370-ാം വകുപ്പ് റദ്ദുചെയ്തതിനെതിരെ പരാതിയുമായി കാശ്മീരി പണ്ഡിറ്റുകളും േദാഗ്രകളും സിഖുകാരും

Share

ജമ്മു-കാശ്മീരിൽനിന്നുള്ള പണ്ഡിറ്റുകളും ദോഗ്രകളും സിഖുകാരും ഉൾപ്പെടെയുള്ള 64 പേർ ”370-ാം വകുപ്പ് ഗൂഢമായും ബലാൽക്കാരമായുമാണ് അസാധുവാക്കിയതെ”ന്നും ഇത് ”ഭരണഘടനാ വിരുദ്ധവും സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ ചരിത്രപരമായ വാഗ്ദാനത്തിന്റെ ലംഘനമാണെ”ന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പരാതിയിൽ ഒപ്പുവച്ചിരിക്കുന്നു. പ്രമുഖ ഡോക്ടർ, വൈസ് എയർ മാർഷൽ, നാടകരംഗത്തെ പ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ, മാദ്ധ്യമപ്രവർത്തകർ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രൊഫഷണലുകൾ ഇതിൽ ഉൾപ്പെടുന്നു.

കേന്ദ്ര ഗവൺമെന്റ് ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതും ആ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും ”ഗൂഢമായ രീതി”യിലാണെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാന നിയമസഭയുടെ ”അഭിപ്രായവും അനുമതിയും തീർത്തും ആരായാതെയുള്ള ഈ നടപടി ജനാധിപത്യ തത്വങ്ങളുടെയാകെ നിരാകരണവും ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവു”മാണ്. ജമ്മു-കാശ്മീരിനെ ”സൈനിക വലയത്തിലാ”ക്കിയ നടപടി ഉടൻ പിൻവലിക്കണമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ആശയവിനിമയത്തിനുമേൽ ഏർപ്പെടുത്തിയ നിരോധനം റദ്ദാക്കണമെന്നും രാഷ്ട്രീയ നേതാക്കളെ ”ഏകപക്ഷീയവും നിയമവിരുദ്ധവു”മായ തടങ്കലിൽനിന്ന് മോചിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ”ഞങ്ങളുടെ മാതൃഭൂമിയെ വെട്ടിമുറിച്ചതിൽ ഞങ്ങൾ ഏറെ വേദനിക്കുന്നു, പരീക്ഷണത്തിന്റെയും പ്രതിസന്ധിയുടെയും ഈ ഘട്ടത്തിൽ ഞങ്ങൾ ഒന്നിച്ചുനിൽക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു, വംശീയവും സാംസ്‌കാരികവും സാമുദായികവുമായ അടിസ്ഥാനത്തിൽ ജനങ്ങെള വിഭജിക്കാനുള്ള ഏതുനീക്കത്തെയും ചെറുക്കു”മെന്നുകൂടി പ്രഖ്യാപിച്ചുകൊണ്ടാണ് പരാതി അവസാനിപ്പിക്കുന്നത്.
(ദ വയർ. 10.08.2019)

Share this post

scroll to top