ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെയുള്ള പ്രക്ഷോഭം വീണ്ടും ശക്തിപ്രാപിക്കുന്നു

Screenshot_20210616-191111_Facebook.jpg
Share

ബിപിസിഎൽ എന്ന മഹാരത്‌ന വ്യവസായ സ്ഥാപനത്തെ കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളെ പ്രതിരോധിക്കുവാനുള്ള നീക്കങ്ങളുമായി കൊച്ചി റിഫൈനറി തൊഴിലാളികളും അതോടൊപ്പം സംസ്ഥാന-ജില്ലാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും വീണ്ടും പ്രക്ഷോഭരംഗത്ത് ഇറങ്ങിയിരിക്കുകയാണ്.


ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ കൊച്ചി റിഫൈനറിയിൽ ആരംഭിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളും ബഹുജനങ്ങളും ഏറ്റെടുത്ത, പൊതുമേഖലയ്ക്കാകെ മാതൃകയായി വികസിച്ചുവന്ന സമരം കോവിഡ് മഹാമാരിയുടെ വ്യാപനത്തോടെ പെട്ടെന്ന് നിർത്തിവയ്‌ക്കേണ്ടിവന്നു. പ്രസ്തുത സാഹചര്യത്തെ മുതലെടുത്തുകൊണ്ട് ബിപിസിഎൽ വില്പനയുടെ നടപടിക്രമം വളരെ വേഗം പൂർത്തികരിക്കാനാണ് കേന്ദ്രഗവൺമെന്റും മാനേജ്‌മെന്റിലെ ഒരു പറ്റം ഉന്നതോദ്യോഗസ്ഥരും നീക്കങ്ങൾ നടത്തിയത്.
കോവിഡ് മഹാമാരി സമരത്തെ മാത്രമല്ല വില്പനയെയും തടസ്സപ്പെടുത്തിയെന്നതിനാലാണ് ബിപിസിഎൽ ഇപ്പോഴും പൊതുമേഖലയിൽ നിലനില്ക്കുന്നത്. മാതൃകാ തൊഴിൽ സ്ഥാപനങ്ങളായി അറിയപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ പരമ്പരാഗതമായി നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും പോരാട്ടങ്ങളിലൂടെ ജീവനക്കാർ നേടിയെടുത്ത ആനുകൂല്യങ്ങളെയും അവകാശങ്ങളെയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശാനുസരണം മാനേജ്‌മെന്റ് നടപ്പാക്കുന്നത്. കോർപ്പറേറ്റുകളുടെ കടന്നുവരവിന് പാതയൊരുക്കാനാണിത്.


തൊഴിലാളികളുടെ ശമ്പള പരിഷ്‌ക്കരണ കരാർ പുതുക്കുമ്പോൾ ഗവൺമെന്റ് ഗൈഡ് ലൈനോ പെട്രോളിയം കമ്പനികളുടെ പാറ്റേണോ അംഗീകരിക്കില്ലെന്നും പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും വെട്ടിക്കുറയ്ക്കാൻ സ്ഥാപനം ഏറ്റെടുക്കുന്ന സ്വകാര്യ മുതലാളിക്ക് അനുവാദം നൽകുന്ന 1 (f) വകുപ്പ് ഉൾപ്പെടെയുള്ള തൊഴിലാളിവിരുദ്ധ നിർദ്ദേശങ്ങളെ തൊഴിലാളികൾ അംഗീകരിച്ചാലേ പുതിയ ശമ്പള പരിഷ്‌ക്കരണ കരാർ പുതുക്കുകയുള്ളൂ എന്നതാണ് മാനേജ്‌മെന്റ് നിലപാട്. ഇത്തരം നടപടികൾകളെ യൂണിയനുകൾ ഒറ്റക്കെട്ടായി എതിർത്തതിനാൽ കരാർ പുതുക്കലുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സിഎൽസി തലത്തിൽ നടന്നുവന്ന ചർച്ചകൾ പരാജയപ്പെടുകയും കേന്ദ്ര ലേബർ ഡിപ്പാർട്ടുമെന്റിന്റെ പരിഗണനയ്ക്കായി കരാർ പുതുക്കൽ നടപടികൾ മാറ്റി വയ്ക്കപ്പെട്ടിരിക്കുകയുമാണ്.
പ്രസ്തുത സാഹചര്യത്തെ മറികടക്കാനായി മാനേജ്‌മെന്റ് ദീർഘകാല കരാറിലൂടെ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച സ്വകാര്യവൽക്കരണ അജണ്ടകൾ ഒന്നൊന്നായി ഏകപക്ഷീയമായി നടപ്പിൽ വരുത്തുവാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പ്രസ്തുത നീക്കങ്ങൾക്കെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി നിസ്സഹകരണ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ആനുകൂല്യങ്ങൾ 15 വർഷ സർവ്വീസിൽ താഴെയുള്ളവർക്ക് നിഷേധിച്ചു കൊണ്ട് ഓർഡർ ഇറക്കി. ജീവനക്കാരെ ഭിന്നിപ്പിക്കാനും ആനുകൂല്യങ്ങൾ നിഷേധിക്കാനുമുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. ജൂൺ 16ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കരിദിനമായി ആചരിച്ചു. കരിദിനാചരണത്തിന് ആഹ്വാനം ചെയ്തതിനും ധർണ്ണ നടത്തിയതിനും യൂണിയൻ ഭാരവാഹികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയും സീനിയർ തൊഴിലാളികൾ ഓഫീസറുടെ ജോലി ചെയ്യാത്തതിന് നോട്ടീസ് നൽകിയും 8 മണിക്കൂർ ജോലി എന്നതിനുപകരം 12 മണിക്കൂർ ജോലി നിർബന്ധപൂർവ്വം ചെയ്യിക്കുന്ന സമീപനം സ്വീകരിച്ചും തൊഴിലാളികളിൽ സമ്മർദ്ദം സൃഷ്ടിക്കുകയാണ് മാനേജ്‌മെന്റ്.


നിരന്തരമായി തൊഴിലാളിവിരുദ്ധ നടപടികളുമായി നീങ്ങുന്ന ബിപിസിഎൽ മാനേജ്‌മെന്റിനെതിരെ സ്ഥിരം ജീവനക്കാരുടെയും കരാർജീവനക്കാരുടെയും സംയുക്ത പ്രതിഷേധം വളർത്തിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് കൊച്ചി റിഫൈനറിയിലെ യൂണിയനുകൾ. അതോടൊപ്പം സ്വകാര്യവൽക്കരണ നടപടികൾക്കെതിരെ വിപുലമായ ജനകീയ പ്രതിഷേധം വളർത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന – ജില്ലാ ട്രേഡ് യൂണിയൻ സംയുക്ത സമിതി.
ജില്ലയിലുള്ള രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയൻ-ബഹുജന സംഘടനാ പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ബിപിസിഎൽ – കൊച്ചി റിഫൈനറി പൊതുമേഖലയിൽ നിലനിർത്തുന്നതിനായുള്ള സമരത്തിന് നേതൃത്വം നൽകാൻ റിഫൈനറി സംരക്ഷണ സമരസഹായ സമിതിക്ക് രൂപം നൽകാനും കൂടുതൽ ശക്തമായ പ്രതിരോധം വളര്‍ത്തിയെടുക്കാനും ശ്രമിക്കുകയാണ് ട്രേഡ് യൂണിയൻ നേതൃത്വം.

Share this post

scroll to top