യോജിച്ച പോരാട്ടത്തിന്റെ ആഹ്വാനവുമായി എഐയുടിയുസി സംസ്ഥാന സമ്മേളനം

TU-Con-1.jpg
Share

അപരിഹാര്യമായ പ്രതിസന്ധിയിലകപ്പെട്ട മുതലാളിവർഗ്ഗവും അതിന്റെ ഗവണ്മെന്റും ചേർന്ന് തൊഴിലാളികൾക്കെതിരെ അഴിച്ചുവിട്ടിരിക്കുന്ന ബഹുമുഖ ആക്രമണങ്ങൾക്കെതിരെ നീണ്ടുനിൽക്കുന്ന തൊഴിലാളിപ്രക്ഷോഭണങ്ങൾക്ക് ആഹ്വാനം ചെയ്തുകൊണ്ട് 2019 ഡിസംബർ 27,28,29 തിയ്യതികളിൽ കൊല്ലത്ത് നടന്ന എഐയുടിയുസി സംസ്ഥാന സമ്മേളനം സമാപിച്ചു. 2020 ഫെബ്രുവരി 13 മുതൽ 15 വരെ ധൻബാദിൽവച്ച് നടക്കുന്ന 21-ാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളനത്തിലേക്ക്, ജില്ലാസമ്മേളനങ്ങൾ പൂർത്തികരിച്ചുകൊണ്ടും സംസ്ഥാനവ്യാപകമായി പ്രചാരണങ്ങൾ നടത്തിക്കൊണ്ടുമാണ് പ്രവേശിച്ചത്.

ഡിസംബർ 27 നടന്ന പൊതു സമ്മേളനത്തോടനുബന്ധിച്ച് കെഎസ്ആർടിസി ബസ്റ്റാന്റ് പരിസരത്തുനിന്നും തൊഴിലാളി പ്രകടനം ആരംഭിച്ചു. കൊല്ലത്തു നിന്നുള്ള നൂറുകണക്കിന് കശുവണ്ടി തൊഴിലാളികളും മറ്റ് ജില്ലകളിൽ നിന്നെത്തിയ വിവിധ തൊഴിൽ മേഖലയിലെ തൊഴിലാളികളും പ്രകടനത്തിൽ അണിനിരക്കുകയുണ്ടായി. കശുവണ്ടി, മത്സ്യം, നിർമ്മാണം, ഷോപ്‌സ്, കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയ തൊഴിൽമേഖലയിലെ തൊഴിലാളികൾ അവരുടെ ഡിമാന്റുകൾ അടങ്ങുന്ന പ്ലക്കാർഡുകൾ പ്രകടനത്തിൽ ഉയർത്തിപ്പിടിച്ചിരുന്നു. പ്രകടനത്തിൽ കേന്ദ്ര ബിജെപി ഗവൺമെൻറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുന്നതിനെതിരെയും മുദ്രാവാക്യങ്ങൾ മുഴങ്ങി. സംസ്ഥാനത്തെ സംഘടിത – അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെയും സർക്കാറിന്റെ മൂലധന സൗഹൃദ തൊഴിൽ നയത്തിനെതിരെയും തൊഴിലാളികൾ മുദ്രാവാക്യങ്ങൾ മുഴക്കി.
ചിന്നക്കടയിലെ പൊതുസമ്മേളന വേദിയായ സഖാവ് കെ.പി.കോസലരാമദാസ് നഗറിൽ പ്രകടനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് സഖാവ് ആർ.കുമാർ, സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ, വൈസ് പ്രസിഡണ്ട് സഖാവ് പി.എം.ദിനേശൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ കെ.അബ്ദുൾ അസീസ്, എസ്.സീതിലാൽ, എൻ.ആർ.മോഹൻകുമാർ, ട്രഷറർ കെ.ഹരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സഖാക്കൾ ബി. വിനോദ്, കെ.ജി.അനിൽകുമാർ, പി.ആർ.സതീശൻ, എം.എ.ബിന്ദു, കെ.ആർ.ശശി, ആർ.അർജ്ജുനൻ, എസ്.അനിൽ പ്രസാദ്, പി.പി.വിജയൻ, വി.പി.കൊച്ചുമോൻ, കെ.പി.വിജയൻ, എം.കെ.കണ്ണൻ, എ.ജി.അജയകുമാർ, ബെന്നി ദേവസ്യ, കെ.എൻ.രാജൻ, കെ.എസ്.ചെല്ലമ്മ, സിബി സി. മാത്യു, എം.എൻ.അനിൽ, പി.പി.സജീവ്കുമാർ, സി.കെ.ശിവദാസൻ, കെ.ഒ.ഷാൻ, ബെന്നി ബോണിഫസ്, ഒ.കെ.വത്സലൻ, കെ.രാമനാഥൻ, കെ.പ്രദീപ്, കെ.പ്രസാദ്, പി.എം.ശ്രീകമാർ, എം.കെ.ജയരാജൻ, അനൂപ് ജോൺ എന്നിവർ നേതൃത്വം നൽകി. സമ്മേളനവേദിയിൽ പ്രകടനം എത്തുന്നതിനു മുമ്പ് തന്നെ എഐഡിവൈഒ മ്യൂസിക് സ്‌ക്വാഡിന്റെ വിപ്ലവ ഗാനാലാപന പരിപാടി ആരംഭിച്ചിരുന്നു.

എഐയുടിയുസി സംസ്ഥാന പ്രസിഡൻറ് സഖാവ് ആർ.കുമാർ പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സർവ്വരാജ്യ തൊഴിലാളി ഐക്യം വിളിച്ചോതുന്ന സാർവ്വദേശീയഗാനം ആലപിച്ചുകൊണ്ടാണ് പൊതു സമ്മേളനം ആരംഭിച്ചത്.എഐയുടിയുസി അഖിലേന്ത്യാ പ്രസിഡന്റും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പോളിറ്റ് ബ്യൂറോ മെമ്പറുമായ സഖാവ് കെ.രാധാകൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യവും തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതിയും അത്യന്തം മോശമായിരിക്കുന്ന സാഹചര്യമാണിന്ന്. അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. സാമൂഹിക സാഹചര്യവും കലുഷിതമാണ്. സംഘടിത-അസംഘടിത വ്യത്യാസമില്ലാതെ തൊഴിൽ രംഗങ്ങളെല്ലാം വൻതോതിൽ സ്തംഭനം നേരിടുകയാണ്. തൊഴിലാളി വർഗ്ഗത്തിന്റെ അഗ്രിമ ആചാര്യൻ കാൾ മാർക്‌സിന്റെ പാഠങ്ങൾ പിന്തുടർന്നുകൊണ്ട്, നമ്മുടെ സംഘടനയുടെ നേതാവ് അന്തരിച്ച സഖാവ് ശിബ്ദാസ് ഘോഷ് നമ്മെ പഠിപ്പിച്ചിരിക്കുന്നത് ട്രേഡ് യൂണിയനെ കമ്യൂണിസത്തിന്റെ പാഠശാലയാക്കി മാറ്റണമെന്നാണ്. ട്രേഡ് യൂണിയന്റെ പ്രവർത്തനം കേവലം സാമ്പത്തിക ഡിമാന്റുകൾ നേടിയെടുക്കുന്നതിനു മാത്രമായി ഒതുക്കിയാൽ തൊഴിലാളി വർഗ്ഗത്തിന്റെ മോചനം സാധ്യമാവില്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയെ തുത്തെറിയുന്നതിലൂടെ മാത്രമേ തൊഴിലാളികളുടെ യഥാർത്ഥ മോചനം സാധ്യമാകുകയുള്ളൂ.
സ്വാതന്ത്ര്യം ലഭിച്ച നാളുകളിൽ അടിസ്ഥാന വ്യവസായങ്ങളായ കൽക്കരി, ഖനന വ്യവസായം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ വൻമൂലധന മുടക്കുള്ള വ്യവസായങ്ങൾ തുടങ്ങുവാൻ സ്വകാര്യ മേഖലക്ക് ശേഷിയുണ്ടായിരുന്നില്ല. അതു കൊണ്ടാണ് ജനങ്ങളുടെ നികുതി പണമെടുത്ത് പൊതുമേഖലകൾ ആരംഭിക്കുവാൻ നെഹ്രു തുടക്കമിട്ടത്. അങ്ങനെ പടുത്തുയർത്തിയ പൊതുമേഖലയുടെ തണലിൽ വികസിച്ച, സമ്പത്തിന്നുടമകളായ കോർപ്പറേറ്റു കുടുംബങ്ങൾ പൊതുമേഖലയെ വിഴുങ്ങുവാൻ പോന്ന ശേഷി ആർജ്ജിച്ചു. അതിനാലാണ് ഇന്നിപ്പോൾ പൊതുമേഖലയെയെല്ലാം സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്. ഇന്ന് ഇന്ത്യൻ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായ അവസ്ഥയിലാണ് എത്തി നില്ക്കുന്നത്. അഭ്യന്തര ഉൽപ്പാദനം(ജിഡിപി) വളരെ താഴ്ന്ന നിലയിലാണ്. ഫാക്ടറി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള 40 ലക്ഷം ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണ്. കോടിക്കണക്കിനു ആളുകൾക്ക് തൊഴിലില്ലാതായിരിക്കുകയാണ്. ഗ്രാമീണ കാർഷിക മേഖലയിൽ നിന്ന് തൊഴിലന്വേഷിച്ച് നഗരങ്ങളിലേക്ക് വൻതോതിൽ ജനങ്ങൾ കുടിയേറുകയാണ്.
തൊഴിലാളി വർഗ്ഗത്തിന് സ്വകാര്യ സ്വത്തോ, ദേശീയ അതിർത്തികളോ ഒന്നും തന്നെയില്ലാ എന്നതുകൊണ്ടാണ് ‘സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന് കാൾ മാർക്‌സ് ആഹ്വാനം ചെയ്തത്. ലോകത്തെ മാറ്റുവാൻ തൊഴിലാളികൾ സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് എല്ലാതരം സാമ്പത്തികവാദത്തിൽനിന്നും അവസരവാദത്തിൽനിന്നും മുക്തമായി വീറുറ്റതും യോജിച്ചതുമായ തൊഴിലാളി വർഗ്ഗ പ്രക്ഷോഭങ്ങൾ രാജ്യത്ത് വളർത്തിയെടുക്കുവാൻ കേരളത്തിലെ തൊഴിലാളികളും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌യുസിഐ(സി) കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.വേണുഗോപാൽ മുഖ്യപ്രസംഗം നടത്തി. സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ ശ്രീ.എ.ജയിംസ്, വീറുറ്റ തൊഴിലാളി സമരത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും വീരചരിത്രമുള്ള കൊല്ലം, എഐയുടിയുസിയുടെ സംസ്ഥാന സമ്മേളനത്തിന് ഇന്നത്തെ സന്ദർഭത്തിൽ വീണ്ടും വേദിയാകുന്നത് തൊഴിലാളികൾക്ക് ആവേശകരവും അഭിമാനകരവുമാണെന്ന് തന്റെ അഭിവാദ്യ പ്രസംഗത്തിൽ പറയുകയുണ്ടായി. എഐയുടിയുസി കർണാടക സംസ്ഥാന സെക്രട്ടറി സഖാവ് കെ.സോമശേഖർ, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് സഖാവ് എ.അനവരതൻ, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജില്ലാസെക്രട്ടറി സഖാവ് ഷൈല കെ.ജോൺ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനംചെയ്ത 2020 ജനവരി 8ന് നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രമേയം എഐയുടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് സഖാവ് പി.എം.ദിനേശനും, കേന്ദ്ര സർക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എം.എ.ബിന്ദുവും അവതരിപ്പിച്ചു. രണ്ട് പ്രമേയങ്ങളും സമ്മേളനം ഐകകണ്‌ഠേന പാസാക്കി.
എഐയുടിയുസി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാവ് എസ്.സീതിലാൽ, എൻ.ആർ.മോഹൻകുമാർ, ട്രഷറർ കെ.ഹരി എന്നിവരും, എല്ലാ ജില്ലാ സെക്രട്ടറിമാരും വേദിയിൽ സന്നിഹിതരായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറി സഖാവ് ബി.വിനോദ് കൃതജ്ഞത പറഞ്ഞു.
ഡിസംബർ 28, 29 തീയതികളിൽ ജവഹർ ബാലഭവനിലായിരുന്നു പ്രതിനിധി സമ്മേളനം. 28ന് രാവിലെ 10 മണിക്ക് എഐയുടിയുസി അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് കെ.രാധാകൃഷ്ണ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും, അതിനുശേഷം അദ്ദേഹം പതാക ഉയർത്തുകയും ചെയ്തു.

തുടർന്ന്, പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ എഐയുടിയുസി സംസ്ഥാന പ്രസിഡൻറ് സഖാവ് ആർ.കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഖാവ് വി.കെ.സദാനന്ദൻ സ്വാഗതം പറഞ്ഞു. എഐയുടിയുസി അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് കെ.രാധാകൃഷ്ണ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. എഐടിയുസി സംസ്ഥാന പ്രസിഡന്റ് സഖാവ് ജെ. ഉദയഭാനു, യുടിയുസി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ സഖാവ് ബാബു ദിവാകരൻ എന്നിവർ സമ്മേളനത്തിൽ അഭിവാദ്യപ്രസംഗം നടത്തുകയുണ്ടായി. തൊഴിലാളിവർഗ്ഗത്തിന് നേരെ നരേന്ദ്ര മോദിയുടെ ബിജെപി സർക്കാർ നടത്തുന്ന കടുത്ത ആക്രമണത്തിനെതിരെ തൊഴിലാളികൾ ശക്തമായ പോരാട്ടത്തിന് തെരുവിൽ ഇറങ്ങണമെന്നും, കഴിയുന്നത്ര താഴെ തലംവരെ യോജിച്ച പ്രക്ഷോഭം കെട്ടിപ്പടുക്കേണ്ടത് അടിയന്തര ആവശ്യകതയുള്ള സന്ദർഭമാണിതെന്നും സഖാവ് ജെ. ഉദയഭാനു പറഞ്ഞു. കേന്ദ്രസർക്കാർ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് തൊഴിലാളികളുടെ മേൽ മൃഗീയമായ ആക്രമണം നടത്തുന്ന ഇക്കാലത്ത് പഴയതിനേക്കാൾ വലിയ സമരങ്ങൾ ഉയർന്നു വരേണ്ടതാണെന്നും, സംയുക്ത ട്രേഡ് യൂണിയൻ വേദി കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നും ബാബു ദിവാകരൻ പറഞ്ഞു. എഐയുടിയുസി കർണാടക സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗവുമായ സഖാവ് കെ.സോമശേഖർ, തമിഴ്‌നാട് സംസ്ഥാന പ്രസിഡൻറ് സഖാവ് എ.അനവരതൻ എന്നിവരും സമ്മേളനത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയുണ്ടായി.
പ്രതിനിധി സമ്മേളന നടപടികൾ സഖാക്കൾ ആർ.കുമാർ ചെയർമാനായും സഖാക്കൾ കെ.അബ്ദുൾ അസീസ്, പി.എം.ദിനേശൻ എന്നിവർ അംഗങ്ങളായുമുള്ള പ്രസീഡിയമാണ് നിയന്ത്രിച്ചത്. ആദ്യ നടപടിയായ അനുശോചനപ്രമേയം സംസ്ഥാന ട്രഷറർ സഖാവ് കെ.ഹരി അവതരിപ്പിച്ചു. അന്തരിച്ച നേതാക്കൾ എ.ജലാലുദ്ദീൻ, സി.കെ.ലൂക്കോസ്, ജി.എസ്.പത്മകുമാർ എന്നിവരുടേയും സഖാക്കൾ വി.ആൻറണി, ശശിധരൻ വെള്ളായണി എന്നിവരുടെയും പേരുകൾ അനുശോചന പ്രമേയത്തിൽ എടുത്തു പറഞ്ഞിരുന്നു. സമ്മേളനം മൗനാചരണത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. സമ്മേളനത്തിലെ മുഖ്യരാഷ്ട്രീയ പ്രമേയം സഖാവ് എൻ.ആർ.മോഹൻകുമാർ അവതരിപ്പിക്കുകയും സഖാവ് കെ.എസ്.ഹരികുമാർ പിന്തുണയ്ക്കുകയും ചെയ്തു. രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് സഖാവ് വി.കെ.സദാനന്ദൻ അവതരിപ്പിക്കുകയും സഖാവ് എസ്.സീതിലാൽ പിന്തുണയ്ക്കുകയും ചെയ്തു. സഖാവ് കെ.ഹരി വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

കേന്ദ്ര തൊഴിൽ നിയമ ഭേദഗതി, ബിപിസിഎൽ സ്വകാര്യവൽക്കരണം, നിർമ്മാണ തൊഴിൽരംഗം, കെഎസ്ഇബി, കശുവണ്ടി വ്യവസായ മേഖല, കെഎസ്ആർടിസി, മത്സ്യമേഖല, ആശാ വർക്കേഴ്‌സ്, പങ്കാളിത്തപെൻഷൻ, ബിഎസ്എൻഎൽ എന്നീ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു. എല്ലാ പ്രമേയങ്ങളിലും റിപ്പോർട്ടിലും സജീവമായ ചർച്ചകൾ നടക്കുകയും ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തു. ശേഷം, 53 അംഗ സംസ്ഥാന കമ്മിറ്റിയുടെ പാനലും 75 അംഗ അഖിലേന്ത്യാ സമ്മേളന പ്രതിനിധികളുടെ പാനലും സമ്മേളനം ഐക്യകണ്‌ഠേന പാസാക്കി.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് ജയ്‌സൺ ജോസഫ് പ്രസംഗിച്ചു. ഇന്നത്തെ അന്തർദേശീയ – ദേശീയ സാഹചര്യം മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയാണെങ്കിൽ, മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്ക് ഏറ്റിരിക്കുന്ന പ്രതിസന്ധി എങ്ങോട്ടാണ് നയിക്കുന്നത് എന്ന് ബോധ്യപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരെ രൂക്ഷമായ പ്രക്ഷോഭങ്ങൾ പടർന്നുപിടിക്കുകയാണ്. കേരളത്തിൽ ബിപിസിഎൽ കോർപ്പറേറ്റുകൾക്ക് കൈമാറുന്നതിനെരെ നടക്കുന്ന പ്രക്ഷോഭണത്തിൽ നമ്മുടെ ട്രേഡ് യൂണിയൻ സജീവമായി രംഗത്തുണ്ട്. സേവ് ബിപിസിഎൽ കമ്മിറ്റി ഉണ്ടാക്കി ക്കൊണ്ട് നമുക്ക് മുന്നോട്ടുപോകാൻ കഴിയണം. ഏതു ചെറിയ ശക്തിയുമായി പോലും സഹകരിച്ചും യോജിച്ചും സമരം ചെയ്യേണ്ട കാലമാണിത്- അദ്ദേഹം ഓർമിപ്പിച്ചു.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ സഖാവ് വി.വേണുഗോപാൽ സമാപന സന്ദേശം നൽകിക്കൊണ്ട് പ്രസംഗിക്കുകയുണ്ടായി. ട്രേഡ് യൂണിയൻ സംഘാടനത്തിന് ഏറ്റവും പ്രാധാന്യം നൽകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയനുകൾ ധാരാളം ഉണ്ടെങ്കിലും വിപ്ലവ ട്രേഡ് യൂണിയൻ ഇന്ത്യയിൽ എഐയുറ്റിയുസി മാത്രമാണ്. സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി തൊഴിലാളികൾക്ക് സമരം ചെയ്യേണ്ടിവരും. അത് ആവശ്യവുമാണ്. എന്നാൽ, അതിൽ മാത്രം തൊഴിലാളികളെ തളച്ചിടാൻ നമുക്ക് കഴിയില്ല. മുതലാളിത്തവ്യവസ്ഥ തന്നെയാണ് തൊഴിലാളികളുടെ വിമോചനത്തിന് തടസ്സം എന്നും, അതിനെ തൂത്തെറിഞ്ഞ് സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവുമധികം ഉള്ളത് തൊഴിലാളികൾക്കാണെന്നും, അത് നിർവ്വഹിക്കാനുള്ള പ്രധാന ശക്തി തങ്ങൾ തന്നെയാണെന്നും അവരെ ബോധ്യപ്പെടുത്തണം. അതിനു വേണ്ടിയുള്ള പാഠശാല ആയിരിക്കണം ട്രേഡ് യൂണിയനെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ജനുവരി 8ന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്നും അദ്ദേഹം സമാപന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. സാർവ്വദേശീയഗാനം ആലപിച്ച ശേഷം, മുദ്രാവക്യമുയർത്തിക്കൊണ്ട് 4-ാം സംസ്ഥാന സംസ്ഥാന സമ്മേളനത്തിന് തിരശ്ശീല വീണു.

പുതിയ സംസ്ഥാന കമ്മിറ്റി

പ്രസിഡന്റ്: ആർ.കുമാർ

വൈസ് പ്രസിഡണ്ടുമാർ: എ.അസീസ്, എസ്.സീതിലാൽ, എൻ.ആർ.മോഹൻകുമാർ, ഷൈല കെ.ജോൺ, കെ.കെ.സുരേന്ദ്രൻ, പി.എം.ദിനേശൻ, എസ്.രാധാകൃഷ്ണൻ, കെ.എസ്.ഹരികുമാർ
സെക്രട്ടറി: വി.കെ.സദാനന്ദൻ
സെക്രട്ടേറിയറ്റ്: വി.പി.കൊച്ചുമോൻ, പി.ആർ.സതീശൻ, ബി.വിനോദ്, എം.എ.ബിന്ദു, പി.എം. ശ്രീകുമാർ, പി.പി.സജീവ്കുമാർ, കെ.ആർ.ശശി, സിബി സി.മാത്യു, ബെന്നി ബോണിഫസ്, അനൂപ് ജോൺ
ട്രഷറർ: കെ.ഹരി
ഇവരടക്കം 54 അംഗ സംസ്ഥാന കമ്മിറ്റിയെയും അഖിലേന്ത്യാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തുനിന്നും 75 പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

Share this post

scroll to top