കേരളത്തെ അസ്വസ്ഥമാക്കിയ ശബരിമല പ്രശ്‌നം: പിന്നിൽ ഹീനലക്ഷ്യങ്ങൾ

sabarimala_1.jpeg
Share

ജനാധിപത്യ-മതേതര കേരളമെന്ന യശസ്സ് ക്രമേണ പൊലിയുകയാണ്. സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങൾക്കായി ശബരിമലയെ മറയാക്കി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി നടത്തിവരുന്ന കലാപങ്ങളും സംഘർഷങ്ങളും ഭ്രാന്തമായ സാമൂഹ്യാന്തരീക്ഷത്തിലേയ്ക്ക് കേരളത്തെ എത്തിച്ചിരിക്കുന്നു. പ്രളയാനന്തരം വളർന്നുവന്ന സാമൂഹ്യസഹോദര്യം ഏതാണ്ട് വിസ്മൃതമായിക്കഴിഞ്ഞു.

സംഘപരിവാർ ശക്തികൾ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് സംസ്ഥാനത്തെ അവരുടെ അഴിഞ്ഞാട്ടഭൂമിയാക്കി മാറ്റാൻ കിണഞ്ഞു പരിശ്രമിക്കുന്നു. ജനുവരി മൂന്നാം തീയതി ശബരിമല പ്രശ്‌നത്തിൽ അവർ ഏഴാമത് ഒരു ഹർത്താൽ കൂടി ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ചു. അതിന്റെ മറയിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ അടിച്ചുതകർത്തു. സെക്രട്ടേറിയറ്റിനുമുന്നിൽ ഒരു മാസക്കാലമായി നിരാഹാര പ്രഹസനസമരം നടത്തിവന്ന ബിജെപിക്ക് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാനാവാതെ പിൻവാങ്ങേണ്ടിവന്ന ഘട്ടമായിരുന്നു അത്. എന്നാൽ, കാര്യങ്ങൾ പൊടുന്നനെ മാറിമറിഞ്ഞു. ജനുവരി 2 ന്, സ്ത്രീ പ്രവേശനം സാദ്ധ്യമാക്കാനായി അർദ്ധരാത്രിയിൽ അതീവരഹസ്യമായി രണ്ട് സ്ത്രീകളെ ശബരിമലയിലേയ്ക്ക് പോലീസ് കൊണ്ടുപോയ വാർത്ത പരന്നു. മുഖ്യമന്ത്രിയാണ് അത് ആദ്യം സ്ഥിരീകരിച്ചത്. അതിനെതുടർന്ന് സംഘപരിവാർ സംഘടനകളും മറ്റ് വർഗ്ഗീയ ശക്തികളും കേരളമെമ്പാടും കലാപങ്ങൾ അഴിച്ചുവിട്ടു. ഏരിതീയിൽ എണ്ണയൊഴിക്കുന്ന വിധത്തിൽ സിപിഐഎമ്മും ഇടതുമുന്നണിയുംകൂടി തെരുവിലിറങ്ങിയതോടെ കേരളം കലാപഭൂമിയായി. പരസ്പരം പോർവിളികൾ, അക്രമങ്ങൾ, പാർട്ടി ഓഫീസുകൾ തകർക്കൽ, നേതാക്കളുടെ വീടുകൾ ആക്രമിക്കൽ തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾ സമാനതകളിലാത്ത വിധത്തിൽ സംസ്ഥാനമെമ്പാടും അരങ്ങേറി. തങ്ങൾക്കുനേരെ ഉണ്ടായ ആക്രമണത്തിനെതിരെ പ്രതിഷേധ ദിനം ആചരിച്ചുകൊണ്ട് മാധ്യമപ്രവർത്തകർ പൂർണ്ണമായി ബിജെപിയെ ബഹിഷ്‌കരിക്കാൻ നിർബ്ബന്ധിതരായി.

കേരളത്തിന്റെ സാമൂഹ്യരംഗത്ത് വന്നുകൊണ്ടിരിക്കുന്നത് ശുഭകരമായ കാര്യങ്ങളല്ല എന്ന് ഏവർക്കും ഇന്നറിയാം. മതചട്ടക്കൂടുകളുടെ ഉള്ളിലേക്ക് കൂടുതൽ ആളുകൾ ദൃഢീകരിക്കപ്പെടുകയാണ്. ജാതി അസ്തിത്വം മറ്റെന്തിനാക്കാളും അധികമായി കൃത്രിമമായി സ്ഥാപിക്കപ്പെടുന്നു. വിശ്വാസവും ആചാരങ്ങളും അതിനെചുറ്റിപ്പറ്റിയുള്ള അന്ധതയും പെരുകി നമ്മുടെ സാമൂഹ്യാന്തരീക്ഷം അപചയപ്പെടുന്നു. സാധാരണക്കാരായ വിശ്വാസികളാകട്ടെ, കൂടുതൽ കൂടുതൽ ആർഎസ്എസ്-ബിജെപി സംഘങ്ങളുടെ വർഗ്ഗീയ പ്രചാരണങ്ങൾക്ക് വശംവദരാക്കപ്പെടുകയാണ്. ശബരിമലയുടെ സംരക്ഷക സ്ഥാനത്ത് സംഘപരിവാർ ഉയർന്നുവരുന്നു; അഥവാ, അവരെ ഉയർത്തിയെടുത്തു. സമൂഹത്തിൽ അകൽച്ചയും അവിശ്വാസവും അനൈക്യവും വിവിധ വിഭാഗങ്ങൾക്കിടയിൽ ഉടലെടുക്കാൻ ഉതകുന്ന വിധത്തിലുള്ള വിഭജനതന്ത്രങ്ങൾ പല രൂപത്തിൽ പയറ്റിക്കൊണ്ടിരുന്നു.
സംസ്ഥാന സർക്കാരിന്റെയും സർക്കാരിനെ നയിക്കുന്ന പാർട്ടിയുടെയും സർവ്വവിധ പിന്തുണയോടെയും അരങ്ങേറിയ വനിതാ മതിലും സംഘപരിവാർ ശക്തികൾ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയും സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചേരിതിരിവുകളുടെ തീവ്രത വർദ്ധിപ്പിച്ചുകൊണ്ടാണ് സമാപിച്ചത്. വിവിധ ജാതി-സാമൂദായിക സംഘടനകൾ രണ്ട് പക്ഷത്തായി സംഘം ചേർന്ന് പരസ്പരം നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും വിരുദ്ധ പരിപാടികളും സമൂഹത്തിന്റെ ഒരുമയ്ക്ക്‌മേൽ നിരന്തരം ആഘാതം ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രളയകാലത്ത് കേരളത്തിലെ മനുഷ്യർ ഒത്തൊരുമിച്ച് ഒറ്റ മനുഷ്യനെപ്പോലെ നടത്തിയ പ്രവർത്തനങ്ങൾക്ക് തിരിച്ചടി നൽകാൻ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കക്ഷികൾതന്നെയാണ് നേതൃത്വം നൽകുന്നതെന്ന കാര്യം നിർഭാഗ്യകരമാണ്.
ബിജെപിക്ക് ഒരുവിധത്തിലും ഉപയോഗപ്പെടുത്താനാവാത്ത ഒന്നായിരുന്നു ശബരിമലയിലെ യുവതി പ്രവേശന വിഷയം. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി സ്വീകരിച്ചുവരുന്ന സ്വന്തം നിലപാടുകളുടെ പ്രതികൂലാവസ്ഥയും സമാനവിധികളിൽ കൈക്കൊണ്ടിട്ടുള്ള നടപടികളും മൂലം ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി പ്രയോജനപ്പെടുത്താൻ സംഘപരിവാറിന് യഥാർത്ഥത്തിൽ കഴിയുമായിരുന്നില്ല. ശബരിമലയിലെ യുവതിപ്രവേശനത്തിനുവേണ്ടി ശക്തമായി വാദിച്ചുകൊണ്ടുള്ള ലേഖനങ്ങളെയും പ്രസ്താവനകളെയും അവർക്ക് പൊടുന്നനെ തള്ളിക്കളയാനാവുമായിരുന്നില്ല. ആചാരസംരക്ഷണത്തിനുവേണ്ടി സമരപ്രഹസനം നടത്തുന്നതിനിടയിൽ, തങ്ങൾ സുപ്രീം കോടതി വിധിക്കെതിരല്ല, യുവതി പ്രവേശനമല്ല തങ്ങളുടെ സമരവിഷയം എന്നൊക്കെയുള്ള സംഘപരിവാർ നേതാക്കളുടെ പ്രസ്താവനകൾ അവരെ അപഹാസ്യരാക്കാൻ ഇടയാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയകണക്കുകൂട്ടൽ എന്താണെന്ന് അവരുടെതന്നെ വാക്കുകളിലൂടെ പുറത്തുവരികയും ചെയ്തു. കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടിക്ക് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയെ തള്ളിപ്പറയാനാവില്ല എന്ന നിർബ്ബന്ധിത സാഹചര്യവുമുണ്ട്. ഇത്രയൊക്കെ പ്രതികൂല ഘടകങ്ങളുണ്ടായിട്ടും ശബരിമലവിഷയത്തെ ഫലപ്രദമായി ഉപയോഗിച്ച് കുറെയധികം രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞതെങ്ങിനെ? ഇവിടെയാണ് കേരളം ഭരിക്കുന്ന മുന്നണിയുടെയും അതിനെ നയിക്കുന്ന പാർട്ടിയുടെയും പങ്ക് നാം പരിശോധിക്കേണ്ടത്.

സാമൂഹ്യസാഹചര്യത്തെ എവ്വിധവും കലുഷിതമാക്കി നേട്ടങ്ങൾ കൊയ്യാൻ ചെന്നായ ബുദ്ധിയോടെ കാത്തിരിക്കുന്ന പ്രസ്ഥാനമാണ് ബിജെപി എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. അവരുടെ കുടിലനീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കി അവയെ പ്രവർത്തിപ്പിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കലാണ് ഒരു ജനാധിപത്യ- മതേതര സർക്കാരിന്റെ കടമ. വീണുകിട്ടുന്ന ഏതൊരു സാഹചര്യത്തെയും തങ്ങൾക്കനുകൂലമാക്കാൻ എന്തു നെറികേടുകാട്ടാനും മടിയില്ലാത്ത പ്രസ്ഥാനമാണ് ബിജെപി. എതിരാളികളുടെ വീഴ്ചകളെയും അനവധാനതകളെയും സമർത്ഥമായി ഉപയോഗപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. അതിനാൽ എത്രതന്നെ പ്രകോപനമുണ്ടായാലും അതിനടിപ്പെടാതെ വൈകാരിക ക്ഷമതയോടെയും ഉയർന്ന ജനാധിപത്യസഹിഷ്ണുതയുടെയും വിവേകത്തിന്റെയും മാർഗ്ഗം അവലംബിച്ചുകൊണ്ടും ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കാനാവാത്ത സമ്മർദ്ദം അവരുടെമേൽ സൃഷ്ടിക്കുകയായിരുന്നു ഒരു ഇടത് സർക്കാർ ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന സർക്കാർ ദയനീയമായി പരാജയപ്പെട്ടു എന്ന് പറയാതിരിക്കാനാവില്ല.
പ്രകോപനത്തിന്റെ ഭാഷയും വെല്ലുവിളികളും പ്രശ്‌നം വഷളാക്കാനേ ഇടയാക്കൂ എന്ന് സർക്കാരിനെ നയിക്കുന്നവർ മനസ്സിലാക്കണം. ആക്രോശങ്ങളും വെല്ലുവിളികളും തരംതാണ മൽസരബുദ്ധിയും കൊണ്ട് കൈകാര്യം ചെയ്യാവുന്ന സാഹചര്യമല്ല ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നത്. ജനാധിപത്യസംസ്‌കാരത്തെ പ്രാണനെപ്പോലെ ഗണിക്കുകയും അത് ദൈനംദിന രാഷ്ട്രീയത്തിലും ജീവിതത്തിലും മുറുകെപ്പിടിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് മാത്രമേ മുകളിൽപ്പറഞ്ഞ ദൗത്യം നിർവ്വഹിക്കാനാവൂ എന്നതാണ് യാഥാർത്ഥ്യം. നവോത്ഥാനത്തിന്റെ വലിയ വായ്ത്താരികൾ ഘോഷിക്കുമ്പോഴും നവോത്ഥാനം നൽകിയ മഹത്തായ ജനാധിപത്യസംസ്‌കാരം ഉൾക്കൊള്ളാൻ സിപിഐ(എം)- സിപിഐ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നതിനാലാണ് ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ അവർ ദയനീയമായി പരാജയപ്പെട്ടത്.

കേരള സർക്കാർ പരാജയപ്പെട്ടു എന്ന് ഞങ്ങൾ പ്രസ്താവിക്കുന്നത് വിശാലമായ ജനതാൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ജനാധിപത്യത്തിനും മതേതര സൗഹാർദ്ദത്തിനും പേരുകേട്ട ഈ സംസ്ഥാനത്ത് വളരെ വേഗം ഇരുൾ പടരുകയാണ്. ജനങ്ങളിലൊരു വിഭാഗം കൂടുതലുയർന്ന ജനാധിപത്യ-മതേതര-പുരോഗമന മനോഭാവത്തിലേക്ക് ഉയരുകയല്ല മറിച്ച് വൻതോതിൽ പിന്നോട്ട് പോവുകയാണ്. സംഘപരിവാറിന്റെ അജണ്ടപ്രകാരം അന്ധതയുടെ വികാരാവേശത്തിന് തീകൊളുത്തിയ ആൾക്കൂട്ടങ്ങൾ നമ്മുടെ സംസ്ഥാനത്തിന് അന്യമായിരുന്നു. കഴിഞ്ഞ ഹർത്താൽ ദിനത്തിൽ നാം അത്തരം സാഹചര്യത്തിന്റെ സൂചനകൾ കണ്ടു. ഇത് നമ്മുടെ സംസ്ഥാനത്തിന്റെ പരാജയമാണ്. ഈ സ്ഥിതിവിശേഷം പരിഗണിച്ചുകൊണ്ടാണ് ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ ഇടത് സർക്കാർ ദയനീയമായി പരാജയപ്പെട്ടു എന്നു പറഞ്ഞത്. എന്നാൽ വിരോധാഭാസമെന്നുപറയട്ടെ, ഈ വിഷയം കൈകാര്യം ചെയ്ത സമ്പ്രദായത്തിൽനിന്നും സർക്കാരിനെ നയിക്കുന്ന പാർട്ടിക്ക് ഒട്ടനവധി നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു പ്രത്യേക തരത്തിലുള്ള ജാതിസമവാക്യം രൂപപ്പെടുത്തുന്നതിലും തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ സാധ്യത സൃഷ്ടിക്കുന്നതിലും സിപിഐഎമ്മിന് വിജയിക്കാൻ കഴിഞ്ഞിരിക്കുന്നു. സിപിഐഎമ്മിന്റെ വിജയം പക്ഷേ, സംസ്ഥാനത്തെ ജനങ്ങളുടെ പരാജയമായി മാറിയിരിക്കുന്നു എന്നതൊരു യാഥാർത്ഥ്യവും.
ശബരിമല പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സിപിഐഎമ്മിനെ നയിച്ചിട്ടുള്ളത് വളരെ സങ്കുചിതമായ രാഷ്ട്രീയ കണക്കുകൂട്ടലുകളാണെന്നത് ഖേദപൂർവ്വമെങ്കിലും പറയാതെ നിർവ്വാഹമില്ല. സാമൂഹ്യസാഹചര്യത്തെ ഇത്രമേൽ വഷളാക്കിയത് ഈ കണക്കുകൂട്ടൽ തന്നെയാണ്. ബിജെപിയും സംഘപരിവാറും നേട്ടം ഉണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതിനിടയാക്കുന്ന നിലപാടുകളും നടപടികളും എന്തുകൊണ്ട് സിപിഐ(എം) സ്വീകരിച്ചു? കഴിഞ്ഞ മൂന്നുമാസംകൊണ്ട് കേരളത്തിൽ സംഘപരിവാറിന് – പ്രത്യേകിച്ചും ബിജെപിക്ക് – ഇന്നോളം കടന്നുചെല്ലാൻ കഴിയാതിരുന്ന വിശ്വാസികളിൽ ഒരു വിഭാഗത്തിനിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്നത് സിപിഐഎമ്മും സഹയാത്രികരും നിഷേധിക്കില്ലല്ലോ. ഇത്തരമൊരു സാഹചര്യം ഒഴിവാക്കിയെടുക്കാനുള്ള ഒരു പരിശ്രമവും എന്തുകൊണ്ട് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല? വളരെ താൽക്കാലികമായ തെരഞ്ഞെടുപ്പ് നേട്ടത്തെ മുൻനിർത്തി ആസൂത്രിതമായി സിപിഐഎമ്മും കൂട്ടാളികളും നീങ്ങുകയായിരുന്നുവെന്ന് യുക്തിപൂർവ്വം പരിശോധിച്ചാൽ മനസ്സിലാകും. ബിജെപിക്ക് കുറച്ചുനേട്ടങ്ങൾ വിട്ടുകൊടുത്താൽ തങ്ങൾക്ക് അതിലും കൂടിയ നേട്ടങ്ങൾ സൃഷ്ടിക്കാനാവും എന്ന കണക്കുകൂട്ടൽ ശബരിമല വിഷയത്തിലെ സിപിഐ(എം) സമീപനത്തിൽ വ്യക്തമാണ്.

കേരള രാഷ്ട്രീയത്തിൽ സിപിഐഎമ്മിന്റെ മുഖ്യഎതിരാളി കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫാണ്. അവർക്കുള്ള പിന്തുണയും സ്വാധീനവും ദുർബ്ബലപ്പെടുത്തിയാൽ തങ്ങളുടെ രാഷ്ട്രീയസാധ്യത ഭദ്രമാക്കാമെന്ന വോട്ടിന്റെ ഗണിതമാണ് പ്രധാനമായും സിപിഐഎമ്മിനെ നയിക്കുന്ന ഘടകങ്ങളിലൊന്ന്. ബിജെപി കൂടുതൽ വോട്ടുനേടുമ്പോൾ യുഡിഎഫിന് വോട്ടു കുറയുകയും എൽഡിഎഫ് ജയിച്ചു വരികയും ചെയ്യുന്നുവെന്നത് ഒരു പൊതുവായ പ്രവണതയാണെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തിയാൽ കാണാവുന്നതാണ്. അതിനാൽ ബിജെപിയെ ഒരു പ്രധാന മൽസരാർത്ഥിയായി അവതരിപ്പിച്ച് വലതുപക്ഷ വോട്ട് ഭിന്നിപ്പിച്ചാൽ തങ്ങൾക്ക് ജയിച്ചുകയറാമെന്ന് സിപിഐ(എം) കരുതുന്നു. കേരള രാഷ്ട്രീയത്തിലെ കേന്ദ്രബിന്ദു സിപിഐ(എം) – ബിജെപി മൽസരമാണെന്ന് സ്ഥാപിക്കാനുള്ള ഒരു ശ്രമം സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് കാണുന്നത് അതിനാലാണ്. കഴിഞ്ഞ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വേളയിൽ മൽസരം തങ്ങളും ബിജെപിയും തമ്മിലാണെന്ന് സ്ഥാനാർത്ഥി തന്നെ അഭിപ്രായപ്പെട്ടത് ഇവിടെ സ്മരിക്കുക. പതിവായി യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ ബിജെപിയാണ് പ്രമുഖ എതിരാളി എന്ന് വിശദീകരിക്കുന്നതിൽ ഒരു യുക്തിയുമില്ല എന്നിരിക്കെ ഈ പ്രസ്താവനയുടെ ലക്ഷ്യമെന്തെന്ന് ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ഫലം രണ്ട് തവണയും തെളിയിച്ചു.

ബിജെപിക്ക് പ്രമുഖ എതിരാളി എന്ന സ്ഥാനം അനർഹമായി പതിച്ചുനൽകുന്നതിന് വർഗ്ഗീയമായ ഒരു ഹീന ലക്ഷ്യവുമുണ്ട് എന്നു പറയാൻ ഞങ്ങൾ നിർബ്ബന്ധിതരാവുകയാണ്. സംഘപരിവാറിനെ നേരിടുന്ന യഥാർത്ഥ ശക്തി തങ്ങളാണ്, തങ്ങളുടെ ജയം ഉറപ്പാക്കിയാലേ ബിജെപിയുടെ പരാജയം ഉറപ്പിക്കാനാകൂ എന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തലാണ് ആ ലക്ഷ്യം. ഒരു തരം ബിജെപി പേടി സൃഷ്ടിക്കൽ, ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പാക്കാൻ കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളായി കേരളത്തിൽ സിപിഐ(എം) പയറ്റുന്ന തന്ത്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ തന്ത്രം ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ഈ പരീക്ഷണം വിജയിക്കുന്നതു നാം കണ്ടു. യുഡിഎഫിന്റെ പ്രത്യക്ഷമായ വർഗ്ഗീയക്കളികളെ അതേ നാണയത്തിൽ നേരിട്ടുകൊണ്ട് ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പാക്കാൻ സിപിഐ(എം) കണ്ടെത്തിയിരിക്കുന്ന ഈ മാർഗ്ഗം ഈ വിഭാഗങ്ങളിൽ വർഗ്ഗീയമനോഭാവത്തെ ഉറപ്പിക്കാനും ഒരരക്ഷിതബോധം ജനിപ്പിക്കാനുമാണ് ഇടവരുത്തുക. ദീർഘകാലാടിസ്ഥനത്തിൽ വലിയ ഭവിഷ്യത്തുകളായിരിക്കും ഈ സമീപനം സൃഷ്ടിക്കുക.
നവോത്ഥാനത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത കടമകൾ നിറവേറ്റാൻ എളുപ്പക്രിയകളോ സൂത്രപ്പണികളോ ഒന്നുമില്ല. അതിന്, നിലവിലുള്ള ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും പുതിയ ജീവിത മൂല്യങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യം വയ്ക്കുന്ന, സമൂഹത്തെയാകമാനം സ്പർശിക്കുന്ന ഒരു സാംസ്‌കാരികമുന്നേറ്റം പടുത്തുയർത്തപ്പെടണം. ആധുനിക ശാസ്ത്രീയ ജീവിതവീക്ഷണവും ഉയർന്ന ജനാധിപത്യമൂല്യബോധവും നേടി സമഗ്രവികാസം പ്രാപിച്ച ഒരു മനുഷ്യനെ വാർത്തെടുക്കുകയായിരിക്കണം അതിന്റെ ലക്ഷ്യം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളുടെ പുനപ്രതിഷ്ഠയിലൂടെ അതു നേടുക സാധ്യമല്ല. അന്നത്തെ മുദ്രാവാക്യങ്ങൾ അന്നത്തെ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെയാണ് അഭിസംബോധനം ചെയ്തത്. അവ യാന്ത്രികമായി ഇന്ന് ഉയർത്തുന്നതുകൊണ്ട് ഒരു നവോത്ഥാന മുന്നേറ്റവും ഉണ്ടാകില്ല. ഇന്നിന്റെ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ഇന്നിന്റെ മുദ്രാവാക്യങ്ങൾ ഉയർന്നുവരണം. സാമ്രാജ്യത്വ – മുതലാളിത്ത ശക്തികളുടെ വർണ്ണനാതീതമായ ചൂഷണത്തിൽ നിന്നും വിടുതൽ നേടാനുള്ള രാഷ്ട്രീപോരാട്ടത്തിന് അനുരോധമായിരിക്കണം പ്രസ്തുത സാംസ്‌കാരിക മുന്നേറ്റം.

നവോത്ഥാനത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങൾ നേടാനുള്ള പോരാട്ടം ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടവുമായി അഭേദ്യമായി വിളക്കിച്ചേർക്കപ്പെട്ടതാണ്. മനുഷ്യോചിതമായ ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങൾ നേടിയെടുക്കാനുള്ള വിപുലമായ ജനാധിപത്യപ്പോരാട്ടത്തിലേയ്ക്ക് ജാതി-മത-വർണ്ണ-ലിംഗ-പ്രദേശ വ്യത്യാസമില്ലാതെ ജനങ്ങൾ കണ്ണിചേർക്കപ്പെടണം.. ഉന്നതമായ ജനാധിപത്യ പ്രബുദ്ധതയാൽ നയിക്കപ്പെടുന്ന സമരവേദിയിൽ ഒന്നിക്കുന്ന ജനതയുടെ ഐക്യവും സാഹോദര്യവും പുതിയ മാനുഷിക ബന്ധങ്ങളുടെ പരികൽപ്പനകൾ സൃഷ്ടിക്കും. അത് അഴുകിയ വ്യക്തിവാദത്തിന്റെ പിടിയിൽനിന്നും മോചിപ്പിച്ച് മനുഷ്യനെ ഉദാത്തമായ സാമൂഹ്യബോധത്തിലേയ്ക്ക് കൊണ്ടുവരും. അതിന് കെൽപ്പുള്ള ശാസ്ത്രീയ ദർശനത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ ഉയർന്നു വരുന്ന രാഷ്ട്രീയ പോരാട്ടവും അതിനനുരോധമായ സാംസ്‌കാരിക മുന്നേറ്റവുമാണ് നവോത്ഥാനത്തിന്റെ അവശേഷിക്കുന്ന കടമകൾ പൂർത്തീകരിക്കുക.

Share this post

scroll to top