കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി നെല്‍കൃഷി മുടക്കികൊണ്ട് ചെമ്മീന്‍ വാറ്റ് മാത്രം നടത്തിയിരുന്ന എഴുപുന്നയിലെ 165 ഏക്കര്‍ വിസ്തൃതിയുളള പുത്തന്‍കരി പാടശേഖരത്തില്‍ 2013 ജൂണ്‍ 30ന് സമരമസിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി പൊക്കാളി നെല്‍വിത്ത് വിത ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീ. എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. 365 ദിവസവും പാടശേഖരങ്ങളില്‍ ചെമ്മീന്‍ വാറ്റിനായി ഉപ്പുവെളളം കയറ്റിടുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട പാരിസ്ഥിതിക-സാമൂഹ്യപ്രശ്‌നങ്ങള്‍ക്കെതിരെ നാളുകളായി വളര്‍ന്നു വികസിച്ച ജനജാഗ്രതയെത്തുടര്‍ന്ന് ചില നിലമുടമകള്‍ പാടങ്ങള്‍ നെല്‍കൃഷി ചെയ്യുവാന്‍ സമര സമിതിക്ക് വിട്ടുതരുവാന്‍ സന്നദ്ധമായതിനെ തുടര്‍ന്നാണ് കൃഷി പുനഃരാരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് എഴുപുന്നയില്‍ നടന്ന സമ്മേളനത്തില്‍ ജസ്റ്റിസ് കെ. സുകുമാരന്‍ മുഖ്യപ്രസംഗം നടത്തി. പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ കെ.ജി പത്മകുമാര്‍, ഫാദര്‍ പ്രശാന്ത് പാലക്കപ്പള്ളി, ഫാദര്‍ സെബാസ്റ്റ്യന്‍ പുത്തന്‍പുരക്കല്‍, കൃഷി ഓഫീസര്‍ കെ.എസ് മേരി മാര്‍ഗരറ്റ് എന്നിവരും പ്രസംഗിച്ചു.
ആലപ്പുഴ ജില്ലയിലുളള 5000 ഏക്കറോളം വരുന്ന പൊക്കാളി പാടങ്ങള്‍ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, തുറവൂര്‍, പട്ടണക്കാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നു. പൊക്കാളി പാടങ്ങളിലെ നിരന്തര ചെമ്മീന്‍ വാറ്റിനെതിരെ ഉയര്‍ന്നുവന്ന ജനകീയ സമരം എഴുപുന്ന മേഖലയില്‍ നിന്നാരംഭിച്ച് വ്യാപകമായതോടെ ജില്ലാഭരണകൂടം പ്രശ്‌നത്തില്‍ ഇടപെടുകുയും 2013 മാര്‍ച്ച് 27ന് ജില്ലാകളക്ടര്‍ ഉത്തരവിറക്കുകയും ചെയ്തു. നെല്‍കൃഷി സീസണില്‍ മത്സകൃഷി പാടില്ലെന്നും പൊക്കാളിപ്പാടങ്ങളില്‍ നെല്‍കൃഷിചെയ്യുന്നവര്‍ക്കുമാത്രമേ മത്സ്യകൃഷിക്കുള്ള ലൈസന്‍സ് ലഭ്യമാക്കാവൂ എന്ന് ഉത്തരവ് അനുശാസിക്കുന്നു.
കളക്ടറുടെ ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് വേനലവധിയിലായിരുന്ന ഹൈക്കോടതിയിലെ 3 വ്യത്യസ്ഥ സിംഗിള്‍ ബഞ്ചുകളില്‍ ചെമ്മീന്‍ മുതലാളിമാര്‍ സമീപിച്ചെങ്കിലും കോടതിയില്‍ നിന്നു സ്റ്റേ ലഭിച്ചിരുന്നില്ല. എന്നാല്‍ നാലാമത്തെ ബഞ്ചില്‍ കേസ് വന്നപ്പോള്‍ കളക്ടര്‍ക്കുവേണ്ടി സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടിയിരുന്ന ഗവണ്‍മെന്റ് പ്ലീഡര്‍ ഹാജരാകാതിരിക്കുകയും ബന്ധപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് വേണ്ടത്ര ധാരണയില്ലാതെ ജൂനിയര്‍ അഡ്വക്കേറ്റ് ഹാജരാകുകയും ചെയ്തു. അങ്ങനെ ബന്ധപ്പെട്ട പ്രദേശത്തിന്റെ പാരിസ്ഥിതിക-സാമൂഹ്യ പശ്ചാത്തലം കോടതി മുന്‍പാകെ വിശദീകരിക്കപ്പെടാതെ പോകുകയും മുതലാളിമാര്‍ക്കനുകൂലമായി താല്‍ക്കാലിക സ്റ്റേ ഉണ്ടാകുകയും ചെയ്തു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് മുഖാന്തിരം ഉണ്ടായ ഇടപെടലിലൂടെ ഒരു പ്രദേശത്തെയാകമാനം നിരാശയിലാഴ്ത്തി താല്‍ക്കാലിക സ്റ്റേ നിലവില്‍ വന്നു. ഈ സ്റ്റേ നിലനില്‍ക്കെയാണ് ജനാഭിലാഷത്തെ മാനിച്ച് ചില നിലമുടമകള്‍ പാടശേഖരം സമരസമിതിക്ക് വിട്ടു നല്‍കുന്നത്.
പരമ്പരാഗതമായി രൂപപ്പെട്ടുവന്ന ഒരു ‘നെല്ലും ഒരു മീനും’ പ്രകൃതിയെ അടുത്തറിഞ്ഞ് നീണ്ടനാളത്തെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമ്മുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചെടുത്തതാണ്. ഈ കൃഷിരീതി ഫലപ്രദമായി നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഈ പ്രദേശങ്ങള്‍ ഹരിതാഭമായ ഭൂപ്രദേശങ്ങളായി സംരക്ഷിക്കപ്പെട്ടിരുന്നു. ഈ സമ്പ്രദായം നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ നിന്നാണ് രണ്ടരടണ്‍ പൊക്കാളി നെല്‍വിത്ത് സമരസമിതി എഴുപുന്നയില്‍ എത്തിച്ചത്. കുട്ടനാട്ടില്‍ നിന്നുള്ള വിദഗ്ധരായ കര്‍ഷക തൊഴിലാളികളുടെ നേതൃത്വത്തില്‍ സമരസമിതിയുടെ നൂറിലേറെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് 140 ഏക്കര്‍ നിലം ഒരുക്കി ജൂണ്‍ 25ഓടു കൂടി വിത പൂര്‍ത്തിയാക്കിയത്.
പുത്തന്‍കരി പാടശേഖരത്തിന് സമീപം നടന്ന വിത ഉദ്ഘാടന സമ്മേളനത്തില്‍ പൊക്കാളി സംരക്ഷണ സമരസമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്. സീതിലാല്‍, അഡ്വ.ഗാസ്പര്‍ കളത്തുങ്കല്‍, എം.ജി ശ്രീകുമാര്‍ കമ്മത്ത്, രുഗ്മിണി ബോബന്‍, ബെന്‍ഷി ഷാജി, കെ.ജെ ഷീല, കെ.ആര്‍ അജയകുമാര്‍, കെ.പി സ്മിനീഷ്, ഉമ്മച്ചന്‍ പോള്‍, ടി.ശിവദാസന്‍, കെ. പ്രതാപന്‍, പി.എസ് മൈക്കിള്‍, അനിതാബെന്നി,നിഷാ ബോബന്‍, കെ.ആര്‍ തോമസ്, കെ.കെ വിക്രമന്‍, കെ ആര്‍ ജോണി, എസ് പി ഷാലി, പി.കെ സാബു, വര്‍ഗ്ഗീസ്‌കുട്ടി മുണ്ടുപറമ്പില്‍, എന്‍.ജെ സുബി, പി.എ മാനുവല്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. കെ.എല്‍ ബെന്നി സ്വാഗതവും എന്‍.കെ ശശികുമാര്‍ കൃതജ്ഞതയും പറഞ്ഞു.