ലക്ഷദ്വീപിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത് ചങ്ങാത്ത മുതലാളിത്തം

resizer.jpg
Share

ദാദ്രാ നാഗർ ഹവേലി ആന്റ് ദാമൻ ആന്റ് ദിയുവിലെ ഭരണത്തിലൂടെ കൂപ്രസിദ്ധനായ ഭരണാധികാരി പ്രഫുൽ പട്ടേലിന് ലക്ഷദ്വീപിന്റെകൂടി അധിക ചുമതല നൽകപ്പെട്ടതോടെ ദ്വീപുകാരുടെ കഷ്ടകാലവും ആരംഭിച്ചിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വളരെക്കുറവെങ്കിലും പുറത്തുനിന്നുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടൽ അധികം ഇല്ലാത്തതിനാൽ ശാന്തവും സമാധാനപരവുമായ ജീവിതം നയിച്ചുവരികയായിരുന്നു ദ്വീപുകാർ.

മത്സ്യബന്ധനവും മൃഗപരിപാലനവും തെങ്ങ് കൃഷിയിൽനിന്നുള്ള വരുമാനവും പരിമിതമായ അളവിലുള്ള സർക്കാർ ജോലികളുമൊക്കെയാണ് ദ്വീപുകാരുടെ സാമ്പത്തിക സ്രോതസ്സുകൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മത്സ്യബന്ധനം തന്നെ. ധാന്യങ്ങളോ പച്ചക്കറികളോ കൃഷി ചെയ്യുക സാധ്യമല്ലാത്തതിനാൽ മത്സ്യവും മാംസവും ആഹാരത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകങ്ങളാണ്. മറ്റ് പട്ടിക വർഗ്ഗ മേഖലകളെപ്പോലെ മദ്യം നിരോധിക്കപ്പെട്ട പ്രദേശം. അപ്പോഴും ബംഗാരം പോലുള്ള തദ്ദേശീയർ വസിക്കാത്ത വിനോദ സഞ്ചാര ദ്വീപുകളിൽ മദ്യം ലഭ്യവുമായിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ അടിച്ചമർത്തലുകളുടെയും മദ്യത്തിന്റെയുമൊക്കെ അഭാവം കൊണ്ടാവാം ക്രിമിനൽ കേസുകൾ ഏറ്റവും കുറവുള്ള പ്രദേശം. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സേവനങ്ങൾ, ചരക്ക് നീക്കം എന്നിവയ്ക്കുവേണ്ടി കേരളത്തെ ആശ്രയിക്കുന്നവരാണ് ദ്വീപുകാർ. സാംസ്കാരികമായും ഭാഷാപരമായും കേരളത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജനത. ഇതാണ് ലക്ഷദ്വീപ്.
ഈ പ്രദേശത്തേക്കാണ് അസ്വസ്ഥത സൃഷ്ടിക്കുകയും ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുകയും ചെയ്യുന്ന തന്റെ പുതിയ നയങ്ങളുമായി പ്രഫുൽ പട്ടേൽ പറന്നിറങ്ങുന്നത്. പക്ഷേ തന്റെ നയങ്ങൾ ദ്വീപിനെ മാലിദ്വീപിനെപ്പോലെ വികസിപ്പിക്കാനാണെന്നാണ് പ്രഫുൽ പട്ടേലിന്റെ പക്ഷം. ‘തീവ്രവാദമുക്തവും മയക്കുമരുന്ന് മുക്തവും’ ആക്കാനും കൂടിയാണെന്നും ഒരു വാദമുണ്ട്. ഇനി അതിനായി അദ്ദേഹം പുറത്തിറക്കിയ ഉത്തരവുകളും തയ്യാറാക്കി വെച്ചിട്ടുള്ള നിയമ നിർമാണങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പരിഷ്കാരങ്ങൾ !

 1. 2020 ഡിസംബർ 5ന് അഡ്മിനിസ്ട്രേറ്ററുടെ ദ്വീപിലേക്കുള്ള ആദ്യ വരവിന് മുന്നോടിയായി വഴിയരികിലെ തെങ്ങുകളുടെ കടയ്ക്കൽ കാവി പൈന്റ് അടിച്ചു.
 2. സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരങ്ങളുടെ പേരില്‍ ദ്വീപ് നിവാസികളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് രാജ്യദ്രോഹകുറ്റം ചുമത്തുകയും ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ എടുത്ത് മാറ്റി.
 3. ദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത് ഇന്നും തുടരുന്നു.
 4. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജർ(SOP) നിർബന്ധിച്ച് തിരുത്തി എഴുതിക്കുകയും അതുവഴി കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുകയും ചെയ്തു.
 5. കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 28ന് ലോക്ഡൗൺ പ്രഖ്യാപിച്ചു!
 6. മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനായി തീരത്ത് കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡ്ഡുകൾ ഒരു അറിയിപ്പും കൂടാ തെ പൊളിച്ച് മാറ്റിത്തുടങ്ങി. തീരസംരക്ഷണ നിയമത്തിന്റെ പേരിലായിരുന്നു നടപടി. ഇതേ നിയമത്തിന്റെ അടിസ്ഥാനത്തിൽ കവരത്തിയിൽ 120 വീടുകൾ പൊളിച്ചു നീക്കാനും ഉടമകൾക്ക് നോട്ടീസ് നൽകി. ആൾതാമസമില്ലാത്ത ചെറിയം ദ്വീപിൽ തേങ്ങയും മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാൻ കെട്ടിയുണ്ടാക്കിയ താൽക്കാലിക ടെന്റുകൾ പൊളിക്കാനും ഉത്തരവായിട്ടുണ്ട്.
 7. മത്സ്യബന്ധനയാനങ്ങളിൽ CCTV സ്ഥാപിക്കണമെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ടുപോകണം എന്നുമുള്ള ഉത്തരവിറക്കി. ഈ ഉത്തരവ് പിന്നീട് പിൻവലിച്ചു.
 8. ഓലയും മടലും ചിരട്ടയും പറമ്പിലിടുന്നതിന് പിഴ ഏർപ്പെടുത്തി.
 9. പല വകുപ്പുകളിൽനിന്നായി 500ൽ കൂടുതൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവുകൾ ഇറക്കി.
 10. വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനം, മൃഗപരിപാലനം തുടങ്ങിയ സർക്കാർ വകുപ്പുകളുടെ ആധികാരം ജില്ലാ പഞ്ചായത്തിൽനിന്ന് പിടിച്ചെടുത്തു.
 11. ഡയറിഫാമുകളും ലക്ഷദ്വീപ് ബിൽഡിംഗ് ഡവലപ്മെന്റ് ബോർഡും അടച്ചുപൂട്ടാൻ ഉത്തരവിറക്കി. ഇതിൽ ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
 12. അമുൽ പാലുൽപ്പന്നങ്ങളുടെ ഔട്ട്‌ലെറ്റ് കവരത്തിയിൽ തുറക്കാനും അമുൽ ഉൽപന്നങ്ങൾ വിതരണം ചെയ്യാനുമുള്ള ചുമതല ലക്ഷദ്വീപ് കൺസ്യൂമർ ആന്റ് മാർക്കറ്റിങ്ങ് ഫെഡറേഷനെ ഏൽപ്പിച്ചു.
 13. വിദ്യാലയങ്ങളിലെ മെനുവിൽനിന്ന് മാംസാഹാരം ഒഴിവാക്കി. ഈ ഉത്തരവും പിന്നീട് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.
 14. ഡെപ്യൂട്ടി കളക്ടർ തസ്തികകളുടെ പേര് സിഇഒ കം ഡെപ്യൂട്ടി കളക്ടർ എന്നാക്കി കേന്ദ്ര സർവീസിൽ നിന്നുള്ളവരെ നിയമിക്കുകയും ദ്വീപുകാരായ ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയും ചെയ്തു. ഭൂമി രജിസ്ട്രേഷൻ ഉൾപ്പടെയുള്ള ചുമതലകളിൽനിന്ന് അവരെ ഒഴിവാക്കി.
 15. ഭൂമി രജിസ്ട്രേഷൻ തുക വർദ്ധിപ്പിക്കുകയും സർക്കാരിന് വാടകയ്ക്ക് നൽകിയിരുന്ന ഭൂമിയുടെ വാടക കുറയ്ക്കുകയും ചെയ്തു.
 16. തദ്ദേശീയർ വസിക്കുന്ന ദ്വീപുകളിൽ മദ്യം അനുവദിച്ചു.
 17. ചരക്ക് ഗതാഗതം ബേപ്പൂരിനെ ഒഴിവാക്കി പൂർണമായും മംഗലാപുരത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
 18. ലക്ഷദ്വീപിനെ കേരളാ ഹൈക്കോടതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനും കർണാടക ഹൈക്കോടതിയുടെ പരിധിയിലേക്ക് മാറ്റാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു.
 19. ലക്ഷദ്വീപിൽനിന്ന് രോഗികളെ ചികിത്സയ്‌ക്കായി കേരളത്തിലേക്ക്കൊണ്ടുപോകുന്നത് തടഞ്ഞ് ഉത്തരവിറക്കി.
 20. പഞ്ചായത്ത് സംവിധാനത്തെ ഗവണ്‍മെന്റിന്റെ ചട്ടുകമാക്കുന്ന, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കുന്ന വിചിത്രമായ ഉള്ളടക്കമുള്ള പഞ്ചായത്ത് റെഗുലേഷൻ (കരട്) നിയമം, 2021 അവതരിപ്പിച്ചു.
 21. ഏതൊരാളെയും ഒരു കാരണവും കൂടാതെ ഒരു വർഷംവരെ തടങ്കലിൽ സൂക്ഷിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കരട്) നിയമം,2021 അവതരിപ്പിച്ചു.
 22. മൃഗപരിപാലനം, ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥത്തേയ്ക്ക് മൃഗങ്ങളെകൊണ്ടുപോകുന്നത് അഥവാ വിൽപ്പന, കശാപ്പ് എന്നിവ നിരോധിക്കുന്ന മൃഗപരിപാലന (കരട്) നിയമം,2021 അവതരിപ്പിച്ചു.
 23. ഏത് പ്രദേശവും വികസനത്തിനായി പിടിച്ചെടുക്കാൻ അഡ്മിനിസ്ട്രേഷന് അധികാരം നൽകുകയും ഖനികൾ ഉൾപ്പടെ ആരംഭിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ (കരട്) നിയമം, 2021 അവതരിപ്പിച്ചു. കവരത്തിയിൽ പുരയിടങ്ങൾ പിടിച്ചെടുക്കുന്നതിന് മുന്നോടിയായി കൊടി കുത്തുകയും ചെയ്തു. നിലവിലെ ചട്ടപ്രകാരം ലക്ഷദ്വീപിലെ ഭൂമി ദ്വീപുകാർക്ക് മാത്രമേ വിൽക്കാനോ വാങ്ങാനോ സാധിക്കൂ. ഈ നിയമം വരുന്നതോടെ വികസനത്തിന്റെ പേരിൽ ഏത് ഭൂമിയും പിടിച്ചെടുത്ത് പുറത്തുനിന്നുള്ള സ്വകാര്യ കമ്പനികൾക്ക് നൽകാൻ അഡ്മിനിസ്ട്രേഷന് സാധിക്കും. നിയമം നടപ്പിലായില്ലെങ്കിലും മിനിക്കോയിയിൽ 15 ഏക്കർ ഭൂമി പിടിച്ചെടുത്ത് 75 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിക്കുകയും ചെയ്തു. ദ്വീപ് നിവാസികൾക്കുള്ള തൊഴിൽ സംവരണവും എടുത്ത് മാറ്റി.
 24. മേൽപ്പറഞ്ഞ പരിഷ്കാരങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ ദ്വീപിൽനിന്നുള്ള ആദ്യ ചലചിത്ര സംവിധായിക ഐഷ സുൽത്താനയുടെമേൽ രാജ്യദ്രോഹ കുറ്റം ചുമത്തി.

ഇത്രയൊക്കെയാണ് പ്രഫുൽ പട്ടേൽ ഇതുവരെ ദ്വീപിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ. ഭരണകൂടം അവകാശപ്പെടുന്നതുപോലെ തീവ്രവാദവും മയക്കുമരുന്നും ഇല്ലാതാക്കുന്നതല്ല ഇതില്‍ ഒരു പരിഷ്കാരവും. എന്നാൽ മാലിദ്വീപിൽ സംഭവിച്ചതുപോലെ വൻകിട വിനോദ സഞ്ചാര ഭീമൻമാർക്കും ഖനി മുതലാളിമാർക്കും റോഡ് നിർമ്മാതാക്കൾക്കും ലക്ഷദ്വീപിൽ കടന്നുവരാനും അവിടുത്തെ ഭൂമിയെയും മനുഷ്യരെയും തങ്ങളുടെ വരുതിയിൽ നിർത്താനുമുള്ള നടപടികളാണ് അഡ്‌മിനിസ്ട്രേഷൻ സ്വീകരിക്കുന്നത്. ജനങ്ങളുടെ തൊഴിൽ, ഭക്ഷണം, പാർപ്പിടം,രാഷ്ട്രീയ സ്വാതന്ത്ര്യം, സാംസ്കാരിക ജീവിതം എന്നിവ സമ്പൂർണമായി തകർത്തെറിയുന്നതാണ് മേൽപ്പറഞ്ഞ ഓരോ ഉത്തരവും കരട് നിയമവും. ഇതെല്ലാം ചെയ്യുന്നതാകട്ടെ, കുത്തക മുതലാളിമാർക്ക് യാതൊരു പ്രതിഷേധവും കൂടാതെ ദ്വീപിലേക്ക് കടന്നുവരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ വേണ്ടിയും.

പ്രതിരോധങ്ങൾ:

സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജർ പരിഷ്കരിച്ചതുമുതൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ആരംഭിച്ചെങ്കിലും പ്രതിഷേധങ്ങൾക്ക് സംഘടിതവും ഏകോപിതവുമായ സ്വഭാവം വരുന്നത് കേരളം കേന്ദ്രമാക്കി ‘ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്’ എന്ന കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതോടെയാണ്. ലക്ഷദ്വീപിൽനിന്ന് കേരളത്തിൽവന്ന് പഠിക്കുന്ന വിദ്യാർത്ഥികളും കേരളീയരായ വിദ്യാർത്ഥികളും ചേർന്ന് മെയ് 24നാണ് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്. തുടർന്ന് അതിന്റെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് നൽകാനുള്ള ഭീമ ഹർജി തയ്യാറാക്കുകയും 15,000 ഒപ്പുകൾ ശേഖരിച്ച് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് മെയ് 27ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപിന് കേരളത്തിന്റെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഓൺ ലൈൻ കൺവൻഷൻ സംഘടിപ്പിച്ചു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ സഞ‌്ജയ് ഹെഗ്ഡെ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, രാജ്യസഭ എംപിമാരായ ബിനോയ് വിശ്വം, എളമരം കരീം, ലോക്‌സഭ എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ഹൈബി ഈഡൻ, ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി എം.ഷാജര്‍ഖാന്‍, വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. മെയ് 28ന് കിൽത്താനിൽ 12 പേരെ അറസ്റ്റ് ചെയ്തതിനെതിരെ അന്നേ ദിവസം പന്തംകൊളുത്തി പ്രതിഷേധിച്ചു. തുടർന്ന് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കാനും കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് മെയ് 30ന് കരിദിനം ആചരിച്ചു. കരിദിനത്തിന്റെ ഭാഗമായി സമരമുറ്റവും ട്വിറ്റർ സ്റ്റോമും സംഘടിപ്പിച്ചു. മേയ് 31ന് കവി സച്ചിദാനന്ദൻ പങ്കെടുത്ത ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. ജൂൺ 2ന് ലക്ഷദ്വീപ് നിവാസികളെ പങ്കെടുപ്പിച്ച് ക്ലബ് ഹൗസ് ചർച്ച സംഘടിപ്പിച്ചു. ഇതിനിടയിൽ ദ്വീപിലെ രാഷ്ട്രീയപ്പാർട്ടികൾ ഒത്തുചേർന്ന് സേവ് ലക്ഷദ്വീപ് ഫോറത്തിന് രൂപം നൽകുകയുണ്ടായി. സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത ആദ്യ സമര പരിപാടിയായ ജൂൺ 7ന്റെ നിരാഹാര സമരത്തിനും പാത്രംകൊട്ടി പ്രതിഷേധത്തിനും ഓലമടൽ സമരത്തിനും ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ് പരിപൂർണ പിന്തുണ നൽകി. പരിസ്ഥിതി പ്രവർത്തകരും മനുഷ്യ സ്നേഹികളും ജനാധിപത്യ വിശ്വാസികളും ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷദ്വീപിനെ പിന്തുണച്ചുകൊണ്ടിരി ക്കുന്നു.

എന്ത്കൊണ്ട് ലക്ഷദ്വീപ് ?

സത്യത്തിൽ ലക്ഷദ്വീപ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വികസനത്തിന്റെ പേരിലെ കുടിയൊഴിപ്പിക്കലും പൗരൻമാരെ സാമ്പത്തികമായി തകർത്തുകളയാനുള്ള ശ്രമങ്ങളും ഇന്ത്യയെ സംബന്ധിച്ച് ഒരു പുതുമയുമല്ല. സമ്പത്തിന്റെ കേന്ദ്രീകരണം സൃഷ്ടിച്ച പ്രതിസന്ധിയാണിത്. കുമിഞ്ഞുകൂടിയ സമ്പത്ത് എവിടെയെങ്കിലും നിക്ഷേപിച്ച് ലാഭം കൊയ്യുകയാണ് സമ്പന്നരുടെ താൽപര്യം. അവരെ മനുഷ്യന്റെ വേദനകളോ പരിസ്ഥിതി നാശമോ അലട്ടാറില്ല. പരമാവധി ലാഭം, അത് മാത്രമാണ് ലക്ഷ്യം. ഈ താൽപര്യത്തിനനുസരിച്ച് ഭരണകൂടവും പ്രവർത്തിച്ച് തുടങ്ങുന്നതാണ് ചങ്ങാത്ത മുതലാളിത്തം. ആ ചങ്ങാത്ത മുതലാളിത്തമാണ് ഇന്ന് ലക്ഷദ്വീപിൽ അശാന്തി വിതറിയിരിക്കുന്നത്. ലക്ഷദ്വീപിലെ ജനാധിപത്യ സംവിധാനങ്ങളെ തല്ലി തകർക്കുന്നതും ജനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതും ഈ താൽപര്യം മുന്‍നിര്‍ത്തിയാണ്. ആൻഡമാനിലും കാശ്മീരിലും ദാമൻ ദിയു ആന്റ് നാഗർ ഹവേലിയിലും ഡൽഹിയിലുമെല്ലാം നീതി ആയോഗിലൂടെയും അല്ലാതെയുമുള്ള അധികാരക്കവർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയാണ് നമ്മൾ ലക്ഷദ്വീപിലും കാണുന്നത്.
ഇന്ത്യ മുഴുവൻ പടരുന്ന വിശാലവും സ്ഥിരതയുള്ളതുമായ ജനകീയ സമരങ്ങളിലൂടെ മാത്രമേ ഇനി ജനങ്ങൾക്ക് സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. അത്തരമൊരു ജനകീയ പ്രക്ഷോഭമായി ലക്ഷദ്വീപ് സമരത്തെ വളര്‍ത്തിയെടുക്കാന്‍ജനങ്ങള്‍ മുന്നോട്ട് വരേണ്ടതുണ്ട്.

Share this post

scroll to top