സർക്കാർ ഒത്താശയോടെ നടന്ന ആസൂത്രിത മരം കൊള്ള

MUTTIL-WOOD.jpg
Share

നൂറുകണക്കിന് വർഷങ്ങളുടെ വളർച്ചയുള്ള ആയിരക്കണക്കിന് മരങ്ങൾ സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽനിന്ന് തകൃതിയായി വെട്ടിമുറിക്കുകയും കടത്തിക്കൊണ്ടു പോകുകയും ചെയ്തിരിക്കുന്നു. അനുവദിക്കപ്പെട്ട മൂന്നു മാസം രാവും പകലും കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് മരംമാഫിയാ-രാഷ്ട്രീയ-ഉദ്യോ ഗസ്ഥ സംഘം തങ്ങളുടെ പദ്ധതി വിജയകരമായി പൂർത്തീകരിച്ചു. ഫിബ്രവരി 2ന് വിവാദ ഉത്തരവുകൾ പിൻവലിച്ചുകൊണ്ട് ഓപ്പറേഷൻ അവസാനിപ്പിച്ചുവെങ്കിലും, നേരം വെളുത്തത് അറിയാത്തവിധം മോഷണത്തിൽ മുഴുകിയ ‘പാവം കള്ളനെ’പ്പോലെ ചിലർ അതിനുശേഷവും മരം വെട്ടി കടത്തുകയുണ്ടായി.

സംരക്ഷിത ലിസ്റ്റിൽപ്പെട്ട ഈട്ടിയും തേക്കുമൊക്കെയാണ് മുറിച്ചുകടത്തിയവയിൽ ഏറെയും. വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നടന്ന മരംകൊള്ളയെ സംബന്ധിച്ച വാർത്ത പുറത്തു വന്നതിനെത്തുടർന്നാണ് സംസ്ഥാനത്താകെ നടന്ന വൻ മരംകൊള്ളയുടെ ചുരുളഴിഞ്ഞത്. വയനാട്ടിൽനിന്നും മുറിച്ചുകടത്തിയ ലോഡുക്കണക്കിന് മരത്തടികൾ പെരുമ്പാവൂരിലെ ഒരു തടിമില്ലിൽനിന്നും പിടികൂടിയപ്പോൾ യാതൊരു രേഖയും കാണിക്കാൻ ഉണ്ടായിരുന്നില്ല. കർശനമായ ലോക്ഡൗൺ നിലനിന്നിരുന്ന സമയത്ത്, പല ജില്ലകളിലൂടെ പല ചെക്ക് പോസ്റ്റുകൾ കടന്ന് ഈ തടിവണ്ടികൾ എങ്ങിനെ പെരുമ്പാവൂരിൽ എത്തിയെന്നതുതന്നെ, കൊള്ളയ്ക്ക് പിന്നിലെ ശക്തമായ അധികാരശക്തി ബന്ധം വെളിവാക്കുന്നുണ്ട്.
മുട്ടിൽ മരംമുറി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നു. എന്നാൽ, കേരളത്തിന്റെ കാലാവസ്ഥയെയും പ്രകൃതിയെയും പ്രതേകിച്ച്, പശ്ചിമഘട്ടത്തെയും ഗുരുതരമായി ബാധിക്കുന്നതും, നിയമ-റവന്യൂ-പോലീസ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതുമായ ഈ വൻ മരംകൊള്ളയെന്ന മഞ്ഞുമലയുടെ മുഴുവൻ ഭാഗവും പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി യാതൊന്നും ചെയ്തില്ല. മറിച്ച്, കൊള്ളയ്ക്ക് ചൂട്ടുപിടിച്ചവരെന്ന് സമൂഹമദ്ധ്യത്തിൽ തുറന്നുകാട്ടപ്പെട്ട ഉദ്യോഗസ്ഥ സംവിധാനത്തെ അന്വേഷണചുമതല ഏല്പിക്കുകയാണ് ചെയ്തത്. സമഗ്രാന്വേഷണത്തിനാകട്ടെ, അന്വഷണ ചുമതല നിർവ്വഹിച്ച് തുമ്പില്ലാതാക്കി യതിന് കുപ്രസിദ്ധി നേടിയ പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു.

സ്വഭാവദാർഢ്യവും വ്യക്തിത്വശുദ്ധിയുമുള്ള ഒരു ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്വൽ എൻക്വയറി നടത്തണമെന്ന ആവശ്യം എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും സർക്കാറും നിരാകരിച്ചത് ?
സംസ്ഥാനത്തെ വിലപ്പെട്ട പ്രകൃതി സമ്പത്തിനുമേൽ നടന്ന ഈ കടുംവെട്ട് അധികാരകേന്ദ്രങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രഥമദൃഷ്ട്യാതന്നെ മനസ്സിലാക്കാൻ കഴിയും. സർക്കാറിന്റെ പിൻബലത്തോടുകൂടി പ്രവർത്തിച്ചുവരുന്ന ക്വാറി-മണൽ മാഫിയകളെപ്പോലെ തന്നെയാണ് മരം മാഫിയയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. സർക്കാർ ഇവർക്കുവേണ്ടി നിലവിലുള്ള നിയമങ്ങളിൽപ്പോലും അയവുവരുത്തുകയും പഴുതുകളുണ്ടാക്കുകയും ചെയ്യുന്നു. ക്വാറികൾ പ്രവർത്തിപ്പിക്കുന്നതിന് ജനങ്ങളുടെ താമസ സ്ഥലത്തുനിന്നും വനത്തിൽനിന്നുമുള്ള ദൂരപരിധി 200 മീറ്റർ എന്നുണ്ടായിരുന്നത് പിണറായി സർക്കാർ 50 ആക്കി കുറച്ചതിനുപിന്നിൽ മറ്റെന്ത് കാരണമാണ് കണ്ടെത്താൻ കഴിയുക? 5000ലേറെ അനധികൃത ക്വാറികൾ സംസ്ഥാനത്ത് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് പ്രവർത്തിക്കുന്നത് സർക്കാറിന്റെ മൗനാനുവാദത്തോടെയല്ലേ? കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 600 ലേറെ പേരുടെ ജീവനെടുക്കുകയും വിപുലമായ കൃഷിഭൂമിയും വസ്തുവഹകളും നശിപ്പിക്കപ്പെടുകയും ചെയ്ത മലയിടിച്ചിലിന്റെയും പ്രളയത്തിന്റെയും അനുഭവത്തിൽനിന്നും യാതൊന്നും ഉൾക്കൊള്ളാൻ ഭരണത്തിലിരിക്കുന്നവരുടെ നിക്ഷിപ്ത താല്പര്യങ്ങൾ കാരണം കഴിഞ്ഞിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.
ഇതേ താല്പര്യം തന്നെയാണ് മരം കൊള്ളയുടെ കാര്യത്തിലും പ്രവർത്തിച്ചത്. രണ്ട് പ്രളയത്തിലും ജനങ്ങളെ ചേർത്തുപിടിച്ചു എന്ന ഖ്യാതിപ്പട്ടം സ്വയം അണിഞ്ഞുനിൽക്കുന്ന സർക്കാർതന്നെയാണ് ഇത്തരം പ്രകൃതി കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നത്. 2020 മാർച്ച് 11ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച പരിപത്രവും (നം.യു.3/187/2019/റവ. 11/03/2020 – ഡോ. വേണു.വി, പ്രിൻസിപ്പൽ സെക്രട്ടറി), 2020 ഒക്‌ടോബർ 24ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുമാണ് (സ.ഉ.(കൈ)നം.261/2020/റവ. 24/10/2020 – ഡോ.എ.ജയതിലക് ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി) ഈ വ്യാപകമായ മരംകൊള്ളയ്ക്ക് അവസരമുണ്ടാക്കിയത്. ആദ്യത്തെ പരിപത്രം ഇറങ്ങിയപ്പോൾതന്നെ പരിസ്ഥിതിപ്രവർത്തകരിൽനിന്നും ബന്ധപ്പെട്ട സത്യസന്ധരായ ഉദ്യോഗസ്ഥരിൽനിന്നും ചോദ്യങ്ങളും എതിർപ്പും ഉയർന്നിരുന്നു. എന്നാൽ, അവയൊന്നും തെല്ലും പരിഗണിക്കാതെ സർക്കാറിന്റെ അവസാനകാലത്ത്, കോവിഡിന്റെയും ലോക്ഡൗണിന്റെയുമെല്ലാം ദുരിതത്തിൽ ജനങ്ങൾ ഉഴലുന്ന കാലത്ത്, കുറെക്കൂടി ശക്തമെന്നല്ല, സർക്കാർ വ്യവഹാര രേഖകളിൽ മുമ്പെങ്ങും കാണാത്ത വിചിത്രമായ രണ്ടാം ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. അതിന്റെ 6-ാം ക്ലോസ് ഇപ്രകാരമാണ്: ‘മേൽ സാഹചര്യത്തിൽ നിലവിലുള്ള ചട്ടങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ, 1964ലെ ചട്ടങ്ങൾ പ്രകാരം പതിച്ചു നല്കിയ ഭൂമിയിൽ കർഷകർ വച്ച് പിടിപ്പിച്ചതും കിളിർത്ത് വന്നതും പതിച്ചുകിട്ടുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ്വ് ചെയ്തതുമായ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെന്നും അപ്രകാരമുള്ള മരങ്ങൾ അവർക്ക് മുറിക്കാവുന്നതാണെന്നും അതിന് പ്രത്യേകിച്ച് ആരുടെയെങ്കിലും അനുവാദം വാങ്ങേണ്ടതില്ലായെന്നും വ്യക്തമാക്കി ഉത്തരവാകുന്നു. അപ്രകാരമുള്ള മരങ്ങൾ മുറിക്കന്നതിന് തടസ്സപ്പെടുത്തുന്ന രീതിയിൽ ഉത്തരവുകൾ പാസ്സാക്കുന്നതോ, നേരിട്ട് തടസ്സപ്പെടുത്തുന്നതോ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി അങ്ങനെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതുമാണ്.’


ഇപ്രകാരം ഒരു ഉത്തരവ് ഒരു പ്രിൻപ്പൽ സെക്രട്ടറി സ്വന്തം നിലയിൽ ഇറക്കുകയില്ലെന്ന് ആർക്കും മനസ്സിലാകുന്നതേയുള്ളൂ. തങ്ങൾ അണിയറയിൽവച്ച് തീരുമാനിച്ചുറപ്പിച്ച പദ്ധതി നടപ്പാക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാവുന്ന രാഷ്ട്രീയ ശക്തിയെയാണ് ഇതിനു പിന്നിൽ വ്യക്തമായും കാണാൻ കഴിയുക.
ഈ ഉത്തരവുകളുടെ ഉത്ഭവത്തെക്കുറിച്ച് ആദ്യമാദ്യം “കണ്ടില്ല കേട്ടില്ല” എന്ന് നടിച്ച ഭരണകക്ഷി നേക്കാക്കൾ, പിന്നീട് ഉത്തരവിനെ ശക്തമായി ന്യായീകരിച്ചുകൊണ്ട് രംഗപ്രവേശം ചെയ്തു. മന്ത്രി സഭയും സർവ്വകക്ഷി യോഗവുമൊക്കെ ചർച്ച ചെയ്ത് ഞങ്ങൾ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവാണെന്നും, കൃഷിക്കാരുടെ താല്പര്യം സംരക്ഷിക്കാനുള്ള നല്ല പത്തരമാറ്റ് ഉത്തരവാണ് ഇതെന്നും മുഖ്യമന്ത്രിയും, വനം-റവന്യൂ മന്ത്രിമാരും, സിപിഐ-സിപിഎം നേതാക്കളും ഇപ്പോൾ വീറോടെ വാദിച്ചുകൊണ്ടിരിക്കുകയാണ്.
മുട്ടിൽ മരം മുറിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിൽ വന്നതിനെ തുടർന്നാണ്, സംസ്ഥാനത്തെ ഒൻപതോളം ജില്ലകളിൽ നടന്ന ആസൂത്രിതമായ വൻ മരം കൊള്ളയുടെ പിന്നിലെ രാഷ്ട്രീയ-മാഫിയ-ഉദ്യോഗസ്ഥ ഗൂഢാലോചന പുറത്താകുന്നത്. അതിനുമുമ്പുതന്നെ ഈ ഉത്തരവുകൾക്കെതിരെ ഹൈക്കോടതിൽ ചില കേസ്സുകൾ വന്നിരുന്നു. നിയമ വകുപ്പിൽനിന്നോ അഡീഷണൽ എജിയിൽനിന്നോ നിയമോപദേശംപോലും തേടാതെ ധൃതിവച്ച് നടപ്പാക്കിയ ഉത്തരവ് സൃഷ്ടിക്കുന്ന നിയമപ്രശ്‌നത്തിൽനിന്നും രക്ഷപ്പെടുന്നതിനും ജനകീയ രോഷത്തെ തണുപ്പിക്കുന്നതിനും 11-03-2020ലെ പരിപത്രവും 24-10-2020ലെ ഉത്തരവും ഒറ്റയടിക്ക് റദ്ദാക്കിക്കൊണ്ട് 02-02-2021ന് സർക്കാർ മറ്റൊരു ഉത്തരവ് (സ.ഉ.(കൈ)നം.30/2021/റവ – ഡോ. ജയതിലക് ഐ.എ.എസ്, പ്രിൻസിപ്പൽ സെക്രട്ടറി) പുറപ്പെടുവിച്ചു.
11-03-2020 ലെ പരിപത്രത്തിന്റെയും 24-10-2021ലെ ഉത്തരവിന്റെയും ചരിത്രപരമായ ആവശ്യകതയെക്കുറിച്ചും അതിന്റെ പിന്നിലെ ഉത്തമ വിശ്വാസത്തെക്കുറിച്ചും ആണയിട്ട് പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.ഐ-സി.പി.എം നേതാക്കളും ഇത്രയും മഹത്തായ ഉത്തരവ് റദ്ദ് ചെയ്തത് എന്തിനുവേണ്ടിയെന്ന് യുക്തിക്കുനിരക്കുന്ന രീതിയിൽ ഒന്നും പറയുന്നില്ല.


പരിപത്രവും ഉത്തരവും റദ്ദ് ചെയ്യുന്നതിനുള്ള കാരണമായി പുതിയ ഉത്തരവിൽ 5 കാരണങ്ങൾ കാണിക്കുന്നുണ്ട്. 1) പരിപത്രത്തെയും ഉത്തരവിനെയും ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതി മുമ്പാകെ കേസ്സ് വന്നതിനാലും, 2) 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയ ഭൂമിയിലെ ഷെഡ്യൂൾഡ് വൃക്ഷങ്ങളെ സംബന്ധിച്ച് പട്ടയ ഫോറത്തിൽ 17-8-2017ന് ശേഷം നിബന്ധനകൾ ഉൾക്കൊള്ളിച്ചിട്ടില്ലാത്തതിനാലും, 3) 1986 ലെ കേരള പ്രിസർവേഷൻ ഓഫ് ട്രീസ്സ് ആക്ടിലെ ട്രീ എന്നതിന്റെയും 2005ലെ കേരള പ്രൊമോഷൻ ഓഫ് ട്രീസ്സ് ഗ്രോത്ത് ഇൻ നോൺ ഫോറസ്റ്റ് ഏരിയാസ് ആക്ടിലെ സ്‌പെസഫിക് ട്രീ എന്നതിന്റെയും നിർവ്വചനങ്ങളും പ്രസ്തുത നിയമങ്ങളുടെ ഉദ്ദേശ്യ ലക്ഷങ്ങളും 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിൽ നിന്നും വിഭിന്നങ്ങളാകയാലും, 4) 24-10-2020ലെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് പട്ടയത്തിലെ ഷെഡ്യൂൾ പ്രകാരം റിസർവ്വ് ചെയ്തിരുന്ന മരങ്ങളും മുറിക്കുന്നതായുള്ള പരാതികൾ സർക്കാറിന്റെ ശ്രദ്ധയിൽ പെട്ടതിനാലും, 5) പതിച്ചു നൽകുന്ന ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതും അതിന്റെ നിബന്ധനകളും 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ മുഖേന വ്യവസ്ഥ ചെയ്യപ്പെടേണ്ടവയാകയാലും പരിപത്രവും ഉത്തരവും റദ്ദ് ചെയ്യുകയാണെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ഇതിൽ ഒന്നാമത്തേത് ഒഴിച്ച് എല്ലാം തന്നെ, വിവാദ ഉത്തരവുകളുടെ ഉത്ഭവം മുതൽതന്നെ ഏതൊരാൾക്കും മനസ്സിലാകുന്നതും, വകുപ്പുകളിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ അത് രേഖാമൂലം ഉന്നയിച്ചിട്ടുള്ളതും ആണ്. അതെല്ലാം തീർത്തും അവഗണിച്ചുകൊണ്ട് തികച്ചും വഴിവിട്ട രീതിയിൽ, അധികാരമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അഹന്തയോടുകൂടി, നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി ജനങ്ങളുടെ പൊതുസ്വത്ത് കൊള്ളയടിക്കാൻ ഉന്നത ഭരണ നേതൃത്വം തയ്യാറാവുകയായിരുന്നു. മാധ്യമങ്ങളെവരെ വശത്താക്കിക്കൊണ്ട് മൂന്ന് മാസം നീണ്ടുനില്ക്കുന്ന അതിതീവ്ര യത്‌നം പൂർത്തിയായെന്ന് ഉറപ്പാക്കിയാണ് ഉത്തരവുകൾ റദ്ദ് ചെയ്യുന്നത്. കൃത്യമായ ഗൂഢാലോചനയോടെ നടത്തപ്പെട്ട ഒരു ‘ആക്ഷൻ’ഇവിടെ വെളിവാകുകയാണ്.


കർഷകരുടെ പേരിലുള്ള കണ്ണീർ പൊഴിക്കൽകൊണ്ട് മാത്രം മരം കൊള്ളയിൽനിന്നും തടിയൂരാൻ എൽഡിഎഫിനാകില്ല. പാവപ്പെട്ട കർഷകരെയും ആദിവാസികളെയും കേസ്സിൽ കുടുക്കി ബലിയാടുകളാക്കാനുള്ള ശ്രമമാണ് അന്വേഷണമെന്ന പേരിൽ നടക്കുന്നത്. വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് വൻതുക കൈക്കൂലി നൽകിയും, നിയമപരമായുമാണ് ഞങ്ങൾ രാജകീയ മരങ്ങൽ വെട്ടി മുറിച്ചതും കടത്തിയതുമെന്ന് ചാനലുകാരുടെ അന്തിചർച്ചയിൽ വീരവാദം മുഴക്കിയ മരം മാഫിയകളെയോ, തികഞ്ഞ അഴിമതി വീരന്മാരെന്ന് പരക്കെ അറിയപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരെയോ തൊടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്ന് ഇതിനകമുള്ള നടപടികളിൽനിന്ന് വ്യക്തമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രതിദിന സായാഹ്ന പത്രസമ്മേളനങ്ങളിൽ പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള സൂക്തങ്ങൾ സ്ഥിരമായി വായിക്കാറുണ്ട്. നിശ്ചിത സമയം തികയ്ക്കാനാണെങ്കിലും, പറയുന്നതിനോട് അല്പമെങ്കിലും കൂറുണ്ടായിരുന്നെങ്കിൽ കേരളത്തിൽ ഇത്രമാത്രം പ്രകൃതി നശീകരണം ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ നിലനില്പിനെതന്നെ ബാധിക്കുംവിധം പശ്ചിമഘട്ടത്തിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രൊഫ. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള അനേകം പ്രകൃതി ശാത്രജ്ഞർ മുന്നറിപ്പ് നൽകിയിട്ടുണ്ട്. പിണറായി വിജയൻ സർക്കാർ ഇതിനൊന്നും തരിമ്പും വില കല്പിക്കാതെയാണ് പാറ, കുന്ന് ഖനനത്തിനും മരം മുറിക്കും കരുക്കൾ നീക്കുന്നത്. പശ്ചിമതീരത്താകട്ടെ, ദൂരവ്യാപകമായ പ്രകൃതി ദുരന്തം സൃഷ്ടിക്കുന്ന വൻ കരിമണൽ ഖനനത്തിനും, വിഴിഞ്ഞം പോർട്ടിനും, കെ.റെയിൽ പദ്ധതിക്കും വികസനത്തിന്റെ പേര് പറഞ്ഞുകൊണ്ട് ഇവർതന്നെ നായകത്വം വഹിക്കുകയാണ്. പ്രകൃതി സംരക്ഷകരെന്ന് സ്വയം തൂവൽ ചാർത്തി നടക്കുന്ന സിപിഐ നേതൃത്വത്തിന്റെ ഇരട്ടത്താപ്പും തനിനിറവും മരം കൊള്ളയിലൂടെ തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്.
ക്രിമിനൽ സാമ്പത്തിക ശക്തികളെയും അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങളെയും കൂട്ടുപിടിച്ചുകൊണ്ട് പൊതുമുതൽ കൊള്ളയടിക്കുന്ന രീതിയിലേയ്ക്ക് ഭരണസംവിധാനം മാറുന്നുവെന്ന് ഖേദത്തോടെയെങ്കിലും പറയേണ്ടി വരുന്നു. ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഭാഗമാണ് അധികാര രാഷ്ട്രീയ നേതൃത്വങ്ങളുമെന്ന് ജനങ്ങൾ തിരിച്ചറിയണം. സംസ്ഥാനത്തെ ഇടതുപക്ഷ വിശ്വാസികളും ജനാധിപത്യ-പരിസ്ഥിതി സ്‌നേഹികളും ഇതിനെതിരെ സദാ ജാഗരൂകരാകുകയും ശക്തമായി പ്രതികരിക്കുകയുമാണ് ഒരേയൊരു പോംവഴി.

Share this post

scroll to top