ഉത്തരാഖണ്ഡ് ദുരന്തം: പ്രളയവും ഭരണാധികാരികളുടെ നിസംഗതയും ജനങ്ങളെ കൊന്നൊടുക്കി..

Uttarakhand_Floods_PTI.jpg
Share

എട്ടാം നൂറ്റാണ്ടില്‍ പണിത കേദാര്‍നാഥ് ക്ഷേത്രം മഴയുടെ താണ്ഡവത്തില്‍ മലയണപൊട്ടി തകര്‍ന്നുപോയിരിക്കുന്നു. അതിനുചുറ്റും ഭീതിജനകമായ വിധത്തില്‍ വിരൂപമായ മൃതശരീരങ്ങളുടെ കൂനകള്‍. മരിക്കാതെ അവശേഷിച്ച മനുഷ്യരുടെ കണ്ണുകളിലെ മരവിച്ച ശൂന്യത. തുറസ്സുകളിലോ മൂടപ്പെട്ടോ കിടക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും അഴുകിയ ജഢങ്ങളുടെ ദുര്‍ഗന്ധം, പകര്‍ച്ചവ്യാധി പടര്‍ത്തിയേക്കാവുന്ന മരണമാരിയുടെ വരവറിയിക്കുന്നു. മനുഷ്യവാസത്തെ തുടച്ചുമാറ്റും വിധം  ആര്‍ത്തലച്ചുവന്ന നദികള്‍  ചെളിയും പാറകളും ജീവജാലങ്ങളും പാലങ്ങളും വീടുകളും വാഹനങ്ങളും വലിച്ചെടുത്തുകൊണ്ടുപോയി.  ഇവയ്‌ക്കെല്ലാം മീതെ, ഈ വിധത്തിലുള്ള ഭീകരദുരന്തത്തെ നേരിടാനുള്ള സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സംവിധാനത്തിന്റെയും പരിപൂര്‍ണ്ണമായ സന്നാഹരാഹിത്യം, അലംഭാവം, ഏകോപമനില്ലായ്മ തുടങ്ങിയവയുടെ ഉള്‍പ്പടെ, ഉത്തരാഖണ്ഡ് ദുരന്തത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും രാജ്യത്തെയാകെ നടുക്കി.

MSC Camp

എസ്.യു.സി.ഐ (സി)യുടെ ആരോഗ്യരംഗത്തെ സംഘടനയായ മെഡിക്കല്‍ സര്‍വ്വീസ് സെന്ററിന്റെ(MSC) ആഭിമുഖ്യത്തില്‍ കേദാര്‍നാഥില്‍ നടത്തുന്ന മെഡിക്കല്‍ക്യാമ്പുകളിലൊന്നിന്റെ ദൃശ്യം

ഇപ്പോഴും രക്ഷാദൗത്യസംഘങ്ങള്‍ക്ക് കുറച്ചിടങ്ങളില്‍ മാത്രമേ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ളൂ. ജൂണ്‍ 14-ന് ആരംഭിച്ച കെടുതിയുടെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷം ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കര്‍ സമ്മതിച്ചത് 11000 പേരെങ്കിലും മരിച്ചിട്ടുണ്ടാവുമെന്നാണ്. ആയിരങ്ങള്‍ ഇപ്പോഴും തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. പക്ഷെ വാര്‍ത്താവിനിമയ ബന്ധം അറ്റുപോയ നൂറുകണക്കിന് ഗ്രാമങ്ങളെയും അവിടത്തെ ജനങ്ങളെയുംപറ്റി സര്‍ക്കാര്‍ നിഗൂഢമായ മൗനമാണ് അവലംബിക്കുന്നത്. ഭഗീരഥി, അളകനന്ദ, മന്ദാകിനി, നദികളിലുടെ അലറിവന്ന വെള്ളപ്പാച്ചിലില്‍ പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട രുദ്രപയാഗ്, ചമോലി, ഉത്തര്‍കാശി ജില്ലകളിലെ ചുരുങ്ങിയത് 60 ഗ്രാമങ്ങളെങ്കിലും ഇവയില്‍പ്പെടും.  മരിച്ചവരുടെയും പരിക്കുപറ്റിയവരുടെയും യഥാര്‍ത്ഥ കണക്ക് ഇതിലുമെത്രയോ വലുതാണ്. മലയിടുക്കുകളിലെ പ്രയാസമേറിയ വിദൂര സ്ഥലങ്ങളില്‍ താമസിച്ചിരുന്നവര്‍ വിനാശകരമായ കെടുതികളില്‍പ്പെട്ട് രക്ഷാദൗത്യസംഘങ്ങള്‍ക്ക് എത്തിപ്പെടാന്‍പറ്റാത്തവിധം ഒറ്റപ്പെട്ടുപോയി. അവിടങ്ങളില്‍ അവശേഷിക്കുന്നവര്‍ ഹിമാലയത്തിന്റെ കീറുന്ന ശൈത്യത്തില്‍ അഭയവും ഭക്ഷണവും ശുദ്ധജലവുമില്ലാതെ പകര്‍ച്ചവ്യാധികളുടെ വരവുഭയന്ന് കഴിയുന്നു. സൈന്യത്തിന്റെ വിവിധ യൂണിറ്റുകള്‍ കൂടുതല്‍ എത്തിപ്പെടാന്‍ പറ്റുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തീര്‍ത്ഥാടന മേഖലകളിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതൊഴിച്ചാല്‍ സര്‍ക്കാരിന്റെ യാതൊരുവിധ പ്രവര്‍ത്തനങ്ങളും കാണാനേയില്ല. മൃതശരീരങ്ങളെ തിരിച്ചറിയാനോ ജീവിച്ചിരിക്കുന്നവര്‍ക്ക് കൂടുതല്‍ ദുരിതങ്ങള്‍ വരുത്തുന്ന വിധം പകര്‍ച്ചവ്യാധികളുണ്ടാക്കാവുന്ന തരത്തില്‍ പാറകളുടെയിടയില്‍പ്പെട്ടുകിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താനോ ഗൗരവാവഹമായ ഒരു പരിശ്രമം ഇനിയും നടത്തിയിട്ടില്ല.

ഇത്തരത്തിലുള്ള ഒരു മലമ്പ്രദേശത്തേക്ക് ഉചിതമായ ദുരിതനിവാരണ മുന്നറിയിപ്പുസംവിധാനത്തോടുകൂടിയ ഒരു വകുപ്പ് രൂപീകരിക്കണമെന്ന സി.എ.ജി (കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍)യുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകളെയും ശുപാര്‍ശകളെയും തീര്‍ത്തും അവഗണിച്ചുവെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി തുറന്നു സമ്മതിക്കുവാന്‍ നിര്‍ബന്ധിതനായി. വിചിത്രമെന്നുപറയട്ടെ ഈ ദുരന്തത്തിന് ശേഷവും ഉത്തരവാദിത്തപ്പെട്ട അധികാരകേന്ദ്രങ്ങള്‍ അന്തമില്ലാതെ പരസ്പരം പഴിചാരി സമയം പാഴാക്കുകയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികള്‍ പരസ്പരം മേല്‍ക്കൈ നേടാനുള്ള കടിപിടി കൂടുകയാണ്. ഹിമാലയന്‍ ഭൂഭാഗത്തെ രക്ഷിക്കുകയെന്നത് പ്രധാനകാര്യമാണെന്ന് എല്ലാവരും സമ്മതിക്കുമ്പോള്‍ത്തന്നെ തമ്മില്‍ തല്ലല്ലാതെ മറ്റൊന്നും നടക്കുന്നില്ലതാനും. തന്നെയുമല്ല, ഈ ദുരന്തം ഒഴിവാക്കാനാവാത്ത ഒരു പ്രകൃതി ക്ഷോഭമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാരും നിക്ഷിപ്ത താല്‍പ്പര്യക്കാരും വ്യഗ്രത കാട്ടുന്നുമുണ്ട്. അധികമായ പെയ്ത മണ്‍സൂണ്‍ മഴയും കേദാര്‍നാഥ് പ്രദേശത്തുണ്ടായതുപോലെയുള്ള മേഘസ്‌ഫോടനവും അനുബന്ധമായുണ്ടാകുന്ന ഉരുള്‍പൊട്ടലും പാറ ഇളകി തെറിക്കലും ഗ്ലേഷ്യര്‍ തടാകം അണമുറിഞ്ഞുള്ള വെള്ളപ്പൊക്കവും പോലുള്ളവ ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നത് നേരാണ്. അതേസമയം, ജൂണ്‍ 10-നും 17 നുമിടയ്ക്കുള്ള 24 മണിക്കൂറിനിടയില്‍ പെയ്ത 340-370 മില്ലീമീറ്റര്‍ മഴ അഭൂതപൂര്‍വ്വമല്ലയെന്നോര്‍ക്കണം. ഒറ്റ ദിവസംകൊണ്ട് 400 മില്ലീമീറ്ററിലധികം മഴ ഉത്തരാഖണ്ഡില്‍ പെയ്യുന്നത് പല തവണ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1995-ലെ 450 മില്ലീമീറ്ററും1965-ലെ 900 മില്ലിമീറ്ററും ഉദാഹരണങ്ങള്‍. മേഘസ്‌ഫോടനങ്ങളും മിന്നല്‍ വേഗതയില്‍ ഉയര്‍ന്നുപൊങ്ങുന്ന നദീപ്രവാഹവും ഈ പ്രദേശത്ത് ഒരു വാര്‍ഷിക പ്രതിഭാസമായിട്ടുണ്ട്. പക്ഷെ, ഇത്തവണ ഡാം നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങളടങ്ങിയ ലക്ഷക്കണക്കിനു ടണ്‍ മണ്ണും കട്ടയും ഒഴുകിയെത്തിയപ്പോള്‍ അവയുടെ അടിയില്‍പ്പടാന്‍ ഗ്രാമങ്ങളും പട്ടണങ്ങളും വിധിക്കപ്പെടുകയായിരുന്നു. പേമാരിയുടെ സാധ്യതയെക്കുറിച്ച് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍,  ഇത്തവണ അവഗണിച്ചു. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയോ അത്തരം പ്രദേശങ്ങളിലേക്ക് പോകുന്നത് തടയുകയോ ചെയ്തതുമില്ല. ദുരന്തത്തിന്റെ കാരണങ്ങളെന്ന നിലയില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നിരത്തുന്ന വാദങ്ങള്‍ വിശദമായ പരിശോധനയ്ക്ക് മുന്നില്‍ തെറ്റാണെന്ന് തെളിയുന്നു. നേരേ മറിച്ച്, ഈ ദുരന്തം മനുഷ്യസൃഷ്ടമാണെന്നും വെറുമൊരു പ്രകൃതിദുരന്തമല്ലെന്നും തെളിയിക്കുന്ന കൂടുതല്‍ കൂടുതല്‍ വിവരങ്ങളും തെളിവുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.മുമ്പ് ബി.ജെ.പിയും തുടര്‍ന്ന്  ഇപ്പോള്‍ കോണ്‍ഗ്രസ്സുമാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്. ഇന്ത്യയിലെ ഈ രണ്ട് പ്രബല പാര്‍ട്ടികളുടെ ഭരണകാലത്ത് അവരുടെ നേതാക്കന്‍മാരുടെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും പിന്‍ബലത്തില്‍ ഭൂസ്വാമിമാരുടെയും ടൂറിസം മുതലാളിമാരുടെയും പറുദീസയായി ഈ ഹിമാലയന്‍ സംസ്ഥാനം മാറി. ഈ കക്ഷികള്‍ വോട്ടുരാഷ്ട്രീയത്തില്‍ മുന്‍തൂക്കം കിട്ടാനായി ഇത്തരക്കാരെ ഉദാരമായി പോറ്റി വളര്‍ത്തി. ടൂറിസം വികസിപ്പിക്കുന്നതിന്റെ പേരില്‍ ടൂറിസം കേന്ദ്രങ്ങള്‍ യാതൊരു മാനദണ്ഡവുമില്ലാതെ അനുവദിച്ചു. ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം കഴിഞ്ഞ ഒരു ദശാബ്ദംകൊണ്ട് നാല് ഇരട്ടിയായി വര്‍ദ്ധിച്ചു.  അതാകട്ടെ ഉത്തരാഖണ്ഡിന്റെ ജനസംഖ്യയുടെ രണ്ടര ഇരട്ടിയോളമാണ്. ഇവരെ ഉള്‍ക്കൊള്ളാനായി ബഹുനില ഹോട്ടലുകളും ധര്‍മ്മശാലകളും അനുബന്ധനിര്‍മ്മാണങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ പെരുകി. മതകേന്ദ്രങ്ങള്‍പോലും യഥേഷ്ടം ആകാശ ചുംബികളായ കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കി.
അതിനുവേണ്ടി നിയമവിരുദ്ധമായി ഭൂമി പിടിച്ചെടുക്കുകയും കയ്യേറുകയും വനംവെട്ടിവെളുപ്പിക്കുകയും നദികളില്‍നിന്ന് അനധികൃതമായി മണല്‍ വാരുകയും ചെയ്തുകൊണ്ടിരിക്കുന്നു. നദികളുടെ ഗതിപോലും സൗകര്യപ്രദമായി മാറ്റുകയും നദിക്കരകളില്‍ കെട്ടിടങ്ങള്‍ കെട്ടുകയും വന്‍ട്രാഫിക് അനുവദിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. അതീവ അപകടകരമായ ഈ പ്രക്രിയ ഒന്നാകെ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു.  കടന്നുകയറ്റങ്ങളില്ലാതിരുന്ന ഈ പ്രദേശത്തിന്റെ ദുര്‍ബലമായിരുന്ന പാരിസ്ഥിതിക സംതുലനത്തെ ഇങ്ങിനെ മാറ്റിമറിച്ചു. പാറപൊട്ടിക്കലുകള്‍ മണ്ണിനെ ദുര്‍ബലമാക്കി. ചെളിയൊഴുക്കിന് കാരണമാക്കിക്കൊണ്ട് വനനശീകരണം മേല്‍മണ്ണിനെ നഗ്നമാക്കി. മണ്‍സൂണ്‍ കാലത്തെ പെട്ടെന്നുള്ള ജലപ്രവാഹത്തെ തടഞ്ഞിരുന്ന സസ്യാവരണം വലിച്ചുമാറ്റി. മനുഷ്യവാസകേന്ദ്രങ്ങളിലൂടെ ഒഴുകാനിടയാക്കിക്കൊണ്ട് നദികളുടെയും അരുവികളുടെയും ദിശമാറ്റി. ഇതിനോടകം പ്രസിദ്ധമായ മഞ്ഞുമലകളും അരുവികളും നദികളും തടാകങ്ങളുംകൊണ്ടു നിറഞ്ഞ ഉത്തരഖണ്ഡിലേക്ക് വര്‍ദ്ധിച്ച സൗകര്യങ്ങള്‍ക്ക് ആനുപാതികമായി ടൂറിസ്റ്റുകള്‍ ഒഴുകിയെത്തി. പക്ഷേ, ഇതിനൊത്തവണ്ണം പാരിസ്ഥിതിക സംതുലനത്തെയും ആഘാതത്തെയുംപറ്റി ശാസ്ത്രീയമായ പഠനം നടത്തേണ്ട ചുമതല സര്‍ക്കാരിനുണ്ടായിരുന്നു. ടൂറിസത്തിന് ഉത്തേജനം നല്‍കുന്നതോടൊപ്പം അത് പ്രകൃതിക്കും തദ്ദേശ ജനങ്ങള്‍ക്കും പാരിസ്ഥിതിക സംതുലനത്തിനും ദോഷകരമായി ബാധിക്കാതെ നോക്കുകയും വേണമായിരുന്നു. സര്‍ക്കാര്‍ ഇതൊന്നും പരിഗണിച്ചില്ലെന്നുമാത്രമല്ല, പ്രദേശവാസികളെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടുപോലും പണമുണ്ടാക്കാനായി ലാഭക്കൊതിയന്‍മാരെ കയറൂരി വിടുകയാണുണ്ടായത്.

നദികളില്‍ കെട്ടിപ്പൊക്കിയ ഡാമുകളും അതോടൊപ്പമുള്ള ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി ഉല്‍പ്പാദന പ്രോജക്ടുകളും അപകടസാധ്യതകളെ വലിയതോതില്‍ വര്‍ദ്ധിപ്പിച്ചു. നൂറ് മെഗാവാട്ടിലധികം ശേഷിയുള്ള 23 വൈദ്യുതി പദ്ധതികളുടെ ഉള്‍പ്പടെ 70 ഡാമുകള്‍ ഉത്തരാഖണ്ഡില്‍ ഇതിനോടകം നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാന നദികളില്‍ അടുത്തടുത്തുള്ള നൂറുകണക്കിന് ഡാമുകള്‍ പൂര്‍ത്തിയാക്കാനുള്ളതിന്റെയും പദ്ധതി തയ്യാറാക്കലിന്റെയും വിവിധ ഘട്ടങ്ങളിലാണ്. ഇത്തരം ഡാമുകള്‍ക്ക് പാറ തുരന്ന് വന്‍തുരങ്കങ്ങള്‍ ഉണ്ടാക്കേണ്ടിവരുന്നുണ്ട്. ടണലുകളില്‍ വന്‍ ടര്‍ബൈനുകള്‍ സ്ഥാപിക്കണം. വെള്ളമൊഴുക്കാനുള്ള കനാലുകള്‍ നിര്‍മ്മിക്കാനായി വന്‍തോതില്‍ മരം മുറിക്കേണ്ടിവരുന്നു. ജലസംഭരണികളും റോഡുകളും ടൗണ്‍ഷിപ്പുകളും മറ്റുസൗകര്യങ്ങളും ട്രാന്‍സ്മിഷന്‍ ലൈനുകളും നിര്‍മ്മിക്കാനായി വനങ്ങള്‍ വെട്ടിമാറ്റേണ്ടിയും കുന്നുകള്‍ ഇടിച്ചുനിരത്തേണ്ടിയും വരുന്നു. സ്വാഭാവികമായും ചുറ്റുമുള്ള ഇത് പാറകളെയും മണ്ണിനെയും ദുര്‍ബലപ്പെടുത്തുകയും ഭൂമിക്കടിയില്‍ വിടവുകളും ശൂന്യസ്ഥലങ്ങളും സൃഷ്ടിച്ചുകൊണ്ട് ഭൂഗര്‍ഭ ജലവിതാനം താഴ്ത്തുകയും ചെയ്യും. ഭൂകമ്പത്തിനും ഉരുള്‍പൊട്ടലിനും കൂടുതല്‍ സാധ്യതയുള്ള പ്രദേശമായി ഈ പദ്ധതി പ്രദേശം മാറി. സാന്ദര്‍ഭികമായി പറയട്ടെ, ഉത്തരാഖണ്ഡ് അല്ലെങ്കില്‍ത്തന്നെ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് നിലകൊള്ളുന്നത്. ഈ അണക്കെട്ടുകള്‍, ഗംഗാ തടവുമായി ചേരുന്ന, അളകനന്ദയുടെയും ഭഗീരഥിയുടെയും വിശാലമായ നദീതടങ്ങളില്‍ നീരൊഴുക്ക് ഇല്ലാതാക്കുമെന്ന് 2010 -ല്‍ ബി.ജെ.പി സംസ്ഥാനം ഭരിക്കുന്ന കാലയളവില്‍ സി.എ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ നദിക്കരയിലുള്ള എല്ലാ ഗ്രാമങ്ങളും കൃഷിയും ജീവിതമാര്‍ഗ്ഗങ്ങളും നശിച്ച് ഇല്ലാതാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബി.ജെ.പി സര്‍ക്കാരോ തുടര്‍ന്നുവന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരോ ഈ റിപ്പോര്‍ട്ട് സംസ്ഥാന നിയമസഭയില്‍ വച്ചതേയില്ല. ഈ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനെ മതിയായ വിധത്തില്‍ നിര്‍ബന്ധിക്കുവാന്‍ പാര്‍ലമെന്റോ കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരോ തുനിഞ്ഞില്ല.

പെട്ടെന്നുള്ള വെള്ളപ്പൊക്കത്തെ നേരിടാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഒന്നുംതന്നെ സജ്ജീകരിച്ചിട്ടെന്നത് സി.എ.ജി മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അത്തരം വെള്ളപ്പൊക്കങ്ങളുടെ ആഘാതം രൂക്ഷമായിരിക്കുമെന്നും പദ്ധതിനിര്‍മ്മിതികളെ മാത്രമല്ല, വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളില്‍ താമസ്സിക്കുന്നവരുടെ ജീവനെടുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിനു മുന്‍പുള്ള രണ്ട് ദശാബ്ദക്കാലത്തിനിടയില്‍  പെട്ടെന്നുള്ള വെള്ളപ്പൊക്കം ഒരേയൊരു തവണയാണ് ഉണ്ടായത്.  എന്നാല്‍ ഇന്നിപ്പോള്‍ 27 തവണ ഇത്തരം വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നുവെന്നത് ഈ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്നു.  ഉത്തരകാശിയിലും (1991) ചമോലിയിലും (1998) വന്‍തോതില്‍ മരണത്തിനിടയാക്കിയ ഭീകരമായ ഭൂകമ്പത്തില്‍നിന്നോ ഉത്തരകാശി-രുദ്രപ്രയാഗ് ജില്ലകളില്‍ സമീപകാലത്തുണ്ടായ വലിയ വെള്ളപ്പൊക്കത്തില്‍നിന്നോ യാതൊരു പാഠവും ഇവര്‍ പഠിച്ചില്ല. ഇപ്പോഴും അതിന് മുതിരുന്നില്ല.

പൊതു സ്വകാര്യമേഖലയിലുള്ള മേല്‍പ്പറഞ്ഞ വൈദ്യുതി നിലയങ്ങള്‍ നൂറുകണക്കിന് കോടി രൂപയുടെ സ്വദേശ-വിദേശ നിക്ഷേപങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരം പ്രോജക്ടുകള്‍ നിര്‍മ്മിച്ചതിന്റെയോ നടത്തിയതിന്റെയോ മുന്‍പരിചയം തീരെയില്ലാത്ത കമ്പനികള്‍ക്കാണ് ഈ പദ്ധതികളില്‍ ബഹുഭൂരിപക്ഷത്തിന്റെയും നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത് എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. വസ്ത്ര നിര്‍മ്മാണ കമ്പനികളും സൈക്കിള്‍ നിര്‍മ്മാതാക്കളും വരെ ഉത്തരാഖണ്ഡില്‍ വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. വന്‍തോതില്‍ പണംമുടക്കുന്ന വൈദ്യുതി കച്ചവടക്കാര്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന തുകയാണ് വീതിച്ചുനല്‍കുന്നത്. പാരിസ്ഥിതിക ഭൂഘടനാ വിഷയങ്ങളില്‍ ആശങ്കാകുലരായ ശാസ്ത്രജ്ഞന്‍മാരാകട്ടെ ഈ പദ്ധതികള്‍ വരുത്തിവയ്ക്കുവാന്‍ പോകുന്ന ഭീകരമായ പ്രത്യാഘാതങ്ങളെപ്പറ്റി ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരുന്നു. ഇപ്പോഴത്തെ ദുരന്തം അവരുടെ മുന്നറിയിപ്പുകള്‍ ശരിവയ്ക്കുന്നതാണ്.

ഉത്തരാഖണ്ഡ് സംസ്ഥാഭരണം മാത്രമല്ല, കേന്ദ്രവും ഇക്കാര്യത്തില്‍ പ്രതിയാണ്. 2007-ല്‍ രൂപീകരിക്കപ്പെട്ട ഉത്തരാഖണ്ഡ് ദുരന്ത നിവാരണ അതോറിറ്റി ഒരിക്കല്‍പ്പോലും യോഗം ചേര്‍ന്നിട്ടില്ല! മാത്രമല്ല പ്രധാനമന്ത്രി നയിക്കുന്ന ഗംഗാ റിവര്‍ ബേസിന്‍ ദേശീയ അതോറിറ്റി തുടക്കത്തില്‍ ഒന്നുരണ്ട് മീറ്റിംഗുകള്‍ക്ക് ശേഷം കൂടിയിട്ടേയില്ല. പാരിസ്ഥിതിക പ്രത്യാഘാത പഠനത്തെയും അവലോകനത്തെയും വെറും ചടങ്ങായി സര്‍ക്കാര്‍ അധഃപതിപ്പിച്ചു. സ്റ്റാറ്റിയൂട്ടറി സ്വഭാവമുള്ള ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റിയുടെ ശുപാര്‍ശകളെ നിരന്തരം അവര്‍ തള്ളിക്കളഞ്ഞു. വലിയ പ്രചാരണ കോലാഹലത്തോടെയും വന്‍ബജറ്റ് വിഹിതവുമായും രൂപീകരിക്കപ്പെട്ട ഒരു ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അതിന്റെ കീഴില്‍ ഒരു ദേശീയ ദുരന്തനിവാരണ സേനയും നമുക്കുണ്ട്. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അദ്ധ്യക്ഷന്‍ പ്രധാനമന്ത്രിതന്നെയാണ്. കേന്ദ്ര സഹമന്ത്രിമാരുടെ റാങ്കിലുള്ളവരാണ് മെമ്പര്‍മാര്‍. ഫണ്ടിന്റെ ദൗര്‍ലഭ്യത്തിന്റെ പേരുപറഞ്ഞ് ഈ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത് ഒരു രക്ഷാപ്രവര്‍ത്തന കേന്ദ്രം സ്ഥാപിക്കുന്നതില്‍നിന്ന് ഇത്തരം ശക്തമായ ഒരു സംവിധാനത്തെപ്പോലും രണ്ടുവര്‍ഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. ഇപ്പോള്‍പോലും മിന്നല്‍പ്രളയം കൊടുംനാശം വിതച്ച സ്ഥലങ്ങളില്‍ ദേശീയ ദുരന്തര നിവാരണ സേനാംഗങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞാണ് എത്തിയത്. രക്ഷാദൗത്യങ്ങളും ദുരിതനിവാരണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുക എന്നതാണ് ദേശീയ ദുരന്ത അതോറിറ്റിയുടെ സുപ്രധാന ചുമതല. പക്ഷേ ഈ ദൗത്യത്തിന്റെ അഭാവംകൊണ്ടാണ് അതോറിറ്റി ശ്രദ്ധിക്കപ്പെട്ടത്.  ഈ അന്യാദൃശവും അതിമനോഹരവുമായ ഹിമാലയന്‍ മടിത്തട്ടിനെ തകര്‍ത്തുതരിപ്പണമാക്കാന്‍ ഇടനല്‍കും വിധം മനുഷ്യന് ഇത്രയും ക്രൂരത കാട്ടിക്കൂട്ടാന്‍ എങ്ങനെ കഴിയുന്നുവെന്നതാണ് പ്രധാന ചോദ്യം. ഉത്തരം ലളിതമാണ്.

ഭൂമാഫിയയുടെയും റിയല്‍ എസ്റ്റേറ്റ് കോണ്‍ട്രാക്ടര്‍മാരുടെയും അത്യാര്‍ത്തിയാണ് ഒരു കാരണം. ആരുടെ ഭൂമിയും കൈയ്യേറിയും നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് വീടുകളും ഹോട്ടലുകളും റോഡുകളും ഡാമുകളും ലക്കും ലഗാനുമില്ലാതെ അവര്‍ കെട്ടിപ്പൊക്കി. ടൂറിസം പ്രമോട്ടര്‍മാരുടെ ധനാര്‍ത്തിയാണ് മറ്റൊരു കാരണം. പെട്ടെന്ന് ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള മണ്‍സൂണ്‍ കാലത്തുപോലും മലമ്പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ഇരച്ചുവരത്തക്കവിധം ടൂറിസം രംഗത്തെ അവര്‍ ഉത്തേജിപ്പിച്ചു. മതവ്യാപാരികളുടെ അത്യാര്‍ത്തിയാണ് വേറൊരു കാരണം. അവരും ഇതേ പാത പിന്തുടര്‍ന്നു എന്നുമാത്രമല്ല, മാധ്യമ പിന്തുണയോട അവര്‍ തീര്‍ത്ഥാടന ടൂറിസം പ്രോല്‍സാഹിപ്പിച്ചു. ശക്തരായ വൈദ്യുതി ലോബിയുടെ ലാഭക്കൊതിയും സാഹചര്യത്തെ വീണ്ടും വഷളാക്കി. വികസനത്തിന്റെ പേരുപറഞ്ഞ് മനുഷ്യജീവിതവും ജീവനും പരിസ്ഥിതിയും ബലികഴിച്ചുകൊണ്ടുപോലും വന്‍പ്രോജക്ടുകള്‍ അവര്‍ അടിച്ചേല്‍പ്പിച്ചു. അത്യാര്‍ത്തി പൂണ്ട ലാഭക്കൊതിയന്‍മാരായ ഈ നിയമലംഘകര്‍ക്ക് അവരുടെ ആര്‍ത്തി പെരുപ്പിക്കാനായതും ഏതറ്റംവരെ ചെന്നും എന്ത് ദുഷ്പ്രവര്‍ത്തി ചെയ്തും അത് പൂര്‍ത്തീകരിക്കാനായതും എന്തുകൊണ്ടാണ്? സര്‍ക്കാരുകളുടെ അവിഹിതമായ പിന്തുണയും ഒത്താശയുമില്ലാതെ അവര്‍ക്കിതിന് കഴിയുമോ? മണ്‍സൂണ്‍ കാലത്ത് പതിനായിരക്കണക്കിന് ടൂറിസ്റ്റുകളെയും തീര്‍ത്ഥാടകരെയും അപകട സാധ്യതയുള്ള ഇത്തരം ഒരു പ്രേദശത്തേക്ക് പോകാന്‍ എന്തിന് അനുവദിക്കുന്നു. ഈ ദുരന്തത്തിന്റെ കാരണം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഗൗരവത്തില്‍ ആലോചിക്കുകപോലും ചെയ്യുന്നില്ല. സര്‍ക്കാര്‍, അത് കേന്ദ്രത്തിലെയോ സംസ്ഥാനത്തെയോ ആകട്ടെ, കോണ്‍ഗ്രസ്, ബി.ജെ.പി മറ്റേതെങ്കിലും ബൂര്‍ഷ്വാ-സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ നയിക്കുന്നതോ ആകട്ടെ അവര്‍ മുതലാളിവര്‍ഗ്ഗത്തിന്റെ കാര്യസ്ഥന്മാരും ചെല്ലംചുമട്ടുകാരുമായി മാത്രമായി മാറിയിരിക്കുന്നു. ഉത്തരാഖണ്ഡില്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത, അതിലുമധികം പേരെ ഭവനരഹിതരാക്കിയ, തൊഴില്‍രഹിതരാക്കിയ, അഭയാര്‍ത്ഥികളാക്കിയ കൊടുംദുരന്തം ഇനിയാവര്‍ത്തിക്കില്ലെന്ന് ഉറപ്പുപറയാന്‍ അവര്‍ മിനക്കെടുന്നില്ല. കനത്ത ദുഃഖം ചൂഴ്ന്ന്‌നില്‍ക്കുന്ന ഈ സമയത്ത് ദേശീയ ദുഃഖാചരണം ഒച്ചിന്റെ വേഗതയില്‍ പ്രഖ്യാപിച്ചുവെങ്കിലും ഡല്‍ഹിയിലെ നമ്മുടെ ഭരണാധികാരികളുടെ പെരുമാറ്റവും പ്രസംഗവും പ്രവര്‍ത്തിയും ദുരന്തത്തിനിരയായവരുടെ കണ്ണീരൊപ്പാന്‍ പര്യാപ്തമല്ല.

മുതലാളിത്തം രൂക്ഷമായ പ്രതിസന്ധിയും മാന്ദ്യവും നേരിടുന്നു. എന്നിട്ടും പരമാവധി ലാഭം നേടാനും ഈ വ്യവസ്ഥിതിയെ മുന്നോട്ടു തള്ളിനീക്കാനും ഭ്രാന്തമായി അവര്‍ പരിശ്രമിക്കുന്നു. മുതലാളിത്തത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്ന് സാമൂഹിക, സാമ്പത്തിക, ശാസ്ത്ര, വിദ്യാഭ്യാസ, കായിക മേഖലകളടക്കം ജീവിതത്തിന്റെ ഒരു ഘടകവും മോചിതമല്ല. ഈ പ്രവണതയുടെ ഒടുവിലുത്തെ ഉദാഹരണമായി ഉത്തരാഖണ്ഡ് ദുരന്തം കടന്നുവരുന്നു.
ദേവഭൂമിയിലേക്ക് സ്വാഗതമെന്ന പഴയ വിളികൊണ്ട് അവര്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. പക്ഷെ, ഒരു നിമിഷംകൊണ്ട് നരകക്കുഴിയില്‍ തള്ളപ്പെടാമെന്ന് ജനങ്ങളറിയുന്നില്ല. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ലാഭാര്‍ത്തി ജനങ്ങളുടെ ജീവിതവും ജീവനും അപകടത്തിലാക്കുന്നു. ഉയര്‍ന്ന ശിരസ്സും പൊള്ളയായ അടിത്തറയുമായി നില്‍ക്കുന്ന മലകള്‍ ദേശത്തും വിദേശത്തുമുള്ള മൂലധനശക്തികളുടെ കുടിലതകള്‍ക്ക് സാക്ഷികളായി നിലകൊള്ളുന്നു. മുതലാളിത്തം നിലനില്‍ക്കുവോളം ഈ പാതകങ്ങള്‍ തുടരും.

മാധ്യമങ്ങളിലിപ്പോള്‍ ഉത്തരാഖണ്ഡ് ദുരന്തത്തെപ്പറ്റിയുള്ള പഠനങ്ങളും വിശകലനങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. അവര്‍ക്ക് മൗനം പാലിക്കാനാകാത്ത വിധത്തില്‍ വമ്പിച്ചതാണ് മുതലാളിത്തം സൃഷ്ടിച്ച ജനങ്ങളുടെ ആകുലതകള്‍. പക്ഷെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങളെല്ലാം കെട്ടടങ്ങും. മാധ്യമങ്ങളുടെ ഉല്‍സാഹം കുറയും. സര്‍ക്കാര്‍ ആശ്വാസ നിശ്വാസം ഉതിര്‍ത്ത് നിഷ്‌ക്രിയത്വത്തിന്റെ തോടുകളിലേക്ക് ഉള്‍വലിയും. സാമൂഹ്യദ്രോഹികള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയുമായി പതിവുരീതികള്‍ തുടരും.
പക്ഷെ സാധാരണക്കാരുടെ ജീവിതം ഇത്രയും പരിതാപകരമാംവിധം വീണ്ടും തകര്‍ന്നുപോകാതിരിക്കാന്‍ രാജ്യമെമ്പാടും ശക്തമായ ജനാഭിപ്രായം സൃഷ്ടിക്കുകയും ഉത്തരാഖണ്ഡിലെ ദുഃഖാകുലരായ ജനങ്ങളോടൊപ്പം സഹോദരതുല്യമായ സമീപനത്തോടെ നിലകൊള്ളുകയും വേണം.

അടിയന്തിര ആവശ്യകത

സര്‍ക്കാരുകളുടെ പിന്‍വലിയല്‍ നീക്കം ഒരു കാരണവശാലും അനുവദിക്കാതെ മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായ സന്നാഹത്തോടെ നടത്തണം. മരണപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം. ദുരന്തത്തിനിരയായവരെ എത്രയുംവേഗം പുനരധിവസിപ്പിക്കണം. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ മതിയായ ചികിത്സ നല്‍കണം. അഴുകിയ മൃതശരീരങ്ങളില്‍നിന്ന് പകര്‍ച്ചവ്യാധിയുണ്ടാവില്ലെന്ന് ഉറപ്പാക്കണം. യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനും ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായി ജഡ്ജിമാരും ശാസ്ത്രജ്ഞന്മാരുമടങ്ങുന്ന ഉന്നതാധികാര കമ്മീഷനെ നിയോഗിക്കണം. മുന്നറിയിപ്പുകളെ അവഗണിക്കുകയും ദുരന്ത പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തുകയും ചെയ്ത സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ളവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.

ഹിമാലയം രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും അഭിമാനമാണ്. ഈ പ്രദേശത്ത് കാലാകാലങ്ങളില്‍ ജീവിച്ചുമരിച്ചവര്‍ ഈ പൊതുസ്വത്തിനെ സംരക്ഷിക്കാന്‍ പ്രയത്‌നിച്ചവരാണ്. അവിടുത്ത ജനങ്ങളുടെ ഈ ദുരിതകാലത്ത് സാഹോദര്യമനോഭാവത്തോടെ അവരുടെയൊപ്പം നിലകൊള്ളണം. പണക്കൊതി മൂത്ത മുതലാളിത്തപരിഷകളുടെ ചൂഷണത്തില്‍നിന്ന് അവരെ ഭാവിയിലെങ്കിലും രക്ഷിക്കണം. ഉത്തരാഖണ്ഡിലെ ദുഃഖമയമായ കൊടുംദുരന്തത്തില്‍നിന്ന് ഉടലെടുക്കുന്ന സന്ദേശമിതാണ്.

Share this post

scroll to top