വിനാശകരമായ കെ-റയില്‍ പദ്ധതിക്കെതിരെ ജനകീയ സമരം ശക്തിപ്പെടുന്നു

No-KRail.jpg
Share

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(KRDCL), തിരുവനന്തപുരം മുതൽ കാസർഗോഡുവരെ സിൽവർലൈൻ എന്ന പേരിൽ അർദ്ധ അതിവേഗ പാത നിർമ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. പരമാവധി 200 കിലോമീറ്റർ വേഗതയിൽ ഓടുമെന്നു പറയുന്ന ട്രെയിനിന്റെ ശരാശരി വേഗം 136 കിലോമീറ്ററാണ്. 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്നും കാസർകോഡ് എത്താം. കിലോമീറ്ററിന് 2.75 രൂപയാണ് ഇപ്പോൾ പ്രതീക്ഷിക്കുന്ന ചാർജ്ജ്. എല്ലാ വർഷവും 7.5% വർദ്ധിപ്പിക്കും. ഒരുവഴിക്കുമാത്രം 1457 രൂപയാകും. 63,941 കോടിയാണ് കെആർഡിസിഎൽ മതിപ്പ് ചിലവ് കണക്കാക്കുന്നത്. നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നത് 1,26,000 കോടി ചെലവാകുമെന്നാണ്. അങ്ങിനെയെങ്കിൽ ടിക്കറ്റ് ചാർജ്ജ് ഇരട്ടിയാകും.


കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്, നെടുമ്പാശേരി, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. സ്റ്റാന്റേഡ് ഗേജിലാണ് പണിയുന്നത്. വായ്പയും സാങ്കേതിക വിദ്യയും ബോഗിയും റെയിലുമൊക്കെ ജപ്പാനിൽനിന്നും വാങ്ങും. ലൈനിനും സ്റ്റേഷനുകൾക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി 5000ത്തിലേറെ ഏക്കർ ഭൂമി വേണ്ടിവരും. 132 കിലോമീറ്റർ നെൽവയലുകളിലൂടെ കടന്നുപോകും.
11.5 കിലോമീറ്റർ നീളത്തിൽ തുരങ്കവും 13 കിലോമീറ്റർ പാലങ്ങളും 88 കിലോമീറ്റർ ആകാശപ്പാതയും 120 കിലോമീറ്റർ മലകൾ വെട്ടിമുറിച്ച് അതിനിടയിലൂടെയും 293 കലോമീറ്റർ മണൽതിട്ടകെട്ടി അതിനുമുകളിൽ 4.5 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് മതിൽ കെട്ടി അതിനിടയിലൂടെയുമാണ് പോകുന്നത്. വീടുകൾ ആരാധനാലയങ്ങൾ, സ്‌കൂളുകൾ മറ്റു പൊതുസ്ഥാപനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം നിർമ്മിതികൾ പൊളിച്ചുമാറ്റേണ്ടിവരും. ഈ പദ്ധതിയുടെ ദോഷഫലങ്ങൾ ഒരു ലക്ഷത്തിലേറെ ആളുകളെ നേരിട്ടും കേരളത്തിലെ മുഴുവൻ ജനങ്ങളെയും പരോക്ഷമായും ബാധിക്കും. നിരവധി നദികളുടെയും നീർച്ചാലുകളുടെയും സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തും. തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളുമൊക്കെ നശിപ്പിക്കപ്പെടും. പതിനായിരക്കണക്കിന് വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടി വരും. പശ്ചിമഘട്ട മലനിരകൾ വൻതോതിൽ ഇതിനുവേണ്ടി തകർക്കപ്പെടും. നിലവിൽ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡുകളും ഗ്രാമീണ പാതകളുമൊക്കെ അടയ്ക്കപ്പെടുകവഴി വലിയ യാത്രാക്ലേശങ്ങൾ അനുഭവിക്കേണ്ടിവരും. കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുമാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും നഷ്ടങ്ങളല്ലാതെ മറ്റൊന്നും കെ-റെയിൽ വഴി സംഭവിക്കില്ല.


സ്ഥലമുടമകൾക്ക് 4 ഇരട്ടി വില നൽകുമെന്ന് കെ-റെയിൽ എംഡി പറഞ്ഞപ്പോൾ അന്നത്തെ മന്ത്രി ജി.സുധാകരൻ പറഞ്ഞത് അത് ശരിയല്ലെന്നും 2.3 ഇരട്ടി മാത്രമേ സർക്കാർ തീരുമാനമുള്ളൂ എന്നുമാണ്.
വേഗത്തിൽ സഞ്ചരിക്കാനാണ് കെ-റെയിൽ എന്ന് പറയുമ്പോൾ ശരാശരി 136 കിലോമീറ്റർ വേഗം മാത്രമാണുള്ളത്. ഇന്ത്യൻ റെയിൽവേയാകട്ടെ 160 കിലോമീറ്റർ വേഗത്തിൽ പല സ്ഥലങ്ങളിലും ട്രെയിൻ ഓടിക്കുന്നുണ്ട്. കേരളത്തിലും 2025 ആകുമ്പോൾ വേഗതകൂട്ടും എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ പതിനഞ്ചുകൊല്ലമെങ്കിലുമെടുത്ത് പണി തീർത്ത് കഴിയുമ്പോൾ കെ-റെയിൽ കാലഹരണപ്പെട്ടതായി മാറും.
ഒരു ദിവസം 70,000 യാത്രക്കാർ ഇതിൽ സഞ്ചരിക്കുമെന്ന് പറയുമ്പോൾ കേരളത്തിൽ മൊത്തം യത്രാസൗകര്യങ്ങളും ഉപയോഗിച്ച് പ്രതിദിനം ഇത്രയും പേർ യാത്ര ചെയ്യുന്നില്ല എന്ന് കാണാം. കൊച്ചി മെട്രോയുടെ കാര്യത്തിൽ ഉന്നയിച്ച അവകാശവാദങ്ങൾ പൊള്ളയായിരുന്നെന്നും വൻ നഷ്ടത്തിലാണ് മെട്രോ പ്രവർത്തിക്കുന്ന തെന്നും അവരുടെ കണക്കുകൾ പറയുന്നു. 40 വർഷം മുൻപ് ആയിരക്കണക്കിനാളുകളെ കുടിയൊഴിപ്പിച്ച് നാഷണൽഹൈവേയ്ക്കു സ്ഥലമേറ്റെടുത്തിട്ടും റോഡ് പണിതിട്ടില്ല. ഇന്ത്യൻ റയിൽവേയുടെ വികസന പദ്ധതികൾ പൂർത്തീകരിക്കാതെ ജല, വ്യോമ ഗതാഗത മാർഗ്ഗങ്ങളുടെ സാദ്ധ്യതകൾ പരിഗണിക്കാതെ കെഎസ്ആർടിസിയെ മര്യാദയ്ക്ക് നോക്കിനടത്താതെയാണ് യാതൊരു വികസന സാധ്യതയുമില്ലാത്ത കെ-റെയിലിനുവേണ്ടി വാദിക്കുന്നത്.
റെയിൽവേയുടെ കാര്യത്തിൽ വിദഗ്ദ്ധനായ ഇ.ശ്രീധരനും സതേൺ റയിൽവേയുടെ മുൻ ചീഫ് എഞ്ചിനീയറായ അലോയ് കുമാർ വർമ്മയുമുൾപ്പെടെ വിദഗ്ദ്ധന്മാരായ നിരവധിയാളുകൾ സിൽവർലൈൻ ഒരു വിനാശ പദ്ധതിയാണെന്നും ഒരർത്ഥത്തിലും ഇത് കേരളത്തിനനുയോജ്യമല്ല എന്നും പ്രഖ്യാപിച്ചതാണ്.
നിയമസഭയിലോ ജനപ്രതിനിധികളോടോ ചർച്ച ചെയ്യാതെ അതീവ നിഗൂഢമായാണ് പദ്ധതിക്കുവേണ്ടി ശ്രമിക്കുന്നത്. അംഗീകാരമില്ലാത്ത ഏജൻസിക്ക് 32 ലക്ഷം രൂപ നൽകി 3 മാസംകൊണ്ട് തട്ടിക്കൂട്ടിയ ഇഐഎ പഠനം ഇപ്പോൾ തള്ളിക്കളയേണ്ടി വന്നിരിക്കുന്നു. സാമൂഹിക സമ്മർദ്ദത്തിന്റെയും കോടതി ഇടപെടലുകളുടെയും ഫലമായി വീണ്ടും പരിസ്ഥിതി ആഘാത മാനേജ്‌മെന്റ് പ്രൊജക്ട് തയ്യാറാക്കാൻ ടെണ്ടർ ക്ഷണിച്ചിരിക്കുന്നു.


എത്ര കുറ്റകരവും നിരുത്തരവാദപരവുമായ സമീപനമാണ് സർക്കാരിന്റേത്. കേരളം ഇപ്പോൾത്തന്നെ പാരിസ്ഥിതികമായി വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വികസനത്തിന്റെ പേരിൽ നമ്മുടെ കാലാവസ്ഥയെയും പരിസ്ഥിതിയെയും ഭൂമിശാസ്ത്രത്തെയും മനസ്സിലാക്കാതെ നടത്തിയ നിർമ്മാണങ്ങളും ഇടപെടലുകളുമൊക്കെ ദുരന്തങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കുട്ടനാട് മനുഷ്യവാസയോഗ്യമല്ലാതായി മാറിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖം നിർമ്മാണം ആരംഭിച്ചപ്പോൾതന്നെ തിരുവനന്തപുരം ജില്ലയുടെ തീരദേശം ദുരന്തഭൂമിയായി മാറിയിരിക്കുന്നു. പണിപൂർത്തിയാക്കാൻ കഴിയാതിരിക്കുന്നത് പാറ കിട്ടാത്തതുകൊണ്ടാണ്. പത്തനംതിട്ട ജില്ലയിൽ ഇനി പുതിയ പാറമടകൾ അനുവദിക്കില്ലെന്ന് സിപിഐ(എം) നേതാക്കൾക്കുപോലും പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നു. അപ്പോൾ കെ.റെയിലിന് നിർമ്മാണ സാമഗ്രികൾ എവിടെനിന്നും ലഭിക്കും. 392 കിലോമീറ്റർ നീളത്തിൽ ഭൂനിരപ്പിൽ നിന്നും 5 മീറ്ററിലേറെ ഉയരത്തിൽ മതിൽകെട്ടുവഴി എല്ലാ വർഷവും കരകവിഞ്ഞൊഴുകുന്ന നദികളിലെ വെള്ളം കെട്ടിനിന്ന് മതിലിന് കഴക്കുഭാഗത്തുള്ള ജനവാസം അസാദ്ധ്യമാക്കും. അര കിലോമീറ്റർ ഇടവിട്ട് നിർമ്മിക്കുന്ന അണ്ടർപ്പാസുകൾ വഴി കുത്തിയൊഴുകുമ്പോൾ സംഭവിക്കുന്ന അപകടം എത്ര വരുതായിരിക്കും. 2018 ലെ പ്രളയത്തിൽ സഹായിക്കാനെത്തിയ സന്നദ്ധ പ്രവർത്തകർക്ക് തടസ്സമായത് നദികളിലെ വെള്ളം റോഡുകൾ വഴി കുത്തിയൊഴുകിയതും വീടുകളുടെ മതിലുകളുമൊക്കെയായിരുന്നു എന്ന് നമുക്കറിയാം. പെട്ടിമുടിയും പുത്തമലയും കവളപ്പാറയുമൊക്കെ നിരന്തരമാവർത്തിക്കപ്പെടുന്ന ദുരന്ത ഭൂമിയായി കേരളം മാറുമെന്നതിൽ തർക്കമില്ല
കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം കേരളത്തിൽ വലിയ സാമൂഹിക പ്രശ്‌നമായി മാറും. മൂലമ്പിള്ളിയിൽ 316 കുടുംബങ്ങളെ പൂർണ്ണമായും പുനഃരധിവസിപ്പിക്കാൻ 12 വർഷമായിട്ടും കഴിഞ്ഞിട്ടില്ല. നാലുവർഷംമുമ്പ് തിരുവനന്തപുരത്ത് കടലാക്രമണത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർ ഇപ്പോഴും എഫ്‌സിഐ ഗോഡൗണിലാണ് കഴിയുന്നത്. അങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്. 3 സെന്റ് ഭൂമിക്കുവേണ്ടി അപേക്ഷനൽകി കാത്തുകിടക്കുന്ന ലക്ഷങ്ങൾ കേരളത്തിലുണ്ട്. അതൊന്നും പരിഗണനാവിഷയമായിരുന്നില്ല. കടം കയറി മുടിഞ്ഞിരിക്കുന്ന സർക്കാർ വീണ്ടും കടം വാങ്ങി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത് ആഗോള കുത്തകകളുടെ താൽപ്പര്യപ്രകാരവും വലിയ കമ്മീഷൻ ലാക്കാക്കിയുമാണ്. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായി വലിയ ദുരന്തമായ സിൽവർലൈൻ പദ്ധതിക്കെതിരെ ഇന്ന് കേരള ജനത ഒന്നാകെ ഉണർന്നിരിക്കുന്നു. സംസ്ഥാന കെറെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നിരന്തരമായ സമരപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകൾക്കുമതീതമായി ജനകീയ സമരക്കമ്മറ്റികൾ രൂപീകരിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പോലെയുള്ള ഇടത് അനുകൂല സംഘടനകൾ പരസ്യമായി പദ്ധതിക്കെതിരെ രംഗത്തു വന്നുകൊണ്ടിരിക്കുന്നു. ഈ സർക്കാർ വരാനിരിക്കുന്ന വലിയ ജനകീയ പ്രക്ഷോഭണത്തിന് മുന്നിൽ പരാജയപ്പെടണോ അതോ പദ്ധതി എത്രയും വേഗം പിൻവലിച്ച് ജനരോഷത്തിൽനിന്നും രക്ഷപ്പെടണോ എന്ന് ആലോചിക്കാൻ സമയം ആയിരിക്കുന്നു.

Share this post

scroll to top