ഐതിഹാസികമായ ചെങ്ങറ ഭൂസമരത്തിന്റെ നായകൻ ളാഹ ഗോപാലന് ആദരാഞ്ജലികൾ

Laha-1.jpg
Share

ചെങ്ങറ ഭൂസമര നായകനും കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ജീവിതാന്ത്യംവരെ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച പോരാളിയും സാധുജന വിമോചന സംയുക്ത വേദിയുടെ സ്ഥാപകനേതാവും പ്രസിഡന്റും ആയിരുന്ന ളാഹ ഗോപാലന്‍ സെപ്തംബര്‍ 22ന് കോവിഡ് ബാധയെതുടര്‍ന്ന് അന്തരിച്ചു.
മുഖ്യധാരാ രാഷ്ട്രീയനേതാക്കളും സമുദായ സംഘടനാ നേതാക്കളും ഔപചാരികതയുടെപേരിലുള്ള അനുശോചന വാക്കുകള്‍പോലും കുറിക്കാന്‍ തയ്യാറാകാതെ ആ വേര്‍പാടിനെ അവഗണിച്ചു. അദ്ദേഹത്തിന്റെ സ്മരണകള്‍പോലും എത്രയുംവേഗം കുഴിച്ചുമൂടാന്‍ പലരും ആഗ്രഹിച്ചു. മരണാനന്തരവും ഒരു നല്ല വിശേഷണത്തിന് അര്‍ഹതയില്ലാത്തവിധം അപ്രധാനമായ സ്ഥാനമാണോ ചരിത്രത്തില്‍ അദ്ദേഹത്തിനുള്ളത് ? അങ്ങനെ അവഗണിച്ചാല്‍ ഇല്ലാതാകുന്നതാണോ അദ്ദേഹത്തിന്റെ ചരിത്ര പ്രസക്തി?


സമകാലിക കേരളത്തിൽ വളരെ പ്രസക്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നത്തെ തിരിച്ചറിഞ്ഞ് അതിന്റെ പരിഹാരത്തെ സംബന്ധിച്ച് തന്റെ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷ്യവും ഡിമാൻഡും നിർണയിച്ച്, കൃത്യമായ മുദ്രാവാക്യം രൂപീകരിച്ച്, ശരിയായ മാർഗവും ശൈലിയും അടിസ്ഥാനമാക്കി അസാധാരണവും അതിസാഹസികവുമായ ഒരു പ്രക്ഷോഭം അദ്ദേഹം തുടങ്ങിവച്ചു. ദീർഘകാലം വഴിതെറ്റാതെ ആ പ്രക്ഷോഭത്തെ നയിച്ചു. പ്രക്ഷോഭം നേരിട്ട പ്രതിബന്ധങ്ങള്‍ക്കെ ല്ലാം പരിഹാരം കണ്ടെത്തി മുന്നോട്ടുപോയി. പ്രലോഭനങ്ങളും പ്രകോപനങ്ങളും വിജയകരമായി അതിജീവിച്ചു മുന്നേറി. ആ പോരാട്ടത്തിലൂടെ അദ്ദേഹം നടന്നുകയറിയത് കേരളത്തിന്റെ ജനാധിപത്യ സമരചരിത്രത്തിലേക്കുള്ള പടവുകളാണ്. അവഗണനകൾക്കും ആക്ഷേപങ്ങൾക്കും മായ്ക്കാൻ കഴിയുന്നതല്ല നിസ്തുലമായ ജീവിതസമരംകൊണ്ട് പതിപ്പിച്ച ആ മുദ്രകൾ.
ചെങ്ങറയിൽ ആർക്കെതിരെയാണ് അദ്ദേഹം സമരം നടത്തിയത്? ആർക്കുവേണ്ടി ആയിരുന്നു ആ സമരം? കേരളത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യർക്ക് ഭൂമി ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ആ സമരം. യാതൊരു മൂലധനവും കൈവശം ഇല്ലാത്ത, കൃഷിമാത്രം തൊഴിലായി അറിയാവുന്ന ഒരു ജനതയ്ക്കു് ആരെയും ആശ്രയിക്കാതെ കൃഷിചെയ്ത് ജീവിക്കാൻ കൃഷിഭൂമി വേണം. അതിനുവേണ്ടി നടത്തിയ നിരവധി സമരങ്ങൾക്കൊടുവിലാണ് ചെങ്ങറയിൽ കുടിൽകെട്ടി സമരം ആരംഭിക്കുന്നത്. ഹാരിസൺ മലയാളം പ്ലാന്റേഷന്‍സ് എന്ന ബ്രിട്ടീഷ് കമ്പനി നൂറിലേറെ വർഷങ്ങൾക്കുമുമ്പ് 100 വർഷക്കാലത്തേക്ക് പാട്ടത്തിനെടുത്തതും പാട്ടക്കാലാവധി കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതെ കൈവശം വച്ചിരിക്കുന്നതുമായ, കേരളസർക്കാരിന്റെ വനംവകുപ്പിന് കീഴിൽവരുന്ന ഭൂമിയാണ് ചെങ്ങറ റബ്ബർ എസ്റ്റേറ്റ്. റബർ ടാപ്പിംഗ് കഴിഞ്ഞ് ഉപേക്ഷിച്ച ഭൂമി അവർ അതിനായി തെരഞ്ഞെടുത്തത് സമരത്തിലൂടെ ടാപ്പിംഗ് തൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാകരുത് എന്നതുംകൂടി കണക്കിലെടുത്താണ്.
ഭൂമി വേണം എന്ന ആവശ്യം അവർ ഉന്നയിച്ചത് സംസ്ഥാന സർക്കാരിനോടാണ്. അതിനായി സമരം ചെയ്യാൻ അവർ കണ്ടെത്തിയത് ഒരു ആഗോളകുത്തക കൈവശപ്പെടുത്തിയ സർക്കാർ ഭൂമിയും. സ്വാഭാവികമായും സമരം ആ ഭൂമിയുടെമേലുള്ള ഹാരിസൺ എന്ന വിദേശ കമ്പനിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയായി മാറി. കേരളത്തിലെ ഏറ്റവും ദരിദ്രരുടെയും ഒരു വമ്പൻ ആഗോളകുത്തകയുടെയും താൽപര്യങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയ ആ പ്രക്ഷോഭത്തിൽ പാവപ്പെട്ടവരോടൊപ്പം നിലകൊണ്ടതാര്, കുത്തകയോടൊപ്പം നിന്നതാര് എന്ന ചോദ്യങ്ങൾ ചരിത്രത്തിലുണ്ട്. നമ്മുടെ രാഷ്ട്രീയ സമുദായ പ്രസ്ഥാനങ്ങൾക്കൊക്കെ ളാഹ ഗോപാലൻ അനഭിമതനും വെറുക്കപ്പെട്ടവനും ആയത് അദ്ദേഹം ഈ പാർട്ടികൾക്കോ സമുദായങ്ങൾക്കോ എതിരെ എന്തെങ്കിലും ചെയ്തത് കൊണ്ടല്ല. മറിച്ച് അദ്ദേഹം ഒരു കോർപ്പറേറ്റ് കമ്പനിക്കെതിരായാണ് പോരാടിയത് എന്നതുകൊണ്ടാണ്. ഒരു വിദേശ കമ്പനി കവര്‍ന്നെടുത്ത പൊതുഭൂമിയിൽ ആണെങ്കിലും പരമ ദരിദ്രർ ഇങ്ങനെ സമരം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു നല്ല കീഴ്‌വഴക്കമല്ല എന്ന് എല്ലാവരും ഭയത്തോടെ മനസ്സിലാക്കുന്നു.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ചരിത്രത്തിൽ പിന്നിലായിപ്പോയ ജനവിഭാഗങ്ങൾക്ക് മുന്നേറാൻ ആവശ്യമായ മിനിമം ഉപാധികളിലൊന്നാണ് ഭൂമി.

100 വർഷങ്ങൾക്ക് മുൻപ് മഹാത്മ അയ്യങ്കാളി ഉയർത്തിയ ആവശ്യമാണിത്. ഇന്നും ഈ അടിസ്ഥാന പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കേരളത്തിലെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ആ പ്രക്ഷോഭത്തിന്റെ തുടർച്ച നിർവഹിക്കുവാനുള്ള എളിയ പരിശ്രമമാണ് അദ്ദേഹം നടത്തിയത്.
ശ്രീബുദ്ധനും അയ്യങ്കാളിയും അംബേദ്കറും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശത്തിന്റെയും പ്രചോദനത്തിന്റെയും ആധാരം.അയ്യങ്കാളിയുടെ സംഘടനയുടെ പേരിൽ സൂചിപ്പിക്കുന്നതുപോലെ പോലെ സാധുജനങ്ങൾ എന്ന സൂചന അദ്ദേഹം സംഘടനയുടെ പേരിലും ഉൾപ്പെടുത്തി. കേരളത്തിലെ വൈദ്യുതി ബോർഡിൽ ഒരു സാധാരണ ജീവനക്കാരനായിരുന്നു അദ്ദേഹം. ലൈൻമാൻ ആയി ആരംഭിച്ച് ഓവർസിയറായി വിരമിച്ച ഔദ്യോഗിക ജീവിതകാലത്ത് തന്നെ അദ്ദേഹം എസ്‌വിഎസ്‌വി എന്ന സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജോലിയിൽ നിന്നും വിരമിച്ചശേഷം വിശ്രമജീവിതം ആരംഭിക്കുകയല്ല അദ്ദേഹം ചെയ്തത്. മറിച്ച് അസാധാരണമാം രീതിയിൽ ചടുലവും സാഹസികവും സമരോത്സുകമായ പുതിയ ഒരു ജീവിതം ആരംഭിക്കുകയാണ് ചെയ്തത്. സംഘർഷഭരിതവും വെല്ലുവിളികൾ നിറഞ്ഞതുമായ ആ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ തകർത്തു.

വിവരണാതീതമായ പ്രതിബന്ധങ്ങ ളെയാണ് ആ സമരം അഭിമുഖീകരിച്ചത്. തോട്ടം തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനെന്ന പേരിൽ സിഐടിയു, ഐഎൻടിയുസി, ബിഎം എസ്, എഐടിയുസി എന്നീ സംഘടനകളുടെ പേരിൽ അവിടെ നൂറുകണക്കിന് ഗുണ്ടകളെ പോലീസ് സംരക്ഷണത്തോടെ വിന്യസിക്കുകയും, സമരഭൂമിയിലേക്ക് വരികയും പോകുകയും ചെയ്യുന്ന ഏവരെയും, വിശേഷിച്ച് കറുത്ത നിറമുള്ളവരെ തല്ലിച്ചതയ്ക്കുകയും ചെയ്യുന്ന ഏർപ്പാട് ഒരു വർഷക്കാലത്തോളം തുടർന്നു.പതിനൊന്നുപേർ ആ കാലയളവിൽ പട്ടിണിമൂലവും രോഗപീഢകള്‍കൊണ്ടും ഗുണ്ടകളുടെ ഉപരോധംമൂലം ആശുപത്രിയിൽ പോകാനാകാതെയും മരണമടഞ്ഞു. കുട്ടികളുടെ പഠനം മുടങ്ങി.സമരഭൂമി സന്ദർശിക്കാനെത്തിയ ജനകീയ നേതാക്കളെയും സാംസ്കാരിക നായകരെയും ആക്രമിച്ചു.
മാധ്യമങ്ങളുടെ വായമൂടിക്കെട്ടി, സമരഭൂമിയിലെ അതിക്രമങ്ങൾ മറച്ചുവെക്കാൻ ഭരണകൂടം നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് അന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി യും എസ്‌യു സിഐ(കമ്മ്യൂണിസ്റ്റ്)യും കേരളമെമ്പാടും ളാഹ ഗോപാലന് സ്വീകരണം നൽകുന്ന വൻയോഗങ്ങൾ സംഘടിപ്പിച്ചു.കു ട്ടികളുടെ വിദ്യാഭ്യാസത്തിനായി എരുമേലി മുട്ടപ്പള്ളിയിൽ ബദൽ ഏർപ്പാട് ഉണ്ടായി. സമരഭടന്മാർ എല്ലാ ദുരിതങ്ങളെയും ഏറ്റുവാങ്ങാൻ തയ്യാറായി ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ അചഞ്ചലം നിലകൊണ്ടു. പത്തനംതിട്ട നഗരത്തിൽ എസ്‌വിഎസ്‌വി യുടെ ഓഫീസ് എന്ന നിലയിൽ അംബേദ്കർ സ്മാരകമന്ദിരം നിർമ്മിച്ചു.
മഹാത്മ അയ്യങ്കാളിയുടെ യഥാർഥ പിൻഗാമി എന്ന വിശേഷണത്തിന് അർഹമായ പ്രവർത്തനങ്ങൾ ആണ് അദ്ദേഹം നടത്തിയത്. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ മനുഷ്യരെ സംഘടിപ്പിച്ച് സമര സജ്ജരാക്കി രംഗത്തിറക്കി സുദീർഘമായ ഒരു പോരാട്ടത്തിലൂടെ വ്യവസ്ഥാപിത അധികാരകേന്ദ്രങ്ങളെ മുട്ടുകുത്തിച്ചു വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഭൂരഹിതര്‍ക്ക് കൃഷിഭൂമി നല്‍കി ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്‌യുസിഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2008 മാര്‍ച്ച് 17,18 തീയതികളില്‍ ചെങ്ങറയില്‍നിന്നും പത്തനംതിട്ട കളക്ട്രേറ്റിലേയ്ക്ക് നടന്ന പദയാത്ര ചെങ്ങറ സമരഭൂമിയില്‍നിന്നും ആരംഭിക്കുന്നു. സഖാക്കള്‍ സി.കെ.ലൂക്കോസ്, വി.വേണുഗോപാല്‍, എസ്.രാജീവന്‍ തുടങ്ങിയവര്‍ ളാഹ ഗോപാലനൊപ്പം

ഭൂരഹിതരുടെ വേദനയും നിസ്സഹായതയും പൂർണമായി ഉൾക്കൊണ്ടു അദ്ദേഹം. ആ പ്രക്ഷോഭത്തിലൂടെ അദ്ദേഹത്തിന്റെ ജീവിതാവസാനംവരെ ആ ഭൂമി അവർക്ക് ഉറപ്പാക്കി നിലനിർത്തി. അംബേദ്കറുടെയും അയ്യങ്കാളിയുടെയും ആദർശങ്ങളെ ആധികാരികമാക്കി അധസ്ഥിത ജീവിതത്തെ സമരോത്സുകമാക്കി ചിട്ടപ്പെടുത്തി ഉയർത്തിയെടുക്കാനാണ് അദ്ദേഹം പരിശ്രമിച്ചത്.
മഹാവിപ്ലവമെന്ന് ഘോഷിക്കപ്പെടുന്ന ഭൂപരിഷ്ക്കരണത്തിലൂടെ കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഭൂവിതരണത്തിലെ അസന്തുലിതാവസ്ഥയും, അതുമൂലം പില്‍ക്കാലത്ത് നൂറുകണക്കിന് കോളനികളിലായി ജീര്‍ണമായ സാംസ്കാരിക അന്തരീക്ഷത്തില്‍ ബന്ധിതരായിരിക്കുന്ന ദളിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളുെട നീറുന്ന പ്രശ്നങ്ങളെ പുതിയ ഒരു പ്രാധാന്യത്തോടെ കേരളീയ സമൂഹത്തിന്റെ മുന്നില്‍ ശക്തമായി പ്രതിഷ്ഠിച്ചു എന്നതും അതിന്റെ പരിഹാരത്തിനുള്ള വഴി കൃത്യമായി പ്രായോഗികമായി കാണിച്ചു എന്നതുമാണ് അദ്ദേഹത്തിന്റെ പ്രസക്തി. ലക്ഷ്യം നിര്‍ണയിക്കുന്നതിലും അതിലേയ്ക്കുള്ള മാര്‍ഗം നിശ്ചയിക്കുന്നതിലും ഓരോരോഘട്ടത്തിലുമുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച വൈഭവവും സര്‍ഗാത്മകതയും ഇഛാശക്തിയും അന്യാദൃശമായിരുന്നു. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ എന്ന ആഗോളകുത്തകയെയും അവര്‍ക്കുവേണ്ടി ഒത്താശ ചെയ്യുന്ന ഭരണകൂടത്തെയും അവരുെട പിണിയാളുകളായ രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിച്ചുകൊണ്ട്, അവരുടെ പ്രലോഭനങ്ങളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട് സുദീര്‍ഘമായ പോരാട്ടം നയിച്ച് അസാധാരണ വിജയം അദ്ദേഹം തന്റെ അനുയായികള്‍ക്ക് നല്‍കി.

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് എസ്.രാജീവന്റെ നേതൃത്വത്തിൽ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ജനകീയ പ്രതിരോധ സമിതിയും ചെങ്ങറ സമരത്തെ സഹായിക്കാൻവേണ്ടി നടത്തിയ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾവഴി അദ്ദേഹം എസ്‌യുസിഐയെ വളരെയേറെ സ്നേഹിക്കുന്ന ആൾ ആയി മാറി. കമ്മ്യൂണിസത്തെ ഏറ്റവുമേറെ എതിർക്കുമ്പോഴും കമ്മ്യൂണിസ്റ്റ് ദർശനത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവരുടെ യഥാർത്ഥ പ്രസ്ഥാനമായ എസ്‌യുസിഐയെ സ്വീകരിക്കാതിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നത് ചരിത്രത്തിലെ ഒരു സവിശേഷ പ്രതിഭാസമായി കാണേണ്ടതുണ്ട്. മാവേലിക്കര മുട്ടത്ത് നേതാജി സാമൂഹ്യ സാംസ്കാരിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ ക്ഷണിക്കപ്പെട്ടതിൻ പ്രകാരം അദ്ദേഹം അവിടെ എത്തി. ആ പ്രസംഗത്തിൽ എസ്‌യുസിഐയെ കുറിച്ച് അദ്ദേഹം പറഞ്ഞു: “എനിക്ക് ഈ സംഘടനയെ വെറുപ്പായിരുന്നു. പത്തനംതിട്ട നഗരത്തിൽ പാട്ടയും പിടിച്ചു തെണ്ടുന്ന ഇവരെ കാണുമ്പോൾ എനിക്ക് പുച്ഛമായിരുന്നു. ചെങ്ങറ സമരഭൂമിയിൽ ഇവർ ആദ്യം വരുമ്പോൾ മറ്റുപലരെയും എന്നതുപോലെ ഞാൻ ഇവരെയും സംശയത്തോടെ കണ്ടു, അകറ്റിനിർത്തി. എന്നാൽ ഈ പാർട്ടി ഇല്ലാതെ ഇന്ന് എനിക്ക് ജീവിക്കാൻ ആവില്ല. ഇന്ന് എന്റെ രക്തത്തിന്റെ ഭാഗമാണ് ഈ പാർട്ടി”.

ചെങ്ങറ സമരത്തിന്റെ തീഷ്ണമായ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ അനുഭവത്തിലൂടെയും സഹജാവബോധം കൊണ്ടും എസ്‌യുസിഐ(സി)യുടെ സവിശേഷത അദ്ദേഹം തിരിച്ചറിഞ്ഞു. ഏറ്റവും ദരിദ്രരായ ജനതയുടെ വേദനകൾ ഉൾക്കൊണ്ട് പ്രവർത്തിച്ച അദ്ദേഹത്തിന് സമരരംഗത്തെ യഥാർത്ഥ മിത്രത്തെ ഈ പാർട്ടിയിൽ കാണാൻ കഴിഞ്ഞു. സിപിഐ(എം)ൽ ഒരുകാലത്ത് അംഗമായിരുന്ന അദ്ദേഹം അവരുടെ നടപടികൾമൂലം കമ്മ്യൂണിസത്തെ വെറുത്ത് ആ പ്രസ്ഥാനം ഉപേക്ഷിച്ചാണ് എസ്‌വിഎസ്‌വി എന്ന പുതിയ പ്രസ്ഥാനം രൂപീകരിച്ചത്. സിപിഐ(എം) വിരോധത്തിന്റെ പേരിലും അംബേദ്കറുടെ ആദർശങ്ങളുടെ അനുയായി എന്ന നിലയിലും കമ്മ്യൂണിസത്തിന് എതിരെ എപ്പോഴും പറയുമായിരുന്നു അദ്ദേഹത്തിന് എസ്‌യുസിഐ (സി) യെ തള്ളിപ്പറയാൻ ആകാത്തത് യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ പ്രസരിപ്പിക്കുന്ന സാംസ്കാരിക ഔന്നത്യത്തെ അംഗീകരിക്കാതിരിക്കാൻ അദ്ദേഹത്തെപ്പോലെ നിഷ്കളങ്കനായ മനുഷ്യസ്നേഹിക്ക് കഴിയില്ല എന്നതിനാലാണ്.
ദളിത് വിമോചനത്തിന്റെ പതാക വഹിക്കുമ്പോഴും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമ്പോഴും അദ്ദേഹത്തിന്റെ സംഘടനയിലും സമരഭൂമിയിലും നാനാജാതി മത വിഭാഗങ്ങള്‍ ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വീക്ഷണം സാധാരണ ജാതിമത സമുദായ സങ്കുചിതത്വങ്ങള്‍ക്കുപരി ആയിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിത്തീര്‍ന്ന പലവിധ പരിമിതികളും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനവും നിര്‍വഹിച്ച ചരിത്രദൌത്യത്തിന്റെ പ്രാധാന്യം കേരളം തിരിച്ചറിയുകതന്നെ വേണം.

ഒരു സമരപ്രസ്ഥാനത്തിന്റെ നേതൃത്വത്തിനുണ്ടാകേണ്ട അചഞ്ചലമായ നിലപാട് ധീരത, ഇഛാശക്തി, സത്യസന്ധത, ത്യാഗസന്നദ്ധത, ജനങ്ങളോടുള്ള നിര്‍വ്യാജമായ കൂറ് ഈ വകഗുണങ്ങള്‍ വിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ വ്യക്തി വിശേഷങ്ങളെ യഥാസമയം തിരിച്ചറിയാന്‍ പൊതുസമൂഹത്തിന് കഴിഞ്ഞില്ല. സ്വാതന്ത്ര്യാനന്തര കേരളത്തിലെ സമരചരിത്രത്തില്‍ അവിസ്മരണീയമായ ഒരു ഏട് സ്വജീവിതംകൊണ്ട് എഴുതിചേര്‍ത്ത ളാഹഗോപാലന്റെ ജീവിതവും സമരവും വരുംകാല ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമാകുമെന്നതില്‍ സംശയമില്ല. യശഃശരീരനായ ളാഹ ഗോപാലന് ആദരാഞ്ജലികള്‍.

Share this post

scroll to top