ഐതിഹാസികമായ വിളപ്പിൽശാല ജനകീയസമര വിജയത്തിന്റെ 6-ാം വാർഷികം ആചരിച്ചു

Share

ജനകീയ സമരങ്ങൾക്ക് സ്വീകരിക്കാവുന്ന ലക്ഷണമൊത്ത മാതൃകയെന്ന നിലയിൽ ഉയർന്നുവന്ന ഐതിഹാസികമായ വിളപ്പിൽശാല ജനകീയ ചെറുത്തുനിൽപ്പ് സമരവിജയത്തിന്റെ 6-ാം വാർഷികം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ വിളപ്പിൽ നിവാസികൾ ഗംഭീരമായി ആചരിച്ചു.

12 വർഷക്കാലം നഗരത്തിന്റെ കുപ്പത്തൊട്ടിയായിരുന്നു വിളപ്പിൽശാല. ജനങ്ങളുടെ എതിർപ്പുകളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്തിയാണ് 2000-മാണ്ടിൽ വിളപ്പിൽശാല മാലിന്യകേന്ദ്രം സ്ഥാപിച്ചത്. അതോടെ, വിളപ്പിൽ പഞ്ചായത്തും സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്ന വലിയൊരു പ്രദേശം മുഴുവൻ അസഹ്യമായ ദുർഗന്ധത്തിന്റെ പിടിയിലാവുകയും ജനജീവിതം ദുരിതപൂർണ്ണമായിത്തീരുകയും ചെയ്തു. കിണറുകളും ജലാശയങ്ങളും മലിനമായി, ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും താറുമാറായി. മാറിമാറിവന്ന തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ വന്നവർ ജനങ്ങളുടെ ദുരിതങ്ങൾക്ക് തരിമ്പും വിലകൽപ്പിച്ചില്ല എന്നുമാത്രമല്ല കാലാകാലങ്ങളിൽ ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളെ വഞ്ചിക്കുകയും തകർക്കുകയും ചെയ്തു. അനവധി പേർ നിസ്സാരവിലയ്ക്ക് വീടും വസ്തുവകകളും വിറ്റ് പ്രദേശത്തുനിന്ന് പലായനം ചെയ്തുതുടങ്ങി. പ്രതീക്ഷകളെല്ലാം അസ്തമിച്ച ഈ ഘട്ടത്തിലാണ്, കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ സമിതി രൂപം കൊള്ളുകയും 2011 ജനുവരി 9-ന് സമരമാരംഭിക്കുകയും ചെയ്തത്. ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളും നിക്ഷിപ്ത കേന്ദ്രങ്ങളും സമരത്തെ മുളയിലേ നുള്ളാനാണ് ശ്രമിച്ചത്. ജനങ്ങൾ സമരരംഗത്ത് അണിനിരക്കുന്നത് തടയാൻ അവർ എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ, സമരത്തിന്റെ തുടക്കംമുതൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനകീയ സമിതിക്കും സമരത്തിനും ഉറച്ച പിന്തുണ നൽകി. ജനകീയ സമിതിയുടെ കീഴിൽ കക്ഷിരാഷ്ട്രീയത്തിനതീതമായ സമരക്കമ്മിറ്റികൾ രൂപീകരിച്ച് ശക്തമായ ചെറുത്തുനിൽപ്പ് സമരത്തിന് അടിത്തറ പാകണമെന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ നിർദ്ദേശം ജനകീയ സമിതി ആവേശപൂർവ്വം സ്വീകരിച്ചു. അപ്രകാരം എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകരും ജനകീയ സമിതി പ്രവർത്തകരും സംയുക്തമായി ചുരുങ്ങിയ കാലയളവിനുള്ളിൽ നൂറിലേറെ സമരക്കമ്മിറ്റികൾ ദുരിതമേഖലയിൽ രൂപീകരിക്കുകയും ചെയ്തു. ക്രമേണ ജനകീയ സമിതി പ്രവർത്തകരും എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകരും ഇഴപിരിയാനാവാത്ത വിധം ഐക്യപ്പെടുകയും ബൃഹത്തായ ബഹുജന മുന്നേറ്റത്തിനുവേണ്ടുന്ന കേന്ദ്രനേതൃത്വമായി വികസിച്ചുവരികയും ചെയ്തു. ഘട്ടംഘട്ടമായി വളർന്നുവന്ന ആ സമരപ്രവർത്തനങ്ങളുടെ പിൻബലത്തിൽ 2011 ഡിസംബർ 21 മുതൽ നഗരത്തിൽനിന്ന് വിളപ്പിൽശാലയിലേക്കുള്ള മാലിന്യനീക്കം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനങ്ങൾ തടഞ്ഞു. നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് സംരക്ഷണയോടെ വിളപ്പിൽശാലയിൽ മാലിന്യനിക്ഷേപം നടത്താൻ ഹൈക്കോടതി താൽക്കാലിക വിധി പുറപ്പെടുവിച്ചു. അതേത്തുടർന്ന്, 2012 ഫെബ്രുവരി 13-ന് വൻ പോലീസ് സൈന്യത്തിന്റെ അകമ്പടിയോടെ മാലിന്യനീക്കം പുനരാരംഭിക്കാനുള്ള നീക്കത്തെ വിളപ്പിൽ നിവാസികൾ സംഘടിതമായി ചെറുത്തുപരാജയപ്പെടുത്തി. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും മുൻനിരയിൽ അണിനിരന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഉജ്ജ്വലമായ ആ ചെറുത്തുനിൽപ്പ് സമരം കേരളത്തിലുടനീളം വലിയ ആവേശവും ചലനങ്ങളുമാണ് സൃഷ്ടിച്ചത്. അതിനുശേഷം, നഗരസഭയ്ക്കനുകൂലമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 3-ന് നടന്ന പോലീസ് നടപടിയെയും ജനങ്ങൾ ചെറുത്തുപരാജയപ്പെടുത്തി. അതോടെ, ഭരണകേന്ദ്രങ്ങളും നീതിന്യായ സംവിധാനങ്ങളും ജനഹിതം മാനിക്കാൻ നിർബ്ബന്ധിതമാവുകയായിരുന്നു.

വിളപ്പിൽശാല ജനകീയ സമരത്തിന്റെ വഴിത്തിരിവായി മാറിയ ഫെബ്രുവരി 13-ന്റെ ചെറുത്തുനിൽപ്പ് സമര വിജയം എല്ലാ വർഷവും ആചരിക്കണമെന്ന ജനകീയ സമിതിയുടെ തീരുമാനപ്രകാരമാണ് 6-ാം വാർഷികാചരണം നടന്നത്. സമരത്തിന്റെ മറക്കാനാവാത്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററിയുടെ അകമ്പടിയോടെ ജനകീയ സമിതി പ്രവർത്തകർ സമരമേഖലയിലുടനീളം ഘോഷയാത്ര സംഘടിപ്പിച്ചു. ആയിരക്കണക്കിനാളുകൾ പരിപാടിയിൽ പങ്കാളികളാവുകയും സമരാനുഭവങ്ങൾ അങ്ങേയറ്റം വികാരവായ്‌പോടെ പങ്കുവയ്ക്കുകയും ചെയ്തു.
വിളപ്പിൽശാല നെടുങ്കുഴിയിൽ ജനകീയ സമിതി പ്രസിഡന്റ് എസ്.ബുർഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപനയോഗത്തിൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റംഗം ജി.എസ്.പത്മകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ജനകീയ സമിതി സെക്രട്ടറി എൽ.ഹരിറാം, ജി.ആർ.സുഭാഷ്, എസ്.മിനി, സി.പി.മാധുരി സജീവ്, സി.പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Share this post

scroll to top