കേന്ദ്രഭരണത്തെ നയിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി

664170-poorhouseholds-030218.jpg
Share

ഉത്തർപ്രദേശ്

  1. തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും
  • രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 2018 നെ അപേക്ഷിച്ച് ഒരു വർഷംകൊണ്ട് അവിടെ തൊഴിലില്ലായ്മ ഏതാണ്ട് ഇരട്ടിയായതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ പഠനം വ്യക്തമാക്കുന്നു. (ഔട്‌ലുക്ക്, 1-11-2020)
  • അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം രണ്ടുവർഷംകൊണ്ട് 12.5 ലക്ഷം വർദ്ധിച്ച് 34 ലക്ഷമായതായി 2020 ഫെബ്രുവരി 14ന് യോഗി ആദിത്യനാഥ് ഗവണ്മെന്റ് അസംബ്ലിയിൽ സമ്മതിച്ചു. (ബിസിനസ് ടുഡെ, 27-3-2020)
  1. പരിസ്ഥിതി മലിനീകരണം
  • രാജ്യത്ത് 275 വ്യവസായ യൂണിറ്റുകൾ, അതായത് ഏതാണ്ട് 11 ശതമാനം, മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഇതിൽ പകുതിയും ഉത്തർപ്രദേശിലാണ്. ഗംഗാനദി ഉൾപ്പെടെ ഇവ മലിനമാക്കുന്നു. ഗംഗയുടെയും അതിന്റെ പോഷകനദികളുടെയും തീരത്തുള്ള 992 വ്യവസായശാലകളിൽ 851 എണ്ണവും യുപിയിലാണ്. (ഡൗൺ ടു എർത്ത്, 6-6-19)
  1. ദാരിദ്ര്യവും പട്ടിണിയും
  • 29.43% ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതായത് വാർഷിക വരുമാനം 27,000 രൂപയിൽ താഴെ. (നാഷണൽ സാമ്പിള്‍ സർവേ ഓർഗനൈസേഷൻ, 31-12-19)
  • 62 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ ലോക്ഡൗൺ കാലത്ത് ഇടിവുണ്ടായി. മുസാഹരിപോലുള്ള ദുർബല ജനവിഭാഗങ്ങളുടെ സ്ഥിതി ആശങ്കാജനകമായി. ഇവർ നിലനില്പിനായി കോഴിത്തൂവൽപോലും ഭക്ഷണമാക്കുന്നു. (കൗണ്ടർ വ്യൂ, 10-12-20)
  1. വിദ്വേഷ കുറ്റകൃത്യങ്ങൾ
  • ദലിതർ അടക്കമുള്ള ദുർബല ജനവിഭാഗങ്ങൾക്കുമേൽ വിദ്വേഷത്തിന്റെ പേരിൽ 200 കുറ്റകൃത്യങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായി മൂന്നുവർഷവും ഉത്തർപ്രദേശ് ഇക്കാര്യത്തിൽ ഒന്നാമതാണ് എന്ന് ആംനസ്റ്റി ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. (ദ ഫസ്റ്റ് പോസ്റ്റ്, 6-3-19)
  • ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും മേലുള്ള അധിക്ഷേപത്തിന്റെ ആസ്ഥാനവും ഉത്തർപ്രദേശ്തന്നെ. ആൾക്കൂട്ട കൊലപാതകങ്ങൾ ഉൾപ്പെടെ ഇത്തരം 2008 കേസുകളാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 869 കേസുകളും, അതായത് 43 ശതമാനം ഉത്തർപ്രദേശിലാണ്.
  • ഉത്തർപ്രദേശിൽ ദലിതർക്കുമേലുള്ള അതിക്രമങ്ങൾ (2016-17 ൽ 221 ആയിരുന്നത് 18-19ൽ 311 ആയി) 45 ശതമാനം വർദ്ധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ 2020 ജൂലൈ 16ന് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു. (ഇന്ത്യ ടുഡെ, 20-7-2019)
  1. സ്ത്രീകൾക്കുമേലുള്ള കുറ്റകൃത്യങ്ങൾ
  • നാലുവർഷംകൊണ്ട് 66 ശതമാനം വർദ്ധനയുണ്ടായി. (സ്‌ക്രോൾ ഡോട്ട് ഇൻ, 11-10-20)
  • 2016നും 19 നുമിടക്ക് സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ 20 ശതമാനം വർദ്ധിച്ചതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പറയുന്നു.
  • യുപിയിൽ 2019ൽ 3065 ബലാൽസംഗ കേസുകൾ ഉണ്ടായി. (സീന്യൂസ്, 7-10-20)
  • യുപിയിൽ ദിവസേന ശരാശരി 11 ബലാൽസംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. (സീന്യൂസ്, 7-10-20)
  • 2018ൽ യുപിയിൽ രേഖപ്പെടുത്തിയത് 21711 തട്ടിക്കൊണ്ടുപോകലും 8908 ലഹളകളും 3218 കൊള്ളകളുമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അക്രമങ്ങളും കുറ്റകൃത്യങ്ങളുമൊക്കെ പെരുകിക്കൊണ്ടിരിക്കുകയാണ്. (ഹിന്ദുസ്ഥാൻ ടൈംസ്, 10-1-20)
  • 2017ൽ 2,524 സ്ത്രീധനമരണങ്ങളും 4,324 കൊലപാതകങ്ങളുമായി യുപി ഒന്നാമത് നിൽക്കുന്നുവെന്നാണ്ക്രൈം റെക്കോഡ്‌സ് ബ്യൂറോ പറയുന്നത്. (ടൈംസ് ഓഫ് ഇന്ത്യ, 23-10-19)
  • സ്ത്രീകൾക്കും പെൺകുഞ്ഞുങ്ങൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും യുപി ഒന്നാമതാണ്. (ടൈംസ് ഓഫ് ഇന്ത്യ, 31-10-20)
  • സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ സംസ്ഥാനമാണ് യുപി എന്ന് രേഖപ്പെടുത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ക്രൈം റെക്കോഡ്‌സ് ബ്യൂറോ തന്നെയാണ്. (ന്യൂസ് ക്ലിക്, 10-1-20)
  • യുപിയിലാണ് ഏറ്റവും കൂടുതൽ സ്ത്രീധനമരണങ്ങൾ നടന്നത് – 11,800. (റീഡിഫ് ഡോട്‌കോം, 31-1-19)
  1. ഏറ്റുമുട്ടൽ കൊല
  • കഴിഞ്ഞ രണ്ടുവർഷത്തിലേറെക്കാലത്ത് നടന്ന 5178 പോലീസ് ഇടപെടലുകളിൽ 103 കുറ്റവാളികൾ കൊല്ലപ്പെടുകയും 1859 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുപി പോലീസ് ട്വീറ്റ് ചെയ്തു.
  • 2017ൽ യോഗി ആദിത്യനാഥ് ഗവണ്മെന്റ് അധികാരമേറ്റശേഷം ഏറ്റുമുട്ടൽ കൊലകൾ കുതിച്ചുയർന്നതായി പോലീസ് നിരീക്ഷിക്കുന്നു. അധികാരമേറ്റ് ഒരുമാസം കഴിഞ്ഞപ്പോൾ യോഗി പറഞ്ഞത് കുറ്റംചെയ്യുന്നവരെ തട്ടിക്കളയുമെന്നാണ്.
  • ഏറ്റുമുട്ടൽ കൊലകളിൽ നിയമവിദഗ്ദ്ധരും പ്രതിപക്ഷപാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പ്രകടിപ്പിക്കുകയും അവ ദുർബല ജനവിഭാഗങ്ങളെ ഉന്നംവച്ചുള്ളതാണെന്ന് ആരോപിക്കുകയുംചെയ്തു. എന്നിട്ടും ആദിത്യനാഥ് ഗവണ്മെന്റിന് ഒരു കുലുക്കവുമില്ല. (ദ വീക്ക്, 6-12-2019)
  • കൊള്ളത്തലവൻ വികാസ് ദുബേയുടെ ഏറ്റുമുട്ടൽ കൊല ഭൂതത്തെ കുടത്തിൽനിന്ന് തുറന്നുവിട്ടതുപോലെയായിരുന്നു.
  • പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൊന്നു എന്ന പോലീസ്ഭാഷ്യം സംശയമുണർത്തുന്നതാണ്. യോഗി ആദിത്യനാഥിന്റെ നിലപാടാണ് ഇത്തരം കൊലകൾ കൂടാൻ കാരണമെന്ന് പ്രതിപക്ഷം.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള, എറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനത്തിന്റെ അധികാരമേറ്റയുടനെ യോഗി പറഞ്ഞത് കുറ്റംചെയ്യുന്നവരെ വകവരുത്തുമെന്ന കുപ്രസിദ്ധ പ്രഖ്യാ പനമായിരുന്നു. 2017 ജൂണിൽ ഇന്ത്യാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
  • ഏറ്റുമുട്ടൽ മരണംനടന്ന 74 കേസുകളിൽ കോടതി നടത്തിയ അന്വേഷണത്തിൽ പോലീസിന് ക്ലീൻചിറ്റ് കിട്ടി. 61 കേസുകൾ അവസാനിപ്പിക്കാൻ പോലീസ് നൽകിയ അപേക്ഷയും കോടതി അംഗീകരിച്ചു. (ഫസ്റ്റ് പോസ്റ്റ്, 12-7-20)
  1. കസ്റ്റഡിമരണങ്ങളും തടവുകാരുടെ എണ്ണത്തിലെ വർദ്ധനയും
  • കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കുപ്രകാരം ഇന്ത്യയിൽ 2019-20ൽ ദിനംപ്രതി 5 കസ്റ്റഡി മരണങ്ങൾ ഉണ്ടാകുന്നുണ്ട്. കസ്റ്റഡിയിലും ജയിലിലുമായി ഒരു വർഷം 1697 പേർ മരിച്ചു. ഇതിൽ 1584 പേർ ജുഡീഷ്യൽ കസ്റ്റഡിയിലും 113 പേർ പോലീസ് കസ്റ്റഡിയിലുമാണ്. ഇതിൽ ഏറ്റവുമധികം പേർ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചത് യുപിയിലാണ്, 400 പേർ.
  • യുപിയിലെ 72 ജയിലുകളുടെ ഉൾക്കൊള്ളൽ ശേഷി 60,340 ആണ്. എന്നാൽ രാജ്യത്ത് ഏറ്റവും ഉയർന്ന സംഖ്യയായ 1,01,297 ജയിൽപുള്ളികൾ ഇവിടെയുണ്ട്. (ഹിന്ദുസ്ഥാൻ ടൈംസ്, 17-4-2020
  1. മാദ്ധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം
  • മാർച്ച് 24ന് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. രണ്ടുദിവസം കഴിഞ്ഞ് ഹിന്ദി ദിനപത്രമായ ജനസന്ദേശ് ടൈംസിൽ ഒരു വാർത്തവന്നു. വാരണാസിയിൽ ഒരു ആദിവാസി വിഭാഗം പൊടുന്നനെയുള്ള ലോക്ഡൗൺമൂലം ഭക്ഷണം കിട്ടാതെ വലയുകയും കുഞ്ഞുങ്ങൾ പുല്ലുതിന്നുകയും ചെയ്യുന്നു എന്നായിരുന്നു വാർത്ത. അന്നുതന്നെ വാരണാസി ജില്ലാ കളക്ടർ കൗശൽരാജ് ശർമ്മ പത്രത്തിന് വക്കീൽ നോട്ടീസയച്ചു. റിപ്പോർട്ട് ഭാഗികമായി കളവാണെന്നും വികാരമിളക്കിവിടാൻ ഉദ്ദേശിച്ചുള്ളതാണെന്നുമായിരുന്നു കളക്ടറുടെ ആരോപണം.
  • തലസ്ഥാനമായ ലക്‌നൗവിൽനിന്ന് 170 മൈൽ അകലെയുള്ള അസംഗറിൽ സെപ്തംബർ 7ന് ജൻസന്ദേശ് ടൈംസ് ലേഖകൻ സന്തോഷ് ജയ്‌സ്വാൾ അറസ്റ്റുചെയ്യപ്പെട്ടു. ഒരു സ്‌കൂളിലെ കുട്ടികൾ പരിസരം വൃത്തിയാക്കാൻ നിർബന്ധിക്കപ്പെടുന്നു എന്ന റിപ്പോർട്ടിനെത്തുടർന്നായിരുന്നു അറസ്റ്റ്. ലക്‌നൗവിൽ നിന്ന് 180 മൈൽ അകലെയുള്ള മിർസാപൂരിൽ ഒരു സ്‌കൂളിൽ വിതരണംചെയ്യുന്ന ഉച്ചഭക്ഷണം സർക്കാർ നിശ്ചയിച്ച നിലവാരമില്ലാത്തതാണെന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പവൻ ജയ്‌സ്വാൾ എന്ന ലേഖകന്റെമേൽ ആഗസ്റ്റ് 31ന് ക്രിമിനൽ ഗൂഢാലോചന കുറ്റംചുമത്തി. മൂന്ന് മാസത്തേയ്ക്ക് ഈ പത്രത്തിന് സർക്കാർ പരസ്യങ്ങൾ നിഷേധിക്കുകയും ചെയ്തു.
  • 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും നേടാൻ കഴിഞ്ഞതോടെ ഇത്തരം നടപടികൾ പെരുകുകയുണ്ടായി. ഫെബ്രുവരി അവസാനവും മാർച്ച് ആദ്യവുമൊക്കെ ഉത്തർപ്രദേശ് സന്ദർശിച്ച മാദ്ധ്യമ പ്രവർത്തകർ, മാദ്ധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകാനുള്ള കമ്മിറ്റി മുമ്പാകെ വെളിപ്പെടുത്തിയത് അവർക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നുമുള്ള ഭീതിയിലാണ് കഴിയുന്നതെന്നും അതുമൂലം സ്വയം ഒരു സെൻസർഷിപ്പിന് വിധേയരാകുകയാണ് എന്നുമത്രെ.
  • ലോക്ഡൗൺ കാലയളവ് പത്രപ്രവർത്തകർക്ക് നിർഭയമായി എഴുതാനും റിപ്പോർട്ട് ചെയ്യാനും അവസരമൊരുക്കേണ്ടതായിരുന്നുവെന്ന് ഏപ്രിൽ 21ന് ന്യൂയോർക് ടൈംസിൽ ദ വയറിന്റെ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ എഴുതി. നിരവധി അപകീർത്തി കേസുകളിലും ക്രിമിനൽ കേസുകളിലും ഇരയാക്കപ്പെട്ട ആളാണ് വരദരാജൻ. ഏറ്റവുമൊടുവിൽ ലോക്ഡൗൺ കാലത്തെ യോഗി ആദിത്യനാഥിന്റെ പ്രവർത്തനത്തെ വിമർശിച്ചതിന്റെ പേരിലുള്ള കേസും ഇതിൽ ഉൾപ്പെടും.
  • താൻ അധികാരമേറ്റശേഷം സംസ്ഥാനത്തെ ക്രമസമാധാനനില ഏറെ മെച്ചപ്പെട്ടുവെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടുവെങ്കിലും നിയമവിരുദ്ധമായ കൊലപാതകങ്ങൾ, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അമർച്ച ചെയ്യൽ, രാഷ്ട്രീയ പ്രതിയോഗികളെയും മനുഷ്യാവകാശപ്രവർത്തകരെയും അറസ്റ്റുചെയ്യൽ തുടങ്ങിയ കാര്യങ്ങളുടെ പേരിൽ യുപി ഗവണ്മെന്റിനെതിരെ ദേശീയ, വിദേശ മാദ്ധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
  • ഭരണ സംവിധാനത്തിന്റെ പല തലങ്ങളിലുള്ള പ്രവർത്തനങ്ങളെ ക്കുറിച്ച് വിമർശനാത്മകമായ റിപ്പോർട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവർത്തകർക്കുനേരെ കഴിഞ്ഞവർഷം നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. നേഷൻലൈവ് ടിവിയുടെ റിപ്പോർട്ടർമാരെയും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകനെയും ജൂൺ 8ന് അറസ്റ്റുചെയ്ത നടപടിയും ഇതിൽ ഉൾപ്പെടും. അക്രമങ്ങൾക്ക് പ്രേരണ നൽകി, മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി തുടങ്ങിയവയായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ. റിപ്പോർട്ടർമാർ പുറത്തുവന്നെങ്കിലും മതിയായ ഗവണ്മെന്റ് അനുമതി ഇല്ലാതെ പ്രവർത്തിച്ചു എന്നപേരിൽ ചാനൽ അടച്ചുപൂട്ടി.
  • കിഴക്കൻ യുപിയിലെ ഗംഗാതീരത്തുള്ള വാരണാസി നഗരത്തിൽ വെള്ളപ്പൊക്കസമയത്ത് വെള്ളം കയറിയ ഒരു പോലീസ് സ്റ്റേഷൻ കുട്ടികളെക്കൊണ്ട് വൃത്തിയാക്കുന്നതിന്റെ പടമെടുത്ത ബച്ചാഗുപ്ത എന്ന സ്വതന്ത്ര ചേതന പത്രത്തിന്റെ ഫോട്ടോ ജേണലിസ്റ്റിനെതിരെ അതിക്രമിച്ച് കയറിയതിനും ക്രിമിനൽ ഗൂഢാലോചന നടത്തിയതിനും കേസെടുത്തു.
  • വാരണാസിയിൽ ഒരു സ്വകാര്യ ആശുപത്രി നടത്തുന്നത് യോഗ്യതയില്ലാത്ത ഒരു ഡോക്ടറെ വച്ചുകൊണ്ടാണെന്ന കാര്യം ഒക്‌ടോബറിൽ ദൈനിക് ഭാസ്‌കർ പത്രത്തിനുവേണ്ടി ആകാശ് യാദവ് റിപ്പോർട്ട് ചെയ്തു. ലോക്കൽ പോലീസ് ഹോസ്പിറ്റൽ മാഫിയയുമായി ചങ്ങാത്തത്തിലാണെന്നും ആരോപണമുണ്ടായി. പൊതുജനാരോഗ്യ സംവിധാനം പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നത് എന്നത് ഏറെ ഖേദകരമാണ്. ഏതായാലും, ഈ മാഫിയ, ഈ പത്രപ്രവർത്തകനും മറ്റ് അഞ്ച് പത്രപ്രവർത്തകർക്കുമെതിരെ മോഷണം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചുകൊണ്ട് പരാതി നൽകുകയുണ്ടായി.
  • സെപ്തംബർ മാസം കൃഷ്ണകുമാർ സിംഗ് എന്ന പത്രപ്രവർത്തകനെ മിർസാപൂരിൽവച്ച് ഒരു കൂട്ടമാളുകൾ ആക്രമിക്കുകയുണ്ടായി. ലോക്കൽ രാഷ്ട്രീയക്കാരുടെ പിന്തുണയുള്ള ഒരു ലോക്കൽ പാർക്കിംഗ് മാഫിയയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരമായിരുന്നു ഈ നടപടി. പല പോലീസ് ഉദ്യോ ഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ഈ അതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ടിട്ട് ആറുമണിക്കൂർകഴിഞ്ഞാണ് പോലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തത്.
  • സോനഭദ്ര ജില്ലയിൽ ദൈനിക് പെർഫക്ട് മിഷൻ എന്ന ഹിന്ദി പത്രത്തിലെ മനോജ്കുമാർ സോണി എന്ന പത്രപ്രവർത്തകനെ നവംബർ 4ന് 6 പേർ ഇരുമ്പുവടിയുമായി ആക്രമിച്ച് കാല് തല്ലിയൊടിച്ചു.
  • ഹിന്ദിയിലുള്ള ഒരു വാർത്താവെബ്‌സൈറ്റായ ന്യൂസ് ട്രാക്കിന്റെ എഡിറ്ററും സീനിയർ പത്രപ്രവർത്തകനുമായ യോഗേഷ് മിശ്ര പരാതിപ്പെട്ടത് യുപിയിൽ പോലീസ് പത്രപ്രവർത്തകരെ നിരന്തരം പിന്തുടർന്നുകൊണ്ടിരിക്കുന്നു എന്നാണ്. പണ്ടൊക്കെ രാഷ്ട്രീയക്കാർ സത്ക്കാരം നടത്തി വാർത്തയുടെ ഉറവിടം അന്വേഷിക്കുമായിരുന്നു. ഇന്നവർ ചീത്തവിളിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത് എന്നുപോലും തോന്നുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. (കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ്, 23-4-20)
  1. ഡോക്ടർ കഫീൽഖാന്റെ നിയമവിരുദ്ധ തടങ്കൽ
  • ഡോക്ടർ കഫീൽഖാനെ ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റുചെയ്ത് തുറുങ്കിലടച്ചതിനെതിരെ അല്ലാഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് യുപി ഗവണ്മെന്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
  • 2017ൽ ഗോരഖ്പൂരിൽ ഒരു ഗവണ്മെന്റ് ആശുപത്രിയിൽ 60 കുഞ്ഞുങ്ങൾ മരിച്ച സംഭവത്തോടെയാണ് ശിശുരോഗ വിദ്ഗ്ദ്ധനായ ഡോ.കഫീൽഖാൻ ജനശ്രദ്ധയിലേയ്ക്ക് വന്നത്. അടിയന്തരഘട്ടത്തൽ ഓക്‌സിജൻ സിലിണ്ടറുകൾ ഏർപ്പാടുചെയ്തതിന്റെ പേരിൽ ആദ്യം പ്രകീർത്തിക്കപ്പെട്ട കഫീൽഖാനെ പിന്നീട് അറസ്റ്റുചെയ്യുകയായിരുന്നു. ആദ്ദേഹത്തിന്റെ ഭാഗത്ത് വൈദ്യശാസ്ത്രപരമായ അനാസ്ഥ ഉണ്ടായി എന്ന കുറ്റത്തിൽനിന്ന് അദ്ദേഹത്തെ കോടതി മോചിപ്പിച്ചു.
  • അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു എന്ന കുറ്റത്തിന് 2020 ജനുവരി 29 മുതൽ അദ്ദേഹം കസ്റ്റഡിയിലായിരുന്നു.
  • അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വെറുപ്പോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അദ്ദേഹത്തിന്റെ തടവ് കാലാവധി മൂന്ന് തവണ നീട്ടിയത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. അദ്ദേഹം നിരോധനാജ്ഞ ലംഘിച്ചുവെന്നായിരുന്നു യുപി സർക്കാരിന്റെ വാദം. (ദ ഹിന്ദു, 17-12-20)
  1. ലൗ ജിഹാദും മതപരിവർത്തന വിരുദ്ധ നിയമവും
  • യുപി ഗവണ്മെന്റ് 2020 നവംബറിൽ, നിയമവിരുദ്ധ മതപരിവർത്തനം തടയൽ ഓർഡിനൻസ് പുറപ്പെടുവിച്ചു.
  • ”ലൗ ജിഹാദ്” തടയാനെന്നപേരിൽ കൊണ്ടുവന്ന ഈ ഓർഡിനൻസ് ഭരണഘടനാവിരുദ്ധവും മൗലികാവകാശം നിഷേധിക്കുന്നതും ഏറ്റവും വിചിത്രവുമാണെന്ന് നാല് മുൻ ജഡ്ജിമാർ വിമർശിച്ചു. ”ലൗ ജിഹാദ്” മതതീവ്രവാദികൾ ജനങ്ങളെ ഭിന്നിപ്പിക്കാനായി സൃഷ്ടിച്ചതാണെന്നുപോലും അതില്‍ ഒരാൾ അഭിപ്രായപ്പെട്ടു.
  • പുതിയനിയമം ഖാപ് പഞ്ചായത്തിന്റെ തത്വചിന്ത പ്രതഫലിപ്പിക്കുന്നതാണെന്നും സ്ത്രീകളെ അടിമപ്പെടുത്തുകയാണ് അതിന്റെ കാതലെന്നും ഡൽഹി ഹൈക്കോടതി ജഡ്ജിയും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് എ.പി.ഷാ അഭിപ്രായപ്പെട്ടു. ഒരു ക്രിമിനൽ കേസിൽ മതപരിവർത്തനം നിയമവിരുദ്ധമാണോ എന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രോ സിക്യൂഷനുള്ളതാണ്. ഇവിടെ അത് കുറ്റാരോപിതന്റെ ബാദ്ധ്യതയാണ്. അതായത് കുറ്റംചെയ്തു എന്ന മുൻവിധി നിലനിൽക്കുന്നു. കുറ്റം മനപൂർവ്വം ചെയ്തതായി കരുതുന്നു. ഇത് ജാമ്യമില്ലാത്ത കുറ്റവും ആണ്. ഏതൊരാളെയും പോലീസിന് അറസ്റ്റു ചെയ്യാവുന്ന സ്ഥിതിയാണെന്നും ജസ്റ്റിസ് ഷാ പറയുന്നു.
  • അതുപോലെതന്നെ, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോക്കർ എൻഡിടിവിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞത് ഇതിന്റെ ഭരണഘടനാ സാധുത സ്ഥാപിച്ചുകിട്ടാൻ എന്തെങ്കിലും അത്ഭുതം സംഭവിക്കണം എന്നത്രെ. ഇത് അദ്ദേഹം കണ്ട ഏറ്റവും വിചിത്രമായ നിയമനിർമ്മാണങ്ങളിലൊന്നാണെന്നും അഭിപ്രായപ്പെട്ടു.
  • മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്തയും തികച്ചും ഭരണഘടനാവിരുദ്ധമെന്നാണ് ഈ നിയമത്തെ വിശേഷിപ്പിച്ചത്. ഒരു മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള അവകാശം ഇത് നിഷേധിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  • കേരള ഹൈക്കോടതി മുൻജഡ്ജി ജസ്റ്റിസ് ശശിധരൻ നമ്പ്യാരും ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാകയാൽ ഈ ഓർഡിനൻസിന് ഭരണഘടനാസാധുതയില്ലെന്നാണ് അഭിപ്രായപ്പെട്ടത്. മതം, ജാതി, ലിംഗം എന്നിവയ്ക്കതീതമായി ഈ രാജ്യത്തെ ഓരോ പൗരന്റെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനൽകുന്നതാണ് 21-ാം അനുച്ഛേദം. (എൻഡിടിവി, 18-12-20)
  • യുപി ഗവണ്മെന്റ് കൊണ്ടുവന്ന മതപരിവർത്തനം തടയൽ ഓർഡിനൻസ്പ്രകാരം ഒരു 22 കാരിയെ അഭയകേന്ദ്രത്തിലയയ്ക്കുകയും ബജ്‌റംഗ്ദൾ യൂണിറ്റ് പോലീസിന് നൽകിയ റിപ്പോർട്ട് പ്രകാരം ലൗ ജിഹാദ് ആരോപിച്ച് കേസ് എടുക്കുകയും ചെയ്ത നടപടി ദുരുപദിഷ്ടമായിരുന്നു. (ദ വയർ, 20-12-20)

ഗുജറാത്ത്

  1. അടഞ്ഞുകിടക്കുന്ന
    വ്യവസായങ്ങൾ
  • രണ്ടായിരത്തിലേറെ വ്യവസായ യൂണിറ്റുകൾ അടഞ്ഞുകിടക്കുന്നു. ഗുജറാത്ത് അസംബ്ലിയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം അംഗീകരിക്കുന്നു.
  • ഇതിന് പല കാരണങ്ങളുമുണ്ടാകാമെങ്കിലും നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെപോയതും കാരണമാകാമെന്ന് ഗുജറാത്ത് ഇൻഡസ്ട്രീസ് ഫെഡറേഷന്റെ സെക്രട്ടറി ജനറൽ സമ്മതിക്കുന്നു.
  • മാദ്ധ്യമ റിപ്പോർട്ടുകൾപ്രകാരം 2018 ഡിസംബർ 31ന് 2069 യൂണിറ്റുകൾ അടഞ്ഞുകിടക്കുകയാണ്.
  • ജാംനഗറിൽ അടഞ്ഞുകിടക്കുന്ന 36 യൂണിറ്റുകളിൽ 19 എണ്ണം 2016 മുതൽ അടഞ്ഞുകിടക്കുകയാണ്. കച്ചിലെ 50ൽ 19 യൂണിറ്റുകളുടെയും ബാണസ്‌കന്ധയിലെ 18ൽ 10 യൂണിറ്റുകളുടെയും സ്ഥിതിയും സമാനമാണ് എന്ന് മുഖ്യമന്ത്രി പറയുന്നു. (കെ എൻ എൻ ഇന്ത്യ, 20-2-2019)
  1. വ്യവസായ മേഖലയിലെ
    അപകടങ്ങൾ
  • 2020 ജനുവരി മുതൽ ജൂലൈ വരെ 89 അപകടങ്ങൾ സംഭവിച്ചു. ഈ അപകടങ്ങളിൽ 130 തൊഴിലാളികൾ മരിച്ചു. ഇതിൽ 57 ശതമാനവും ലോക്ഡൗണിൽ അയവു വരുത്തിയതിനുശേഷമുള്ള 4 മാസക്കാലത്താണ് സംഭവിച്ചത്. (ഇന്ത്യൻ എക്‌സ്പ്രസ്, 22-8-20)
  1. തൊഴിലില്ലായ്മയും തൊഴിൽനഷ്ടവും
  • ഗുജറാത്തിലെ തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 6.7 ശതമാനമായിരുന്നത് ഏപ്രിൽ മാസം 18.7 ശതമാനമായി കുതിച്ചുയർന്നുവെന്ന് സിഎംഐഇയുടെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എന്ന റിപ്പോർട്ടിൽ പറയുന്നു. (ടൈംസ് ഓഫ് ഇന്ത്യ, 12-05-20)
  • 2014ൽ നരേന്ദ്രമോദി പറഞ്ഞത് ഗുജറാത്ത് മോഡൽ വികസനം കൊണ്ടുവരുമെന്നാണ്. എന്നാൽ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ചെലവിൽ വൻകിട പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചുവെന്ന് ഒരു പുതിയ പഠനം പറയുന്നു. ഗുജറാത്ത് ഗവണ്മെന്റ് കഴിഞ്ഞ ഫെബ്രുവരിയിൽ അസംബ്ലിയിൽ പറഞ്ഞത് 4.58 ലക്ഷം അഭ്യസ്തവിദ്യർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്. ഇതിൽ 4.34 ലക്ഷം വിദ്യാസമ്പന്നരും 23,433 പേർ അർദ്ധ വിദ്യാസമ്പന്നരുമാണ്. ഗുജറാത്ത് തൊഴിൽ വകുപ്പ് മന്ത്രി ദിലീപ് താക്കൂർ ആണ് ഈ വിവരങ്ങൾ അസംബ്ലിയെ അറിയിച്ചത്. (പിടിഐ, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്, 28-2-20)
  • 2019 ജൂലൈ-സെപ്തംബർ മാസങ്ങളിൽ ആറുസംസ്ഥാനങ്ങളിൽ നഗര മേഖലയിലെ തൊഴിൽ നഷ്ടം പെരുകി. ഇത് ഏറ്റവും കൂടുതൽ ഗുജറാത്തിലായിരുന്നു. അവിടെ 1.3 ശതമാനം മുതൽ 4.3 ശതമാനംവരെ വർദ്ധനയുണ്ടായി. (ബിസിനസ് സ്റ്റാൻഡേർഡ്, 20-10-20)
  1. ദാരിദ്ര്യവും ആത്മഹത്യയും
  • 16.63 ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്.
  • 2018ൽ ദാരിദ്ര്യംമൂലം 294 ആത്മഹത്യകളുണ്ടായതായി സംസ്ഥാന ഗവണ്മെന്റ് രേഖപ്പെടുത്തുന്നു. 318 പേർ തൊഴിൽരാഹിത്യംമൂലം ആത്മഹത്യചെയ്തു. ഇത് 2017ൽ രേഖപ്പെടുത്തിയതിനേക്കാൾ യഥാക്രമം 163 ശതമാനവും 21 ശതമാനവും അധികമാണ്. സമ്പദ്ഘടനയുടെ ദുരവസ്ഥയാണ് ഇത് കാണിക്കുന്നത്. (ടൈംസ് ഓഫ് ഇന്ത്യ, 11-1-20)
  • കഴിഞ്ഞ 2 വർഷങ്ങളിൽ 14,702 ആത്മഹത്യകളുണ്ടായതായി സംസ്ഥാന ആഭ്യന്തര മന്ത്രാലയം അസംബ്ലിയിൽ പറഞ്ഞു. അതായത് ഒരു ദിവസം ശരാശരി 20 പേർ ജീവനൊടുക്കുന്നു എന്ന് സാരം. (ഇന്ത്യൻ എക്‌സ്പ്രസ്, 3-3-20)
  • 2019ൽ കേദ ജില്ലയിൽ 90 പേരും ആനന്ദ് ജില്ലയിൽ 111 പേരും ജീവനൊടുക്കിയതായി ആഭ്യന്തരമന്ത്രി പ്രദീപ്‌സിംഗ് ജഡേജ പറയുന്നു. (ബിസിനസ് സ്റ്റാൻഡേർഡ്, 2-3-20)
  1. പട്ടിണി
  • അന്നസുരക്ഷ അധികാർ അഭിയാൻ ഗുജറാത്തിലെ ദരിദ്ര-ദുർബല ജനവിഭാഗങ്ങളിൽ കോവിഡ് മഹാമാരിക്കാലത്ത് നടത്തിയ ‘ഹംഗർ വാച്ച്’ സർവേ പറയുന്നത് 20.6 ശതമാനം കുടുംബങ്ങളും ഭക്ഷണക്കുറവുമൂലം പലപ്പോഴും ഊണ് ഉപേക്ഷിക്കുന്നു എന്നാണ്. ഒരു നേരംപോലും ഊണ് കഴിക്കാതെ 21.8 ശതമാനംപേർ അന്തിയുറങ്ങുന്നതായും സർവേ വെളിപ്പെടുത്തുന്നു. അടിസ്ഥാന രേഖയായി റേഷൻകാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഗവണ്‍മെന്റ് പറയുന്നു. എന്നാല്‍ ഇത് എന്തുകൊണ്ടാണെന്ന് ഗവണ്മെന്റ് ജനങ്ങളെ കൃത്യമായി അറിയിച്ചിട്ടില്ല. ഇതിന്റെ ഇരകളിൽ ഭൂരിഭാഗവും ദരിദ്രകുടുംബങ്ങളാണ്. ഇപ്രകാരം റേഷൻകാർഡിനെ ‘നിശബ്ദ’മാക്കുന്നത് അനേകം കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷയ്ക്കുള്ള അവകാശം നിഷേധിക്കുന്ന നടപടിയാണ് എന്നും പഠനം പറയുന്നു. (ഇന്ത്യൻ എക്‌സ്പ്രസ്, 11-12-20)
  1. സ്ത്രീകൾക്കുമേലുള്ള കുറ്റകൃത്യങ്ങൾ
  • ‘സുരക്ഷിത ഗുജറാത്ത്’ എന്ന ബിജെപിയുടെ അവകാശവാദം ചോദ്യം ചെയ്യുന്നതാണ് സ്ത്രീകൾക്കുമേലുള്ള അതിക്രമങ്ങളുടെ വർദ്ധിച്ച നിരക്ക്. ക്രൈം റെക്കോഡ്‌സ് ബ്യൂറോ 2019ൽ ലഭിച്ച പരാതികളെ സംബന്ധിച്ച് വെളിപ്പെടുത്തുന്നത് കുറ്റകൃത്യങ്ങൾ നിരന്തരം വർദ്ധിക്കുന്നു എന്നതാണ്. ദിനംപ്രതി ശരാശരി 3 സ്ത്രീപീഡനക്കേസുകൾ റിപ്പോർട്ടുചെയ്യപ്പെടുന്നുണ്ട്. ഇതിൽ ശരാശരി ഒരു ബലാൽസംഗക്കേസുണ്ടാകും. സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ വളരെ കൂടുതലാണ് യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങൾ എന്നത്രെ. (ടൈംസ് ഓഫ് ഇന്ത്യ, 2-10-20)
  1. ബലാൽസംഗ കേസുകൾ
  • 2018 ജനുവരി 1 മുതലുള്ള രണ്ടുവർഷങ്ങളിൽ ദിനംപ്രതി ശരാശരി 4 ബലാൽസംഗങ്ങൾ ഗുജറാത്തിൽ നടക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട 2,723 കേസുകളിൽ 41എണ്ണം കൂട്ട ബലാൽസംഗങ്ങളും 35 എണ്ണം 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുമേലെയുമായിരുന്നു.(ടൈംസ് ഓഫ് ഇന്ത്യ, 12-3-2020)
  1. സൈബർ കുറ്റകൃത്യങ്ങൾ
  • ലോക്ഡൗൺ കാലത്ത് ഗുജറാത്ത് സൈബർ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി. ജനുവരിക്കും ജൂലൈക്കും ഇടയിൽ സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട 15,300 പരാതികൾ ലഭിച്ചതായി സൈബർ സെൽ പറയുന്നു.
  1. പട്ടേൽ പ്രതിമ
  • 2,989 കോടി ചെലവഴിച്ചാണ് പ്രതിമ ഉണ്ടാക്കിയത്.(ഇക്കണോമിക് ടൈംസ്, 31-10-2018)
  • പ്രതിമ നിർമാണം നർമദ ജില്ലയിലെ 72 ഗ്രാമങ്ങളിലെ 75,000 ആദിവാസികളെ ബാധിച്ചതായി ഒക്ടോബർ 20ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു(ദ വയർ, 31-10-18).
  1. നമസേ്ത ട്രംപ്
  • ട്രംപിന്റെ മൂന്നു മണിക്കൂർ ഗുജറാത്ത് സന്ദർശനത്തിന് ചെലവായത് 100 കോടി രൂപ.(ടൈംസ് ഓഫ് ഇന്ത്യ, 15-2-2020)
  • ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി റോഡിനോട് ചേർന്നുള്ള ചേരിപ്രദേശങ്ങളെ മതിൽകെട്ടി വേർതിരിച്ചു. മുമ്പ് കുറഞ്ഞത് 3 തവണ ഇങ്ങനെ ചെയ്തിട്ടുണ്ട്.
  • 2017 സെപ്തംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ഭാര്യ അക്കി ആബെയും അഹമ്മദാബാദും ഗാന്ധിനഗറും സന്ദർശിച്ചിട്ടുണ്ട്. ഒരുലക്ഷം കോടിയുടെ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ആബെയും മോദിയും ചേർന്ന് തറക്കല്ലിട്ടു. അന്നും ചേരിപ്രദേശങ്ങളെ കാഴ്ചയിൽനിന്ന് മറയ്ക്കാൻ വൻതുക ചെലവഴിച്ചു.
  • 2017 ജനുവരിയിൽ ഗാന്ധിനഗറിൽ നടന്ന ആഗോള ഉച്ചകോടിയിൽ പല രാജ്യങ്ങളിൽനിന്നുള്ള ഉന്നത നേതാക്കൾ പങ്കെടുത്തിരുന്നു. അന്നും ശരണ്യവാസ് ചേരി തുണികെട്ടി മറച്ചു. 556 കുടിലുകളിലായി 3000ത്തിലേറെപ്പേർ അവിടെ കഴിഞ്ഞുകൂടുന്നു. ഞങ്ങൾ ലോകത്തുനിന്ന് ഒറ്റപ്പെട്ടതുപോലെയാണ് അനുഭവപ്പെട്ടതെന്ന് ചേരിനിവാസികൾ അഭിപ്രായപ്പെട്ടിരുന്നു(ദ പ്രിന്റ്, 13-2-2020)

മദ്ധ്യപ്രദേശ്

  1. തൊഴിലില്ലായ്മ
  • സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം 2020 മേയ് മാസമായപ്പോൾ മദ്ധ്യപ്രദേശിലെ തൊഴിലില്ലായ്മ 15.1 ശതമാനം ഉയർന്ന് 27.5 ശതമാനമായി. 2017 ജൂലൈയിൽ ഇത് 1.2 ശതമാനമായിരുന്നു.(ലൈവ് മിന്റ്, 1-6-2020)
  1. ബലാൽസംഗങ്ങൾ
  • നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2019ൽ 2,485 ബലാൽസംഗങ്ങളുണ്ടായി. രാജ്യത്ത് മൂന്നാം സ്ഥാനം മദ്ധ്യപ്രദേശിന്.
  1. സ്ത്രീധന മരണങ്ങൾ
  • 3,550 മരണങ്ങൾ. രാജ്യത്ത് മൂന്നാം സ്ഥാനം.
  1. സൈബർ കുറ്റകൃത്യങ്ങൾ
  • ലോക്ഡൗൺ സമയത്ത് ദിനംപ്രതി ശരാശരി 3 സൈബർ തട്ടിപ്പ്.(ടൈംസ് ഓഫ് ഇന്ത്യ 26-4-2020)
  1. ദാരിദ്ര്യം
  • 31.65 ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.

ബീഹാർ

  1. തൊഴിലില്ലായ്മ
  • ദേശീയ ശരാശരിയായ 23.5 ശതമാനത്തേക്കാൾ കൂടുതൽ. 2020 ഏപ്രിലിൽ 31.2 ശതമാനം ഉയർന്ന് 46.6ശതമാനമായി. 2017 ഏപ്രിലിൽ 1.6 ശതമാനമായിരുന്നു.(ലൈവ് മിന്റ്, 1-5-2020)
  1. തൊഴിൽനഷ്ടം
  • തൊഴിൽനഷ്ടം ഏറ്റവും ബാധിച്ചത് കാഷ്വൽ തൊഴിലാളികളെ. ബീഹാറിൽ 80 ശതമാനംപേർക്കും തൊഴിൽ നഷ്ടമായി.(ഇന്ത്യൻ എക്‌സ്പ്രസ്, 4-6-2020)
  1. ബലാൽസംഗവും കൊലപാതകവും
  • 9 മാസത്തിൽ 2,406 കൊലപാതകങ്ങളും 1,106 ബലാൽസംഗങ്ങളും.(ടൈംസ് ഓഫ് ഇന്ത്യ, 25-12-20)
  • ഓരോ 6 മണിക്കൂറിലും ഒരു ബലാൽസംഗമെന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്ക് പറയുന്നു.(ടൈംസ് ഓഫ് ഇന്ത്യ, 7-12-19)
  1. സ്ത്രീധന മരണങ്ങൾ
  • 5,992 മരണങ്ങൾ; രാജ്യത്ത് രണ്ടാം സ്ഥാനം.
  1. ദാരിദ്ര്യവും നിരക്ഷരതയും
  • രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വ്യാപകമായി ദാരിദ്ര്യം നിലനിൽക്കുന്നു. വാർഷിക പ്രതിശീർഷ വരുമാനം 3650 രൂപ. ദേശീയ ശരാശരിയാകട്ടെ 11,625 രൂപ. ബീഹാറിൽ മൂന്നിലൊന്ന് മാത്രം. 52.47 ശതമാനം അതായത് ഭൂരിപക്ഷംപേരും നിരക്ഷരരായ ഏക സംസ്ഥാനം(നാഷണൽ ഹെറാൾഡ്, 12-7-20)
  • 2019 ഡിസംബർ 31ലെ കണക്കുപ്രകാരം 39.9 ശതമാനം ദാരിദ്യരേഖയ്ക്ക് താഴെ.

ത്രിപുര

  1. തൊഴിലില്ലായ്മ
  • ഇന്ത്യയിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയുള്ള രണ്ടാമത്തെ സംസ്ഥാനം. 2020 ഏപ്രിലിൽ 41.2 ശതമാനമായി. 2017 നവംബറിൽ 8.3 ശതമാനമായിരുന്നു.(ലൈവ് മിന്റ്, 1-5-20)
  1. സർക്കാർ ജോലിക്ക് പുറംകരാർ
  • തൊഴിലില്ലായ്മ പെരുകുന്നതിനിടയിലും സംസ്ഥാനത്തെ ബിജെപി ഗവൺമെന്റ് സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലെ ജോലികൾ സ്വകാര്യഏജൻസികളെ ഏല്പിച്ചുകൊണ്ട് യുവാക്കളെ പ്രഹരിക്കുകയാണ്. 2018ൽ അധികാരമേറ്റശേഷം 23,000 സർക്കാർ ജോലി സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേബും മറ്റ് മന്ത്രിമാരും നടത്തുന്ന അവകാശ വാദങ്ങൾ പൊള്ളയാണെന്ന് ഈ ക്രൂരമായ തീരുമാനങ്ങൾ വെളിപ്പെടുത്തുന്നു.(ന്യൂസ് ക്ലിക്, 11-3-21)
  1. ദാരിദ്ര്യം
  • 14.5 ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ. വാർഷിക വരുമാനം 27,000 രൂപയുണ്ടെങ്കിൽ ദാരിദ്ര രേഖയ്ക്ക് മുകളിലെത്തുമെ ന്നതാണ് മാനദണ്ഡം. 2019 ഡിസംബർ 31ലെ കണക്കുപ്രകാരമാണിത്.


Share this post

scroll to top