കാശ്മീർ: ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി 370-ാം വകുപ്പ് റദ്ദാക്കിയ, രാഷ്ട്രപതിയുടെ ഉത്തരവ് പിൻവലിക്കുക

Kashmir-Kolkotha-2.jpg
Share

കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരം, കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം വകുപ്പും സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35എ വകുപ്പും റദ്ദാക്കിക്കൊണ്ട് 2019 ആഗസ്റ്റ് 5ന് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഒപ്പം, ജമ്മുകാശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞുകൊണ്ട് അതിനെ രണ്ടായി വിഭജിക്കുകയും അവയെ കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ദീർഘനാളായി 370-ാം വകുപ്പിനെതിരെ നിലകൊള്ളുന്ന ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ് ഇതിലൂടെ യഥാർത്ഥത്തിൽ ചെയ്തിരിക്കുന്നത്. കാശ്മീർ മേഖലയിലെ ശക്തിപ്പെടുന്ന ഭീകരപ്രവർത്തനത്തെ തടയാൻ ഇതിലൂടെ കഴിയുമെന്നും കാശ്മീരിന്റെ വികസനത്തിന് വാതിൽ തുറക്കുകയാണെന്നുമുള്ള വിശദീകരണങ്ങൾ ആർഎസ്എസ് അജണ്ടയെ മറച്ചുപിടിക്കുന്നതിനുവേണ്ടിയുള്ള കൗശലം മാത്രമാണ്.

ജനാധിപത്യസംവിധാനങ്ങളെ മുഴുവൻ മറികടന്നും അപ്രസ്‌കതമാക്കിയും കൊണ്ടുവന്നിട്ടുള്ള ഈ നടപടി രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയ്‌ക്കേറ്റ ഏറ്റവും വലിയ ആഘാതമാണ്. വകുപ്പ് റദ്ദാക്കാൻ പര്യാപ്തമായ ഒരു കാരണവും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. ന്യായീകരിക്കാൻ എന്തെങ്കിലും കാരണം ഉണ്ടെങ്കിൽപ്പോലും ഭരണഘടനയുടെ ഒരു വകുപ്പ് ഇത്രയധികം ലാഘവത്തോടെ റദ്ദുചെയ്യാൻ ബിജെപി സർക്കാരിന് എന്ത് അധികാരമാണുള്ളത്. ജമ്മു-കാശ്മീർ നിയമസഭ സ്വേച്ഛാധിപത്യപരമായി പിരിച്ചുവിട്ട് പാർശ്വവർത്തിയായ ഗവർണ്ണറുടെ അനുമതി തരപ്പെടുത്തിയാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. കാശ്മീരിലെ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും ജനാധിപത്യസംവിധാനത്തിന്റെ അനുമതി തേടാതെ ഒരു കാരണവശാലും ഇത് ചെയ്യാനാവില്ല. കാശ്മീരിലെ ജനങ്ങളുടെ ജീവിതത്തെ അടിമുടി ബാധിക്കുന്ന, അതീവപ്രധാനമായ ഒരു വിഷയത്തിൽ അവരുടെ അഭിപ്രായം അറിയേണ്ടതല്ലേ. ജനാധിപത്യത്തിനും അതിന്റെ വിലപ്പെട്ട മൂല്യങ്ങൾക്കും പുല്ലുവിലപോലും കൽപ്പിക്കാത്ത, ഏകാധിപത്യത്തിന്റെ ആൾരൂപമായി മാറിയിരിക്കുന്നു മോദി വാഴ്ച.

ദീർഘകാലാടിസ്ഥാനത്തിൽ വലിയ ദുരന്തത്തിലേക്ക് കാശ്മീരിനെ കൊണ്ടുപോകാൻ മാത്രമേ ഈ നടപടി ഇടവരുത്തൂ. ഇതിനോടകം ആഴമാർന്ന അസംതൃപ്തിയും അവിശ്വാസവും പ്രതിഷേധവും താഴ്‌വരയാകെ നീറിപ്പുകയുകയാണ്. പലസന്ദർഭങ്ങളിലും അത് പൊട്ടിത്തെറിക്കുന്നു. ആഴ്ചകളോളം ജനങ്ങൾ തെരുവിൽ നിന്ന് കയറാത്ത സാഹചര്യം ഉണ്ടാകുന്നു. ഇപ്പോൾ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ള നടപടി സാഹചര്യത്തെ അതീവഗുരുതരമാക്കുമെന്ന് സുബോധമുള്ള ഏതൊരാൾക്കും വ്യക്തമാകുന്ന കാര്യമാണ്. ദേശദ്രോഹശക്തികൾ ഈ അവസരം കൂടുതൽ മുതലെടുക്കും. അങ്ങിനെയെങ്കിൽ കാശ്മീർ താഴ്‌വരയിൽ അശാന്തിയുടെ ദിനങ്ങൾക്ക് അറുതിയില്ലെന്നു മാത്രമല്ല അവ വർദ്ധിക്കുമെന്ന് ഉറപ്പിക്കാം.
കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ട് ഇൻഡ്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് രൂപംകൊണ്ടത് ആ പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ ഔദാര്യമോ അവരോടുള്ള പ്രീണനമോ അല്ല. മറിച്ച് പ്രസ്തുത വകുപ്പ്, ചരിത്രപരവും വസ്തുനിഷ്ഠവുമായ ആവശ്യകതയെ മുൻനിർത്തി സ്വഭാവികമായി രൂപപ്പെട്ടുവന്നതാണ്. രാജവാഴ്ചക്കും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ ഉയർന്നുവന്ന ജനാധിപത്യപ്രക്ഷോഭത്തിന്റെ അടിത്തറയിൽ വികസിച്ചുവന്നതും ഇൻഡ്യൻ ദേശീയതയുമായി വ്യതിരിക്തമായ അസ്തിത്വം നിലനിർത്തിയിരുന്നതുമായ കാശ്മീരി ദേശീയതയുടെ അംഗീകാരമെന്ന നിലയിലാണ് അത് ജന്മമെടുത്തത്. കാശ്മീരിലെ ജനങ്ങൾക്ക് അവരുടെ ജീവിതത്തെ, സ്വന്തം ആഗ്രഹങ്ങളും ആവശ്യകതകളും മുൻനിർത്തി ക്രമീകരിക്കുന്നതിനുള്ള അവകാശം നൽകിക്കൊണ്ടുള്ളതാണ് പ്രസ്തുത വകുപ്പ്. കാശ്മീർ സംയോജന കരാർ ഒപ്പിട്ടത് അന്നത്തെ രാജാവായിരുന്ന ഹരി സിംഗായിരുന്നെങ്കിലും കാശ്മീരിന്റെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ചിരുന്ന നാഷനൽ കോൺഫറൻസും അതിന്റെ നേതാവായിരുന്ന ഷേക്ക് മുഹമ്മദ് അബ്ദുള്ളയുമാണ്, കാശ്മീർ ഇൻഡ്യൻ യൂണിയന്റെ ഭാഗമാകണമെന്ന നിലപാട് സ്വീകരിക്കാൻ ജനങ്ങളെ പ്രബുദ്ധമാക്കിയത്. മഹാരാജാ ഹരി സിംഗ് തുടക്കത്തിൽ കാശ്മീർ, ഇൻഡ്യൻ യൂണിയനിൽ ചേരേണ്ടതില്ലെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നു മാത്രവുമല്ല പാക്കിസ്ഥാനുമായി ‘സ്റ്റാന്റ് സ്റ്റിൽ'(അതായത് നിലവിലുള്ള സ്ഥിതി തുടരാനുള്ള അഥവാ സ്വതന്ത്രമായി നിലനിൽക്കാനുള്ള) കരാറിൽ രാജാ ഹരി സിംഗ് ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ പാക്കിസ്ഥാൻ കാശ്മീരിനെ ആക്രമിക്കുകയും ബലപ്രയോഗത്തിലൂടെ ചേർക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഇൻഡ്യയുടെ സഹായം തേടാൻ ഹരി സിംഗ് നിർബ്ബന്ധിതനാവുകയായിരുന്നു. കാശ്മീർ ഇൻഡ്യയുടെ ഭാഗാമാകാനുള്ള കരാറിൽ ഒപ്പിട്ടുകൊണ്ടുമാത്രമേ സൈനികസഹായം നൽകാനാവൂ എന്ന നിലപാടെടുത്ത അന്നത്തെ ഇൻഡ്യൻ ഭരണ നേതൃത്വത്തിന് വഴങ്ങിക്കൊണ്ട് കരാറിൽ(Instrument of Accession) രാജാവ് ഒപ്പിടുകയാണ് ചെയ്തത്. ഈ സംയോജനകരാറിന്റെ വകുപ്പ് 3ൽ പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ വിഷയങ്ങളിലൊഴികെ മറ്റൊരു വിഷയത്തിലും കാശ്മീരിനെ സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ ഇൻഡ്യൻ ഡൊമീനിയന് അധികാരമുണ്ടായിരിക്കുന്നതല്ല എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ഇൻസ്ട്രുമെന്റ് ഓഫ് അക്‌സഷന്റെ ഉള്ളടക്കത്തെയും വികാരത്തെയും ഉൾക്കൊണ്ടുകൊണ്ടാണ് 370-ാം വകുപ്പ് ഭരണഘടനയിൽ ചേർക്കപ്പെട്ടത്. കാശ്മീരിന്റെ സ്വയംഭരണവും വേറിട്ട അസ്തിത്വവും അംഗീകരിക്കാൻ ഇൻഡ്യ തയ്യാറായതുകൊണ്ടാണ് പ്രസ്തുത കരാർ ഉണ്ടായത്. കാശ്മീരിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പിന്റെയും അവരുടെ ദേശീയ അസ്തിത്വത്തോടുള്ള ആദരവിന്റെയും അടിസ്ഥാനത്തിലാണ് ഭരണഘടനയിൽ 370-ാം വകുപ്പ് ചേർക്കപ്പെട്ടത്. ഇൻഡ്യൻ യൂണിയനിൽ ചേരണമെന്ന നിലപാട് സ്വീകരിച്ച നാഷണൽ കോൺഫറൻസ്, ആദ്യം നടന്ന കാശ്മീർ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തപ്പെട്ട വോട്ടിൽ വലിയ പങ്കും നേടിയത്, അവരുടെ നിലപാടിനൊപ്പം കാശ്മീർ ജനതയും നിലകൊണ്ടു എന്നതിന് തെളിവാണ്. പാക്കിസ്ഥാനും മതമൗലിക ശക്തികളും നടത്തിയ എല്ലാ പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട,് ഇൻഡ്യൻ യൂണിയനിൽ ചേരണമെന്ന് വലിയ പ്രതീക്ഷയോടെ ദൃഢമായ തീരുമാനം കൈക്കൊണ്ട കാശ്മീർ ജനങ്ങളെയൊന്നാകെ ഇന്ന് ബിജെപിയുടെ കേന്ദ്രസർക്കാർ വഞ്ചിച്ചിരിക്കുന്നു.
ദേശീയതകളെ ഉദ്ഗ്രഥിക്കുന്നത് ബലപ്രയോഗത്തിലൂടെയോ കൃത്രിമമായോ അല്ല എന്നത് എത്രയോ ചരിത്രാനുഭവങ്ങളിലൂടെ നമുക്കറിയാം. തനിമയാർന്ന നിലനിൽപ്പിനെ പരസ്പരം ആദരിച്ചുകൊണ്ടുതന്നെ രാഷ്ട്രീയ – സാമ്പത്തിക-സാമൂഹ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക കൊടുക്കവാങ്ങലുകളിലൂടെ സ്വഭാവികമായി വിളക്കിച്ചേർത്തെടുത്തുകൊണ്ടാണ് പ്രസ്തുത ധർമ്മം നിർവ്വഹിക്കേണ്ടത്. എന്നാൽ ഇവിടെ കാശ്മീരിന്റെ കാര്യത്തിൽ നാം കണ്ടത് ഇതിനു നേർവിപരീതമായ കാര്യങ്ങളാണ്. തുടക്കം മുതൽ തങ്ങളുടെ അഭിമാനബോധത്തെയും അന്തസ്സിനെയും നിരന്തരമായി ചവിട്ടിമെതിക്കുന്ന അനുഭവമാണ് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ്സ് സർക്കാരുകളുടെ ഭാഗത്തുനിന്ന് കാശ്മീരിലെ ജനങ്ങൾക്കുണ്ടായത്. നാഷണൽ കോൺഫറൻസിനെ പിളർത്തി, ഷേക്ക് അബുള്ളയെ അധികാരത്തിൽ നിന്ന് പുറത്താക്കി, തുടർന്ന് പാക്കിസ്ഥാൻ ചാരനെന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്ത് വിവിധ ഘട്ടങ്ങളിലായി നീണ്ട 20 വർഷം തുറുങ്കിലടച്ചു. മതേതര രാജ്യമായ ഇൻഡ്യയോടൊപ്പം നിലകൊള്ളേണ്ടതിന്റെ ആവശ്യകത കാശ്മീരി ജനങ്ങളെ ബോധ്യപ്പെടുത്തിയ അതേ നേതാവ് പാക്കിസ്ഥാൻ ഏജന്റെന്ന് മുദ്രകുത്തപ്പെട്ടതും തുറുങ്കലടയ്ക്കപ്പെട്ടതും കാശ്മീരി ജനങ്ങളുടെ ഹൃദയത്തിനേൽപ്പിച്ച മുറിവ് നിസ്സാരമായിരുന്നില്ല. കോൺഗ്രസ്സ് സർക്കാരുകൾ 370-ാം വകുപ്പിനെ നിരന്തരമായി ദുർബ്ബലപ്പെടുത്തുകയും വെള്ളം ചേർക്കുകയും ചെയ്തുകൊണ്ടിരുന്നു. 1987ലെ തെരഞ്ഞെടുപ്പിൽ സൈന്യത്തെവരെ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് കൃത്രിമം നടത്തി ജനേച്ഛയെ പരാജയപ്പടുത്തിയത് കേന്ദ്ര സർക്കാരിലുള്ള ജനങ്ങളുടെ അവിശ്വാസം വീണ്ടും ബലപ്പെടുത്തി. താഴ്‌വരയിലെ ജനങ്ങളെയൊന്നാകെ രാജ്യദോഹികളെന്ന് മുദ്രകുത്തിയതോടെ ഇൻഡ്യയോടുള്ള അവരുടെ കൂറ് നിരന്തരമായി ചോദ്യംചെയ്യപ്പെടുകയായിരുന്നു. നിരപരാധികളായ സാധാരണ മനുഷ്യർ സൈനികനടപടികൾക്കിരയാവുന്ന അനുഭവം വ്യാപകമായി. ജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പേരിൽ പട്ടാളക്കാർക്കെതിരെ, സൈനികനേതൃത്വത്തിന് ശിക്ഷാനടപടി സ്വീകരിക്കേണ്ട സംഭവങ്ങൾ വരെ ഉണ്ടായി. അങ്ങിനെ ക്രമേണ ജനങ്ങളിലൊന്നാകെ ആഴമാർന്ന അന്യതാബോധം പടരുന്ന സ്ഥിതി ഉണ്ടായി. ഈ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ദേശവിരുദ്ധശക്തികൾ സ്വാധീനം ഉറപ്പിച്ചുകൊണ്ടിരുന്നു. ഒരേസമയം ഭീകരരുടെയും സൈന്യത്തിന്റെയും തോക്കിൻമുനയിൽ ജീവിക്കേണ്ട സ്ഥിതിയിലകപ്പെട്ടിരിക്കുന്നുവെന്നതാണ് കാശ്മീരിലെ ലക്ഷക്കണക്കിന് സാധാരണജനങ്ങളുടെ വർത്തമാനദുരന്തം. ഈ സ്ഥിതിവിശേഷത്തെ വഷളാക്കുന്ന നടപടിയാണ് ഇപ്പോൾ കേന്ദ്ര ബിജെപി സർക്കാരിൽനിന്നും ഉണ്ടായിട്ടുള്ളത്.

കാശ്മീർ ഇൻഡ്യയുടെ അവിഭാജ്യ ഭാഗമാണ്. സ്വതന്ത്ര കാശ്മീരെന്ന വിഘടനവാദികളുടെ ലക്ഷ്യത്തെയും പാക്കിസ്ഥാന്റെ സങ്കുചിതമായ ലക്ഷ്യങ്ങളെയും നാം പരാജയപ്പെടുത്തണം. എന്നാൽ കാശ്മീരിലെ ജനങ്ങളുടെ ഹൃദയംഗമമായ പിന്തുണ സമാഹരിച്ചുകൊണ്ടുമാത്രമേ അത് നേടാനാവൂ. അതിനായി ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. ഇന്നത്തെ സാഹചര്യത്തിൽ ആയാസകരവും സങ്കീർണ്ണവുമായ ഒരു ദൗത്യമാണത്. തികഞ്ഞ അവധാനതയോടെയുള്ള, ഒരു വിധത്തിലുമുള്ള വർഗ്ഗീയ മുൻവിധികളില്ലാത്ത, കാശ്മീരി ജനതയുടെ അഭിമാനത്തെയും അവരുടെ വികാരങ്ങളെയും ആദരപൂർവ്വം കാണുന്ന, 370-ാം വകുപ്പിന്റെ ഉള്ളടക്കത്തെ അങ്ങേയറ്റം മാനിക്കുന്ന ഒരു രാഷ്ട്രീയസമീപനവും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പരിഹാരവും ഉണ്ടായേ പറ്റൂ. എങ്കിൽ മാത്രമേ താഴ്‌വരയിലെ ജനങ്ങളുടെ വിശ്വാസം നേടാനാകൂ. വർഗ്ഗീയതയും അന്യമതവെറിയും ആളിക്കത്തിച്ചുകൊണ്ട് അധികാരം കൊയ്യാനിറങ്ങിയിരിക്കുന്ന ബിജെപിയിൽനിന്ന് ആ സമീപനം ഒരിക്കലുമുണ്ടാകില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. ജനങ്ങളുടെ സംഘടിത പ്രക്ഷോഭത്തിന്റെ ശക്തികൊണ്ടുമാത്രമേ ബിജെപിയുടെ ഭ്രാന്തമായ ഈ സമീപനത്തെ പരാജയപ്പെടുത്താനാകൂ.

അതിനാൽ സർവ്വശക്തിയും സമാഹരിച്ചുകൊണ്ട് ഈ നടപടിയെ ചെറുക്കാൻ ഒരുമിച്ചുപോരടിക്കുകയാണ് ഈ സന്ദർഭത്തിൽ ചെയ്യേണ്ടത്. സിപിഐ, സിപിഐ(എം) പാർട്ടികൾ ഈ ദൗത്യമേറ്റെടുക്കാൻ ഇത്തരമൊരു ഗുരുതര സാഹചര്യത്തിലും മുന്നോട്ടുവരുന്നില്ല എന്നത് അതീവ വേദനാകരമാണ്. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് തയ്യാറാകണമെന്നുള്ള നമ്മുടെ കത്തിനോടിന് ഇതുവരെ പ്രതികരിക്കാൻപോലും ഇവർ തയ്യാറായിട്ടില്ല. ഏവരെയും യോജിപ്പിച്ചുകൊണ്ട് ഒരു സംയുക്തപ്രസ്താവന പുറപ്പെടുവിക്കാൻപോലും അവർ മെനക്കെടുന്നില്ല എന്നത് വളരെ ഖേദകരമാണ്. ഈ നിമിഷത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ടുവരാൻ ആത്മസംയമനത്തോടെയും കരുതലോടെയും കാര്യങ്ങളെ വീക്ഷിക്കുന്ന മുഴുവൻ മനുഷ്യസ്‌നേഹികളോടും ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Share this post

scroll to top