പെട്രോൾ വില നൂറും കടന്നു, കുത്തിക്കവർച്ച തുടരുന്നു

petrol-diesel.jpg
Share

കോവിഡ് മഹാമാരിയിൽ ചക്രശ്വാസം വലിക്കുന്ന ജനങ്ങളെ പട്ടിണി മരണങ്ങളിലേയ്ക്ക് നയിക്കുന്ന വിധത്തിൽ 2021 മെയ് നാല് മുതൽ ജൂലൈ 5 വരെ പെട്രോളിന് 35 തവണയും ഡീസലിന് 33 തവണയുമാണ് കേന്ദ്ര സർക്കാർ വില വർധിപ്പിച്ചത്. ജൂലൈ മാസം ആദ്യത്തെ അഞ്ചു ദിവസത്തിനിടയിൽ മൂന്നു തവണ നിഷ്‌ക്കരുണം വില കൂട്ടി. ഫലത്തിൽ, മൂന്നു മാസത്തിനിടെ 10% വില വർധനയാണ് ഉണ്ടായിരിക്കുന്നത്.

പെട്രോൾ വില കേരളത്തിലും നൂറു രൂപ കടന്നു. നൂറിൽ 56 രൂപയും സർക്കാർ നികുതിയാണ്. കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഈടാക്കുന്ന നികുതി 125 ശതമാനം വരും.പെട്രോൾ നികുതിയിനത്തിൽ ഇപ്പോൾ ഒരു ദിവസം കേരളത്തിലെ ജനങ്ങൾ നൽകുന്നത് 30കോടിയോളം രൂപയാണ്. ഇതിൽ 17.5കോടി കേന്ദ്രവും 12.5 കോടി സംസ്ഥാന സർക്കാരും തട്ടിയെടുക്കുന്നു. നികുതിക്ക് പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സെസ്സും പിരിക്കുന്നു.
പെട്രോൾ ഡീസൽ വില വർധന മൂലം എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില സീമാതീതമായി ഉയർന്നുകൊണ്ടേയിരിക്കുന്നു.കടത്തു കൂലി കൂടുമ്പോൾ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുള്ളവയ്ക്ക് വില കൂടുമെന്ന് അറിയുന്ന ഭരണാധികാരികൾ ജനങ്ങളെ നിർദയം കൊള്ളയടിക്കുകയാണ്.

100ല്‍ 56 രൂപയും കേന്ദ്ര- സംസ്ഥാന നികുതി

100 രൂപ ഒരു ലിറ്റർ പെട്രോളിന് ഈടാക്കുമ്പോൾ അതിൽ 55.61 രൂപയും കേന്ദ്ര സംസ്ഥാന നികുതിയാണ്. കേന്ദ്ര സർക്കാർ വക എക്‌സൈസ് ഡ്യൂട്ടി (1.40) സ്‌പെഷ്യൽ ഡ്യൂട്ടി (11), റോഡ് ആൻറ് ഇൻഫ്രാസ്ട്രക്ചർ സെസ് (18), അഗ്രികൾച്ചർ ആന്റ് ഡെവലപ്‌മെന്റ് സെസ് (2.50). സംസ്ഥാന സർക്കാർ വക വാറ്റ് നികുതി 22.71 രൂപയും. പെട്രോളിന്റെ വില കേവലം 43.39രൂപ മാത്രം! പെട്രോള്‍ 100 കടന്നിട്ടും നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നുമില്ല.
അന്താരാഷ്ട്ര വിപണിയിൽ എത്രയൊക്കെ വില ക്രൂഡ് ഓയിലിന് കുറഞ്ഞാലും അതിന്റ നേട്ടം ജനങ്ങൾക്ക് നൽകാതിരിക്കുക എന്ന ക്രൂരത മോഡി സർക്കാർ തുടരുകയാണ്. എന്നാൽ ആ നേട്ടം കേന്ദ്ര സർക്കാർ കൈക്കലാക്കുന്നു. അതേസമയം, അന്താരാഷ്ട്ര മാർക്കറ്റിൽ വില വർധിച്ചാൽ അതിന്റ ഭാരം പൂർണമായി ജനങ്ങളുടെ തലയിൽ വെക്കുകയും ചെയ്യും. വാസ്തവത്തിൽ, കോവിഡ്

മഹാമാരിയിൽ മനുഷ്യർ മരണത്തിന് കീഴ്‌പ്പെട്ട് വീണുകൊണ്ടിരുന്ന മാസങ്ങളിൽ, 2020 ഒടുവിൽ കേന്ദ്ര സർക്കാർ ചുമത്തിയ അധിക സെസ് മാത്രം പിൻവലിച്ചിരുന്നെങ്കിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 4.5രൂപ വീതം കുറയ്ക്കാൻ കഴിയുമായിരുന്നുവെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ഐസിആർഎ ചൂണ്ടികാണിച്ചിരുന്നു. പക്ഷേ, മോഡി സർക്കാർ കരുണ കാട്ടിയില്ല. തത്ഫലമായി, വിപണിയിൽ വിലക്കയറ്റം 6.3 ശതമാനം കടക്കുന്ന സ്ഥിതി ഉണ്ടായി.
2010 ജൂണില്‍ യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വിലനിയന്ത്രണം എണ്ണക്കമ്പനികളുടെ ചുമതലയിലാക്കി. ജനതാല്പര്യം തരിമ്പും പരിഗണിക്കാതെ കുത്തകകൾക്കു വേണ്ടി, തുടക്കം മുതൽതന്നെ എല്ലാ ക്ഷേമ സംവിധാനങ്ങളെയും പൊളിച്ചെഴുതിയ മോഡി സർക്കാർ പെട്രോൾ വില നിയന്ത്രണ മെക്കാനിസത്തെ പൂർണമായി ഇല്ലാതാക്കികളഞ്ഞു. പൊതുജനതാല്പര്യം സംരക്ഷിക്കാൻ ഏതെങ്കിലും അളവിൽ സഹായകരമായിരുന്ന അഡ്മിന്‌സ്‌ട്രേറ്റീവ് പ്രൈസ് മെക്കാനിസം അഥവാ എപിഎം എന്ന വില നിയന്ത്രണ സംവിധാനത്തെ 2014 ഒക്ടോബർ 18ന് മോഡി ഗവണ്മെന്റ് അവസാനിപ്പിക്കാൻ തീരുമാനിച്ചതും കൊള്ളയടി നിർബാധം തുടരാൻ വേണ്ടിയായിരുന്നു. വിദേശ വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ഫെബ്രുവരിയിൽ ബാരലിന് 54 ഡോളർ ആയിരുന്നത് മാർച്ച് മാസം 33 ഡോളർ ആയി ഒറ്റയടിക്ക് കുറഞ്ഞിട്ടും ഇന്ത്യൻ വിപണിയിൽ വില കുറച്ചില്ല. വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക് നൽകാതിരിക്കാൻ വിവിധയിനം എക്‌സൈസ് തീരുവകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. യഥാർഥത്തിൽ തീരുവകൾ പരമാവധി വർധിപ്പിച്ചു കഴിഞ്ഞിരുന്നു.പക്ഷേ, പരിധിക്കപ്പുറം കൊള്ള തുടരാൻ വർധനയുടെ പരിധി വർധിപ്പിക്കുകയാണ് മോഡിയും സംഘവും ചെയ്തത്. അതുവഴി എണ്ണകമ്പനികൾ ലാഭ കൂമ്പാരം വർധിപ്പിച്ചു. മറുവശത്ത് ജനജീവിതം അനുദിനം തകരുന്ന ദയനീയ സ്ഥിതി തുടരുകയാണ്.

പ്രക്ഷോഭം മാത്രം വഴി

ഇത്തൊരുമൊരു സ്ഥിതിയിൽ രാജ്യമെമ്പാടും വമ്പിച്ച പ്രതിഷേധം ഉയർന്നുവരേണ്ടതാണ്. പ്രതിപക്ഷം ജനസമരം വളർത്തുന്നതിന് പകരം നിശബ്ദമായി കൊള്ളക്ക് കൂട്ടുനിന്നുകൊടുക്കുന്നതാണ് കാണുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ചടങ്ങ് പ്രതിഷേധങ്ങൾ പോര, അതിശക്തമായ സമരം വളർത്താൻ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി നിരന്തരം ഇടതു പാർടികളോട് അഭ്യർത്ഥിക്കുന്നു. എന്തായാലും, ഒടുവിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ അഭിമുഖ്യത്തിൽ ജൂൺ 21ന് ചക്രസ്തംഭന സമരം നടത്താനുള്ള തീരുമാനം ഉണ്ടായി. ആ സമരം വിജയകരമായി സംഘടിപ്പിക്കുന്നതിൽ പാർട്ടിയുടെയും കേന്ദ്ര ട്രേഡ് യൂണിയനായ എഐയുടിയുസിയുടെയും സഖാക്കൾ നിർണായകമായ പങ്ക് വഹിക്കുകയുണ്ടായി.

വിദ്യാർത്ഥികൾ രംഗത്ത്

ചക്രസ്തംഭന സമരത്തിന് മുമ്പുതന്നെ വിദ്യാർത്ഥികളുടെ ഒരു സംഘം പെട്രോൾ വില വർധനക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ തുടങ്ങുകയുണ്ടായി. ഫെബ്രുവരി 16നുതന്നെ വിദ്യാർത്ഥികളുടെ ഒരു ചെറിയ സംഘം India Against Fuel Price Hike എന്നൊരു കൂട്ടായ്മക്ക് രൂപം നൽകി.
ഫെബ്രുവരി 18ന് പെട്രോൾ പമ്പുകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രവർത്തനങ്ങളുടെ ആരംഭം. തുടർന്ന്, ഫെബ്രുവരി 26,27,28 മാർച്ച് 1 എന്നീ ദിവസങ്ങൾ പ്രതിഷേധ-പ്രതികരണ ദിനങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ഈ ദിവസങ്ങളിൽ വിവിധ തരത്തിലുള്ള ഓൺലൈൻ/ഓഫ്‌ലൈൻ പ്രതിഷേധ പരിപാടികൾ സ്വീകരിക്കുകയുണ്ടായി.
മാർച് 9 വിദ്യാർത്ഥികളുടെ പ്രതിഷേധ ദിനമായി ആചരിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കോളേജുകളിൽ പ്രതിഷേധ പരിപാടികൾ നടത്തി. ഒപ്പു ശേഖരണം, ടയർ ഉരുട്ടിയുള്ള പ്രതിഷേധം, പ്ലക്കാർഡ് പിടിച്ചുകൊണ്ടുള്ള പ്രതിഷേധം, ജനങ്ങളുടെ പ്രതികരണം വീഡിയോകളാക്കി തയ്യാറാക്കിയ ക്യാമ്പയിൻ എന്നിങ്ങനെ വ്യത്യസ്ത സമരങ്ങൾ നടത്തി. വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ നൽകിയ പ്രതികരണ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു.
ഏപ്രിൽ 30ന് ഓൺലൈൻ കൺവെൻഷൻ നടത്തി. പ്രശസ്ത സിനിമ താരം പ്രേംകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ ജോസഫ് സി. മാത്യു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധികളായ ആർ.ജതിൻ, അജിത് മാത്യു, എസ്.ആമി എന്നിവർ സംസാരിച്ചു. അതിനുശേഷം മെയ് 15ന് സമരമുറ്റം പരിപാടി സംഘടിപ്പിച്ചു. എല്ലാവരും അവരവരുടെ വീട്ടുമുറ്റങ്ങളിൽ ഇന്ധനവിലവർധനവിനെതിരെ പ്രതികരിക്കുന്ന സമര രൂപമായിരുന്നു അത്. പെട്രോൾ-ഡീസൽ വില 50 രൂപയാക്കണം, പാചകവാതക വില കുറക്കണം എന്നീ ഡിമാൻഡുകൾ വച്ചുകൊണ്ടുള്ള പ്ലക്കാർഡ് ഉപയോഗിച്ച് പ്രതിഷേധം രേഖപെടുത്തി. ധാരാളം വീട്ടമ്മമാരും സമര മുറ്റത്തിൽ പങ്കാളികളായി. ജൂൺ 4ന് ‘ഇന്ധന വിലയ്ക്ക് തീ പിടിപ്പിക്കുന്നതാര്’ എന്ന വിഷയത്തിൽ ക്ലബ് ഹൗസിൽ സംഘടിപ്പിച്ച ചർച്ചയും ശ്രദ്ധേയമായി. അഡ്വ.വിനോദ് മാത്യു വിൽസൺ അടക്കം നിരവധി ആളുകൾ ചർച്ചയിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ കോലം കത്തിച്ച പ്രതിഷേധം

കേരളത്തിൽ പ്രീമിയം പെട്രോളിന് 100 രൂപയായതോടെ പ്രതിഷേധം ആളിക്കത്തി. ജൂൺ 10ന് പ്രധാനമന്ത്രിയുടെ കോലം വീട്ടുമുറ്റങ്ങളിൽ കത്തിക്കുവാനുള്ള കൂട്ടായ്മയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു. വീട്ടമ്മമാരടക്കം നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ജൂൺ 16ന്, കലാ പ്രതിഷേധം നടത്തി. ‘let us band against fuel price hike’ എന്നതായിരുന്നു തലക്കെട്ട്. ആ സമര ദിനത്തിൽ കലാ രംഗത്തുള്ളവരുടെ പ്രതിഷേധ പരിപാടികൾ അരങ്ങേറി. സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ജൂൺ 21ന്റെ ചക്രസ്തംഭന സമരത്തിന്റെ പ്രചരണാർഥം 19 ന് ക്ലബ് ഹൗസ് ചർച്ചയും, 20ന് വെർച്വൽ റാലിയും സംഘടിപ്പിച്ചു. ജൂൺ 21ന്റെ ചക്രസ്തംഭന പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ സോഷ്യൽ മീഡിയ ഗ്രൂപ്പംഗങ്ങൾ പങ്കെടുത്തു. എറണാകുളം കച്ചേരിപ്പടിയിൽ നടന്ന കൂട്ടായ്മ ന്യൂക്ലീയർ സയന്റിസ്റ്റ് ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിഖിൽ സജി, കെ.പി.സാൽവിൻ എന്നിവർ സംസാരിച്ചു.

ചക്രസ്തംഭന സമരത്തിൽ

ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ആഹ്വാനം ചെയ്ത 15 മിനുട്ട് നീണ്ടുനിന്ന ചക്രസ്തംഭന സമരത്തിൽ എഐയുടിയുസിയുടെയും എസ്‌യുസിഐ(സി)യുടെയും അനേകം നേതാക്കളും പ്രവർത്തകരും എല്ലാ ജില്ലകളിലും പങ്കെടുത്തു. തിരുവനന്തപുരത്ത് അന്നേ ദിവസം രാവിലെ നഗരത്തിൽ എസ്‌യുസിഐ(സി) പ്രവർത്തകർ ബൈക്ക് റാലി നടത്തി. തുടർന്ന് പിഎംജിയിൽ നടന്ന സമരത്തിൽ എഐയുടിയുസി ജില്ലാ സെക്രട്ടറി സഖാവ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് ആർ.കുമാർ സംസാരിച്ചു. കണിയാപുരത്തെ സംയുക്ത സമരത്തിൽ സഖാവ് എ.ഷൈജു സംസാരിച്ചു. എറണാകുളം ജില്ലയിൽ തിരുവാങ്കുളത്ത് സഖാവ് സി.ബി.അശോകൻ അധ്യക്ഷത വഹിച്ചു. സഖാവ് കെ.എസ്.ഹരികുമാർ സംസാരിച്ചു. കച്ചേരിപ്പടിയിൽ സഖാവ് കെ.ഒ. ഷാൻ സംസാരിച്ചു. ചാലക്കപ്പാറയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.കെ.സുരേന്ദ്രൻ ഉദ്്ഘാടനം ചെയ്തു. തൊടുപുഴയിൽ ട്രേഡ് യൂണിയൻ നേതാവ് സഖാവ് എം.എൻ.അനിൽ സംസാരിച്ചു. കോഴിക്കോട്ട് കാട്ടിലപീടികയിൽ സഖാവ് പ്രവീൺ ചെറുവത്ത് സംസാരിച്ചു. ചാവക്കാട് സഖാവ് സി.വി.പ്രേമരാജൻ സംസാരിച്ചു. ആലപ്പുഴയിൽ വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന ചക്രസ്തംഭന സമരം എസ്‌യുസിഐ(സി) ജില്ലാ കമ്മിറ്റി അംഗം സഖാവ് കെ.ആർ.ശശി ഉദ്ഘാടനം ചെയ്തു. കായംകുളത്ത് സഖാവ് എൻ.ആർ.അജയകുമാർ സംസാരിച്ചു. ജില്ലയിൽ മറ്റ് നിരവധിയിടങ്ങളിലും പാർട്ടി സഖാക്കൾ സമരത്തിന് നേതൃത്വം നൽകി.


എറണാകുളം മുളന്തുരുത്തിയിൽ എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എൻ.ആർ.മോഹൻകുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലയിൽ നിരവധിയിടങ്ങളിൽ എസ്‌യുസിഐ(സി)യുടെയും എഐയുടിയുസിയുടെയും സഖാക്കൾ സമരത്തിന് നേതൃത്വം നൽകി. കണ്ണൂർ ജില്ലയിലെ ആലക്കോട് ടൗണിൽ സഖാക്കൾ അനൂപ് ജോൺ, വി.രാമചന്ദ്രൻ, വി.എം.ഹാരിസ് എന്നിവർ പങ്കെടുത്തു. കണ്ണൂർ ഗവൺമെന്റ് ആശുപത്രി ബസ് സ്റ്റാന്റിൽവച്ച് നടന്ന വാഹന സ്തംഭന സമരം എഐയുടിയുസി ജില്ലാ പ്രസിഡന്റ് സഖാവ് എം.കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മുതലക്കുളത്ത് സഖാവ് പി.എം.ശ്രീകുമാർ, കുറ്റ്യാടിയിൽ സഖാവ് എം.കെ.രാജൻ, കാട്ടിലപ്പീടികയിൽ സഖാവ് പ്രവീൺ ചെറുവത്ത്, ബാലുശ്ശേരിയിൽ സഖാവ എം.പി.അനിൽ കുമാർ എന്നിവരും പ്രസംഗിച്ചു.
പെട്രോൾ ഡീസൽ വില വർധനക്കെതിരെ കൂടുതൽ ഉയർന്ന സമരങ്ങൾ നിരന്തരം വളർത്തിയെടുക്കുവാൻ ഏവരും മുന്നോട്ടു വരേണ്ട സമയമാണിത്.

Share this post

scroll to top