കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സര്‍ക്കാരുകളുടേത് കുറ്റകരമായ അനാസ്ഥ

2020_5largeimg_136387827.jpg
Share


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ ഇതരസംസ്ഥാനത്തൊഴിലാളികൾ വീടെത്താൻ നടത്തുന്ന സാഹസികമായ പരിശ്രമങ്ങളും അവരുടെ ദുരനുഭവങ്ങളുമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ച.


ഉ പജീവനാർത്ഥം, പിറന്ന നാടും മണ്ണുംവിട്ട് മറ്റിടങ്ങളിൽപ്പോയി പണിയെടുക്കുന്ന കോടിക്കണക്കിന് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കഠിനതരമാണ് ലോക്ഡൗൺ കാലം.
വിഭജനത്തിന്റെ കാലഘട്ടത്തെ അനുസ്മരിപ്പിക്കുംവിധമുള്ള കൂട്ടപ്പലായ നത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക് എന്നതുപോലെ നൂറുകണക്കിന് കിലോമീറ്ററുകൾ തങ്ങളുടെ ആകെയുള്ള സമ്പാദ്യം പ്ലാസ്റ്റിക് ചാക്കിൽ തലച്ചുമടാക്കി, കുഞ്ഞുങ്ങളെയും തോളിലേന്തി, വിശന്നും ദാഹിച്ചും വലഞ്ഞ്, പാദരക്ഷകളുടെ സംരക്ഷണംപോലുമില്ലാതെ, തീച്ചൂടിലുരുകി ദിവസങ്ങളായി ആഴ്ചകളായി അവർ നടന്നുകൊണ്ടേയിരിക്കുന്നു. പലരുടെയും നടപ്പ് മാസങ്ങളും പിന്നിട്ടിരിക്കുന്നു. ഹൈവേകളും റെയിൽപാതകളും എന്തിന് ഊടുവഴികളും കാട്ടുപാതകളും ഒഴുകിനീങ്ങുന്ന ജനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങൾ, വയോധികർ, ചെറുപ്പക്കാർ, സ്ത്രീജനങ്ങൾ, ഗർഭിണികൾ, രോഗികൾ, അംഗപരിമിതര്‍…പ്രസവിച്ച് പതിനേഴാം ദിവസം കുഞ്ഞിനെയുംകൊണ്ട്… നീണ്ട യാത്രയ്ക്കിടയിൽ വഴിയോരത്ത് പ്രസവിച്ച,് വിശ്രമിക്കാനവസരമില്ലാതെ വീണ്ടും കുഞ്ഞിനെയുംകൊണ്ട് ഒക്കെ യാത്ര ചെയ്യുന്ന അമ്മമാർ… പൊള്ളിവെന്ത പാദങ്ങൾ തറയിൽ ചവിട്ടാനാകാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങൾ…
കുഞ്ഞുങ്ങളോടുള്ള ക്രൂരതകളുടെ നേർക്കാഴ്ചയാണ് ജംലോ മക്ദം എന്ന പെൺകുട്ടി. ഛത്തീസ് ഗഢിൽനിന്ന് തെലുങ്കാനയിലെ മുളകുപാടത്ത് പണിയെടുക്കാൻ പോയ കുഞ്ഞ് ലോക്ഡൗണിനെത്തുടർന്ന് തിരികെ വീട്ടിലേയ്ക്ക് നടന്നു തീർത്തത് 150ലേറെ കിലോമീറ്ററുകളാണ്. വീടെത്താൻ പതിനൊന്നു കിലോമീറ്റർ അവശേഷിക്കെ വഴിയിൽ അവൾ മരിച്ചുവീണു. നിർജ്ജലീകരണം, തളർച്ച, പേശീവലിവ് ഒക്കെയാണ് പോസ്റ്റുമോർട്ടെം റിപ്പോർട്ടിൽ പറയുന്ന കാരണങ്ങൾ. പതിനൊന്നുവയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി പണിക്കുപോകേണ്ടിവരുക! വീടെത്താൻ ദിവസങ്ങളോളം നടക്കേണ്ടിവരിക! ഉള്ളുലയ്ക്കുന്ന ഇത്തരം കാഴ്ചകൾ വിദേശമാധ്യമങ്ങൾപോലും റിപ്പോർട്ടു ചെയ്തിട്ടും, നിരപരാധികളായ നിരവധി കുഞ്ഞുങ്ങൾ തെരുവിൽ വീണുമരിച്ചിട്ടും, സ്‌കൂളിൽ അസംബ്ലി നടത്തിയാലും മാതാപിതാക്കളോടൊപ്പമാണെങ്കിൽപ്പോലും കുഞ്ഞുങ്ങൾ സമരപരിപാടികളിൽ പങ്കെടുത്താലും സ്വമേധയാ കേസെടുക്കുന്ന ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇതൊന്നും കണ്ടമട്ടില്ല.


ഈ സാധുക്കൾക്കുമേൽ നടക്കുന്ന നിഷ്ഠുരമായ പോലീസ് അതിക്രമങ്ങളാണ് മറ്റൊരു ദുരന്തം. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത വ്യക്തികളും സംഘടനകളും നൽകുന്ന നാമമാത്രമായ ഭക്ഷ്യപേയങ്ങളും തട്ടിത്തെറിപ്പിച്ചുകളയുന്ന നീചത്വമാണ് പോലീസ് കാണിച്ചുകൊണ്ടിരിക്കുന്നത്. ഒന്നും ഒറ്റയുമായി ഓടുന്ന ട്രയിനിൽ കയറാൻ വരുന്നവരെപ്പോലും തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുന്നു. നടന്നുപോകുന്നവരും നാടെത്താൻ ട്രെയിനും ട്രക്കും പിടിക്കാൻ ഓടുന്നവരും സൈക്കിളിൽപോകുന്നവർവരെയും ഇവരുടെ ഹുങ്കിന് ഇരകളാകുന്നു. അങ്ങനെയങ്ങനെ നിയമപാലന(!)ത്തിന്റെയും നിരവധി കടമ്പകളെ ഈ സാധുക്കൾക്ക് അതിജീവിക്കേണ്ടിവരുന്നു.
വാഹനാപകടങ്ങളാണ് മറ്റൊന്ന്. നടന്നുനീങ്ങുന്നവർക്കും തളർന്നുറങ്ങുന്നവർക്കുംമേൽ ഓടിക്കയറുന്ന വാഹനങ്ങൾ അവരുടെ എല്ലാപ്രതീക്ഷകളെയും ചതച്ചരയ്ക്കുന്നു. റോഡുകളും റയിൽപാളങ്ങളും കുരുതിക്കളങ്ങളായിക്കൊ ണ്ടേയിരിക്കുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ റയിൽപാളത്തിൽകിടന്നുറങ്ങിയ പതിനാറ് തൊഴിലാളികൾ ചരക്കുവണ്ടികയറി മരണമടഞ്ഞു. യുപിയിൽവച്ച് തൊഴിലാളികൾ യാത്ര ചെയ്തിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം മരണപ്പെട്ടത് 24 പേരാണ്. അപകടങ്ങൾ നിലയ്ക്കുന്നില്ല. അങ്ങനെ ചെറുതും വലുതുമായ വാഹനാപകടങ്ങളിലായും പട്ടണിമൂലവും ദുരിതംതാങ്ങാനാകാതെ ജീവനൊടുക്കിയും ഇതിനകം അഞ്ഞൂറ്റി ഇരുപത്തഞ്ചിലേറെ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ‘ബോഡി’യായാലെ വീടെത്താൻ സർക്കാർ വാഹനം ഏർപ്പാടാക്കൂ!
ദൗർഭാഗ്യവശാൽ കോടതിയും ഇവരുടെ സഹായത്തിനെത്തിയില്ല. മനുഷ്യാവകാശ പ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, അഡ്വ. പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌ന ങ്ങൾ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്താൻ ഒരു ശ്രമം നടത്തി. ലോക്ഡൗണിനെത്തുടർന്ന് തൊഴിലില്ലാതായ, ഭാവി അനിശ്ചിതത്വത്തിലായ തൊഴിലാളികൾക്ക് അടിയന്തര സാമ്പത്തിക സഹായവും ഗുണമേന്മയുള്ള ഭക്ഷണവും മാത്രമേ പരാതിക്കാർ ആവശ്യപ്പെട്ടുള്ളൂ. സർക്കാരിന്റെ നടപടികളിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല എന്ന് നിഷ്‌ക്കരുണം പറഞ്ഞ കോടതി തൊഴിലാളികൾക്ക് ലഭിക്കുന്ന ഭക്ഷണം ഗുണമേന്മയുള്ളതല്ല എന്നതിന് മതിയായ തെളിവ് ഹാജരാക്കാൻ പരാതിക്കാർക്ക് സാധിച്ചില്ല എന്നും പറഞ്ഞുകളഞ്ഞു! അതുകൊണ്ടും കോടതി നിർത്തിയില്ല, റെയിൽവേ ട്രാക്കിൽ തൊഴിലാളികൾ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക? അവർ നടക്കണോ വേണ്ടയോ എന്നെല്ലാം സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെ. കോടതികൾ എന്തിനാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത് എന്നുംകൂടെ ചോദിച്ചു കളഞ്ഞു സുപ്രീംകോടതി. ലജ്ജാകരം എന്നല്ല, കുറ്റകരമാണ് ഈ നടപടി എന്നേ പറയേണ്ടൂ. ഭരണമുതലാളിവർഗ്ഗത്തിന്റെ ഏതൊരാവശ്യത്തിനും പാതിരാത്രിയും തുറന്ന് ഉറങ്ങാതെ വിധികൾ പ്രസ്താവിച്ചു കൊണ്ടേയിരിക്കുന്ന കോടതിക്ക്, ലക്ഷക്കണക്കായ ഈ തൊഴിലാളികളുടെ ദുരിതത്തിൽ ഇടപെടേണ്ടതുണ്ട് എന്നുതോന്നിയില്ല. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ പെരും തൂണാണത്രേ കോടതി.
സർക്കാരോ സന്നദ്ധ സംഘടനകളോ നൽകുന്ന ദക്ഷിണകൾക്കായും സർക്കാർ രേഖകൾക്കും ഹെൽത്ത് കാർഡിനുമായുമൊക്കെ പൊരിവെയിലത്ത് ഇവർക്ക് പലപ്പോഴും കുത്തിയിരിക്കേണ്ടിവരുന്നത് മണിക്കൂറുകളാണ്. കൂട്ടത്തോടെ ഇരുത്തി അണുനാശിനി തളിക്കുന്ന കാഴ്ചയും പലയിടങ്ങളിലും നാം കണ്ടു. അസ്പൃശ്യതയും അസഹിഷ്ണുതയുമാണ് ഇവരോടുള്ള പെരുമാറ്റത്തിൽ എമ്പാടും മുഴച്ചുനിൽക്കുന്നത്.

തൊഴിലാളികളുടെ ചോരയൂറ്റി പെരുക്കുന്ന മൂലധനം

പരിഷ്‌കൃതമെന്നും ജനാധിപത്യമെന്നും അഭിമാനിക്കുന്ന ഒരു രാജ്യത്ത് അനുവദിക്കാവുന്നതല്ല കഴിഞ്ഞ അമ്പതുദിവസമായി നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത് അപലപനീയമാണ് പ്രതിഷേധാർഹമാണ്, കുറ്റകരവുമാണ്. പ്രധാനമന്ത്രിയും സർക്കാരും ആരുംതന്നെ മറന്നുപോകരുതാത്ത ഒരു കാര്യമുണ്ട്. തൊഴിലളികള്‍ അധ്വാനിക്കുന്നത് ഉപജീവനാർത്ഥം മാത്രമല്ല, ഇവരുടെ അധ്വാനത്തിലൂടെ സൃഷ്ടിപ്പെ ട്ടതാണ് ഇക്കാണായ സമ്പത്തുമുഴുവൻ. അധ്വാനിച്ച് സമ്പത്തു സൃഷ്ടിക്കുന്ന തൊഴിലാളികളാണിവർ. ആദരവും ബഹുമാനവും അർഹിക്കുന്നവർ. മനുഷ്യോചിതമായ ജീവിതം തൊഴിലാളികളുടെ അവകാശമാണ്, ആരുടെയും ഔദാര്യമല്ല. ഇന്ത്യൻ ഭരണഘടനയ്ക്കു നിരക്കുംവിധം അവരുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അങ്ങനെയല്ലാതെ നടക്കുന്നതെല്ലാം കുറ്റകരമാണ്.
വൻകിട വ്യവസായികളോ കുത്തകകളോ ബിസിനസുകാരോ അല്ല സമ്പത്തു സൃഷ്ടിക്കുന്നത്. തൊഴിലാളികളുടെ അധ്വാനത്തിലൂടെ സൃഷ്ടിക്ക പ്പെടുന്ന സമ്പത്ത് ബലംപ്രയോഗിച്ച് കൈവശപ്പെടുത്തുന്ന പരാദങ്ങൾ മാത്രമാണ് കുത്തകകൾ.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായാണ് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ജനങ്ങളോട് ആത്മാർത്ഥതയും ജനങ്ങളുടെ പ്രശ്‌നങ്ങളോട് സഹാനുഭൂതിയുമുള്ള അഥവാ മനുഷ്യത്വമുള്ള ഒരു സർക്കാർ ലോക് ഡൗൺപോലെ ഒരു നടപടിയിലേയ്ക്ക് നീങ്ങുമ്പോൾ അതുസൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി കാണേണ്ടിയിരുന്നില്ലേ? കേവലം നാലുമണിക്കൂർ ഇടവേളയിട്ടാണ് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.
ലോക്ഡൌണിനെത്തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ട വിദ്യാലയങ്ങളും ആരാധനാലയങ്ങളും ആഡിറ്റോറിയങ്ങളും പിടിച്ചെടുത്ത് തൊഴിലാളികളെ പാര്‍പ്പിച്ച് വരുടെ ഭക്ഷണകാര്യങ്ങളും ചികിത്സയുമടക്കം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിയിരുന്നു. ക്രമേണ അവരെ സ്വന്തം നാടുകളിലെത്തിക്കാന്‍ ട്രയിന്‍, ബസ് സര്‍വ്വീസുകളും ഏര്‍പ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഉയർന്നുവന്നിട്ടും മതിയായി ഇടപെടൽ നടത്താൻ അശേഷം മന:സാക്ഷി കാണിക്കാത്ത കേന്ദ്രബിജെപി സർക്കാർ ഈ ദാരുണമായ സാഹചര്യത്തിൽ യാതൊരു ഉളുപ്പുമില്ലാതെ 68 ലക്ഷംകോടി രൂപയാണ് കുത്തകകളുടെ കിട്ടാക്കടം എഴുതിത്തള്ളിയത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ചുകൊണ്ടേ യിരിക്കുന്ന പാക്കേജുകളിലും ഈ സാധുക്കൾക്കുള്ള വിഹിതം എന്താണ് എന്ന് എത്ര ചികഞ്ഞിട്ടും ഇനിയും കണ്ടെത്താനായിട്ടില്ല.
പ്രതിരോധ ആവശ്യങ്ങൾക്കായി പണം വിനിയോഗിക്കുന്നതിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ, എന്നാൽ ജനങ്ങൾക്കായി നയാപൈസ നീക്കിവയ്ക്കില്ല. ധാരാളം ചർച്ചകൾക്കുശേഷം കുടിയേറ്റ തൊഴിലാളികൾക്കായി ട്രെയിൻ സർവ്വീസ് ഏർപ്പെടുത്തിയപ്പോൾ യാത്രക്കൂലി തൊഴിലാളികളിൽനിന്നും ഈടാക്കാനും ഇവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അതേസമയം പൂമൂടാനും പാത്രം കൊട്ടാനും വിളക്കുകത്തിക്കാനു കോടികൾ വകമാററുകയും ചെയ്യും. ലജ്ജാകരം എന്നല്ലാതെ എന്തു പറയാൻ?
ഇത് ആരുടെ സർക്കാരാണ്, ഈ രാജ്യം ആരുടേതാണ് എന്നൊക്കെ മനസ്സലിവുള്ളവർ ചങ്കുപൊട്ടിച്ചോദിക്കുമ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരം 1848ൽത്തന്നെ കാൾ മാർക്‌സ് എന്ന ദാർശനികൻ നൽകിയിട്ടുണ്ട് എന്നു നാം കാണണം. മുതലാളിത്തത്തിൽ സർക്കാരുകളുടെ പണി കൃത്യമായി വിശകലനം ചെയ്തുകൊണ്ട് കാൾ മാർക്‌സ് പറഞ്ഞത് ”മുതലാളിവർഗ്ഗത്തിന്റെ ഒട്ടാകെയുള്ള പൊതുക്കാര്യങ്ങൾ നിർവ്വഹിക്കുന്ന കേവലമൊരു കമ്മിറ്റി മാത്രമാണ് സർക്കാർ” എന്നാണ്. (കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ)

കുടിയേറ്റത്തൊഴിലാളികൾ

കുടിയേറ്റത്തൊഴിലാളികളാണോ അതിഥി തൊഴിലാളികളാണോ അന്യസംസ്ഥാനത്തൊഴിലാളികളാണോ എന്ന തർക്കം തീരുന്നില്ല. എന്തായാലും ദേശാന്തരഗമനത്തിനുപകരം ദേശാതിർത്തിക്കുള്ളിൽ ഓടിനടന്നുകൊണ്ടേയിരിക്കുന്ന ഒരു പുതിയ വിഭാഗം തൊഴിലാളികളെയും മുതലാളിത്തവും ആഗോളവത്ക്കരണവും സൃഷ്ടിച്ചിട്ടുണ്ട്. അവരുടെ സംഖ്യതീരെ നിസ്സാരവുമല്ല.
പതിനാലുകോടിയാണത്രേ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം. അസംഘടിതമേഖലയിൽ പണിയെടുക്കുന്ന ഇക്കൂട്ടർ തൊഴിൽശക്തിയുടെ എൺപതു ശതമാനത്തോളംവരും. അരക്ഷിതവും അങ്ങേയറ്റം വൃത്തിഹീനവുമായ ജീവിത സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരുന്ന ഇവർ വളരെ തുഛമായ കൂലിക്കാണ് പണിയെടുക്കുന്നത്. ഇവരുടെ മനുഷ്യാവകാശങ്ങളോ തൊഴിലവകാശങ്ങളോ എവിടെയും ചർച്ചയ്‌ക്കെടുക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അസംഘടിതമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കുള്ള യാതൊരു ആനുകൂല്യങ്ങളുടെയും പരിധിയിൽ ഇവർ വരുന്നില്ല. തൊഴിലാളികളുടെ ക്ഷേമപദ്ധതിയിലോ അനുബന്ധപദ്ധതികളിലോ ഇവർ പെടുന്നില്ല. ജോലിക്കിടെ മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല.
മഹാനഗരങ്ങളിലെ ചേരികളിൽ ടിൻഷീറ്റുകൊണ്ടു മറച്ചകുടുസ്സുമുറികളിൽ ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെയാണ് വലിയൊരു വിഭാഗവും ജീവിക്കുന്നത്. ഒരു തൊഴിലാളിയുടെ കുടുംബത്തിൽ അഞ്ചുപേരുണ്ട് എന്നു കരുതിയാൽ 50കോടി ആളുകളാണ് ഈ തൊഴിലാളികളെ ആശ്രയിച്ചു കഴിയുന്നത്. സ്വന്തം ഗ്രാമങ്ങളിൽ ജീവിച്ചുപോകുക സാധ്യമല്ലാതെ വന്നതിനെത്തുടർന്നാണ് നൂറുകണക്കിന് കിലോമീറ്റർ ദൂരെ അന്യസംസ്ഥാനങ്ങളിലോ മഹാനഗരങ്ങളിലോപോയി പണിയെടുക്കാൻ അവർ നിർബന്ധിതരായിത്തീരുന്നത്. ഇവരുടെ മനുഷ്യോചിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും ഭരണഘടന ഉറപ്പുതരുന്ന തുല്യതയുടെ, അവസരങ്ങളുടെയും പദവികളുടെയും തുല്യതയുടെയും വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യത്തിന്റെയും നഗ്നമായ ലംഘനമാണ്.
തകരക്കൂടുകളിൽ ഇവ്വിധം കഴിയുന്ന തൊഴിലാളികളാണ് ലോക് ഡൗൺകാലത്ത് വീണ്ടും കൊടിയ യാതനകളിലേയ്ക്ക് തള്ളിവിടപ്പെട്ടത്. കുടുങ്ങിപ്പോയ 11159 തൊഴിലാളികളുടെ ഇടയിൽനടന്ന സർവ്വേ ഫലം ഞെട്ടിക്കുന്നതാണ്. ഇവരിൽ 96 ശതമാനത്തിനും റേഷൻ ഉൾപ്പെടെ യാതൊരു ആനുകൂല്യവും ലഭ്യമായിട്ടില്ല. 89 ശതമാനത്തിനും പണിക്കൂലി കിട്ടിയിട്ടില്ല. 70 ശതമാനത്തിനും ഭക്ഷണമില്ല. 78 ശതമാനം ആളുകളുടെയും കൈയിൽ 300 രൂപയിൽ താഴെയാണുള്ളത്.
ഇത്രമേൽ ദൈന്യമായ ഈ ജീവിത സാഹചര്യവും തൊഴിൽ സാഹചര്യവും മുതലാളിത്തവ്യവസ്ഥിതിയുടെ ക്രൂരത അവർക്കുമേൽ അടിച്ചേൽപ്പിച്ചതാണ്. ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ പരിഛേദമാണ് കുടിയേറ്റ ത്തൊഴിലാളികൾ. മൂലധനം വർദ്ധിപ്പിക്കാൻവേണ്ടി മാത്രം ജീവിക്കുന്ന ഒരു വിഭാഗമാണ് മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം തൊഴിലാളികൾ. പണിയെടുക്കുന്നവൻ യാതൊന്നും സമ്പാദിക്കുന്നില്ല, കൂലിയെന്നപേരിൽ അവന് ലഭിക്കുന്നത് കഷ്ടിച്ച് ജീവൻനിലനിർത്താനുള്ള നാമമാത്രമായ തുകയാണ്. മൂലധനം ക്രിമിനലാണ്, അത് തൊഴിലാളികളുടെ ചോരയൂറ്റിയാണ് പെരുക്കുന്നത്.
1844ൽ ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ മാനുസ്‌ക്രിപ്റ്റിൽ കാൾ മാർക്‌സ് ഇപ്രകാരം ചൂണ്ടിക്കാണി ക്കുന്നു, ”മൂലധനവും ആദായവുമില്ലാത്തവനും അധ്വാനംമാത്രം കൈമുതലായുള്ളവനും എന്തുതൊഴിലുമെടുക്കാൻ സന്നദ്ധനായവനുമാണ് പൊളിറ്റിക്കൽ ഇക്കോണമിയുടെ വിവക്ഷയനുസരിച്ച് തൊഴിലാളി. ഒരു കുതിരയെപ്പോലെ പണിയെടുക്കുവാൻ അവൻ സദാസന്നദ്ധനായിരിക്കണം എന്നതാണ് മുതലാളിത്തത്തിന്റെ പ്രമാണം. പണിയെടുക്കാത്തപ്പോൾ തൊഴിലാളി ഒരു മനുഷ്യനായിപ്പോലും പരിഗണിക്കപ്പെടുന്നില്ല.”
മൂലധനം ഒന്നാം വാള്യത്തിൽ മുതലാളിത്ത ഉൽപാദനം, ഒരു വിമർശനാത്മക പഠനം എന്ന അധ്യായത്തിൽ മാർക്‌സ് വീണ്ടും പറയുന്നു. ”മുതലാളിത്തത്തിൽ, ഒരു വശത്ത് പണം കുന്നുകൂടുമ്പോൾ മറുവശത്ത് അതുപോലെതന്നെ ദുരിതവും ക്ലേശവും അജ്ഞതയും അടിമത്തവും പൈശാചികതയുമെല്ലാം കുന്നുകൂടും.”
കുടിയേറ്റത്തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന ഭയാനകവും ബീഭത്സവുമായ സാഹചര്യങ്ങൾ മുതലാളിത്ത വ്യവസ്ഥിതിയുടെ നിർദ്ദയത്വത്തെയും മനുഷ്യവിരുദ്ധതയെയുംകുറിച്ചുള്ള മാർക്‌സിന്റെ നിരീക്ഷണങ്ങൾ ശരിവയ്ക്കുന്നു.
മുതലാളിത്തം ജീർണ്ണതയുടെ പാരമ്യത്തിൽ എത്തിനിൽക്കുന്ന ഇന്ന് മനുഷ്യസമുദായത്തിന് യാതൊന്നും അതിൽനിന്നും പ്രതീക്ഷിക്കാനില്ല. നന്മയുടെ എല്ലാ ഉറവകളും വറ്റിയ, എന്തിനെയും അണപൈസ നിരക്കിൽ മാത്രം കാണാനും കണക്കുകൂട്ടാനും തുനിയുന്ന നെറിവിന്റെ എല്ലാ കണികകളും അറ്റുപോയ വർഗ്ഗം. വർഗ്ഗവൈരുദ്ധ്യം കൂടുതൽ കൂടുതൽ പ്രകടമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ”സമുദായമാകെത്തന്നെ രണ്ട് ഗംഭീര ശത്രുപാളയങ്ങളായി, പരസ്പരം അഭിമുഖമായി നിൽക്കുന്ന രണ്ട് വൻവർഗ്ഗങ്ങളായി -ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവുമായി-കൂടുതൽ കൂടുതൽ ചേരിതിരിഞ്ഞുകൊണ്ടിരിക്കുകയാണ്” (കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ) എന്ന് കാൾ മാർക്‌സ് ചൂണ്ടിക്കാട്ടിയത് 150ലേറെ വർഷങ്ങൾക്കുമുമ്പാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ കാൾ മാർക്‌സ് മുതലാളിത്തത്തെ ഇപ്രകാരം വെളിവാക്കുമ്പോൾ മുതലാളിത്തം ഇന്നുകാണും വിധം ജീർണ്ണതയുടെ പാരമ്യത്തിൽ എത്തിയിരുന്നില്ല, സാമ്രാജ്യത്വസ്വഭാവം കൈവരിച്ചിരുന്നില്ല എന്നതും നാം ഓർക്കണം.
ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെ രാജ്യം കടന്നുപോകുമ്പോഴാണ് കോവിഡ് പ്രതിസന്ധി സംജാതമായിരിക്കുന്നത്. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേ ഉളളൂ. സംഘടിത അസംഘടിത മേഖലകളിൽ തൊഴിലില്ലായ്മ രൂക്ഷമാകും. തൊഴിലാളികളുടെ അവകാശങ്ങളും പിടിച്ചെടുക്കപ്പെടും എന്നതിന്റെ സൂചനയാണ് തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾ. നിലവിലുള്ള പരിമിതമായ തൊഴിലവകാശങ്ങളും ഹനിക്കപ്പെടുന്നു. ഈ വ്യവസ്ഥിതി തുടരാൻ അനുവദിക്കുക എന്നാൽ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുസ്ഥിതിയിലേക്ക് പോകുക എന്നാണർത്ഥം. മുന്നോട്ടുകുതിക്കാൻ വെമ്പൽകൊള്ളുന്ന മനുഷ്യസമൂഹത്തിന് മുമ്പിലുള്ള ഒരേയൊരു തടസ്സം മുതലാളിത്ത ഉൽപാദനവ്യവസ്ഥയാണ്. ആ തടസ്സം നീക്കിക്കൊണ്ടല്ലാതെ മാനവസമൂഹം ഇന്നകപ്പെട്ടുപോയിരിക്കുന്ന പ്രതിസന്ധിയെ മറികടക്കാനാകില്ല.
ലോക്ഡൗണിനെത്തുടർന്ന് നിരാശ്രയരായ തൊഴിലാളികൾക്ക് മതിയായ യാത്രാസൗകര്യങ്ങൾ ഏർപ്പാടാക്കുക, താത്ക്കാലിക ആശ്വാസമെന്ന നിലയിൽ മുഴുവൻ തൊഴിലാളികൾക്കും 10000 രൂപവീതം ഉടനടി നൽകുക, തൊഴിലാളികുടുംബങ്ങൾക്ക് അവശ്യംവേണ്ട ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളുംസൗജന്യമായി റേഷൻ കടകൾ വഴി ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങൾ അമാന്തം കൂടാതെ നിർവ്വഹിക്കുവാൻ സർക്കാർ തയ്യാറാകണം. എങ്കിൽ മാത്രമേ ഈ വറുതിയെ മറികടക്കാൻ തൊഴിലാളികൾക്ക് സാധിക്കൂ.

Share this post

scroll to top