കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിനെ വാഴ്ത്തിപ്പാടേണ്ടതില്ല -ജെപിഎ

Share

കടുത്ത മത്സരപ്പരീക്ഷയിലൂടെ കെഎഎസ്(കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്) നേടിയ മിടുക്കരെ ജെപിഎ അഭിനന്ദിക്കുന്നു. കേരളത്തിന്റെ ഭരണപരിഷ്കാര ചരിത്രത്തിലെ മഹത്തായ ഒരു ചുവടു വയ്പ്പ് എന്ന മട്ടിൽ കെ എഎസിനെ കൊണ്ടാടുന്നത് ചില കാര്യങ്ങൾ പരിശോധിച്ചിട്ട് വേണമെന്ന് ജെപിഎ (ജോയിന്റ് പ്ലാറ്റ്‌ഫോം ഓഫ് ആക്ഷൻ ഓഫ് ഗവണ്മെന്റ് ആൻഡ് അലൈഡ് സെക്ടർ എംപ്ലോയീസ് അസോസിയേഷൻസ്) അഭിപ്രായപ്പെടുന്നു.
1997ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ ചെയർമാനും സിപിഐ(എം) നേതാവ് വി.ജെ. തങ്കപ്പൻ വൈസ് ചെയർമാനുമായ ഭരണ പരിഷ്ക്കാര കമ്മിറ്റിയാണ് കെഎഎസ് സംവിധാനത്തിനു ശുപാർശ ചെയ്തത്. ആഗോളവത്കരണ നയങ്ങൾക്ക് അനുസൃതമായി സർക്കാർ സംവിധാനങ്ങളെ ഉടച്ചു വാർക്കാനായി കേന്ദ്രത്തിലെ അന്നത്തെ കോൺഗ്രസ്‌ സർക്കാരിന്റെയും ലോകബാങ്ക് പദ്ധതികളുടെയും ഭാഗമായിരുന്നു ആ ഭരണപരിഷ്ക്കാരക്കമ്മിറ്റി. ലോകത്ത് ഇന്ന് കാണുന്ന വിനാശം വിതച്ച LPG (ഉദാരവൽക്കരണം,സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം) നയങ്ങൾക്ക് അനുസൃതമായി സർക്കാർ സംവിധാനത്തെ പരുവപ്പെടുത്താനായി 1996 ൽ കേന്ദ്ര ഗവണ്മെന്റ് നൽകിയ മാർഗ ദർശനങ്ങളാണ് ആ കമ്മിറ്റിയെ നയിച്ചത്. അന്ന് നിലവിലിരുന്ന എൽഡിഎഫ് സർക്കാരാണ് കേരളത്തിൽ ആഗോളവൽക്കരണ നയങ്ങൾക്ക് ശക്തമായ അടിത്തറ പാകിയത്. ഡിപിഇപി മുതലായ ലോകബാങ്ക് പദ്ധതികൾ അങ്ങനെയാണ് കേരളത്തിൽ ഉറച്ചത്. അധികാര വികേന്ദ്രീകരണം, ജനകീയ ആസൂത്രണം എന്നിങ്ങനെയുള്ള പദ്ധതികളുടെയും നയപരമായ അടിത്തറ ആഗോളവൽക്കരണത്തിന്റേത് തന്നെ. ഇടത് ലേബൽ ഒട്ടിച്ചു വച്ച് അവതരിപ്പിച്ചുവെന്നു മാത്രം.

ഇതേ തുടർന്നാണ് 2001ൽ ADB- ലോകബാങ്ക് പദ്ധതിയായ MGP (Modernising Government Program)വന്നത്. യുഡിഎഫ് സർക്കാരാണ് അപ്പോഴേക്കും അധികാരത്തിൽ എത്തിയതെങ്കിലും നായനാർ സർക്കാരിന്റെ കാലത്തെ ഭരണ പരിഷ്കാര കമ്മിഷന്റെ ശുപാർശകൾ നടപ്പിലാക്കുക എന്നതായിരുന്നു MGP യുടെ ഒരു പ്രധാന അജണ്ട. എ.കെ. ആന്റണി എന്ന സാത്വിക പരിവേഷമുള്ള മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖം അന്നാണ് കേരളം കണ്ടത്. കെ.എം.എബ്രഹാം എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ലോകബാങ്ക് നയങ്ങൾ കേരളത്തിൽ തകർത്താടി. Kerala Fiscal Reforms Program എന്ന MGP യുടെ ഒരു ഘടകപദ്ധതി പ്രകാരം വന്ന 2002ലെ കറുത്ത ഉത്തരവും, അതിനെതിരെ കേരളത്തിലെ സർക്കാർ ജീവനക്കാർ നടത്തിയ ഐതിഹാസികമായ സമരവും, പണിമുടക്ക് സമരം സമ്പൂർണ്ണമായി മുന്നോട്ടു പോകവേ സമരം പിൻവലിച്ചുകൊടുത്ത് സംഘടനകൾ ഒറ്റുകാരായതും കേരളം കണ്ടു. സമരത്തിന്റെ തുടക്കത്തിൽ ജനങ്ങളെ സർക്കാർ ജീവനക്കാർക്കെതിരെ തിരിച്ചു വിടുന്നതിൽ ഒരു വിഭാഗം മാധ്യമങ്ങളും കോൺഗ്രസ്സുകാരും വലത് ശക്തികളും വിജയിച്ചു. എങ്കിലും എസ്‌യുസി ഐ (കമ്മ്യൂണിസ്റ്റ്‌ ) എന്ന രാഷ്ട്രീയ പ്രസ്ഥാനം നടത്തിയ ഗംഭീര പ്രചാരണത്തിന്റെ ഫലമായി ക്രമേണ ജനങ്ങൾ സമരത്തിന്റെ ഡിമാന്റുകൾക്ക് അനുകൂലമായി രംഗത്ത് വന്നു. ആ സന്ദർഭത്തിലാണ് സമരത്തിനു നേതൃത്വം കൊടുത്തിരുന്ന സർവീസ് സംഘടനകൾ പൊടുന്നനവേ സമരം പിൻവലിച്ചത്. ഇരു മുന്നണികൾക്കുമിടയിൽ അടിസ്ഥാന നയങ്ങളിലുള്ള സമീപനസമന്വയം അന്നേ പ്രകടമായിരുന്നു. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന കാര്യങ്ങളായത് കൊണ്ടാണ് ഇത്രയും ഓർമപ്പെടുത്തിയത്.

നമ്മുടെ ഉദ്യോഗസ്ഥ ശ്രേണിയിൽ ഒരു തട്ടുകൂടെ വന്നാൽ കാര്യക്ഷമത വരും എന്നു കരുതുന്നത് എന്തൊരു വങ്കത്തമാണ്. സിവിൽ സർവീസ് ജനങ്ങൾക്ക് അനുകൂലമാവാത്തതിന്റെ കാരണം ബ്യൂറോക്രസിയുടെ ഘടന അല്ല. മുതലാളിത്ത ഭരണകൂടം അടിസ്ഥാനപരമായി ജനസേവനത്തെ ലക്ഷ്യം വക്കുന്നില്ല എന്നത് കൊണ്ടാണത്.അതുകൊണ്ടു തന്നെ സാധാരണ ജനങ്ങൾക്കവിടെ നീതി ലഭ്യവുമല്ല. സാധാരണ ജനങ്ങളെ സംബന്ധിച്ച കാര്യങ്ങൾ സങ്കീർണമായ നിയമങ്ങളും ചട്ടങ്ങളും കൊണ്ട് ബന്ധിതമാണ് . അത് കാര്യക്ഷമതയുള്ള ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ മാത്രം പരിഹരിക്കാവുന്ന മേഖലയല്ല.
പാവങ്ങൾ നിയമക്കുരുക്കിൽ പ്പെട്ട് ഉഴലുമ്പോൾ മറുവശത്തു ധനികരുടെ, മൂലധനശക്തികളുടെ, കാര്യങ്ങൾ മിന്നൽ വേഗതയിൽ നടക്കും. ‘ ഈസ് ഓഫ് ഡൂയിങ് ബിസ്സിനസ്സ്’ ഒക്കെ അവർക്ക് വേണ്ടിയാണ്. ഉദ്യോഗസ്ഥന്റെ സേവന മനോഭാവം കുറച്ചൊക്കെ വ്യത്യാസമുണ്ടാക്കിയേക്കാം . പക്ഷെ നിയമബദ്ധമായേ അവർക്ക് കാര്യങ്ങൾ ചെയാനാവൂ.
കെഎഎസ് വഴി നേരിട്ട് ഒരു ഉദ്യോഗസ്ഥൻ ഒരു ഉയർന്ന പോസ്റ്റിലേക്ക് പ്രവേശിക്കുമ്പോൾ പ്രൊമോഷൻ പാറ്റേൺ മാറുമെന്ന് മാത്രം. അല്ലാതെ സർവീസ് സീനിയോറിറ്റി വഴി പ്രൊമോഷൻ കിട്ടി മദ്ധ്യതല തസ്തികയിൽ വരുന്നവർ എല്ലാരും കഴിവ് കെട്ടവർ എന്നോ, നേരിട്ട് ആ സ്ഥാനത്തേക്ക് വരുന്നവർ എല്ലാവരും അതിമാനുഷർ എന്നോ അർത്ഥമില്ല. വളരെ അഹന്തയോടെയും ജനങ്ങളെ ശത്രുവായി കണ്ട് പെരുമാറുന്നവരെയും ഈ തലത്തിൽ നമുക്ക് ചിലപ്പോൾ കാണേണ്ടി വരും. കെഎഎസ് വഴി ഐഎ എസിലേക്ക് എന്ന ലക്ഷ്യം വച്ചു കടന്നു വരുന്നവരൊന്നും സംസ്ഥാന സിവിൽ സർവീസിനെ മെച്ചപ്പെടുത്തുന്ന ഘടകങ്ങളാവണമെന്നില്ല. കെഎഎസ് നിയമനങ്ങൾ ആരംഭിക്കുന്നത്തോടെ സംസ്ഥാന സർവീസിൽ സീനിയോറിറ്റി പ്രൊമോഷൻ വൻ തോതിൽ വെട്ടിക്കുറക്കപ്പെടുന്നത് വഴി ഉണ്ടാവുന്ന ജഡത്വം സാധാരണ ജീവനക്കാരുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്നത് ഉറപ്പാണ്. ചില യുവ ഐഎഎസ് ഉദ്യോഗസ്ഥർ ചടുലമായി, ന്യായത്തെയും നിയമത്തെയും മുറുകെ പിടിച്ച് രാഷ്ട്രീയ ഇടപെടലുകളെ ചെറുത്തുനിന്ന് കാര്യങ്ങൾ നടപ്പിലാക്കുന്നത് കാണാറുണ്ട്. പക്ഷെ അവർ കാലാന്തരേ വ്യവസ്ഥിതിയുടെ ഭാഗമായി മാറുന്നു. വ്യവസ്ഥിതി സൃഷ്ടിക്കുന്ന പ്രക്രിയക്കകത്ത് വ്യക്തിക്ക് വലുതായൊന്നും ചെയ്യാനാവില്ല എന്നർത്ഥം. സർക്കാരിനെ നയിക്കുന്ന കക്ഷിരാഷ്ട്രീയ നേതൃത്വത്തിന്റെ താല്പര്യത്തിന് വഴങ്ങാത്ത ഐഎഎസ്സുകാരെ തീരെ നിസ്സാരമായ ചുമതലകൾ മാത്രം കൊടുത്ത് മൂലക്കിരുത്തുന്നതും നമ്മൾ കാണുന്നു. ഐഎഎസ്സുകാർ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിൽ ആയതുകൊണ്ട് അനുസരണയില്ലാത്ത ഓഫീസർമാരെ സംസ്ഥാനഭരണാധികാരികൾക്ക് പൂർണമായി വരുതിയിൽ നിർത്താൻ പറ്റാതെ പോകാറുണ്ട്. കെഎഎസ് തീർത്തും സംസ്ഥാന സർവീസ് ആയതു കൊണ്ട് രാഷ്ട്രീയ നേതൃത്വത്തിനു നേരിട്ട് നിയന്ത്രിക്കാനാവും. ഭാവിയിൽ ഐ എ എസ് ലക്ഷ്യം വക്കുന്നത് കൊണ്ട് അവരെ വിധേയരാക്കി മാറ്റി ഉപയോഗിക്കാനുമാവും.

യജമാനന്റെ മുന്നിൽ വാലാട്ടിയും താഴെയുള്ളവരുടെ മേൽ കുരച്ചും നിലകൊള്ളുന്ന പുതിയൊരു മദ്ധ്യവർഗ്ഗമായിക്കൂടെന്നുമില്ല. ഐഎഎസ് എന്ന ഹയർ ലെവൽ മാനേജ്മെന്റു൦ കെഎഎസ് എന്ന മിഡിൽ ലെവൽ മാനേജ്മെന്റു൦ പിന്നെ കുറേ കരാർ ജീവനക്കാരു൦ കൺസൾട്ടൻസികളു൦ എന്ന നിലയിലേക്ക് സർക്കാർ സർവ്വീസ് ചുരുക്കപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഐഎഎസ് ജോലി എന്തോ ഒരു ആനക്കാര്യം എന്നു അവതരിപ്പിച്ചുകൊണ്ട് അതിനൊരു അഭൗമ പരിവേഷം സൃഷ്ടിച്ചു കൊണ്ട് ചെറുപ്പക്കാരുടെ ജീവിതലക്ഷ്യമാക്കി മാറ്റി കുഞ്ഞുന്നാളിലേ ഐ എ എസ് പരീക്ഷക്ക് വേണ്ടി മത്സരപ്പാച്ചിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഐഎഎസ് കോച്ചിംഗ് എന്നത് അതിലാഭം കൊയ്യുന്ന വൻകിട ബിസിനസ്സ് ഏർപ്പാടായി ഇന്ന് മാറിക്കഴിഞ്ഞു.

സമാനമായ ഒരു മേഖല കെഎഎസ് വഴി പുതുതായി സൃഷ്ടിക്കപ്പെട്ടു. ഉയർന്ന ബൌദ്ധിക ശേഷി പ്രകടിപ്പിക്കേണ്ട മറ്റു മേഖലകളിലേക്കു വ്യാപാരിക്കുവാൻ ശേഷിയുള്ള വളരെ സമർഥരായ പതിനായിരക്കണക്കിന് ചെറുപ്പക്കാർ കെഎഎസ്സിന് വേണ്ടിയുള്ള എലിപ്പന്തയത്തിൽ ഏർപ്പെടും. അപൂർവം ചിലർ വിജയത്തിലെത്തും. ബാക്കിയുള്ളവർ കൊടിയ നിരാശയിലും പെടും. പഞ്ചാബിലെ സ്റ്റേറ്റ് സിവിൽ സർവീസ് റിക്രൂട്മെന്റിൽ നടന്ന അതിഭീമമായ അഴിമതിയും ഓർക്കുന്നത് നല്ലതാണ്. ചുരുക്കത്തിൽ, കെഎഎസ് അത്ര വലുതായി കൊണ്ടാടപ്പെടേണ്ട ഒന്നാണെന്നു ജെപിഎ കരുതുന്നില്ല.

Share this post

scroll to top