ്.കെ.നസിമുദീൻ തുടങ്ങിയവർ പ്രസംഗിച്ചു. നാടെമ്പാടും ബിപിസിഎൽ സംരക്ഷണ ഫോറങ്ങൾ രൂപീകരിച്ചുകൊണ്ട് സമരത്തെ ശക്തിപ്പെടുത്തുവാൻ രംഗത്തിറങ്ങണമെന്ന് പ്രാസംഗികർ എല്ലാവരും ജനങ്ങളോട് അഭ്യർത്ഥിച്ചു.
മാർച്ചിൽ എസ്‌യുസിഐ(സി) പ്രവർത്തകരെ കൂടാതെ റിഫൈനറി തൊഴിലാളികളും കുടുംബാംഗങ്ങളും പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. കടന്നുപോയ വഴികളിലൊക്കെ ജനങ്ങൾ പ്രതീക്ഷാനിർഭരമായാണ് മാർച്ചിനെ വീക്ഷിച്ചത്.